അസംഘടിത അവശര്‍ക്കും ഒരു ദിനം:

ഫെബ്രുവരി പതിനൊന്ന് വിശ്വരോഗിദിനം
അസംഘടിത അവശര്‍ക്കും ഒരു ദിനം:
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച പെട്ടെന്നുള്ള മരണങ്ങള്‍ മനുഷ്യശരീരത്തില്‍ ഇപ്പോഴും രോഗാണു ഗുപ്തമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. വ്യക്തികളും, കുടുംബങ്ങളും, രാജ്യങ്ങളും കൈകോര്‍ക്കേണ്ട സമയമാണിത്. പണം ഉള്ളതുകൊണ്ട് ആരും സുരക്ഷിതരാണെന്ന് കരുതരുത്.

സംഘടനയില്ല, ആഗോള പ്രാദേശിക ഭാരവാഹികളില്ല, ഒരു പ്രകടനമോ മുദ്രാവാക്യം വിളിയോ ഇല്ല; മനസ്സിടിഞ്ഞ്, കണ്ണു നിറഞ്ഞൊഴുകുന്ന പതിഞ്ഞ രോദനം മാത്രം. ഒറ്റപ്പെടലിന്റെ വേദനയാണ് അസഹനീയം. മക്കളുണ്ടായിട്ടും അസൗകര്യങ്ങളുടെ പേരില്‍ കണ്ടില്ലെന്ന് നടിക്കുന്നവര്‍, വോട്ട് ലഭിക്കില്ല എന്ന വിചാരത്തില്‍ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാര്‍, മുന്‍കാലങ്ങളില്‍ അഗതി സേവനവും രോഗീശുശ്രൂഷയും പുണ്യമാണെന്ന് കരുതിയവര്‍ പോലും വ്യവസായ വല്‍ക്കരിച്ച് 'ലാഭമില്ലാത്തവ' നിര്‍ത്തിക്കളയുന്നഈശ്വരഭക്തന്മാര്‍; എല്ലാ തരത്തിലും ഒറ്റപ്പെടുന്നവരാണ് രോഗികള്‍. ലോകജനതയുടെ ആരോഗ്യം തീര്‍ത്തും ദുര്‍ബലമായ കോവിഡിന് ശേഷമുള്ള കാലത്ത് വിശ്വരോഗിദിനം തികച്ചും പ്രസക്തമാകുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ (1992) യാണ് വിശ്വരോഗിദിനം ആരംഭിച്ചത്. ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ലൂര്‍ദില്‍ നടക്കുന്ന അത്ഭുത രോഗ ശാന്തികളുടെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ വിശ്വാസപരമായാണ് ദിനാചരണം തുടങ്ങിയതെങ്കില്‍ ഇന്ന് സാര്‍വത്രികമായി ഈ സന്ദേശം സ്വീകരിക്കപ്പെട്ടുകഴിഞ്ഞു; രോഗത്തിന് ജാതിമത പ്രദേശ വ്യത്യാസങ്ങളില്ലല്ലോ.

