ക്രിസ്മസില്‍ യേശുവിന്റെ ജനനമാണ് നാമോര്‍ക്കുന്നത്. എങ്കിലും, ക്രിസ്മസ് എന്ന വാക്കില്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് ക്രിസ്മസ് നക്ഷത്രവും, ക്രിസ്മസ് സമ്മാനവുമൊക്കെയാണ്. ക്രിസ്മസ് സീസണായാല്‍ ഓരോ വീടുകളും തിരിച്ചറിയുന്നത് നക്ഷത്രങ്ങളുടെ വെളിച്ചത്തിലാണ്. കാരണം യേശുവിന്റെ സാന്നിധ്യമായിട്ടാണ് നക്ഷത്രത്തെ നമ്മള്‍ എന്നും മനസ്സിലാക്കിയിട്ടുള്ള ത്. നക്ഷത്രത്തെ നമ്മള്‍ 'സ്റ്റാര്‍' എന്നാണ് പറയുക. സ്റ്റാര്‍ ആകാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടോ. നാലാളുകളുടെ മുമ്പില്‍ ഒന്ന് സ്റ്റാര്‍ ആകണം എന്ന് തന്നെയാണ് ഞാനും നിങ്ങളുമൊക്കെ ആഗ്രഹിച്ചു പോകുന്നത്. നക്ഷത്രവുമായി ബന്ധപ്പെടുത്തി തന്നെയാണ് ക്രിസ്മസ് 'വെളിച്ചത്തിന്റെ' തിരുനാള്‍ എന്ന് നാം പറയുന്നതും. അങ്ങനെയെങ്കില്‍ സ്റ്റാര്‍ ആയിരിക്കുക എന്നാല്‍ വെളിച്ചമായി തീരുക എന്നു കൂടെ അര്‍ത്ഥമുണ്ടല്ലോ. എന്തൊക്കെയാണ് സ്റ്റാറിന്റെ പ്രധാനപ്പെട്ട സവിശേഷതകളായി നിങ്ങള്‍ കണ്ടിട്ടുള്ളത്. സ്റ്റാര്‍ എപ്പോഴും ഉയര്‍ന്ന സ്ഥലത്താണ് നിലകൊള്ളുന്നത്. മറ്റുള്ളതില്‍ നിന്നും എന്തൊക്കെയോ പ്രത്യേകതകള്‍ അതിന് കാണും. എല്ലാവരുടെയും ശ്രദ്ധ കിട്ടത്തക്ക രീതിയിലുള്ള ചില കാര്യങ്ങളൊക്കെ അതില്‍ കണ്ടെത്തുക സ്വാഭാവികമാണ്. ഈശോ ജനിച്ചപ്പോള്‍ കണ്ട നക്ഷത്രത്തിനും ഏതാണ്ട് ഇങ്ങനെയൊക്കെയുള്ള ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു അല്ലേ. മറ്റെല്ലാ നക്ഷത്രങ്ങളില്‍ നിന്നും അതിന് പ്രകാശം കൂടുതല്‍ ഉണ്ടായിരുന്നു. അത് ചലിച്ചുകൊണ്ടിരുന്നു. എങ്ങോട്ട്? ഈശോ ജനിച്ച സ്ഥലത്തേക്ക്. ഒരു വഴികാട്ടിയാകാനുള്ള; ഒരു 'ഗൈഡ്' ആകാനുള്ള പ്രയാണത്തിലായിരുന്നു ആ നക്ഷത്രം. മാത്രമല്ല അത് നിര്‍ജീവമായിരുന്നില്ല. അതിന് ചലിക്കാനുള്ള കഴിവുണ്ടായിരുന്നു... അപരനെ ചലിപ്പിക്കാനും സാധിച്ചു. അതൊരു അടയാളമായിരുന്നു. ആര്‍ക്കുവേണ്ടിയുള്ള അടയാളം? ഈശോയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനുവേണ്ടിയുള്ള അടയാളം. അപ്പോള്‍ സ്റ്റാറാവുക എന്ന് പറഞ്ഞാല്‍ ഏതാനും ചില ഉത്തരവാദിത്വങ്ങള്‍ കൂടെ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് നാം മനസ്സിലാക്കണം. കുറച്ചുനാളത്തേക്ക്... അല്ലെങ്കില്‍ കുറച്ച് സമയത്തേക്ക് സ്റ്റാറാകാന്‍ പലര്‍ക്കും സാധിക്കും. ജീവിതകാലം മുഴുവന്‍ അതില്‍ തുടരുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈശോയ്ക്കു വേണ്ടി കത്തിജ്വലിച്ച നക്ഷത്രം ഇന്നും എന്നും സ്റ്റാറായിത്തന്നെ നിലനില്‍ക്കുന്നു. ഇതുപോലെ നാമുമായി കണ്ടുമുട്ടുന്നവരെ ശരിയായ വഴിയിലേക്ക് നയിക്കുക, യഥാര്‍ത്ഥ വെളിച്ചമായി മാറുക, അവിടെ എത്തിക്കഴിഞ്ഞാല്‍ തന്റെ കടമ കഴിഞ്ഞു എന്ന രീതിയില്‍ പിന്‍വാങ്ങുക, തന്റെ ദൗത്യത്തില്‍ ശോഭിക്കാന്‍ കഴിയുക എന്നിങ്ങനെയൊക്കെയാണ് സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുന്നവന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. ഇങ്ങനെ വെളിച്ചമായി തീരുമ്പോള്‍ തീര്‍ച്ചയായും ചില ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും ചില വേദനകള്‍ ഏറ്റെടുക്കേണ്ടി വരും. ചിലപ്പോള്‍ ഗൈഡായി മാറുന്നവനെ എല്ലാവരും ഒറ്റപ്പെടുത്തിയേക്കാം, കുറ്റപ്പെടുത്തിയേക്കാം. നമ്മുടെ വെളിച്ചത്തെ കെടുത്തി കളയുന്ന കൊടുങ്കാറ്റുകളും ശക്തമായ ആക്രമണങ്ങളും ഒക്കെ ഉണ്ടായേക്കാം. എന്നിട്ടും നമ്മിലെ വെളിച്ചത്തെ കെടാതെ സൂക്ഷിക്കുക എന്നതും നമ്മുടെ പ്രത്യേകതകള്‍ തന്നെയായി മാറണം.
