ചരിത്രത്തെ നിഷേധിക്കുന്ന ആരാധനക്രമ പരിഷ്‌കാരങ്ങള്‍

ചരിത്രത്തെ നിഷേധിക്കുന്ന ആരാധനക്രമ പരിഷ്‌കാരങ്ങള്‍

സീറോ മലബാര്‍ ഹയരാര്‍ക്കി രൂപീകരിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് പിന്നിടാറാകുമ്പോഴും (1923-2023) സഭയുടെ ആരാധനക്രമ പാരമ്പര്യം കൃത്യമായി നമുക്ക് നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല. നമ്മുടെ ആരാധനക്രമ പാരമ്പര്യം ഈസ്റ്റ് സിറിയന്‍ അഥവാ കല്‍ദായ പാരമ്പര്യമാണെന്ന വാദം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തോട് ചേര്‍ന്നുപോകാത്തതും സത്യത്തിന് നിരക്കാത്തതുമാണ്.

പേര്‍ഷ്യയില്‍നിന്ന് കേരളത്തിലേക്കുള്ള കുടിയേറ്റത്തോടെയാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഈസ്റ്റ് സിറിയന്‍ സഭയുമായി ബന്ധത്തിലാകുന്നത്. വ്യാപാര ആവശ്യങ്ങളും പേര്‍ഷ്യയില്‍ ഉണ്ടായ മതമര്‍ദ്ധനങ്ങളുമാണ് ഈ കുടിയേറ്റത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. കുടിയേറിയ സമൂഹത്തോടൊപ്പം അവരുടെ ആത്മീയ നേതൃത്വത്തിനായി മെത്രാന്‍മാരും പുരോഹിതരും വന്നിരുന്നു. എഡി 345-ല്‍ ക്‌നായി തോമയോടൊപ്പം വന്ന ഔസേപ്പ് മെത്രാപ്പോലീത്തയും ഒന്‍പതാം നൂറ്റാണ്ടില്‍ കൊല്ലത്തെത്തിയ സബ്‌റിശോ എന്ന വ്യാപാരിയോടോപ്പം എത്തിയ മാര്‍ സാപ്പോര്‍, മാര്‍ പ്രോത്ത് മെത്രാന്മാരും ഇതിനു തെളിവ് നല്‍കുന്നു. ക്രമേണ വ്യാപാരബന്ധം പേര്‍ഷ്യന്‍ സഭയും കേരള സഭയും തമ്മിലുള്ള ആത്മീയവും ഭരണപരവും ആരാധനക്രമപരവുമായ ബന്ധത്തിലേക്ക് വളര്‍ന്നു.

സീറോ മലബാര്‍ സഭയുടെ തനതായ ആരാധനക്രമ പൈതൃകത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാലാം നൂറ്റാണ്ടു മുതലുള്ള ഈ കല്‍ദായ പാരമ്പര്യം നമുക്ക് വിസ്മരിക്കാനാവില്ല. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം 'ലത്തീനീകരിക്കപ്പെട്ടു' എന്ന് നാം ആരോപിക്കുന്ന മിഷനറിമാരുടെ കാലഘട്ടത്തിലും തുടര്‍ന്ന് നാട്ടു മെത്രാന്‍മാരുടെ ഘട്ടത്തിലും നമ്മുടെ ആരാധനക്രമ കര്‍മ്മങ്ങളില്‍ കല്‍ദായ ആരാധനക്രമത്തിന്റെ സ്വാധീനം വ്യക്തമാണ്. ആരാധനക്രമ കര്‍മ്മങ്ങളിലെ സുറിയാനി ഭാഷയും അദ്ദായി-മാറി അനാഫൊറയുമെല്ലാം നാം തുടര്‍ന്നിരുന്നു.

നമ്മുടെ ആരാധനക്രമ പാരമ്പര്യം ചരിത്രത്തിലൊരിക്കലും പൂര്‍ണ്ണമായും കല്‍ദായമോ ഈസ്റ്റ് സിറിയനോ ആയിരുന്നില്ല. കല്‍ദായ മെത്രാന്മാരുടെ കാലഘട്ടത്തില്‍ പോലും ഈസ്റ്റ് സിറിയന്‍ ആരാധനക്രമം പൂര്‍ണമായും മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. കല്‍ദായ പാരമ്പര്യത്തില്‍ നിന്ന് സ്വീകരിച്ച ആരാധനക്രമ കര്‍മ്മങ്ങള്‍ക്കെല്ലാം പ്രാദേശിക രൂപങ്ങള്‍ നല്‍കി ഭാരതീയ തനിമയോടെയാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ചരിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കായി തയ്യാറാക്കിയ അപ്പം താമരയിലയില്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചിരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനി കളുടെ പൈതൃകം കല്‍ദായമായിരുന്നില്ല. വിവാഹ ഉടമ്പടിയുടെ അടയാളമായി അണിയു ന്ന താലി കല്‍ദായമല്ല, ഭാരതീയമാണ്. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഭരണ സമ്പ്രദായത്തിലെ പള്ളിയോഗങ്ങള്‍ ദ്രാവിഡ പാരമ്പര്യത്തില്‍നിന്ന് സ്വീകരിച്ചതാണ്.