മനഃശാസ്ത്രപരമായി രോഗാവസ്ഥയ്ക്ക് ചില ഘട്ടങ്ങളുണ്ട്. ആദ്യം രോഗി യാഥാര്‍ത്ഥ്യം സ്വീകരിക്കാതെ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന ധൈര്യാവസ്ഥയിലായിരിക്കും. പരിശോധനകളില്‍ രോഗം ഉറപ്പാകുമ്പോള്‍ രോഗി അസ്വസ്ഥതയും, ഭയവും മൂലം ബന്ധുക്കളോടും രോഗീശുശ്രൂഷകരോടും മാനസ്സികമായി (ചിലപ്പോള്‍ ശാരീരികമായും) ഏറ്റുമുട്ടുന്നു. രോഗം തളര്‍ത്തുമ്പോള്‍ നിരാശയോടെ കീഴടങ്ങുന്നു. ഈ ഘട്ടങ്ങളിലെല്ലാം രോഗിയോടൊപ്പം നില്‍ക്കാന്‍ നല്ല സമറിയക്കാരുണ്ടാകണം. നിരാശയുടെയും വേദനയുടെയും ആഴത്തില്‍ ആത്മഹത്യാ പ്രവണതപോലും സാധാരണമാണ്. പലപ്പോഴും, ദൈവം തന്നെ കൈവിട്ടു എന്ന ചിന്തയില്‍ വര്‍ണ്ണിക്കാനാവാത്ത ഒരു ഇരുണ്ട അവസ്ഥയിലേക്ക് രോഗി പ്രവേശിക്കുന്നു. ക്ഷമയോടെയുള്ള കൈത്താങ്ങ് ആവശ്യമുള്ള സമയമാണത്. ഇവിടെ ബന്ധുക്കള്‍ മാത്രമല്ല, സമൂഹവും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ 'സിനഡാത്മകമായ' കൂട്ടായ്മ പ്രകടിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു, 'രോഗികളോട് കരുതലുള്ളവരായിരിക്കുവിന്‍, ആര്‍ദ്രത സിനഡാത്മകതയുടെ മുദ്രയാണ്. വേദനകളിലും കുറവുകളിലുമാണ് സമൂഹം സഹഗമനം നടത്തേണ്ടത്. അതിലൂടെ ഒരു വ്യക്തിക്ക് ഒരു സമൂഹമായി വളരാന്‍ സാധിക്കും. ഇന്ന് ലോകം ഒറ്റപ്പെട്ട തുരുത്തുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഭൂമിയുടെ ആരംഭത്തില്‍ ഇന്ന് വേറിട്ട് നില്‍ക്കുന്ന ഭൂഖണ്ഡങ്ങള്‍ പലതും ഒന്നായിരുന്നു. പിന്നെ ഭൗമപ്രതിഭാസങ്ങള്‍ മൂലം ഭൂമി വിഭജിക്കപ്പെട്ടു. ഇന്ന് കാണുന്ന ഹിമപാതം, അതിവര്‍ഷം, വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ നല്‍കുന്ന സൂചനകള്‍ ശുഭോദര്‍ക്കമല്ല. ഐക്യമില്ലായ്മയും വിഭജനവും നാശത്തിന്റെ ആരംഭമാണ്.

കോവിഡും അനന്തരരോഗങ്ങളും മനുഷ്യന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ അനുഭവിക്കുന്ന വൈവിധ്യമാര്‍ന്ന രോഗങ്ങള്‍ മനുഷ്യകുലത്തെത്തന്നെ തളര്‍ത്തിക്കളഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച പെട്ടെന്നുള്ള മരണങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഇപ്പോഴും രോഗാണു ഗുപ്തമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. വ്യക്തികളും, കുടുംബങ്ങളും, രാജ്യങ്ങളും കൈകോര്‍ക്കേണ്ട സമയമാണിത്. പണം ഉള്ളതുകൊണ്ട് ആരും സുരക്ഷിതരാണെന്ന് കരുതരുത്. അത് ഭാവി തകര്‍ച്ചയുടെ സൂചനയാണ്.

