ആജ്ഞാപിക്കുന്നില്ല, അനുയാത്ര ചെയ്യുന്നു

ആജ്ഞാപിക്കുന്നില്ല, അനുയാത്ര ചെയ്യുന്നു
ദൈവത്തിന്റെ ഹിതം കണ്ടെത്തുക, അതിനെ കൂടുതല്‍ നന്നായി മനസ്സിലാക്കുക എന്നതാണ് ഈ പ്രക്രിയയുടെ പ്രധാന ലക്ഷ്യം. 2020 എന്നാല്‍ 1020 അല്ല, 2000 ഉം അല്ല. നാം ദൈവത്തോടു വിശ്വസ്തരാകേണ്ടതുണ്ട്. അതേസമയം, ഇന്നത്തെ ജനങ്ങള്‍ക്കാവശ്യമായ ശരിയായ ഉത്തരങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

സിനഡാലിറ്റിയെകുറിച്ചുള്ള സിനഡിനായി സഭ ഒരുങ്ങിക്കൊണ്ടിരിക്കെ, വലിയ ഉത്തരവാദിത്വങ്ങളാണ് ആഗോള സിനഡിന്റെ സെക്രട്ടറി ജനറല്‍ കാര്‍ഡിനല്‍ മരിയോ ഗ്രെക്കിനുള്ളത്. സിനഡിന്റെ ഭാഗമായി ലോകമെങ്ങും രൂപതാ തലങ്ങളില്‍ വിശ്വാസികളെ കേള്‍ക്കാനുള്ള ഉദ്യമങ്ങള്‍ വിജയകരമായി നടന്നു കഴിഞ്ഞു. സിനഡാലിറ്റിയെ ഒരു ജീവിക്കുന്ന അനുഭവമാക്കി മാറ്റാനും സഭയുടെ ഭാവി രൂപപ്പെടുത്താനും സംഭാവനകളര്‍പ്പിച്ച സകലര്‍ക്കും സഭാനേതൃത്വത്തിന്റെ നന്ദി പ്രകാശിപ്പിക്കുകയാണ് കാര്‍ഡിനല്‍ ഗ്രെക്ക്. റോമിലെ മാധ്യമപ്രവര്‍ത്തകയായ അന്നാ മെര്‍ട്ടെന്‍സിന്റെ ചോദ്യങ്ങളോടു പ്രതികരിക്കുകയാണ് ഈ അഭിമുഖത്തില്‍ അദ്ദേഹം:

Q

ഉള്ളതു പറഞ്ഞാല്‍, സിനഡാലിറ്റി എന്നാല്‍ എന്താണെന്ന് ആരോടെങ്കിലും പറഞ്ഞുകൊടുക്കാന്‍ കഷ്ടപ്പെടുകയാണു ഞാന്‍. താങ്കള്‍ക്ക് സഹാ യിക്കാനാകുമോ?

A

സിനഡ് എന്നാല്‍ 'ഒരുമിച്ചു നടക്കുക' എന്നാണ്. തീവ്ര മായ വ്യക്തിവാദത്താല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു സം സ്‌കാരത്തിലാണു നാമിന്നു ജീവിക്കുന്നതെന്നും ഒറ്റയ്ക്കു നടന്നു മടുത്ത മനുഷ്യരോടു നാം പ്രതികരിക്കണമെന്നും ഫ്രത്തെല്ലി തുത്തി എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒറ്റയ്ക്കു നടക്കുക യല്ല; 'ഒരുമിച്ചു നടക്കുക' എന്നാണ് സിനഡാലിറ്റിയുടെ അര്‍ത്ഥം. സഭയുടെ ഘടനാപരമായ ഒരു മാനവുമാണത്. സഭയില്‍ വ്യക്തിവാദത്തിന് ഒരിടവുമില്ല. ഒരു കൂട്ടായ്മയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ദൈവജനമാണു നാം. കൂടുതല്‍ സിനഡലാകാന്‍ ആഹ്വാനം ചെയ്യുമ്പോള്‍, 'ദൈവജനം' എന്നതുകൊണ്ട് ശരിക്കും എന്താണര്‍ത്ഥമാക്കുന്നതെന്നു വീണ്ടും മനസ്സിലാക്കാന്‍ നമ്മോടാവശ്യപ്പെടുകയാണ് പരി. പിതാവ്. കൂടുതല്‍ കൂട്ടായ്മാ ചൈതന്യം സൃഷ്ടിക്കുവാന്‍ കഴിയുന്ന തരത്തില്‍ നമ്മുടെ ബന്ധങ്ങളെ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അതു മുന്നോട്ടുള്ള വലിയൊരു ചുവടുവയ്പാകും. സഭയില്‍ മാത്രമല്ല അത്.

