

വി ഡി സതീശൻ, മുഖ്യമന്ത്രി
സത്യദീപത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു ചരിത്ര മുഹൂർത്തത്തിൽ പങ്കാളിയാകാൻ കിട്ടിയ അവസരമാണ്. നമ്മളെല്ലാം ആ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായിക്കൊണ്ടിരി ക്കുക യാണ്. നൂറ് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഒരു മഹത്തായ പ്രസ്ഥാനം. ഒരു വൈദികൻ സത്യമെന്നും ദീപമെന്നും പേരുകളുള്ള തന്റെ ബോട്ടുകൾ വിറ്റിട്ടാണ് ഇത് ആരംഭിച്ചത് എന്നു കേട്ടിട്ടുണ്ട്. സത്യവും ദീപവും. ദീപം വെളിച്ചമാണ്. രണ്ടും ക്രിസ്തുവിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. ക്രൈസ്തവസഭയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് സത്യത്തിന്റെ പ്രചരണവും വെളിച്ചവും. വേദപുസ്തകത്തിൽ പത്തിലധികം പ്രാവശ്യം വെളിച്ചത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. ബൈബിളിന്റെ തുടക്കം തന്നെ വെളിച്ചത്തെക്കുറിച്ചാണ്. ആദിയിൽ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിനു മീതെ ഇരുൾ ഉണ്ടായിരുന്നു. വെള്ളത്തിനുമീതെ ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കൽപ്പിച്ചു. വെളിച്ചമുണ്ടായി. വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു. ദൈവം വെളിച്ചത്തിനെയും ഇരുളിനെയും വേർതിരിച്ചു. വെളിച്ചത്തിന് പകലെന്നും ഇരുളിന് രാത്രി എന്നും ദൈവം പേരിട്ടു. സന്ധ്യയായി, ഉഷസ്സായി, ഒന്നാം ദിവസം.
സത്യദീപം വെളിച്ചം പരത്തിക്കൊണ്ട് 100 വർഷമായി പ്രകാശിക്കുന്നു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ കാര്യം. സങ്കീർത്തനങ്ങളിലും പറയുന്നുണ്ട്, നിന്റെ വചനം എന്റെ കാലിന് ദീപമായും പാതയ്ക്ക് പ്രകാശമായും മാറുന്നു എന്ന്. വെളിച്ചത്തിന് വലിയ പ്രസക്തി ക്രൈസ്തവ ദർശനത്തിൽ ഉണ്ട്. നമ്മുടെ അന്ധകാരം നിറഞ്ഞ മനസ്സിലേക്ക് വെളിച്ചം പരത്തുക, ഇരുട്ടിലേക്ക് പ്രകാശം പരത്തുക എന്നതാണ് വേണ്ടത്. ഇരുട്ട് എന്നത് അറിവില്ലായ്മയാണ്. വെളിച്ചം അറിവാണ്, അറിവ് പരക്കുകയാണ്. ദൈവത്തിന്റെ പ്രകാശം പരക്കുകയാണ്, അനുഗ്രഹം പരക്കുകയാണ്.
അതിശക്തമായ നിലപാടുകൾ എല്ലാ കാര്യത്തിലും എടുത്തിട്ടുള്ള ഒരു സ്ഥാപനം കൂടിയാണ് സത്യദീപം. ഞാൻ സത്യദീപത്തിന്റെ ചില മുഖപ്രസംഗങ്ങൾ പ്രത്യേകമായി വായിക്കാറുള്ള ആളുമാണ്, പൊതുപ്രവർത്തകൻ എന്ന നിലയിൽ. തീക്ഷ്ണമായ വാക്കുകളിലൂടെ, കൃത്യമായ നിലപാടുകൾ സമഗ്രമായി സത്യദീപം അവതരിപ്പിക്കുന്നു. അവിടെ ജാതിയോ മതമോ ഒന്നും പലപ്പോഴും ഉണ്ടാകാറില്ല. അതിനപ്പുറം നമ്മുടെ നാട് എന്നുള്ള ചിന്ത, എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നുള്ള ചിന്ത, ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരായിട്ടുള്ള