പെസഹായിലേക്ക് അയാള്‍ നടന്നുപോയി

പെസഹായിലേക്ക് അയാള്‍ നടന്നുപോയി
അടിമത്തത്തിന്റെ ആചാരവസ്ത്രങ്ങള്‍ മഹാപുരോഹിതന്‍ അണിഞ്ഞുകൊണ്ടിരുന്ന ആ വലിയ തിരുനാളില്‍, നടന്നുവന്ന അയാളുടെ വസ്ത്രങ്ങള്‍ ഓരോന്നായി അവര്‍ അഴിച്ചെടുത്തു. വിവസ്ത്രനായി കുരിശില്‍ തൂങ്ങിനിന്ന ''ആ മനുഷ്യന്‍'' വലിയ വെളിപാടായി. അവര്‍ അയാളെ നോക്കി നിന്നു. 'എച്ചേ ഹോമോ.'

ഗലീലിയില്‍ നിന്ന് മത-രാഷ്ട്രീയ കേന്ദ്രമായ ജറുസലേമിലേക്ക് അയാള്‍ നടക്കാന്‍ തുടങ്ങിയെന്ന് പില്‍ക്കാല ക്രൈസ്തവ സമൂഹം മിശിഹായെ ധ്യാനിച്ചെടുക്കുന്നുണ്ട്. അദ്ദേഹം നടക്കുകയാണ്. പദയാത്രപോലെ എന്നു പറയാനാകില്ല. കൃത്യതയുള്ള പദാവലികളും മുന്നൊരുക്കങ്ങളും ചിട്ടപ്പടി മുദ്രാവാക്യങ്ങളും യാത്രാ ലക്ഷ്യങ്ങളും പദയാത്രയിലുണ്ട്. യാത്രയ്ക്കു മുന്നേ പാത തയ്യാറാണെന്ന് അതില്‍ വിവക്ഷയുണ്ട്. നടക്കുന്നയാള്‍തന്നെ വഴിയാകുന്ന ഒന്ന് പദയാത്രയിലില്ല. നമ്മുടെ കാസര്‍ഗോഡു നിന്ന് തിരുവനന്തപുരത്തേക്കു നടക്കാന്‍ തുടങ്ങുന്ന പദയാത്രക്കാര്‍ നേര്‍വരയിലൂടെ നടക്കുന്നു. അത് മുന്‍കൂട്ടി മാപ്പിംഗ് നടത്തിയ നടത്തം - നടക്കാന്‍ പോകുന്നപോലെയൊന്ന്. നടന്നു പോകുന്നവരുടെ വ്യാകുലപാദങ്ങള്‍ അയാള്‍ക്ക് അന്യം. പദയാത്രക്കാരന്‍/ക്കാരി വഴിനീളെ പൂ ക്കള്‍ വിതറിയ പരവതാനിയിലൂടെ നടക്കുന്നു. നടന്നുപോയവള്‍ /വന്‍ അപ്രതീക്ഷിതമായ കല്ലിലും മുള്ളിലും ചവിട്ടിപ്പോകന്നു. പാദങ്ങള്‍ വിണ്ടുകീറുന്നു. അയാളുടെ വഴി കുരിശിന്റെ വഴിയാകുന്നു. അത് കുരിശിലേക്ക്, കുരിശായി മാറുന്നു. വലിയ നിലവിളിയാകുന്നു; പ്രതീക്ഷയുടെ കടന്നുപോകലാകുന്നു. കര്‍ഷക സമരറാലികള്‍ പദയാത്രയ്ക്കപ്പുറം നടന്നുപോകലായതും അങ്ങനെ.

