യുദ്ധങ്ങളും കണ്ണീര്‍ക്കലക്കങ്ങളും ഭരണകൂട നെറികേടുകളും

യുദ്ധങ്ങളും കണ്ണീര്‍ക്കലക്കങ്ങളും ഭരണകൂട നെറികേടുകളും
യുദ്ധമുഖത്തുനിന്നും ഉയരുന്ന നിലവിളികളും അലര്‍ച്ചകളും ആകാശങ്ങള്‍ക്കും ഭൂമിക്കുമപ്പുറം മഹാ അലര്‍ച്ചയായി പരിണമിക്കുമ്പോള്‍ സ്‌നേഹവാത്സല്യങ്ങളോടെ ചരിത്രം തന്റെ നെഞ്ചകങ്ങളില്‍ ഒതുക്കിക്കൂട്ടുന്നു, നാളേക്കുള്ള പഠനോപഹാരങ്ങളായി അവയെല്ലാം.

നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റ് അതിന്റെ കൊടും നീറ്റലില്‍ ദേഹത്തുരുമിച്ചേര്‍ന്ന മേല്‍വസ്ത്രം ഊരിയെറിഞ്ഞുകൊണ്ട് വിയറ്റ്‌നാം തെരുവിന്റെ അനിശ്ചിതത്വത്തിലൂടെ അലറി വിളിച്ചോടുന്ന ആ ഒമ്പതു വയസ്സുകാരിയുടെ ചിത്രം ആത്മാ വു കൈമോശം വരാത്ത ആരുടെ ആന്തരികതയിലാവും മറ്റൊരു പൊള്ളലും നീറ്റലും ഏല്പിക്കാ ത്തത്? 1954 മുതല്‍ 1976 വരെ നീണ്ടു നീണ്ടുപോയ വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത വിളിച്ചറിയിച്ചുകൊണ്ട്, കിം പുക് ഓടിയ ഓട്ടത്തിന്റെ ചിത്രം നിക് ഉട്ട് തന്റെ ക്യാമറയില്‍ പകര്‍ത്തി ലോകമനഃസാക്ഷിക്കു മുന്നില്‍ ഇട്ടുകൊടുക്കുമ്പോള്‍ യുദ്ധം എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്നൊരു ചോദ്യം ഉരുത്തിരിയുന്നുവോ? ഇന്ന് കിം പുക് പഴയ സംഭവങ്ങളുടെ ഓര്‍മ്മകളുടെ ഭാരിച്ച നടുക്കവും മരവിപ്പും പേറി ഡോക്ടറായി ജീവിതത്തെ മുന്നോട്ടെടുക്കുമ്പോള്‍ ഭരണകൂടങ്ങള്‍ യാ തൊരു കാരുണ്യലേശവുമേശാ തെ ആയുധങ്ങളുടെ മെഗാ ടണ്ണുകള്‍ കൊണ്ട് അഭിരമിച്ചങ്ങനെ കഴിഞ്ഞുകൂടുകയാണ്.

നിക് ഉട്ടിന്റെ ഫോട്ടോ ഗ്രാഫി ആഗോള തലത്തില്‍ യുദ്ധത്തിനെതിരെ കനത്ത പ്രതിഷേധത്തിന്റെ ഒച്ചവച്ചുണരാന്‍ സാധ്യതയേറ്റി. യുദ്ധം എന്ന ദ്വയാക്ഷരി കൊളുത്തിയ തീരാഭ്രാന്തിന്റേയും, ദേശീയ അപസ്മാരത്തിന്റെയും അതിസൂക്ഷ്മതയായി ആ ചിത്രം ഒടുങ്ങാ വ്യസനമാകുമ്പോള്‍ ആ യുദ്ധത്തിനുമുന്നേ രണ്ടെണ്ണം ലോകമഹായുദ്ധങ്ങളായി തീര്‍ന്നു കഴിഞ്ഞിരുന്നു.

ആര്‍ക്കെതിരെയാണ് യുദ്ധങ്ങളുടെ വരവും പോക്കും. മനുഷ്യന്‍ മനുഷ്യനെതിരെ... ചോര ചോരയ്‌ക്കെതിരെ... യുദ്ധമുഖത്തുനിന്നും ഉയരുന്ന നിലവിളികളും അലര്‍ച്ചകളും ആകാശങ്ങള്‍ക്കും ഭൂമിക്കുമപ്പുറം മഹാ അലര്‍ച്ചയായി പരിണമിക്കുമ്പോള്‍ സ്‌നേഹവാത്സല്യങ്ങളോടെ ചരിത്രം തന്റെ നെഞ്ചകങ്ങളില്‍ ഒതുക്കിക്കൂട്ടുന്നു, നാളേക്കുള്ള പഠനോപഹാരങ്ങളായി അവയെല്ലാം.

