ദൈവജനത്തെ കേള്‍ക്കല്‍ എന്ന ഗൃഹപാഠം വേണ്ടത്ര ചെയ്യാതെയാകും ലോകത്തിന്റെ പല കോണുകളില്‍ നിന്നുമുള്ള സഭാ പ്രതിനിധികള്‍ സിനഡിന് എത്തിച്ചേരുക. എന്നിരുന്നാലും, കുറവുകളെ സദാ പരിഹരിക്കുന്ന നമ്മുടെ കര്‍ത്താവിന്റെ ആത്മാവ്, അറപ്പുള്ളത് കഴുകിയും വാടിപ്പോയത് നനച്ചും രോഗപ്പെട്ടത് പൊറുപ്പിച്ചും കടുപ്പമുള്ളത് മയമാക്കിയും ആറിപ്പോയത് ചൂടാക്കിയും പിരിവായത് തിരിച്ചും തന്റെ പവിത്രീകരണ ധര്‍മ്മം നിറവേറ്റുമെന്ന് പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം.
ലോഗോ
സിനഡാലിറ്റിയെക്കുറിച്ച് ഒരു സിനഡ് വരാന്‍ പോകുന്നു എന്ന പ്രഖ്യാപനം രണ്ടുവര്‍ഷം മുമ്പ് ഉണ്ടായപ്പോള്‍ അതോടനുബന്ധിച്ച് സിനഡ് 2021-2023 എന്ന കുറിമാനത്തോടുകൂടി വത്തിക്കാന്‍ പുറത്തിറക്കിയ ലോഗോ ഒത്തിരി ആനന്ദത്തിന്റെ കുളിര് നല്‍കുന്നതായിരുന്നു. മുന്നോട്ടു ചാഞ്ഞു നില്‍ക്കുന്ന ഒരു മരം: അതിനു ചുവട്ടിലൂടെ മുന്നോട്ട് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരു തീര്‍ത്ഥാടക സമൂഹം! ചാഞ്ഞു നില്‍ക്കുന്ന മരത്തെ സൂക്ഷിച്ചു നോക്കിയാല്‍ അത് ഏതാണ്ട് ഒരു താവു പോലെയോ കുരിശു പോലെയോ തോന്നിക്കും. അപ്പോള്‍ അത് കുരിശു തന്നെ. കുരിശിന്റെ നിഴലിലാണ് സഭാ സമൂഹത്തിന്റെ യാത്ര. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍, അത് മുന്നോട്ടുവിരിച്ച രണ്ടു ചിറകുകള്‍ ആയി ഒരു മാലാഖയുടെയോ പ്രാവിന്റെയോ രൂപമായി തോന്നും. അപ്പോള്‍ അത് പരിശുദ്ധാത്മാവിന്റെ പ്രതീകം കൂടിയാകും. മുകളില്‍ പൂര്‍ണ്ണവൃത്താകാരത്തില്‍ ഒരു സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ട്. പരിശുദ്ധ കുര്‍ബാനയുടെ അപ്പത്തെയും അത് സൂചിപ്പിക്കും. കുരിശിന്റെ നിഴലില്‍, പരിശുദ്ധാത്മാവിന്റെ നടത്തിപ്പില്‍, ദിവ്യകാരുണ്യത്തിന്റെ വഴിയപ്പത്തോടൊപ്പം മുന്നോട്ടുപോകുന്ന ദൈവജനം. കുട്ടികളും യുവതയും കുഞ്ഞുങ്ങളും വൃദ്ധരും ഭിന്നശേഷിക്കാരും സമര്‍പ്പിതരും മെത്രാനും ചേര്‍ന്ന വിഭിന്ന നിറങ്ങളിലുള്ള മനുഷ്യര്‍ ഒത്തുചേര്‍ന്ന് ദൈവരാജ്യത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു ചെറുഗണം. ഇവിടെ മെത്രാനോ സമര്‍പ്പിതരോ ഗണത്തിന്റെ മുന്നിലോ പിന്നിലോ അല്ല ഒപ്പമാണ്, മധ്യത്തിലാണ്. തീരുന്നില്ല, പരസ്പരം കരുതുന്ന, തുണയ്ക്കുന്ന ഒരു സ്‌നേഹസമൂഹം കൂടിയാണിത്. പരസ്പരം കൈകോര്‍ത്തും തോളില്‍ കൈചേര്‍ത്തും വീല്‍ചെയര്‍ ഉന്തിയും കുട്ടിയെ തോളില്‍ വഹിച്ചും ആണ് അവരുടെ നടപ്പ്! 'ഒരു സിനഡല്‍ സഭയ്ക്കായ്: പങ്കുവയ്പ്, പങ്കാളിത്തം, ദൗത്യം' എന്നാണ് ചുവട്ടിലെ ക്യാപ്ഷന്‍. ആ ലോഗോ തന്നെ തൃപ്തിയും ആനന്ദവും വിസ്മയവും പ്രദാനം ചെയ്യുന്നതായിരുന്നു!