ക്രിസ്മസ് ഓര്‍മ്മയില്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മറ്റൊരു കാര്യം ക്രിസ്മസ് സമ്മാനം തന്നെയല്ലേ. ഒരു സാന്താക്ലോസിനെ കുറിച്ചുള്ള ഓര്‍മയും...! അതെ, ക്രിസ്മസ് ദൈവം ഈ ഭൂമിയിലേക്ക് മനുഷ്യപുത്രനെ സമ്മാനമായി തന്നതിന്റെ ഓര്‍മ്മ കൂടിയാണ്. അന്ധകാരമായിരുന്ന എന്റെ ജീവിതത്തെ പ്രകാശത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ എനിക്കുവേണ്ടി ഈ ഭൂമിയിലേക്ക് കടന്നുവന്ന നിത്യ വെളിച്ചമായ ഈശോ ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി മാറേണ്ടത്. ഇത്ര വലിയ സമ്മാനം സ്വീകരിച്ച നമുക്കും അപരന്റെ ജീവിതത്തില്‍ സമ്മാനമായി മാറാന്‍ കടമയുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മുടെ ഈ കൊച്ചു ജീവിതവും ദൈവത്തിന്റെ സമ്മാനമാണ് കേട്ടോ. നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന മാതാപിതാക്കളുടെ മക്കളായി, നാം ഇപ്പോള്‍ ജീവിക്കുന്ന ഈ വീട്ടില്‍ ജനിക്കണം എന്നും ഈ കാലഘട്ടത്തില്‍ ജീവിക്കണമെന്നുമൊക്കെ ദൈവം ആഗ്രഹിച്ചുകൊണ്ടാണ് നമ്മെ ഈ ഭൂമിയിലേക്ക് അയച്ചത്. ഈ ഭൂമിയിലുള്ള നമ്മുടെ ഈ ചുരുങ്ങിയ ജീവിതം അപരന്റെ ജീവിതത്തിന് വഴികാട്ടിയും, സമ്മാനവുമൊക്കെ ആയി മാറാനുള്ളതാണ്. വലിയ വില കൊടുത്ത് ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ നമുക്ക് നല്‍കാനായെന്ന് വരില്ല. നമ്മുടെ ജീവിതം കൊണ്ട്, നമ്മുടെ നല്ല വാക്കുകൊണ്ട്, ഒരു പുഞ്ചിരി കൊണ്ട്. നമ്മുടെ നല്ല സാന്നിധ്യം കൊണ്ടൊക്കെ അപരന്റെ ജീവിതത്തിന് സമ്മാനമായി മാറുക,അനുഗ്രഹമായി മാറുക ഇതൊക്കെയാകണം നമ്മുടെ സന്തോഷം. എത്ര ആഘോഷങ്ങള്‍ ഉണ്ടായാലും എത്ര തിരുനാളുകള്‍ വന്നാലും കണ്ണീരുണങ്ങാത്ത, ഒരു നേരത്തെ ഭക്ഷണം പോലും വയറു നിറച്ചു കഴിക്കാനാകാത്ത, ഒരുപാട് കൂട്ടുകാര്‍ നമ്മുടെ ഇടയിലൊക്കെ നാം കാണാതെ ജീവിക്കുന്നുണ്ട് കേട്ടോ. അവരെ കണ്ടെത്താനും, അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്നുമില്ലെങ്കിലും ഒരു നല്ല വാക്ക് കൊണ്ടെങ്കിലും അവരുടെ ജീവിതത്തിലേക്ക് ഒന്ന് കടന്നു ചെല്ലാനുമൊക്കെ കഴിയുമ്പോഴാണ് നമ്മള്‍ വെളിച്ചവും സ്റ്റാറുമൊക്കെ ആയിത്തീരുന്നത്. കാത്തിരിക്കാന്‍ ആരുമില്ലാത്ത, വാതില്‍ തുറന്നു തരാന്‍ ആളില്ലാത്ത കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടിലല്ലേ യേശു പിറന്നത്. അതുകൊണ്ട് ഈ ക്രിസ്മസ് മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ ഹൃദയ വാതിലുകള്‍ തുറന്നിടാനുള്ള ഒരു ഇടമായി മാറട്ടെ. ഒരുപക്ഷേ നമ്മെ വേദനിപ്പിച്ചവരാകാം, അവഗണിച്ചവരാകാം, നമ്മളെക്കുറിച്ച് കുറ്റങ്ങള്‍ പറഞ്ഞു പരത്തിയവരാകാം എന്തുമായിക്കൊള്ളട്ടെ. എന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് വെളിച്ചമാക്കാന്‍, വഴികാട്ടിയാകാന്‍ ഒരു കൊച്ചു സമ്മാനമാകാന്‍ ഇടയാകട്ടെ എന്ന് ആഗ്രഹിക്കാം.