കേരള സഭയുടെ മുറിവുകള്‍

കേരള സഭയുടെ മുറിവുകള്‍
വര്‍ഗ്ഗീയതയെ സര്‍വ്വശക്തിയോടെ ചെറുത്തു തോല്പിച്ചിരുന്ന സഭാ സമൂഹങ്ങളും സഭാനേതാക്കളും ഇന്ന് വര്‍ഗ്ഗീയ കാഴ്ചപ്പാടോടെ കാര്യങ്ങള്‍ വിലയിരുത്തുന്നുവോ? സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സങ്കുചിത വല്‍ക്കരണത്തിന് സഭാംഗങ്ങളും സഭാനേതാക്കളും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്‍ക്കുന്നതാണ് കേരള സഭാഗാത്രം നേരിടുന്ന ഒന്നാമത്തെ മുറിവ്‌

''ഇക്കാലത്തെ മനുഷ്യരുടെ വിശിഷ്യാ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഉല്‍കണ്ഠയുമെല്ലാം ക്രിസ്തുവിന്റെ അനുയായികളുടേയും കൂടിയാണ്.'' ഇങ്ങനെ പ്രഖ്യാപിച്ചു കൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സഭ ആധുനികയുഗത്തില്‍' എന്ന പ്രമാണരേഖ ആരംഭിക്കുന്നത്. മനുഷ്യന്റെ ദുഃഖങ്ങളിലും വേദനകളിലും പങ്കുചേരുന്ന കരുണയുടെ മുഖമുള്ള സഭയുടെ ചിത്രമാണ് കൗണ്‍സില്‍ കോറിയിടുന്നത്. മാനുഷിക പ്രശ്‌നങ്ങളില്‍ പങ്കാളിയായി വിമോചനത്തിന്റെ സദ്വാര്‍ത്ത നല്കുന്ന പ്രവാചക ധീരതയുള്ള സഭയെയാണ് കൗണ്‍സില്‍ സ്വപ്നം കാണുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന, നീതിയും ധര്‍മ്മവും പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു നവസംസ്‌കാരത്തിനുവേണ്ടി അടരാടാന്‍ രംഗത്തിറങ്ങണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടു. തിരുസഭ മൂന്നാം സഹസ്രാബ്ദത്തിലേക്ക് കാലൂന്നി. എല്ലാ ഭൂഖണ്ഡങ്ങ ളിലും മാനവരാശി അനേകം പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടുന്നു. കഷ്ടപ്പാടുകളും ദുരിതങ്ങളും ദുരന്തങ്ങളും വിട്ടുമാറുന്നില്ല. കൗണ്‍സില്‍ വിഭാവനം ചെയ്ത സ്‌നേഹത്തിന്റേയും സത്യത്തിന്റെയും നവനാഗരികത ഇന്നും ബഹുകാതം അകെലയാണ്. പുതിയ ലോകത്തെക്കുറിച്ചുള്ള കൗണ്‍സിലിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സഭാംഗങ്ങളായ നാം പരാജയപ്പെടുന്നുവോ? ലോക വ്യാപകമായ രീതിയില്‍ സഭയുടെ ദൗത്യത്തെപ്പറ്റി ചിന്തിക്കുക എന്നതിനെക്കാള്‍ കേരള സമൂഹത്തിന്റെ പരിവൃത്തത്തില്‍ നിന്നുകൊണ്ട് കേരളസഭയുടെ സാമൂഹിക-മതാത്മക ഇടപെടലുകളെപ്പറ്റി ചിന്തിക്കുകയാണ് സമുചിതമായിട്ടുള്ളത്. എന്നാല്‍ കൗണ്‍സില്‍ ഉദ്ദര്‍ശനം ചെയ്ത മഹാദൗത്യം നിറവേറ്റുന്നതിന് തടസ്സമായി നില്ക്കുന്ന അനേകം പ്രതിബന്ധങ്ങള്‍ കേരള സഭാ ഗാത്രത്തിലുണ്ട്. അവയെ കേരളസഭയുടെ മുറിവുകള്‍ എന്നു നമുക്കു വിളിക്കാം. ഈ മുറിവുകള്‍ സുഖപ്പെടാതെ സഭയ്ക്ക് ഫലപ്രദമായി കേരള സമൂഹത്തില്‍ ക്രിസ്തീയ സാക്ഷ്യം നല്കാനാവില്ല. കേരളസഭാ നവീകരണത്തിനുവേണ്ടിയുള്ള ത്രിവത്സര പദ്ധതി (2022-2025) കേരള മെത്രാന്‍ സമിതി പുറപ്പെടുവിച്ചിരിക്കുന്ന ഈ പ്രത്യേക ഘട്ടത്തില്‍ കേരള സഭയുടെ മുറിവുകളെപ്പറ്റി ധ്യാനിക്കുന്നതും ഈ മുറിവുകള്‍ ഉണക്കാനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതും സമീചീനമാകുന്നു.

