ക്രിസ്മസ് അന്നും ഇന്നും

ക്രിസ്മസ് അന്നും ഇന്നും

അധികാരത്തിന്റെ അധീശത്വം അധീനരുടെമേല്‍ നിരന്തരം അടിച്ചേല്പിക്കുന്നവര്‍ ദൈവത്തിന്റെ ചെറുതാകലിനെപ്പറ്റി വര്‍ണ്ണിച്ച് നിര്‍വൃതി അടയുന്നു. മനുഷ്യഹൃദയങ്ങളില്‍ ഭിന്നതയും വെറുപ്പും വിതയ്ക്കുന്നവര്‍ ക്രിസ്മസിന്റെ സമാധാനത്തെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും വാചാലരാകുന്നു.

മാനവ ചരിത്രത്തിലെ മഹാവിപ്ലവമാണ് ക്രിസ്മസ്. മനുഷ്യന്റെ കൂടെയായിരിക്കുവാന്‍ അവന്റെ പരിമിതികളിലേക്ക് ദൈവം ഇറങ്ങിവന്നു.

ഒരേ സമയം ആ സംഭവം വിപരീത ദിശയിലുള്ള രണ്ട് വിഭാഗങ്ങളുടെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ചു...

പുറമ്പോക്കിലും അതിരുകളിലും കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആ വാര്‍ത്ത സന്തോഷവും മോചനവും പ്രദാനം ചെയ്ത മഹാസംഭവമായിരുന്നു.

എന്നാല്‍ അതേ ജനനം, അരമനകളിലെ ആഡംബരങ്ങളില്‍, അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ അഭിരമിച്ചവര്‍ക്ക് അസ്വസ്ഥതയുടെയും ഭീതിയുടെയും അഗ്‌നിപര്‍വതങ്ങള്‍ സമ്മാനിച്ച ചരിത്ര സംഭവവുമായി മാറി.

ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ഇരുളും വെളിച്ചവും കലര്‍ന്ന ദിനരാത്രങ്ങളുടെ സമഞ്ജസമായ ഒരു ചിത്രമാണ് എന്റെ മനസ്സില്‍ ഓടിയെത്തുക.

ഒരു വശത്ത് ലാളിത്യത്തിന്റെ വസന്തം വിരിയുന്ന കാലിത്തൊഴുത്ത്. അവിടെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവില്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു കുടുംബം. മനുഷ്യമനസ്സില്‍ ഭയത്തിന് പകരം സന്തോഷവും സമാധാനവും വിതയ്ക്കുന്ന ദൈവദൂതന്‍മാര്‍.

സന്മനസ്സിന്റെ ഉടമകളായ നിഷ്‌കളങ്കരായ ആട്ടിടയന്‍മാര്‍. ദൈവത്തെ മാത്രം അന്വേഷിക്കുന്ന ജ്ഞാനികള്‍. ജൈവലോകത്തിലെ പ്രതിനിധികളായി ആടും പശുവും വൈക്കോലും. ഇനി ആകാശത്തേക്ക് നോക്കിയാലോ പ്രകാശം പരത്തുന്ന നക്ഷത്രങ്ങള്‍ ഹാ... ഹാ... അവിടെയതാ സ്വര്‍ഗം പൂത്ത് നില്‍ക്കുന്നു.

മറുവശത്ത് ഹേറോദേസിന്റെ അരമനയാണ്. അത്യാഡംബരം നിറഞ്ഞതെങ്കിലും അകം അസ്വസ്ഥമാണ്. തന്റെ അധികാരം ആരെങ്കിലും പിടിച്ചെടുക്കുമോ എന്ന ഭയാശങ്കയില്‍ അനുനിമിഷം അകംനീറി കഴിയുന്നൊരു രാജാവ്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ തേടി വരുന്ന പുരോഹിത പ്രമുഖന്‍മാരും പണ്ഡിതരും അവിടെ ഉണ്ട്. കൂടാതെ എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്ത കുറെ കിങ്കരന്‍മാരും.

ഇന്നത്തെ ക്രിസ്മസാവട്ടെ വൈരുദ്ധ്യങ്ങളുടെ ആഘോഷമാണ്. പട്ടുമെത്തയില്‍ പള്ളിയുറങ്ങുന്നവര്‍ പുല്‍ത്തൊട്ടിയില്‍ കിടന്നവനെപ്പറ്റി ആവേശപൂര്‍വം പഠിപ്പിക്കുന്നു. അരമനകളുടെ ആഡംബരങ്ങളില്‍ അഭിരമിക്കുന്നവര്‍ പുല്‍ക്കൂടിന്റെ ലാളിത്യത്തെപ്പറ്റി ഘോര ഘോരം പ്രഘോഷിക്കുന്നു. അധികാരത്തിന്റെ അധീശത്വം അധീനരുടെമേല്‍ നിരന്തരം അടിച്ചേല്പിക്കുന്നവര്‍ ദൈവത്തിന്റെ ചെറുതാകലിനെപ്പറ്റി വര്‍ണ്ണിച്ച് നിര്‍വൃതി അടയുന്നു. മനുഷ്യഹൃദയങ്ങളില്‍ ഭിന്നതയും വെറുപ്പും വിതയ്ക്കുന്നവര്‍ ക്രിസ്മസിന്റെ സമാധാനത്തെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും വാചാലരാകുന്നു. മറ്റുള്ളവരുടെ മുമ്പില്‍ പള്ളികള്‍ കൊട്ടിയടക്കുന്നവര്‍ ഉണ്ണിശോയ്ക്ക് പിറക്കാന്‍ ഒരു സത്രം ലഭിക്കാത്തതിനെപ്പറ്റി പരിതപിക്കുന്നു.

അധീനരെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവര്‍ ഹേറോദേസിന്റെ ഭീഷണിയെ വിമര്‍ശിക്കുന്നു. എന്നിട്ട് ആധുനിക ഹേറോദേസുമാരുമായി ചങ്ങാത്തം കൂടുന്നു.

കോടിക്കണക്കിന് രൂപയുടെ പള്ളികളും ലക്ഷക്കണക്കിന് രൂപയുടെ പുല്‍ക്കൂടുകളും പണിതീര്‍ക്കുകയും, ദരിദ്രരില്‍ ദരിദ്രനായി പിറന്ന ക്രിസ്തുവിനെ നാം ആദരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നു.

ഭയത്തിന്റെയും കുറ്റബോധത്തിന്റെയും ഔഷധം നല്കി മനുഷ്യരെ അടിമകളാക്കുന്ന പ്രഘോഷകരും പ്രഘോഷണ കേന്ദ്രങ്ങളും, ഭയപ്പെടേണ്ട എന്ന് ആര്‍ത്തു പാടുന്നു.

* എങ്കിലും ക്രിസ്തു ഇന്നും ജനിക്കുന്നു.

പുറത്താക്കപ്പെട്ടവരുടെയും പുറമ്പോക്കിലുള്ളവരുടെയും ഭ്രഷ്ട് കല്പിക്കപ്പെട്ടവരുടെയും ഇടയില്‍ ക്രിസ്തു ഇപ്പോഴും ജനിക്കുന്നുണ്ട്.

അടച്ചുപൂട്ടപ്പെട്ട പള്ളികള്‍ക്കുള്ളിലും തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ അള്‍ത്താരയിലേക്ക് പ്രവേശനം നിഷേധിച്ച ഡീക്കന്‍മാരുടെ ഹൃദയങ്ങളിലും അവന്‍ ജനിക്കുന്നുണ്ട്.

സ്വന്തം നാടും വീടും വിട്ട് വിദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന യുവജനങ്ങളുടെ ഇടയിലും പൊതുവിതരണ സ്ഥാപനങ്ങളുടെ മുമ്പില്‍ പ്രതീക്ഷയോടെ ക്യൂ നില്ക്കുന്ന സാധാരണക്കാരന്റെ ഇടയിലും, തുച്ഛമായ പെന്‍ഷന്‍ തുകയും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ഇടയിലും ക്രിസ്തു ഇന്നും ജനിക്കുന്നുണ്ട്.

ഭാവിയെക്കുറിച്ച് ആശങ്കകള്‍ മാത്രം കൈമുതലായുള്ള കര്‍ഷകന്റെയും മത്സ്യത്തൊഴിലാളിയുടെയും, കൂലിവേലക്കാരന്റെയും ഇടയിലും, കടം മേടിച്ചും 20 രൂപയ്ക്ക് അന്നം നല്കുന്ന പാവപ്പെട്ട സഹോദരിമാരുടെയും, തെരുവ് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളുടെയും ഒക്കെ ഇടയില്‍ അവന്‍ വീണ്ടും വീണ്ടും ജനിക്കുന്നുണ്ട്. അനീതിക്ക് ഇരയാകുന്നവരുടെ ഇടയിലും ലക്ഷങ്ങള്‍ നല്കിയിട്ടും ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന നിസഹായരായ അധ്യാപകരുടെ ഇടയിലും ക്രിസ്തു ജനിക്കുന്നുണ്ട്.

എന്തിനേറെ പറയുന്നു സന്മനസ്സുള്ള എല്ലാവരുടെയും ഹൃദയത്തില്‍ ക്രിസ്തു ഇന്നും ജനിക്കുന്നുണ്ട്.

ഈ ക്രിസ്മസിനും ജനിക്കും...

അതുകൊണ്ട് തന്നെ

ദയവായി ആരും ക്രിസ്തുവിനെ തേടി അരമനകളില്‍ അലയരുത്... കാണില്ല. അവന്‍ ജനിച്ചത് ലാളിത്യത്തിന്റെ കാലിത്തൊഴുത്തിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org