ഉത്ഥിതൻ തുറന്ന ഉയിർപ്പിന്റെ വഴികൾ

ഉത്ഥിതൻ തുറന്ന ഉയിർപ്പിന്റെ വഴികൾ
Published on

മൂന്നാം ദിവസം

അല്ലെങ്കിലും ഉയിർപ്പ് എപ്പോഴും അങ്ങനെതന്നെയാണ്. അത് മൂന്നാം ദിവസത്തിലേ നടക്കൂ. അല്ലായിരുന്നുവെങ്കിൽ കർത്താവിന് തന്നെ അങ്ങനെ സംഭവിക്കുമായിരുന്നില്ലല്ലോ. മരിച്ച അടുത്ത നിമിഷം കർത്താവ് ഉയിർത്തെഴുന്നേറ്റില്ല. നിസ്സഹായമായ മരണത്തിനുശേഷവും അവൻ തന്റെ അപമാനകരമായ യാത്ര തുടർന്നു. ശോകമൂകമായ കല്ലറയുടെ ഉള്ളറയിലേക്ക്, പിന്നെ സകല മൃതരെയും പോലെ പാതാളത്തിലേക്ക്. ആ യാത്രയിൽ ഭൂമിയിൽ അവശേഷിച്ച തന്റെ പ്രിയപ്പെട്ടവർക്കായി അവൻ ബാക്കിവച്ചത് ദുഃഖവും നിരാശയും ഭയവും ഒറ്റപ്പെടലുമൊക്കെയായിരുന്നു. പിതാവിങ്കലേക്ക് ഉയർന്ന് പറക്കാൻ മൂന്നാം ദിവസത്തിന്റെ പിറവിക്ക് അവൻ കാത്തതെന്തിനാണ്?

വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു: ആ കാലയളവ് അവൻ യഥാർത്ഥത്തിൽ മരിച്ചോ ഇല്ലയോ എന്ന എല്ലാ സംശയങ്ങൾക്കും അറുതി വരുത്താനായിരുന്നുവെന്ന്; അവൻ സത്യമായും മരിച്ചു എന്ന് ഉറപ്പിക്കാനായിരുന്നുവെന്ന്. അതെ, നാം 'തീർന്നു' എന്ന് ലോകം പ്രഖ്യാപിച്ചു കഴിയുമ്പോഴാണ്, നമ്മുടെ സർവശക്തിയും ചോർന്നു കഴിയുമ്പോഴാണ്, സർവപ്രതീക്ഷയും അസ്തമിച്ച് കഴിയുമ്പോഴാണ്, എല്ലാവരും നമ്മെ എഴുതിത്തള്ളി നമ്മിൽ നിന്ന് വിട്ടുപോയി കഴിയുമ്പോഴാണ് (എമ്മാവൂസ് ശിഷ്യരെപ്പോലെ) ചില വഴിത്തിരിവുകൾ ഉണ്ടാകുന്നത്. ജീവിതം സമൂലം മാറ്റിമറിക്കുന്ന ആ വഴിത്തിരിവുകൾ ദൈവം നൽകുന്ന ഉയിർപ്പാണ്. ദൈവത്തിന് മാത്രം നൽകാനാവുന്ന ഉയിർപ്പ്.

യേശുവിന്റെ ഉയിർപ്പിലൂടെ ദൈവം മനുഷ്യന് ഒരു ഉറപ്പ് നൽകുന്നുണ്ട് - അവസാന വാക്ക് ദുഃഖത്തിന്റേതോ പരാജയത്തിന്റേതോ അപമാനത്തിന്റേതോ മരണത്തിന്റേതോ അല്ല, മറിച്ച് മഹത്വത്തിന്റെയും ഉയിർപ്പിന്റേതുമാണെന്ന്; അവസാന വാക്ക് സാത്താന്റേതല്ല, ദൈവത്തിന്റേതാണെന്ന്. എങ്കിലും മരണത്തിനും മഹത്വത്തിനും ഇടയിലുള്ള ആ ഇടവേള (ബൈബിളിൽ മൂന്ന് ദിവസം എന്നത് ഹ്രസ്വമായ ഒരു സമയത്തെ യാണല്ലോ സൂചിപ്പിക്കുന്നത്) നമുക്ക് വെല്ലുവിളിയാണ്, മഗ്ദലേന മറിയത്തിന് ഉൾപ്പെടെ യേശുവിന്റെ എല്ലാ ശിഷ്യർക്കു മുണ്ടായിരുന്നതുപോലെ തന്നെ. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാനുള്ള വെല്ലുവിളിയാണത്.

