കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ആരുടെ അജണ്ടയാണ്?

കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ആരുടെ അജണ്ടയാണ്?
വനവുമായി യാതൊരു ബന്ധവുമില്ലാത്ത, വളരെ അകലെ കിടക്കുന്ന ജനവാസ മേഖലകളില്‍ ആരും കാണാതെ പെട്ടെന്ന് ഒരു ദിവസം കടുവ, പുലി തുടങ്ങിയ ഹിംസ്ര മൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എങ്ങനെ, എന്തുകൊണ്ട്?

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇക്കാലത്ത് വിവരിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ വന്യമൃഗ ശല്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പട്ടയം ലഭിച്ചു, കരമടച്ചു കൃഷി ചെയ്യുന്ന സ്ഥലത്തും അവിടെ നിര്‍മ്മിച്ചിരിക്കുന്ന വീട്ടില്‍ പോലും കഴിയാന്‍ വയ്യാത്ത അവസ്ഥ. എല്ലാ ദിവസവും വന്യമൃഗ ആക്രമണങ്ങളുടെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളുമായി പത്രങ്ങള്‍ എത്തുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും (ആലപ്പുഴ ജില്ല ഒഴിച്ച്) കിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍ വന്യമൃഗ ആക്രമണം കൊണ്ട് ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ദുരിതങ്ങളാണ് അനുഭവിക്കുന്നത്.

പരിസ്ഥിതിസ്‌നേഹി / മൃഗസ്‌നേഹി / പട്ടിസ്‌നേഹികളുടെ വെള്ളപൂശല്‍ വ്യാജ പ്രചാരണങ്ങളും, രാഷ്ട്രീയക്കാരെന്ന ദല്ലാളുമാരുടെ നിസ്സംഗതയും, വനം വകുപ്പുകാരുടെ മയക്കുവെടി കുങ്കിയാന പൊറാട്ട് നാടകങ്ങളും, മത സാമൂഹ്യ സാമുദായിക നേതാക്കന്മാരുടെ കസേരകളി പരിപാടികളും സൃഷ്ടിക്കുന്ന പുകമറയില്‍പെട്ടു നട്ടം തിരിയുന്ന കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഇന്ന് വന്യമൃഗങ്ങളുടെ ദയാവായ്പിന് വിധേയമായിരിക്കുന്നു.

കേവലം വന്യമൃഗ ആക്രമണങ്ങള്‍ എന്നതിന് ഉപരി, വളരെ ആഴത്തിലും പരപ്പിലും വേരോട്ടമുള്ള ഗൂഢ പദ്ധതികളുടെ ബഹിര്‍സ്ഫുരണമാണ് മേല്‍പറഞ്ഞ വന്യമൃഗ ആക്രമണങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന് ഉപോല്‍ബലകമായ വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • മനുഷ്യനെയും കൃഷിയെയും വിലമതിച്ചിരുന്ന കാലം:

രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നവര്‍ എന്ന ഖ്യാതി കര്‍ഷകന് ഉണ്ടായിരുന്ന കാലത്ത്, കര്‍ഷകനേയും അവന്റെ വിളവുകളെയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടി നശിപ്പിക്കുന്നവര്‍ക്കു ശമ്പളം കൂടാതെ പ്രത്യേക പ്രതിഫലവും നല്‍കിയിരുന്നു. 'ശമ്പളം കൂടാതെ വെടിവച്ചു കൊല്ലുന്ന കടുവയ്ക്കു 15 രൂപ വീതവും പുലിക്കു 10 രൂപ വീതവും അതല്ലാതെ ആനയെ വെടിവച്ചു കൊന്ന് ആനയുടെ വാല് കൊണ്ടുവന്നു കാണിച്ചുവെങ്കില്‍ ആ വകയ്ക്കു 10 രൂപ വീതവും നല്‍കുമെന്ന് തിരുവിതാംകൂറിലെ റീജന്റ് റാണി ആയിരുന്ന ഗൗരി പാര്‍വതി ഭായി 1818 ല്‍ പുറത്തിറക്കിയ ഒരു വിളംമ്പരത്തില്‍ വ്യക്തമാക്കുന്നുണ്ട്.' (ഇടുക്കി ദേശം ചരിത്രം സംസ്‌കാരം. ശ്രീ. മനോജ് മാതിരപ്പള്ളി, പേജ് 137) ഓര്‍ത്തു നോക്കൂ, ആ കാലത്ത് എത്ര വലിയ തുകയാണ് കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നത്. (1901 ല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1 രൂപയായിരുന്നു വില.)

