ക്രൈസ്തവ യുവത്വം നിര്‍ണ്ണായക ശക്തിയാകുന്ന തിരഞ്ഞെടുപ്പ്

ക്രൈസ്തവ യുവത്വം നിര്‍ണ്ണായക ശക്തിയാകുന്ന തിരഞ്ഞെടുപ്പ്

അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പല സംസ്ഥാനങ്ങളിലും നടക്കുവാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിര്‍ണ്ണാ യക ശക്തിയാകുവാന്‍ പോകുന്നത് യുവശക്തിയാകും എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജൂലൈ 2023-ല്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാണ്.

ഇന്ത്യയുടെ ജനസംഖ്യയില്‍ 25 ശതമാനം 0-14 വയസ്സിലുള്ളവരും 18 ശതമാനം 10-19 വയസ്സിലുള്ളവരും 26 ശതമാനം 10-24 വയസ്സിലുള്ളവരുമാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം നമ്മുടെ ജനസംഖ്യയുടെ 68 ശതമാനവും 15 മുതല്‍ 64 വയസ്സു വരെ ഉള്ളവരാണെന്നുള്ളതാണ്.

അതായത് ജോലി ചെയ്യാന്‍ കഴിവുള്ള ഊര്‍ജസ്വലരായ ആളുകള്‍ കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറുമെന്നര്‍ത്ഥം. കേവലം 7 ശതമാനം മാത്രമാണ് 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ പ്രതിനിധാനം ചെയ്യുന്നത്.

പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ നേതൃരംഗത്തെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഇന്നും വളരെ കുറവാണ്.

സഭയും സമുദായ സംഘടനകളും ചെറുപ്പക്കാരെ നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലാകാലങ്ങളില്‍ നമ്മുടെ യുവതയ്ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും അവരെ നേര്‍വഴിക്കു നയിക്കുവാനും നമ്മുടെ സഭാപിതാക്കന്മാര്‍ക്കും വൈദികശ്രേഷ്ഠര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

നാട്ടില്‍ വേണ്ടത്ര ശമ്പളവും അവസരങ്ങളും ഇല്ലാത്തതുകൊണ്ട് മറുനാടുകളിലേക്ക് ചേക്കേറേണ്ട അവസ്ഥയിലാണ് നമ്മുടെ ചെറുപ്പക്കാര്‍.

പൊതു ഭരണരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുന്ന നേതാക്കള്‍ രാഷ്ട്രീയ രംഗത്ത് കടന്നുവന്നുവെങ്കില്‍ മാത്രമേ നാട് പുരോഗതിയിലേക്ക് കുതിക്കൂ. അറിവും കാര്യപ്രാപ്തിയും ലോകപരിചയവുമുള്ള നേതാക്കള്‍ അധികാരത്തിലേക്ക് കടന്നുവരണം. ഇതിനായി ക്രൈസ്തവ യുവാക്കളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കപ്പെടണം. രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ് എന്ന വസ്തുത നമ്മുടെ ചെറുപ്പക്കാരില്‍ എത്തിക്കണം.

ഇന്ത്യന്‍ ഭരണഘടന ശില്പിയായ ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കര്‍ ദളിതുകളുടെ ജീവിതത്തില്‍ മാറ്റം വരണമെങ്കില്‍ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് അധികാരത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇലക്ഷനിലൂടെ ദളിതുകള്‍ അധികാരം പിടിച്ചെടുക്കണമെന്നാണ്.

