ആശങ്കയാകുന്ന 'അവനവന്‍ തുരുത്തുകള്‍'!!

ആശങ്കയാകുന്ന 'അവനവന്‍ തുരുത്തുകള്‍'!!
നമുക്ക് നമ്മുടെ നാട്ടില്‍ ജീവിക്കുന്നതിനെ ക്കുറിച്ചു പാഠ്യപദ്ധതി തയ്യാറാക്കണം. നമ്മുടെ ജീവിതസാഹചര്യങ്ങളുടെ ചുവടുപിടിച്ചുതന്നെ 'ന്യൂജെന്‍' പഠന സാധ്യതകളും തൊഴിലിടങ്ങളും ഉണ്ടാകണം. കൈത്തൊഴിലുകള്‍ക്ക് ആധികാരികതയുണ്ടാകണം.

''ഇവിടെ നിന്നിട്ട് എന്തു കാര്യമെന്ന്'' ചോദിക്കുന്ന യുവതയോട് കൃത്യമായതും പ്രോത്സാഹനജനകവുമായ 'പോസിറ്റീവ്' മറുപടി പറയാനും ചൂണ്ടിക്കാണിക്കാനും; വരൂ ഇതാണ് പരിഹാരമെന്ന് ബോധിപ്പിക്കാനും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം. എഴുപത്തഞ്ചു വര്‍ഷത്തെ സ്വാതന്ത്ര്യകഥ അഭിമാനപൂര്‍വ്വം നാം പറയുമ്പോഴും നാം 'ക്വിറ്റ് ഇന്ത്യ' പറഞ്ഞ അധികാരകേന്ദ്രങ്ങളു ടെ 'കൊളോണിയലിസ'ത്തില്‍ അല്ലേ നാം നവതലമുറയെ വേരൂന്നുവാന്‍ പഠിപ്പിക്കുന്നത്? രാജഭരണ രാജ്യങ്ങളില്‍ കഠിനാദ്ധ്വാനത്തിലാണു നമ്മുടെ മക്കള്‍. നമ്മളുടെ മക്കളുടെ കഠിനാദ്ധ്വാനം ഇതര രാജ്യങ്ങളുടെ നിലനില്പിനും പച്ച പിടിക്കലിനും വളര്‍ച്ചയ്ക്കും കാരണമാകുമ്പോഴും; ജനാധിപത്യ ഇന്ത്യ ആള്‍ബലത്തിലും ബുദ്ധി വൈഭവത്തിലും കര്‍മ്മശേഷിയിലും പിന്നോട്ടാകുകയല്ലേ; കാരണം യുവാക്കളുടെ വിദ്യാഭ്യാസവും ജീവിതവീക്ഷണവുമാണ് രാജ്യപുരോഗതിക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നതുതന്നെ!

നമ്മുടെ മക്കള്‍ കൗമാരത്തിലേതന്നെ വീടും നാടും ഒഴിയുകയാണ്; നിസ്സാരമായി കാണരുതാത്ത രൂക്ഷ്മായ പ്രശ്‌നമാണിത്. റാങ്കു ജേതാക്കളും ഉന്നത ബുദ്ധി വൈഭവമുള്ളവരും ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഔന്നത്യം പുലര്‍ത്തേണ്ടവരും, കലാകാരന്മാരും, കൈത്തൊഴില്‍ വിദ്വാന്മാരും ഉന്നത കാര്‍ഷികബോധമുള്ളവരും... തുടങ്ങി നാടിന്റെ 'തലച്ചോര്‍' ശോഷിക്കുകയാണ് അഥവാ വിദേശ പുരോഗതിയുടെ നെടുനായകത്വം വഹിക്കാന്‍ നാടുവിടുകയാണ്. പി ആര്‍ ഉം മക്കളും മക്കളുടെ മക്കളുമൊക്കെയായി ഒരു 'ഭാരതീയ വേരുള്ള'വരായി ഇനിയൊരു മടങ്ങി വരവില്ലാതാക്കി അവിടെ 'പൗരത്വം' നേടും! നാട്ടില്‍ ശേഷിക്കുന്നവരുടെ മൃതസംസ്‌കാരത്തിന് പ്രവാസികള്‍ എത്തിയാല്‍ ഭാഗ്യം അത്രതന്നെ.