Q

ഈയര്‍ത്ഥത്തില്‍, സുദീര്‍ഘവും അനന്തവുമായ ഒരു പ്രക്രിയയുടെ ഒരു തുടക്കം മാത്രമാണ് സിനഡല്‍ സഭയെ കുറിച്ചുള്ള സിനഡ്?

A

സിനഡ് ആവേശകരമായ ഒരു തുടക്കമാണ്. സഭയെന്ന വിധത്തില്‍ നാം കൂടുതല്‍ സിനഡലാകേണ്ടതിന്റെ ആവശ്യകതയോടു പ്രതികരിക്കാനുള്ള ഒരവസരം. കൂടുതല്‍ സിനഡലാകാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനും നാം ഇപ്പോള്‍തന്നെ അനുഷ്ഠിക്കുന്ന രീതികള്‍ കൂടുതല്‍ ഫലപ്രദമാകത്തക്കവിധത്തില്‍ ശക്തിപ്പെടുത്താനുമുള്ള ഒരവസരം.

Q

സിനഡല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ തുടക്കത്തിലും പുരോഗതിയിലും സന്തുഷ്ടനാണോ?

A

അതേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകള്‍ വളരെ പ്രോത്സാഹനജനകമാണ്. നാം ശരിയായ പാതയിലാണെന്നു തോന്നുന്നു. ഉദാഹരണത്തിന്, ഞാനിപ്പോള്‍ ലെബനോനില്‍ നിന്നു വന്നതേയുള്ളൂ. അവിടെ കണ്ട വലിയ ആവേശം എന്നെ വിസ്മയഭരിതനാക്കി. എല്ലാവരും ഇതേറ്റെടുത്തു കഴിഞ്ഞോ എന്നു ചോദിച്ചാല്‍, ഇല്ല. ചില രൂപതകള്‍ അറച്ചു നില്‍ക്കുകയാണ്. പക്ഷേ എനി ക്കു പ്രത്യാശ നഷ്ടമായിട്ടില്ല. ക്രമേണ അവരും ഈ പ്രക്രിയയിലേക്കു ചേരും. സിനഡാലിറ്റി എന്നത് ഒരു കാര്യപരിപാടിയോ എന്തെങ്കിലും അധികജോലിയോ അല്ലല്ലോ. സഭയെന്ന നിലയില്‍ നമ്മുടെ പ്രകൃതമാണത്. നമുക്ക് സിനഡല്‍ അല്ലാതിരിക്കാനാവില്ല.

Q

രൂപതകള്‍ക്കു നിങ്ങള്‍ രേഖകളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്...

A

ആജ്ഞാപിക്കുക എന്നതല്ല ഞങ്ങളുടെ ദൗത്യം, അനുയാത്ര ചെയ്യുക എന്നതാണ്. പറച്ചിലും പ്രവൃത്തിയും ഒന്നാക്കാന്‍ നമ്മു ടെ സഹോദരങ്ങളെ സഹായിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഈ പ്രക്രിയയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന രേഖകള്‍ ഞങ്ങള്‍ നല്‍കുന്നു. ഞങ്ങള്‍ക്കൊരു സങ്കല്‍പമുണ്ട്, നാം പുരോഗതിയുണ്ടാക്കുന്നുണ്ട്, നല്ലൊരു പാതയിലാണ് നാമിപ്പോഴുള്ളത്. അന്തിമരേഖ ഞങ്ങള്‍ ഇതിനകം എഴുതിക്കഴിഞ്ഞുവെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. അതു ശരിയല്ല. വെറും വെള്ളക്കടലാസില്‍ നിന്നാ ണ് നാം തുടങ്ങിയിട്ടുള്ളത്, സാവധാനത്തില്‍ നാം ഒരുമിച്ച് അതില്‍ എഴുതുകയാണ്. ഈ സിനഡല്‍ പ്രക്രിയയിലൂടെ എല്ലാ തലങ്ങളിലും സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങളും കൂട്ടുകെട്ടുകളുമാണ് അതിനേക്കാളൊക്കെ കൂടുതല്‍ പ്രധാനമായിട്ടുള്ളത്.