സിനഡാലിറ്റി?
ഗ്രീക്ക് ഭാഷയിലെ 'sun' = ഒരുമിച്ച്, 'hodos' = വഴിയേ, എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്ന് ഒരുമിച്ച് ഒരു വഴിയെ യാത്രയാവുക എന്ന അര്‍ത്ഥത്തില്‍ ആണ് സിനഡാലിറ്റി എന്ന പദം ഉണ്ടാകുന്നത്.
സഭയിലെ ആദ്യത്തെ സിനഡ് നടക്കുന്നത് ക്രിസ്തുവര്‍ഷം 49 ല്‍ ആണ്. പൗലോസും ബര്‍ണബാസും സീലാസും മറ്റും വിജാതീയ ജനപദങ്ങളുടെ മധ്യേ ദൈവരാജ്യ പ്രഘോഷണം നടത്തുകയും, അവരോടൊന്നിച്ചുള്ള ജീവിതത്തിലും പ്രവര്‍ത്തനത്തിലും നിന്ന് രൂപപ്പെട്ട ഒരു സഭാ ജീവിതമാതൃക അവര്‍ക്ക് നല്‍കുകയും ചെയ്തു പോന്നു. അങ്ങനെയിരിക്കേയാണ് ജെറുസേലമില്‍ നിന്ന് ഏതാനും പാരമ്പര്യവാദികള്‍ അവിടെയെത്തുന്നതും അവര്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതും. ആദ്യം യഹൂദനായെങ്കില്‍ മാത്രമേ ക്രിസ്ത്യാനിയാകാന്‍ കഴിയൂ എന്ന് അവര്‍ വാദിക്കുന്നു. അതായത് ഛേദനാചാരം, സാബത്താചരണം, ഭക്ഷണത്തിലെ ശുദ്ധവും അശുദ്ധവും നോക്കല്‍, പിന്നെ ജീവിത രീതിയിലെ വിശുദ്ധി, ഇവ പാലിക്കപ്പെടണം. പ്രാദേശിക സഭയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ സഭാ സമൂഹം പൗലോസിനെയും ബാര്‍ണബാസിനെയും സഹോദരന്മാരില്‍ ചിലരെയും ഒരു സംഘമായി ജെറുസലേമിലേക്ക് അയക്കുന്നു. സ്വാഭാവികമായും അവര്‍ക്കുമുന്നേതന്നെ സംഘത്തെ അയയ്ക്കുന്നു എന്ന സന്ദേശം അവര്‍ക്ക് എത്തിച്ചിട്ടുണ്ടാകണം. അങ്ങനെ അവിടെയുള്ള പത്രോസും ഒരു പക്ഷേ യോഹന്നാനും യേശുവിന്റെ കസിനായിരുന്ന യാക്കോബും സഭയിലെ മൂപ്പന്മാരും പ്രതിനിധികളും വിജാതീയ സഭയില്‍ നിന്ന് എത്തിയ പ്രതിനിധികളും പൗലോസും ബാര്‍ണബാസും ചേര്‍ന്ന് ഒരു കൗണ്‍സില്‍ ചേരുന്നു. 'വിജാതീയരുടെ മാനസാന്തരവും അതിനുള്ള നിബന്ധനകളും' എന്നതായിരുന്നു അവരുടെ ചര്‍ച്ചാവിഷയം. യാക്കോബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡിന്റെ അന്ത്യത്തില്‍ അപ്പസ്‌തോലന്മാര്‍ ഒരു ഡിക്രി പുറത്തിറക്കുന്നു. അങ്ങനെയായിരുന്നു സഭയിലെ ആദ്യത്തെ കൗണ്‍സില്‍ (അപ്പ.