ആരാധനയും ജീവിതവും

ആരാധനയും ജീവിതവും

ഡോ. ജോസ് വള്ളിക്കാട്ട് MST

'നിന്റെ ഭക്ഷണമാണ് നിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്,' അഥവാ 'നീ എന്ത് കഴിക്കുന്നുവോ അതായിത്തീരും' എന്നത് ചില പരമ്പരാഗത തത്വചിന്തകളും ജീവിത ശൈലീ മതങ്ങളും മുന്നോട്ടുവയ്ക്കുന്ന ഒരു ചിന്തയാണ്. ശാസ്ത്രീയ അടിത്തറ ഇതുവരെയും പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദത്തിലെ സത്യം ആലങ്കാരികമാണ്.

'ഭക്ഷിക്കുന്നത് നാം ആയിത്തീരുന്നു' എന്നത് ശരിയാണെങ്കില്‍ ലോകത്തിലേറ്റവും ഭാഗ്യപ്പെട്ടവര്‍ ക്രൈസ്തവരാണ്, കാരണം ദൈവത്തിന്റെ ശരീരം ഭക്ഷിക്കാന്‍ അവിടുന്ന് നമുക്ക് കൃപ നല്കിയല്ലോ. ഭോജ്യം തന്നെ വിശ്വാസത്തിന്റെ കേന്ദ്രമായി മാറുന്നു എന്നതാണ് ക്രൈസ്തവിക തയെ വ്യതിരിക്തമാക്കുന്നത്. ക്രിസ്തു നല്‍കുന്ന ആ സ്വര്‍ഗീയ ഭോജ്യം ഭക്ഷിച്ചാല്‍ നമുക്ക് ജീവനുണ്ടാകും കാരണം അത് ജീവന്റെ നാഥനായ ക്രിസ്തുവിന്റെ ശരീരമാണ് (യോഹ 6:51).

പ്രാര്‍ത്ഥനയുടെ നിയമം വിശ്വാസത്തിന്റെ നിയമം ജീവിതത്തിന്റെ നിയമം

ശുദ്ധാശുദ്ധി നിര്‍ണ്ണയിക്കുന്നതില്‍ ഭക്ഷണത്തിനു പങ്കില്ല എന്നു ക്രിസ്തുവും (മത്താ. 15:11); ഭക്ഷണത്തിന്റെ ഉള്‍ക്കൊള്ളലോ ഉപേക്ഷിക്കലോ ആത്മീയതയുടെ മാനദണ്ഡം അല്ല (1 കൊറി. 8:8) എന്നു വി. പൗലോസും ഓര്‍മ്മിപ്പിക്കുന്നു. കഴിക്കുന്ന ഭക്ഷണം, ഉടുക്കുന്ന വസ്ത്രം, ആവര്‍ത്തിക്കുന്ന നി ഷ്ഠകള്‍ എന്നിവകളിലേക്ക് ഒതു ങ്ങിപ്പോകുന്ന ഒന്നല്ല ക്രൈസ്തവന്റെ ആത്മീയതയും മതബോ ധവും. ധാര്‍മ്മികതയിലൂന്നിയ മനോഭാവങ്ങളും, പെരുമാറ്റ നിഷ്ഠകളും (മത്താ. 5-7) നീതിയില്‍ അധിഷ്ഠിതമായ സാമൂഹ്യ ബന്ധങ്ങളുമാണ് (മത്താ. 25:31- 46) ഒരു ജീവിതശൈലി എന്ന തര ത്തില്‍ ക്രൈസ്തവികതയെ അട യാളപ്പെടുത്തുന്നത്.