ക്രിസ്തുവിന്റെ സ്‌നേഹം: സങ്കുചിതവല്‍ക്കരണമെന്ന മുറിവ്

സുവിശേഷത്തിലെ ക്രിസ്തു സര്‍വ്വാതിശായിയായ സ്‌നേഹത്തിന്റെ അനശ്വര സന്ദേശം ലോകത്തിനു നല്കുന്ന ദൈവപുത്രനാണ്. ശത്രു-മിത്ര ഭേദമെന്യേ സകലരേയും സ്‌നേഹിക്കുന്ന സാര്‍വ്വലൗകിക സ്‌നേഹമാണ് യേശു പഠിപ്പിച്ചത്. പ്രതികാരവും വൈരാഗ്യവും വെടിഞ്ഞ് രമ്യപ്പെടാനും ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണങ്ങള്‍ക്കതീതമായി സകലരേയും സ്‌നേഹവലയത്തില്‍ ഉള്‍പ്പെടുത്തി ശുശ്രൂഷ ചെയ്യാനും യേശു പഠിപ്പിച്ചു. വഴിയോരത്ത് മുറിവേറ്റു രക്തത്തില്‍ കുളിച്ചു കിടന്ന യഹൂദനെ ശുശ്രൂഷിക്കാനെത്തുന്ന സമരിയാക്കാരനെ മാതൃകാ പുരുഷനായി അവതരിപ്പിക്കുന്ന ഉപമയില്‍ എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണെന്നും സഹായമാവശ്യമുള്ള ഏതു മനുഷ്യനേയും യാതൊരു വിവേചനവും കൂടാതെ ശുശ്രൂഷിക്കുന്നതിലൂടെ മാത്രമേ മാനവ ജന്മം സാര്‍ത്ഥകമാകൂ എന്നും യേശു പഠിപ്പിച്ചു. ജാതിയുടേയും മതത്തിന്റേയും പേരില്‍, വര്‍ഗ്ഗത്തിന്റേയും വര്‍ണ്ണത്തിന്റേയും പേരില്‍ മനുഷ്യന്‍ നൂറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ മതിലുകളെല്ലാം തന്റെ സര്‍വ്വാശ്ലേഷകമായ സ്‌നേഹദര്‍ശനത്തിലൂടെ യേശു ഇടിച്ചു നിരത്തുകയാണ് ചെയ്തത്. ദൈവപിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളാണ് എന്നും എല്ലാവരും തുല്യരാണെന്നും ചരിത്രത്തില്‍ ആദ്യമായി പഠിപ്പിച്ച മഹാഗുരുവാണ് യേശുനാഥന്‍. പരസ്‌നേഹം പരിപൂര്‍ണ്ണതയില്‍ അഭ്യസിക്കാനാണ് അവിടുന്ന് ആവശ്യപ്പെട്ടത്. ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാട്ടിക്കൊടുക്കാനും, കുപ്പായമാവശ്യപ്പെടുന്നവന് മേലങ്കി കൂടി കൊടുക്കാനും, ആവശ്യപ്പെടുന്നതിലേറെ സേവനം ചെയ്തു കൊടുക്കാനും, പ്രതിഫലേച്ഛ കൂടാതെ ദാനം ചെയ്യാനും, ആരെയും മാറ്റി നിറുത്താതെ സകലരേയും സ്‌നേഹിക്കാനും തയ്യാറാകുന്ന അതിരില്ലാത്ത സ്‌നേഹത്തില്‍ വളരുന്ന ക്രിസ്തു ശിഷ്യന് ഒരിക്കലും വര്‍ഗ്ഗീയമായി ചിന്തിക്കാനാവില്ല. വര്‍ഗ്ഗീയതയും വിഘടന ചിന്തയും സുവിശേഷത്തിനു കടക വിരുദ്ധമാണ്. എന്നാല്‍ സമീപകാലത്ത് കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ വര്‍ദ്ധിക്കുന്നുവോ? പണ്ടൊക്കെ വര്‍ഗ്ഗീയതയെ സര്‍വ്വശക്തിയോടെ ചെറുത്തു തോല്പിച്ചിരുന്ന സഭാ സമൂഹങ്ങളും സഭാ നേതാക്കളും ഇന്ന് വര്‍ഗ്ഗീയ കാഴ്ചപ്പാടോടെ കാര്യങ്ങള്‍ വിലയിരുത്തുന്നുവോ? സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സങ്കുചിതവല്‍ക്കരണത്തിന് സഭാംഗങ്ങളും സഭാനേതാക്കളും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്‍ക്കുന്നതാണ് കേരള സഭാഗാത്രം നേരിടുന്ന ഒന്നാമത്തെ മുറിവ്.

