
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍
മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്റര്‍ അച്ചന്റെ ജീവിതത്തിലെ വചനാഭിമുഖ്യത്തിന്റെ പ്രചോദനം എന്താണ്?
എന്റെ വചനാഭിമുഖ്യത്തിന്റെ പ്രചോദനം ചെറുപ്പം മുതലേ ബൈബിള്‍ വായിക്കുന്ന, ബൈബിളിനെ സ്‌നേഹിക്കുന്ന, വചനത്തെ ആദരിക്കുന്ന ഒരു സമൂഹത്തെ കാണുവാന്‍ ഇട വന്നതാണ്. കുടുംബത്തില്‍ വല്യമ്മച്ചി ഒത്തിരി ബൈബിള്‍ വായിക്കുന്ന ആളായിരുന്നു. അന്ന് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകളുടെ ആരംഭകാലമായിരുന്നു.
ധ്യാനം കൂടി വരുന്ന വ്യക്തികള്‍ ബൈബിളിനോടു മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനം പുലര്‍ത്തുന്നതും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പിന്നീട് വൈദിക പഠനം ആരംഭിച്ചതിനുശേഷം വളരെ ഗുരുതരമായ ഒരു സാഹചര്യത്തില്‍ ദൈവവചനത്തിന്റെ ശക്തി ജീവിതത്തില്‍ തിരിച്ചറിയാനായി ഇടയായി. വെറുമൊരു ഗ്രന്ഥത്തിനപ്പുറം, ജീവനുള്ള ദൈവത്തിന്റെ വചനങ്ങളാണു ബൈബിളിലുള്ളതെന്നു മനസ്സിലാക്കാന്‍ പൗരോഹിത്യത്തിന്റെ ആരംഭകാലത്തില്‍ ഉണ്ടായ വേദനാജനകമായ സംഭവങ്ങള്‍ ഇടയാക്കി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ സാധാരണ കേരള ക്രൈസ്തവര്‍ക്ക് ബൈബിള്‍ ഒരു പരിധിവരെ അപ്രാപ്യമായിരുന്നു. ബൈബിള്‍ പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നമുക്ക് വന്നിട്ടുള്ള പോരായ്മകള്‍ എന്തൊക്കെയാണ്, എന്തുകൊണ്ടാണ്?
ദൈവവചനം പ്രചരിപ്പിക്കുന്നതില്‍ നമുക്ക് വന്നിട്ടുള്ള പോരായ്മ വാസ്തവത്തില്‍ എടുത്തു പറയേണ്ടതാണ്. കത്തോലിക്കരെന്ന നിലയില്‍ നാം വചനത്തെ സമീപിച്ചത് ആരാധനയോടു ബന്ധപ്പെടുത്തിയാണ്. ആരാധനയിലെ വചന വായനയും വചന വ്യാഖ്യാനവും മാത്രമാണ് നല്ലൊരു കാലം വരെ കത്തോലിക്കരായ നമുക്ക് വചനം കേള്‍ക്കുന്നതിന് ഉണ്ടായിരുന്ന ഒരേയൊരു അവസരം. പിന്നീട് ബൈബിള്‍ നമ്മുടെ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആളുകള്‍ക്ക് ബൈബിള്‍ സ്വന്തം കൈകളില്‍ ലഭ്യമാവുകയും ചെയ്തതിനു ശേഷവും, ആരാധനയില്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുള്ള വചനഭാഗങ്ങള്‍ക്ക് പുറമേയുള്ള ഭാഗങ്ങള്‍ ഗ്രഹിക്കുന്നതില്‍ വ്യക്തതയില്ലാതിരുന്നതുകൊണ്ട് പൊതുവേ ആളുകള്‍ക്ക് ബൈബിള്‍ വായന ശ്രമകരമായ ഒരു കാര്യമായിരുന്നു. കരിസ്മാറ്റിക് നവീകരണം വന്നതോടുകൂടിയാണ് ഇതിനൊരു മാറ്റം വന്നത്. കുറെ പേര്‍ കൂടി വചനം വായിക്കാനും ഗ്രഹിക്കാനും ജീവിതത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് അതിനെ കൊണ്ടുവരാനും ശ്രമിച്ചത് അതിനുശേഷമാണ്.