അമേരിക്കന്‍ സൈന്യത്തിനു മുമ്പൊരിക്കലും നേരിടാനാവാത്ത പരാജയവുമായി 1975 ഏപ്രിലിന്റെ ഒരു തണുത്ത കാലത്ത് വടക്കന്‍ വിയറ്റ്‌നാമിന്റെ സൈന്യം തെ ക്കന്‍ വിയറ്റ്‌നാമിന്റെ തലസ്ഥാനം പിടിച്ചടക്കിയതോടെ അതീവ നിന്ദ്യമായി നീണ്ടകാലം കോരിച്ചൊരിഞ്ഞ പോരാട്ടം തീര്‍ന്നിരന്നു.

55,000 ത്തോളം അമേരിക്കന്‍ സൈനികരും അതിലേറെ വിയറ്റ് നാംകാരും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. വിയറ്റ്‌നാമിന്റെ മണ്ണിന്‍പ്രതലം രക്തനനവിന്റെയും കണ്ണീരുപ്പിന്റെയും അക്ഷാംശരേഖാംശങ്ങളാവുമ്പോള്‍ സത്യത്തില്‍ അമേരിക്കയുടെ ആള്‍ബലവും ആയുധബലവും അധികാരബലവും പരാജയത്തിന്റെ ഗുണനങ്ങളായിരുന്നു.

ബോംബിംഗ് കൂടാതെ എന്തെ ന്തു രാസായുധങ്ങളും മാരക സസ്യനാശിനിയായ ഏജന്റ് ഓറ ഞ്ചും മറ്റും വിയറ്റ്‌നാം കാടുകളു ടെ ജൈവികതയെ ഊഷരമാക്കി യപ്പോള്‍ വിയ്റ്റ്‌നാമിന്റെ മണ്ണും സാമ്പത്തിക ഘടനയും താറുമാറായിക്കഴിഞ്ഞിരുന്നു. കാലം അതിന്റെ യാത്രയെ മുന്നോട്ടെടുക്കവെ 'ചിതയില്‍ നിന്നു ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും ചിറകുകള്‍ പൂപോല്‍ വിടര്‍ന്നെഴുന്നേല്ക്കും' എന്ന ഫിനിക്‌സ് പക്ഷിയെപ്പോലെ ആ രാജ്യം ഉയര്‍ത്തെഴുന്നേറ്റു. ആണവായുധമേറ്റ് കത്തിച്ചാമ്പലായ ഹിരോഷിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പുപോലെ തന്നെ.

'ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ലല്ലോ സഖേ' എന്ന് ഒച്ചവയ്ക്കാന്‍ ആരുമില്ലാതായല്ലോ! അഥവാ, അങ്ങനെ ഒന്നുണ്ടായാല്‍ ആരാണ് കേള്‍വി കൊടുക്കുക. യുദ്ധം നേട്ടങ്ങളുടെ ഗ്രാഫുകള്‍ ഉയര്‍ത്തിക്കാണിച്ചാല്‍, നത്തിംഗ്... വെറും നത്തിംഗ്. തങ്ങള്‍ ജയിച്ചു എന്ന് ആരാണാവോ അഭിമാനോജ്ജ്വലമാകുന്നത്, അതിന്റെ അരിത്തമറ്റിക്കില്‍ പരാജയങ്ങളുടെ മഹാടണ്ണുകളല്ലാതെ മറ്റെന്ത്? കഷ്ടനഷ്ടങ്ങളുടെയും ദയാരഹിതങ്ങളുടെയും വിശപ്പുകളുടെയും മുറിവിന്‍ നോവുകളുടെയും നിസ്സഹായതകളുടെയും ശബ്ദം കൊട്ടിയടക്കപ്പെട്ട മൗനസഞ്ചാരങ്ങള്‍ അല്ലാതെ മറ്റൊന്നുമേയല്ല.