ക്രിസ്തുവിന്റെ ധാര്‍മ്മികത: ധര്‍മ്മച്യുതിയെന്ന മുറിവ്

''നിങ്ങളുടെ ധാര്‍മ്മികത നിയമജ്ഞരുടേയും പ്രീശരുടേയും ധാര്‍മ്മികതയെ ഉല്ലംഘിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല'' എന്ന അസന്ദിഗ്ദ്ധമായ പ്രഖ്യാപനത്തിലൂടെ ഈ ലോകത്തിലെ മറ്റു മനുഷ്യരുടെ ധാര്‍മ്മികതയെക്കാള്‍ ഉയര്‍ന്ന ധാര്‍മ്മികതയായിരിക്കണം തന്റെ ശിഷ്യന്റേത് എന്ന് ക്രിസ്തു പഠിപ്പിച്ചു. ''കൊല്ലരുത്' എന്ന കല്പനയെ വ്യാഖ്യാനിച്ചുകൊണ്ട് മനുഷ്യനെ അവമതിക്കുന്ന കോപവും കാലുഷ്യവും ദൂഷണവും നീക്കിക്കളയണമെന്നും എല്ലാ മനുഷ്യരുടേയും അവകാശങ്ങള്‍ മാനിക്കണമെന്നും എല്ലാവരുമായി അനുരഞ്ജനപ്പെട്ട് ഐക്യത്തിന്റെ ലോകം സൃഷ്ടിക്കണമെന്നും അവിടുന്ന് ആവശ്യപ്പെട്ടു. ദുരാസക്തിയെ കീഴ്‌പ്പെടുത്തി, സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുന്ന ലൈംഗിക സംസ്‌ക്കാരം, വിവാഹമോചനമില്ലാത്ത ഭദ്രമായ കുടുംബജീവിതം, വാക്കിലും പ്രവൃത്തിയിലും പാലിക്കുന്ന സത്യസന്ധത, തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ തിന്മയെ നന്മകൊണ്ടു ജയിക്കുന്ന ഔദാര്യപൂര്‍വ്വകമായ സ്‌നേഹം, ശത്രുക്കളെക്കൂടി ഉള്‍ക്കൊള്ളുന്ന സമസൃഷ്ടി സ്‌നേഹം മുതലായവയൊക്കെയാണ് ഈ പുതിയ ധാര്‍മ്മികതയുടെ മൂലക്കല്ലുകള്‍. മലയിലെ പ്രസംഗത്തില്‍ യേശു പഠിപ്പിച്ച ഈ പുതിയ ധാര്‍മ്മികത ജീവിക്കുന്നതില്‍ കേരള സഭ പരാജയപ്പെടുന്നതു മൂലം സമൂഹമദ്ധ്യേ നാം അവഹേളിതരാകുന്നില്ലേ?

സമീപകാലത്ത് കേരള സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങള്‍ നാം വിശകലനം ചെയ്യേണ്ടതാണ്. ലൈംഗിക പരിശുദ്ധിയുടേയും സ്ത്രീ പുരുഷ ബഹുമാനത്തിന്റേയും സാര്‍ത്ഥകമായ കുടുംബജീവിതത്തിന്റേയും സന്ദേശമാണ് ക്രിസ്തു പഠിപ്പിക്കുന്നതെങ്കിലും സഭയിലെ ചില ഇടയന്മാരും നേതാക്കളും ഇവയെല്ലാം പാടേ വിസ്മരിച്ചു പോയി. ലൈംഗിക സദാചാരത്തെ ചവിട്ടിമെതിക്കുന്ന പല ഉതപ്പുകളും അപഭ്രംശങ്ങളും മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിഞ്ഞു. ലൈംഗിക മണ്ഡലത്തിലെ ധാര്‍മ്മിക ശക്തി സഭയ്ക്ക് നഷ്ടപ്പെടുന്നുവോ? നേതാക്കള്‍ വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നുവോ? സാധാരണ വിശ്വാസികള്‍ എന്നതിനെക്കാള്‍ സഭാ സമൂഹങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരാണ് ഈ അപചയത്തില്‍ കൂപ്പുകുത്തിയതെന്നതാണ് ദയനീയം.

