സത്യത്തെ പ്രസവിച്ച സ്ത്രീ

സത്യത്തെ പ്രസവിച്ച സ്ത്രീ
എന്നും എക്കാലത്തും എല്ലാവര്‍ക്കും സുസ്ഥിതി ഉണ്ടാകുവാന്‍ മനുഷ്യന്‍ ഏകനാകാതെ ഒരു ജനതയാകാന്‍ കഴിയണം എന്നാണ് ബൈബിള്‍ നല്കു ന്ന പാഠം. ഏകനായിരിക്കാന്‍ ശ്രമിക്കു ന്ന മനുഷ്യന്‍ മറ്റുള്ളവരില്‍ നിന്നു അകലാനുള്ള പ്രവണത പുലര്‍ത്തുന്നു.

'സത്യം' അറിയാത്ത മനുഷ്യര്‍ 'ഹത്യ'യിലേക്ക് നയിക്കപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരുന്നു. അടുത്തിടെ വായിച്ച പത്രവാര്‍ത്തയനുസരിച്ച് കുടുംബത്തകര്‍ച്ച മൂലമുള്ള ആത്മഹത്യ ഏറ്റവും അധികം കേരളത്തിലാണെന്നും കൊല്ലമാണ് മുന്നിലെന്നും സ്ഥിതിവിവരക്കണക്കുള്ളതായി പറയുന്നു.

ആലോചനാത്മകമായതിനെയാണ് 'ആത്മാവ്' എന്ന് വിളിക്കുന്നത്. മനുഷ്യന്റെ ബുദ്ധി, ആലോചന, ബോദ്ധ്യം, മനസ്സ് എന്നീ ഘടകങ്ങളുടെ സംവേദന വേദിയാണ് ആത്മീയതലം. ആത്മീയതലം പ്രവര്‍ത്തിക്കുവാനുള്ള ഇന്ധനം അഥവാ പ്രേരകം, അറിവാണ്. മനുഷ്യബുദ്ധിയിലേക്ക് കടന്നുവരുന്ന അറിവിനെ വിചാരം കൊണ്ട് വിവേചിച്ച് ആലോചന നടത്തുമ്പോള്‍ ബോദ്ധ്യപ്പെടുന്നത് പ്രവര്‍ത്തിക്കാനുള്ള മനസ്സുണ്ടാകുന്നു. അങ്ങനെ മനസ്സിലുദിക്കുന്നത് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യനില്‍ പ്രവൃത്തി ജനിക്കുന്നത് അങ്ങനെയാണ്.

ബുദ്ധിയിലേക്ക് കടന്നുവരുന്ന അറിവ് 'ഹത്യ'യുടേതാണെങ്കില്‍ ഹത്യ നടത്താനുള്ള വിദ്യയായിരിക്കും പ്രവര്‍ത്തിക്കുക. വരുന്നത് സത്യത്തിന്റെ അറിവാണെങ്കില്‍ സത്യമെന്ന 'സത്സ്ഥിതിത്വം' ലഭിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. കടന്നുവരുന്ന അറിവ് സത്യമാണോ ഹത്യയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നവര്‍ ഹത്യയുടെ അറിവിനെ ഉപേക്ഷിച്ച് സത്യത്തിന്റെ അറിവിനെ ഉപയോഗിച്ച് സത്സ്ഥിതിത്വം കൈവരുത്തുന്നു. അതിനുള്ള തിരിച്ചറിവില്ലാത്തവര്‍ ഹത്യയെ സത്യമെന്ന് തെറ്റിദ്ധരിക്കുകയും നന്മയെന്ന് വിചാരിക്കുന്നത് തിന്മയായി ഭവിക്കുകയും ചെയ്യും. ആലോചനയോടെ നടത്തുന്ന ഹത്യയാണ് ആത്മഹത്യ.

അതുകൊണ്ട് സത്യാന്വേഷണം നടത്തുക എന്നതാണ് കരണീയം. സത്യം അന്വേഷിച്ച് കണ്ടെത്താനുള്ള ഒരു വേദിയാണ് വിശുദ്ധ ബൈബിള്‍. ഒരു കുടുംബത്തകര്‍ച്ചയുടെ ചിത്രീകരണമാണ് ബൈബിളിലെ ആദ്യപുസ്തകത്തിലുള്ളത്. കുടുംബത്തകര്‍ച്ച സാമൂഹ്യത്തകര്‍ച്ചയായി പരിണമിക്കുന്നതിന്റെ പരിണതഫലങ്ങളാണ് തുടര്‍ന്നുള്ള പുസ്തകം.