പ്രാര്‍ത്ഥനയുടെ ഉള്ളടക്കം വിശ്വാസത്തിന്റെ സംഹിത ആവുകയും, പ്രാര്‍ത്ഥനയും വിശ്വാസവും ജീവിതത്തിന്റെ മാനദണ്ഡമാവുകയും ചെയ്യുന്നു എന്നാണു 'ഭക്ഷിക്കുന്നത് നാം ആയിത്തീരുന്നു' എന്നതിന്റെ ദൈവശാസ്ത്രപരമായ പരിഭാഷ. ലത്തീനില്‍ lex orandi lex credendi lex vivendi എന്ന് പരിഭാഷപ്പെടുത്താവുന്ന ഇത് ക്രൈസ്തവ ആരാധനയുടെയും, ആത്മീയതയുടെയും, ദൈവശാസ്ത്രത്തിന്റെയും, ജീവിതസാക്ഷ്യത്തിന്റെയും അടിസ്ഥാന പ്രമാണമായി കരുതപ്പെടുന്ന ഒരു സമവാക്യമാണ്. "വിശ്വാസം പ്രാര്‍ത്ഥനയില്‍ (അനുഷ്ഠാനം) പ്രകടമാക്കപ്പെടുകയും, പ്രാര്‍ത്ഥന (അനുഷ്ഠാനം) വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു" എന്ന് ബെനഡിക്ട് പ്രതിനാറാമന്‍ പാപ്പാ
ലളിതമായി വിശദമാക്കുന്നു (സാക്രമെന്തും കാരിത്താതിസ് 6).

പരിശുദ്ധ ആരാധനയില്‍ പ്ര ധാനമായും രണ്ടു കാര്യങ്ങളാണ് നാം ഉള്‍ക്കൊള്ളുന്നത്: ദൈവത്തി ന്റെ വചനവും അവിടുത്തെ ശരീര രക്തങ്ങളും. "എന്റെ വചനം സത്യവും ജീവനുമാണ്" എന്ന് ക്രി സ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട ല്ലോ (യോഹ 6:63). സഭയുടെയും സഭാമക്കളുടെയും ശക്തിയുടെ ഉറവിടവും പിന്തുണയും ദൈവ വചനമാണ്, അത് ആത്മാവിന്റെ ഭക്ഷണമാണ്, നമ്മുടെ ആത്മീയ ജീവിതത്തിന്റെ അവിരാമവും, അ മലവുമായ ഉറവയാണ് (ദേയി വേര്‍ബും 21). അന്തഃസത്ത ഉള്‍ക്കൊണ്ട് അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും നിര്‍വഹിക്കുന്ന അനുഷ്ഠാനങ്ങളും നമ്മെ അടിമുടി മാറ്റിമറി ക്കും എന്നതില്‍ മറുപക്ഷമില്ല. എന്നാല്‍ പ്രാര്‍ത്ഥനകള്‍ ആത്മാവി ലേക്ക് കടക്കാതെ അധരവ്യായാമം ആയി ചുരുങ്ങിയാല്‍ ഈ പരിവര്‍ത്തനം നടന്നെന്നു വരില്ല.

പ്രവര്‍ത്തികളിലേക്കു നയിക്കാത്ത പ്രാര്‍ത്ഥനയുടെ നിരര്‍ത്ഥ കതയെകുറിച്ചു പഴയ നിയമവും (ഏശ. 1:15-17) പുതിയ നിയമവും (യാക്കോ. 1:27) അനിഷേദ്ധ്യമായി പ്രസ്താവിക്കുന്നുണ്ട്. പ്രാര്‍ത്ഥന യും പ്രവര്‍ത്തിയും തമ്മിലുണ്ടാ വേണ്ട സന്തുലിതാവസ്ഥകളെ കുറിച്ച് ഈശോയുടെ ചില കാഴ്ച പ്പാടുകളും നമുക്ക് അറിയാമല്ലോ. കര്‍ത്തൃശുശ്രൂഷാ വ്യഗ്രതയില്‍ ആമഗ്‌നയാവുന്ന മാര്‍ത്തയോട് തന്റെ പാദാന്തികത്തിലിരുന്നു വ ചനം ശ്രവിക്കുന്ന മറിയമാണ് ശ്രേ ഷ്ഠമായത് തിരഞ്ഞെടുത്തത് (ലൂ ക്കാ 10:38-42) എന്ന് ഓര്‍മിപ്പിക്കു ന്ന ക്രിസ്തു തന്നെയാണ് വഴിയ രികില്‍ ആക്രമിക്കപ്പെട്ടു കിടക്കു ന്ന വ്യക്തിയെ പരിചരിക്കുന്നതു നൈഷ്ഠിക ആരാധനയെക്കാള്‍ കേമം (ലൂക്കാ 10:30-37) എന്ന മൗ ലിക നിലപാട് കൈക്കൊള്ളുന്ന തും.