സാമ്പത്തികരംഗത്തും പണമിടപാടുകളിലും സുതാര്യത പാലിക്കുന്നതില്‍ നാം മിക്കപ്പോഴും പരാജയപ്പെട്ടുപോയി. പണാപഹരണം, അഴിമതി, ഭൂമിക്കച്ചവടത്തെ സംബന്ധിച്ച സംശയങ്ങള്‍, വ്യാജരേഖകള്‍ നിര്‍മ്മിച്ചെന്ന ആരോപണം മുതലായ ഒരുപാട് പ്രശ്‌നങ്ങള്‍ അടുത്തകാലത്ത് കേരള സഭാ മണ്ഡലത്തില്‍ ഉയര്‍ന്നു വരുകയുണ്ടായി. അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളും കലഹങ്ങളും സഭാന്തരീക്ഷത്തെ കലുഷിതമാക്കി. ലോകത്തിലെ സാധാരണ മനുഷ്യരുടെ മുമ്പില്‍ പോലും നാം അപഹാസ്യരാകത്തക്കവിധം സാമ്പത്തിക രംഗത്തെ തിരിമറികള്‍ സഭയുടെ മുഖം വികൃതമാക്കി. സത്യത്തിന്റെയും നീതിയുടെയും ആചരണത്തില്‍ ഉയര്‍ന്ന ധാര്‍മ്മികത പുലര്‍ത്തണമെന്ന ക്രിസ്തുവിന്റെ സന്ദേശം എവിടെ? പണത്തിനും സുഖഭോഗങ്ങള്‍ക്കും വേണ്ടിയുള്ള നമ്മുടെ നെട്ടോട്ടമെവിടെ?

ത്യാഗവും കരുണയുമാണ് ക്രിസ്തീയ ധാര്‍മ്മികതയുടെ മുഖമുദ്ര. എന്നാല്‍ ആര്‍ഭാട പൂര്‍ണ്ണമായ ജീവിതശൈലി അവലംബിച്ച, സഭയിലെ നേതാക്കള്‍ പാവപ്പെട്ടവരില്‍ നിന്നകലുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വയം പരിത്യജിച്ച് കുരിശെടുത്ത് പിഞ്ചെല്ലാനുള്ള ആഹ്വാനം പ്രസംഗവേദികളില്‍ പറയുമെന്നല്ലാതെ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ നാം മെനക്കെടാറില്ല.

ലൈംഗിക സദാചാരം, സാമ്പത്തിക സുതാര്യത, ത്യാഗസമ്പൂര്‍ണ്ണമായ ജീവിതശൈലി എന്നിവയിലൊക്കെ മാതൃകയാകേണ്ടവര്‍, അവയെല്ലാം വിളിപ്പാടകലെ മാറ്റിനിറുത്തി സുഖലോലുപതയില്‍ മുഴുകുമ്പോള്‍ സഭയുടെ മുറിവ് ആഴപ്പെടുകയാണ്; വീര്‍ത്തുകെട്ടി ചലം പുറെപ്പടുവിക്കുകയാണ്.

