''ഇത്രയും വേണമായിരുന്നോ?''

ദയാബായിയുമായി സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം...
''ഇത്രയും വേണമായിരുന്നോ?''
കേരളത്തില്‍ വിദ്യാഭ്യാസവും ജോലിയും ഒക്കെയുണ്ട്. പക്ഷേ സ്ത്രീകള്‍ വിമോചിതരാണ് എന്നു പറയാന്‍ കഴിയില്ല. ഇവിടത്തെ പുരുഷന്മാര്‍ അധികവും പുരുഷാധിപത്യമനോഭാവം ഉള്ളവരാണ്. സ്ത്രീ സ്ത്രീയായി പെരുമാറുന്നത് ഇഷ്ടമില്ലാത്തവരാണ് ഭൂരിപക്ഷം പുരുഷന്മാരും.
Q

ഈ ജീവിതത്തില്‍ ധാരാളം പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടാകുമല്ലോ. അങ്ങനെയൊന്ന് ഓര്‍ക്കാനാകുന്നുണ്ടോ?

A

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ വര്‍ഷം വലിയ വെള്ളപ്പൊക്കമായിരുന്നു. ആഗസ്റ്റ് മാസം. 24 കി.മീറ്റര്‍ ദൂരെ ഒരു ചന്തസ്ഥലത്ത് മൊബൈല്‍ അദാലത്ത് വന്നു. രണ്ടു മന്ത്രിമാര്‍ വന്നു. കളക്ടറുള്‍പ്പെടെ എല്ലാ വകുപ്പുദ്യോഗസ്ഥരും എത്തി. ആളുകള്‍ക്ക് എന്തു പരാതികളും കൊടുക്കാനുള്ള സംവിധാനവും അവിടെയുണ്ട്. അന്ന് കമല്‍നാഥ് ഞങ്ങളുടെ എംപിയാണ്. നാല്‍പതു കൊല്ലം തോല്‍ക്കാതെ എം പി ആയിക്കൊണ്ടിരുന്നയാള്‍. അയാള്‍ വേദിയില്‍നിന്ന് ഇത് രാജീവ് ഗാന്ധിയുടെ ഒരു പരിപാടിയാണെന്നും നിങ്ങളുടെ അരികില്‍ വന്നു പരാതികള്‍ സ്വീകരിക്കുകയാണു തങ്ങളെന്നും ഒക്കെ പ്രസംഗിച്ചു. വെള്ളത്തില്‍ മുങ്ങി നനഞ്ഞാണ് ഞങ്ങളവിടെയെത്തിയത്. പരാതികള്‍ ഞങ്ങള്‍ എഴുതി കൊണ്ടു പോയിരുന്നു. പക്ഷേ, പരാതികള്‍ വേദിയില്‍ ചെന്നു പറയാനാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്. സ്റ്റേജില്‍ കയറി സംസാരിക്കാന്‍ ആളുകള്‍ക്ക് അറിയില്ല. പക്ഷേ ഓരോരുത്തരായി ചെല്ലാനും പരാതികള്‍ പറയാനും തുടങ്ങി. അതോടെ എല്ലാവര്‍ക്കും ധൈര്യമായി. ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി തുടങ്ങി.

