നമുക്കീ യുദ്ധം വേണോ?
ഫാ. മനേഷ് ജെറാള്‍ഡ് എസ് ജെ
സമീക്ഷ, കാലടി
ഓരോ യുദ്ധവും അവസാനിക്കുമ്പോള്‍, യുദ്ധക്കെടുതികളിലൂടെയുള്ള യാത്രയില്‍, നമ്മുടെ നുറുങ്ങിയ ഹൃദയത്തിന്റെ വ്യഥ കണ്ടു, മനസ്സില്‍ പ്രതിഫലിക്കുന്ന ബുദ്ധിയുടെ വിചിന്തനം ആയി ഉദിക്കുന്ന ചോദ്യമാണ്, നമുക്കീ യുദ്ധം വേണോ എന്നത്.
മറ്റൊരു മണിപ്പൂര്‍ പോലെ, അന്താരാഷ്ട്രതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി, ഓരോരുത്തരും തങ്ങളുടെ ശക്തിവൈഭവം തന്ത്രങ്ങളിലൂടെ പയറ്റി തെളിയിക്കുമ്പോള്‍ ഒരു ചാര കൂമ്പാരമായി, കൂട്ടിയാലും കൂടാത്ത ഓര്‍മ്മയായി, തോര്‍ന്നിട്ടും തോരാത്ത ദുഃഖമായി, കാണുമ്പോഴും, കേള്‍ക്കുമ്പോഴും, ചിന്തിക്കുമ്പോഴും ആളുന്ന വേദനയായി ഗാസ മാറിയിരിക്കുന്നു.
കണക്കുകൂട്ടലുകള്‍ പിഴയ്ക്കാതെ നാം ഒരുപക്ഷെ പറഞ്ഞേക്കാം 15/10/2025 വരെ ഗാസയില്‍ മരിച്ചവര്‍ 67,139 എന്നും, ഇസ്രായേല്‍ രാഷ്ട്രത്തിനു നഷ്ടപ്പെട്ടവര്‍ 2291 പേര്‍ എന്നും. പക്ഷെ നഷ്ടപ്പെട്ടത് ജീവനാണ്, പലര്‍ക്കും ജീവന്‍ നല്‍കുന്ന കണ്ണികളാണ്.
യുദ്ധത്തിന്റെ കെടുതികളില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നതും പരാമര്‍ശിക്കപ്പെടുന്നതും കുഞ്ഞുങ്ങളും, വിധവകളും, ജീവനുള്ള മാംസപിണ്ഡങ്ങളും ആണ്. ഇവര്‍ നമ്മുടെ മനഃസാക്ഷിയിലൂടെ ചോദിക്കുന്നുണ്ട്, നിങ്ങള്‍ ഞങ്ങള്‍ക്ക് വെള്ളവും അന്നവും തന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് അമ്മയെയും പെങ്ങളെയും അനുജനെയും ചേട്ടന്മാരെയും, സ്‌നേഹിക്കാനും, വളരാനും, വളര്‍ത്താനും ഒരു സമൂഹത്തെയും അധിവസിക്കാന്‍ പാര്‍പ്പിടങ്ങളും തന്നു. ഇന്നിതാ നിങ്ങള്‍ തന്നെ ഇവ എല്ലാം ഞങ്ങള്‍ക്ക് നിഷേധിച്ചിരിക്കുന്നു. ഞങ്ങളില്‍ എന്ത് കണ്ടിട്ടാണ് ഇവ എല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്, നിങ്ങളും ഞങ്ങള്‍ തന്നെ എന്ന ഉള്‍ബോധം, പൊട്ടിമുളച്ചതുകൊണ്ടോ?