വചനം പ്രചരിപ്പിക്കുന്നതില്‍ നമുക്ക് സംഭവിച്ച പോരായ്മ പല രീതികളില്‍ ഉണ്ട്. എല്ലാ ആരാധനകളും സത്യത്തില്‍ വളരെയധികം വചന ബന്ധിതമാണ്. ദിവ്യബലിക്കിടയിലെ സുവിശേഷ പ്രസംഗത്തിനപ്പുറത്ത് ആരാധനാക്രമം വിശദീകരിച്ച് വചനാധിഷ്ഠിതമായി വ്യാഖ്യാനിച്ചു കൊടുക്കുന്നതില്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ട്. ആരാധനയിലെ പ്രാര്‍ഥനകള്‍ വചനബന്ധിതമാണ്, വചനത്തില്‍ നിന്ന് വന്നതാണ് എന്ന തിരിച്ചറിവ്, അതിനാല്‍ ആളുകള്‍ക്ക് ഇല്ലാതെ പോയി. ആരാധനക്രമ പ്രാര്‍ഥനകളിലെ വചന അടിത്തറ എന്താണ് എന്ന് കണ്‍വെന്‍ഷന്‍ വേദികളില്‍ ചോദിക്കുമ്പോള്‍, ഇപ്പോള്‍ പോലും മഹാഭൂരിപക്ഷത്തിനും അതറിയില്ല. ആരാധനക്രമബന്ധിതമായ വചനത്തെ വേര്‍തിരിച്ച് വ്യാഖ്യാനിച്ചു കൊടുക്കുന്നതില്‍ നമുക്ക് പോരായ്മ വന്നിട്ടുണ്ട്.
രണ്ടാമതായി, നമ്മുടെ വൈദികര്‍ വചനം പഠിച്ചത് പ്രധാനമായും അക്കാദമികമായിട്ടാണ്. സെമിനാരികളില്‍ വചനം പഠിച്ചപ്പോള്‍, വചനത്തെ ശാസ്ത്രീയമായും അക്കാദമികമായും വ്യാഖ്യാനിക്കേണ്ട ഒരു ഗ്രന്ഥമായിട്ടാണ് പലപ്പോഴും സമീപിച്ചത്. വചനത്തോട് അന്ധവും ആഴവുമായ സ്‌നേഹം രൂപപ്പെടുത്തുന്നതില്‍, പുരോഹിതരുടെ ഇടയിലുള്ള വചനപഠനം കാര്യമായി സഹായിച്ചില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രൊട്ടസ്റ്റന്റ് സഭകളുടെ സെമിനാരികളില്‍ നിന്ന് പുറത്തുവരുന്നവര്‍ ബൈബിളിനോട് കാണിക്കുന്ന വ്യക്തിപരമായ ആഭിമുഖ്യവും നമ്മുടെ പുരോഹിതര്‍ക്ക് അതിനോടുള്ള അക്കാദമികമായ സമീപനവും തമ്മിലുള്ള വ്യത്യാസം നമുക്ക് കാണാന്‍ സാധിക്കും. അവര്‍ക്ക് വചനം കുറേക്കൂടി അറിയാമെന്നുള്ളത് അവര്‍ വചനത്തിനു കൊടുത്ത ശ്രദ്ധയുടെ തെളിവാണ്.
ദിവ്യബലിക്കിടയിലെ സുവിശേഷ പ്രസംഗത്തിനപ്പുറത്ത് ആരാധനക്രമം വിശദീകരിച്ച് വചനാധിഷ്ഠിതമായി വ്യാഖ്യാനിച്ചു കൊടുക്കുന്നതില്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ട്. ആരാധനയിലെ പ്രാര്‍ഥനകള്‍ വചനബന്ധിതമാണ്, വചനത്തില്‍ നിന്ന് വന്നതാണ് എന്ന തിരിച്ചറിവ്, അതിനാല്‍ ആളുകള്‍ക്ക് ഇല്ലാതെ പോയി.