* * * * * * *

ഹാസ്‌മോണിയന്‍ ഭരണകാലത്തും തുടര്‍ന്നും ഗലീലിയിലേക്ക് തെക്കുനിന്നും ആളുകളെ കുടിയേറിപ്പാര്‍പ്പിക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്നു; പ്രേരിപ്പിച്ചിരുന്നു. ആധുനിക പലസ്തീനിയന്‍ അതിര്‍ത്തികളില്‍ ഫ്‌ളാറ്റുകള്‍ പണിത് ഇസ്രായേലികളെ കുടിയേറ്റിപ്പാര്‍പ്പിക്കുന്നതുപോലൊരു രാഷ്ട്രീയ ശ്രമവും തന്ത്രവും. വടക്കന്‍ അതിര്‍ത്തിയില്‍ സിറിയന്‍ -ഫിനീഷ്യന്‍ കച്ചവടവും ഭൂമി കയ്യേറ്റവും തടയുകതന്നെ ലക്ഷ്യം; ഒപ്പം തൊട്ടുതാഴെയുള്ള സമറിയായുടെ വടക്കന്‍ ദേശ താല്പര്യങ്ങള്‍ക്ക് കടിഞ്ഞാണിടുകയും വേണം. കിഴക്ക് ഈജിപ്തിന്റെ ടോളമി ഭരണത്തോടും പടിഞ്ഞാറ് സെലൂസിദിയന്‍ അന്തിയോക്കൂസ് എപ്പിഫാനസിനോടും ഇടഞ്ഞും യുദ്ധം ചെയ്തും മക്കബായന്‍-പോരാട്ടം വിജയം കാണുമ്പോഴേക്കും, വടക്കന്‍ ദേശത്തെ, തെക്കന്‍ തലസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്താനുള്ള അരങ്ങ് ഒരുങ്ങിക്കഴിഞ്ഞിരുന്നു. ''വിജാതീയരുടെ ഗലീലി''യിലേക്ക് ആളുകളെ എത്തിച്ച് അവര്‍ക്ക് ഭൂമി-വിതരണം നടത്തിയെന്നൊന്നും കരുതരുത്. ഭൂമി കൈയടക്കിവച്ചിരുന്നത് മതത്തിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ളവര്‍ തന്നെ. അവരുടെ കുടിയാന്‍മാരായി മാറുന്ന ഭൂരിപക്ഷവും വര്‍ഷാവര്‍ഷം ഒടുക്കേണ്ടുന്ന നികുതി ഭാരത്തിന്‍കീഴില്‍ ഞെരുങ്ങിക്കഴിയുന്നവരായിരുന്നു. ജറുസലേമില്‍ നിന്ന് വടക്ക് ഗലീലിയിലേക്ക് ജമീന്ദാര്‍മാര്‍ക്കുവേണ്ടി നികുതി പിരിവിനെത്തിയവരെ ജനം വെറുപ്പോടെ കാണുന്നതില്‍ അത്ഭുതമില്ല. കേന്ദ്ര തലസ്ഥാനത്തുനിന്ന് എത്തിയിരുന്ന ജമീന്ദാര്‍മാരുടെ നികുതി പിരിവുകാര്‍ക്കു പുറമേ, റോമന്‍ ഭരണകാലമാവുമ്പോഴേക്ക്, പലസ്തീനായിലെ ഓരോരോ ഭരണ പ്രവിശ്യകളിലെയും വ്യത്യസ്ത നികുതി പിരിവുകളും കൂടി ജനത്തിനു മീതെ വീഴുന്നുണ്ട്. കര്‍ഷകരും മീന്‍ പിടിത്തക്കാരും കൈത്തൊഴിലുകാരുമെല്ലാം ഞെരുങ്ങിക്കഴിയുന്ന മണ്ണിലൂടെ ഒരാള്‍ നടക്കുകയെന്നാല്‍ അതിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക ധ്വനികള്‍, വിമോചനധ്വനികള്‍ നമുക്ക് പിടിതരാതെ പോകുന്നില്ല.