മറിയത്തിന്റെ ഉയിർപ്പ്, നമ്മുടേതും

ആഴ്ചയുടെ ആദ്യ ദിവസം ഇരുട്ടായിരിക്കുമ്പോഴേ (യോഹന്നാൻ 20:1) മറിയം യേശുവിന്റെ കല്ലറയിലെത്തി. ഇരുട്ടത്ത്, തനിച്ച്, ശവക്കല്ലറയ്ക്കടുത്ത് - ഭയാനകമായ അവസ്ഥ; എന്നാൽ അതിനേക്കാൾ ഭയങ്കരമായിരുന്നു അവളുടെ ജീവിതത്തിലെ ഇരുട്ട് - ദുഃഖത്തിന്റെയും നിസ്സഹായാവസ്ഥയുടെയും നിരാശയുടെയും ഒറ്റപ്പെടലിന്റെയും ഇരുട്ട്. തനിക്ക് പുതുജീവൻ നൽകിയ തന്റെ ജീവന്റെ ജീവനായിരുന്നവൻ മരിച്ച് ഇല്ലാതായിരിക്കുന്നു. സമാനമായ ജീവിതാവസ്ഥ നമുക്ക് എപ്പോഴും ഇല്ലെങ്കിലും എപ്പോഴെങ്കിലും ഉണ്ടാവാം. മഗ്ദലേനയുടെ നഷ്ടങ്ങളുടെ നടുവിൽ യേശു അടുത്തുണ്ടായിരുന്നു. പക്ഷേ അവൾ പ്രതീക്ഷിച്ച സ്ഥലത്തോ (കല്ലറയിൽ) പ്രതീക്ഷിച്ച രീതിയിലോ (മൃതദേഹമായി) ആയിരുന്നില്ല. അവളുടെ തൊട്ടുപിന്നിൽ, തോട്ടക്കാരനെപ്പോലെ കർത്താവ് അവളോടൊപ്പം ഉണ്ടായിരുന്നു.

യേശു ഉയിർത്തെഴുന്നേറ്റില്ലായിരുന്നുവെങ്കിൽ ദൈവത്തിന്റെ ശക്തിയിൽ നാം സംശയിച്ചേനേ; യേശു കുരിശിൽ മരിച്ചില്ലായിരുന്നുവെങ്കിൽ അവന്റെ സ്നേഹത്തിലും.

യേശുവിനോടു തീവ്രസ്നേഹമുണ്ടായിരുന്ന മഗ്ദലേനയ്ക്കുപോലും അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ അവൻ അവളെ പേര് വിളിച്ചപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞു. ആ ശബ്ദ ശ്രവണത്തിൽ അവളുടെ ഇരുട്ട് വെളിച്ചമായി. അത് അവളുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നില്ലേ? അവളുടെ പ്രതീക്ഷകളെ എത്രയോ മടങ്ങ് അതിശയിപ്പിക്കുന്ന അനുഭവമായിരുന്നു അത്. അവളുടെ നഷ്ടസ്വപ്നങ്ങളുടെ കല്ലറയ്ക്ക് പകരം പുതുജീവൻ വിടരുന്ന പൂന്തോട്ടം; മരിച്ചവന് പകരം കരുതലോടെ കൂടെ നിൽക്കുന്നവൻ. ഇത്രയും സാധാരണക്കാരനായ ഒരു തോട്ട ക്കാരൻ തന്റെ ദൈവമാണെന്നത് അവളുടെ ദൈവിക സങ്കല്പങ്ങൾക്ക് എത്രയോ അന്യമായിരുന്നു.