വേദിയിലിരുന്ന മന്ത്രി എന്റെ നേരെ കൈചൂണ്ടി എം എല്‍ എമാരോട് എന്തോ പറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരറിയിപ്പെത്തി. മന്ത്രിയുടെ കാറില്‍ കയറി, റെസ്റ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കു ചെല്ലണം എന്നായിരുന്നു സന്ദേശം. റെസ്റ്റ് ഹൗസില്‍ വരാനാവില്ലെന്നും ഇവിടെ വച്ചു തന്നെ ചര്‍ച്ചയാകാമെന്നും ഞാന്‍ മറുപടി നല്‍കി. അതു സമ്മതിച്ചു. ഞാന്‍ ചെന്നപ്പോള്‍ മന്ത്രി മൂന്നുനാലു ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിച്ചു. ഇത്രയും ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിച്ചാല്‍ എങ്ങനെ മറുപടി പറയാനാകുമെന്നും ചോദ്യങ്ങള്‍ എല്ലാം എഴുതി തന്നാല്‍ ഉത്തരം നല്‍കാമെന്നും ഞാന്‍ പറഞ്ഞു. അയാള്‍ രോഷാകുലനായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയൊന്നുമല്ലാത്ത നിങ്ങള്‍ക്ക് എന്തിനാണ് ചോദ്യങ്ങള്‍ എഴുതിത്തരുന്നതെന്നായി മന്ത്രി. ഇത് മന്ത്രിയാണ് എന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ എന്നെ ഓര്‍മ്മപ്പെടുത്തുകയും സ്വയം പരിചയപ്പെടുത്താനാവശ്യപ്പെടുകയും ചെയ്തു. പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നും എന്നെ വിളിച്ചു വരുത്തിയതാണെന്നും ഞാന്‍ പറഞ്ഞു. ഒരു സ്ത്രീയെ രാത്രി റെസ്റ്റ് ഹൗസിലേക്കു ചര്‍ച്ചയ്ക്കു വിളിച്ചതില്‍ മര്യാദയില്ലെന്നു പറയാനും ഞാന്‍ മടിച്ചില്ല. അതോടെ മന്ത്രി എന്നോടു പൊയ്‌ക്കൊള്ളാന്‍ ദേഷ്യത്തില്‍ പറഞ്ഞു. പിന്നീട് രണ്ട് ടീച്ചര്‍മാര്‍ എന്നെ കണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു. ഈ സ്ത്രീയാണ് ഗ്രാമങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അവരെ നിയന്ത്രിക്കണമെന്നും ആയിരുന്നുവത്രെ നേതാക്കള്‍ക്കിടയിലെ സംഭാഷണം. ആ ടീച്ചര്‍ മാര്‍ അന്നു രാത്രി എന്നെ അവരോടൊപ്പം കൊണ്ടുപോകുകയും അവരുടെ വീട്ടില്‍ താമസസൗകര്യം നല്‍കുകയും ചെയ്തു. അന്നു രാത്രി അവര്‍ എനിക്കു കാവലിരുന്നു. പിറ്റേന്ന് രാവിലെ അവര്‍ എന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയാക്കി. ട്രെയിനില്‍ അപ്പര്‍ ബര്‍ത്ത് ചോദിച്ചു വാങ്ങി, അതില്‍ കയറിക്കിടന്നു ഞാന്‍ പൊട്ടിക്കരഞ്ഞു. പിന്നെ ഗ്രാമത്തിലെത്തിയ ശേഷം കുറെ ദിവസങ്ങള്‍ ആരേയും കാണാതെ കഴിച്ചു കൂട്ടി. പുറത്തേക്കിറങ്ങിയില്ല. മരണം ഞാന്‍ മുന്നില്‍ കണ്ടു. മരണത്തെക്കുറിച്ചു കവിതകളെഴുതി. മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല എന്നതായിരുന്നു അതിന്റെയൊക്കെ സാരാംശം. പിന്നീട് ഞാന്‍ ആ മാനസികാഘാതത്തില്‍ നിന്നു മുക്തി നേടി.

എന്നെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഒരു തഹസീല്‍ദാറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അതൊക്കെ എഴുതിയുണ്ടാക്കിയത്. ഇതൊരു കള്ളക്കേസാണെന്നു ജഡ്ജിക്കു മനസ്സിലായിരുന്നു. പരാതിയില്‍ ഒപ്പു വച്ചവരൊന്നും വിചാരണക്കെത്തിയിരുന്നില്ല. കുറെക്കഴിഞ്ഞപ്പോള്‍ പരാതിക്കാര്‍ ഒരു രാഷ്ട്രീയനേതാവിനെയും കൂട്ടിയാണു വന്നത്. മജിസ്‌ട്രേറ്റിനു മുമ്പില്‍ കസേരയിട്ട് നേതാവിരുന്നു. ചോദ്യങ്ങള്‍ക്കു പരാതിക്കാര്‍ക്കു പകരം നേതാവാണു മറുപടി പറയുന്നത്. അയാള്‍ പരാതിക്കാരനോ അഭിഭാഷകനോ അല്ല, അതുകൊണ്ടു സംസാരിക്കാന്‍ അനുവദിക്കരുത് എന്നു ഞാന്‍ പറഞ്ഞു. മജിസ്‌ട്രേറ്റ് ഒന്നും മിണ്ടിയില്ലെങ്കിലും അയാള്‍ക്കു പുറത്തു പോകേണ്ടി വന്നു.