എന്നാല്‍ ഞങ്ങളില്‍ എന്ത് കണ്ടിട്ടാണ് ഞങ്ങള്‍ക്ക് ഉള്ളതെല്ലാം നിങ്ങള്‍ നഷ്ടപ്പെടുത്തിയത്? ഞങ്ങള്‍ വളരുവാന്‍ നിങ്ങള്‍ പങ്കുവച്ച നിങ്ങളുടെ പ്രേമശക്തി, നിങ്ങളില്‍ ചോര്‍ന്നുപോയിട്ടോ, അതോ ഞങ്ങള്‍ക്കുള്ളിലെ പ്രേമശക്തി കാണാന്‍ കഴിയാത്തവിധം നിങ്ങള്‍ അന്ധരായിട്ടോ? അങ്ങനെ ആണേല്‍ ഗാസയോടൊപ്പം ലോക മനഃസാക്ഷിയേ, ലോക നീതി ബോധമേ നിങ്ങളും ക്ഷയിക്കേണ്ടതായിരുന്നില്ലേ. എന്തേ, നിങ്ങളത് ആദ്യം ചെയ്തില്ല? കാരണം ജീവന്‍ അമൂല്യം ആണ്, എന്ന ബോധം സ്വാര്‍ത്ഥമായെങ്കിലും നിങ്ങളില്‍ ഉണ്ടായിരുന്നതുകൊണ്ട്, അല്ലേ? ജീവന്‍ അപഹരിക്കുവാന്‍ ആര്‍ക്കും അവകാശം ഇല്ല. ഈ ജീവന് എല്ലാ തിന്മകളെയുംകാള്‍ മൂല്യമുണ്ട്. അത് പ്രകാശം ആണ്. പ്രകാശം ദൈവം ആണ്. അതിനാല്‍ സൃഷ്ടിയില്‍ ജീവന്‍, ദൈവം ആയ പ്രകാശത്തിന്റേത് ആണ്. പ്രകാശം അന്ധകാരം അകറ്റുന്നു.
നമ്മുടെ മനസ്സിന്റെ ഇരുട്ടറകളിലാണ് യുദ്ധസന്നാഹങ്ങള്‍ തുടങ്ങുന്നത്. അത് എവിടെയും എപ്പോഴും പൊട്ടിപുറപ്പെടാം. പക്ഷെ, നമുക്കീ യുദ്ധം വേണോ? നമ്മിലെ പ്രകാശം ഇരുളാകാതിരിക്കട്ടെ (ലൂക്കാ 11:35).
ആപത്തുകാലത്തു നമ്മളിലുള്ള ഈ ദൈവിക പ്രകാശത്തെ ആളിക്കത്തിക്കുക യാണു വേണ്ടത്. അപ്പോള്‍ നിങ്ങള്‍ക്കും ഞങ്ങളിലെ ആ ദൈവിക പ്രകാശത്തെ കാണാന്‍ കഴിയുമായിരുന്നു.
ഇനിയെങ്കിലും നമുക്കുണരാം. തിന്മയെ നന്മകൊണ്ട് കീഴടക്കുവിന്‍ (റോമാ 12:21) എന്ന് സ്വജീവന്‍ കൊണ്ടും, പീഡാസഹനം കൊണ്ടും, മരണം കൊണ്ടും, ഉയിര്‍പ്പു കൊണ്ടും, നമുക്ക് കാണിച്ചു തന്ന, യേശുവിന്റെ നമ്മുടെ സ്വര്‍ഗീയ പിതാവിന്റെ സംസ്‌കാരത്തിലേക്ക് (മത്തായി 5:45-48) നമുക്ക് ഉണരാം, വളരാം.
