തുറന്നിട്ട ക്ലാസ് മുറികള്‍

തുറന്നിട്ട ക്ലാസ് മുറികള്‍

നീജോ ജോസഫ് പുതുശ്ശേരി

തുറന്നിട്ട ക്ലാസ്മുറി വിദ്യാര്‍ത്ഥികളില്‍ കേന്ദ്രീകൃതമാണ്. അവിടെ അധ്യാപകര്‍ വശങ്ങളിലേക്ക് മാറി ഒരു മെന്റര്‍, അല്ലെങ്കില്‍ ഒരു കര്‍ട്ടന്‍ റെയ്‌സര്‍ എന്നീ നിലകളില്‍ ക്ലാസ്മുറിയുടെ ചുമരുകള്‍ ചേര്‍ന്ന് നീങ്ങുന്ന നിശബ്ദനായ വിശുദ്ധനാകണം. കുട്ടികള്‍ക്ക് സംസാരിക്കുവാനും അവന്റെ മനോഭാവങ്ങള്‍ തുറന്നുകാട്ടുവാനുമുള്ള വേദികള്‍ ക്ലാസ്മുറിയില്‍ ഒരുക്കണം; ഒരുക്കപ്പെടണം. തങ്ങള്‍ക്ക് ഇടമുള്ളിടത്തെ കുഞ്ഞുങ്ങള്‍ ആനന്ദത്തോടെ സമയം ചിലവഴിക്കൂ. അതിന് താഴെ പറയുന്ന സമീപനങ്ങള്‍ ഉപകരിക്കുമെന്ന് കരുതുന്നു.

1) വിശ്വാസ പരിശീലന ഉറവിടങ്ങള്‍: ഓരോ ഇടവകയിലും അവിടെ വിശ്വാസം വളരാന്‍ ഇടയാക്കിയ സംഭവങ്ങള്‍, ഇടങ്ങള്‍, വ്യക്തികള്‍, കൂട്ടായ്മകള്‍, രക്തസാക്ഷിത്വങ്ങള്‍ എന്നിവയെല്ലാം തന്നെ വിശ്വാസ പരിശീലനത്തിന്റെ പ്രാദേശിക ഉറവിടങ്ങളാണ്. വിശ്വാസ പരിശീലനം ആരംഭിക്കേണ്ടത് ഇത്തരം ഉറവിടങ്ങളില്‍ നിന്നുമാണ്. ഇത്തരം ഉറവിടങ്ങളെ ആസ്പദമാക്കി പഠനാനുഭവം കൂടുതല്‍ ആകര്‍ഷകവും പ്രസക്തവും ആക്കുന്നതിന് വീഡിയോകള്‍, ആനിമേഷനുകള്‍, സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഈ മാര്‍ഗങ്ങള്‍ കുട്ടികളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുകയും അത് വിശ്വാസവേദിയില്‍ വേണ്ടവിധം ഉപയോഗിക്കപ്പെടുകയും ചെയ്യും.

2) ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍: ഓണ്‍ലൈന്‍ കാറ്റക്കെറ്റിക്കല്‍ പ്രോഗ്രാമുകള്‍, വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ കത്തോലിക്കാ പ്രബോധനങ്ങളിലേക്ക് സൗകര്യപ്രദമായ പ്രവേശനം നല്‍കുകയും യുവ/കൗമാര പഠിതാക്കളുടെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

കുട്ടികളുടെ മനോഭാവങ്ങള്‍ തുറന്നു കാട്ടുവാനുമുള്ള വേദികള്‍ ക്ലാസ്മുറിയില്‍ ഒരുക്കണം; ഒരുക്കപ്പെടണം. തങ്ങള്‍ക്ക് ഇടമുള്ളിടത്തെ കുഞ്ഞുങ്ങള്‍ ആനന്ദത്തോടെ സമയം ചിലവഴിക്കൂ.

3) ഗ്രൂപ്പ് ചര്‍ച്ചകള്‍: വിശ്വാസ പരിശീലന ക്ലാസുകള്‍ കൂടുതലായി ഒരു ചെറിയ ഗ്രൂപ്പ് ചര്‍ച്ച ഫോര്‍മാറ്റ് സ്വീകരിക്കുന്നു. അവിടെ കുട്ടികള്‍ക്ക് അവരുടെ വിശ്വാസത്തെക്കുറിച്ച് അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും, ലഘു കുറിപ്പ് തയ്യാറാക്കാനും, ചര്‍ച്ചകള്‍ നടത്താനും അങ്ങനെ വ്യക്തിപരമായ പഠനത്തിലേക്കും.