പക്ഷേ നമുക്ക് അത് ഉയിർപ്പ് അനുഭവത്തെക്കുറിച്ച് വിലപ്പെട്ട ഒരു പാഠമായി. നമ്മുടെ നഷ്ടങ്ങളുടെ, സങ്കടങ്ങളുടെ, നിരാശകളുടെ നിമിഷങ്ങളിൽ തൊട്ടടുത്ത് നിൽക്കുന്നവരും പേര് ചൊല്ലി വിളിച്ച് ധൈര്യപ്പെടുത്തുന്നവരുമായ ആളുകളിൽ ഉത്ഥിതനെ തിരിച്ചറി യണം എന്ന വിലപ്പെട്ട പാഠം.

അദ്ഭുതകരമായ വിസ്മയ പ്രകടനങ്ങളോടുകൂടി തങ്ങളെ സമീപിക്കുന്ന ദൈവത്തെ പ്രതീക്ഷി ക്കുന്നവർക്ക് ദൈവം ഈ ഭൂമിയിൽ തുലോം അസന്നിഹിതനായിരിക്കാം. എന്നാൽ ഊഷ്മളമായ സ്നേഹത്തോടും അതുല്യമായ കരുതലോടും ഉദാരമായ ദയയോടും കൂടി നമ്മുടെ വല്ലായ്മകളിൽ നമ്മോടൊപ്പം നിൽക്കുന്നവരിൽ ഉത്ഥിതന്റെ സ്നേഹസാന്നിധ്യം കാണാൻ തുറന്ന കണ്ണുള്ളവർക്ക് ഉത്ഥാനം ചെയ്തവൻ എപ്പോഴും കൂടെ ഉള്ളവൻതന്നെ.

അവൻ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ കരവലയത്തിലൂടെ നമ്മെ ചേർത്ത് പിടിക്കുന്നു. കുടുംബം പോലും കൈവിടുന്ന അവസരങ്ങളിൽ സുഹൃത്തുക്കളിലൂടെയും പരിചയക്കാരിലൂടെയും ചിലപ്പോൾ അവിശ്വാസികളിലൂടെയും നമ്മെ ചേർത്തു പിടിക്കാൻ അവൻ മടിക്കാറില്ല.

ഉത്ഥിതനെ അനുഭവിച്ച് ഉയിർത്തെഴുന്നേൽക്കാൻ അനേകം വഴികളുണ്ടെന്ന് മറിയം പറഞ്ഞ് തരുന്നു. ഈ പാഠം ഒരു ദൗത്യവും നമുക്ക് നൽകുന്നു - നാം ആയിരിക്കുന്ന ഇടങ്ങളിൽ ഉത്ഥിതന്റെ സാന്നിധ്യമായി മാറുക. അശരണർക്ക് ആശ്വാസതല്പ മായി, ഹൃദയം തകർന്നവർക്കു സ്നേഹസാന്നിധ്യമായി, നിരാശരായവർക്ക് പ്രത്യാശയായി, നിസ്സഹായർക്കു കരുത്തായി, കരുതലായി നിൽക്കുക. ചുറ്റുമുള്ളവരിലേക്ക് സന്തോഷവും സമാധാനവും പ്രത്യാശയും പ്രസരിപ്പിക്കാൻ കഴിയുമ്പോൾ നാം ഉത്ഥിതന്റെ ശിഷ്യരായി മാറുന്നു.