റിപ്പബഌക്ക് ഓഫ് വിയറ്റ്‌നാമിനെ തെക്കന്‍ വിയറ്റ്‌നാം എന്നും വടക്കന്‍ വിയറ്റ്‌നാം എന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കുന്നതിനെ ച്ചൊല്ലിയുള്ള ആഭ്യന്തര യുദ്ധത്തില്‍ നിന്നുമാണ് ഒരു വിയറ്റ്‌നാം യുദ്ധം ആരംഭിച്ചത്. അമേരിക്കന്‍ ആധികാരികതയുടെ കടന്നുകയറ്റം മൂലം ആ യുദ്ധം രണ്ടു ദശാബ്ദക്കാലത്തിനപ്പുറത്തേക്ക് (22 വര്‍ഷം) നീണ്ടു നില്‍ക്കുമ്പോള്‍ ഏറ്റവും അധികം കാലം നീണ്ടുനിന്ന ഒരു യുദ്ധമായി അത് സംത്രാസപ്പെടുന്നു. തുടക്കം കുറിച്ചാല്‍ അന്ത്യപ്പെടാന്‍ പാടുപെടുന്നതും, അന്ത്യം കണ്ടുകഴിഞ്ഞാല്‍ പിന്നെയും അങ്ങുമിങ്ങുമായി തുടങ്ങാന്‍ കൊതിച്ചുകിടക്കുന്നതുമായ യുദ്ധം സാധാരണ മനസ്സുകളുടേതോ, പടച്ചട്ടയണിഞ്ഞ യോദ്ധാക്കളുടെയോ അകങ്ങളിലെ വൈകാരികാധിക്യമൊന്നുമല്ല. ഭരണകൂടങ്ങളുടെ തികച്ചും അന്ധമായ ദേശീയതയും മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ളതീവ്രമായ ആഗ്രഹവും പിന്നെപ്പിന്നെ അഹന്താസ്‌ഫോടനങ്ങളും, സാമ്രാജ്യസ്ഥാപനത്തിനുള്ള അതിമോഹവും യുദ്ധങ്ങളുടെ പിന്നാമ്പുറങ്ങളില്‍ തിങ്ങിവിങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധം ചെയ്തിട്ടുവേണമല്ലോ രാജ്യസ്‌നേഹത്തിന് ഈടുവയ്പാകാനും സൈന്യത്തിനു കര്‍മ്മകാന്തി ഊര്‍ജ്ജപ്രസരമാക്കാനും. മാതൃരാജ്യത്തിനുവേണ്ടി പൊരു തി മരിക്കാനും, കര്‍ത്തവ്യ നിരതരാകാനുമുള്ള ബ്രെയിന്‍ വാഷിംഗിലാണല്ലോ സൈന്യങ്ങളുടെ മുന്നേറ്റങ്ങള്‍. ഭരണകൂട ഭീകരതയുടെ സ്റ്റഡിക്ലാസില്‍ എന്തെന്തു മാജിക്കല്‍ റിയലിസങ്ങളാണ് മത്തടിച്ചാര്‍ക്കുന്നത്.

1914-ല്‍ തുടക്കമിട്ട ഒന്നാം ലോക മഹായുദ്ധത്തിന്റെ കൂട്ടിക്കിഴിക്കലുകളില്‍ തകര്‍ന്നു തരിപ്പണമായ രാജ്യങ്ങള്‍ ഹംഗറി, യുഗസ്ലോവിയ, ചെക്കോസ്ലോവാക്യ, പോളണ്ട് തുടങ്ങിയവയാണ്. ആ യുദ്ധം നാലുവര്‍ഷം തുടര്‍ന്നപ്പോള്‍ 200 ലക്ഷം പേരുടെ ജീവനും ഒട്ടേറെ ജീവല്‍ക്കിനാവുകളും കുഴിച്ചുമൂടപ്പെട്ടു. സാമ്പത്തിക ഭാരങ്ങളും പട്ടിണി വൈഷമ്യങ്ങളും വിശപ്പിന്‍ അസഹ്യങ്ങളും പിടികിട്ടാ സംഭവങ്ങളായി.

ആല്‍ബര്‍ട്ട് ഷ്വറ്റ്‌സറിന്റെ അ ക്ഷരക്കൂട്ടങ്ങള്‍ - നാമെല്ലാം മനുഷ്യജീവികളാണെന്ന അവബോധം (perception) - യുദ്ധങ്ങളിലൂടെയും, രാഷ്ട്രീയങ്ങളിലൂടെയും നഷ്ടമായിക്കഴിഞ്ഞു.

അതുവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകാരിയായ പോരാട്ടമായിരുന്നു ഫസ്റ്റ് വേള്‍ഡ് വാര്‍. ശാസ്ത്രസാങ്കേതികങ്ങളെ നെഞ്ചോടടുക്കിപ്പിടിച്ച് നശീകരണായുധങ്ങള്‍ പ്രായോഗികക്ഷമതയായപ്പോള്‍ ആകാശമാകെ യു ദ്ധരംഗമായി മാറി. വിഷവാതകങ്ങളുടെ അതിപ്രസരമേറി. ബല്‍ജിയത്തിലെ സൈപ്രസ് നഗരം ആ വിഷജ്വലനമേറ്റ് അമ്പേ തകര്‍ന്നു തരിപ്പണമായി. യുദ്ധമുഖങ്ങളിലേക്ക് ടാങ്കുകള്‍ സംഹാര രുദ്രങ്ങളായി. ബ്രിട്ടന്‍ രംഗത്തിറക്കിയ യുദ്ധ ടാങ്കായിരുന്നു മാര്‍ക്ക് ഒന്ന്.

യന്ത്രത്തോക്കുകളും മുങ്ങിക്കപ്പലുകളും ഷെല്ലുകളും ഒന്നു തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ നൂറും ആയിരവും എന്ന മട്ടില്‍ യുദ്ധത്തിന് ആക്കമായി. എല്ലാമെല്ലാം അന്നുവരെയുള്ള ലോകക്രമത്തിന്റെ ഗതിവിഗതികളെ ഉടച്ചുവാര്‍ക്കുയാണുണ്ടായത്.

യുദ്ധം അതിന്റെ അലയൊലികള്‍ തീര്‍ക്കുമ്പോള്‍, അശാന്തിയു ടെ കൊടും വരള്‍ച്ചകള്‍ ആഗോളീകരണമാകുമ്പോള്‍ മറ്റൊരു യുദ്ധമേ ഇനി ആകാശത്തിനു ചോട്ടില്‍ നടനമാടരുതേ എന്ന താക്കീതോടെ രാഷ്ട്രത്തലവന്മാരുടെ അതിബുദ്ധിയില്‍ നിന്നും ഒരു ലോക സംഘടന 'ലീഗ് ഓഫ് നേഷന്‍സ്' എന്ന പേരില്‍ പിറവികൊണ്ടു. രാജ്യങ്ങള്‍ക്കകത്തും മറ്റുമുള്ള പോരാട്ടങ്ങള്‍ക്ക് സന്ധി ഉണ്ടാക്കാനും സമാധാനത്തിന്റെ വൃത്തത്തിലാക്കാനും ആയിരുന്നു അത്.

നാടകങ്ങള്‍ക്കുള്ളില്‍ അതിനാടകീയതകള്‍ എന്നപോലെ അതിഭീകരമായ മറ്റൊരു യുദ്ധം അതാ പൊട്ടിയൊലിക്കുകയായി. രണ്ടു ദശകങ്ങള്‍ക്കു ശേഷമായിരുന്നു അത്. സെക്കന്റ് വേള്‍ഡ് വാര്‍ എന്ന അതിഭീകരമായ വിതയും കൊയ്ത്തും മെതിയും. 1939 ല്‍ തുടക്കവും, 1945 ല്‍ ഒടുക്കവും. ഒന്നാം ലോക മഹായുദ്ധം അനുവദിച്ചുകൊടുത്ത നാലിനേക്കാള്‍ രണ്ടു വര്‍ഷം കൂടി കൂടുതല്‍. അപ്പോള്‍ ശാസ്ത്രസാങ്കേതികത്വങ്ങളുടെ ത്വരിതവളര്‍ച്ചയ്ക്കായി ശാസ്ത്രകേസരികള്‍ അണിയറയില്‍ ഓരോരോ നശീകരണായുധങ്ങള്‍ മേയ്ക്കപ്പിട്ടും ചമയങ്ങളണിയിച്ചും അരങ്ങിലേക്ക് വിടുകയായി.