ഇന്ന് വായ്പകളുടെ 'വാഗ്ദാന'പ്പെരുമയുള്ള കാലമാണ്. അതുകൊണ്ടുതന്നെ നാമൊക്കെ ഇല്ലാത്ത കാര്യങ്ങളില്‍ വല്ലാത്ത ജീവിതം നയിക്കുന്നവരാകുന്നു. സമ്പന്നരും ദരിദ്രരൊന്നുമില്ലാത്ത ഒരു 'തുല്യത' സൃഷ്ടിക്കുന്നതില്‍ വായ്പകള്‍ നല്ലൊരു പങ്കുവഹിക്കുന്നു. ഈ നാളുകളില്‍ ഓരോ ബാങ്കുകളിലും വായ്പയ്ക്കായി എത്തുന്നവുടെ എണ്ണം കൂടുകയുമാണ്; മിക്കവരുമെത്തന്നത് വീടും പറമ്പും പണയംവച്ച് പണമെടുത്ത് മക്കളെ വിദേശത്തയയ്ക്കുവാന്‍ വേണ്ടിയാണെന്നത് 'പ്രസംഗതൊഴിലാളി'കളൊക്കെ അറിയണം. കേരളത്തിന്റെ ജനസംഖ്യയില്‍ 'അതിഥിത്തൊഴിലാളി'കളുടെ ശതമാനം കുതിച്ചുയരുകയാണ്; നമ്മുടെ സംസ്‌കാരവും സംസ്‌കൃതിയും പൈതൃകവും ഭാഷയുടെ നൈപുണ്യവും മണ്ണടിയുകയാണോ? മലയാള ഭാഷ എഴുതാനും വായിക്കാനും തിരുത്താനുമൊക്കെ അറിയുന്നവരില്ലാതെയാകുന്നു. പഠനവും പരിശീലനവും അന്യദേശത്തേക്ക് ഉതകുന്ന തരത്തിലാകുന്നതിലെ ഭരണകര്‍ത്താക്കളുടെ നിസ്സംഗതയും വിലയിരുത്തപ്പെടണം.

ഭൂപ്രകൃതിയിലും വിഭവ സമൃദ്ധിയിലും വിഭവ വൈവിധ്യത്തിലും സര്‍വ്വോപരി പ്രകൃതി സൗന്ദര്യത്തിലും മലയാളിയുടെ ബുദ്ധി വൈഭവത്തിലും നാം മുന്നിട്ടു നിന്നിരുന്നു; തരിശിടങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ നമ്മുടെ ആസൂത്രണ പിഴവുകള്‍ ഇല്ലേ? നമ്മുടെ മനസ്സിടങ്ങളില്‍ 'തരിശു' ചിന്തകളും ഏറിയില്ലേ?! പണമേറെ ആഗ്രഹിക്കുമ്പോഴും പണിയെടുക്കാന്‍ മടിയുള്ള മലയാളി ഏറെ 'കുപ്രസിദ്ധി' നേടുന്നുമുണ്ട്. പഠനങ്ങള്‍ ചിലവേറിയതും സങ്കീര്‍ണ്ണവും മനസ്സിനെ മടുപ്പിക്കുന്ന തരത്തിലും ഭാരമേറിയതുമാകുമ്പോള്‍ വിദേശത്തെ വിദ്യാഭ്യാസം ലളിതവും ജീവിതം പഠിപ്പിക്കുന്നതുമാണ്; ഒപ്പം ഇഷ്ടങ്ങളുടെ മേഖലയില്‍ തുറവിയോടെയും താത്പര്യത്തോടെയും ജോലി ചെയ്യാനുമാകുന്നു.