* * * * * * *

ഇങ്ങനെയൊരു നടത്തത്തിന്റെ ഓര്‍മ്മയും വീണ്ടെടുക്കലും ജീവിതവുമാണല്ലോ പെസഹാ. ''ഒരു വാക്കും ആദ്യത്തെ വാക്കല്ല'' എന്ന വിഖ്യാതമായ വാക്യത്തിലൂടെ വ്യാഖ്യാനാത്മകതത്വചിന്തകനായ ഗാദമര്‍ വാക്കുകളെക്കുറിച്ച് പറയുമ്പോള്‍, പെസഹാ എന്ന വാക്ക് ഊര്‍ജപ്രവാഹമായി നമ്മളിലേക്ക് എത്തുകയാണ്. ഹീബ്രു അടിമകള്‍ ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ കീഴടക്കലില്‍ നിന്ന് ഓടിപ്പോരുന്നതിന്റെ ഓര്‍മ്മയില്‍ പിന്നീടവര്‍ കയ്പുള്ള ഇലകളും പഴച്ചാറുകളും 'മാറ്റ്‌സോ'യും ഭക്ഷിച്ചു. അവര്‍ അതിന്റെ അര്‍ത്ഥങ്ങള്‍ എണ്ണിയെണ്ണി വ്യാഖ്യാനിച്ചു. 'കോഷേര്‍' എന്ന ഔദ്യോഗിക വിരുന്നില്‍, 'മാറ്റ്‌സോ' എന്ന പുളിക്കാത്ത അപ്പത്തിന്റെ രുചിയില്‍ അവരുടെ അടിമദിനങ്ങള്‍ ഓര്‍മ്മയായി, ഹൃദയത്തില്‍ മുള്ളായി മാറി. ജറുസലേം ദേവാലയം കല്ലോട് കല്ല് ശേഷിക്കാതെ നിലംപൊത്തിയകാലംവരെ വടക്കുനിന്ന് തെക്കോട്ട് അവര്‍ ജയാരവങ്ങളോടെയും സങ്കീര്‍ത്തനങ്ങളോടെയും നടന്നും കഴുതപ്പുറമേറിയും തീര്‍ത്ഥാടകരായി. വര്‍ഷാവര്‍ഷം ദേവാലയനികുതിയായി ഒടുക്കേണ്ട പണവും കാര്‍ഷിക വിഭവങ്ങളുടെ പങ്കും പെസഹാദിനങ്ങളിലെ ചെലവുകളും നാണയമാറ്റക്കാര്‍ക്ക് കൊടുക്കുന്ന കൈമാറ്റ നികുതിയുമെല്ലാം കൂടി അവരെ ദുരിതക്കടലില്‍ ആഴ്ത്തുമ്പോഴും, ദേവാലയമെന്ന വലിയ പ്രതീക്ഷ അവര്‍ ഹൃദയത്തിലേറ്റിയിരുന്നു. റോമന്‍ ഭരണസംവിധാനത്തിന്റെ തലപ്പത്തും കാല്‍ച്ചുവട്ടിലുമൊക്കെയായി കഴിഞ്ഞിരുന്നവരുടെ തലയും ആപ്തവാക്യങ്ങളും ദേശചിഹ്നങ്ങളും ചിത്രണം ചെയ്ത നാണയങ്ങള്‍ മാറ്റിയെടുത്ത്, എന്നും സ്വയം ഭരണത്തിന്റെ അടയാളമായ നാണയങ്ങള്‍ അവര്‍ ഭണ്ഡാരങ്ങളില്‍ ഇട്ടു. അദ്ദേഹത്തിന്റെ നടത്തങ്ങള്‍ ഈ ചരിത്രങ്ങളിലും കൂടെയായിരുന്നു. സെഫോറീസ് എന്ന ഗലീലിയന്‍ നഗരസംവിധാനമൊരുക്കാന്‍, നഗരവാസികള്‍ക്കുവേണ്ട ശുദ്ധജല സംവിധാനമൊരുക്കന്‍ ഗ്രാമങ്ങളില്‍ നികുതിപിരിവ് ഊര്‍ജിതമാക്കിയത് തന്റെ നടത്തങ്ങളില്‍ അയാള്‍ തിരിച്ചറിഞ്ഞിരുന്നു. റോമന്‍ പ്രവിശ്യകളിലേക്ക് മീന്‍കയറ്റിപ്പോകുന്നതിനുള്ള കയറ്റുമതിച്ചട്ടങ്ങള്‍ ഇടനിലക്കാര്‍ക്കുള്ള സംരക്ഷണമൊരുക്കുകയും മീന്‍പിടിത്തത്തൊഴിലാളികള്‍ക്ക് കണ്ണീരാകുകയും ചെയ്തു. ഹേറോദ് രാജാവിന്റെയും മറ്റ് ടെട്രാര്‍ക്കുകളുടെയും മക്കളും ചെറുമക്കളും രാജ്യതന്ത്രം പഠിക്കാന്‍ റോമാനഗരിയിലെത്തുകയും റോമന്‍ രുചിയായ പുളിപ്പിച്ച അപ്പത്തില്‍ മീന്‍ചാര്‍ ഇറ്റിച്ചുവീഴ്ത്താന്‍ പഠിച്ചതും തങ്ങളുടെ സ്വന്തം നാട്ടിലെ മീന്‍ പിടിത്തത്തൊഴിലാളികളുടെ കണ്ണീരിന്റെ ഉപ്പുകൂടിച്ചേര്‍ത്തായിരുന്നു. തന്റെ നടത്തങ്ങളില്‍ അയാള്‍ ഇത് തിരിച്ചറിയുന്നുണ്ട്.