മേല്പറഞ്ഞ സമവാക്യത്തി ലെ lex അഥവാ നിയമം എന്നതി ന്റെ അര്‍ത്ഥം നാം മനസിലാക്കി യിരിക്കണം. ഇവിടെ നിയമത്തെ ആജ്ഞകളുടെയും, അരുതുകളു ടെയും സങ്കലനം എന്ന നയ്യാമിക അര്‍ത്ഥത്തില്‍ അല്ല ഉപയോഗി ച്ചിരിക്കുന്നത്. നമ്മുടെ വിശ്വാസം പടുത്തുയര്‍ത്തിയിരിക്കുന്ന അടിസ്ഥാനങ്ങളുടെയും, തത്വങ്ങളുടെ യും, ഉറവിടങ്ങളുടെയും ആകെ തുകയാണ് അത്. അതിനാല്‍ ത ന്നെ ഓരോ വിശ്വാസിയുടെയും ജീവിതത്തിന്റെ മേല്‍ പ്രഭാവം ചെ ലുത്താന്‍ അതിനു കഴിവുണ്ട് എ ന്ന് മോണ്‍സിഞ്ഞോര്‍ കെവിന്‍ ഇര്‍വിന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്(1). ആരാധനയില്‍ വിശ്വാസം ആചാര പരമായി അവതരിപ്പിക്കപ്പെടുന്നു, ഒപ്പം അവികലമായി സംരക്ഷിക്ക പ്പെടുയും ചെയ്യുന്നു. എന്നാല്‍, ത ന്നില്‍നിന്ന് വേറിട്ട് സ്ഥിതി ചെയ്യു ന്ന ഒരു വസ്തുവല്ല അത്. നമ്മുടെ മനസ്സിനെയും ഹൃദയത്തെയും കരങ്ങളെയും (head, heart and hand) രൂപപ്പെടുത്താനും രൂപാന്ത രപ്പെടുത്താനും ഉള്ള കഴിവും ശക്തിയും അതിനുണ്ട്.

വിശ്വാസത്തിന്റെ നിയമം: ദൈവശാസ്ത്രം

"സഭയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ആരാധനയാകുന്ന അത്യു ച്ചിയിലേക്കാണ് ലക്ഷ്യം വച്ചിരി ക്കുന്നത്, സഭയുടെ ശക്തി നിര്‍ഗ്ഗ ളിക്കുന്നത് ആ സ്ഥാനത്തു നിന്ന് തന്നെ" എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (സാക്രോസാങ്തും കോണ്‍സിലിയും 10) പഠന ത്തില്‍ വിശ്വാസത്തിന്റെ നിയമം (lex credendi) എങ്ങനെ ദൈവശാ സ്ത്രത്തിന്റെയും നമ്മുടെ ആത്മീ യതയുടെയും അടിത്തറയായി മാറുന്നു എന്നത് വ്യക്തമാകുന്നു. അതായത്, ത്രിത്വം, ക്രിസ്തുവിജ്ഞാനീയം, പരിശുദ്ധാത്മശാ സ്ത്രം, സഭാവിജ്ഞാനീയം, ധാര്‍മിക ദൈവശാസ്ത്രം അങ്ങനെ ദൈവശാസ്ത്രത്തിന്റെ ഏതു വി ഭാഗവുമാകട്ടെ അതിന്റെ ആദ്യ സ്രോതസ്സ് വേദപുസ്തകവും ആരാധനാ പാരമ്പര്യങ്ങളും ആവണം (ദേയി വേര്‍ബും 9-10, സാ ക്രോസാങ്തും കോണ്‍സിലിയും 10, 16).

ദൈവശാസ്ത്രം ആരാധനാക്ര മത്തില്‍ നിന്ന് രൂപപ്പെടണം എന്ന രീതിശാസ്ത്രം പിന്തുടരുന്ന പ ണ്ഡിതരില്‍ പലരും ആരാധനയുടെ വാക്കുകളില്‍ (ലേഃ)േ കുടുങ്ങി പോയതായി ഇര്‍വിങ് നിരീക്ഷി ക്കുന്നുണ്ട്.(2) ആ രീതിശാസ്ത്ര ത്തിനു സകാരാത്മകമായ മൂല്യം കല്പിക്കുമ്പോഴും, പാഠ മൗലിക വാദത്തിലേക്കു (textual fundamentalism) വഴുതിവീഴാനുള്ള അപകടം പതിയിരിപ്പുണ്ട്.