അതീവ ഭീകരമായ യുദ്ധം ജീവനും സ്വത്തിനും ഉണ്ടാക്കിയ നഷ്ടം ഏകദേശം മുന്നൂറ്റി എണ്‍ പത്താറായിരം ദശലക്ഷം ഡോളറിനപ്പുറമായിരുന്നു. 42 ദശലക്ഷത്തോളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 20 ദശലക്ഷം പട്ടാളക്കാര്‍ക്ക് പരുക്കേല്‍ക്കുമ്പോള്‍ ആ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരത അചിന്ത്യം, അനാലോചനം.

യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കാതെ അതൊക്കെ വിലയിരു ത്തിക്കൊണ്ടു നിന്ന അമേരിക്ക യുടെ പേള്‍ ഹാര്‍ബറിനെ ജപ്പാന്‍ ആക്രമിച്ച്, അവരുടെ ഒട്ടനവധി സൈനികരെ കൊന്നൊടുക്കിയതോടെ ജപ്പാനെ കാര്യമായി നേരിടാന്‍ തന്നെ അമേരിക്ക തീരുമാനിച്ചു. ജപ്പാന്റെ ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടതോടെ ജപ്പാന്റെ ശിരസ്സു കുനിയുകയും യുദ്ധം അവസാനിക്കുകയും ചെയ്തു. 1945 ആഗസ്റ്റ് 6 നായിരുന്നു ആദ്യ ബോംബിംഗ്.

യുദ്ധം പര്യവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് ലോകരാഷ്ട്രങ്ങളില്‍ രണ്ടാം ശക്തിയായി അധഃപതിച്ചു. ജര്‍മ്മനിയുടെ തലയില്‍ യുദ്ധഭാരം കെട്ടിവച്ചു ലോകരാജ്യങ്ങള്‍ തടിതപ്പുമ്പോള്‍ 60 ലക്ഷം യഹൂദരെ ഹിറ്റ്‌ലര്‍ കൊന്നൊടുക്കി, ഒടുവില്‍ ഭാര്യ ഈവാ ബ്രൗണുമായി ആത്മഹത്യയില്‍ അഭയമായി. അമേരിക്ക ലോകത്തിന്റെ വന്‍ശക്തിയായി. റഷ്യയും വന്‍ശക്തിയായി.

വിശ്വമാനവികതയുടെ കാവല്‍ ഭടനെന്ന വിശേഷണം ഒതുക്കിയെടുത്ത ബര്‍ട്രാന്റ് റസ്സല്‍ ആണവായുധത്തിനെതിരെ ഒച്ചവച്ചുണര്‍ന്ന വ്യക്തിത്വമായിരുന്നു. അധികാരി വര്‍ഗത്തിനെതിരെ 'റസല്‍ പീസ് ഫൗണ്ടേഷനും' 'അറ്റ്‌ലാന്റിക് പീസ് ഫൗണ്ടേഷനും സ്ഥാപിച്ച് ലോക സമാധാനത്തിനുള്ള സഞ്ചാരപഥം അന്വേഷിക്കുകയായിരുന്നു.

മനുഷ്യസംസ്‌കൃതികള്‍ പു രോഗതിയുടെ പദസഞ്ചലനങ്ങള്‍ ക്കായി ധൃതികൊള്ളുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ബാഹ്യതയില്‍ യുദ്ധങ്ങളുടെ പടയോട്ടങ്ങളല്ലേ? അവയുടെ കണക്കുകള്‍ ഒന്നെടുത്തു അപഗ്രഥിച്ചാലോ... അവയില്‍ അതിഭീകരങ്ങളായ ആഭ്യന്തരപോരാട്ടങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ യുദ്ധങ്ങളും ഒന്നുകൂടി അപഗ്രഥനം നടത്തിയാലോ? ഈ രാജ്യങ്ങളും ജനാധിപത്യങ്ങളും ഭരണഭയങ്കരന്മാരും ജീവിക്കുന്നതും കിനാവുകളില്‍ എരിവുതിരുന്നതും യുദ്ധങ്ങള്‍ക്കും കൊലവെറികള്‍ക്കും കൊടിയ നശീകരണങ്ങള്‍ക്കുമാണോ?

1860 ലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധം (civil war) കൊന്നൊടുക്കിയത് മൂന്നു ലക്ഷത്തി അറുപതിനായിരം മനുഷ്യരെയാണ്. 2004 ലെ തായ്‌ലന്റിലെ കടുത്ത വര്‍ഗീയ കലാപശേഷം ശേഷിച്ചത് 3700 പേര്‍ മാത്രമാകുമ്പോള്‍ 2003 ലെ സുഡാന്‍-ദാര്‍ ഫര്‍ യുദ്ധത്തില്‍ മൂന്നു ലക്ഷത്തിലധികം പേരൊടുങ്ങി. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം നടന്ന 455 യുദ്ധങ്ങളില്‍ മരിച്ചവര്‍ എത്രയാണെന്ന് ഊഹിക്കേണ്ടതില്ലല്ലോ.