* * * * * * *

യേശു നടന്നകാലം - അത് മിശിഹായെ പ്രതീക്ഷിരുന്ന കാലം. വലിയ ജൂബിലിയുടെ കാലം. മെല്‍ക്കിസെദേക്ക് എന്ന വലിയ പുരോഹിതന്‍, പുരത്തിന്റെ ഹിതം വെളിവാക്കിക്കൊണ്ട് വരുമെന്ന പ്രതീക്ഷ വിങ്ങിയ കാലം. മഹാ പുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ അണിയേണ്ട ആറ് അടുക്കുകളും അടരുകളുമുള്ള ആചാരവസ്ത്രങ്ങള്‍ റോമന്‍ ഗവര്‍ണ്ണറുടെ അധീനതയിലായിരുന്ന കാലം. ഈ വസ്ത്രങ്ങളുടെ വ്യാഖ്യാന ധ്വനികള്‍ ജൊവാക്കിം ജറമിയാസിനെപ്പോലെയുള്ള മനീഷികളും അന്വേഷികളും ഇന്ന് നമുക്ക് പറഞ്ഞു തരുന്നുണ്ട്. ആരാധിക്കാനായി വിമോചിതരായ പെസഹായുടെ മനുഷ്യര്‍ ആരാധന നടത്താനുള്ള വസ്ത്രങ്ങള്‍ അധികാരികളുടെ മുന്നില്‍നിന്ന് താണുവണങ്ങി ചോദിച്ച് യാചകരാകുന്ന വിധി വൈപരീത്യം വെളിപ്പെടുന്ന ചരിത്രസന്ദര്‍ഭം. താണുവണങ്ങി നിന്നവരുടെ മടിശ്ശീലയില്‍ കിലുങ്ങിയ നാണയങ്ങളില്‍ റോമന്‍ അധികാര ചിഹ്നങ്ങളും ചക്രവര്‍ത്തിയുടെ ശിരസ്സും ആലേഖനം ചെയ്തിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ്, തന്റെ നടത്ത സന്ദര്‍ഭങ്ങളിലൊന്നില്‍ അയാള്‍ അവരെ കളിയാക്കിയിരുന്നു: സീസറിനുള്ളത് നിങ്ങളുടെ കൈയില്‍ത്തന്നെയുണ്ടല്ലേ? ദൈവത്തിനുള്ളത് അന്വേഷിക്കാന്‍ കാലമായിട്ടുണ്ട്. അത് അന്വേഷിക്കാന്‍ തുടങ്ങിയാല്‍ സീസറിനുള്ളതെന്നു കരുതുന്ന അയാളുടെ സിംഹാസനത്തിനു താഴെ മണ്ണടരുകള്‍ ഇളകാന്‍ തുടങ്ങും. അതിന്റെ ദൈവശാസ്ത്രവും രാഷ്ട്രതന്ത്രവും അവര്‍ക്ക് പിടികിട്ടി. അതുകൊണ്ട് ഒരു കുരിശുമരണം അവര്‍ മനസ്സില്‍ കണ്ടു.

