ഇക്വഡോറിലെ ഗ്രാമാന്തരങ്ങളില്‍ കേരളസഭയുടെ മിഷന്‍ തീക്ഷ്ണതയുമായി

ഫാ. ജോബിച്ചന്‍ വടക്കേക്കുന്നത്ത് സിഎംഐ
ഫാ. ജോബിച്ചന്‍ വടക്കേക്കുന്നത്ത് സിഎംഐ

കോവിഡ് അതിഭീകരമായ വിധം ബാധിച്ച ലാറ്റിനമേരിക്കന്‍ രാജ്യമാണ് ഇക്വഡോര്‍. സ്വതവേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലായിപ്പോയി വ്യാധി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ രാജ്യം. നാളേയ്ക്ക് ഒന്നും നീക്കി വയ്ക്കുന്നത് ശീലമില്ലാത്ത പാവപ്പെട്ട മനുഷ്യരെല്ലാം കോവിഡ് മൂലം അതിവേഗം പട്ടിണിയിലേക്കു നീങ്ങി. മരണങ്ങള്‍ പെരുകി. മൃതദേഹങ്ങള്‍ വേണ്ടവിധം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്ത സ്ഥിതി. രോഗം പകരുമെന്ന ഭീതി എങ്ങും. പലരും മൃതദേഹങ്ങള്‍ വഴിയരികിലും മാലിന്യകൂമ്പാരത്തിലും തള്ളുന്ന സ്ഥിതി വന്നു. നേരം പുലര്‍ന്നു നോക്കുമ്പോള്‍ വഴിയരികില്‍ പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങള്‍ കിടക്കുന്ന കാഴ്ച…

ഫാ. ജോബിച്ചന്‍ വടക്കേക്കുന്നത്ത് സിഎംഐ
ഫാ. ജോബിച്ചന്‍ വടക്കേക്കുന്നത്ത് സിഎംഐ
ഫാ. വിപിന്‍ ജോര്‍ജ് മുരിയങ്കേരില്‍ സിഎംഐ
ഫാ. വിപിന്‍ ജോര്‍ജ് മുരിയങ്കേരില്‍ സിഎംഐ
സിസ്റ്റര്‍ ധന്യ തെരേസ് സിഎച്ച്എഫ്
സിസ്റ്റര്‍ ധന്യ തെരേസ് സിഎച്ച്എഫ്

ഈ സമയത്ത് നിരാലംബരായ ഈ മനുഷ്യര്‍ക്കു വേണ്ടി രോഗഭീതിയെ അവഗണിച്ച് അത്യദ്ധ്വാനം ചെയ്ത കുറെ മനുഷ്യരുണ്ട്. മലയാളികള്‍. മിഷണറിമാര്‍. മിഷന്‍ തീക്ഷ്ണത മൂലം നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ചവര്‍. ഭൂഗോളത്തിന്റെ മറുപുറത്തേയ്ക്കു യാത്ര ചെയ്‌തെത്തി, അറിയാത്ത ഭാഷ പഠിച്ച്, അവിടെ കഴിയുന്ന ആദിവാസികള്‍ക്കിടയില്‍ രാപ്പകല്‍ പണിയെടുക്കുന്നവര്‍. സിഎംഐ സമൂഹത്തിലെ പത്തോളം വൈദികരും സിഎച്ച്എഫ്, എസ്എബിഎസ് സമൂഹങ്ങളിലെ സന്യസ്തരുമാണ് പ്രധാനമായും ഇക്വഡോറില്‍ സഭാസേവനത്തില്‍ മുഴുകിയിരിക്കുന്ന മലയാളികള്‍. ലത്തീന്‍ റീത്തിലെ സന്യാസസമൂഹങ്ങളില്‍ അംഗങ്ങളായ ഏതാനും മലയാളി വൈദികരും ഇക്വഡോറിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.
സിഎംഐ മിഷണറിമാര്‍ പെറു, അര്‍ജന്റീന, ബ്രസീല്‍, പരാഗ്വെ, ചിലി എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രകൃതിവിഭവസ്രോതസ്സുകളുടെ ലഭ്യത വച്ചു നോക്കിയാല്‍ സമ്പന്നരാഷ്ട്രമായി
മാറേണ്ട രാജ്യമാണ് ഇക്വഡോര്‍. എന്നാല്‍, കാര്യക്ഷമമല്ലാത്ത ഭരണസമ്പ്രദായവും
മാഫിയാവാഴ്ചകളും അഴിമതിയും രാജ്യ ത്തെ നശിപ്പിച്ചു.
സഭയ്ക്കും മെത്രാന്മാര്‍ക്കും സമൂഹത്തില്‍ വിലയുണ്ട്.
പക്ഷേ ധാരാളം പരിമിതികളും സ്വദൗത്യനിര്‍വഹണത്തില്‍ അവര്‍ നേരിടുന്നു.