Q

വിവിധ രൂപതകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഇതിനകം ലഭിക്കുകയോ താങ്കള്‍ വായിക്കുകയോ ചെയ്തിരുന്നോ?

A

നിരവധി മെത്രാന്‍ സംഘങ്ങളില്‍ നിന്നു ള്ള പ്രതികരണങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് പകുതിയാണ് ഇവ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. വ്യക്തിഗതമായ പ്രതികരണങ്ങളും നല്ലതോതില്‍ ലഭിച്ചിട്ടുണ്ട്. അങ്ങനെയൊരു സാധ്യതയും ഉണ്ട്. എങ്കിലും, തങ്ങളുടെ പ്രതികരണങ്ങള്‍ പ്രാദേശികസഭകളില്‍ സമര്‍പ്പിക്കാനാണു വ്യക്തികളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. കാരണം, സാര്‍വത്രികസഭ നിലനില്‍ക്കുന്നത് വ്യക്തിസഭകളിലും വ്യക്തി സഭകളാലുമാണ്.

Q

അടുത്ത പടിയെന്താണ്?

A

മെത്രാന്‍ സംഘങ്ങളില്‍ നിന്നും മറ്റു ബന്ധപ്പെട്ടവരില്‍ നിന്നും (പൗരസ്ത്യസഭകള്‍, സന്യാസസമൂഹങ്ങള്‍, റോമന്‍ കൂരിയായിലെ കാര്യാലയങ്ങള്‍) പ്രതികരണങ്ങള്‍ ലഭിക്കുകയും വായിക്കുകയും ചെയ്താലുടനെ ഞങ്ങളുടെ തൊട്ടടുത്ത ദൗത്യം സിനഡല്‍ പക്രിയയുടെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള ഘട്ടത്തിനു വേണ്ടിയുള്ള കര്‍മ്മരേഖ തയ്യാറാക്കുക എന്നതാണ്. മുന്‍കാലത്ത്, ഈ രേഖ തയ്യാറാക്കുന്നതിന് ഏതാനും ദൈവശാസ്ത്രജ്ഞരെ ഏല്‍പിക്കുക എന്നതായിരുന്നു സിനഡ് സെക്രട്ടേറിയേറ്റ് ചെയ്തിരുന്നത്. ഇപ്രാവശ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതു വിദഗ്ദ്ധരുടെ ഒരു സംഘത്തെ ഇതിനായി നിയമിക്കാനാണു ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. നിര്‍ദേശങ്ങളെല്ലാം വിശകലനം ചെയ്യുന്നതിന് ഞങ്ങള്‍ 15 ദിവസം ഒന്നിച്ചുകൂടി ധ്യാനിക്കുകയും അടുത്ത ഘട്ടത്തിനുള്ള രേഖ തയ്യാറാക്കുകയും ചെയ്യും. ഇത് സിനഡലും ആത്മീയവുമായ ഒരനുഭവമായിരിക്കും.

Q

അംഗങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞോ?

A

ഉവ്വ്. ലോകത്തിലെല്ലായിടത്തു നിന്നും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നും ഉള്ളവര്‍. സ്ത്രീകളും പുരുഷന്മാരുമുണ്ട്. മിക്കവരും സിനഡല്‍ പക്രിയയില്‍ പങ്കെടുത്തു കഴിഞ്ഞവരാണ്. ലഭ്യമായ നിര്‍ദേശങ്ങളെല്ലാം ഈ കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ വായിക്കാനും അവരെ ഏറ്റവും സ്പര്‍ശിച്ച ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള സംഗ്രഹങ്ങള്‍ തയ്യാറാക്കാനും അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Q

അതിനു ശേഷമോ?