* * * * * * *

അടിമത്തത്തിന്റെ ആചാരവസ്ത്രങ്ങള്‍ മഹാപുരോഹിതന്‍ അണിഞ്ഞുകൊണ്ടിരുന്ന ആ വലിയ തിരുനാളില്‍, നടന്നുവന്ന അയാളുടെ വസ്ത്രങ്ങള്‍ ഓരോന്നായി അവര്‍ അഴിച്ചെടുത്തു. വിവസ്ത്രനായി കുരിശില്‍ തൂങ്ങിനിന്ന ''ആ മനുഷ്യന്‍'' വലിയ വെളിപാടായി. അവര്‍ അയാളെ നോക്കി നിന്നു. 'എച്ചേ ഹോമോ.' (''ഗാന്ധിയായി വേഷം കെട്ടാനെളുപ്പം, കെട്ടിയവേഷങ്ങളൊക്കെ അഴിച്ചുകളഞ്ഞാല്‍ മതി'' എന്ന് പിന്നീട് കവി.)

* * * * * * *

കുറച്ചുനാളുകള്‍ക്കുശേഷം സാവൂള്‍ പൗലോസ് എന്ന ജൂത ദൈവചിന്തകന്‍ ഗലീലിയില്‍നിന്ന് നടന്നുവന്ന മിശിഹായെ ''വിരി'' എന്ന് വിളിച്ചു. ''ക്രിസ്തു എന്ന വിരിയിലൂടെ നമ്മള്‍ പ്രവേശിക്കുകയാണ്.'' അത്, പഴയ ദേവാലയത്തിന്റെ കീറിപ്പോയ വിരി. പുതിയ ദേവാലയവും പുതിയ ആരാധനയും പുതിയ സൃഷ്ടിയും പുതിയ പെസഹായായ, പുതിയ നടത്തത്തിന്റെ മനുഷ്യനില്‍ സംഭവിച്ചത് സാവൂള്‍ പൗലോസ് ദര്‍ശിച്ചു. പുളിക്കാത്ത മാവുകൊണ്ട് ചുട്ട പുത്തന്‍ അപ്പത്തിന്റെ പെസഹായെന്ന് അയാള്‍ രാത്രിയില്‍ നിലവിളിച്ചു. അയാള്‍ വി. കുര്‍ബാനയുടെ ഊടും പാവും ധ്യാനിക്കുകയായിരുന്നു. ബലിയും ബലിയാടും ബലിയര്‍പ്പകനുമായവനെ അതില്‍ അയാള്‍ കണ്ടു.