വിയറ്റ്‌നാം യുദ്ധം അതീവമാ യി നീണ്ടു നിന്നതുപോലെ തന്നെ ബല്‍ജിയം കോംഗോ പോര്‍വിളിയില്‍ ചത്തു തീര്‍ന്നത് 80 ലക്ഷ ത്തിലധികം. 1911 ലെ ചൈനീസ് വിപ്ലവം 24 ലക്ഷത്തോളം പേരെ വെന്തുരുക്കി ഭരണകൂടങ്ങള്‍ക്ക് സമാധാനം വരുത്തിയപ്പോള്‍, 1932 ലെ റഷ്യന്‍ (USSR) ഉക്രൈന്‍ യുദ്ധം കാലപുരിക്കയച്ചതോ നൂറു ലക്ഷത്തോളം പേരെ. ഈ വര്‍ത്തമാനകാലം, വഌഡിമര്‍ പുട്ടിന്റെ ധാര്‍ഷ്ട്യവും, ധിക്കാരവും ഉക്രൈനിലേക്ക് യുദ്ധം തൊടുത്തു വിട്ടു. വേഗം ഉക്രൈനിനെ തീര്‍ത്ത് തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ദുര്‍ക്കിനാവൊരുക്കിയ പുട്ടിന്‍ തന്റെ പോര്‍വിളി അവസാനിപ്പിക്കാനാവാതെ നട്ടം തിരിയുകയാണ്. മാനവിക ചേതനയുടെ തരിമ്പുപോലുമില്ലാത്ത റഷ്യന്‍ മേധാവി തന്റെ ചിന്താധൂര്‍ത്തില്‍ നിന്നും വീമ്പിളക്കിയതോ, വേണ്ടിവന്നാല്‍ ആണവായുധം തന്നെ തൊടുക്കുമെന്നും. ആളുടെ അതിബുദ്ധിയും കിരാതസ്വഭാവവും വച്ചുനോക്കുമ്പോള്‍ വിശ്വസിക്കാതിരിക്കാനാവില്ല ആ ധിക്കാര സംസാരം.

ഇത്തരം ക്രൂരസംഭവങ്ങള്‍ സു മനസ്സുകളെ സ്പര്‍ശിക്കുമ്പോള്‍ ഐന്‍സ്റ്റീന്റെ അന്ത്യനാളുകളിലേക്കും, ചിന്താബന്ധൂരമായ വാ ക്കുകളിലേക്കും ഒന്നു കയറിക്കൂടിയാലോ? രണ്ടാം ലോക മഹായുദ്ധവും തീര്‍ന്നു ലോകം നാശഭീകരത നേരിടുമ്പോള്‍ രണ്ടു അമേരിക്കന്‍ ജേര്‍ണലിസ്റ്റുകള്‍ അദ്ദേഹത്തെ സമീപിച്ചിട്ട് എറിഞ്ഞ ചോദ്യവും അതിനുള്ള ഉത്തരവും ആലോചനാതീവ്രമാണ്. 'സര്‍, ഒന്നാം ലോകമഹായുദ്ധം അങ്ങ നെ കഴിഞ്ഞു, രണ്ടാം ലോക മഹായുദ്ധം അതിലും ഭീതിജനകമായും. ഇനിയൊരു തേഡ് വേള്‍ ഡ് വാര്‍ ഉണ്ടാവുകയാണെങ്കല്‍ അത് ഏതു വിധമായിരിക്കും?'