ആയതിനാല്‍ നമുക്ക് പ്രകാശത്തില്‍ വസിച്ചുകൊണ്ടു പ്രകാശത്തിന്റെ ഫലം പുറപ്പെടുവിക്കുന്നവരാകാം. കാരണം, നാം ലോകത്തിന്റെ പ്രകാശം ആകുന്നു (മത്തായി 5:14). മനുഷ്യരെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ അഭിലാഷവും ഇതാണ് 'മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടു, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (മത്തായി 5:16). ഇത് സാധ്യമാകണമെങ്കില്‍ നാം നമ്മുടെ ജീവനെ, മനുഷ്യത്വത്തെ, മനുഷ്യ പ്രകൃതിയെ, ക്രിസ്തുവിലൂടെ കാണണം, ആഴത്തില്‍ അറിയണം, ഈ മാനുഷികപ്രകൃതിയിലെ, ക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട ദൈവികമായ സ്വഭാവത്തില്‍ വസിക്കണം. ഈ സ്വഭാവത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന സ്വര്‍ഗസ്ഥനായ പിതാവിന്റെ മഹത്വത്തെ നമുക്ക് നമ്മുടെ ചുറ്റിലും ഉള്ള എല്ലാവരിലും, പ്രത്യേകിച്ച് ഏറ്റവും എളിയവരിലും, നമ്മോടു ശത്രുത പുലര്‍ത്തുന്നവരിലും കണ്ടു അവരെ നാം പ്രകാശത്തില്‍ നിന്നുള്ള പ്രകാശമായി സേവിക്കുമ്പോഴാണ്, നാം വിശ്വാസത്തില്‍ ഉറയ്ക്കുന്നവരും, സാക്ഷികള്‍ ആകുന്നതും.
നാമാകുന്ന പ്രകാശത്തിലേക്ക് നോക്കാന്‍ നമുക്ക് ആദ്യം നമ്മോടു തന്നെ സ്‌നേഹവും, ധൈര്യവും കാണിക്കാം. നമ്മിലെ പ്രകാശം കാണാനുള്ള തുറവി നമുക്ക് കാണിക്കാം. നമ്മിലെ തന്നെ പ്രകാശം നാം കാണുവോളം, നമ്മിലൂടെ അപരനിലെ പ്രകാശം നാം കാണുവോളം, അപ്രകാരം നമ്മിലെ പ്രകാശത്തിലൂടെ അപരനിലെ പ്രകാശവും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുംവരെ നമുക്ക് നമ്മിലെ പ്രകാശത്തെ തേടാം. അപ്പോള്‍ നമ്മിലെ അന്ധകാരം ഇല്ലാതാകും.
പ്രകാശം എന്നത് നമ്മിലെ സല്‍ഗുണ സമ്പന്നമായ ജീവനും (യോഹന്നാന്‍ 1:4), ജീവനെ പരിപാലിക്കുന്ന ഊര്‍ജപ്രവാഹവും, ഈ ഊര്‍ജത്തിന്റെ ഉറവിടവും ആകുന്നു. ഈ ജീവനിലേക്ക് നമ്മുടെ ബോധം ഉണര്‍ന്നു നാം സ്ഥിതപ്രജ്ഞരാകുമ്പോള്‍, നമ്മുടെ ചിന്തയും, വാക്കും, പ്രവൃത്തിയും ജീവോന്മുഖം ആകുന്നു. ഇത്തരത്തില്‍ ജീവോന്മുഖതയുള്ള വ്യക്തികളും, സമൂഹവും ജീവനെ പരിപാലിക്കുന്നു, സംരക്ഷിക്കുന്നു,
ജീവന്‍ എന്നത് ദൈവം ആകുന്നു. ജീവന്‍, ദൈവത്തില്‍, നാം ഓരോരുത്തരും ആകുന്നു. അതിനാല്‍ ജീവനെ പരിപാലിക്കുന്നവന്‍ സൃഷ്ടിയില്‍ ദൈവത്തിന്റെ മഹത്വത്തിന്റെ സാന്നിധ്യമാണ്, സേവകരാണ്. ഈ ജീവന്റെ പൂര്‍ണ്ണതയിലേക്കാണ് നാം വിളിക്കപ്പെടുന്നത്. കാരണം നാം ഈ ജീവനാകുന്ന പ്രകാശത്തിന്റെ മക്കളാണ് (1 തെസലോനിക്ക 5:5).
ക്രൈസ്തവവിശ്വാസം ലോകത്തില്‍ പ്രകാശിക്കുന്നത്, നമ്മുടെ മനുഷ്യപ്രകൃതിയിലെ ഈശ്വര മഹത്വത്തെ മനുഷ്യനായി കണ്ടുതന്നെ, വര്‍ഗ, വേഷ, ഭാഷ, മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി ഓരോ മനുഷ്യനിലും സേവിക്കുന്നതിലൂടെ ആണ്.