ക്രിസ്തുവിന്റെ സമൂഹം: സ്ഥാപനവല്‍ക്കരണമെന്ന മുറിവ്

ക്രിസ്തു വിഭാവനം ചെയ്ത പുതിയ സമൂഹത്തിന്റെ നഖച്ചിത്രം നടപടി പുസ്തകത്തിലുണ്ട്. ''വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതു സ്വത്തായിരുന്നു.'' എല്ലാം പങ്കുവച്ച് സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കുന്ന ക്രിസ്തീയസമൂഹം ഇന്നത്തെ കേരള സഭയ്ക്ക് ഒരു വെല്ലുവിളിയാണ്. ക്രിസ്തീയ ദര്‍ശനത്തില്‍ സമൂഹം സ്‌നേഹത്തിന്റെ കൂട്ടായ്മയാണ്. അവിടെ പരസ്പര ബഹുമാനവും പങ്കുവയ്ക്കലും കരുതലും ശ്രദ്ധയുമെല്ലാമുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരേയും തള്ളപ്പെട്ടവരേയും കൈകൊടുത്തുയര്‍ത്തി മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നിടത്തു മാത്രമേ യഥാര്‍ത്ഥ കൂട്ടായ്മയുള്ളൂ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം നടന്ന ശ്രദ്ധേയമായ സംഭവമാണ് 'കേരള സഭാ സെമിനാര്‍.' കണ്‍സിലിന്റെ പ്രമാണരേഖകളെപ്പറ്റി സമഗ്രമായ ചര്‍ച്ച നടത്തിയ സെമിനാറില്‍ അവസാനം അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. 'കേരള സഭ ഇനി മുതല്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലല്ല, സമൂഹങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്, ഈ തീരുമാനം നാം വളരെപ്പെട്ടെന്നു മറന്നുപോയി. പുതിയപുതിയ സ്ഥാപനങ്ങള്‍ കെട്ടിപൊക്കുന്നതിനാണ് രൂപതകളും സന്യാസ സഭകളും മത്സരിക്കുന്നത്. ആ സ്ഥാപനങ്ങളില്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജീകരിക്കും. ആര്‍ഭാടപൂര്‍ണ്ണമായ പള്ളികളും കപ്പേളകളും പണിയുന്നതിന് വലിയ മത്സരം തന്നെ കേരള സഭയിലുണ്ട്. ഈ സ്ഥാപനങ്ങളുടേയും പള്ളികളുടേയും നിര്‍മ്മാണത്തിന് കടുത്ത പിരിവാണ് ജനങ്ങളുടെമേല്‍ ചുമത്തുന്നത്. വി. കുര്‍ബാനയ്ക്കിടയ്ക്ക് വചന സന്ദേശം നല്കാനല്ല, പിരിവുകളുടെ നൂലാമാലകള്‍ അവതരിപ്പിക്കാനാണ് ഇടയന്മാര്‍ ഏറെ സമയം ചെലവഴിക്കുന്നത്. ജനം പിരിവുകൊണ്ടു മടുത്തു എന്ന് ചില കുടുംബങ്ങള്‍ പറയുന്നത് ഈയിടെ കേള്‍ക്കാനിടയായി. കോവിഡാനന്തര കാലത്ത്, ജോലി നഷ്ടപ്പെട്ട്, പട്ടിണിയിലും പരിവട്ടവുമായി കഴിയുന്നവരുടെ ഇടയിലാണ് ഈ നിര്‍ബന്ധിത പിരിവുമായി നാം കടന്നുചെല്ലുന്നത്.

സ്ഥാപനവല്‍ക്കരണത്തിന് അമിതശ്രദ്ധ ചെലുത്തുന്നതു മൂലം നാം പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മറക്കുന്നു. ഇടയന്മാര്‍ സ്ഥാപനങ്ങളിലെ മാനേജര്‍മാരായി മാറുന്നു. സമൂഹത്തിലെ പാവപ്പെട്ട കര്‍ഷകരുടേയും തൊഴിലാളികളുടേയും ദളിതരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും സങ്കടങ്ങള്‍ നാം പരിഗണിക്കുന്നതേയില്ല. അവരുടെ കഷ്ടനഷ്ടങ്ങളില്‍ ഓടിയെത്താന്‍ നമുക്കു കഴിയുന്നില്ല. ദുഃഖിതരേയും പ്രാന്തസ്ഥരേയും പ്രത്യേകം പരിഗണിക്കുകയും അവരുടെ ഉല്ക്കര്‍ഷത്തിനായി സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്ന ഇടയന്മാര്‍ സ്ഥാപനവല്‍ക്കരണത്തിലെന്നതിനെക്കാള്‍ സമൂഹ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കും. അവിടെ ജാതി-മത-സമുദായ ചിന്തയൊന്നും പാടില്ല. ഉന്നതമായ മാനവ സ്‌നേഹത്താല്‍ പ്രേരിതമായി കഷ്ടപ്പെടുന്നവര്‍ക്ക് സേവനം ചെയ്യുന്ന സഭയാണ് ക്രിസ്തുവിന്റെ ഹൃദയത്തിനു ചേര്‍ന്ന സഭ. ഇങ്ങനെ പാവങ്ങളോട് പക്ഷം ചേരണമെങ്കില്‍, പാവങ്ങളുടെ കൂടെ പാവപ്പെട്ടവരെപ്പോലെ ജീവിക്കണം. ആര്‍ഭാടക്കാറുകളും സുഖശീതളിമയാര്‍ന്ന മന്ദിരങ്ങളും വെടിഞ്ഞ് ദരിദ്രവും ലളിതവുമായ ജീവിതശൈലി നാം അവലംബിക്കണം. ഇന്ത്യയിലെ ദരിദ്രനാരായണന്മാരുമായി താദാത്മ്യപ്പെടാന്‍ മേല്‍വസ്ത്രം വെടിഞ്ഞ് അര്‍ദ്ധനഗ്നനായി ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിനുപോയ ഗാന്ധിജി നമുക്കു മാതൃകയാണ്. സ്ഥാപനവല്‍ക്കരണത്തിന്റെ ഭ്രാന്ത് ഉപേക്ഷിച്ച്, പാവപ്പെട്ടവരുമായി പക്ഷം ചേരുകയും സമൂഹ നിര്‍മ്മാണത്തിനായി ദരിദ്ര ജീവിതശൈലി അവലംബിക്കുകയും ചെയ്യുന്ന സഭാനേതാക്കള്‍ തീര്‍ച്ചയായും കേരള സഭാ ഗാത്രത്തിലെ മുറിവ് ഉണക്കാന്‍ മുന്‍നിരയിലുണ്ടാവും. ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ ശൈലി കേരള സഭയുടെ കാഴ്ചപ്പാടുകളില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കും.