മാതാപിതാക്കള്‍ യുവാക്കളായിരിക്കുമ്പോള്‍ മക്കളെയെല്ലാം പലവിധത്തില്‍ വിദേശത്താക്കും. മക്കള്‍ 'ഫോറിനിലാ' എന്നു പറയുന്നതിലെ ഒരു തലയെടുപ്പ് ആസ്വദിച്ച് വല്ലപ്പോഴുമൊക്കെ 'മക്കളുടെ നാട്ടില്‍' ഒന്നടിച്ചു പൊളിച്ച് ജീവിതമൊക്കെ ആഹ്‌ളാദഭരിതമായി വരുമ്പോഴായിരിക്കും 'വാര്‍ദ്ധക്യമെന്നൊരു സന്ധ്യ' നമ്മിലേക്കും വന്നടുക്കുന്നത്. പിന്നെ ഒരു അന്ധാളിപ്പ്... നെടുവീര്‍പ്പ്... വയസ്സായവര്‍ പായയിലും ആയയും നായയും കൂട്ടിനുമെന്ന അവസ്ഥയും!

തിരിച്ചുപോകണം പോയേ തീരൂ!! സ്വതന്ത്രഭാരതം രാജ്യമായി നിലകൊള്ളുമ്പോള്‍ ഭാരതമക്കളൊക്കെ എവിടെയൊക്കെയോ ചില 'അടിമത്ത'ങ്ങളിലാണ്. ജനിക്കുമ്പോഴേ അന്യഭാഷയില്‍ പരിശീലനം തുടങ്ങുകയാണ്; ഏറിയാല്‍ പ്ലസ് ടു... കുടുംബങ്ങള്‍ അനാഥമാകുന്നതിലും മക്കളുടെ എണ്ണത്തിലും സാന്നിധ്യത്തിലും കൂടുതല്‍ പ്രശ്‌നം നേരിടുന്നത് ക്രൈസ്തവരും, മധ്യകേരളത്തിലുള്ളവരുമാണെന്നതും പഠനവിഷയമാക്കേണ്ടതാണ്.

നമുക്ക് നമ്മുടെ നാട്ടില്‍ ജീവക്കുന്നതിനെക്കുറിച്ചു പാഠ്യപദ്ധതി തയ്യാറാക്കണം. നമ്മുടെ ജീവിതസാഹചര്യങ്ങളുടെ ചുവടുപിടിച്ചുതന്നെ 'ന്യൂജെന്‍' പഠന സാധ്യതകളും തൊഴിലിടങ്ങളും ഉണ്ടാകണം. കൈത്തൊഴിലുകള്‍ക്ക് ആധികാരികതയുണ്ടാകണം. കാര്‍ഷിക വിളകളുടെ സമൃദ്ധിയെ മൂല്യവര്‍ദ്ധിത വിഭവ ശ്രേണിയിലേക്ക് വളര്‍ത്തി തൊഴിലവസരങ്ങളും വിദേശ നാണ്യശേഖരവും കണ്ടെത്തണം; സാമ്പത്തിക സു സ്ഥിരത വരുംതലമുറയ്ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ സാമ്പത്തികാസൂത്രണം ഉണ്ടാകണം. ''ശമ്പളത്തിനൊത്ത പഠനച്ചെലവ്'' ശ്രദ്ധയര്‍ഹിക്കേണ്ട കാര്യമാണ്. ''മക്കളെയിവിടെ എങ്ങനെ പഠിപ്പിക്കും, പഠിപ്പിക്കാനുതകുന്ന സമ്പാദ്യം എങ്ങനെയുണ്ടാകും; കടമെടുത്തു പഠിപ്പിച്ചാലും കടം വീട്ടാനാകുന്ന തൊഴിലിവിടെയുണ്ടോ?'' ഇത് ഇന്നത്തെ യുവാക്കളുടെ ദീര്‍ഘവീക്ഷണമാണ്. ''എളുപ്പത്തില്‍ കയറിപ്പറ്റാവുന്നതും വിഷമിച്ചു രക്ഷപ്പെടാവുന്നതുമായ ഒരു കുടുക്കാണ് കടം'' എന്നു മറക്കരുത്.

