മുറിവാണ് അടയാളം

മുറിവാണ് അടയാളം
Published on
  • ഷാജി കരിംപ്ലാനില്‍ കപ്പൂച്ചിന്‍

യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതിനെക്കുറിച്ച് മര്‍ക്കോസ് 1:14 ല്‍ നമ്മള്‍ വായിക്കുന്നു: 'യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു.' പല ജീവചരിത്രങ്ങളും നമുക്കു പരിചയമുണ്ടെങ്കിലും ഇത്രയും അശുഭകരമായ ഒരു തുടക്കം മറ്റേതെങ്കിലും ജീവചരിത്രത്തിനുണ്ടോ എന്നു സംശയമാണ്. (ഫ്രാന്‍സിസ് പാപ്പയുടെ 'ഹോപ്' എന്ന ആത്മകഥ തുടങ്ങുന്നത് പാപ്പയുടെ വല്യപ്പനും, വല്യമ്മയും, അവരുടെ ഒരേയൊരു മകനും പാപ്പയുടെ അപ്പനുമായ മരിയോയും ഒരുമിച്ച് ഒരു കപ്പല്‍യാത്രയ്ക്ക് ഒരുങ്ങുന്നതും, അവസാന നിമിഷം അതു നടക്കാതെ വരുന്നതും, ആ യാത്രയില്‍ ആ കപ്പല്‍ മുങ്ങിപ്പോകുന്നതും പറഞ്ഞു കൊണ്ടാണ്. അന്നവര്‍ക്ക് ആ കപ്പലില്‍ ഇടം കിട്ടിയിരുന്നെങ്കില്‍ ഇന്ന് ഈ ഫ്രാന്‍സിസ് പാപ്പ ഇവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ.)

ഒരു ജയിലിന്റെ പശ്ചാത്തലത്തിലാണ് യേശു കളത്തിലിറങ്ങുന്നത്. സ്‌നാപകന്റെ വിധിയുടെ നിഴല്‍, യേശുവിന്റെ ആദ്യ ചുവടുവയ്പില്‍തന്നെ വീണുകഴിഞ്ഞിരുന്നു എന്നതായിരിക്കുമോ മര്‍ക്കോസ് പറയാനാഗ്രഹിച്ചത്? മര്‍ക്കോസിന്റെ ഒന്നാമധ്യായത്തില്‍നിന്ന് മൂന്നാമധ്യായത്തില്‍ എത്തുമ്പോഴേക്കും മരണത്തിന്റെ നിഴലിനു കട്ടി കൂടുന്നുണ്ട്: 'അവന്റെ സ്വന്തക്കാര്‍ അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു. ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്' (മര്‍ക്കോസ് 3:21-22). സ്വന്തക്കാരും ശത്രുക്കളും ഒരേപോലെ യേശുവിനെ അകറ്റുകയാണ്. കുരിശ് കൂടുതല്‍ ഊക്കോടെ അവനെ തേടി വരികയാണ്.

മര്‍ക്കോസ് 8:22-26 ല്‍ ബെത്‌സയ്ദായില്‍ വച്ച് യേശു ഒരന്ധനെ സുഖപ്പെടുത്തുന്ന വിവരണമുണ്ടല്ലോ. ആദ്യത്തെ സ്പര്‍ശത്തില്‍നിന്നു കിട്ടുന്ന കാഴ്ച അവ്യക്തമാണ് ('മനുഷ്യര്‍ മരങ്ങളെപോലെ കാണപ്പെടുന്നു'). രണ്ടാമത്തെ സ്പര്‍ശത്തോടെയാണ് കാഴ്ച പൂര്‍ണ്ണമാകുന്നത്. തുടര്‍ന്നു വരുന്ന വചനഭാഗത്തിന് ഇതിന്റെ പശ്ചാത്തലത്തില്‍ വ്യക്തതയേറുന്നുണ്ട്. കേസറിയ ഫിലിപ്പിയയില്‍വച്ചുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനം സത്യത്തില്‍ അവ്യക്തമായ കാഴ്ചയാണ്. രണ്ടു തവണ അപ്പം വര്‍ധിപ്പിച്ചത്, കടലിന്റെ മീതെ നടന്നത്, അനേകം രോഗശാന്തികള്‍, ഒക്കെയൊക്കെ കണ്ടിട്ടാണ് വരാനിരുന്ന മിശിഹായാണ് യേശുവെന്ന് പത്രോസ് തിരിച്ചറിയുന്നത്.

