ഈ രണഭൂമിയിലെ ക്രിസ്മസ് താരകം

ഈ രണഭൂമിയിലെ ക്രിസ്മസ് താരകം
സമാധാന രാജാവ് പിറന്ന മണ്ണ് ലോകത്തിലെ ഏറ്റവും അശാന്തമായ മണ്ണായി മാറിയത് എന്തുകൊണ്ട്? ചരിത്രവഴികളിലാകെ, ഇവിടെ നിരന്തരയുദ്ധങ്ങളും തര്‍ക്കങ്ങളും കാണാം. ഉത്തരങ്ങളോടെയല്ല ഞാന്‍ നില്‍ക്കുന്നത്, വിലാപങ്ങളോടെ!

ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ കണ്ടാണ് ഇന്നത്തെ പ്രഭാതം പുലര്‍ന്നത്. ബെത്‌ലഹേമിലെ ഒരു ഇവാഞ്ചലിക്കല്‍ പള്ളിയില്‍ നിന്നുള്ള പുല്‍ക്കൂട് കാഴ്ചയാണതില്‍. തകര്‍ന്നു കിടക്കുന്ന കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ പാതിമെയ് മറഞ്ഞ ഉണ്ണിയേശു! ഈ വര്‍ഷം ക്രിസ്മസിന് അവര്‍ക്ക് ആഘോഷങ്ങളില്ല എന്നും അതിന്റെ കാരണം എന്തെന്നുമുള്ള ഒരു പുരോഹിതന്റെ വിശദീകരണമാണ് തുടര്‍ന്ന്.

ആ പുല്‍ക്കൂട് കാഴ്ചയെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുഞ്ഞുങ്ങളെ പാതിജീവനോടെയോ മൃതരായോ വലിച്ചെടുക്കുന്ന നിരന്തര കാഴ്ചകളുടെ പ്രതിബിംബമാണ് പുല്‍ക്കൂട്ടില്‍ കാണുന്നത്. അപ്പോള്‍ നമ്മുടെ ദുഷ്ടമനസ്സ് അറിയാതെ ചോദിക്കുന്നു: 'ആരുടെ കുട്ടി? ഇസ്രായേല്യരുടെയോ പാലസ്തീനികളുടെയോ?' ആരുടേതുമാകട്ടെ. അതൊരു മനുഷ്യക്കുട്ടി! ഇസ്രായേല്യരുടേതായാലും പാലസ്തീനികളുടേതായാലും കുഞ്ഞുങ്ങളില്‍ സഹിക്കുന്നതും മരിക്കുന്നതും ഉണ്ണിയേശു തന്നെ!

എന്നെ എപ്പോഴും കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്, എന്തു കൊണ്ട് വിശുദ്ധനാട് ഇത്രമാത്രം അശാന്തമാകുന്നു എന്ന്? സമാധാന രാജാവ് പിറന്ന മണ്ണ് ലോകത്തിലെ ഏറ്റവും അശാന്തമായ മണ്ണായി മാറിയത് എന്തുകൊണ്ട്? ചരിത്രവഴികളിലാകെ, ഇവിടെ നിരന്തരയുദ്ധങ്ങളും തര്‍ക്കങ്ങളും കാണാം. ഉത്തരങ്ങളോടെയല്ല ഞാന്‍ നില്‍ക്കുന്നത്. വിലാപങ്ങളോടെ!

അശാന്തമായ വിശുദ്ധനാടിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ അശാന്തമായ അള്‍ത്താരകളുടെ ചിത്രവും ഒപ്പം വിരിയുന്നു. അനുരഞ്ജ നത്തിന്റെ അത്താഴമേശയാകേണ്ട ബലിപീഠങ്ങള്‍ തര്‍ക്കഭൂമികളാകുന്നതിലെ വിരോധാഭാസം. യുദ്ധത്തില്‍ പക്ഷം ചേരാമോ? പക്ഷം ചേരല്‍ വ്യര്‍ത്ഥമെന്നാണ് കാലം പഠിപ്പിക്കുന്നത്. ഒരു സിനിമ കാണാനിടയായി. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയില്‍ ബന്ധികളാക്കപ്പെട്ട ജര്‍മ്മന്‍ സൈനികരുടെ ജീവിതം വരച്ചു കാട്ടുന്ന, പാതി ജര്‍മ്മനിലും പാതി ഇംഗ്ലീഷിലുമുള്ള ഒരു ചിത്രം. ജര്‍മ്മന്‍ സൈനികരില്‍ ഓരോരുത്തരും ഹിറ്റ്‌ലറെ പ്രാകുകയാണ്. നാസികളാല്‍ നിര്‍ബന്ധിക്കപ്പെട്ട് യുദ്ധഭൂമിയി ലേക്കിറങ്ങിയവരാണ് ഭൂരിഭാഗവും. നാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് അവര്‍ നൊമ്പരപ്പെടുന്നു. എന്നെങ്കിലും അവരെ കാണാം എന്ന ഏക പ്രത്യാശയിലാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്.