പിന്നീട് കാര്യങ്ങളെല്ലാം വിശദീകരിച്ച് അധികാരികള്‍ക്കു ഞാന്‍ കത്തെഴുതി. ആ നേതാവിന് താക്കീത് കിട്ടിയെന്നാണു ഞാന്‍ മനസ്സിലാക്കിയത്.

Q

മര്‍ദനങ്ങളും നേരിട്ടുവെന്നു കേട്ടിട്ടുണ്ടല്ലോ...

A

പൊലീസ് തല്ലി പല്ലൊക്കെ പോയ സംഭവമുണ്ട്. ഒരു സ്ത്രീയുടെ കേസില്‍ എഫ് ഐ ആര്‍ വാങ്ങാന്‍ വേണ്ടി പോയതാണ്. എന്നെ പിടിച്ചു ഭിത്തിയിലേക്കെറിയുകയും തല്ലുകയും ചെയ്തു. എന്നെ തല്ലുന്നത് റോഡിലുള്ള ആളുകള്‍ കണ്ടു. അവര്‍ കയറി വന്നു പൊലീസിനോട് എന്താണു കാര്യമെന്നു ചോദിച്ചു. ഇവള്‍ ആയിരകണക്കിനാളുകളെ ക്രിസ്ത്യാനികളാക്കുന്നു, എണ്ണയും ഭക്ഷണവും കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു. ഭക്ഷണവിതരണമൊന്നും ഞാന്‍ നടത്തുന്നില്ലെന്നും മതംമാറ്റ പരാതിയുണ്ടെങ്കില്‍ അന്വേഷിച്ച് കോടതിയില്‍ കേസ് കൊടുക്കാനും ഞാന്‍ പറഞ്ഞു. ഞാന്‍ മതംമാറ്റമൊന്നും നടത്തുന്നില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം.

Q

സംസ്ഥാനങ്ങള്‍ പുതുതായി മതംമാറ്റ നിരോധനനിയമങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കുകയാണല്ലോ. അതു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിബന്ധമാകുമോ?

A

നിര്‍ബന്ധിച്ചു മതം മാറ്റുന്നതിനോട് എനിക്കു യാതൊരു താത്പര്യവുമില്ല. അതുകൊണ്ടു കാര്യവുമില്ല. നമ്മുടെ ജീവിതരീതി കൊണ്ടു സമൂഹത്തില്‍ മാറ്റമുണ്ടാക്കുക എന്നതാണാവശ്യം.

Q

കൂടെ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വേറെ സ്ത്രീകള്‍ വന്നിട്ടുണ്ടോ?

A

അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഒരിക്കല്‍ ഒരു നേതാവിന്റെ മകന്‍ എന്റെ അടുത്തു വന്നു. ബിരുദധാരിയാണ്. എന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞു. അതൊരു കെണിയാണെന്ന് എനിക്കു തോന്നി. എനിക്കങ്ങനെ കൂടെ ആരേയും ചേര്‍ത്തു പ്രവര്‍ത്തനം നടത്താനുള്ള സംവിധാനങ്ങളില്ലെന്നു ഞാന്‍ പറഞ്ഞു. വായിക്കാന്‍ എന്തെങ്കിലും തരാമോ എന്നായിരുന്നു അടുത്ത ചോദ്യം. അതും ഒരു പരീക്ഷണമാണെ ന്ന് എനിക്കു തോന്നി. പെന്തക്കോസ്തുകാര്‍ ധാരാളം ലഘുലേഖകളൊക്കെ വിതരണം ചെയ്യാറുണ്ടല്ലോ. ഞാനാകട്ടെ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു കോപ്പി അവനു കൊണ്ടുകൊടുത്തു. ഒരു വശത്തു ഹിന്ദിയും മറുവശത്ത് ഇംഗ്ലീഷും ഉള്ളതായിരുന്നു അത്. വായിച്ചോളാന്‍ പറഞ്ഞു.