ചിന്തയാണ് സത്യദീപം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാൻ പ്രത്യേകം ഈ അവസരത്തിൽ പരാമർശിക്കാൻ ആഗ്രഹിക്കുന്നു. ചില മുഖപ്രസംഗങ്ങൾ വായിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. തീർച്ചയായും അത്രയും സ്വാതന്ത്ര്യം സത്യദീപത്തിന് കൊടുത്തിട്ടുണ്ട് എന്നതിൽ ഞാൻ സഭയെയും പ്രത്യേകമായി അഭിനന്ദിക്കുകയാണ്. കാരണം സാധാരണ അത് ചെയ്യാറില്ല. എല്ലായിടത്തും ഒരു പൂട്ട് ഇടും. ഇവിടെ ആ പൂട്ട് ഒന്നുമില്ല. സ്വതന്ത്രമായി പ്രവർത്തിക്കാൻ, നാടിന് നന്മ വരുത്തുന്ന കാര്യങ്ങൾ പറയാൻ സത്യദീപം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 100 വർഷം കഴിഞ്ഞിരിക്കുന്നു. ആ ദീപം ഇനിയും കെടാതെ മുന്നോട്ടു കൊണ്ടുപോവുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
മലയാളത്തിന്റെ പ്രിയങ്കരനായ ടി പത്മനാഭന് അവാർഡ് സമ്മാനിച്ചുകൊണ്ട് ശതാബ്ദിയുടെ ആരംഭം ഒന്നുകൂടെ ധന്യമാകുന്നു. ഞങ്ങളെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, അവസരം കിട്ടിയാൽ ഞങ്ങളെയെല്ലാം ശാസിക്കുകയും പിണങ്ങുകയും ചെയ്യാൻ അവകാശമുള്ള ഒരാൾ കൂടിയാണ് പത്മനാഭൻ സാർ എന്ന് ഞാൻ പ്രത്യേകം പറയുന്നു. പറയണം എന്ന് തോന്നിയാൽ അദ്ദേഹം പറഞ്ഞിരിക്കും. അത് ആരോടാണെങ്കിലും മുഖത്തുനോക്കി പറഞ്ഞിരിക്കും. അങ്ങനെ പറയാനുള്ള ധൈര്യമുള്ള ഒരാളാണ്, മലയാള കഥാസങ്കൽപ്പത്തെ മാറ്റിയെഴുതിയ ഒരാളാണ്, മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാകാരനാണ് നമുക്ക് ടി പത്മനാഭൻ. പ്രകാശം പരത്തുന്ന പെൺകുട്ടിയെ വായിച്ചാണ് നമ്മൾ തുടങ്ങിയത്. എത്ര മനോഹരമായ കഥയാണ്! ആ പെൺകുട്ടിയുടെ മൂക്കിലുള്ള മൂക്കുത്തിയിലെ വൈരം തിളങ്ങുമ്പോൾ, അത് ആ കുഞ്ഞിന്റെ പ്രകാശമാണ് എന്ന് പറയുന്ന വാക്കുകൾ ഉൾപ്പെടെ ഇപ്പോഴും ഞങ്ങൾക്കെല്ലാവർക്കും ഓർമ്മയുണ്ട്. ആത്മഹത്യ ചെയ്യാൻ പോയ ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന, ജീവിതത്തിലേക്ക് പ്രകാശം പരത്തിയ ഒരു പെൺകുട്ടിയുണ്ട്. പുറകിൽ ഒരു പൊട്ടിച്ചിരി കേട്ടാണ് അയാൾ നോക്കിയത്, അത് അവളായിരുന്നു. അവൾ എവിടെയും ഉണ്ടാകും എന്ന് തനിക്കറിയാമായിരുന്നു. ജീവിതത്തെ വളരെ വ്യത്യസ്തമായ തലങ്ങളിലൂടെ നോക്കിക്കണ്ട എഴുത്തുകാരൻ. അദ്ദേഹം യാത്ര ചെയ്യുന്നു ഈ പ്രായത്തിലും. ഇപ്പോഴും, ഗാന്ധിയനായി, ഗാന്ധിയൻ ചിന്തകളുടെ അടിയുറച്ച വിശ്വാസിയായി അദ്ദേഹം നിൽക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരാൾക്ക് അവാർഡ് കൊടുക്കാൻ നിങ്ങൾ എന്നെ ക്ഷണിച്ചപ്പോൾ, ഞാൻ കൂടി ആദരിക്കപ്പെടുന്നു എന്നു ഞാൻ കരുതുന്നു. സത്യദീപത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ഈ സാഹിത്യപുരസ്കാരം നിറഞ്ഞ മനസ്സോടുകൂടി അദ്ദേഹത്തിനു സമ്മാനിക്കുന്നു.