നമ്മുടെ ഭാവിതലമുറയെ ഇവിടെ പിടിച്ചു നിര്‍ത്തുവാന്‍ തക്ക കര്‍മ്മപദ്ധതികള്‍ ഭരണ പരിഷ്‌ക്കാരക്കാര്‍ പടുത്തുയര്‍ത്തണം. സൗജന്യങ്ങളൊക്ക നിര്‍ത്തി അര്‍ഹിക്കുന്നവരെ അര്‍ഹിക്കുന്ന രീതിയില്‍ കാണുവാനുള്ള ജനാധിപത്യം വളരണം. അഴിമതിയും സമരങ്ങളും കൊടികുത്തിപൂട്ടിക്കലും രാഷ്ട്രീയപോരാട്ടങ്ങളും നിര്‍ത്തണം. ആര്‍ഭാട ജീവിതങ്ങളുടെ ദുരവസ്ഥ പഠനകാലത്തുതന്നെ മക്കളെ ബോധ്യപ്പെടുത്തണം. പോഷായിട്ടു ജീവിക്കുന്നതിനെക്കാള്‍ കൂട്ടായ്മയില്‍ സന്തോഷമായിട്ടു ജീവിക്കുന്നതിനെക്കുറിച്ചും നാടിന്റെയും വീടിന്റെയും ബന്ധുമിത്രാദികളുടേയും മൂല്യം അവര്‍ണ്ണനീയമാണെന്നും കാത്തുസൂക്ഷിക്കണമെന്നും മക്കളെ ബോധ്യപ്പെടുത്തണം. എല്ലാവരും വിദേശത്താണെന്ന് പറയുന്നതിനെക്കാള്‍ എല്ലാവരും ഒപ്പമുണ്ടെന്ന് പറയുന്നതിലെ ബലവും ഊര്‍ജ്ജവും പുരോഗതിയും നാം തിരിച്ചറിഞ്ഞ് നാട്ടില്‍ തൊഴിലവസരങ്ങളും മാന്യമായ ശമ്പളവും വിലക്കയറ്റത്തിന്റെ പിടിയിലമരാത്ത വിപണികളുമുണ്ടാക്കണം.

നമ്മുടെ ബന്ധങ്ങള്‍ക്ക് 'ബ ഫര്‍സോണുകള്‍' നഷ്ടമായിരിക്കുന്നു; എല്ലാത്തിലും 'മണിസോണുകള്‍' സ്ഥാനം പിടിച്ചിരിക്കുന്നു. വൃദ്ധമന്ദിരങ്ങളും അഗതിമന്ദിരങ്ങളും പകല്‍ വീടുകളും ശാന്തിതീരങ്ങളുമൊക്കെയായി ബന്ധങ്ങള്‍ക്ക് പടിയിറക്കമായിരിക്കുന്നു. കരുതണം; ജാഗ്രതയുണ്ടാകണം; നാളെയുടെ തലമുറയുടെ ഹ്യൂമന്‍ സോഴ്‌സും, ബ്രെയിന്‍ സോഴ്‌സും, ടാലന്റ് സോഴ്‌സും, നാടിനുവേണ്ടി ഉപയുക്തമാക്കാനുള്ള കര്‍മ്മ പരിപാടിയില്‍ നേതാക്കളും ഇതര ബുദ്ധി രാക്ഷസരും മുന്നിട്ടിറങ്ങിയേ തീരൂ! ഒരു കരണവശാലും നാളെയുടെ തലമുറ വിദേശ 'പി.ആര്‍'നായി ശ്രമിക്കാന്‍ ഇടയാകരുത്. നാടിന്റെ മക്കള്‍ നാട്ടില്‍ ജീവിച്ച് നാടിനും വീടിനും വീട്ടുകാര്‍ക്കും ശക്തിയും പ്രചോദനവുമാകട്ടെ!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org