  • ഇന്നത്തെ കാലം

എന്നാല്‍ ഇന്നത്തെ സ്ഥിതി എന്താണ്? ഒരു കാട്ടാനയുടെ തുമ്പിക്കൈ മുറിഞ്ഞാല്‍ പത്രങ്ങള്‍ മുന്‍പേജില്‍ വെണ്ടയ്ക്ക വലുപ്പത്തില്‍ തലക്കെട്ടും ദയനീയ വര്‍ണ്ണനകളും ഫോട്ടോകളും ദിവസങ്ങളോളം അച്ചടിക്കും. ഒരു മനുഷ്യനെ വന്യമൃഗം കൊന്നാല്‍ പത്രത്തിന്റെ ആരും കാണാത്ത പേജില്‍ ഒരു മൂലയില്‍ ചെറിയ വാര്‍ത്ത മാത്രം. കാക്കയുടെ കൂട് താഴെ വീണപ്പോള്‍ കൂട്ടില്‍ നിന്നും പുറത്തുപോയ കാക്കക്കുഞ്ഞിന് നല്‍കുന്ന വാര്‍ത്താപ്രാധാന്യം പോലും വന്യമൃഗ ആക്രമണത്തില്‍ മരിക്കുന്ന മനുഷ്യന് നല്‍കുന്നില്ല. അെല്ലങ്കില്‍ വലിയ ജനരോഷം ഉയരണം. ഇനി ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വന്നാലോ? നഷ്ട പരിഹാരം എന്ന പേരില്‍ 10 ലക്ഷം രൂപ നല്‍കും പോലും! ഒരു മനുഷ്യന്റെ ജീവന് വില 10 ലക്ഷം എന്ന് ആര് നിശ്ചയിച്ചു? എന്ന് ഒരുത്തരും വ്യക്തമാക്കുന്നില്ല. തിരുവനന്തപുരത്തു ടിപ്പറില്‍ നിന്നും കല്ലു വീണ് ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. അദാനിയുടെ കമ്പനി ആ കുടുംബത്തിനു നല്‍കിയത് ഒരു കോടി രൂപയാണ്. എത്ര കോടിയാണെങ്കിലും ഒരു മനുഷ്യന്റെ വില ആര്‍ക്കും നിശ്ചയിക്കാന്‍ സാധിക്കുകയില്ലെന്ന് ഓര്‍ക്കണം. അപ്പോള്‍ 10 ലക്ഷം 'ഉലുവ' എത്ര നിസ്സാരം! ഇനി ഈ 10 ലക്ഷവും ജനങ്ങളുടെ നികുതിപ്പണം അല്ലേ? കാട്ടാനയെ കാടുകയറ്റാന്‍, മയക്കുവെടി വയ്ക്കാന്‍, കുങ്കികളെ കൊണ്ടുവരാന്‍ തുടങ്ങിയ കലാപരിപാടികളുടെ ചെലവും, ഉദ്യോഗവൃന്ദത്തിന്റെ ചെലവും വാഹനവ്യൂഹത്തിന്റെ ചെലവും ജനങ്ങളുടെ നികുതിപ്പണം അല്ലേ? ഈ പരിപാടികള്‍ക്കുവേണ്ടി എത്ര പണമാണ് ചെലവഴിക്കുന്നത്.

  • കര്‍ഷകരെ വിരട്ടി ഓടിക്കുന്നു

ഒരു കാലത്ത് പട്ടിണിയിലായ ഇന്നാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം മല കയറിയ അധ്വാനശീലരായ കര്‍ഷകരെയും അവരുടെ പിന്മുറക്കാരെയും ഭയപ്പെടുത്തി അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും വെറും കയ്യോടെ ഇറക്കി വിട്ട് ആ ഭൂമിയെല്ലാം വന്‍കിടക്കാര്‍ക്ക് നല്‍കുന്നതിനുള്ള കുതന്ത്രമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്.