മൂന്നാമതായി എന്നെ വേദനിപ്പിച്ചിട്ടുള്ള ഒരു കാര്യം, ബൈബിള്‍ കുറഞ്ഞ വിലയില്‍ വ്യാപകമായി എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. അച്ചടിച്ചെലവൊക്കെ വളരെ കൂടുതലാണെന്നുള്ള കാര്യം നിഷേധിക്കുന്നില്ല. എങ്കിലും, വചനം പ്രചരിപ്പിക്കുന്നതിനു വരുന്ന ചെലവ് ഒരു നിക്ഷേപമാണെന്ന സമീപനത്തോടെ ബൈബിള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് നമുക്ക് സാധിച്ചില്ല എന്നത് ഒരു സത്യമാണ്. ഇന്നും ഒരു ബൈബിളിന് 500 രൂപ വില വരും. ഒരു വീട്ടില്‍ അത് വാങ്ങുമ്പോള്‍ അതൊരു ആയുഷ്‌കാല നിക്ഷേപമാണ്, ഒരിക്കല്‍ മാത്രമേ വാങ്ങേണ്ടതുള്ളൂ എന്നെല്ലാം നമുക്ക് പറയാം. പക്ഷേ ബൈബിള്‍ വാങ്ങി വിതരണം ചെയ്യാനും പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയാണ്. പ്രൊട്ടസ്റ്റന്റ് സഭകള്‍ ബൈബിള്‍ അച്ചടിച്ച് കടകളിലും മറ്റു പൊതുസ്ഥലങ്ങളിലും സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കിവച്ച് സൗജന്യമായി വിതരണം ചെയ്യുമ്പോള്‍, അത്തരം സമീപനങ്ങളില്‍ നിന്ന് നാം പലപ്പോഴും മാറി നിന്നിട്ടുണ്ട്. ആവശ്യമുള്ളവര്‍ ബൈബിള്‍ പണം കൊടുത്തു വാങ്ങട്ടെ എന്നതായിരുന്നു നമ്മുടെ നിലപാട്.
പി ഒ സി യില്‍ നിന്ന് ബൈബിള്‍ വാങ്ങി വില്‍പ്പന നടത്തുന്ന കടകള്‍ ഓരോ ബൈബിളില്‍ നിന്നും എടുക്കുന്ന ലാഭം പലപ്പോഴും കൊള്ളലാഭമായി തോന്നിയിട്ടുണ്ട്. ഒരു രൂപ പോലും ലാഭമെടുക്കാതെ വില്‍ക്കേണ്ട ബൈബിള്‍ വലിയ വിലയ്ക്ക് വില്‍ക്കുന്നത്, വചനം പ്രചരിപ്പിക്കണം എന്നതിനെ സംബന്ധിച്ച് നമുക്കിടയിലുള്ള ബോധ്യമില്ലായ്മയുടെ ഒരു തെളിവായിട്ടാണ് ഞാന്‍ കാണുന്നത്.
മതബോധന രംഗത്ത് ദൈവശാസ്ത്രപരമായ താത്വിക അവലോകനം മേല്‍ക്കൈ നേടുകയും ബൈബിള്‍ പഠനം വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യാത്ത സാഹചര്യമാണുള്ളത് എന്ന വിമര്‍ശനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
മതബോധന രംഗത്ത് ബൈബിള്‍ പഠനം വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നുള്ളത് കുറെ നാള്‍ മുമ്പു വരെ, ഒരു പരിധിയോളം ശരിയായിരുന്നു. എന്നാല്‍ 10-15 വര്‍ഷമായി ഇതിന് വലിയ മാറ്റം വന്നിട്ടുണ്ട്. ഞാന്‍ കേരളസഭയെ വളരെ അടുത്തു നിരീക്ഷിക്കുന്ന ഒരാളാണ്. ആ നിലയില്‍, ബൈബിള്‍ പഠിക്കാനുള്ള പ്രോത്സാഹനം ഇന്ന് സഭകളും രൂപതകളും പൊതുവേ നല്‍കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. ബൈബിള്‍ പഠനത്തിന്റെ പ്രസക്തി വ്യക്തിഗത സഭകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് ബൈബിള്‍ പഠനത്തിന് സ്വീകാര്യമായ അന്തരീക്ഷമാണ് ഉള്ളതെന്നാണ് എന്റെ അഭിപ്രായം.