A

ഈ രേഖയ്ക്ക് അംഗീകാരം ലഭിച്ചാലുടനെ അത് എല്ലാ മെത്രാന്മാര്‍ക്കും അയച്ചു കൊടുക്കും. ഭൂഖണ്ഡഘട്ടത്തിനൊരുക്കമായി ഈ രേഖയെ കുറിച്ചു വിചിന്തനം നടത്താനായി രൂപതാതല സിനഡല്‍ നേതാക്കളെ വിളിച്ചു കൂട്ടാന്‍ എല്ലാ മെത്രാന്മാരോടും ഞങ്ങളാവശ്യപ്പെടും. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡല്‍ അസംബ്ലികള്‍ നടക്കും. ഇത്തരം ഏഴു സമ്മേളനങ്ങള്‍ നടത്താനാണു പരിപാടി. ഈ സമ്മേളനങ്ങളെ സഹായിക്കുന്നതിനു ഒരു ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സിനഡ് വെബ്‌സൈറ്റില്‍ ഇതിന്റെ നടപടികള്‍ അറിയാനാകും.

Q

സിനഡ് സെക്രട്ടേറിയേറ്റില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്?

A

ഞങ്ങള്‍ 14 പേരേയുള്ളൂ. പക്ഷേ നാലു കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്; ദൈവശാസ്ത്രം, ആത്മീയം, രീതിശാസ്ത്രപരം, ആശയവിനിമയം എന്നിവ. എല്ലാത്തിലും കൂടി എണ്‍പതോളം പേരുണ്ടാകും. അവരെല്ലാവരും ഞങ്ങളെ ഉദാരമായി സഹായിക്കുന്നുണ്ട്.

Q

കൂരിയായില്‍ നിന്നു ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

A

കൂരിയാ മുഴുവനായുമുള്ള ഒരു സമ്മേളനം ഇതുവരെ നടത്തിയിട്ടില്ല. പക്ഷേ എല്ലാ കാര്യാലയങ്ങളും സന്ദര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ ഭാവാത്മകമാണ് പൊതുവായ പ്രതികരണം. ആലോചനാഘട്ടത്തില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ കാര്യാലയങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ചില കാര്യാലയങ്ങള്‍ തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സ്വന്തം ഓഫീസില്‍ സിനഡല്‍ പ്രക്രിയ നടത്തുന്നതായും അറിയാനായിട്ടുണ്ട്.

Q

താങ്കളുടെ യാത്രകള്‍ക്കിടയില്‍ എല്ലായ്‌പോഴും ഒരേ വിഷയങ്ങള്‍ തന്നെ ശ്രദ്ധയിലേക്കു വരാനിടയായിട്ടുണ്ടോ?

A

കണ്ട ആളുകളുടെ വിശദാംശങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല. ചിലപ്പോള്‍ വിഷയങ്ങളുടെ പട്ടികകള്‍ തന്നെയുണ്ടാകും. യാത്രകള്‍ക്കിടയില്‍, ആളുകളെ ശ്രവിക്കാനും പ്രോത്സാഹിപ്പിക്കാനുമാണു ഞാന്‍ ശ്രമിക്കുന്നത്, തിരിച്ച് ഞാന്‍ ധാരാളമായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. എല്ലാത്തിലുമുപരി, സിനഡിനോടുള്ള വലിയൊരു ആവേശം എനിക്ക് അനുഭവിച്ചറിയാനാകുന്നുണ്ട്.

Q

അതെന്തുകൊണ്ടാണ്? അവരെ കേള്‍ക്കുന്നു എന്നതുകൊണ്ടാണോ?

A

അതേ. തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഒരവസരം കൂടികിട്ടി എന്നതിനെ അവര്‍ വിലമതിക്കുന്നു. ഇത്തവണയാകട്ടെ ഒരു പ്രത്യേക പ്രമേയത്തെക്കുറിച്ചും: ഒരു സിനഡല്‍ സഭയ്ക്കുവേണ്ടി. മറ്റു വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന അഭിപ്രായങ്ങളും വരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്, എങ്കിലും പ്രധാനവിഷയം 'ഒരു സിനഡല്‍ സഭ' എന്നതു തന്നെയായിരിക്കും. നാം കൂടുതല്‍ സിനഡലായിക്കഴിഞ്ഞാല്‍ പിന്നെ മറ്റു വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍ നമുക്കു കൂടുതല്‍ നന്നായി സാധിക്കുമെന്നും ഞാന്‍ കരുതുന്നു.