ഇക്വഡോറിലെ മലയാളി മിഷണറിമാരാണ് ഫാ. ജോബിച്ചന്‍ വടക്കേക്കുന്നത്ത് സിഎംഐ, ഫാ. വിപിന്‍ ജോര്‍ജ് മുരിയങ്കേരില്‍ സിഎംഐ, സിസ്റ്റര്‍ ധന്യ തെരേസ് സിഎച്ച്എഫ് എന്നിവര്‍. അവധിക്കായി നാട്ടിലെത്തി, ദൗത്യരംഗത്തേക്കു മടങ്ങുന്നതിനു മുമ്പായി തങ്ങളുടെ മിഷന്‍ അനുഭവങ്ങള്‍ അവര്‍ സത്യദീപത്തോടു പങ്കുവച്ചു.
കഴുതപ്പുറത്തു കയറിയാണ് തന്റെ ഇടവകയുടെ ചില സ്റ്റേഷനുകളില്‍ ദിവ്യബലിയര്‍പിക്കാന്‍ പോകാറുള്ളതെന്നു ഫാ. വിപിന്‍ പറഞ്ഞു. ഇക്വഡോറിലെ ഉള്‍ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള മിഷണറിമാര്‍ സേവനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇടവകപ്പള്ളി കൂടാതെ ദൂരെ വിവിധ ഗ്രാമങ്ങളിലായി കഴിയുന്ന നൂറ്റമ്പതോളം കൂട്ടായ്മകളിലും തവണ അനുസരിച്ച് ചെന്നു ദിവ്യബലിയര്‍പ്പണവും മറ്റു കുദാശകളുടെ പരികര്‍മ്മവും മതബോധനവും നടത്തേണ്ടതുണ്ട്. ഈ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകള്‍ അ തീവ ദുഷ്‌കരങ്ങളാണ്. വാഹനം എത്തുന്ന സ്ഥലത്തു നിന്നു വള്ളത്തില്‍ കയറി പുഴ കടന്ന്, അക്കരെനിന്ന് കഴുതപ്പുറത്തു സഞ്ചരിക്കണം. മുട്ടോളം ചെളിയിലും കുത്തനെയുള്ള കയറ്റത്തിലും കഴുതപ്പുറത്തിരുന്നാണു പോകുക. പുറത്തിരിക്കുന്നയാളെ ഒരു കാരണവശാലും കഴുത വീഴ്ത്തുകയില്ല. അങ്ങനെയൊരു ഉറപ്പിലാണു യാത്ര.
കഠിനമായ യാത്രയില്‍ സമയത്തിന്റെ കണക്കുകൂട്ടലുകളൊന്നും ശരിയാകണമെന്നില്ല. പത്തു മണിയായിരിക്കും എത്താമെന്നു പറഞ്ഞിരിക്കുന്ന സമയം. എത്തുമ്പോള്‍ പന്ത്രണ്ടു മണിയാകും. പക്ഷേ, ചെന്നെത്തുമ്പോള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കാനായി കാത്തു നില്‍ക്കുന്ന ഒരു സമൂഹം അവിടെയുണ്ടായിരിക്കും. അവരുടെ ആഹ്ലാദവും ആവേശവും കാണുമ്പോള്‍ മറ്റെല്ലാ വേദനകളും താനെ മറക്കും.