യേശു ദൈവരാജ്യത്തിനുവേണ്ടി മുറിവേറ്റവനാണ്. ഉത്ഥിതന്റെ മുറിവുകള്‍ ഉണങ്ങാതെ തുടരുന്നു. അവനെ പിഞ്ചെന്നവരൊക്കെ അവന്റേതു കണക്കുള്ള മുറിവുകള്‍ ഉള്ളവരായി മാറി.

ഇത് അന്ധന്‍, മനുഷ്യരെ മരങ്ങളായി കണ്ടതുപോലെ ആയിപ്പോയി. അതുകൊണ്ടാണ്, തൊട്ടടുത്തു വരുന്ന വചനഭാഗത്ത് ഇതേ പത്രോസിനെ 'സാത്താനേ' എന്ന് യേശു വിളിക്കുന്നത്. പീഡിപ്പിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും കൊല്ലപ്പെടുകയും അതുവഴി മഹത്വത്തിലേക്കു പ്രവേശിക്കയും ചെയ്യുന്ന മനുഷ്യപുത്രനെക്കുറിച്ചുള്ള സൂചനപോലും പത്രോസിന്റെ കാഴ്ചയ്ക്കപ്പുറമാണ്. പക്ഷേ, ഇതാണു രണ്ടാം സ്പര്‍ശം. ഇതിലേക്കാണ് യേശു ശിഷ്യരെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

യേശുവിന്റെ മിശിഹാത്വത്തിന്റെ ഇരുപുറങ്ങളാണ് മഹത്വവും മുറിവും. യോഹന്നാന്റെ സുവിശേഷപ്രകാരം, തോമസിന്റെയും മറ്റു ശിഷ്യരുടെയും മുമ്പില്‍ ഉത്ഥിതന്‍ പ്രത്യക്ഷപ്പെടുന്നത് ഉണങ്ങാത്ത അഞ്ചു മുറിവുകളോടെയാണ്. ഗോതമ്പുമണി നിലത്തു വീണഴിയുന്നതു കണക്കാണ് മനുഷ്യപുത്രന്റെ മഹത്വീകരണമെന്നാണ് യേശുവിന്റെ പാഠം (യോഹ. 12:23-24). അഴിയലില്‍ അത്രേ മഹത്വം അടങ്ങിയിരിക്കുന്നത്! 'ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.

'അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്' (യോഹന്നാന്‍ 12:32-33) എന്ന വചനഭാഗം ഉയിര്‍പ്പിനെയും മരണത്തെയും തന്മയീഭവിപ്പിക്കുന്നു.

സപ്തമുദ്രകള്‍ പൊട്ടിക്കാനും ചുരുള്‍ തുറക്കാനും യോഗ്യതയുള്ളതായി വെളിപാടു പുസ്തകം കണ്ടെത്തുന്നത് യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവനെയാണ് (5:5). തൊട്ടടുത്ത വാക്യത്തില്‍ 'കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു' ഗ്രന്ഥകര്‍ത്താവു കാണുകയാണ് (5:6). ഉല്‍പത്തി 49:9 നെ അധികരിച്ചുള്ള മിദ്രാഷിക് വായനകളിലും, പ്രസ്തുത വാക്യത്തിന്റെ താര്‍ഗും പരിഭാഷകളിലും, ഖുംറാന്‍ ഗുഹകളിലെ രേഖകളിലും, ഏ ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ബര്‍ണബാസിന്റെ ലേഖനത്തിലും, രണ്ടാം നൂറ്റാണ്ടിലെ ജസ്റ്റിന്‍ മാര്‍ട്ടറിന്റെ എഴുത്തുകളിലും മിശിഹായെ യൂദായില്‍നിന്നുള്ള സിംഹത്തോട് ഉപമിച്ചു കാണുന്നുണ്ട്. വെളിപാടു പുസ്തകം ഈ സിംഹത്തെ ആടാക്കി (അതും 'കൊല്ലപ്പെട്ടതായി തോന്നുന്ന') മാറ്റുകയാണ്!