Q

പ്രതികരണങ്ങളൊന്നുമില്ലെങ്കിലോ? ഒരു രൂപത ഇതില്‍ പങ്കെടുക്കുന്നില്ലെങ്കില്‍?

A

ഇതു സംഭവിക്കാം. ഒരു പ്രത്യേക രൂപതയില്‍ ബിഷപ്പിന് ഇതു ബോധ്യപ്പെട്ടിട്ടില്ലെന്നും അവിടെ സിനഡ് സംഘടിപ്പിക്കപ്പെട്ടിട്ടില്ലെന്നും അറിയിക്കുന്ന ഒരു കത്തെനിക്കു കിട്ടുകയുണ്ടായി. പക്ഷേ ആ രാജ്യ ത്തെ വത്തിക്കാന്‍ സ്ഥാനപതി വിശ്വാസികളെ നേരിട്ട് അഭിസംബോധന ചെയ്യാനും അവരുടെ പ്രതികരണങ്ങള്‍ തനിക്കു കൈ മാറുന്നതിന് അവരെ പ്രേരിപ്പിക്കാനുമുള്ള ബുദ്ധി കാണിച്ചു. നാമെല്ലാവരും സംഭാവനകളര്‍പ്പിക്കേണ്ടവരാണ്, ആരേയും ഒഴിവാക്കിയിട്ടില്ല.

സാഹോദര്യത്തിലധിഷ്ഠിതമായ തിരുത്തലും സംഭാഷണവുമായിരിക്കും ഗുണകരമെന്നു ഞാന്‍ വിചാരിക്കുന്നു. പരസ്യമായ അധിക്ഷേപം എന്തുകൊണ്ടാണ്? അതു സഹായകരമാകില്ല എ ന്നെനിക്കു തോന്നുന്നു. അതു കൂടുതല്‍ ധ്രുവീകരണം സൃഷ്ടിക്കുകയേയുള്ളൂ.
Q

കുറച്ചു കാലമായി നടന്നുകൊണ്ടിരിക്കുന്ന ജര്‍മ്മന്‍ സിനഡല്‍ പാത് എന്ന സംഗതി ഒന്നു പരിശോധിക്കാം. പ്രാരംഭഫലങ്ങള്‍ അതിനുണ്ടായിട്ടുണ്ട്. അവരത് താങ്കള്‍ക്കു സമര്‍പ്പിച്ചിട്ടുണ്ടോ?

A

ഇല്ല. പ്രാരംഭഫലങ്ങല്‍ ആരും ഔദ്യോഗികമായി ഞങ്ങള്‍ക്കു നല്‍കിയിട്ടില്ല. പക്ഷേ ഞാനതു മനസ്സിലാക്കുന്നുണ്ട്. റോമന്‍ കൂരിയായുടെ പരിഷ്‌കരണം പ്രാബല്യത്തിലായ ജൂണ്‍ 5 വരെ ഞങ്ങള്‍ 'മെ ത്രാന്‍ സിനഡിനുള്ള ജനറല്‍ സെക്രട്ടേറിയറ്റ്' ആയിരുന്നു. സിനഡല്‍ അസംബ്ലിക്കു ള്ള പ്രത്യേക ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഇപ്പോഴാണ് സിനഡിനു വേണ്ടിയുള്ള ജനറല്‍ സെക്രട്ടേറിയറ്റ് ആയി മാറിയത്. പേരിന്റെ മാറ്റം മാത്രമല്ല ഇതിലുള്ളത്.

Q

ഇതുവരെയുള്ള ഫലങ്ങള്‍ വായിച്ചിട്ടുണ്ടോ?