ഇപ്പോള്‍ നിലവിലുണ്ടായിരുന്ന, ഈ നവീകരണത്തിന് മുമ്പുള്ള പി ഒ സി ബൈബിളിന്റെ ഭാഷയെയും ഉള്ളടക്കത്തെയും കുറിച്ച് എന്തെങ്കിലും പോരായ്മകള്‍ അങ്ങേയ്ക്ക് ചൂണ്ടിക്കാട്ടാന്‍ ഉണ്ടായിരുന്നോ? എങ്കില്‍ അത് ഏതൊക്കെയാണ്?
പഴയ അഥവാ നാം ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പി ഒ സി ബൈബിള്‍ ഒരുപാട് നന്മകള്‍ ഉള്ളതാണ്. വളരെ ലളിതമാണ് എന്നുള്ളതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട നന്മ. ഏതു സാധാരണക്കാരനും വായിച്ചാല്‍ മനസ്സിലാകുന്ന തരത്തിലുള്ള ഭാഷാരീതിയും അവതരണവും ആണ് പി ഒ സി ബൈബിളിന് ഉള്ളത്. ഒരുപക്ഷേ അതുതന്നെയായിരുന്നു അതിന്റെ പോരായ്മയും.
ഒരുവശത്ത് അത് വലിയ വായനാസുഖവും വായിക്കുന്നതിനെ കുറിച്ചുള്ള വ്യക്തതയും നല്‍കുമ്പോള്‍ തന്നെ മറുവശത്ത് അത് മൂലഭാഷകളോട് കൃത്യമായ വിശ്വസ്തത പുലര്‍ത്തുന്നതുമായിരുന്നുമില്ല.
ഉദാഹരണത്തിന്, സോളമന്‍ ദൈവത്തോടു ചോദിച്ചത് ജ്ഞാനവും വിവേകവുമായിരുന്നു എന്നാണ് നാം കേട്ടു പോന്നിട്ടുള്ളത്. പി ഒ സി ബൈബിളില്‍ ആ ഭാഗത്ത് ദൈവത്തോട് സോളമന്‍ വിവേകം ചോദിക്കുന്നതായിട്ടാണ് നാം വായിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് വായിക്കുമ്പോഴെല്ലാം മൂലഭാഷയില്‍ ഈ സ്ഥാനത്ത് വിവേകത്തിനു പകരം 'ശ്രവിക്കുന്ന ഹൃദയം' ആണല്ലോ എന്നു ഞാന്‍ ഓര്‍ക്കാറുണ്ട്. പുതിയ വിവര്‍ത്തനത്തില്‍ അത് ശ്രവിക്കുന്ന ഹൃദയം എന്നു തന്നെയാണ്. ഇപ്രകാരം സൂക്ഷ്മമായ വിശ്വസ്തത മൂലരൂപത്തോടു പുലര്‍ത്താന്‍ നമ്മുടെ നിലവിലുള്ള പി ഒ സി ബൈബിളിന് പല ഭാഗങ്ങളിലും സാധിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ആഴത്തിലും സൂക്ഷ്മതയിലും ബൈബിള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് നിലവിലുള്ള പി ഒ സി ബൈബിള്‍ സൂക്ഷ്മമായ അര്‍ഥതലങ്ങള്‍ കണ്ടെത്തുന്നതിനു സഹായകരമായിരുന്നിരിക്കില്ല. അതേസമയം അത് അനായാസ വായന സാധ്യമാക്കുന്നതും ആശയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായിക്കുന്നതുമായിരുന്നു. ഇവിടെയാണ് പരിഷ്‌കരണത്തിന്റെ പ്രസക്തി വന്നത്. ഞാനതിന്റെ ഒരു തലം ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. മറ്റു പല തലങ്ങളും പുതിയൊരു വിവര്‍ത്തനത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയാന്‍ സാധിക്കും. അതിലേക്ക് കടക്കുന്നില്ല.