അതീവവിഷമത്തോടെ ഐന്‍സ്റ്റീന്‍ അവരെ ബോദ്ധ്യപ്പെടുത്തിയതോ? ഒരു തേഡ് വേള്‍ഡ് വാറിനെക്കുറിച്ച് ഞാന്‍ പറയാന്‍ അശക്തനാണ്. പക്ഷേ, ഒരു നാലാം ലോകമഹായുദ്ധത്തെക്കുറിച്ച് പറയാം. അങ്ങനെ ഒന്നു സംഭവിച്ചാല്‍ അത് അമ്പും വില്ലും ഉപയോഗിച്ചായിരിക്കും. അതുമല്ലെങ്കില്‍ കമ്പും കവിണിയും എടുത്തായിരിക്കും. ലോകം എവിടെ തുടങ്ങിയോ അവിടെ ചെന്നു നില്‍ക്കും.' എന്നാണാവോ ഒന്നു തൊട്ടാല്‍ പൊട്ടാന്‍ ആവും വിധം മരവിച്ചു കിടക്കുന്ന ആണവായുധങ്ങള്‍ സജീവമാകുന്നതും മറ്റൊരു മഹായുദ്ധത്തിനു ഭരണകൂട ഭ്രാന്തന്മാര്‍ അനുമതിക്ക് ഒപ്പിടുന്നതും. അന്ന് എല്ലാം അവസാനിക്കും. ലോകത്തെ എത്രയോ തവണ അഗ്നിശാലകളാക്കാന്‍ ഓരോ രാജ്യവും വാത്സല്യാതിരേകത്തോടെ കാത്തുസൂക്ഷിച്ചിരിക്കുകയാണല്ലോ അണുബോംബുകള്‍.

തെക്കു കിഴക്കന്‍ യൂറോപ്പില്‍ ഡാനൂബ് നദിയുടെ തെക്കുവശ ത്തു സ്ഥിതി ചെയ്യുന്ന, ഉപദ്വീപാ യ ബാള്‍ക്കനില്‍, ഒന്നാം ബാള്‍ ക്കന്‍ യുദ്ധവും, രണ്ടാം ബാള്‍ ക്കന്‍ യുദ്ധവും തിമര്‍ക്കുമ്പോള്‍ കൊല്ലപ്പെടലുകളും, ആര്‍ത്തനാദങ്ങളും അവയുടെ സഞ്ചാര രഥ്യകളിലായിരുന്നു.

പൂര്‍വേഷ്യയില്‍ ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു മധ്യേ അതാ ഒരുപദ്വീപ് കൊറിയ. കൊറിയയുടെ ചാസോണ്‍ എന്ന വിളിപ്പേരിനര്‍ത്ഥം പ്രഭാതശാന്തിയുടെ ഭൂമി എന്നാണ്. ചൈനക്കാരും, മഞ്ചൂറിയക്കാരും ജപ്പാന്‍കാരും കൊറിയയെ ആക്രമിക്കുക ഒരു തുടര്‍ സംഭവമാക്കുകയായിരുന്നു. കൊറിയന്‍ ഭരണാധിപന്മാരുടെ അകങ്ങളില്‍ ഒരു 'സന്യാസ രാജ്യം' സൃഷ്ടിക്കുക എന്ന തീരാമോഹമുണ്ടായിരുന്നു അതിനെതിരെയാണ് 1910-ല്‍ ജപ്പാന്‍ ആക്രമിച്ചത്. വടക്കന്‍ കൊറിയയും തെക്കന്‍ കൊറിയയും തമ്മില്‍ അസുഖകരവും അന്യായവുമായ പകതീര്‍ക്കലുകളാണ്.

ഏറെക്കാലം തിളച്ചു തൂവിക്കൊണ്ടിരുന്ന ഇറാന്‍-ഇറാക്ക് യുദ്ധത്തിന്റെ പിന്നാമ്പുറത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള മതപരമായ ചേര്‍ച്ചക്കേടും അതിര്‍ത്തി ത്തര്‍ക്കവുമായിരുന്നു. 1980 സെപ്തംബര്‍ 22-ാം തീയതി സ്‌ഫോടനപ്പെട്ട യുദ്ധം നീണ്ടുനീണ്ടു പോകുന്തോറും ഇരു രാജ്യങ്ങളും ക്ഷീണിതമായി. സാമ്പത്തികമായി ക്രമവിരുദ്ധമായി. 1988-ല്‍ യു എന്‍ ഒ യുടെ നേതൃത്വത്തില്‍ യുദ്ധം അവസാനിക്കുകയയിരുന്നു.

അമേരിക്കയുടെ ചാരക്കണ്ണുകള്‍ ഇറാക്കിലെ എണ്ണഖനികളു ടെ മേലെയായിരുന്നു. ലോകത്തി ന്റെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാഷ്ട്രമായ ഇറാക്കിനെ സ്വവരുതിയില്‍ ഒതുക്കാനായിരുന്നല്ലോ ആ രാജ്യങ്ങളുടെ പോര്‍ വിളികളെ അമേരിക്ക ജ്വലിപ്പിച്ചുകൊണ്ടിരുന്നത്.

