
എം.ജെ. തോമസ് എസ്.ജെ.
"എങ്ങുമെപ്പോഴും അങ്ങേയ്ക്കു ഞങ്ങള്‍ കൃതജ്ഞത അര്‍പ്പിക്കുക ഉചിതവും, ന്യായവും, യോഗ്യവും, രക്ഷാകരവുമാണല്ലോ" എന്നത് കുര്‍ബാനയിലെ പ്രാര്‍ത്ഥനയാണ്. ദൈവത്തെ പ്രീതിപ്പെടുത്തുക, പ്രസാദിപ്പിക്കുക എന്നത് ആദ്ധ്യാത്മിക ജീവിതത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നു. "കര്‍ത്താവിന്റെ മുമ്പില്‍ ഞാന്‍ എന്തു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുമ്പില്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ദഹനബലിക്ക് ഒരു വയസ്സുള്ള കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്? ആയിരക്കണക്കിന് മുട്ടാടുകളിലും പതിനായിരക്കണക്കിന് എണ്ണപ്പഴങ്ങളിലും അവിടുന്നു പാത്രീഭൂതനാകുമോ?" (മിക്കാ. 6:6-7). പ്രവാചകന്‍ മറുപടി നല്കുന്നു: "മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കൂ, കരുണ കാണിക്കൂ, നിന്റെ ദൈവത്തിന്റെ സന്തതിയാല്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്?" (മിക്കാ. 6:8). എന്നിട്ടും കാഴ്ചവയ്ക്കലും ബലിയര്‍പ്പണവും തഴച്ചുവളരുന്നു. ഇന്നും അങ്ങനെതന്നെ.
ഇതിനോട് ദൈവത്തിന്റെ പ്രതികരണം. "നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ട. നിങ്ങളുെട വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല. നീതി ജലം പോലെ ഒഴുകട്ടെ. സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും" (ആമോ. 5:21-23; ഏശ. 1:11-16). ജറുസലേം ദേവാലയം തകര്‍ക്കപ്പെടുമെന്ന് യേശു പ്രവചിച്ചതിനര്‍ത്ഥം ബ്രഹത്തായ ആരാധനാലയങ്ങളുടെ അപ്രസക്തിയാണ്. ദേവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നു കൊണ്ടു പോകുന്നത് വിലക്കിയതിനര്‍ത്ഥം (മര്‍ക്കോ. 11:17) വിപുലമായ ആരാധനാ ശുശ്രൂഷയുടെ അന്ത്യമാണ്.
ശുശ്രൂഷിക്കപ്പെടാനോ, സംപ്രീതനാക്കപ്പെടാനോ ദൈവം ആഗ്രഹിക്കുന്നില്ല എന്നത് ഇതില്‍ നിന്നും, യേശുവിന്റെ തന്നെ മനോഭാവങ്ങളില്‍നിന്നും വ്യക്തമാണ്. പ്രത്യുത, നമ്മെ പ്രീതിപ്പെടുത്താനുള്ള നിരന്തര യജ്ഞത്തിലാണ് ദൈവം. ഇതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സൃഷ്ടികര്‍മ്മത്തിനു മുമ്പേ നമ്മള്‍ ദൈവത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു. തനിക്കുള്ളതെല്ലാം പങ്കുവയ്ക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. എന്തൊരു സ്‌നേഹം! ദൈവം പറുദീസാ സൃഷ്ടിച്ചത് മനുഷ്യര്‍ അവിടെ പൂര്‍ണ്ണ സന്തോഷത്തില്‍ ജീവിക്കുമെന്നുള്ള പ്രതീക്ഷയോടെയാണ്. സ്വന്തം സന്ദര്‍ശനത്തിലൂടെ ദൈവം അവരെ സന്തോഷിപ്പിച്ചു. ദൈവത്തിന്റെ കാലൊച്ച കേള്‍ക്കാന്‍ അവര്‍ കാത്തിരുന്നു. ആദത്തെയും ഹൗവ്വയെയും കാണാതായപ്പോള്‍, കരുതലുള്ള പിതാവിനെപ്പോലെ ദൈവം വിളിച്ചു ചോദിച്ചു, "എവിടെയാണ് നിങ്ങള്‍?" പറുദീസാ വിട്ടുപോകേണ്ടി വന്നപ്പോള്‍ ദൈവം അവരെ അന്തസ്സായി വസ്ത്രമണിയിക്കുകയും അനുരഞ്ജനം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇസ്രായേല്‍ അടിമത്തത്തിലായിരുന്നപ്പോള്‍ ദൈവം ഏറെ വേദനിച്ചു. ബലിഷ്ഠമായ കരങ്ങള്‍ കൊണ്ട് അവരെ രക്ഷിച്ചു. ഭക്ഷണവും പാനീയവും നല്കി, സൂര്യന്റെ കൊടുംചൂടില്‍നിന്നും സംരക്ഷിച്ച്, അന്ധകാരത്തിലും നയിച്ച്, തേനും പാലും ഒഴുകുന്നിടത്ത് കുടിയിരുത്തി. കര്‍ത്താവിന്റെ രക്ഷാകര സ്‌നേഹപ്രവൃത്തികള്‍ പ്രവാചകരിലൂടെയും രാജാക്കന്മാരിലൂടെയും തുടര്‍ന്നു. ഇതിന്റെ പരകോടിയായിരുന്നു യേശുവിന്റെ ജീവിതവും ശുശ്രൂഷയും.