ഇതാണ് യുദ്ധങ്ങളുടെ നിഗൂഢമായ സത്യാവസ്ഥ. ഇത്തരം ഗൂഢവിലാപങ്ങളുടെമേല്‍ നേതാവിന്റെ കൈയൊപ്പുള്ള ഒരു ബ്രാന്‍ഡഡ് പുതപ്പു വിരിച്ചിട്ട് അതില്‍ എഴുതി വയ്ക്കും, യുദ്ധം! ദിഗ്‌വിജയം! പരിശോധിച്ചാല്‍ മനസ്സിലാകും, യുദ്ധത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഏറെയും. യുദ്ധമെന്ന പുറന്തോട് പൊളിച്ചു നോക്കുമ്പോള്‍ ഉള്ളില്‍ അടക്കിപ്പിടിച്ച വിലാപങ്ങളും ചുടുനിശ്വാസങ്ങളുമാണ്.

യുദ്ധങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് നാള്‍വഴികളിലൂടെയല്ല, ഓരോ ദിവസവും മരിച്ചു വീണവരുടെയും ജയിച്ചവരുടെയും കണക്കെടുത്തു കൊണ്ടല്ല, യുദ്ധത്തിന്റെ അനന്തരഫലത്തില്‍ നിന്നാണ്.

മഹാഭാരതം എഴുതിയപ്പോള്‍ വ്യാസന്‍ ആരുടെ പക്ഷത്തായിരുന്നു? പാണ്ഡവരുടേതെന്ന് തോന്നിക്കും, ഏതാണ്ട് അവസാനം വരെ. എന്നാല്‍ അവസാനത്തെ കണക്കെടുത്താല്‍ കാര്യങ്ങള്‍ മാറിമറിയും. അതൊരു വിജയമായിരുന്നില്ല എന്ന് മറ്റൊരു വെട്ടത്തിലെ കാഴ്ചയില്‍ തിരിച്ചറിയും. വിലാപങ്ങളുടെ രണഭൂമി! അതാണ് ബാക്കി വരുന്നത്. വിജയഭാരങ്ങളും രാജ്യഭാരവും ഇറക്കിവച്ച് മരവുരി ധരിച്ച്, മോക്ഷത്തിലേക്കുള്ള മഹാപ്രസ്ഥാനം! അശോകചക്രവര്‍ത്തി നേരിട്ടതും ഇതേ സമസ്യ. കബന്ധങ്ങളില്‍ നിന്ന് പല്ലിളിക്കുന്ന കാലം രണവിജയങ്ങളെ പരിഹസിക്കുന്നു. ആര് നേടി? എല്ലാ വിജയികളും ഒരുനാള്‍ മണ്ണടിഞ്ഞു പോകുന്ന കാലത്തിന്റെ നിശിതമായ പാതയില്‍, ഒടുക്കം ആരു നേടി?

'എന്റെ രാജ്യം ഐഹികമല്ല, ആയിരുന്നെങ്കില്‍ എനിക്കു വേണ്ടി പൊരുതാന്‍ സ്വര്‍ഗദൂതരുടെ ഒരു മഹാസൈന്യം ഇറങ്ങി വരുമായിരുന്നെന്ന' ക്രിസ്്തുവിന്റെ വാക്കുകള്‍ രണ്ടായിരത്താണ്ടുകള്‍ പിന്നിട്ടിട്ടും നമുക്ക് മനസ്സിലായിട്ടില്ല! ഹേറോദേസിന്റെ പടയാളികള്‍ ഉണ്ണികളെ തിരഞ്ഞു വന്നപ്പോള്‍, എന്തുകൊണ്ട് മംഗളവാര്‍ത്ത പറയാന്‍ വന്ന ഗബ്രിയേല്‍ അടക്കമുള്ള ദൂതന്മാര്‍ വാളുമായി ഇറങ്ങി വന്നില്ല? ഈജിപ്തിലേക്ക് ഓടിപ്പോകേണ്ടി വന്ന ദുര്‍ഗതി ഒഴിവാക്കാന്‍ ആകാശസൈന്യത്തിന് കഴിവില്ലാഞ്ഞിട്ടാണോ?

ക്രിസ്മസ് എത്ര മാത്രം പ്രത്യാശാഭരിതമാണെന്ന് 1914 ലെ സുപ്രസിദ്ധമായ രണഭൂമി ക്രിസ്മസ് ആഘോഷം ഓര്‍ത്താല്‍ മതിയാകും. ഒന്നാം ലോകമഹായുദ്ധമാണ് രംഗം. ഒരു വശത്ത് ജര്‍മ്മന്‍ സൈനികര്‍. മറുവശത്ത് ബ്രിട്ടീഷ്ഫ്രഞ്ച് പട. മഞ്ഞു പെയ്യന്ന ക്രിസ്മസ് രാത്രി. പൊടുന്നനെയാണ് ജര്‍മ്മന്‍ സൈനികരുടെ ഭാഗത്തു നിന്ന് സൈലന്റ് നൈറ്റ് ഉയര്‍ന്നത്. ആരെയും ആര്‍ദ്രരാക്കുന്ന ആ വിണ്മയഗീതം കേട്ട് മറുഭാഗം അതേറ്റു പാടി. ആ മനോഹര രാത്രിയില്‍ യുദ്ധവും വൈരവും മറന്ന് രണ്ട് ശത്രുവിഭാഗങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി, ആശംസകള്‍ നേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു!