പുതിയ ബൈബിളിനെ ഭാഷാപരമായ നവീകരണത്തിന്റെ ഫലം എന്ന രീതിയിലല്ല കാണേണ്ടത്. മറിച്ച് കുറേക്കൂടി കൃത്യമായ വിവര്‍ത്തനം എന്ന രീതിയിലാണ്.
ഇത്തരം പോരായ്മകള്‍ പി ഒ സി യുടെ പുതിയ വിവര്‍ത്തനത്തിലൂടെ പരിഹരിക്കപ്പെടുകയാണ്. പഴയ ബൈബിള്‍ മാറി പുതിയ ബൈബിള്‍ വന്നു എന്ന നിലയില്‍ അല്ല നമ്മള്‍ ഇതിനെ കാണേണ്ടത്. നാം വായിക്കുകയും വചനങ്ങള്‍ കാണാതെ പഠിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതു പഴയ ബൈബിളില്‍ നിന്നാണ്. അത് സാധുവായി സഭയില്‍ തുടരുക തന്നെയാണ്.
ആത്മീയ വായനയ്ക്കും പ്രാര്‍ഥനയ്ക്കുമൊക്കെ അത് ഉപയോഗിക്കുകയും അതേസമയം തന്നെ കൂടുതല്‍ ആഴത്തിലും സൂക്ഷ്മതയിലുമുള്ള പഠനത്തിനായി പുതിയ വിവര്‍ത്തനം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് കരണീയം.
ഭാഷാ നവീകരണത്തോടെ ഗുണനിലവാരം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് അങ്ങയുടെ വിലയിരുത്തല്‍?
ഭാഷാപരമായ നവീകരണമല്ല യഥാര്‍ഥത്തില്‍ പുതിയ വിവര്‍ത്തനത്തില്‍ നടന്നിരിക്കുന്നത്. നമ്മള്‍ അതിനെ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. ബൈബിള്‍ നിരന്തരം വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആള്‍ എന്ന നിലയില്‍ ഭാഷാപരമായ സൗന്ദര്യം പഴയ ബൈബിളിലാണ് എനിക്ക് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട് പുതിയ ബൈബിളിനെ ഭാഷാപരമായ നവീകരണത്തിന്റെ ഫലം എന്ന രീതിയിലല്ല കാണേണ്ടത്. മറിച്ച് കുറേക്കൂടി കൃത്യമായ വിവര്‍ത്തനം എന്ന രീതിയിലാണ്. ഹീബ്രു, ഗ്രീക്ക് ഭാഷകളില്‍ എഴുതപ്പെട്ടതിന്റെ കൃത്യമായ മലയാള വിവര്‍ത്തനമാണ് വന്നിരിക്കുന്നത്. രണ്ടു ഭാഷകള്‍ രണ്ട് സംസ്‌കാരങ്ങള്‍ പോലെയാണ്. അതുകൊണ്ടുതന്നെ ഹീബ്രു ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ആശയം മലയാള ഭാഷയിലേക്ക് തത്തുല്യമായ മനോഹാരിതയോടെ പലപ്പോഴും തര്‍ജമ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. മൂലഭാഷയോട് കൃത്യത പുലര്‍ത്തുക എന്ന സമീപനം എടുത്തതിനാല്‍ പുതിയ വിവര്‍ത്തനത്തിന് ഭാഷാപരമായ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ നമുക്ക് ഒറ്റ വായനയില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വാക്കുകള്‍ പുതിയ വിവര്‍ത്തനത്തില്‍ വന്നിട്ടുണ്ട്.
എന്നെ വേദനിപ്പിച്ചിട്ടുള്ള ഒരു കാര്യം, ബൈബിള്‍ കുറഞ്ഞ വിലയില്‍ വ്യാപകമായി എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്.