പ്ര. 15). സത്യത്തില്‍ അതിനുംമുമ്പ് കൗണ്‍സിലിന്റെ മറ്റൊരു പ്രയോഗം നമുക്ക് കാണാം. ജറുസലേം സഭയില്‍ വിധവകളെ പരിചരിക്കുന്ന കാര്യത്തില്‍ യവനഭാഷ സംസാരിക്കുന്ന വിധവകളോട് വിവേചനം കാണുന്നുണ്ട് എന്ന പരാതിയുയരുമ്പോഴാണ് അപ്പസ്‌തോലന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് കാര്യം ചര്‍ച്ച ചെയ്ത്, ഡീക്കന്മാര്‍ എന്നുള്ള ഒരു പുതിയ തസ്തിക ഉണ്ടാക്കി ഏഴ് ഡീക്കന്മാരെ നിയോഗിച്ചാക്കുന്നത് (അപ്പ.പ്ര. 6:1-15). ഇങ്ങനെ, സഭയുടെ ആരംഭദശ മുതല്‍ തന്നെ അപ്പസ്‌തോലന്മാരും മൂപ്പന്മാരും സഭാപ്രതിനിധികളും ചേരുന്ന ആലോചനസമിതികള്‍ ആയിരുന്നു സഭയില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്ന് കാണാം.
ഫ്രാന്‍സിസ് പാപ്പയുടെ നിയോഗത്തിന്റെ ആരംഭം മുതല്‍ തന്നെ അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അരൂപി മുന്നോട്ടു കൊണ്ടുപോകുവാന്‍ താല്‍പര്യം കാണിച്ചിരുന്നു. സഭാസമൂഹം ഒരുമിച്ച്, പങ്കാളിത്തത്തോടെ യാത്ര ചെയ്യേണ്ട ഒന്നാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. അതിന് വിഘാതം നില്‍ക്കുന്ന ഘടകങ്ങളായ ഹയരാര്‍ക്കിക്കലിസം, ലീഗലിസം, ക്ലരിക്കലിസം എന്നിവയെ അദ്ദേഹം പലവുരു വിമര്‍ശനബുദ്ധ്യാ സമീപിക്കുന്നതായും നാം കാണുന്നുണ്ട്. സത്യത്തില്‍, കോളീജിയാലിറ്റിയും പങ്കാളിത്തവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഊന്നലുകളായിരുന്നു. അതിനുമുമ്പ് അധികാരമത്രയും റോമില്‍ നിക്ഷിപ്തമായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം രൂപപ്പെടുത്തിയ കാനന്‍ നിയമസംഹിത ഒത്തിരി അധികാരങ്ങള്‍ പ്രാദേശിക മെത്രാന്‍ സമിതികള്‍ക്ക് നല്‍കി. അതേപോലെ, പൗരസ്ത്യ സഭകള്‍ക്കും അവയുടേതായ നിയമങ്ങളും സഭാചട്ടങ്ങളും ഉണ്ടാക്കാനും പല കാര്യങ്ങളും പ്രസ്തുത സഭാസിനഡുകളില്‍ തീരുമാനിക്കാനും ഉള്ള അധികാരങ്ങള്‍ കൈവന്നു. അപ്പസ്‌തോലിക പാരമ്പര്യത്തിലെ പിന്‍ഗാമികള്‍ ആണ് മെത്രാന്മാര്‍ എന്നതിനാല്‍ സൂന്നഹദോസിന്റെ ദര്‍ശനപ്രകാരം അവര്‍ അധ്യക്ഷത വഹിക്കുന്ന ഓരോ രൂപതയിലും മുമ്പത്തേതിനെക്കാള്‍ അധികാരങ്ങള്‍ കൈവന്നു എന്ന് മാത്രമല്ല, ആരാധനക്രമം സംബന്ധിക്കുന്ന പല കാര്യങ്ങളും തീരുമാനിച്ച് നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിച്ചു.