പക്ഷേ നമ്മുടെ ആരാധനക്രമ പാരമ്പര്യം ചരിത്രത്തിലൊരിക്കലും പൂര്‍ണ്ണമായും കല്‍ദായമോ ഈസ്റ്റ് സിറിയനോ ആയിരുന്നില്ല. കല്‍ദായ മെത്രാന്മാരുടെ കാലഘട്ടത്തില്‍ പോലും ഈസ്റ്റ് സിറിയന്‍ ആരാധനക്രമം പൂര്‍ണമായും മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. കല്‍ദായ പാരമ്പര്യത്തില്‍ നിന്ന് സ്വീകരിച്ച ആരാധനക്രമ കര്‍മ്മങ്ങള്‍ക്കെല്ലാം പ്രാദേശിക രൂപങ്ങള്‍ നല്‍കി ഭാരതീയ തനിമയോടെയാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ചരിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കായി തയ്യാറാക്കിയ അപ്പം താമരയിലയില്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചിരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പൈതൃകം കല്‍ദായമായിരുന്നില്ല. വിവാഹ ഉടമ്പടിയുടെ അടയാളമായി അണിയുന്ന താലി കല്‍ദായമല്ല, ഭാരതീയമാണ്. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഭരണ സമ്പ്രദായത്തിലെ പള്ളിയോഗങ്ങള്‍ ദ്രാവിഡ പാരമ്പര്യത്തില്‍നിന്ന് സ്വീകരിച്ചതാണ്.

1896-ല്‍ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ക്ക് നാട്ടു മെത്രാന്മാരെ ലഭിച്ചപ്പോള്‍ അവര്‍ ആഗ്രഹിച്ചിരുന്നത് കല്‍ദായ പാരമ്പര്യങ്ങളെയും ലത്തീന്‍ പാരമ്പര്യങ്ങളെയും ഭാരതീയ പാരമ്പര്യങ്ങളേയും കോര്‍ത്തിണക്കി ഒരു തനതായ ആരാധനക്രമം രൂപപ്പെടുത്തുവാനാണ്. എന്നാല്‍ ഭരണപരമായ ചില കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഇല്ലാതിരുന്നതും വികാരിയാത്തുകളുടെ വളര്‍ച്ച എന്ന ഭാരിച്ച ഉത്തരവാദിത്വവും തങ്ങളുടെ ദര്‍ശനമനുസരിച്ച് തനതായ ഒരു ആരാധനക്രമം രൂപപ്പെടുത്തുന്നതിന് ആദ്യ നാട്ടുമെത്രാന്മാര്‍ക്ക് തടസ്സമാവുകയായിരുന്നു. ഹയരാര്‍ക്കി രൂപീകരണത്തിന് ശേഷം നമ്മുടെ സഭയിലെ മെത്രാന്മാര്‍ എല്ലാവരും ഈ തനതായ ആരാധനക്രമ പാരമ്പര്യത്തിനായി ആഗ്രഹിച്ചിരുന്നെങ്കിലും അതിനു വിപരീതമായി റോമിലെ പൗരസ്ത്യ കാര്യാലയ ത്തിന്റെ തീരുമാനങ്ങളാണ് സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പൈതൃകത്തെ കല്‍ദായ പൈതൃകം ആക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു പ്രാദേശിക വിഭാഗം കല്‍ദായ ഭരണത്തിനു വേണ്ടിയും കല്‍ദായ ആരാധനക്രമ പാരമ്പര്യത്തിന് വേണ്ടിയും ഈ കാലഘട്ടത്തില്‍ പരിശ്രമിച്ചിരുന്നു എന്നുള്ളത് ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്.