ഉദാഹരണത്തിന്, 'ഉന്മൂലനാചാര വിധേയമാക്കുക' എന്നത് പുതിയ വിവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ അത് എന്താണെന്ന് നമുക്ക് മനസ്സിലാവില്ല. മൂലഭാഷയില്‍ ഉദേശിക്കുന്ന അര്‍ഥത്തെ മലയാളഭാഷയിലേക്ക്, കൃത്യത നഷ്ടപ്പെടുത്താതെ പറഞ്ഞു തരാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന ഭാഷാപരമായ ബുദ്ധിമുട്ടാണ്. ഇത്തരം പല ബുദ്ധിമുട്ടുകള്‍ പുതിയ വിവര്‍ത്തനം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ, അനായാസമായ, ഒഴുക്കോടു കൂടിയ ഒരു വായന പുതിയ വിവര്‍ത്തനത്തില്‍ പലപ്പോഴും എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. പുതിയ വിവര്‍ത്തനത്തെ നമ്മള്‍ സമീപിക്കേണ്ടത് ഭാഷാപരമായ കാഴ്ചപ്പാടോടു കൂടിയല്ല, മറിച്ച് മൂല ഗ്രന്ഥത്തോട് വിശ്വസ്തത പുലര്‍ത്തുന്ന ഏറ്റവും കൃത്യമായ വിവര്‍ത്തനം എന്ന രീതിയിലാണ്.
പുതിയ ബൈബിള്‍ കേരള കത്തോലിക്ക സഭയുടെ ബൈബിള്‍ പ്രേഷിതത്വത്തെ എങ്ങനെയാവും സഹായിക്കുക?
പുതിയ ബൈബിള്‍ യഥാര്‍ഥത്തില്‍ സഹായിക്കാന്‍ പോകുന്നത് കുറെ കൂടി ആഴത്തില്‍ വചനം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിരിക്കും. മാത്രമല്ല, ദൈവശാസ്ത്രപരവും വിശ്വാസപരവുമായ ചില ചോദ്യങ്ങള്‍ക്ക് കുറേക്കൂടി കൃത്യതയോടെ ഉത്തരം കൊടുക്കാന്‍ ഈ വിവര്‍ത്തനം സഹായിക്കും. എന്താണ് ബൈബിള്‍ എഴുത്തുകാരന്‍ ഓരോ ഗ്രന്ഥത്തിലും ഉദേശിച്ചിരിക്കുന്നത് എന്നു ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പുതിയ വിവര്‍ത്തനം സഹായിക്കും. ആ രീതിയില്‍, വചന പഠനത്തിന്റെ അടുത്ത തലത്തിലേക്ക് പ്രവേശിക്കുന്ന സാധാരണ വിശ്വാസിക്ക് ഇത് വളരെയധികം സഹായകരമാകും. അതുപോലെതന്നെ പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകര്‍ക്കും സെമിനാരി വിദ്യാര്‍ഥികള്‍ക്കും സിസ്‌റ്റേഴ്‌സിനും വൈദികര്‍ക്കും കുറെ കൂടി കൃത്യതയോടെ കാര്യങ്ങളെ മനസ്സിലാക്കുന്നതിന് സഹായിക്കും. അത് തീര്‍ച്ചയായും അവരുടെ ശുശ്രൂഷ വേദിയില്‍ ഒരു വ്യത്യസ്തത കൊണ്ടുവരുന്നതിനിടയാക്കുകയും ചെയ്യും.
കേരള സഭയുടെ ബൈബിള്‍ പ്രേക്ഷിതത്വത്തെ കരിസ്മാറ്റിക് നവീകരണത്തിന് മുമ്പും പിമ്പും എന്ന് വേര്‍തിരിക്കുന്നവരുണ്ട്. അങ്ങ് എന്തു കരുതുന്നു?