സഭയിലെ യാഥാസ്ഥിതിക വിഭാഗം മിക്കവാറും സമ്പന്ന വിഭാഗം കൂടിയാണ്. കുറെ വര്‍ഷങ്ങളായി റോമന്‍ കൂരിയായാലും വത്തിക്കാന്‍ ബാങ്കിലും സ്വാധീനം വച്ചുപുലര്‍ത്തിയിരുന്ന അത്തരം വിഭാഗങ്ങള്‍ക്ക് പ്രാമാണികത നഷ്ടപ്പെടുന്നതായിരുന്നു വികേന്ദ്രീകരണത്തിന്റെ എല്ലാ ചുവടുകളും.
പങ്കാളിത്ത നഷ്ടം
കൊളീജിയാലിറ്റി എന്നതായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പരികല്പന. അതായത് ഒരേ പദവിയിലുള്ള മെത്രാന്മാരുടെ സ്വയം നിര്‍ണ്ണയാവകാശവും കൂട്ടായ തീരുമാനങ്ങള്‍ ആവശ്യമുള്ള കാര്യങ്ങളില്‍ പത്രോസിന്റെ സിംഹാസനം അലങ്കരിക്കുന്ന റോമിലെ മെത്രാന്‍ അധ്യക്ഷനായി കൂട്ടായ തീരുമാനവും. പങ്കാളിത്തത്തെക്കുറിച്ച് സൂനഹദോസ് അങ്ങുമിങ്ങും പറഞ്ഞുവയ്ക്കുന്നുണ്ട്. സൂനഹദോസിന്റെ ചൈതന്യം പിന്‍പറ്റി റോമാ സഭയുടെ കാനോന്‍ നിയമവും പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമവും അല്‍മായരെയും സന്ന്യസ്തരെയും ചേര്‍ത്തുള്ള പങ്കാളിത്ത രീതികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട് (CCEO 381.3). അല്‍മായരെ വളര്‍ത്തണമെന്നും സഭാ ദൗത്യത്തില്‍ അവരെ പങ്കാളികളാക്കണം എന്നും പറയുന്നുണ്ട് (CCEO 404). അല്‍മായരെ ദൈവശാസ്ത്രം പഠിപ്പിക്കണമെന്നും CCEO 408 അല്‍മായരുടെ അറിവുകള്‍ ഉള്‍ക്കൊള്ളണമെന്നും പറയുന്നുണ്ട്. CCEO 979 സഭയിലെ അധികാര വിനിയോഗത്തില്‍ അല്‍മായരെ ഭാഗഭാക്കുകള്‍ ആക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍, ഇങ്ങനെയെല്ലാം അങ്ങിങ്ങ് പറയുമ്പോഴും, മൊത്തത്തില്‍ ഹയരാര്‍ക്കി അടിസ്ഥിതവും മെത്രാന്‍ കേന്ദ്രീകൃതവും ആയിരുന്നു സഭാ ഘടനയെക്കുറിച്ചുള്ള നിയമങ്ങള്‍ ഒട്ടുമിക്കതും. അതുകൊണ്ടുതന്നെ, മേല്‍പ്പറഞ്ഞ രീതിയിലുള്ള പങ്കാളിത്ത പ്രക്രിയ സഭയില്‍ ഏറെയൊന്നും പ്രാവര്‍ത്തികമായില്ല.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ നാലു സമ്മേളനത്തിലും പങ്കെടുത്ത ആളായിരുന്നു ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍. സൂനഹദോസില്‍ അദ്ദേഹത്തിന് വളരെ പുരോഗമനപരമായ നിലപാടുകളും അതുകൊണ്ടുതന്നെ സ്വാധീനവും ഉണ്ടായിരുന്നു. എന്നാല്‍, പിന്നീടദ്ദേഹം യാഥാസ്ഥിതിക മനോഭാവത്തിലേക്ക് ചുവടുമാറി. വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരിക്കുമ്പോഴും പിന്നീട് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ബെനഡിക്ട് XVI പാപ്പ ആയപ്പോഴും അദ്ദേഹം ആ വഴി തന്നെ സഞ്ചരിച്ചു. റോമിനെ കേന്ദ്രീകരിച്ച് കാര്യങ്ങള്‍ നടത്താന്‍ അദ്ദേഹം പരിശ്രമിച്ചു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. അതായത് മെത്രാന്‍ സമിതികളോടും പ്രാദേശികവ്യക്തി സഭകളോടും തന്റെ അനുവാദത്തോടെ മാത്രം തീരുമാനങ്ങള്‍ എടുത്താല്‍ മതി എന്ന് നിര്‍ദ്ദേശിക്കുന്ന രീതി. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള 5000ത്തിലധികം മെത്രാന്മാര്‍ ഒരൊറ്റ വ്യക്തിയോട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം കാര്യങ്ങള്‍ ചെയ്യാനും തുടങ്ങിയാല്‍ കാര്യങ്ങള്‍ എത്ര കണ്ട് അവതാളത്തിലായി പോകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ! ഇങ്ങനെ, അധികാരം കൂടുതല്‍ കേന്ദ്രീകരിക്കാന്‍ പരിശ്രമിച്ചതിന്റെ കൂടി ഫലമായിട്ടാണ് അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയതും രാജിവയ്‌ക്കേണ്ടി വന്നതും എന്ന് വിലയിരുത്തുന്നവരുണ്ട്.