ഉത്തമകുടുംബവും ഉത്തമസമൂഹവും സൃഷ്ടിക്കുന്നതിനുള്ള തത്വശാസ്ത്രമാണ് പത്ത് കല്പനകളുടെ പുസ്തകം. ജനലക്ഷങ്ങളെ സാക്ഷിയാക്കി, അത്ഭുതകരമായ അടയാളങ്ങളോടെ കല്പനകളുടെ പുസ്തകം നല്കാന്‍ വേണ്ടിയുള്ള ഒരുമ്പാടിന്റെ പുസ്തകമാണ് പുറപ്പാടിന്റെ പുസ്തകം. ദൈവകല്പനകള്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള ദൈവനിര്‍ദ്ദേശാനുസരണം മോശയാല്‍ തയ്യാറാക്കപ്പെട്ടതാണ് സംഖ്യയുടെ പുസ്തകം. കല്പനകളുടെ ദൈ വികസാക്ഷ്യങ്ങള്‍ പ്രവാചകന്മാര്‍ വഴി നല്കപ്പെട്ടതാണ് പ്രവാചകന്മാരുടെ പുസ്തകം.

പഠനങ്ങളെ ജീവിതപരിശീലനങ്ങളാക്കി മാറ്റുന്നതിന്റെ പുസ്തകങ്ങളാണ് രാജാക്കന്മാരുടെ പുസ്തകം. ദൈവമനുഷ്യബന്ധത്തിലെ ജീവിതസൂക്തങ്ങളുടെയും സ്തുതികീര്‍ത്തനങ്ങളുടെയും പുസ്തകങ്ങളാണ് പ്രഭാഷകന്റെ പുസ്തകങ്ങളും സങ്കീര്‍ത്തനങ്ങളും. ദൈവകല്പനകളുടെ പഠനം ജീവന്റെ അറിവ് സമ്പാദിക്കലാണ് എന്നു വെളിപ്പെടുത്തുന്നതാണ് ജ്ഞാനത്തിന്റെ പുസ്തകം. ജ്ഞാനം നേടിയ മനുഷ്യനും സര്‍വ്വജ്ഞനായ ദൈവവും സംഗമിക്കുന്നതിന്റെ സന്തോഷം മണവറയിലെ മണവാളനും മണവാട്ടിയുമായുള്ള സംഗമത്തിലെ പ്രണയഗീതം പോലെ ആനന്ദകരമാണെന്ന് വര്‍ണ്ണിക്കുന്നതാണ് ഉത്തമഗീതം എന്ന പുസ്തകം.

സത്യമായ കുടുംബവും സത്യമായ സമൂഹവും സൃഷ്ടിച്ചെടുക്കുന്നതിന്റെ ക്രിസ്തുമാര്‍ഗ്ഗം പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിളിലെ പുതിയ നിയമപുസ്തകം; സത്യം സത്യമായി പഠിപ്പിക്കുന്ന ക്രിസ്തുവചനങ്ങള്‍ അതിലുണ്ട്. സത്യം എന്നത് സത്സ്ഥിതിത്വമാണെന്നും അതിന്റെ പേരാണ് സ്വര്‍ഗ്ഗരാജ്യമെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നും എക്കാലത്തും എല്ലാവര്‍ക്കും സുസ്ഥിതി ഉണ്ടാകുവാന്‍ മനുഷ്യന്‍ ഏകനാകാതെ ഒരു ജനതയാകാന്‍ കഴിയണം എന്നാണ് ബൈബിള്‍ നല്കുന്ന പാഠം.

ഏകനായിരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ മറ്റുള്ളവരില്‍ നിന്നു അകലാനുള്ള പ്രവണത പുലര്‍ത്തുന്നു. വെറുപ്പ്, വിദ്വേഷം, പക, അ സഹിഷ്ണുത, അക്ഷമ, ശകാരം, ശത്രുത എന്നിവയെല്ലാം അതിന്റെ പ്രകടിതസൂചനകളാണ്. അത്തരക്കാര്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും സുസ്ഥിതി അനുവദിക്കുന്നില്ല.