പിന്നെ ഇന്ത്യയും ചൈനയും തമ്മില്‍, ഇന്ത്യയും പാക്കിസ്ഥാ നും തമ്മില്‍ (2 തവണ) അരങ്ങേറിയിട്ടുള്ള യുദ്ധങ്ങളും ചരിത്രങ്ങളുടെ ദുര്‍ഗന്ധങ്ങളായിരുന്നല്ലോ!

അതാ വര്‍ത്തമാനകാല യാ ഥാര്‍ത്ഥ്യങ്ങള്‍ക്കു നടുവില്‍ പശ്ചിമേഷ്യയില്‍ ഗാസയുടെ ആര്‍ത്തനാദങ്ങളും കണ്ണീര്‍ക്കടലോളങ്ങ ളും ലോകം ഒരു വര്‍ത്തമാനകാല രസമായും, ചിലര്‍ക്ക് വിഷമമാ യും കണ്ടും കേട്ടും കൊണ്ടിരിക്കുകയല്ലേ? എന്നു തീരും നിഷ്‌ക്കളങ്കരായ കുരുന്നുകളുടെയും മറ്റും തീരാനോവുകള്‍ എന്നു കുറുകിക്കൂടിയ ചോദ്യങ്ങള്‍ക്കു മാത്രം മറുപടിയേ ഇല്ല.

ഇന്നും ഇന്നലെയും തുടങ്ങിയ പോരാട്ടമല്ലല്ലോ ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍. ഒരു വിഭാഗത്തിനു തങ്ങളുടെ രാജ്യാവകാശം ഉറപ്പിക്കല്‍. മറുവിഭാഗത്തിനു രാഷ്ട്രമില്ലായ്മ. യുദ്ധങ്ങള്‍ അനാഥരാക്കിയ കുട്ടികളുടെ ദിനമാണല്ലോ ജനുവരി 6. എന്തുണ്ടായിട്ടും എന്തനുസ്മരിച്ചിട്ടും യുദ്ധം ഒരു മഹാശാപമായി മനവസംസ്‌കൃതിയുടെ മേല്‍ അഴിഞ്ഞാടുകയാണ്.

അതാ ഒരു കവി ഗദ്ഗദത്തോ ടെ ഉരുവിടുകയാണ്. ''ഏതു വിശുദ്ധഗ്രന്ഥത്തിന്റെ താളുകള്‍ക്കിടയില്‍ നിന്നാണു സഖേ ഹൃദയം അറുത്തെടുക്കാവുന്ന ഒരു കഠാര നീ സ്വന്തമാക്കിയത്? നീ ഉരുവിട്ട മലിനവാക്കുകളുടെ കൊലവിളികള്‍ ദൈവവചനങ്ങളുടെ ഏത് അര്‍ധവിരാമത്തിനിടയില്‍ വച്ചാ ണ് നീ പെറുക്കിക്കൂട്ടിയത്? ഞാന്‍ നിനക്കു ചേരാത്ത നന്മ ശീലിച്ചവന്‍. നീ കൊലയും കൊലവിളിയും മനഃസാക്ഷിയെ മരവിപ്പിച്ചു കൊണ്ടു നടത്തുമ്പോള്‍ എല്ലാം കിളികള്‍ക്കും ഒന്നിച്ചിരിക്കാവുന്ന ഒറ്റ മരച്ചില്ല നട്ടുവളര്‍ത്തുന്ന തിരക്കിലായിരുന്നു ഞാന്‍.''

യു എന്‍ ഒ യും മറ്റു രാജ്യത്തലവന്മാരും എത്ര കണ്ട് ആവശ്യപ്പെട്ടിട്ടും പുതിയ യുദ്ധം, യുദ്ധമാ യി കത്തുമ്പോള്‍ അതാ ആ ഒരു ഞായറാഴ്ചയുടെ പ്രഭാതത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നി ന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ക ണ്ണീര്‍ നീറ്റലോടെ, തൊണ്ടയിടറി അപേക്ഷിക്കുകയാണല്ലോ, ദൈവത്തെയോര്‍ത്ത് ഈ യുദ്ധം ഒന്നു നിര്‍ത്തൂ എന്ന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org