നമ്മുടെ ജീവിതപരിസരത്തിൽ ഉത്ഥിതനെ തിരിച്ചറിയാൻ മഗ്ദലേന മറിയം നമ്മോട് ആവശ്യപ്പെടുന്നു. സങ്കടങ്ങളുടെ നടുവിൽ നമ്മുടെ അടുത്ത് നിൽക്കുന്നവനാണ് ഉത്ഥിതൻ. തോമശ്ലീഹാ പറയുന്നു, നമുക്കുവേണ്ടി നിരന്തരം മുറിവേൽക്കുന്ന (20, 27) അപ്പനും അമ്മയും ഉത്ഥിതന്റെ പ്രതിരൂപമാണെന്ന്. യോഹന്നാൻ ശ്ലീഹാ പറയുന്നു, നമ്മുടെ ജീവിതസ്വപ്നങ്ങളുടെ ശ്മശാനഭൂമിയിൽ പ്രതീക്ഷയുടെ വിരിപ്പ് ഒരുക്കിവയ്ക്കുന്ന (യോഹ. 20:7) ജീവിതപങ്കാളി ദൈവത്തിന്റെ സാന്നിധ്യം നൽകുന്നയാളാണെന്ന്. പരാജയപ്പെട്ട പരിശ്രമങ്ങളുടെ നടുക്കടലിൽ നിസഹായരായി നിൽക്കുന്ന നമ്മെ പരിഹസിക്കുന്നതിന് പകരം വിജയത്തിലേക്ക് പ്രചോദിപ്പിക്കുന്നത് ഒരന്യനായിരിക്കാം (യോഹ. 21:4), പക്ഷേ അവൻ ഉത്ഥിതന്റെ മറുരൂപമാണ്. കർത്താവിലുള്ള വിശ്വാസം മന്ദീഭവിച്ച് അവനിൽ നിന്നു മാറിപ്പോയപ്പോൾ സുവിശേഷത്തിലേക്കും വിശുദ്ധ കുർബാനയിലേക്കും കൂട്ടിക്കൊണ്ടുവന്ന് (ലൂക്കാ 24) കർത്തൃസാന്നിധ്യത്തിലേക്ക് കണ്ണുതുറപ്പിച്ച വികാരിയച്ചനും സന്യാസികളും ഉത്ഥിതനായ കർത്താവിന്റെ സാധാരണ രൂപങ്ങൾ തന്നെയാണെന്ന് എമ്മാവൂസിലെ ശിഷ്യർ ഉറപ്പുപറയുന്നു.

ഉയിർപ്പ് – മരിക്കുന്നതിനു മുമ്പേ

മരിക്കുന്നതിനു മുമ്പ് തന്നെ ജീവിതത്തിൽ ഉയിർപ്പിന്റെ ഒരു തരി ആഗ്രഹിക്കാത്തവർ ആരാണ്? മരിച്ചു ജീവിച്ചിരുന്ന പലരെയും കൈപിടിച്ച് ഉയിർപ്പിച്ച യേശുവിനെയാണ് സുവിശേഷത്തിൽ നാം കാണുന്നത്. വേട്ടനായ്ക്കളുടെ ദുഷ്ടദൃഷ്ടികളി ലാഴ്ന്നുപോയ പാപിനികളെ, പരിഹാസത്തിന്റെ ശരശയ്യയിൽ കിടന്നിരുന്ന ചുങ്കക്കാരെ, പുഴുത്ത ശവങ്ങളെപ്പോലെ കണക്കാക്കി ജനം മുഖം തിരിഞ്ഞുനിന്നിരുന്ന കുഷ്ഠരോഗികളെ, ദൈവത്തിനുപോലും വേണ്ടാത്തവരെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടിരുന്ന ദരിദ്രരെ, ദൈവശിക്ഷയുടെ നേർക്കാഴ്ചയായി പരിഗണിക്കപ്പെട്ടിരുന്ന രോഗികളെ, സാത്താന്റെ ആവാസകേന്ദ്രമായി കണ്ട് ജനം ഭയന്ന് പിന്മാറിയിരുന്ന പിശാചുബാധിതരെ; അവൻ അവർക്കെല്ലാം സമ്മാനിച്ചത് പുതിയ ജീവിതത്തിലേക്കുള്ള ഉയിർപ്പ് ആയിരുന്നില്ലേ? പിന്നെ മരണം ഇരുട്ടിലാക്കിയ ലാസറസിന്റെയും ജായ്റോസിന്റെയും നായിനിലെ വിധവയുടെയും കുടുംബങ്ങളിൽ തനിക്കിഷ്ടമുള്ളവർക്കൊക്കെ താൻ ജീവൻ നൽകുന്നു എന്ന് അവൻ തെളിയിച്ചു (യോഹ. 5:21). ഈ ഭൂമിയിൽ ഒരു ഉയിർത്തെഴുന്നേല്പിന് നമുക്കും യേശുവിൽ അവകാശമില്ലേ?