Q

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് ദയാബായി ദിവസമാരംഭിക്കുന്നത് എന്നു കേട്ടിട്ടുണ്ട്...

A

അതു ഞാന്‍ ദിവസവും ചെയ്യുന്നുണ്ട്. ഭരണഘടനയുടെ ആ മുഖസന്ദേശം ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലുണ്ട്, കര്‍ത്താവ് മരുഭൂമിയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം വന്നു പറയുന്നതിലുമുണ്ട്. ലൂക്കാ 4. അതുകൊണ്ട് ഇന്നു വളരെ ധൈര്യത്തോടെ ഭരണഘടനയുടെ ആമുഖം മാത്രം പറഞ്ഞുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങാം.

Q

ഈ ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന രാഷ്ട്രീയമാണല്ലോ കേന്ദ്രത്തിലിന്നുള്ളത്. ബി ജെ പിയുടെ?

A

ബി ജെ പി മാത്രമല്ല. ഞാന്‍ തീരുമാനിക്കുന്നതു ഞാന്‍ നടപ്പാക്കുമെന്നു പറയുന്ന മുഖ്യമന്ത്രി എന്താണു ചെയ്യുന്നത്? ഞാന്‍ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇതു ജനാധിപത്യമാണോ? ജനങ്ങളുടെ വോട്ടു വാങ്ങി, ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുന്നവര്‍ ഞാന്‍ ഞാന്‍ എന്നല്ല പറയേണ്ടത്.

Q

മുഖ്യമന്ത്രിയോടു നേരിട്ടു സംസാരിച്ചിട്ടുണ്ടോ?

A

ഇല്ല. അവസരം ലഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സമരം നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നെ വിളിച്ചു. കെ കെ രാഗേഷ്. കര്‍ഷകസമരത്തില്‍ ഒന്നിച്ചുണ്ടായിരുന്ന കാര്യവും ഒരുമിച്ചു ഫോട്ടോയെടുത്ത കാര്യവുമൊക്കെ പറഞ്ഞു. അന്ന് അദ്ദേഹം എം പി ആയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടു മന്ത്രിമാരെ ഏല്‍പിച്ച കാര്യവും പറഞ്ഞു. ദരിദ്രരുടെ കണ്ണീരൊപ്പാനുള്ള ഗവണ്‍മെന്റാണിത് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ഞാന്‍ തീരുമാനിക്കുന്നതു നടപ്പാക്കും എന്നു പറയാന്‍ എങ്ങനെ കഴിയുന്നു? അതു മാധ്യമക്കാര്‍ പറയുന്നതാണെന്നായിരുന്നു മറുപടി. ടി വിയില്‍ കണ്ടിട്ടുള്ളതാണെന്നു ഞാനും പറഞ്ഞു.

Q

ഇന്ത്യയിലെ ക്രൈസ്തവസഭ ഈ പുതിയ കാലഘട്ടത്തില്‍ എന്തു ചെയ്യണമെന്നാണ് താങ്കള്‍ കരുതുന്നത്?