സാമൂഹ്യമാനം മറന്ന് ആരാധനയെ തികച്ചും വ്യക്തിപരമായിട്ട് സമീപിക്കുന്നവരുണ്ട്. താനും ദൈവവുമായുള്ള ഹൈ-പ്രൊഫൈല്‍-
ഡീല്‍ ആയിട്ട് മനസ്സിലാക്കുന്നവരുണ്ട്. പരമ പരിശുദ്ധി പ്രാപിക്കാനുള്ള
സ്വകാര്യസംഭവമായി കാണുന്നവരുണ്ട്.

ആരാധനക്രമം കേവലം വാ ക്കുകളുടെ സഞ്ചയമായ പ്രാര്‍ത്ഥ നാപുസ്തകങ്ങള്‍ മാത്രമല്ല. പ്രതീ കാത്മകമായി അവതരിപ്പിക്കപ്പെടു ന്ന ഒരു സാമൂഹ്യ സംഭവം ആണ് ആരാധന; വാക്കുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവ വാക്കുകളിലേക്കു മാത്രം ചുരുക്ക പ്പെടേണ്ടതല്ല. പാരമ്പര്യങ്ങള്‍ അ തിന്റെ പ്രധാന അംശം ആണ് എ ങ്കിലും പരിവര്‍ത്തനത്തിന് അതീ തമാംവണ്ണം അസ്പര്‍ശനീയമായ ഒന്നല്ല അതിന്റെ ഉള്ളടക്കം. ആരാ ധനാക്രമത്തില്‍ നാം അനുഭവി ക്കുന്ന ക്രൈസ്തവ ജീവന്‍ ഉരു ത്തിരിയുന്നതും ലക്ഷ്യം വെക്കു ന്നതും മനുഷ്യജീവിതത്തിന്റെ സ ന്ദര്‍ഭങ്ങളില്‍ (context) നിന്നാണ്. അങ്ങനെ വരുമ്പോള്‍ സന്ദര്‍ഭ ങ്ങള്‍ പാഠം (ഉള്ളടക്കം) ആകുന്നു (context is text) എന്നതോടൊപ്പം പാഠം സന്ദര്‍ഭത്തെ രൂപപ്പെടുത്തു കയും ചെയ്യുന്നു (text shapes context). ആരാധനാക്രമം എന്നത് സന്ദര്‍ഭത്തില്‍ അവതരിപ്പിക്കപ്പെടുന്ന പാഠം ആണ് (liturgy is enacted text in context). ആരാധനയിലെ വാക്കുകള്‍ വിശ്വാസിയുടെ വ്യക്തിപരവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ് വ്യാഖ്യാനി ക്കപ്പെടേണ്ടത്, അതെ സമയം ജീവിത സന്ദര്‍ഭങ്ങള്‍ ആരാധനയുടെ വാക്കുകളുമായി സമരസപ്പെട്ടു വേണം ജീവിക്കപ്പെടുവാന്‍. (3) അങ്ങനെ ആരാധനയും ജീവിതവും അഭേദ്യമായി ബന്ധമുള്ളതാവുക യും, പ്രാര്‍ത്ഥനയുടെ നിയമം (ആ രാധന) ദൈവശാസ്ത്രത്തിന്റെ അ ടിത്തറ ആവുകയും ചെയ്യും.

പ്രാര്‍ത്ഥന, വിശ്വാസം, ജീവിതം

മൂന്നാമതായി, ജീവിതത്തിന്റെ നിയമത്തെ (lex vivendi) കുറിച്ച് പരാമര്‍ശിക്കാം. രക്ഷാകര ചരിത്ര ത്തിന്റെ അനുസ്മരണവും (അനം നെസിസ്) വരാനിരിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിന്റെ (എസ്‌കത്തോളജിക്കല്‍) പ്രതീക്ഷയും സമ്മേളിച്ചി രിക്കുന്നു എന്നതാണ് ആരാധനാ ക്രമത്തിന്റെ സൗന്ദര്യം. ഇവ രണ്ടിന്റെയും സാമൂഹ്യമായ (എക്ലേസിയോളജിക്കല്‍) അനുഷ്ഠാനമാണ് ആരാധന. കഴിഞ്ഞു പോയതി നെ ഓര്‍ക്കുകയും വരാനിരിക്കു ന്നതിനെ പ്രതീക്ഷിക്കുകയും ചെ യ്യുന്ന സഭ ആഘോഷിക്കുന്ന ജീവിതമാണ് ആരാധന.