  • തെളിവുകള്‍:

1) പരിസ്ഥിതിസ്‌നേഹി / മൃഗസ്‌നേഹികളുടെ നുണ പ്രചാരണം

വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് വനത്തിന്റെ വിസ്തൃതി കുറഞ്ഞതുകൊണ്ടാണ്; അവയുടെ ഭക്ഷണ ലഭ്യത കുറഞ്ഞതുകൊണ്ടാണ് എന്നാണല്ലോ പ്രചാരണം. അതിന്റെ വസ്തുത പരിശോധിക്കുക. ഇന്ത്യയില്‍ സംസ്ഥാനങ്ങളിലെ വനങ്ങളുടെ ശരാശരി വിസ്തൃതി 20 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ അത് ഇപ്പോള്‍ 33 ശതമാനത്തില്‍ അധികമാണ്. ആകെയുള്ള 38,863 ച. കിലോമീറ്ററില്‍ 13108 ച. കിലോമീറ്റര്‍ ഇപ്പോള്‍ വനമാണ്. - ഓരോ വര്‍ഷവും ബഫര്‍സോണ്‍ എന്ന ഓമനപ്പേരില്‍ വനവിസ്തൃതി കൂട്ടിക്കൊണ്ടു വരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 20668 ച. കിലോമീറ്റര്‍ വനമാണ്. അതായത് കേരളത്തിന്റെ 53 ശതമാനത്തില്‍ കൂടുതല്‍ ഭാഗം. എന്താണ് കേരളത്തിന് മാത്രം ഇത്രയും വനം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്? അതും ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ആയിട്ടും. കേരളത്തില്‍ വനം കുറയുകയാണോ കൂടുകയാണോ? ചിന്തിച്ചു നോക്കുക.

2) വന്യജീവി വര്‍ധന

കേരളത്തില്‍, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വനങ്ങളില്‍ ആയിരക്കണക്കിന് ആനകള്‍ വര്‍ധിച്ചതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കടുവകള്‍ ഡസന്‍ കണക്കിന് വര്‍ധിച്ചു. പുള്ളിപ്പുലി, കരിമ്പുലി, കാട്ടുപോത്ത്, മ്ലാവ്, കുരങ്ങ്, കാട്ടുപന്നി ഇവയൊക്കെ പല മടങ്ങു വര്‍ധിച്ചു. ഒരു കാട്ടാനയ്ക്കു ഒരു ച. കിലോമീറ്റര്‍ സ്ഥലവും ഒരു കടുവയ്ക്കു 25-30 ച. കിലോമീറ്റര്‍ സ്ഥലവും അധിവാസ മേഖല ആയി ആവശ്യമുണ്ട്. ഇതു വനംവകുപ്പിന്റെ വിവരങ്ങളില്‍ ഉള്ളതാണ്. അപ്പോള്‍ വന്യ മൃഗങ്ങള്‍ ക്രമാതീതമായി വര്‍ധി ച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് ആര്‍ക്കും മനസ്സിലാക്കാം. വനത്തില്‍ ആരും വന്യമൃഗങ്ങള്‍ക്ക് ജനന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ. അതായത്, ഭക്ഷണ ലഭ്യത കുറഞ്ഞതല്ല പ്രത്യുത വന്യമൃഗങ്ങള്‍ പെരുകിയതാണ് കാരണം.

3) വേട്ടയാടാന്‍ അനുവദിക്കുന്നില്ല:

പരിസ്ഥിതി സംരക്ഷണത്തിന്റെ അപ്പസ്‌തോലന്‍ എന്ന് അറിയപ്പെടുന്ന ശ്രീ. മാധവ് ഗാഡ്ഗില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പ്രസ്താവിച്ചിട്ടുണ്ട്, നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷണം ആക്കണമെന്ന് (മാതൃഭൂമി, 20/02/24, പേജ് 06). എന്നാല്‍ കേന്ദ്ര സര്‍ക്കാരോ കേരള സര്‍ക്കാരോ അതു കേട്ടതായി നടിക്കുന്നില്ല. എന്താണ് കാരണം? ഗാഡ്ഗില്‍ പറഞ്ഞിട്ടും അംഗീകരിക്കുന്നില്ലെങ്കില്‍ അതില്‍ എന്തോ ഗൂഢ ലക്ഷ്യം ഉണ്ടെന്നു അനുമാനിക്കാമല്ലോ. മനുഷ്യജീവന് ഹാനികരമായ ജീവികളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനം മന്ത്രി ശ്രീ. ഭൂപേന്ദ്ര യാദവ് അറിയിച്ചിട്ടുണ്ട്. (മാതൃഭൂമി, 22/02/24, പേജ് 13). അതിലെ സാങ്കേതിക കുരുക്കുകള്‍ സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വനം വകുപ്പ് എന്താണ് ചെയ്യുന്നത്? 'മുള്ളന്‍ പന്നിയെ കൊന്ന് കറിവച്ച 7 പേര്‍ പിടിയില്‍' (മാതൃഭൂമി, 4/01/24, പേജ് 2). ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ദിവസവും ഉണ്ടാകുന്നുണ്ട്. അപ്പോള്‍ വസ്തുതകള്‍ എന്താണ്? മൃഗസ്‌നേഹികളുടെ നുണപ്രചാരണം ആര്‍ക്കുവേണ്ടിയാണ്?