ആറു മാസമോ ഒരു വര്‍ഷമോ കൂടുമ്പോഴായിരിക്കും അവര്‍ക്ക് ഇതുപോലെ ദിവ്യബലിയില്‍ സം ബന്ധിക്കാന്‍ സാധിക്കുക. ചെന്നയുടനെ ദിവ്യബലി അര്‍പ്പിക്കുകയല്ല ചെയ്യുക. കുമ്പസാരിക്കാന്‍ ധാരാളം ആളുകളുണ്ടാകും. കുര്‍ബാനയുടെ പാട്ടുകളും പ്രാര്‍ത്ഥനകളും പഠിപ്പിക്കണം. വിവാഹത്തിനായി ഒരുങ്ങുന്നവര്‍ കാണും. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. വൈദികരും സിസ്റ്റര്‍മാരും ചേര്‍ന്ന് ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നു. അതിനു ശേഷമായിരിക്കും ദിവ്യബലി.
കേരളത്തിലേതു പോലെയുള്ള മതബോധനസമ്പ്രദായം അവിടെയില്ലെന്നു ഫാ. ജോബിച്ചന്‍ പറഞ്ഞു. എട്ടു വയസ്സു കഴിയുന്ന കുട്ടികളെ ആദ്യകുര്‍ബാനയ്ക്ക് ഒരുക്കുകയാണ് ആദ്യഘട്ടം. അതു രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കും. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സ്ഥൈര്യലേപനത്തിനായി ഒരുക്കും. അതും ഏകദേശം രണ്ടു വര്‍ഷത്തോളം ഉണ്ടാകും. അതോടെ മതബോധനം തീരുകയാണ്. മതബോധനം വ്യവസ്ഥാപിതമായ രീതിയില്‍ ലഭിക്കാത്തതു കൊണ്ടുള്ള പോരായ്മകള്‍ അവരുടെ വിശ്വാസജീവിതത്തില്‍ നമുക്കു ദര്‍ശിക്കാം. ആഘോഷങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ജീവിതശൈലിയില്‍, വിശുദ്ധര്‍ക്കും തിരുനാളുകള്‍ക്കുമാണ് അവര്‍ ഊന്നലേകുക – അദ്ദേഹം വിശദീകരിച്ചു.


ഇക്വഡോറിലെ വിവാഹങ്ങളും കുടുംബബന്ധങ്ങളും കേരളവുമായി യാതൊരു താരതമ്യത്തിനും സാദ്ധ്യതയുള്ളതല്ലെന്നു സിസ്റ്റര്‍ ധന്യ തെരേസ് വിശദീകരിച്ചു. ജീവിതപങ്കാളികളെ ഓരോരുത്തരും സ്വയം കണ്ടെത്തുകയാണു പതിവ്, വീട്ടുകാരുടെ സഹായം അതിനില്ല. അതുകൊണ്ടു കൗമാരപ്രായത്തില്‍ തന്നെ മിക്കവരും പങ്കാളികളെ കണ്ടെത്തുകയും ഒന്നിച്ചു ജീവിതമാരംഭിക്കുകയും ചെയ്യും. കൗമാരത്തില്‍ തന്നെ കാമുകിയെയോ കാമുകനെയോ കണ്ടെത്തിയില്ലെങ്കില്‍ അതൊരു പോരായ്മയായിട്ടാണു പരിഗണിക്കപ്പെടുക. പെണ്‍കുട്ടികള്‍ കൗമാരത്തില്‍ തന്നെ ഗര്‍ഭിണികളാകുമെങ്കിലും ആരും ഭ്രൂണഹത്യ തിരഞ്ഞെടുക്കാറില്ല. പെണ്‍കുട്ടികള്‍ അമ്മമാരാകുന്നതോടെ തുടര്‍പഠനത്തിനും നല്ല ജോലിക്കുമുള്ള സാദ്ധ്യതകള്‍ ഇല്ലാതാകുന്നു. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് അതും ഒരു പ്രധാന കാരണമാകുന്നുണ്ട്.
ഇത്തരത്തില്‍ നിയമപരമായോ കൗദാശികമായോ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നവരെ പള്ളിയിലേക്ക് എത്തിക്കുകയും അവരുടെ വിവാഹം കൗദാശികമായി നടത്തിക്കൊടുക്കുകയും ചെയ്യുക എന്നത് മിഷണറിമാരുടെ ഒരു പ്രധാന അജപാലനപ്രവര്‍ത്തനമാണ്. സിസ്റ്റര്‍മാരും വൈദികരും ഇതിനായി പരിശ്രമിക്കുന്നു. പക്ഷേ, എളുപ്പമുള്ള ജോലിയല്ല അത്. എങ്കിലും ധാരാളം ദമ്പതിമാരെ സ്ഥിരതയുള്ള കൗദാശിക ദാമ്പത്യത്തിനായി പ്രേരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ കഥകള്‍ സിസ്റ്റര്‍ ധന്യക്കു പറയാനുണ്ട്.

ഈ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകള്‍ അതീവ ദുഷ്‌കരങ്ങളാണ്.
വാഹനം എത്തുന്ന സ്ഥലത്തു നിന്നു വള്ളത്തില്‍ കയറി പുഴകടന്ന്,
അക്കരെനിന്ന് കഴുതപ്പുറത്തു സഞ്ചരിക്കണം. മുട്ടോളം ചെളിയിലും
കുത്തനെയുള്ള കയറ്റത്തിലും കഴുതപ്പുറ ത്തിരുന്നാണു പോകുക.
പുറത്തിരിക്കുന്നയാളെ ഒരു കാരണവശാലും കഴുത വീഴ്ത്തുകയില്ല.
അങ്ങനെയൊരു ഉറപ്പിലാണു യാത്ര.