തീര്‍ച്ചയായും വചന വ്യാപനത്തിന് കരിസ്മാറ്റിക് നവീകരണം വഹിച്ച പങ്ക് നിസ്തുല്യമാണ്. അത് മാറ്റി നിര്‍ത്തിക്കൊണ്ട്, കേരള കത്തോലിക്കാ സഭയുടെ വചനപ്രേഷിതത്വത്തെ അടയാളപ്പെടുത്താന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ കരിസ്മാറ്റിക് നവീകരണമാണ് സാധാരണക്കാരന്റെ ജീവിതത്തിലേക്ക് വചനത്തെ ഇറക്കി കൊണ്ടുവന്നത്. വചനം ഒരു മനുഷ്യന്റെ സാധാരണ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് നമ്മുടെ നാട്ടിലെ പാവപ്പെട്ട മനുഷ്യരൊക്കെ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് നവീകരണത്തോടു കൂടി തന്നെയാണ്. അതുകൊണ്ട് ബൈബിളിന്റെ, അല്ലെങ്കില്‍ കേരള സഭയിലെ വചന സ്വാധീനത്തിന്റെ ചരിത്രം എഴുതുമ്പോള്‍, കരിസ്മാറ്റിക് നവീകരണത്തിനു മുമ്പും പിമ്പും എന്ന വേര്‍തിരിവ് കൃത്യമായി ഉണ്ടാകും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ബൈബിള്‍ പഠനത്തിന്റെയും പ്രചരണത്തിന്റെയും തലങ്ങളില്‍ കേരളസഭ ഇനി എന്തൊക്കെ ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്?
ദൈവവചനം യഥാര്‍ഥത്തില്‍ കുറെക്കൂടി മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് എത്തേണ്ടതിനും വചനവ്യാപനത്തിനും പ്രധാനപ്പെട്ട ഉത്തരവാദിത്തം നമുക്കുണ്ട് എന്ന ഒരു തിരിച്ചറിവ് പലപ്പോഴും വേണ്ടത്ര ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് ദൈവവചനം, വിവിധ ഗ്രന്ഥങ്ങള്‍ക്കൊപ്പം മറ്റൊരു ഗ്രന്ഥം എന്ന വിചാരമാണ്. ഒരു സാധാരണ ഗ്രന്ഥം എന്നതിനപ്പുറത്ത് ബൈബിളിന്റെ സാര്‍വകാലികമായ പ്രസക്തിയെ പ്രചരിപ്പിക്കുന്നതിന് നമുക്ക് കുറെ കൂടി ഗൗരവമായ ശ്രമങ്ങള്‍ ശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.
നമ്മുടെ വൈദികര്‍ വചനം പഠിച്ചത് പ്രധാനമായും അക്കാദമികമായിട്ടാണ്. സെമിനാരികളില്‍ വചനം പഠിച്ചപ്പോള്‍, വചനത്തെ ശാസ്ത്രീയമായും അക്കാദമികമായും വ്യാഖ്യാനിക്കേണ്ട ഒരു ഗ്രന്ഥമായിട്ടാണ് പലപ്പോഴും സമീപിച്ചത്.
വ്യക്തിപരമായി, ബൈബിളിലെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് പറയാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ എന്തു പറയും?
ബൈബിളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ഏത് എന്ന് പറയാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ഒത്തിരി കാര്യങ്ങള്‍ ഒരുപോലെ ഇഷ്ടങ്ങളുടെ തലത്തിലുണ്ട്. പക്ഷേ കൂടുതല്‍ ശ്രദ്ധ കൊടുത്തു ഞാന്‍ പഠിച്ചിട്ടുള്ളത് റോമാ ലേഖനം, ദാനിയേലിന്റെ പ്രവചനം, യോഹന്നാന്റെ സുവിശേഷം എന്നിവയാണ്. പഴയനിയമത്തില്‍ ദാനിയേല്‍, ഏശയ്യ പ്രവചനങ്ങള്‍ വളരെയേറെ വായിച്ചിട്ടുണ്ട്. പിന്നെ ഉല്പത്തി നിശ്ചയമായും വളരെ ആസ്വാദ്യകരമായ ഒരു ഗ്രന്ഥമാണ്. ഒരൊറ്റ ഗ്രന്ഥം എന്ന നിലയില്‍ പറയാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.
മതഭേദമെന്യേ എല്ലാ മനുഷ്യരും കാണാതെ പഠിച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍?
നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനം?
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ അവരോട് പെരുമാറുവിന്‍.
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കും.
വചനം ഒരു മനുഷ്യന്റെ സാധാരണ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് നമ്മുടെ നാട്ടിലെ പാവപ്പെട്ട മനുഷ്യരൊക്കെ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് നവീകരണത്തോടു കൂടി തന്നെയാണ്.