ഈ ഉള്‍ക്കാഴ്ചയും അയല്‍ കാഴ്ചയും നല്‍കുന്നത് യേശു തന്നെയാണ്. ക്രിസ്തുവിലൂടെ ലോകത്തില്‍ വെളിവാക്കപ്പെട്ട ദൈവത്തിന്റെ മനുഷ്യ സ്‌നേഹം. ആയതിനാല്‍ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ യേശുക്രിസ്തുവിന്റ മനുഷ്യാവതാരം, മനുഷ്യരായ നമ്മുടെ മനുഷ്യ പ്രകൃതിയില്‍ വളരെ പ്രാമുഖ്യത്തോടെ നാം അറിയേണ്ടതും ജീവിക്കേണ്ടതും ആണ്. ക്രിസ്തുവിലൂടെ സമ്പൂര്‍ണ്ണമാക്കപ്പെട്ട ദൈവ സ്‌നേഹത്തിന്റെ പരസ്യമായ രഹസ്യം നമ്മില്‍ നാം, ഓരോരുത്തരിലൂടെയും, പൂര്‍ത്തീകരിക്കേണ്ടതാണ്. ഇതിലാണ് നാം നമ്മുടെയും അപരരുടെയും സമ്പന്നത തിരിച്ചറിയുന്നതും ജീവിക്കുന്നതും പരിപോഷിപ്പിക്കുന്നതും. ഇതിലാണ് യഥാര്‍ഥ പരമ്പരയും പാരമ്പര്യവും കുടികൊള്ളുന്നത്. ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നതും ഇത്തരത്തില്‍ ജീവിക്കാനാണ്, ''ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും'' (യോഹന്നാന്‍ 13:34-35).
നാമാകുന്ന പ്രകാശത്തിലേക്ക് നോക്കാന്‍ നമുക്ക് ആദ്യം നമ്മോടു തന്നെ സ്‌നേഹവും ധൈര്യവും കാണിക്കാം. നമ്മിലെ പ്രകാശം കാണാനുള്ള തുറവി നമുക്ക് കാണിക്കാം. നമ്മിലെ തന്നെ പ്രകാശം നാം കാണുവോളം, നമ്മിലൂടെ അപരനിലെ പ്രകാശം നാം കാണുവോളം, അപ്രകാരം നമ്മിലെ പ്രകാശത്തിലൂടെ അപരനിലെ പ്രകാശവും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുംവരെ നമുക്ക് നമ്മിലെ പ്രകാശത്തെ തേടാം. അപ്പോള്‍ നമ്മിലെ അന്ധകാരം ഇല്ലാതാകും. നാം മനുഷ്യരാകും, ദൈവമക്കള്‍ എന്ന് വിളിക്കപ്പെടും, ക്രിസ്തുവിന്റെ സ്‌നേഹിതരും, ഭൂമിയില്‍ ആയിരിക്കുമ്പോള്‍ തന്നെ ദൈവരാജ്യത്തിന്റെ കൂട്ടവകാശികളും ആകും. എല്ലാത്തിനും ഉപരിയായി അത്യുന്നതങ്ങളില്‍ ദൈവം മഹത്വപ്പെടും, ഭൂമി സന്മനസ്സുകള്‍ കൊണ്ട് നിറയും. അങ്ങനെ യുദ്ധങ്ങള്‍ ഇല്ലാതാകട്ടെ.
നമ്മുടെ മനസ്സിന്റെ ഇരുട്ടറകളിലാണ് യുദ്ധസന്നാഹങ്ങള്‍ തുടങ്ങുന്നത്. അത് എവിടെയും എപ്പോഴും പൊട്ടിപുറപ്പെടാം. പക്ഷെ, നമുക്കീ യുദ്ധം വേണോ? നമ്മിലെ പ്രകാശം ഇരുളാകാതിരിക്കട്ടെ (ലൂക്കാ 11:35).
maneshsj@gmail.com