ദൈവം നമുക്ക് "നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹ ങ്ങള്‍ക്കുമായുള്ള" കൃതജ്ഞതാ പ്രകാശനമാണ് ആരാധന എന്ന ത് പോലെ തന്നെ "ലോകത്തില്‍ സമാധാനം ഉണ്ടാകുവാനും, വത്സരത്തിലെ കാലങ്ങള്‍ ഐശ്വര്യ പൂര്‍ണമാകുവാനും" വേണ്ടിയുള്ള "നീതിമാന്മാരുടെ സ്തോത്രാലാ പനം" കൂടിയാണ്. ക്രൈസ്തവ ആരാധനയുടെ ഒരു പ്രധാന പ്ര മേയമായ അനുരഞ്ജനം ദൈവവും മനുഷ്യരും തമ്മിലും, മനുഷ്യര്‍ തമ്മില്‍ തമ്മിലും സാധിത മാക്കുന്നതു "നീതിയുടെ സല്‍പ്ര വര്‍ത്തികളാല്‍ ജീവിതകാലം മുഴു വന്‍ ദൈവത്തെ യഥോചിതം പ്രീ തിപ്പെടുത്തുമ്പോഴാണ്."

രണ്ടു ബലികള്‍ നന്നായി ഇണങ്ങുമ്പോഴാണ് ആരാധന പൂര്‍ണ്ണവും അര്‍ത്ഥവത്തും ആകുന്നത്. ദേവാലയത്തിനുള്ളില്‍ നടക്കു ന്ന അനുഷ്ഠാന ബലിയും ലോകത്തില്‍ നടക്കുന്ന ജീവിതബലിയും. ദൈവജനം പൊതുമണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകളാ ണ് ആരാധനയുടെ ആധികാരികത വര്‍ധിപ്പിക്കുന്നത്. ദൈവിക വെളിപാടുകളുടെ അവിഭാജ്യഘടകമായ ക്രൈസ്തവ ധാര്‍മ്മികതയില്‍ (ദേയി വേര്‍ബും 7) ഊന്നിയ നിലപാടുകളും, സമീപനങ്ങളും, ഇടപെടലുകളുമാണ് ആരാധനയെ ജീവിതഗന്ധിയാക്കുന്നത്.

നീതിയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തികളിലേക്ക് ആരാധന നയിക്കണം എന്ന് സഭയുടെ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. (4) സാക്രമെന്തും കാരിത്താത്തിസില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നല്‍കുന്ന പ്രബോധനം ഇതാണ്: കര്‍ത്താവിന്റെ ബലിയുടെ ഓര്‍മ്മയായി കുര്‍ബാനയില്‍ അവിടുന്ന് നമ്മുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും, നീതിയോടുള്ള പ്രതിബദ്ധത വഴി വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അനുരഞ്ജനം സാധിതമാ ക്കുകയും ചെയ്യുന്നു. നീതിയുടെ പുനഃസ്ഥാപനം, അനുരഞ്ജനം, പാപമോചനം എന്നിവയാണ് യ ഥാര്‍ത്ഥ സമാധാനം കെട്ടിപ്പടുക്കു ന്നതിനുള്ള വ്യവസ്ഥകള്‍. ഈ വസ്തുത തിരിച്ചറിയുന്നത് അന്യായമായ ഘടനകളെ രൂപാന്തരപ്പെ ടുത്തുന്നതിനും ദൈവത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും അന്തസ്സിനെ മാനിക്കുന്നതിനുമുള്ള ഒരു ദൃഡനിശ്ചയത്തിലേക്ക് നയിക്കുന്നു. ഇത് വഴിയാണ് വിശുദ്ധ കുര്‍ബാന നമ്മുടെ ജീവിതത്തിന്റെ തന്നെ ആഘോഷമായി മാറുന്നത്. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തേണ്ടത് സഭയുടെ പ്ര ധാന കടമയല്ല; എന്നിരുന്നാലും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സഭ പിന്നിലേക്ക് മാറുന്നില്ല. യുക്തിസഹമായ സംവാദത്തിലൂടെ, ആത്മീയ ഊര്‍ജ്ജത്തെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് സഭ ഈ പങ്ക് നിര്‍വഹിക്കും (സാക്രമെന്തും കാരിത്താതിസ് 89).