4) എക്‌സ്പീരിയന്‍ഷ്യല്‍ ലേര്‍ണിംഗ്: വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുന്നതിനുവേണ്ടി ഈശോ ധാരാളം അനുഭവങ്ങള്‍ ശിഷ്യഗണത്തിന് പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഈ മാതൃക അനുധാവനം ചെയ്തുകൊണ്ടാണ് വിശ്വാസ പരിശീലന പരിപാടികളിലും ഹാന്‍ഡ് ഓണ്‍ എക്‌സ്പീരിയന്‍ഷ്യല്‍ ലേര്‍ണിംഗ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദാഹരണമായി, തീര്‍ത്ഥാടനം, സേവന പദ്ധതികളില്‍ പങ്കെടുക്കല്‍, പ്രാര്‍ത്ഥനകള്‍, കാരുണ്യ പ്രവര്‍ത്തികള്‍, ധ്യാനം, ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ എന്നിവ. ഇത്തരം വിവിധ ബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വഴിയായി കുട്ടികളില്‍ ഈശോ അനുഭവം ആഴപ്പെടുന്നു.

5) കഥ പറച്ചിലും ആഖ്യാന സമീപനവും: കഥ പറച്ചില്‍ ഒരു പ്രാചീന ബോധന സമീപനമായി കണ്ടെക്കാം. കഥപറച്ചില്‍ ശക്തി തിരിച്ചറിഞ്ഞ് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉപയോഗിച്ചാല്‍ അത് കുട്ടികളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കും. വ്യക്തികളുടെ വിശ്വാസ സാക്ഷ്യങ്ങള്‍, വിശുദ്ധരുടെ ജീവിതവഴികള്‍ സഭയുടെ വളര്‍ച്ചാപടവുകള്‍ എന്നിവയെല്ലാം പി പി ടി യുടെ സഹായത്തോടെ അവതരിപ്പിച്ചാല്‍ മനോഹരമായിരിക്കും. കുട്ടികള്‍ക്കും ഇത്തരം കഥപറച്ചിലിനും ആഖ്യാനങ്ങള്‍ക്കും അവസരം നല്‍കിയാല്‍ ക്ലാസ് മുറി ഉറപ്പായും തുറന്നിട്ടവ തന്നെയാകും.

6) സജീവ പങ്കാളിത്തം: ചോദ്യങ്ങള്‍ ചോദിക്കാനും അവരുടെ ചിന്തകളും അഭിപ്രായങ്ങളും സംശയങ്ങളും ബോധ്യങ്ങളും തെറ്റിദ്ധാരണകളും പ്രകടിപ്പിക്കാനും കത്തോലിക്ക പഠിപ്പിക്കലുകളെ ക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം. ഇതിന് അധ്യാപകര്‍ ഒരു ആക്ടീവ് ഒബ്‌സര്‍വെറായി ഉയരണം. അവിടെ കുട്ടികള്‍ അവരുടെ പ്രശ്‌നങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം തന്നെ വിശ്വാസ പരിശീലകനോട് പങ്കുവയ്ക്കാന്‍ തയ്യാറാക്കുന്ന ഒരു ഓപ്പണ്‍ ഫോറത്തിനാണ് നിങ്ങള്‍ തുടക്കമിടുന്നത്.

പുതിയ ലാസര്‍മാര്‍ക്ക് ജന്മം കൊടുക്കാന്‍, ദൈവത്തിലേക്ക് തിരിച്ചു നടക്കുന്ന ധൂര്‍ത്ത പുത്രന്മാരെ തിരഞ്ഞു പിടിക്കാന്‍, വഴിതെറ്റിപ്പോയ നൂറാമത്തെ ആടിനെ കണ്ടെത്തുന്നതിനായി നോവനുഭവിക്കുവാന്‍ ഇനിയും കുറെ ദൂരം നമുക്ക് യാത്ര ചെയ്യാനുണ്ട്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെ ജെറുസലേമിലേക്ക് മടക്കി കൊണ്ടുവരുവാന്‍, ഈശോ അവരോടൊപ്പം ആയിരുന്നതുപോലെ കുട്ടികളോട് ഒപ്പം നടന്ന് ഈശോയിലേക്ക് അവരെ നയിക്കുവാന്‍ വിശ്വാസപരിശീലകര്‍ക്ക് സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org