ഏതായാലും ഫ്രാന്‍സിസ് പാപ്പ നേതൃത്വശുശ്രൂഷ ഏറ്റെടുത്തതിനുശേഷം അദ്ദേഹം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഉള്ളിലെ അരൂപി പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ചതിന്റെ ഫലമായി, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏതാണ്ട് അമ്പതോളം മോത്തു പ്രോപ്രിയോകള്‍, അഥവാ ഡിക്രികള്‍ ആണ് പുറപ്പെടുവിച്ചത്! മാര്‍പാപ്പ ഒരു മോത്തു പ്രോപ്രിയോ ഇറക്കുന്നത് സ്വാഭാവികമായും കാനന്‍ നിയമ സമിതികളോട് കൂടിയാലോചിച്ചതിനു ശേഷമാണ്. ഡിക്രി ഇറങ്ങിയാല്‍ അത് അതിനാല്‍ത്തന്നെ കാനന്‍ നിയമം ആവുകയാണ്. ക്ലിഷ്ടമായ പല നിയമങ്ങളും ലളിതവല്‍ക്കരിക്കുന്നവയും അധികാരം വികേന്ദ്രീകരിച്ച് റോം എന്ന കേന്ദ്രത്തില്‍നിന്ന് അകലെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം പ്രാദേശിക മെത്രാന്‍ സമിതികള്‍ക്കും പൗരസ്ത്യ വ്യക്തി സഭകളുടെ സിനഡുകള്‍ക്കും കൈമാറുന്നവയും ആയിരുന്നു അവയില്‍ പലതും. വിശ്വാസി സമൂഹവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ട പല നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്കുന്നുണ്ട്. ഭാവി സഭ പങ്കാളിത്തത്തിന്റേതാണ് എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞുവച്ചു.
എതിര്‍പ്പുകള്‍
സഭയിലെ യാഥാസ്ഥിതിക വിഭാഗം മിക്കവാറും സമ്പന്ന വിഭാഗം കൂടിയാണ്. കുറെ വര്‍ഷങ്ങളായി റോമന്‍ കൂരിയായാലും വത്തിക്കാന്‍ ബാങ്കിലും സ്വാധീനം വച്ചുപുലര്‍ത്തിയിരുന്ന അത്തരം വിഭാഗങ്ങള്‍ക്ക് പ്രാമാണികത നഷ്ടപ്പെടുന്നതായിരുന്നു വികേന്ദ്രീകരണത്തിന്റെ എല്ലാ ചുവടുകളും. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഫ്രാന്‍സിസ് പാപ്പായുടെ ഓരോ നീക്കത്തിനെതിരേയും ശക്തമായ പ്രതിരോധങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. സഭ കൂടുതല്‍ സിനഡല്‍ ആവുക എന്നു പറയുമ്പോള്‍ ഇത്തരം മുഴക്കങ്ങള്‍ കൂടി അതിനുണ്ട് എന്ന് നാം തിരിച്ചറിയുന്നു. യാഥാസ്ഥിതിക പക്ഷം എന്തുകൊണ്ട് സിനഡാലിറ്റിയെ നിശിതമായി വിമര്‍ശിക്കുന്നു എ ന്ന് നമുക്ക് വ്യക്തമാകും. അമേരിക്കയില്‍ മാര്‍പാപ്പയ്‌ക്കെതിരേ പരസ്യമായിത്തന്നെ ശക്തമായ വിമര്‍ശനം അഴിച്ചുവിടുന്ന ഒരു വിമതഗ്രൂപ്പ് ആണ് 'ചര്‍ച്ച് മിലിറ്റന്റ്.' ഈയ്യിടെയായി മാര്‍പാപ്പയെ ആക്രമിക്കാന്‍ അവര്‍ ഇന്ത്യയിലെ സംഭവ വികാസങ്ങളെ ഉപയോഗിക്കുന്നതായി കാണാം. അതുപോലെ, ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളെയും മുന്‍കൈകളെയും നിശിതമായി വിമര്‍ശിക്കുകയും അവയെ പ്രതിരോധിക്കാന്‍ പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്. ലാറ്റിനമേരിക്കയിലെ ചിലിയില്‍ നിന്നുള്ള ഹൊസേ അന്റോണിയോ യുറേത്ത എന്ന അല്‍മായ നേതാവും ഒരു പെറൂവിയന്‍ ആയ ഊലിയോ ലൊറേദോ ദേ ഇസ്‌ക്യൂ എന്ന അല്‍മായ നേതാവും ചേര്‍ന്ന് 'പാരമ്പര്യത്തിന്റെയും കുടുംബത്തിന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനുള്ള സൊസൈറ്റി' എന്ന അവരുടെ സംഘടനയുടെ പേരില്‍ ഈയ്യിടെ 'സിനഡല്‍ പ്രോസസ്സ് പണ്ടോരയുടെ പെട്ടിയോ?' എന്ന പേരില്‍ നൂറ് ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിന് ആമുഖം എഴുതിയിരിക്കുന്നത് കര്‍ദിനാള്‍ ബര്‍ക്ക് ആണ്. അമേരിക്കയിലെ 250 ഓളം വരുന്ന രൂപതകളിലെ ആയിരക്കണക്കായ മൊത്തം വൈദികര്‍ക്കും മെത്രാന്മാര്‍ക്കും അവര്‍ സൗജന്യമായി ഈ പുസ്തകം അയച്ചുകൊടുക്കുകയുണ്ടായി. (ഇതിനു മുമ്പ് 'പരി. കുര്‍ബാന നിരസിക്കരുത്?' എന്ന പേരില്‍ പാപ്പയുടെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് കര്‍ദിനാള്‍ ബര്‍ക്ക് എഴുതിയ പുസ്തകവും സൗജന്യമായി ഇങ്ങനെ എല്ലാ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും അയച്ചുകൊടുത്തിരുന്നു). അങ്ങനെ, ലോകത്തിന്റെ പല ഭാഗത്തും സിനഡാലിറ്റി എന്ന ആശയത്തിനെതിരെ ബോധപൂര്‍വം തന്നെ എതിര്‍പ്പുകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്.
സിനഡ് ഘട്ടങ്ങള്‍
സിനഡാലിറ്റി എന്ന ആശയത്തിന്റെ ഏകദേശ രൂപരേഖയും അടുത്ത രണ്ടു വര്‍ഷങ്ങളിലായി സഭയില്‍ ലോകമെമ്പാടുമായി നടപ്പിലാക്കേണ്ട ചുവടുകളുടെ റോഡ് മാപ്പും പുറത്തിറക്കിക്കൊണ്ടാണ് 2021 ഒക്‌ടോബര്‍ 10-ാം തീയതി ഫ്രാന്‍സിസ് പാപ്പ സിനഡിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. എല്ലാ രൂപതകളിലും 'ഒരു സിനഡല്‍ സഭയ്ക്കായ്: കൂട്ടായ്മ-പങ്കാളിത്തം-ദൗത്യനിര്‍വഹണം'' എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും പ്രതിസ്പന്ദനം തേടലും ആയിരുന്നു രണ്ടാം ഘട്ടമായി ചെയ്യേണ്ടിയിരുന്നത്. ഭൂഖണ്ഡതല ചര്‍ച്ചയുടേതായിരുന്നു മൂന്നാം ഘട്ടം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ (FABC) ആണ് പ്രസ്തുത ചര്‍ച്ചയുടെ വേദി. അങ്ങനെ ഇടവകകളിലെ താഴേത്തലം മുതല്‍ സ്വരൂപിച്ച ആശയങ്ങളുമായാണ് മെത്രാന്മാര്‍ സാര്‍വലൗകിക ഘട്ടമായ റോമിലെ സിനഡിലേക്കെത്തുക.