എന്നാല്‍ ഒരു ജനതയാകാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ സ്‌നേഹം, വാത്സല്യം, സഹതാപം, സഹിഷ്ണുത, ക്ഷമ, ദയ കാരുണ്യം എന്നിങ്ങനെയുള്ള പ്രവണതകള്‍ പുലര്‍ത്തുന്നു. അപ്പോള്‍ ചുറ്റുമുള്ളവരുമായി ഐക്യം, സമാധാനം, സഹവര്‍ത്തിത്വം, വളര്‍ച്ച, ഉയര്‍ച്ച, ഉന്നതി, സന്തോഷം എന്നിവ കൈവരുത്തുന്നു. അപ്പോള്‍ എല്ലാവര്‍ക്കും അത് സുസ്ഥിതിയായി പരിണമിക്കുന്നു.

അതിനുള്ള ഒരുക്കമാണ് ആണ്‍സന്താനങ്ങള്‍ പുരുഷന്മാരായും പെണ്‍സന്താനങ്ങള്‍ സ്ത്രീകളായും അറിവിലും ആരോഗ്യത്തിലും പൂര്‍ണ്ണതയിലെത്തുക എന്നത്. 'പുരുഷന്‍' എന്ന വാക്കിനര്‍ത്ഥം 'പരിപൂര്‍ണ്ണതയുള്ള മനുഷ്യന്‍' എന്നാണ്. പരിപൂര്‍ണ്ണതയുടെ അറിവ് സമ്പാദിച്ച് പ്രയോഗിക്കുകയാണ് മാര്‍ഗ്ഗം. 'സ്ത്രീ' എന്ന പദം സൂചിപ്പിക്കുന്നത് 'സത്യത്തിന്റെ സൃഷ്ടിതി' എന്നാണ്. സത്യത്തിന്റെ മനുഷ്യരൂപം സൃഷ്ടിക്കുവാനുള്ള അറിവും ആര്‍ദ്രതയുമാണ് യഥാര്‍ത്ഥ സ്ത്രീത്വം - സ്ത്രീ 'കന്യക'യായിരിക്കുക എന്നത്, സൃഷ്ടിയുടെ ഒരുക്കത്തിനുള്ള പൂര്‍ണ്ണതയാണ് സൂചിപ്പിക്കുന്നത്.

സത്യത്തെ പ്രസവിച്ച സ്ത്രീയാണ് ബൈബിളില്‍ വിവരിക്കുന്ന 'കന്യകാസ്ത്രീ' എന്ന ബഹുമതിയുള്ള 'മറിയം'. സ്ത്രീ എന്ന പദവി 'അമ്മ' എന്ന പദവിയേക്കാള്‍ ഉന്നതമാണ്. അതുകൊണ്ടാണ് മറിയത്തിന്റെ മകനായ ക്രിസ്തു രണ്ട് സുപ്രധാന വേളയില്‍ തന്റെ അമ്മയെ 'സ്ത്രീ' എന്ന് അഭിസംബോധന ചെയ്തത് 'മറിയത്തിന് ഭര്‍ത്താവായി ലഭിച്ച ഉത്തമനായ പുരുഷനായിരുന്നു ജോസഫ്. ഉത്തമ കുടുംബത്തിന്റെ ഉത്തമ സന്താനമായ ക്രിസ്തു സത്യത്തിന്റെ മനുഷ്യരൂപമാണ്. ക്രിസ്തു സത്യം തന്നെ എന്ന് വെളിപ്പെടുത്തിയത് അധികാരിയായിരുന്ന പീലാത്തോസിന്റെ മുമ്പില്‍ വിചാരണവേളയിലാണ്.

സ്‌നേഹവും ജ്ഞാനവും സംയോജിക്കുമ്പോള്‍ അവിടെ സത്യം ജനിക്കുന്നു. അതാണ് ബൈബിള്‍ നല്കുന്ന പാഠം. ആധുനിക സമൂഹത്തിന് സുസ്ഥിതിയുടെ അറിവാണാവശ്യം. അതിന് ആരോഗ്യകരമായ ആഹാരക്രമം പഠിച്ചറിയണം; സത്‌സ്വഭാവികളായ സന്താനസൃഷ്ടി പഠിച്ചറിയണം; ജീവസന്ധാരണത്തിന് ആവശ്യമായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം എന്നിവ ഉത്പാദിപ്പിക്കാനാവശ്യമായ സാങ്കേതികവും സാഹചര്യാനുസൃതവും ഭൂപ്രകൃതിക്കനുസൃതവുമായ ശാസ്ത്രീയവിദ്യ പഠിച്ചറിയണം. സാമൂഹ്യസമാധാനത്തിന്റെ സഹകരണക്രമം പഠിച്ചറിയണം. ഇവയാണ് ആലോചനാത്മകമായ ആത്മീയപഠനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org