4) വന്യജീവികളെ വി ഐ പി മാരാക്കുന്നു

മൃഗസ്‌നേഹികള്‍ ആദ്യ കാലങ്ങളില്‍ 'വംശനാശ ഭീഷണി' എന്ന പ്രയോഗം നടത്തിയിരുന്നു. ആ ഗണത്തില്‍ പെട്ട മൃഗങ്ങളെ പിടിക്കാനോ കൊല്ലാനോ പാടില്ല എന്നു സര്‍ക്കാരുകള്‍ നിയമം ഉണ്ടാക്കി. അത് നല്ലത് തന്നെ. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും കാട്ടില്‍ സുലഭമായ പല വന്യമൃഗങ്ങളെയും ക്ഷുദ്രജീവികളെയും B V I P പട്ടികയിലേക്ക് ചേര്‍ത്തുക്കൊണ്ടിരിക്കുന്നു. ഉദാ: 'കുരങ്ങനെ തൊട്ടാല്‍ കുടുങ്ങും' (മാതൃഭൂമി, 20/11/23, പേജ് 05). കുരങ്ങന്‍, കീരി, കുറുക്കന്‍ എന്നിവയെ ഒന്നാം പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു. ആ പട്ടികയില്‍പ്പെട്ട ജീവികളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തതായി കണ്ടാല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഈ ജന്തുക്കള്‍ വംശനാശ ഭീഷണി ഉള്ളവ ആണോ?

5) കാടു വിട്ടു നാട്ടിലേക്ക് (പാക്കേജ് പദ്ധതി)

മുകളില്‍ പറഞ്ഞ കാര്യങ്ങളുടെയെല്ലാം ലക്ഷ്യം മറ നീക്കി പുറത്തു കാണിക്കുന്ന വര്‍ത്തയാണു മാതൃഭൂമി, 28/10/23 ല്‍ പ്രസിദ്ധീകരിച്ചത്. ഒന്നാം പേജില്‍ ചിത്രം സഹിതമാണ് വാര്‍ത്ത. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന പകല്‍പോലെ വ്യക്തമാക്കുന്നു. കാടിനായി സ്ഥലം വിട്ടു കൊടുക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് 'കാടുവിട്ട് നാട്ടിലേക്ക്.' ആ പാക്കേജ് അപഗ്രഥിച്ചു നോക്കിയാല്‍ എത്ര വലിയ തട്ടിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം. വനവല്‍ക്കരണത്തിനായി സ്ഥലം വിട്ടുകൊടുക്കുന്ന കുടുംബത്തിലെ 18 വയസ്സു പൂര്‍ത്തിയായ ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ വീതം നല്‍കും പോലും. എന്നാല്‍, കൊടുത്ത പണത്തിന്റെ കണക്കും കുടിയൊഴിഞ്ഞു പോയ കുടുംബങ്ങളുടെ ആകെ എണ്ണവും നോക്കുമ്പോള്‍ ഒരു കുടുംബത്തിന് കിട്ടിയ ശരാശരി തുക 11.9 ലക്ഷം രൂപ മാത്രം. എങ്ങനെയുണ്ട് പാക്കേജ്? ഈ തുക കൊണ്ട് നാട്ടില്‍ 5 സെന്റ് ഭൂമി എങ്കിലും വാങ്ങാന്‍ പറ്റുമോ? ഒരു കുഞ്ഞു വീട് കെട്ടാന്‍ പറ്റുമോ?

6) വന്യമൃഗങ്ങള്‍ കാട് ഇറങ്ങുന്നതോ അതോ?