1934 നവംബര്‍ 19-ന് നടന്ന പൗരസ്ത്യ കാര്യാലയത്തിന്റെ പ്ലീനറി അസംബ്ലി നമ്മുടെ സഭയെ പരാമര്‍ശിക്കുന്നത് കല്‍ദായ റീത്തിന്റെ മലബാര്‍ ഹയരാര്‍ക്കി എന്നാണ്. (മലബാര്‍ ഹയരാര്‍ക്കി ഓഫ് കാല്‍ഡിയന്‍ റൈറ്റ്). പൗരസ്ത്യ കാര്യാലയത്തിന്റെയും വിവിധ പൗരസ്ത്യസഭകളില്‍ നിന്നും നിയമിക്കപ്പെട്ടിരുന്ന ഉപദേശകരുടെയും സ്വാധീനഫലമായാണ് 1934-ല്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പ മെത്രാന്മാര്‍ ഉപയോഗിക്കേണ്ട കൂദാശകര്‍മ്മത്തിനായി കല്‍ദായ കൂദാശകര്‍മ്മം ഉപയോഗിക്കുവാന്‍ സീറോ മലബാര്‍ സഭാ പിതാക്കന്മാരോട് കല്‍പിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ തനിമ തിരിച്ചറിയാതെയും തനതായ ആരാധനക്രമ പൈതൃകം നിശ്ചയിക്കാതെയുമുള്ള ഈ തീരുമാനം നിശ്ചയമായും പുനരാലോചിക്കപ്പെടേണ്ടതാണ്.

പൗരസ്ത്യ കാര്യാലയം നിലവില്‍ വരുന്നതിന് മുമ്പ് സീറോ മലബാര്‍ സഭയുടെ ഉത്തരവാദിത്വം റോമില്‍ നിര്‍വഹിച്ചിരുന്ന പ്രൊപ്പഗാന്ത ഫീദേ തിരുസംഘം കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ ഔദോക്ക് നല്കുന്ന എഴുത്തില്‍ കല്‍ദായ പാത്രിയാര്‍ക്കീസിന് ഭരണപരമായ ഒരധികാരവും സീറോ മലബാര്‍ സഭയുടെമേലില്ലെന്നും സീറോ മലബാര്‍ ആരാധനക്രമത്തിന് ഈസ്റ്റ് സിറിയന്‍ ആരാധനക്രമവുമായി വലിയ ബന്ധമൊന്നുമില്ലെന്നും പ്രസ്താവിക്കുന്നുണ്ട്. പ്രൊപ്പഗാന്ത ഫീദേയുടെയും പൗരസ്ത്യ കാര്യാലയത്തിന്റെയും നിലപാടുകളില്‍ വൈരുധ്യം വ്യക്തമാകുമ്പോള്‍ എങ്ങനെയാണ് കൂടുതല്‍ പഠനവും ഗവേഷണവുമില്ലാതെ ഈസ്റ്റ് സിറിയന്‍ ആരാധ നക്രമം സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പൈതൃകമായി നിശ്ചയിക്കുന്നത്?

സഭയുടെ തനതായ ആരാധന ക്രമം രൂപപ്പെടുത്തുന്നതിന് പകരം കല്‍ദായ പൈതൃകം മാത്രമാണ് നമ്മുടെ ആരാധനക്രമ പൈതൃകം എന്ന് തീരുമാനിക്കുമ്പോള്‍ ലത്തീന്‍ ആരാധനക്രമ പാരമ്പര്യത്തില്‍നിന്നും നാം സ്വീകരിച്ച ജപമാല, ദിവ്യകാരുണ്യ ആരാധന, കുരിശിന്റെ വഴി, ക്രൂശിതരൂപം, ദര്‍ശന സംഘം, തുടങ്ങിയവയെല്ലാം സീറോ മലബാര്‍ സഭാജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടി വരും. കാരണം, ഇതൊന്നും പൗരസ്ത്യ സുറിയാനി പാരമ്പര്യത്തോട് ചേര്‍ന്നുപോകുന്നവയല്ല. ജനാഭിമുഖ ബലിയര്‍പ്പണം നിരോധിക്കുകയും അള്‍ത്താര അഭിമുഖ ബലിയര്‍പ്പണം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സിനഡിന്റെ തീരുമാനത്തിന് പിന്നിലും സീറോ മലബാര്‍ സഭയില്‍ കല്‍ദായ ആരാധനക്രമം സ്ഥാപിക്കുന്നതിനുള്ള സ്വാര്‍ത്ഥ താല്പര്യം നിഴലിക്കുന്നു. ആരാധനക്രമ തീരുമാനങ്ങളില്‍ സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ലഭിച്ചിട്ടും ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചിട്ടും ഇന്നും ഭാരത സംസ്‌കാരത്തിന് അനുയോജ്യമായ ഒരു തനത് ആരാധനക്രമം രൂപപ്പെടുത്തിയെടുക്കുന്നതിന് പകരം കല്‍ദായ പാരമ്പര്യങ്ങള്‍ മാത്രം മുറുകെപ്പിടിക്കുന്ന സീറോ മലബാര്‍ സിനഡിന്റെ നിലപാട് മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തോടുള്ള നിഷേധവും അനീതിയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org