ദൈവത്തെ നേരിട്ടറിഞ്ഞ യേശു ദൈവത്തെ അവതരിപ്പിക്കുന്നത് ഒരു തൊഴിലാളിയായിട്ടാണ്, കര്‍ഷകനായിട്ടാണ്. നാം ഉറങ്ങുമ്പോഴും നമുക്കുവേണ്ടി കര്‍മ്മ നിരതനായിരിക്കുന്ന ദൈവം. അതിലൂടെയാണ് നാം ജീവിക്കുന്നത്. വൃക്ഷങ്ങളും ചെടികളും വളരുന്നതും, കായ്കനികളില്‍ മധുരം നിറയുന്നതും ഏറ്റവും വലിയ ധനികനുപോലും അസാധ്യമായ രീതിയില്‍ പുഷ്പങ്ങളെ അണിയിച്ചൊരുക്കുന്നതും, പ്രപഞ്ചത്തില്‍ താളവും സുസ്വരതയും നിലനിറുത്തു ന്നതും ദൈവമാണ്. ക്ലേശങ്ങള്‍ സഹിച്ച് നഷ്ടപ്പെട്ട ആടിനെ കണ്ടെത്തുന്നവനും അതില്‍ സന്തോഷിക്കുന്നവനുമായ ഇടയനെപ്പോലെയാണ് ദൈവം.
"സൂര്യനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന സ്‌നേഹമാണ് ദൈവം" (Dante). "സകലത്തിലും ദൈവത്തിന്റെ അക്ഷയമായ ചൈതന്യം വസിക്കുന്നു" (ജ്ഞാനം 12:1). "ദൈവത്തിന്റെ ശക്തിയാണ് എന്തെങ്കിലും തരുന്നതെന്ന്" ടാഗോര്‍ (Tagore) പറയുന്നു.
ദൈവസ്‌നേഹത്തെപ്പറ്റി അതിമനോഹരമായി ടാഗോര്‍ പറയുന്നത് ശ്രദ്ധിക്കാം. "പൊന്നുമോനെ, നിനക്കായ് ഞാന്‍ വര്‍ണ്ണഭംഗിയുള്ള കളിപ്പാട്ടങ്ങള്‍ കൊണ്ടു വരുമ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് മാനത്തും ജലവിതാനത്തിലും നിറങ്ങളുടെ ഉത്സവമുള്ളതെന്ന്; പൂവുകള്‍ ഇത്ര മനോഹരമാക്കപ്പെട്ടിരിക്കുന്നതെന്ന്. നീ നൃത്തം ചെയ്യാനായി ഞാന്‍ പാടുമ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് കാറ്റിലാടുന്ന ഇലകളുടെയും തിരമാലകളുടെയും സംഗീതമെന്ന്. നിന്റെ കൊതിതീര്‍ക്കാനായി ഞാന്‍ മധുരപലഹാരങ്ങള്‍ കൊണ്ടുവരുമ്പോള്‍, എനിക്കറിയാം എന്തുകൊണ്ടാണ് വൃക്ഷങ്ങള്‍ നിറയെ തേനുള്ളതെന്ന്, പഴങ്ങളില്‍ രുചികരമായ ചാറുള്ളതെന്ന്. നിന്റെ ചിരി കാണാനായി ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍, എനിക്കറിയാം ആകാശത്തു നിന്നു ചൊരിയുന്ന ഇളംവെയിലിന്റെ സുഖവും, ഇളംകാറ്റിന്റെ തലോടലും എന്തുകൊണ്ടെന്ന്."
മനുഷ്യരുടെ ഏറ്റവും ചെറിയ നന്മ പ്രവൃത്തിയിലും ദൈവം സന്തോഷിക്കുന്നെന്നും, ദൈവം നന്ദിയുള്ളവനാണെന്നും ഒരു ദര്‍ശനത്തിലൂടെ Juliana of Nonwich-നു മനസ്സിലായി. ഇതായിരുന്നു ദര്‍ശനം: അതിവിശിഷ്ടമായ വിരുന്നിലേക്ക് ദൈവം എല്ലാവരെയും ക്ഷണിക്കുന്നു. വിരുന്നിനിടയില്‍ ദൈവം ഓരോരുത്തരുടെയും അടുത്തുചെന്ന് ഓരോ നല്ല പ്രവൃത്തിക്കും നന്ദി പറയുന്നു. ഇതെത്ര മനോഹരം.