ക്രിസ്തുവിന്റെ അധികാരം: അധികാരാസക്തിയെന്ന മുറിവ്

''നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനാകട്ടെ'' എന്ന ക്രിസ്തുവചനം അധികാരപ്രമത്തതയ്ക്കും അധികാരാസക്തിക്കുമെതിരായ താക്കീതാണ്. പീഡാനുഭവത്തിന്റെ തലേ രാത്രിയില്‍ ശിഷ്യന്മാരുടെ പാദം കഴുകിക്കൊണ്ട്, യഥാര്‍ത്ഥ അധികാരം വിനീതമായ സേവനമാണെന്ന് അവിടന്നു പഠിപ്പിച്ചു.

കേരളസഭയില്‍ അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള തര്‍ക്കങ്ങള്‍ മിക്കപ്പോഴും മറനീക്കി പുറത്തുവരാറുണ്ട്. സഭയെ ലിറ്റര്‍ജിയുടെ പേരിലോ മറ്റ് അംഗീകാരങ്ങളുടെ പേരിലോ ഭിന്നിപ്പിക്കുന്നതിന് കുത്സിത നീക്കങ്ങള്‍ നടത്താനും നാം മടിക്കാറില്ല. ലോകമധ്യത്തില്‍ സ്ഥാനമാനങ്ങള്‍ നേടാനാണ് നമ്മുടെ വലിയ കച്ചവടം. അതിനുവേണ്ടി ഏത് തിന്മയ്ക്കും ചിലപ്പോള്‍ നാം കൂട്ടു നിന്നെന്നു വരും. സഭയിലെ സന്യാസ സമൂഹങ്ങളിലേക്കും ഈ അധികാരത്തര്‍ക്കങ്ങള്‍ കടന്നുവന്നിട്ടുണ്ട്. അധികാരത്തെ പ്പറ്റിയും ഭരണ നിര്‍വ്വഹണത്തെപ്പറ്റിയും നിലവിലിരുന്ന തെറ്റായ സങ്കല്പങ്ങള്‍ തകിടം മറിച്ച് ക്രിസ്തുവിന്റെ കാഴ്ചപ്പാടില്‍ നിന്ന് നാം പാടേ അകന്നുപോയിരിക്കുന്നു.

അധികാരം കയ്യാളുന്ന സഭാനേതാക്കള്‍ മിക്കപ്പോഴും ധാര്‍ഷ്ട്യത്തോടും ഗര്‍വ്വോടും കൂടി പെരുമാറുന്നു. അങ്ങനെ അധികാരത്തിന്റെ ദുര്‍വിനിയോഗം മൂലം അനേകരെ നാം മുറിപ്പെടുത്തുന്നു. ചിലര്‍ സഭയെ ദുഷിക്കുന്നതിനോ സഭ വിട്ടുപോകുന്നതിനോ ഇത് കാരണമാകുന്നു. കാണാതെപോയ ആടിനെ തേടുന്ന ഇടയന്റെ മനോഭാവം എവിടെ? ആടുകളെ കൊന്നു തിന്നുന്ന ഇടയന്റെ ക്രൂരതയല്ലേ സാധാരണക്കാര്‍ നമ്മില്‍ ദര്‍ശിക്കുന്നത്? അധികാരത്തിനുവേണ്ടിയുള്ള വഴക്കുകളും അധികാരികളുടെ കരുണയില്ലാത്ത പെരുമാറ്റവുമാണ് സഭാ ഗാത്രത്തിനേറ്റിരിക്കുന്ന മറ്റൊരു മുറിവ്.