ആരാധനയുടെ ആധികാരികത

പ്രാര്‍ത്ഥനയുടെ നിയമം (lex orandi) ശരിയായെങ്കില്‍ വിശ്വാസ വും (lex credenti) ജീവിതവും (lex vivendi) ശരിയായി എന്നു വാദിക്കുന്ന ആരാധനക്രമ പണ്ഡിതരുടെ ഇടയിലാണ് നാം ജീവിക്കുന്നത്. താത്വികമായി ഇത് ശരിയാണ് എങ്കിലും പ്രായോഗികമായി ഇത് ശരിയാവണം എന്നില്ല. വിശപ്പിനാലും, രോഗത്താലും, അനീതിയ ലും, ഒഴിവാക്കപെടലിനാലും, പീ ഡനങ്ങളാലും അനുനിമിഷം മുറി വേറ്റു കൊണ്ടിരിക്കുന്ന ഒരു ലോ കത്തിന്റെ ബലിവേദിയില്‍ "ക്ലേശി തരും, ദുഃഖിതരും, ദരിദ്രരും, പീഡിതരും, രോഗികളും ആകുലരു മായ എല്ലാവര്‍ക്കും" വേണ്ടി അര്‍പ്പിക്കപ്പെടുന്ന ബലി സ്വീകാര്യമാവുന്നതു ആരാധനാ പുസ്തകത്തിലെ വാക്കുകളുടെയും വിധികളുടെയും പരിപൂര്‍ണതയെ ആ ശ്രയിച്ചാണോ? പ്രകൃതിയെ ചൂഷണം ചെയ്യുകയും ദുരുപയോഗി ക്കുകയും ചെയ്തിട്ട് "സര്‍വ്വചരാചരവും ദൈവമഹത്വത്തെ വാഴ് ത്തിപ്പാടുന്നു" എന്ന് പാഠശുദ്ധി യില്‍ ഗീതം ആലപിച്ചാല്‍ ആ ആരാധന അര്‍ത്ഥപൂര്‍ണമാകുമോ?

"യുദ്ധങ്ങള്‍ ഒഴിവാക്കണമേ, യുദ്ധപ്രിയരെ ചിതറിക്കേണമേ, കലഹത്തില്‍നിന്നും, ശത്രുതയില്‍നിന്നും വിമുക്തരാക്കണമേ, സമാധാനത്തിലും ശാന്തിയിലും ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാവട്ടെ" എന്നൊക്കെ ആരാധനാവ്യാകരണ ശുദ്ധിയോടെ പ്രാര്‍ത്ഥിക്കുന്ന പലരും 'സൈന്യം' രൂപീകരിച്ചു യുദ്ധം ചെയ്യാനുള്ള നിശ്ചയദാര്‍ ഢ്യവുമായിട്ടാണ് ഇന്ന് പള്ളിക്കു പുറത്തേക്ക് ഇറങ്ങുന്നത്.

സമീപകാലങ്ങളില്‍ നമ്മുടെ സഭ വലിയ ധാര്‍മിക അപചയ ത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അധികാരശ്രേണിയുടെ മുകള്‍ മുതല്‍ താഴേക്ക് പല തട്ടുകളിലും ഈ ജീര്‍ണ്ണത ദാര്‍ശനീയമാണ്. സാമ്പത്തിക ക്രമക്കേടുകള്‍ ചെയ്യുന്നവര്‍ മുതല്‍ ലൈംഗിക അപഭ്രംശം ഉള്ളവര്‍ വരെ വൈദിക ഗണത്തില്‍ ഉള്ളതായി കാണപ്പെടുന്നു. അതിലും ഞെട്ടി ക്കുന്നത്, ശുശ്രൂഷയുടെ ഉത്തര വാദിത്ത ഭാരത്താല്‍ വിഷാദത്തി ലേക്കും, നിരാശയിലേക്കും വീഴുന്നവരും, ജീവിതം അവസാനിപ്പി ക്കുന്നവരുമാണ്. പാഠശുദ്ധിയുള്ള പ്രാര്‍ത്ഥനകള്‍ പ്രത്യാശ പകരു ന്നില്ലേ? അവ ഉറപ്പുള്ള വിശ്വാസത്തിലേക്ക് നമ്മെ നയിക്കുന്നില്ലേ? ജീവിതത്തെ സന്തോഷത്തോടും ദൈവകൃപയിലും ആഘോഷിക്കുവാന്‍ അവ നമ്മെ പ്രാപ്തരാ ക്കുന്നില്ലേ?