A

സഭയോട് ഇന്നതു ചെയ്യണം എന്നു പറയുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല. സഭയില്‍ നിന്നു പഠിച്ചു വളര്‍ന്നയാളാണല്ലോ ഞാന്‍. എനിക്കു പറയാനുള്ളത്, ക്രിസ്തുവിനെ അനുഗമിക്കുക എന്നു മാത്രമാണ്. ഈ ഘടനയും ഭൗതികതയുമെല്ലാം കുറയ്ക്കണം. മനുഷ്യരുമായി ഇടപെടാന്‍ നാം കൂടുതല്‍ സ്വതന്ത്രരാകണം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇത്രയുമധികം നടത്തുന്നത് ഇനി സഭയുടെ ജോലിയല്ല. ഒരുപാടു പേര്‍ ഇപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ കുട്ടികളുടെ പ്രകടനം വളരെ മികച്ചതാണെന്നു ഞാന്‍ കണ്ടിട്ടുണ്ട്. സ്വകാര്യവ്യക്തികളും നല്ല നിലയില്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ ഫലമില്ലാതാകുന്നതായി ഞാന്‍ കണ്ടിട്ടുള്ളത് സിസ്റ്റര്‍മാരുടെ സ്‌കൂളുകളിലാണ്. അതുകഴിഞ്ഞാല്‍ വൈദികരുടെയും. കുട്ടികള്‍ക്ക് ഒരു വീക്ഷണം കൊടുക്കുന്നില്ല, സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്ക് ഒരുപാട് അവസരങ്ങളുണ്ടാകണം, ഗവേഷണങ്ങള്‍ നടക്കണം.

അയര്‍ലണ്ടില്‍ നിന്ന് എനിക്കൊരു കോള്‍ വന്നു. മലയാളികളാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന മകളുടെ ഒരു പ്രോജക്ടുണ്ട്. ആകര്‍ഷിച്ച വ്യക്തിത്വത്തെക്കുറിച്ച് ഗവേഷണം ചെയ്ത് എഴുതുക. എല്ലാവരും ഗാന്ധി, മദര്‍ തെരേസാ, ബുദ്ധന്‍ എന്നിങ്ങനെയായിരുന്നു. ഈ കുട്ടി ദയാബായിയെക്കുറിച്ചെഴുതണം എന്നു പറഞ്ഞു. യു ട്യൂബിലും മറ്റുമായി എന്നെക്കുറിച്ച് കുറെ പരിപാടികള്‍ അവള്‍ കണ്ടിരുന്നു. അമ്മയും മോളും കൂടി ടീച്ചറെ കണ്ട് ഇതു പറഞ്ഞു. ടീച്ചര്‍ സന്തോഷത്തോടെ അനുമതി കൊടുത്തു. എല്ലാവര്‍ക്കും ആ പ്രോജക്ട് ഇഷ്ടമായി. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ അങ്ങോട്ടു ക്ഷണിക്കാനിരിക്കുകയാണ് അവര്‍. ഇത്തരത്തില്‍ കുട്ടികള്‍ സ്വന്തമായി ചെയ്യാന്‍ പ്രാപ്തരാകുന്നതാണു വിദ്യാഭ്യാസം. ആഗ്രയിലും സ്വിറ്റ്‌സര്‍ലന്റിലും ഒക്കെ ടൂര്‍ പോകുന്നതിനു പകരം എന്‍ഡോസള്‍ഫാന്‍ ദുരന്തം നേരിടുന്ന ഗ്രാമങ്ങളിലും വയോജനമന്ദിരങ്ങളിലും മാനസികഭിന്നശേഷിക്കാരുടെ കേന്ദ്രങ്ങളിലും ഒക്കെ പോയി കാണണം.

Q

മദര്‍ തെരേസായെ കണ്ടിട്ടുണ്ടോ?

A

ഉണ്ട്. ഞാന്‍ കുറെക്കാലം മുംബൈയില്‍ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. ഗുരുദ്വാരകളില്‍ പോയി ഭക്ഷണം കഴിക്കും, റെയില്‍വേ സ്റ്റേഷനുകളില്‍ കിടക്കും. അങ്ങനെ കറങ്ങിക്കൊണ്ടിരിക്കെ റെയില്‍വേ സ്റ്റേഷനില്‍ ഒരു ദുരനുഭവമുണ്ടായി. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ അതു കണ്ടു. അദ്ദേഹം അടുത്തു വന്നു ചോദിച്ചപ്പോള്‍ ഒരാളെ കാണാന്‍ വന്നതാണെന്നു നുണ പറയുകയാണു ഞാന്‍ ചെയ്തത്. തേനുള്ളിടത്ത് തേനീച്ചകള്‍ വരും എന്നൊരു വാക്ക് അയാള്‍ പറഞ്ഞു. അതുകേട്ടതോടെ ഞാന്‍ നേരെ മുംബൈയില്‍ മദര്‍ തെരേസായുടെ ഒരു ഭവനത്തിലേക്കു ചെന്നു. അവിടെ അവരുടെ കൂടെ കുറച്ചു നാള്‍ ജോലി ചെയ്തു. ധാക്കയിലും മദര്‍ തെരേസായുടെ സിസ്റ്റര്‍മാരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്.