കുരിശിൽ ഉയിർത്തെഴുന്നേറ്റ് നിൽക്കുന്നവർ

മരണവും മഹത്വീകരണവും സംഗമിക്കുന്ന ഇടമാണ് കുരിശ്, വിശുദ്ധ യോഹന്നാന്റെ വീക്ഷണത്തിൽ. മരണം യേശുവിന്റെ പരാജയമല്ല, വിജയമാണ്. കാരണം മനുഷ്യരക്ഷാകർമ്മം പൂർത്തിയാക്കാനായി ദൈവം ഏല്പിച്ച ദൗത്യത്തിന്റെ വിജയപര്യവസാനമാണ് മരണം. അതുകൊണ്ടാണ് “എല്ലാം പൂർത്തിയായി” എന്ന് കുരിശിൽ അവൻ ഉദ്ഘോഷിച്ചത് - മനുഷ്യരക്ഷ ഉറപ്പാക്കിയവന്റ വിജയഭേരിയായിരുന്നു അത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ തടങ്കൽപ്പാളയങ്ങളിൽ നടന്ന സമാനതകളില്ലാത്ത ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവന്നതോടെ, സർവ്വനന്മയായ ദൈവത്തിൽ വിശ്വസിക്കാൻ ഇനി ആർക്കെങ്കിലും സാധിക്കുമോ എന്ന് ചിന്തിച്ചവർ അനവധി. എന്നാൽ ഒരു തടവുകാരനായിരുന്ന ഓസ്ട്രിയൻ മനശ്ശാസ്ത്രജ്ഞൻ വിക്ടർ ഫ്രാങ്ക്‌ൾ ജയിൽ മോചിതനായതിനുശേഷം എഴുതി: സ്വന്തം സഹനത്തിന് അർഥം കണ്ടെത്താൻ കഴിഞ്ഞാൽ മനുഷ്യന് എന്തും സഹിക്കാൻ കഴിയും.

നമ്മുടെ നഷ്ടങ്ങളുടെ നിമിഷങ്ങളിൽ തൊട്ടടുത്ത് നിൽക്കുന്നവരും പേര് ചൊല്ലി വിളിച്ച് ധൈര്യപ്പെടുത്തുന്നവരുമായ ആളുകളിൽ ഉത്ഥിതനെ തിരിച്ചറിയാം.

അർഥപൂർണ്ണമായി സഹിക്കുന്നവരുടെ മഹാശക്തിയല്ലേ ഈ ലോകത്തെ താങ്ങിനിർത്തുന്നത്, നന്മയിലേക്കു നയിക്കുന്നത്? സത്യത്തിനായി നിൽക്കുന്നതിന്റെ പേരിൽ വ്യാജാരോപണങ്ങൾ നേരിടുന്നവർ, നീതിക്കായി ശബ്ദിക്കുന്നതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർ, തിന്മക്കെതിരെ പോരാടുമ്പോൾ അടിച്ചമർത്തപ്പെടുന്നവർ - ഇവരൊക്കെയും സഹനത്തിന്റെ അർഥം തിരിച്ചറിഞ്ഞവരാണ്. അതുകൊണ്ടുതന്നെ സഹനങ്ങൾ അവരെ അടിച്ചമർത്തുന്നില്ല. മറിച്ച് സഹനങ്ങളുടെ കുരിശിൽ അവർ തല ഉയർത്തി നിൽക്കും. കുരിശിൽതന്നെ ഉയിർത്തെഴുന്നേറ്റു നിൽക്കുന്നവരാണ് അവർ - സഹിച്ചുകൊണ്ട് മഹത്വം പ്രാപിച്ച് നിൽക്കുന്നവർ. മരണനിമിഷത്തിലും ഒരു ജേതാവിനെപ്പോലെ അവർ പറയും: “എല്ലാം പൂർത്തിയായി” (യോഹ. 19:30).