കേവലം 41-ാമത്തെ വയസ്സില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പദം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ജസ്സിന്‍ഡ ആര്‍ഡന്‍ പഴയപോലെ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുവാന്‍ തനിക്കാവുന്നില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ നിരവധി രോഗങ്ങള്‍ അലട്ടുന്നവരും ഓര്‍മ്മക്കുറവുള്ളവരും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരുമൊക്കെ ഇന്നും എം പി മാരും എംഎല്‍ എ മാരുമൊക്കെയായി അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നു. ചെറുപ്പക്കാര്‍ ജനസംഖ്യയുടെ ഭൂരിഭാഗം ആകുന്ന ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരായിട്ടുള്ളവര്‍ അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുവരണം. പ്രായമായ നേതാക്കളെ ഒഴിവാക്കുക എന്നതല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ധാരാളം അനുഭവസമ്പത്തുള്ള അവരെ ഉപദേശക റോളില്‍ നമ്മുടെ യുവത്വത്തിന് ആവശ്യമുണ്ട്. കാലഘട്ടത്തിനു യോജിച്ച വികസന പദ്ധതികള്‍ നടപ്പിലാക്കുവാനും പുത്തന്‍ കാഴ്ചപ്പാടുകള്‍ സൃഷ്ടി ക്കുവാനും ചെറുപ്പക്കാരുടെ പ്രാതിനിധ്യം സഹായിക്കും.

യു കെ പ്രധാനമന്ത്രി ഋഷി സുനക്കും ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമൊക്കെ പ്രൊഫഷണല്‍ രംഗത്തുനിന്നും രാഷ്ട്രീയ രംഗത്തെത്തി ശോഭിച്ചവരാണ്. നമ്മുടെ ജനസംഖ്യ ചെറുപ്പക്കാരിലേക്ക് നീങ്ങുമ്പോള്‍ പ്രൊഫഷണലുകളും സംരംഭകരും ഉന്നത വിദ്യാഭ്യാസമുള്ളവരുമൊക്കെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു. നമുക്ക് വേണമെങ്കില്‍ ഇരുട്ടിനെ കുറ്റം പറയാം അല്ലെങ്കില്‍ ഇരുട്ടിനെ മാറ്റാന്‍ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചു വയ്ക്കാം.

ഇന്ത്യന്‍ ഭരണഘടന ശില്പിയായ ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കര്‍ ദളിതുകളുടെ ജീവിതത്തില്‍ മാറ്റം വരണമെങ്കില്‍ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് അധികാരത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇലക്ഷനിലൂടെ ദളിതുകള്‍ അധികാരം പിടിച്ചെടുക്കണമെന്നാണ്.

ഇന്നു ക്രൈസ്തവര്‍ അനുഭവിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും ആക്രമണങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും അറുതി വരണമെങ്കില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ക്രിസ്തീയ കാഴ്ചപ്പാടുള്ള നേതാക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുക എന്നുള്ളതാണ്.

കൃത്യമായ രാഷ്ട്രീയമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ചെറുപ്പക്കാര്‍ നിര്‍ണ്ണായക ശക്തിയാകുന്ന വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ നമ്മുടെ സമുദായത്തില്‍ നിന്നും ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിനിധികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

സിക്കുകാരും ജൂതരും നമ്മെ പഠിപ്പിക്കുന്ന പാഠം

ഇലക്ഷന്‍ സമയത്ത് തങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാതെ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് സിക്കുകാരും ജൂതരും. തങ്ങളുടെ സമുദായ നേതാക്കളുടെ ആഹ്വാനത്തെ അവര്‍ ഗൗരവമായി എടുക്കുകയും നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു. എണ്ണത്തില്‍ കുറവെങ്കിലും എല്ലാ സുപ്രധാന സ്ഥാനങ്ങളിലും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജൂതന്മാര്‍ക്കു കഴിയുന്നതുകൊണ്ടുതന്നെ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും ഭരണവര്‍ഗത്തിന്റെ ഓരോ രാഷ്ട്രീയ തീരുമാനത്തെയും സ്വാധീനിക്കുവാന്‍ അവര്‍ക്കാകുന്നു.

ഇത്തരത്തില്‍ യുവ നേതൃത്വ ശക്തിയെ വളര്‍ത്തിയെടുത്തു ക്കൊണ്ടു ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.

(46 ഓളം പുസ്തകങ്ങളുടെ രചയിതാവാണ് എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org