ക്രിസ്തുവിന്റെ ത്യാഗം: സുഖലോലുപതയുടെ മുറിവ്

ത്യാഗത്തിന്റെ മൂര്‍ത്തിഭാവമാണ് ക്രിസ്തു. സ്വജീവന്‍ മറുവിലയായിക്കൊടുത്ത് മനുഷ്യകുലത്തെ വീണ്ടെടുത്ത രക്ഷകനാണ് അവിടുന്ന്. എന്നാല്‍ ക്രിസ്തുവിന്റെ ത്യാഗോദാരമായ ജീവിതശൈലി ഇന്നത്തെ കേരള സഭയിലുണ്ടോ? ഇന്ന് സാമാന്യജനം വളരെയേറെ കഷ്ടപ്പെടുന്നു. വേദന കടിച്ചമര്‍ത്തിക്കഴിയുന്ന കുടുംബങ്ങളാണ് ചുറ്റുപാടും. രോഗങ്ങളും ദുരിതങ്ങളും മനുഷ്യരെ വേട്ടയാടുന്നു. ഭവനരഹിതര്‍, വിദ്യാവിഹീനര്‍, തൊഴില്‍ രഹിതര്‍, മാനസിക രോഗികള്‍, മാറാരോഗികള്‍, പീഡിതര്‍, ചൂഷിതര്‍ മുതലായവരാണ് നമ്മുടെ ചുറ്റും പാര്‍ക്കുന്നത്. ഇവര്‍ക്കെല്ലാം ആശ്വാസമേകുന്ന ക്രിസ്തുവിന്റെ കരുണയുടെ കരങ്ങളാകാന്‍ കേരളസഭയ്ക്ക് സാധിക്കുന്നുണ്ടോ? മിക്കപ്പോഴും സഭ തങ്ങളുടെ സമുദായത്തിന്റെ ആവശ്യങ്ങളേയും അവകാശങ്ങളേയുംപ്പറ്റി മാത്രം ചിന്തിക്കുന്നു. സര്‍വ്വ സമുദായ മൈത്രി, മതാന്തര സംവാദം, എക്യുമെനിസം തുടങ്ങിയ മഹത്തായ കാര്യങ്ങള്‍ നാം എന്നേ കൈയൊഴിഞ്ഞു!

സഭയുടെ അധികാരികളുടേയും ഇടയന്മാരുടേയും സുഖലോലുപമായ ജീവിതശൈലി സമൂഹത്തിലെ പാവപ്പെട്ടവരുടെയിടയില്‍ ഉതപ്പുണ്ടാക്കുന്നു. തലചയ്ക്കാന്‍ പോലും ഇടമില്ലാത്തവിധം നിസ്വനായ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാന്‍ പരാജയപ്പെടുന്നു. മെത്രാന്മാരും വൈദികരും ആര്‍ഭാടക്കാറുകള്‍ വെടിഞ്ഞ് സാധാരണക്കോരൊടൊത്ത് ബസ്സുകളില്‍ സഞ്ചരിക്കട്ടെ; ആഹാരവും വസതിയുമെല്ലാം ഏറ്റവും ലളിത സമന്വിതമാകട്ടെ. നാം പാവെപ്പട്ട കുടുംബങ്ങളില്‍ കയറിച്ചെന്ന് അവര്‍ക്ക് ആശ്വാസം പകരുന്നവരാകട്ടെ. സന്യാസഭവനങ്ങള്‍ സമൂഹത്തിലെ നിര്‍ദ്ധനര്‍ക്കായി തുറന്നിടട്ടെ. സുവിശേഷ ഭാഗ്യങ്ങള്‍ വിളംബരം ചെയ്യുന്ന ലാളിത്യത്തിലേക്കും ആത്മീയദാരിദ്ര്യത്തിലേക്കും കേരള സഭ വളരുമ്പോള്‍ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ മുഖം അവിടെ തെളിഞ്ഞു നില്‍ക്കും.

ക്രിസ്തുവിന്റെ അനുസരണം: അഹങ്കാരത്തിന്റെ മുറിവ്

സുവിശേഷത്തിലെ ക്രിസ്തു അനുസരണത്തിന്റെ മാതൃകയാണ്. പിതാവിന്റെ ഹിതം നിറവേറ്റുക മാത്രമായിരുന്നു അവിടുത്തെ ജീവിതാഭിലാഷം. ''തെത്തെലേസ്തായി'' (= എല്ലാം പൂര്‍ത്തിയായി) എന്ന് ഉച്ചരിച്ചുകൊണ്ട് അവിടുന്ന് ആത്മാവിനെ സമര്‍പ്പിച്ചു മരിക്കുമ്പോള്‍ പിതാവിന്റെ ഹിതം പൂര്‍ണ്ണമായി നിറവേറ്റിയതിന്റെ സംതൃപ്തിയാണ് പ്രകടിപ്പിച്ചത്. കുരിശുമരണത്തോളം അനുസരണമുള്ളവനായി സ്വയം താഴ്ത്തിയ യേശു അഹങ്കാരത്തിന്റേയും അനുസരണക്കേടിന്റേയും ശൈലി വെടിയാന്‍ നമ്മോട് ആവശ്യപ്പെടുകയാണ്.