അവന്റെ മാര്‍ഗം സിംഹത്തിന്റേതല്ല, ആടിന്റേതാണ്. അതുകൊണ്ടാണ് ചെന്നായ്ക്കൂട്ട ത്തിലേക്ക് ആടുകളെപോലെ പോകാന്‍ അവന്‍ ശിഷ്യരോട് ആവശ്യപ്പെടുന്നത്.

ചുരുക്കത്തില്‍, യേശുവിന്റെ മഹത്വത്തില്‍പോലും മുറിവു കീറിയ ചാലുകളുണ്ട്. അവന്റെ മാര്‍ഗം സിംഹത്തിന്റേതല്ല, ആടിന്റേതാണ്. അതുകൊണ്ടാണ് ചെന്നായ്ക്കൂട്ടത്തിലേക്ക് ആടുകളെപോലെ പോകാന്‍ അവന്‍ ശിഷ്യരോട് ആവശ്യപ്പെടുന്നത്. ആയുധധാരികളുടെ മുമ്പില്‍പോലും വാള്‍ അതിന്റെ ഉറയിലിടുന്നതാണ് ക്രിസ്തുവിന്റെ ശിഷ്യത്വം.

ഇപ്പറഞ്ഞത് സാധൂകരിക്കുന്ന കാര്യങ്ങളാണ് പത്രോസിന്റെയും പൗലോസിന്റെയും ശിഷ്യത്വജീവിതത്തിന്റെ തുടക്കത്തില്‍തന്നെ നാം കാണുന്നത്. യേശു പത്രോസിനെ ദൗത്യം ഏല്‍പിച്ച ഉടനെ നാം വായിക്കുന്നു: 'സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.'

'ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു' (യോഹ. 21:18-19). പൗലോസിന്റെ കാര്യത്തിലും സമാനമായതു നാം കാണുന്നു. അനനിയാസിനു പൗലോസിനെ (സാവൂള്‍) സംബന്ധിച്ചു കിട്ടുന്ന ദര്‍ശനം ഇതാണ്: 'എന്റെ നാമത്തെപ്രതി അവന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും' (നടപടി 9:16). 1 കോറി. 4:9-13; 2 കോറി. 11:23-27 തുടങ്ങിയവ വായിച്ചാല്‍ ഈ ദര്‍ശനം അക്ഷരശ്ശഃ ശരിയായിരുന്നുവെന്നു നമുക്കു വ്യക്തമാകും.

യേശു ദൈവരാജ്യത്തിനുവേണ്ടി മുറിവേറ്റവനാണ്. ഉത്ഥിതന്റെ മുറിവുകള്‍ ഉണങ്ങാതെ തുടരുന്നു. അവനെ പിഞ്ചെന്നവരൊക്കെ അവന്റേതു കണക്കുള്ള മുറിവുകള്‍ ഉള്ളവരായി മാറി. അപ്പോള്‍ ചോദ്യം ഇതാണ്: നിന്റെ മുറിവ് എവിടെയാണ്? ഒരു കാര്യത്തില്‍ സുവിശേഷഭാഗ്യങ്ങള്‍ ഒരു സംശയത്തിനും ഇടം തരുന്നില്ല: ദൈവരാജ്യത്തില്‍ അംഗത്വം ലഭിക്കുന്നവര്‍ കരയുന്നവരും വിശക്കുന്നവരും പീഡനം ഏല്‍ക്കുന്നവരുമായിരിക്കും (മത്തായി 5:3-12; ലൂക്കാ 6:20-23).

logo
Sathyadeepam Online
www.sathyadeepam.org