സവിശേഷതകള്‍
സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡിന് ഏറെ സവിശേഷതകളുണ്ട്. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ തന്നെയാണ് അതിന്റെ മുഖ്യ പ്രത്യേകത. സെപ്തംബര്‍ 30 ന് ഒരു എക്യൂമെനിക്കല്‍ സായാഹ്ന പ്രാര്‍ത്ഥനയോടെയാണ് സിനഡ് ആരംഭിക്കുക എന്നതും ഈ സിനഡിന്റെ പ്രത്യേകതയാണ്. തുടര്‍ന്ന് സിനഡംഗങ്ങള്‍ നാലുനാള്‍ നീളുന്ന ഒരു ആത്മീയ ധ്യാനത്തിലൂടെ കടന്നുപോകുന്നു എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. വി. ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ 4 മുതല്‍ 29 വരെ ഇരുപത്തഞ്ചു ദിവസം നീളുന്ന സിനഡ് ചര്‍ച്ചകള്‍. സഭാ ചരിത്രത്തില്‍ ഇദംപ്രഥമമായി മെത്രാന്മാര്‍ അല്ലാത്തവരും വോട്ടു ചെയ്യുന്നു എന്നതാണ് ഒരുപക്ഷേ ഈ സിനഡിനെ ഏറ്റവും വ്യത്യസ്തമാക്കുന്നത്. അതും, ലോകമെമ്പാടുനിന്നുമായി പങ്കെടുക്കുന്ന 450 മെത്രാന്മാരോടൊപ്പം വൈദികരും സ്ഥിരം ഡീക്കന്മാരും ഏതാനും സന്ന്യാസിനീസന്ന്യാസ സമൂഹങ്ങളുടെ മേധാവികളും അല്മായരായ സ്ത്രീകളും പുരുഷന്മാരും സിനഡില്‍ അംഗങ്ങളായെത്തുന്നുണ്ട്. ആദ്യമായി അമ്പതോളം സ്ത്രീകള്‍ വോട്ടുചെയ്യുന്ന സിനഡ് ആയിരിക്കും ഇത് എന്നതും വലിയ പ്രത്യേകത തന്നെ! ഒരു വര്‍ഷത്തിനു ശേഷം 2024 ഒക്‌ടോബറില്‍ മറ്റൊരു സിനഡ് സമ്മേളനത്തോടെയാകും സിനഡിന് പരിസമാപ്തിയാകുക.
'പങ്കാളിത്ത സഭ' എന്നതു തന്നെയാകും മുഖ്യ ചര്‍ച്ചാ വിഷയം. ഡീക്കന്മാരെപ്പോലെ ഡീക്കണസ്സുകള്‍ ഒരു കാലത്ത് സഭയില്‍ ഉണ്ടായിരുന്നു എന്ന വാദം നിലവിലുണ്ട്. അതിന്റെ ചരിത്രപരതയും നിലവിലെ പ്രായോഗിക സാധ്യതയും പഠിക്കാനായി പാപ്പാ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതിനോടകം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ആയതും സിനഡിലെ ഒരു വിഷയമായിരിക്കും. ഇടവക വൈദികരുടെ ബ്രഹ്മചര്യം; ഭിന്നലിംഗക്കാര്‍ക്കുള്ള ശുശ്രൂഷയും ഭാഗഭാഗിത്വവും; മുഴുവന്‍ ദൈവജനത്തെയും ഉള്‍പ്പെടുത്തുന്ന തീരുമാനമെടുക്കല്‍ ബോഡികള്‍; ക്ലരിക്കലിസത്തിന്റെ പുറംതോട് പൊട്ടിച്ച് സിനഡല്‍ മനോഭാവമുള്ള വൈദികരുടെ അനുശീലനത്തിന് ഉതകുന്ന പുതിയ ഫോര്‍മേഷന്‍ പ്രോഗ്രാം എന്നിവയെല്ലാം സിനഡ് ചര്‍ച്ച ചെയ്യും എന്നാണ് കരുതപ്പെടുന്നത്.
ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ കാലം മുതല്‍ ദൈവശാസ്ത്ര പരിശീലനം സിദ്ധിച്ച വിവാഹിതരായ സ്ഥിരം ഡീക്കന്മാര്‍ അമേരിക്കന്‍ സഭയില്‍ മിക്ക ഇടവകകളിലും ഉണ്ട്. മാമ്മോദീസാ, വിവാഹം എന്നീ കൂദാശകളുടെ പരികര്‍മ്മവും കുര്‍ബാന കൂടാതെയുള്ള മൃതസംസ്‌കാരങ്ങളും അവര്‍ അനുഷ്ഠിച്ചു പോരുന്നു. കുര്‍ബാനയില്‍ സുവിശേഷ പാരായണം വചനപ്രഘോഷണം എന്നിങ്ങനെയുള്ള ഡീക്കനടുത്ത ശുശ്രൂഷകളും, വൈദികന്‍ ഇല്ലാത്തപ്പോള്‍ അനാഫൊറ ഒഴികേ, വചനപ്രഘോഷണം വരെയും കമ്മ്യൂണിയന്‍ ശുശ്രൂഷയും സമാപന ശുശ്രൂഷയും നടത്തി അവര്‍ ദൈവജനത്തെ ധന്യരാക്കുന്നുണ്ട്. സന്ന്യാസിനികളോ വിവാഹിതരോ ആയ സ്ത്രീകളെ സ്ഥിരം ഡീക്കണസ്സുമാരായി പട്ടം നല്കുന്ന പക്ഷം അവര്‍ക്കും മേല്പറഞ്ഞ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് തടസ്സമുണ്ടാവില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടപ്പില്‍ വരുത്തിയ അധികാര വികേന്ദ്രീകരണങ്ങളിലൂടെ കൂടുതല്‍ അധികാരങ്ങള്‍ മെത്രാന്മാരില്‍ വന്നുചേര്‍ന്നിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ ഭരണ പരിഷ്‌കാരങ്ങളിലൂടെ വീണ്ടും കൂടുതല്‍ അധികാരങ്ങള്‍ ലോകമെമ്പാടുമുള്ള മെത്രാന്മാരില്‍ വന്നുചേര്‍ന്നിട്ടുണ്ട്. തീരുമാനമെടുക്കല്‍ സാധ്യമായ അധികാരഘടനകള്‍ കൂടുതല്‍ അരികുകളിലേക്കും അടിത്തട്ടിലേക്കും എത്തുന്നില്ലെങ്കില്‍ ഇന്നുവരെ ഉണ്ടായിരുന്നതിനെക്കാള്‍ ദുര്‍ബലമായ ഒരു സഭാ സംവിധാനമാകും അവശേഷിക്കുക. രണ്ടാം ഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന ദൈവജനത്തെ കേള്‍ക്കല്‍ എന്ന ഗൃഹപാഠം വേണ്ടത്ര ചെയ്യാതെയാകും ലോകത്തിന്റെ പല കോണുകളില്‍ നിന്നുമുള്ള സഭാ പ്രതിനിധികള്‍ സിനഡിന് എത്തിച്ചേരുക. എന്നിരുന്നാലും, കുറവുകളെ സദാ പരിഹരിക്കുന്ന നമ്മുടെ കര്‍ത്താവിന്റെ ആത്മാവ്, അറപ്പുള്ളത് കഴുകിയും വാടിപ്പോയത് നനച്ചും രോഗപ്പെട്ടത് പൊറുപ്പിച്ചും കടുപ്പമുള്ളത് മയമാക്കിയും ആറിപ്പോയത് ചൂടാക്കിയും പിരിവായത് തിരിച്ചും തന്റെ പവിത്രീകരണ ധര്‍മ്മം നിറവേറ്റുമെന്ന് പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം.
സഭയിലെ യാഥാസ്ഥിതിക വിഭാഗം മിക്കവാറും സമ്പന്ന വിഭാഗം കൂടിയാണ്. കുറെ വര്‍ഷങ്ങളായി റോമന്‍ കൂരിയായാലും വത്തിക്കാന്‍ ബാങ്കിലും സ്വാധീനം വച്ചുപുലര്‍ത്തിയിരുന്ന അത്തരം വിഭാഗങ്ങള്‍ക്ക് പ്രാമാണികത നഷ്ടപ്പെടുന്നതായിരുന്നു വികേന്ദ്രീകരണത്തിന്റെ എല്ലാ ചുവടുകളും.