ഉത്ഥിതന്റെ മുറിവുകൾ

ക്രൂശിതൻ ഒരു പ്രതീകവുമാണ് - സമസ്ത മേഖലകളിലും മനുഷ്യനന്മയ്ക്കായി പോരാടുന്നവരുടെ പ്രതീകം. അവനെ ഉയിർപ്പിച്ചതിലൂടെ അവന്റെ നിലപാടുകളെയും പോരാട്ടങ്ങളെയും അവനിൽ വെളിപ്പെട്ട ദൈവിക ശൈലിയെയും ദൈവം തന്റെ സ്വന്തമായി പ്രഖ്യാപിച്ചു.

കുരിശിലെ ഇരുളിലാണ് അവന്റെ ഉയിർപ്പിന്റെ തിളക്കം. കുരിശില്ലായിരുന്നുവെങ്കിൽ അവന്റെ ഉയിർപ്പിന് ഇത്ര തിളക്കം ഉണ്ടാകുമായിരുന്നില്ല. അവന്റെ കുരിശുമരണം ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം വെളിപ്പെടുത്തി (സഹിക്കുന്ന എല്ലാ മനുഷ്യരോടും ഐക്യപ്പെട്ടു മരിക്കാൻ മാത്രം അവൻ സ്നേഹിച്ചു). അവന്റെ ഉയിർപ്പ് ദൈവസ്നേഹത്തിന്റെ ശക്തിയേയും വെളിപ്പെടുത്തി (എത്ര നിരാശജനകമായ അവസ്ഥയിൽ നിന്നും നമ്മെ ഉയിർപ്പിക്കാൻ ശക്തിയുള്ളതാണ് ദൈവത്തിന്റെ സ്നേഹം). യേശു ഉയിർത്തെഴുന്നേ റ്റില്ലായിരുന്നുവെങ്കിൽ ദൈവത്തിന്റെ ശക്തിയിൽ നാം സംശയിച്ചേനേ; യേശു കുരിശിൽ മരിച്ചില്ലായിരുന്നുവെങ്കിൽ അവന്റെ സ്നേഹത്തിലും.

ഉത്ഥിതനായ യേശു തന്റെ മഹത്ത്വീകൃതമായ ശരീരത്തിലും കുരിശിലെ മുറിവുകൾ സൂക്ഷിക്കുന്നവനാണ്. ആ മുറിവുകൾ അവന് എത്ര പ്രിയപ്പെട്ടതാണെന്ന് അതിലൂടെ വ്യക്തമാകുന്നു. അവന്റെ മുറിവുകളാണ് അവന്റെ അനന്യത, അവനെ തിരിച്ചറിയാനുള്ള മാർഗം. നമുക്കുവേണ്ടി നമ്മോടൊത്ത് അനുഭവിച്ച ആ മുറിവുകളല്ലേ നമ്മെ അവനിലേക്കു ചേർത്തടുപ്പിക്കുന്നത്? ആ മുറിവുകളുടെ, മുറിവേറ്റവന്റെ ദർശനമല്ലേ തോമസ് ആഗ്രഹിച്ചതും പ്രാപിച്ചതും? ആ ദർശനമല്ലേ അവിശ്വാസത്തിന്റെ കല്ലറയിൽനിന്നും ഉത്തമ ശിഷ്യന്റെ മഹത്വത്തിലേക്ക് തോമസിനെ ഉയിർപ്പിച്ചതും. ആ മുറിവുകൾ തന്നെയാണ് ഉയിർപ്പിലേക്കുള്ള നമ്മുടെ വഴിയും, നമ്മുടെ ഉയിർപ്പിന്റെ അച്ചാരവും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org