ഇങ്ങനെയുള്ള ദൈവം തീര്‍ച്ചയായും നമ്മുടെ നന്ദിയും സ്‌തോത്രവും അര്‍ഹിക്കുന്നുണ്ട്. നന്ദിയും സ്‌തോത്രവും നിര്‍മ്മിക്കാനാവുന്നതല്ല. അവ യഥാര്‍ത്ഥമാകുന്നത്, തൃപ്തികരമാകുന്നത്, അവ നൈസര്‍ഗികമായി ഹൃദയത്തില്‍ നിന്നും പൊട്ടിയൊഴുകുമ്പോഴാണ്. ഇത് സംഭവിക്കുന്നത് ദൈവം എത്ര നല്ലവനാണെന്നു രുചിച്ചറിയുമ്പോഴാണ്. ഇതിന്, ദൈവം ന മുക്കായി ചെയ്തിട്ടുള്ള വന്‍കാര്യങ്ങളെപ്പറ്റി ബോധമുണ്ടായിരിക്കണം. പ്രകൃതി (Nature) ദൈവസ്‌നേഹത്തിന്റെ പ്രകാശനമായതുകൊണ്ട് പഞ്ചേന്ദ്രിയങ്ങളിലൂടെനാം പ്രകൃതിയുമായി ജൈവബന്ധത്തിലായിരിക്കണം. അപ്പോള്‍ ഉരുത്തിരിയുന്ന നന്ദിയും ആശ്ചര്യവും ആരാധനയും വാക്കുകളിലൂടെ എന്നതിലേറെ ജീവിതത്തിലൂടെ, ദൈവത്തിന് ഏറ്റവും പ്രീതീകരമായ പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കപ്പെടണം (സെന്റ് ഇഗ്‌നേഷ്യസ്).
നാം ദൈവത്തെ മഹത്വപ്പെടുത്തുക നാം ആയിരിക്കുന്നതിലൂടെയാണ്, അനുഷ്ഠാനങ്ങളിലൂടെയും ഉരുവിടുന്നതിലൂടെയുമല്ല. "God's glory is man fully alive" എന്ന വി. ഇറനേവൂസിന്റെ കാഴ്ചപ്പാട് തികച്ചും ശ്രദ്ധേയമാണ്. ഇവിടെ നെഹ്രുവിന്റെ ഒരനുഭവം പ്രസക്തമാണ്. പ്രഭാതത്തില്‍ ദീനരോദനം കേട്ട നെഹ്‌റു പുറത്തു വന്നപ്പോള്‍ കണ്ടത് മുള്‍ച്ചെടികളില്‍ കുടുങ്ങിയ ഒരുവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ്. നെഹ്രു അയാളെ രക്ഷപ്പെടുത്തി. തന്റെ രക്ഷിതാവിന്റെ പേരും ജോലിയുമറിയാന്‍ അയാള്‍ ആഗ്രഹിച്ചു. നെഹ്രു പറഞ്ഞു. 'ഞാന്‍ നെഹ്രു ആണ്. മതവും സംസ്‌കാരവും എന്ന വിഷയത്തില്‍ ഒരു ലേഖനം എഴുതുകയാണ്.' ആ മനുഷ്യന്‍ പ്രതികരിച്ചു: 'മഹത്തായ കാര്യം. അങ്ങിപ്പോള്‍ ചെയ്ത പ്രവൃത്തിയാണ് മതം. അങ്ങില്‍ ഉള്ളതാണ് സംസ്‌കാരം." "യഥാര്‍ത്ഥമതം അഗതികളെയും വിധവകളെയും സഹായിക്കലത്രേ" (യാക്കോബ് 1:27).
"ഞാന്‍ ദൈവമാണ്, മനുഷ്യനല്ല" (ഹോസി. 11:9) എന്ന വെളിപാട് നാം കൂടുതല്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യനില്‍ നിന്നും ആകവേ വ്യത്യസ്തനാണ്. ദൈവം സമ്പൂര്‍ണ്ണ ആനന്ദാതിരേകമത്രേ. ദൈവത്തിന് ഒന്നിന്റെയും കുറവില്ല. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വ ജ്ഞാനിയും നിരുപാധിക സ്‌നേഹവുമായ ദൈവത്തിന് ആരുടെയും ഉപദേശമോ നിര്‍ദ്ദേശങ്ങളോ ആവശ്യമില്ല. നേര്‍ച്ച കൊടുത്ത് മാത്രം ദൈവത്തെ സ്വാധീനിക്കാനും സാധ്യമല്ല. ഇതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം: ദൈവത്തിന്റെ നിരുപാധികസ്‌നേഹത്തില്‍ ആശ്രയിക്കുക. കരുണയില്‍ വളര്‍ന്നു കൊണ്ടിരിക്കുക (ലൂക്കാ 6:36), നീതി സ്ഥാപിക്കുക. ഏറ്റവും ചെറിയ നന്മപ്രവൃത്തിക്കും അത്യുദാരമായ പ്രതിഫലം കൊടുക്കുന്നവനാണ് ദൈവം (മത്താ. 25:34-40). നമ്മെ സംപ്രീതരാക്കുവാന്‍ ദൈവം കര്‍മ്മനിരതനാണ്.