വന്യമൃഗങ്ങള്‍ കാട് ഇറങ്ങുന്നതോ അതോ കാട് ഇറക്കുന്നതോ എന്നുള്ള ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലേഖകന്‍ മലബാറില്‍ ജോലി ചെയ്തിരുന്ന കാലത്ത് കേളകം, അടയ്ക്കാത്തോട് തുടങ്ങിയ സ്ഥലങ്ങള്‍ ജനവാസ മേഖലകളും ചെറിയ പട്ടണങ്ങളുമായിരുന്നു. വനവും വന്യമൃഗങ്ങളും അവിടെ ഇല്ലായിരുന്നു. ഇന്ന് മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ കാട്ടാനയും കടുവയും സ്ഥിരം സന്ദര്‍ശകര്‍ ആയിരിക്കുന്നു. റബ്ബറിന് കിലോയ്ക്ക് ആയിരം രൂപ കിട്ടിയാലും സ്വന്തം പുരയിടത്തില്‍ കാലു കുത്താന്‍ വന്യമൃഗങ്ങള്‍ സമ്മതിക്കുകയില്ലെങ്കില്‍ എന്തു ഫലം എന്നു ചിന്തിക്കേണ്ടതുണ്ട്.

ബേലൂര്‍ മഖന, ചക്കക്കൊമ്പന്‍, അരിക്കൊമ്പന്‍, കട്ടക്കൊമ്പന്‍, പടയപ്പ, തണ്ണീര്‍ക്കൊമ്പന്‍ ഇങ്ങനെ ഓരോ പേരുകളിട്ടു കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത് ആരാണ്? ബേലൂര്‍ മഖന എന്ന കാട്ടാന റേഡിയോ കോളര്‍ ഘടിപ്പിച്ചതാണ്. കര്‍ണ്ണാടക വനത്തില്‍ ആയിരുന്ന ഈ ആന കേരള അതിര്‍ത്തി കടന്ന് വളരെ ഉള്‍പ്രദേശത്ത് എത്തി. ചാലിഗദ്ദയിലെ കര്‍ഷകന്‍ പനച്ചിക്കല്‍ അജീഷിനെ വീട്ടു മുറ്റത്തു വച്ച് ചവുട്ടി കൊല്ലുന്നതു ടി വി യില്‍ നമ്മളെല്ലാം കണ്ടതല്ലേ. കൃഷിഭൂമി വിട്ടൊഴിഞ്ഞു പോകാത്തവരുടെ അനുഭവം എന്തായിരിക്കുമെന്ന് സര്‍ക്കാരും, പോറ്റു സംഘടനകളും വ്യക്തമാക്കി തന്നിരിക്കുന്നു. ഈ ആന ഇത്രയും ദൂരം വന്ന് കൃഷിയിടവും കടന്ന് വീട്ടു മുറ്റത്തു കയറി ആളെ കൊന്നിട്ടും ഇവിടത്തെ വനംവകുപ്പ് അറിയാതെ പോയത് എന്തുകൊണ്ട് ? അറിഞ്ഞില്ലെന്നു നടിക്കുന്നതല്ലേ അത് ? വനവുമായി യാതൊരു ബന്ധവുമില്ലാത്ത, വളരെ അകലെ കിടക്കുന്ന ജനവാസ മേഖലകളില്‍ ആരും കാണാതെ പെട്ടെന്ന് ഒരു ദിവസം കടുവ, പുലി തുടങ്ങിയ ഹിംസ്ര മൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എങ്ങനെ, എന്തുകൊണ്ട്?

7) വനം വില്‍ക്കുന്നു

വന്യമൃഗങ്ങള്‍ ഇത്രമാത്രം പെരുകി കാട്ടില്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധമായിട്ടും ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് പുതിയ ഒരു നിയമം കൂടി കൊണ്ടുവരുന്നത് എന്തിനു വേണ്ടിയാണ്. 'വികസന പ്രവൃത്തികള്‍ക്കുവേണ്ടി വനഭൂമി നല്‍കുമ്പോള്‍ അത്രയും ഭൂമി പുറത്തു കണ്ടെത്തി പകരം വനവല്‍ക്കരണം നടത്തണമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയിരിക്കുന്നു. ഗ്രീന്‍ ക്രെഡിറ്റിന്റെ പേരില്‍ പുതിയതായി പുറത്തിറക്കിയ ഭേദഗതി ചട്ടമനുസരിച്ചു ഖനനം, വ്യവസായം, അടിസ്ഥാന സൗകര്യവികസനം എന്നിവയുടെ പേരില്‍ ഏതു സ്വകാര്യ നിക്ഷേപകനും പണം അടച്ചു വനഭൂമി സ്വന്തമാക്കാം.' (മാതൃഭൂമി, 24/02/24, പേജ് 1, 'കാട് മെലിയും') ചുരുക്കിപ്പറഞ്ഞാല്‍, കൃഷിഭൂമിയില്‍ നിന്നും കര്‍ഷകരെ ഇറക്കിവിട്ട് അവിടം വനമേഖല എന്നു പ്രഖ്യാപിക്കുക; പിന്നീട് വനം വന്‍കിടക്കാര്‍ക്ക് വില്‍ക്കുക എന്നല്ലേ മനസ്സിലാക്കേണ്ടത്.