വിവാഹങ്ങള്‍ ഇങ്ങനെയായതുകൊണ്ട് കുടുംബങ്ങള്‍ യാതൊരു കെട്ടുറപ്പുമില്ലാത്തതാണെന്നോ നന്മയില്ലാത്തതാണെന്നോ അര്‍ത്ഥമില്ല. ഉദാഹരണത്തിന് പ്രായമായവരുടെ സംരക്ഷണം. വൃദ്ധരായ മാതാപിതാക്കളെ സ്വന്തം വീടുകളില്‍ തന്നെ നന്നായി നോക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ശൈലി. ദാരിദ്ര്യമല്ലാതെ മറ്റൊന്നും ഇതില്‍ നിന്ന് അവരെ തടയുന്നില്ല.
പ്രകൃതിവിഭവസ്രോതസ്സുകളുടെ ലഭ്യത വച്ചു നോക്കിയാല്‍ സമ്പന്നരാഷ്ട്രമായി മാറേണ്ട രാജ്യമാണ് ഇക്വഡോര്‍. എന്നാല്‍, കാര്യക്ഷമമല്ലാത്ത ഭരണസമ്പ്രദായവും മാഫിയാവാഴ്ചകളും അഴിമതിയും രാജ്യത്തെ നശിപ്പിച്ചു. മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പലതും നേരിടുന്ന അതേ പ്രശ്‌നങ്ങള്‍. സഭയ്ക്കും മെത്രാന്മാര്‍ക്കും സമൂഹത്തില്‍ വിലയുണ്ട്. പക്ഷേ ധാരാളം പരിമിതികളും സ്വദൗത്യനിര്‍വഹണത്തില്‍ അവര്‍ നേരിടുന്നു.
മയക്കുമരുന്നു മാഫിയകളെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നതാണു പ്രധാനപ്രശ്‌നം. മയക്കുമരുന്നിനടിമകളായവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതു വാങ്ങാനുള്ള പണത്തിനായി ഉപയോക്താക്കള്‍ എന്തും ചെയ്യും. വിതരണക്കാരും കുറ്റവാളികളായിരിക്കും. നിയമവിരുദ്ധമായ ഈ വ്യാപാരത്തിന്റെയും ഉപയോഗത്തിന്റെയും ഭാഗമായി സംഘടിതമായ കുറ്റകൃത്യങ്ങള്‍ ധാരാളം നടക്കും. കവര്‍ച്ചാശ്രമങ്ങളും പതിവാണ്. ഫാ. ജോബിച്ചനും ഫാ. വിപിനും സിസ്റ്റര്‍ ധന്യ തെരേസും ഇത്തരം കവര്‍ച്ചാശ്രമങ്ങള്‍ക്കു ഇരകളും സാക്ഷികളുമായിട്ടുണ്ട്. പട്ടാപ്പകല്‍ പള്ളിയില്‍ വച്ച് അക്രമികള്‍ തോക്ക് ചൂണ്ടി കവര്‍ച്ചയ്ക്കു ശ്രമിച്ച ഒരനുഭവം ഇവര്‍ വിവരിച്ചു. അത്ഭുതകരമായ വിധത്തില്‍ ആ ശ്രമം പാളിപ്പോയി. അന്നു തങ്ങളുടെ നെറ്റിയില്‍ മുട്ടിച്ച തോക്ക് കളിത്തോക്കായിരിക്കുമെന്നു കരുതാനാണ് ഇവര്‍ ഇഷ്ടപ്പെട്ടത്. പക്ഷേ അതു തിര നിറച്ച ഒറിജിനല്‍ തോക്കായിരുന്നുവെന്നു പോലീസ് അറിയിച്ചത് ഒരു ഞെട്ടലോടെ മാത്രമേ ഇന്നും ഇവര്‍ക്ക് ഓര്‍ക്കാനാകുന്നുള്ളൂ. മൊബൈല്‍ ഫോണും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി പൊതുസ്ഥലങ്ങളില്‍ തങ്ങള്‍ പോകാറില്ലെന്ന് മൂവരും പറഞ്ഞു. കാരണം, എപ്പോള്‍ വേണമെങ്കിലും കവര്‍ച്ചയ്ക്ക് ഇരകളാകാം.
മയക്കുമരുന്നു വില്‍പനയും ഉപയോഗവുമാണ് ഈ സ്ഥിതിയുടെ പ്രധാനകാരണമെങ്കിലും മയക്കുമരുന്നു വ്യാപാരികള്‍ക്കെതിരെ പരസ്യമായി പ്രവര്‍ത്തിക്കാന്‍ സഭയ്ക്കു പോലും സാധിക്കാത്ത സ്ഥിതിയാണ്. മയക്കുമരുന്നു മാഫിയക്കെതിരെ പള്ളികളില്‍ പ്രസംഗമോ പ്രവര്‍ത്തനമോ വേണ്ടെന്നു സഭാധികാരികള്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കാരണം, തങ്ങള്‍ക്കെതിരെ ആര് എവിടെ എന്തു പറഞ്ഞാലും അതെല്ലാം മാഫിയാ നേതാക്കളുടെ ചെവിയിലെത്തുമെന്നതുറപ്പാണ്. എത്തിയാല്‍ അവര്‍ തിരിച്ചടിക്കുകയും ചെയ്യും. കൊല്ലാന്‍ മടിയില്ലാത്തവരാണ് മാഫിയാ. ഇത് അറിഞ്ഞിരുന്നുകൊണ്ട് ജീവന്‍ കളയുന്നതു ബുദ്ധിയല്ല എന്ന സമീപനം അധികാരികള്‍ സ്വീകരിച്ചിരിക്കുന്നു. അതിന് അവരെ കുറ്റം പറയാന്‍ സാധിക്കില്ല, സാഹചര്യം അതാണെന്നു ഫാ. വിപിന്‍ വ്യക്തമാക്കി.