ഇത് എക്കാലത്തേക്കുമുള്ള ക്രിസ്മസ് സന്ദേശമാണ്. ഏത് യുദ്ധഭൂമിയിലും, മനസ്സില്‍ ക്രിസ്തുവുള്ളവര്‍ക്കായി, സന്മനസ്സുള്ളവര്‍ക്കായി ക്രിസ്മസ് താരകം പൂക്കും. എന്നാല്‍ മനസ്സില്‍ ക്രിസ്തുവോ നന്മയോ ഇല്ലാത്തവര്‍ക്ക്, വൈരം വെടിയാന്‍ മനസ്സിലാത്തവര്‍ക്ക് വിശുദ്ധനാട്ടില്‍ പോലും ക്രിസ്മസ് പുലരുകയില്ല!

അതിപരിചയം കൊണ്ട് ക്രിസ്തുവിനെ നഷ്ടപ്പെടുത്തിയ അപരാധികളാണ് നമ്മള്‍. ജന്മനാ ക്രിസ്ത്യാനികളെന്ന അഹംഭാവവും ക്രിസ്തുവിന്റെ അള്‍ത്താരയോടുള്ള അതിപരിചയവും നമ്മെ ക്രിസ്തുവെന്ന മഹാ രഹസ്യത്തില്‍ നിന്ന് വിദൂരെയകറ്റുന്നു. എന്നും കാണുന്ന വിശുദ്ധ നാട് ഒരാള്‍ക്ക് അതിപരിചയം കൊണ്ട് സ്‌നേഹമോ ആദരവോ ഉണര്‍ത്താത്തതു പോലെ, എന്നും സ്വീകരിക്കുന്ന, അതീവ സമീപസ്ഥനായ ദിവ്യകാരുണ്യത്തിലെ ദൈവം നമ്മില്‍ ഭാവഭേദമുണര്‍ത്തുന്നില്ല എന്നതാണ് ദുരന്തം. എളിമയുള്ള ഇടയന്മാരെ പോലെ അള്‍ത്താരയുടെ പുല്‍ക്കൂട്ടിലേക്ക് നാം തല കുനിച്ചും മുട്ടു മടക്കിയും പ്രവേശിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ പക്ഷം 1914 ലെ സൈനികരുടെ സന്മനസ്സെങ്കിലും കടമെടുക്കണം. ശത്രുതകള്‍ അലിയുന്ന നിശബ്ദ രാത്രി. ക്രിസ്തു മാത്രം വാഴുന്ന മാനസങ്ങള്‍. ഉണ്ണിയേശു പിറക്കുന്ന ഹൃദയങ്ങള്‍!

അതിപരിചയത്തിന്റെ മഞ്ഞ് മനസ്സിന്റെ ഉടയാടകളില്‍ നിന്ന് കുടഞ്ഞെറിഞ്ഞ്, ക്രിസ്തു എന്ന മനുഷ്യാവതാരം ചെയ്ത അനശ്വരതയെ ധ്യാനിക്കാം. ആ ധ്യാനത്തില്‍ ഇതള്‍ വിരിയട്ടെ, ആദി വചനത്തിന്റെ നിഗൂഢതകള്‍! ഒഴുകട്ടെ, സ്‌നേഹത്തിന്റെ നിര്‍ഝരികള്‍! പൂവിടട്ടെ, ആദരവിന്റെ പൂജാപുഷ്പങ്ങള്‍!

പുല്‍ക്കൂട് നഷ്ടപ്പെട്ട വിശുദ്ധനാടിന്റെ ദുരവസ്ഥയില്‍ ധ്യാനിക്കണം, ഒരാളെ. ആദ്യമായി പുല്‍ക്കൂട് കെട്ടിയ വി. ഫ്രാന്‍സിസ് അസ്സീസി എന്ന അവധൂതനെ. അയാളുടെ ധ്യാനങ്ങളും ദര്‍ശനവുമാണ് ഇന്ന് ഭൂമിക്ക് ഔഷധം. സാഹോദര്യം. പ്രപഞ്ച സാഹോദര്യം. ഒരേ പിതാവിന്റെ ആകാശത്തണലില്‍, ഭൂമി ഒരു പുല്‍ക്കൂട്. അവിടെ മനുഷ്യശിശുവും, ആടും പശുവും പുല്ലും പുല്‍ച്ചാടിയും വൈയ്‌ക്കോലും, ഇടയരും ജ്ഞാനികളും എല്ലാവരും സഹോദരങ്ങള്‍!

മുട്ടില്‍ നിന്ന് കൊണ്ട് ഭൂമി എന്ന ഈ പുല്‍ക്കൂട്ടില്‍ നമുക്ക് മേവാം. കാരണം ഇവിടെ ഓരോ കോണിലും ഉണ്ണിയേശുവുണ്ട്. ഈ വായുവില്‍ മാലാഖമാരുടെ ശബ്ദം മുഴങ്ങുന്നുണ്ട്: ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org