A

പ്രക്രിയയെ പിന്തുടരാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ടു വരുന്ന കാര്യങ്ങള്‍ വായിക്കുന്നതും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന വ മനസ്സിലാക്കുന്നതും എന്നെ സംബന്ധിച്ചു രണ്ടു കാര്യങ്ങളാണ്. അതൊരു പ്രക്രിയ ആണ്. ആശയവിനിമയം പൊതുവെ ഒരുപക്ഷേ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു. അത് ജര്‍മ്മനിയില്‍ സംഭവിക്കുന്നതിനെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുമായിരുന്നു. ജര്‍മ്മനിയിലെ കത്തോലിക്കാസഭയിലും മെത്രാന്മാരിലും എനിക്കു വിശ്വാസമുണ്ട്. തങ്ങള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കറിയാമെന്നും ഞാന്‍ വിശ്വസിക്കുന്നു.

Q

ജര്‍മ്മനിയിലേക്കു ചെല്ലാന്‍ ബിഷപ് ജോര്‍ജ് ബാറ്റ്‌സിംഗ് താങ്കളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ആ യാത്ര തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടോ?

A

ഇതുവരെയില്ല. എന്നെ ക്ഷണിച്ചിരുന്നു, പക്ഷേ അന്ന് എനിക്കു പോകാന്‍ കഴിഞ്ഞില്ല.

Q

ഉടനെ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

A

അതിനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

Q

പോകുന്നതില്‍ നിന്ന് എന്തെങ്കിലും താങ്കളെ തടയുന്നുണ്ടോ?

A

ഇല്ല, ഒട്ടുമില്ല. ബിഷപ് ജോര്‍ജ് ബാറ്റ് സിംഗുമായി നല്ല, സ്ഥിരമായ ബന്ധത്തിലാണു ഞാനുള്ളത്.

Q

ജര്‍മ്മന്‍ സിനഡല്‍ പാത്തിലെ അംഗങ്ങളുമായി എന്തൊക്കെ വിഷയങ്ങളാണ് താങ്കള്‍ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നത്?

A

നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയിലേക്ക് ഇടയ്ക്കു കയറിച്ചെല്ലുന്നത് ഉചിതമാണെന്നു തോന്നുന്നില്ല. ആസ്‌ത്രേലിയായിലെ സിനഡല്‍ പ്ലീനറി കൗണ്‍സിലിനും ഇതു ബാധകമായിരുന്നു. പ്രാദേശികസഭകളെ മാനിക്കേണ്ടതുണ്ട്. ഞങ്ങളോടു സഹായമാവശ്യപ്പെട്ടാല്‍, അതു മറ്റൊരു കാര്യമാണ്. കത്തോലിക്കാസഭയിലെ സിനഡാലിറ്റിയുടെ പൊതുതത്വത്തിന് ഊന്നലേകാനാണ് ഞാനാഗ്രഹിക്കുന്നത്. ദൈവജനത്തിന്റെ പരസ്പര ശ്രവണവും -എല്ലാവരും ഉള്‍പ്പെടെ- സംഘാതാത്മകതയും ഉണ്ട്. ഓരോ മെത്രാനും മെത്രാന്‍ സംഘത്തിന്റെ ഭാഗമാണ്. പിന്നെ പത്രോസുണ്ട് - ഐക്യത്തിന്റെയും നിശ്ചിതത്വത്തിന്റെയും തത്വം. ഈ മൂന്നു തലങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്, എല്ലായ്‌പോഴും.

Q

പോളണ്ടു പോലുള്ള സഭകളില്‍ നിന്നു ജര്‍ മ്മന്‍ സിനഡല്‍ പാത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ ന്നിരുന്നു. അത് എന്തുകൊണ്ടാണെന്നറിയാമോ?

A

അത്തരം വിമര്‍ശനങ്ങളുണ്ടാകുന്നത് എന്തുകൊണ്ടാണെന്നു എനിക്കു പറയാനാവില്ല. പക്ഷേ വിമര്‍ശകരുപയോഗിച്ച രീതിയും ശൈലിയും എന്നെ പരിഭ്രമിപ്പിക്കുന്നു. സാഹോദര്യത്തിലധിഷ്ഠിതമായ തിരുത്തലും സംഭാഷണവുമായിരിക്കും ഗുണകരമെന്നു ഞാന്‍ വിചാരിക്കുന്നു. പരസ്യമായ അധിക്ഷേപം എന്തുകൊണ്ടാണ്? അതു സഹായകരമാകില്ല എന്നെനിക്കു തോന്നുന്നു. അതു കൂടുതല്‍ ധ്രുവീകരണം സൃഷ്ടിക്കുകയേയുള്ളൂ.