ഒരു മനുഷ്യനെ വന്യമൃഗം കൊന്നാല്‍ പത്രത്തിന്റെ ആരും കാണാത്ത പേജില്‍ ഒരു മൂലയില്‍ ചെറിയ വാര്‍ത്ത മാത്രം. കാക്കയുടെ കൂട് താഴെ വീണപ്പോള്‍ കൂട്ടില്‍ നിന്നും പുറത്തു പോയ കാക്ക ക്കുഞ്ഞിന് നല്‍കുന്ന വാര്‍ത്താപ്രാധാ ന്യം പോലും വന്യമൃഗ ആക്രമണത്തില്‍ മരിക്കുന്ന മനുഷ്യന് നല്‍കുന്നില്ല.

  • ഗൂഢ പദ്ധതികള്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി?

1947-ല്‍ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ യൂറോപ്യന്മാരുടെ ധാരാളം എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച കാലത്തും അതിനോട് അടുത്ത വര്‍ഷങ്ങളിലും ലോകത്തെല്ലാം കമ്മ്യൂണിസ്റ്റ് ചിന്താഗതിയും സ്വാധീനവും ശക്തമായിരുന്നു. സാമ്രാജ്യത്വത്തിന്റെ അന്തകനായിട്ടാണ് കമ്മ്യൂണിസം അറിയപ്പെട്ടിരുന്നത്. ലോകചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ദേശം നമ്മുടെ കേരളമാണ്. ഇത്തരം രാഷ്ട്രീയ വ്യതിയാനങ്ങളുടെ ഫലമായി കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായിരുന്ന വിവിധങ്ങളായ വന്‍കിട തോട്ടങ്ങള്‍ മിക്കവയും വെട്ടി മുറിക്കപ്പെടുകയും ചിലത് സര്‍ക്കാരും മറ്റു ചിലത് സ്വകാര്യ വ്യക്തികളും കമ്പനികളും ഏറ്റെടുക്കുകയും ചെയ്തു. റബര്‍, ഏലം, കാപ്പി, തേയില തോട്ടങ്ങള്‍ പലതും ഇത്തരത്തില്‍ വിഭജിക്കപ്പെടുകയും ചിലതെല്ലാം മറ്റു കൃഷിയിലേക്ക് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ 1989-ല്‍ ലോകത്ത് ഒരു ചരിത്ര സംഭവം അരങ്ങേറി. ജര്‍മ്മനിയിലെ ബെര്‍ലിന്‍ മതില്‍ തച്ചുടക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെന്ന പൂഴിപ്പരപ്പില്‍ കെട്ടി ഉയര്‍ത്തിയിരുന്ന ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീണുപോയി എന്നു ലോകത്തോടുള്ള പ്രഖ്യാപനമായിരുന്നു ആ സംഭവം. എന്നാല്‍ അതിനും ദശാബ്ദങ്ങള്‍ക്കു മുമ്പേതന്നെ ഈ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴാന്‍ പോകുന്നുവെന്ന് രാഷ്ട്ര തലവന്മാര്‍ക്കു പ്രത്യേകിച്ചും അമേരിക്കന്‍ ചേരിയിലുള്ളവര്‍ക്കു വ്യക്തമായിരുന്നു. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയവര്‍ അവര്‍ക്ക് വേണ്ടതായ പലവിധ പദ്ധതികളും രഹസ്യമായി തയ്യാറാക്കിയിരുന്നു. അങ്ങനെ കമ്മ്യൂണിസം തകര്‍ന്നതോടുകൂടി ലോകം വീണ്ടും പഴയ സാമ്പത്തിക ക്രമത്തിലേക്ക് - അതായത്, വെട്ടിപ്പിടുത്തങ്ങളുടെയും കോളനിവല്‍ക്കരണത്തിന്റെയും വ്യവസ്ഥിതിയിലേക്കു - തിരികെപോകുന്ന സ്ഥിതി വിശേഷം ആയി. നമ്മളെല്ലാം ആ അവസ്ഥയുടെ ഇരകളായി മാറിയിരിക്കുന്നു. ഗാട്ടു കരാര്‍, W H C, C H R, E F L, W W F, W E E G P തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വിവിധ കരാറുകളും, കമ്മിറ്റികളും, അഥോറിട്ടികളും എല്ലാം ഈ കോളനിവല്‍ക്കരണത്തിന്റെ ചരടുകളാണ്.