മറ്റു ചിലരാവട്ടെ സാമൂഹ്യമാ നം മറന്ന് ആരാധനയെ തികച്ചും വ്യക്തിപരമായിട്ടാണ് സമീപിക്കുന്നത്. താനും ദൈവവുമായുള്ള ഹൈ-പ്രൊഫൈല്‍-ഡീല്‍ ആയി ട്ട് മനസ്സിലാക്കുന്നവരുണ്ട്. പരമ പരിശുദ്ധി പ്രാപിക്കാനുള്ള സ്വകാ ര്യസംഭവമായി കാണുന്നവരുണ്ട്. ലോകം മുഴുവന്‍ അഴുക്ക് ആണ് എന്നാണ് അവര്‍ കരുതുന്നത്. "വിശുദ്ധ സ്ഥലത്തു സഞ്ചരിച്ച പാദങ്ങള്‍ കൊണ്ട് പ്രകാശത്തിന്റെ സ്ഥലത്തു സഞ്ചരിക്കാന്‍ ഇടയാകട്ടെ" എന്ന് പ്രത്യാശിക്കുന്ന വി ശ്വാസി അഴുക്കിന്റെ വഴിയില്‍നിന്ന് മാറി നടക്കാന്‍ തല്പരനെങ്കിലും ആ അഴുക്കിനെ വാരിക്കളഞ്ഞു വഴി ശുദ്ധമാക്കാനുള്ള ഉത്ത രവാദിത്തം മറക്കുന്നു.

ഉപസംഹാരം

പിതാവിന്റെ മാതൃകയില്‍ സദാ സമയവും പ്രവര്‍ത്തന നിരത മാവുന്ന ക്രിസ്തുവിനെ പോലെ (യോഹ 5:17), കര്‍ത്താവിന്റെ രക്ഷ ണീയ പ്രവൃത്തിയില്‍ അനുനിമി ഷം പങ്കാളികളാവേണ്ടവരല്ലേ ന മ്മള്‍. "നിന്റെ രാജ്യം വരണമേ" എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ആ രാജ്യം വിഭാവനം ചെയ്യുന്ന സമത്വപൂര്‍ണ്ണവും സര്‍വ്വത്രികവു മായ സമൂഹ സൃഷ്ടിയിലേക്കു നയിച്ചില്ലെങ്കില്‍ ആരാധനകള്‍ വെറും ആചാരങ്ങളായി അധഃപതിക്കും. അതിനായി അവന്‍ നമ്മില്‍ നിക്ഷേപിച്ചിരിക്കുന്നത് അധീരതയുടെ ആത്മാവിനെ അല്ലല്ലോ, ശക്തിയുടെയും, സ്‌നേഹത്തിന്റെ യും, ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെ അല്ലെ? (2 തിമോ. 1:7).

നീതി പ്രവര്‍ത്തിക്കുകയും, ക രുണ കാട്ടുകയും ചെയ്യുന്ന എളിമയാണല്ലോ ദൈവം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് (മിക്ക. 6:8). അപ്പോള്‍ സജീവശിലകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ആത്മീയഭവ നമായി നാം പരിവര്‍ത്തനപ്പെടും (1 പത്രോ. 2:5). അവിടെ നമുക്ക് നീതിയുടെ സല്‍പ്രവര്‍ത്തികള്‍ കൊണ്ട് കര്‍ത്താവിനു സ്‌തോത്രം പാടാം.

സഹായക ഗ്രന്ഥങ്ങള്‍

1. Irwin, K.W. The Sacraments: Historical Foundations and Liturgical Theology, New York: Paulist Press. Pp. 170-199.
2. Irwin, K.W. (2018). Context and text: A method for liturgical theology.
3. Irwin, Ibid.
4. കാണുക: ദീയസ് ദോമിനി, സാക്ര മെന്തും കാരിത്താത്തിസ്, മാനെ നോബിസ്‌കും ദോമിനെ, ദേവൂസ് കാരിത്താസ് എസ്ത്, ഇവാന്‍ജെലി ഗാവുദിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org