തികച്ചും ഭൗതികമായ കാഴ്ചപ്പാടിലൂടെ മാത്രം പരിഹാരം കാണാവുന്ന ഒന്നല്ല രോഗാവസ്ഥ. പണം, വേതനം, സ്ഥാപനെച്ചലവുകള്‍, മരുന്നുകച്ചവടം, ലാഭം, ഓഹരി, ഡിവിഡന്റ് എന്നീ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ധനതത്വശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാവുന്ന മേഖലയുമല്ല ഇത്. ദൈവവിശ്വാസം, പ്രത്യാശ, സേവനം, ചെറിയതോതിലുള്ള നഷ്ടം, സ്വയം വ്യയം ചെയ്യാനുള്ള വ്യക്തിത്വം എന്നീ വാക്കുകളാല്‍ അലങ്കരിക്കപ്പെടേണ്ട ഒരു മേഖലയാണിത്. ജീവന്റെ അവകാശിയായ സ്രഷ്ടാവ് നേരിട്ട് രോഗീശുശ്രൂഷകനെ തിരഞ്ഞെടുത്തത് സൃഷ്ടിക്കുശേഷമുള്ള മനുഷ്യന്റെ സുസ്ഥിതിയിലൂടെ ദൈവരാജ്യ സങ്കല്പം തുടരാനുള്ള ദൈവികമായ ഒരു മേഖലയാണെന്ന ബോധ്യം ഉള്ളവരെയാണ് ഇവിടെ ആവശ്യം. വേതനം ന്യായമായതുതന്നെ നല്‍കണം, പാഴ്‌ച്ചെലവുകളും, ലാഭത്തില്‍ കണ്ണുനട്ടുള്ള ലാബ് പരിശോധനകളും, ആസ്പത്രി മോടിപിടിപ്പിക്കുന്നതടക്കമുള്ള ചെലവുകളും ഒഴിവാക്കിയാലെ ജീവനക്കാര്‍ക്ക് മിതവും മാന്യവുമായ വേതനം നല്‍കാനാവൂ. ഇക്കാര്യത്തില്‍ ചെറുതെങ്കിലും ഹൃദയത്തിന്റെ ഓഹരി ജീവനക്കാരും സമര്‍പ്പിക്കണം. മറ്റ് വ്യവസായ (industry) മേഖല പോലെയല്ല ഇത്. ഇത് ഒരു സേവന പ്രാമുഖ്യമുള്ള (ministry) ശുശ്രൂഷയാണ്. ഭരണകൂടം പൊതു സ്വകാര്യ വ്യത്യാസം കൂടാതെ കൂടെ നില്‍ക്കണം. സ്വകാര്യ (സ്വന്തം കാര്യമല്ല) ആസ്പത്രികള്‍ സര്‍ക്കാരിന് ചെന്നെത്താനാകാത്ത മേഖലകളില്‍ അവര്‍ ചെയ്യേണ്ട സേവനങ്ങളെ സഹായിക്കുകയാണെന്ന അവബോധം ഉണ്ടാകണം. ചില സര്‍ക്കാരുകള്‍ സ്വകാര്യ മേഖലയെ ശത്രുക്കളെന്ന പോലെ ഉപദ്രവിച്ച അവസരങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാതി ചിന്തയും മുന്‍ഗണനയും സര്‍ക്കാരുകള്‍ക്ക് പാടില്ല. ചില പ്രത്യേക സ്ഥാപനങ്ങള്‍ക്ക് സ്ഥലവും മറ്റ് ആനുകൂല്യങ്ങളും സുരക്ഷയും നല്‍കപ്പെടുന്നത് നാം കാണുന്നുണ്ടല്ലൊ. അത്തരം വിവേചനങ്ങള്‍ പാടില്ല. ക്ഷയം, കുഷ്ഠരോഗം, പോഷകാഹാരക്കുറവുള്ള രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കുന്നതില്‍ ആദ്യം വിദേശ മിഷനറിമാരും തുടര്‍ന്ന് തദ്ദേശീയ ക്രൈസ്തവ സഭകളും ചെയ്ത സേവനം നിസ്സാരമായി കാണരുത്. നിരീശ്വരവാദികളും തീവ്രസ്വഭാവമുള്ള രാഷ്ട്രീയക്കാരും സഭയുടെ ഈ സേവനത്തെ അംഗീകരിച്ചിരുന്നു. പക്ഷേ ലാഭേച്ഛ നമ്മുടെ സ്ഥാപനങ്ങളെയും ബാധിച്ചപ്പോള്‍ ചികിത്സവഴിയുള്ള സുവിശേഷവല്‍ക്കരണത്തെ ബാധിച്ചു.

രോഗം ബാധിക്കാത്തവരായി ഒരു ന്യൂനപക്ഷം മാത്രമേയുള്ളൂ.അതുകൊണ്ടേ് രോഗിദിന സന്ദേശം ഏവര്‍ക്കും സ്വീകാര്യമാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് 1991 ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധയുടെ ക്ലേശങ്ങളില്‍ നിന്നാണ് ഈ ആശയം ഉത്ഭവിക്കുന്നത്. അത് എക്കാലത്തേക്കാള്‍ പ്രസക്തമാണിന്ന്. രോഗിസേവനം ദൈവാനുഗ്രഹമാണെന്ന ബോധ്യത്തില്‍ സസന്തോഷം ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് സഹായികള്‍ എന്നിവര്‍ക്ക് പ്രതിഫലത്തിന്നതീതമായ അനുഗ്രഹങ്ങള്‍ നല്‍കി ലൂര്‍ദ് നാഥ അനുഗ്രഹം നല്‍കട്ടെ.

അനുബന്ധം

ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും, സാമ്പത്തികവുമായ സുസ്ഥിതിയാണ് (WHO). ഇതില്‍ 'ആത്മീയത' എന്ന അനിവാര്യ ഘടകം ഒഴിവാക്കിയത് മനുഷ്യന്റെ അഹന്ത കൊണ്ട് മാത്രമല്ല. Psycho-somatic deseases (മാനസ്സിക ആത്മീയ അസ്വസ്ഥതകള്‍ മൂലമുള്ള ശാരീരിക രോഗങ്ങള്‍) മനുഷ്യന്റെ സുസ്ഥിതിയെ ബാധിക്കുന്നുവെന്നതുതന്നെ ലോകാരോഗ്യസംഘടനയുടെ നിര്‍വചനം അപൂര്‍ണ്ണമാണെണ് വ്യക്തമാക്കുന്നു. ആവേ മരിയ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org