സമീപകാലത്ത് കേരളസഭയില്‍ അനുസരണക്കേടിന്റെ അനേകം സംഭവങ്ങളാണ് അരങ്ങേറിയത്. സഭാധ്യക്ഷന്മാര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ പരിധികടന്ന് സമൂഹത്തെ കലുഷിതമാക്കിയപ്പോള്‍, സാധാരണക്കാര്‍പോലും മൂക്കത്ത് വിരല്‍വച്ച് അമ്പരന്നു നിന്നുപോയി. ''അധികാരത്തെ ധിക്കരിക്കുന്നവര്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്'' എന്ന പുതിയ നിയമപ്രബോധനം നാം പാടേ വിസ്മരിച്ചു. സഭയിലെ നേതൃസ്ഥാനത്ത് നില്‍ക്കുന്നവരാണ് ഈ അധികാര ലംഘനത്തിന് മുമ്പില്‍ നിന്നത് എന്നത് നമ്മെ ലജ്ജിപ്പിക്കും. അധികാരത്തെ അംഗീകരിക്കാത്ത സമൂഹം കെട്ടുറപ്പു നഷ്ടപെട്ടു ശിഥിലമാകും. അധികാരികളുടെ ഭാഗത്തുനിന്ന് അന്യായ സമീപനമുണ്ടായാല്‍ പ്രതിഷേധിക്കേണ്ടേ എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. പ്രതിഷേധിക്കാം. അത് സഭാത്മക ചൈതന്യത്തോടെയായിരിക്കണം. ചര്‍ച്ചയുടെയും ഡയലോഗിന്റെയും മാര്‍ഗ്ഗത്തിലൂടെ അധികാരികളും അധീനരും തമ്മിലുള്ള ഭിന്നത പരിഹരിക്കണം. പൊതു നിരത്തിലുള്ള സമര പരിപാടികള്‍ സഭയുടെ മുഖത്തെ മുറിവേല്പിക്കും. അച്ചടക്കം നഷ്ടപ്പെട്ട കുത്തഴിഞ്ഞ സമൂഹമായി കേരള സഭ മാറിയിരിക്കുന്നുവോ?

സമാപനം

കേരള സഭാ നവീകരണത്തിന്റെ ത്രിവത്സര പദ്ധതി ചര്‍ച്ച ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ സഭാ ഗാത്രത്തിനേറ്റിരിക്കുന്ന ഈ ആറു മുറിവുകള്‍ നാം പരിചിന്തനത്തിനു വിഷയമാക്കുമോ? ഈ ആറു മുറിവുകള്‍ക്കും പ്രധാനകാരണക്കാര്‍ സഭയിലെ സാധാരണ വിശ്വാസികളല്ല, സഭയെ നയിക്കുന്ന ഇടയന്മാരും അധികാരികളുമാണ്. അധികാര സ്ഥാനത്തിരിക്കുന്നവരുടെ ജീവിതത്തിലെ ജീര്‍ണ്ണതകളാണ് സഭാ ഗാത്രത്തെ കൂടുതലായി കുത്തി മുറിവേല്പിക്കുന്നത്. അതിനാല്‍ നവീകരണം താഴെത്തട്ടില്‍ നിന്നല്ല, മേലേത്തട്ടില്‍ നിന്നാണ് വരേണ്ടത്. സഭയെ നേതാക്കളും അജപാലകരും ആഴമായ ആത്മവിശകലനത്തിനു തയ്യാറാക്കട്ടെ. ഹയരാര്‍ക്കിയുടേയും സന്യസ്തരുടേയും നവീകരണം തീര്‍ച്ചയായും സഭയുടെ എല്ലാ തലങ്ങളേയും പ്രശോഭിപ്പിക്കും. ഹയരാര്‍ക്കിയോടൊപ്പം അല്മായരുടെ വിവിധ വേദികളിലും സമൂഹത്തിലെ വിവിധ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന അല്മായ നേതാക്കളും നവീകരണത്തിന് സന്നദ്ധരാകട്ടെ. അപ്പോള്‍ കേരള സഭയുടെ മുറിവുകള്‍ സുഖപ്പെടും; അവള്‍ ആരോഗ്യവതിയായി സമൂഹത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org