Q

മറ്റു സിനഡല്‍ പാത്തുകള്‍ സംബന്ധിച്ച് മറ്റു രാജ്യങ്ങളില്‍ സമാനമായ വിവാദങ്ങള്‍ താങ്കള്‍ കണ്ടിട്ടുണ്ടോ? ഉദാഹരണത്തിന് ആസ്‌ത്രേലിയായില്‍?

A

ജര്‍മ്മനിയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ചില വിഷയങ്ങള്‍ മറ്റിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന ധാരണയാണ് എനിക്കുള്ളത്. പക്ഷേ, ആ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യത്യസ്തമായ മാര്‍ഗങ്ങളുണ്ട്. ഒരു ഉദാഹരണം കൊണ്ട് ഇതു വിശദമാക്കാന്‍ ശ്രമിക്കട്ടെ. ഞാന്‍ ചുമതലയേറ്റെടുത്ത് ആദ്യം കിട്ടിയ കത്തുകളിലൊന്ന് രൂപതാതല സിനഡല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ഒരു രൂപതയുടെ മെത്രാനില്‍ നിന്നായിരുന്നു. ചില വിഷയങ്ങള്‍ സിനഡല്‍ പ്രക്രിയയ്ക്കിടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കാരണം, അവ തന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും സിനഡല്‍ പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പ്, തന്റെ രൂപതയോടു നിര്‍ദേശിച്ചിരുന്നതായി അദ്ദേഹം അതിലെഴുതി. പക്ഷേ, ആളുകള്‍ അവയെല്ലാം ചര്‍ച്ച ചെയ്യുകയാണുണ്ടായത്. അത്തരം വിഷയങ്ങള്‍ അന്തിമരേഖയില്‍ ഉള്‍പ്പെടുത്തണോ അവഗണിക്കണോ എന്നാണ് അദ്ദേഹം ചോദിച്ചത്. തുടക്കത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാമെന്നും പക്ഷേ ആ വിഷയങ്ങളെ അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാതെയാകണം അതെന്നും ഞാനദ്ദേഹത്തോടു പറഞ്ഞു. അനുബന്ധം പോലെ മറ്റൊരു രേഖ തയ്യാറാക്കി അത് മേല്‍ഘടകത്തിനു നല്‍കാന്‍ അദ്ദേഹത്തോടു നിര്‍ദേശിച്ചു.

Q

ആ രൂപതയിലെ പ്രതികരണങ്ങള്‍ എന്തായിരുന്നുവെന്നറിയാമോ?

A

ഇല്ല. പക്ഷേ ആ സമൂഹം അതു നല്ല രീതിയിലെടുത്തു എ ന്നാണറിയുന്നത്. കാരണം, ബിഷ പ് അവരെ ശ്രവിച്ചു. ചോദ്യങ്ങള്‍ സുപ്രധാനമാണെന്നു മാത്രമല്ല, അത്യാവശ്യവുമാണ്. നാം ജീവിക്കുന്നുവെന്നും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുമാണ് ചോദ്യങ്ങള്‍ അര്‍ത്ഥമാക്കുന്നത്.

Q

സിനഡല്‍ പ്രക്രിയയുടെ ഒടുവില്‍ കാര്യങ്ങള്‍ക്കു മാറ്റം വരുത്തുന്ന ഫലങ്ങളുണ്ടാക്കേണ്ടതുണ്ടോ?

A

ദൈവത്തിന്റെ ഹിതം കണ്ടെത്തുക, അതിനെ കൂടുതല്‍ നന്നാ യി മനസ്സിലാക്കുക എന്നതാണ് ഈ പ്രക്രിയയുടെ പ്രധാന ല ക്ഷ്യം. 2020 എന്നാല്‍ 1020 അല്ല, 2000 ഉം അല്ല. നാം ദൈവത്തോടു വിശ്വസ്തരാകേണ്ടതുണ്ട്. അതേസമയം, ഇന്നത്തെ ജനങ്ങള്‍ക്കാവശ്യമായ ശരിയായ ഉത്തരങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org