എനിക്കു പറയാനുള്ളത്, ക്രിസ്തുവിനെ അനുഗമിക്കുക എന്നു മാത്രമാണ്. ഈ ഘടനയും ഭൗതികതയുമെല്ലാം കുറയ്ക്കണം. മനുഷ്യരുമായി ഇടപെടാന്‍ നാം കൂടുതല്‍ സ്വതന്ത്രരാകണം.

Q

ഒരുപാടു സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടല്ലോ. താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ വികസനം കൂടുതലുണ്ടോ? കേരള മോഡല്‍ എന്ന അഭിമാനത്തെക്കുറിച്ച് എന്തു പറയുന്നു?

A

ഏതു വികസനം നടത്തുമ്പോഴും അവസാനത്തെ മനുഷ്യനു പ്രയോജനപ്പെടണം എന്നു ഗാന്ധിജി പറഞ്ഞു. ഇവിടെ വിഴിഞ്ഞവും മൂലമ്പിള്ളിയും കരിമണലും ഒക്കെ നോക്കൂ. ഇതൊന്നുമല്ല വികസനം.

Q

സ്ത്രീശാക്തീകരണം കേരളത്തില്‍ എത്രത്തോളം സാധ്യമായിട്ടുണ്ട്?

A

ഇവിടെ വിദ്യാഭ്യാസവും ജോലിയും ഒക്കെയുണ്ട്. പക്ഷേ സ്ത്രീകള്‍ വിമോചിതരാണ് എന്നു പറയാന്‍ കഴിയില്ല. ഇവിടത്തെ പുരുഷന്മാര്‍ അധികവും പുരുഷാധിപത്യമനോഭാവം ഉള്ളവരാണ്. സ്ത്രീ സ്ത്രീയായി പെരുമാറുന്നത് ഇഷ്ടമില്ലാത്തവരാണ് ഭൂരിപക്ഷം പുരുഷന്മാരും.

Q

ജീവിതം മുഴുവന്‍ തെരുവുകളിലും അരികുകളിലും വിളുമ്പുകളിലും സമരവേദികേളിലും ആയിരുന്നല്ലോ. മരണം എങ്ങനെയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? എങ്ങനെ കടന്നു പോകണം?

A

അങ്ങനെ തന്നെ കടന്നുപോകണമെന്നാണ് ആഗ്രഹം. എന്റെ ജീവനു ഭീഷണി ഉണ്ടായിരുന്ന സമയത്ത് അന്നത്തെ രൂപതാ ബിഷപ്പിനു ഞാനെഴുതി, എന്തെങ്കിലും സംഭവിച്ചു ഞാന്‍ മരിക്കുകയാണെങ്കില്‍ എനിക്കൊരു ക്രിസ്ത്യന്‍ മരിച്ചടക്കു തരാന്‍ ബുദ്ധിമുട്ടുകയോ പള്ളിയില്‍ കൊണ്ടുപോകുകയോ വേണ്ട, അവിടെയുള്ള ആളുകള്‍ സൗകര്യപ്പെടുന്നതു പോലെ ചെയ്യട്ടെ എന്ന്. അല്ലെങ്കില്‍ മെഡിക്കല്‍ കോളേജിനു കൊടുക്കട്ടെ. അങ്ങനെ എഴുതിയൊന്നും വച്ചിട്ടില്ലെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org