പരിസ്ഥിതിയും വനവും വന്യമൃഗങ്ങളും ന്യായമായ വിധത്തില്‍ സംരക്ഷിക്കപ്പെടേണ്ടവ തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ അക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നുമുണ്ട്. കേരളത്തില്‍ ഇവയെല്ലാം വളരെ നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്നു താനും. പക്ഷെ പരിസ്ഥിതി സംരക്ഷണം എന്തോ പുതിയ സംഗതി എന്ന രീതിയില്‍ വികസ്വര/ദരിദ്ര രാഷ്ട്രങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപാധി ആക്കുന്നതാണ് ഇന്നത്തെ പ്രശ്‌നം. ഫ്രാന്‍സിസ് മാര്‍പ്പാപ്പ എല്ലാവിധ ചൂഷണങ്ങള്‍ക്കും എതിരാണ്.

  • നമ്മള്‍ എന്തു ചെയ്യണം:

നമ്മള്‍ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇക്കാര്യങ്ങള്‍ വിശദമായി ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ചെയ്യപ്പെടണം. തുറന്ന സംവാദങ്ങള്‍ ഉയരേണ്ടതുണ്ട്. കൂട്ടായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണം. നിക്ഷിപ്ത താല്‍പര്യക്കാരുടെ വ്യാജ പ്രചാരണങ്ങള്‍ ജനമധ്യത്തില്‍ തുറന്നു കാണിക്കുകയും പ്രതിരോധിക്കുകയും ചെയ്യണം. ആകാശം പോലെ അനന്ത സാധ്യതകള്‍ ഉള്ള ഈ പിറന്ന നാടിനെ താല്‍ക്കാലിക നേട്ടത്തിനുവേണ്ടി ഉപേക്ഷിച്ചു പോകുന്നത്, അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ ഇക്കാലത്തു വിവേകമാണോയെന്നു ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മനുഷ്യന്‍ വനത്തില്‍ വേട്ടയാടുന്നത് തടയപ്പെടുന്നതു പോലെ വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതും തടയപ്പെടണം. കൃഷിഭൂമിയില്‍ ഇറങ്ങുന്നതും മനുഷ്യനെ ഉപദ്രവിക്കുന്നതുമായ എല്ലാ വന്യജീവികളെയും കൊല്ലുക തന്നെ വേണം. വന്യജീവികള്‍ വനത്തില്‍ കഴിയേണ്ടവയാണ്. വന്യജീവികളില്‍ നിന്നും മനുഷ്യരെ രക്ഷിക്കുമെന്നു വാഗ്ദാനം ചെയ്യുന്നവരെ ജനപ്രതിനിധികള്‍ ആക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. വന്യമൃഗങ്ങള്‍ക്കു വേണ്ടി, മനുഷ്യനെ മറന്നു പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌കരിക്കണം. മനുഷ്യനാണ് പ്രധാനമെന്ന് സര്‍ക്കാരുകളെക്കൊണ്ടു അംഗീകരിപ്പിക്കാന്‍ ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കണം. വിദേശ ഏജന്‍സികളില്‍ നിന്നും എന്തെങ്കിലും ഫണ്ടുകള്‍ വാങ്ങിയാണ് നാടു കാടാക്കാന്‍ അധികാരികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെങ്കില്‍ അതു തിരിച്ചുകൊടുത്തു പ്രശ്‌നം തീര്‍ക്കണം. ഈ ആരോപണങ്ങള്‍ സംബന്ധിച്ചു സര്‍ക്കാര്‍ സുതാര്യത വരുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org