* * * * * * *

സൂക്ഷ്മ രാഷ്ട്രീയത്തിന്റെയും സൂക്ഷ്മമായ ദൈവവിചിന്തനത്തിന്റെയും നടത്തം കാല്‍വെന്ത ഓട്ടം തന്നെയെന്ന് വീരാന്‍ കുട്ടി മാഷ് പറഞ്ഞു. ''തലയില്‍ സൂര്യനെ ഏറ്റി, കാലുകളില്‍ ഭൂമിയെ തൂക്കിയെടുത്ത് ഒരുവള്‍ ഓടുന്നു. തോളിലെ കുഞ്ഞിന്റെ കണ്ണുകളില്‍ നക്ഷത്രം തിളങ്ങുന്നുണ്ട്. ഒക്കത്തെ ഒഴിഞ്ഞ കുടത്തില്‍ ഒളിച്ച് ആകാശവും ഒപ്പമുണ്ട്. മാറാപ്പില്‍ നിന്ന് എത്തിനോക്കുന്നുണ്ട് മരിച്ചുപോയവര്‍. ഒന്നര സെന്റില്‍ നിന്നും ഇറങ്ങാനുള്ള അവസാനത്തെ നോട്ടീസ് അവളെത്തേടിയും പുറപ്പെട്ടിരിക്കണം. അതിനെ എടുത്ത് കണ്ണെത്താത്ത ഒരിടത്ത് കൊണ്ടുപോയി വയ്ക്കാനുള്ള ഓട്ടത്തിലാണ് അവള്‍. കൊന്നാലും തരില്ല ഞാനീ മണ്ണിനെ എന്ന് ഒരിക്കല്‍ വെടിയുണ്ടകള്‍ക്ക് കൊടുത്ത വാക്ക് അവള്‍ ഇന്ന് പാലിച്ചേക്കും.'' കവിത വായിച്ചശേഷം മാഷ് നിശ്ശബ്ദനായി ഇരുന്നു; ഞാനും. അത് പെസഹായുടെ ഒരുക്കദിനമായിരുന്നു.

* * * * * * *

പെസഹായുടെ വലിയ സംവാദങ്ങളിലൊന്ന് സംഭവിച്ചതും വഴിയില്‍വച്ചു തന്നെയായിരുന്നല്ലോ. പെസഹായിലേക്ക്, പെസഹായിലൂടെ, പെസഹായായി അയാള്‍ നടന്നു കൊണ്ടേയിരുന്നു. (ഓടുകയാണ്; മുതുകില്‍ തറയ്ക്കാനുള്ള അമ്പ് പാഞ്ഞെത്തുന്നുണ്ട്. എ അയ്യപ്പനിലൂടെ.) തിരിഞ്ഞോട്ടത്തിന്റെ എമ്മാവൂസ് വഴിയില്‍ അയാള്‍ അവരെ നേരിട്ടു. യാബോക്ക് കടവത്തെ യാക്കോബിന്റെ മല്‍പ്പിടിത്തം പോലൊന്ന്. യൂര്‍ഗന്‍ ഹബര്‍മാസ് എന്ന സമകാലീന ക്രിട്ടിക്കല്‍ തിങ്കര്‍, ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ദൈവചിന്തകനോട് നടത്തിയ സംവാദത്തില്‍ ഇങ്ങനെയൊരു വാക്യം പറഞ്ഞു: ''സുതാര്യമായ എല്ലാ വര്‍ത്തമാനങ്ങള്‍ക്കുമൊടുവില്‍ പുതിയ സൃഷ്ടിയുണ്ടാകും.'' എമ്മാവൂസിലെ ആ സന്ധ്യയില്‍ ശിഷ്യര്‍ മുട്ടുകുത്തി നിന്ന് കരഞ്ഞു: ''നാഥാ ഞങ്ങളുടെ വീട്ടില്‍ താമസമാക്കണമേ.''

''കൊന്നാലും തരില്ല ഞാനീ മണ്ണിനെ'' എന്ന വാക്യം പോലെ അയാള്‍ അവരിലേക്ക് നിശ്വാസമായി. പുതിയ ആദാം, പുതിയ മണ്ണില്‍, പുതിയ വിശേഷം എഴുതുകയാണ്. പുതിയ സൃഷ്ടിയുണ്ടാവുകയാണ്.

ഹല്ലേലൂയാ!

(കൊച്ചി രൂപതാ വൈദികനായ ലേഖകൻ, തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ ഫിലോസഫി വിഭാഗം അസി. പ്രൊഫസറുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org