സാമ്പത്തികമായി ഇടത്തരക്കാരില്ല എന്നതാണ് ഇക്വഡോര്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയെന്നു ഫാ. ജോബിച്ചന്‍ പറഞ്ഞു. അഥവാ, ഇടത്തരക്കാരെ ഇല്ലാതാക്കിയെന്നതാണ് ഇക്വഡോറിന്റെ പ്രതിസന്ധിക്കു കാരണം. ജനസംഖ്യയില്‍ പത്തു ശതമാനത്തോളം പേര്‍ അതിസമ്പന്നരായിരിക്കും. തോട്ടങ്ങളും ഫാക്ടറികളുമെല്ലാം അവരുടെയായിരിക്കും. ബാക്കിയുള്ളവരെല്ലാം അവരുടെ ജോലിക്കാര്‍. അവരെല്ലാം തീരെ പാവപ്പെട്ടവരായിരിക്കും. കുറെ പേര്‍ ചെറുകിട കൃഷിയും മറ്റുമായി കഴിയുന്നവരാണ്. ആറു ദിവസം ജോലി ചെയ്യുന്നവര്‍ ഏഴാം ദിവസം ആ ആഴ്ചയിലെ കൂലി മുഴുവന്‍ ആഘോഷിച്ചു തീര്‍ക്കും. ഈ ഒരു സംസ്‌കാരമാണ് അവിടെയുളളത്.
സ്‌കൂള്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. എന്നാല്‍, ഉന്നതവിദ്യാഭ്യാസം എളുപ്പമല്ല. നഗരങ്ങളിലെ കോളേജുകളിലേയ്ക്കുള്ള യാത്രാച്ചിലവു പോലും ഗ്രാമീണരായ വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാന്‍ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ സ്‌കൂള്‍ വിദ്യാഭ്യാസത്തോടെ മിക്കവരും പഠനം അവസാനിപ്പിക്കുന്നു. കൗമാരപ്രായത്തിലുള്ള വിവാഹം കൂടിയാകുമ്പോള്‍ വിദ്യാഭ്യാസം വഴിയുള്ള പുരോഗതി കിട്ടാക്കനിയാകുന്നു. കാര്‍ഷികവൃത്തിയുണ്ടെങ്കിലും ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനോ ഉയര്‍ന്ന വിലയ്ക്കു വില്‍ക്കാനോ ഉള്ള യാതൊരു പരിശ്രമങ്ങളും ഉണ്ടാകില്ല.
ജനാധിപത്യം ദുര്‍ബലമാണ്. ഇക്വഡോറിനെ അടിമരാജ്യമാക്കി ചൂഷണം ചെയ്ത സ്‌പെയിനില്‍ നിന്നുള്ള മിഷണറിമാര്‍ തദ്ദേശീയ ജനതയ്ക്കു ക്രൈസ്തവ വിശ്വാസം പകര്‍ന്നു കൊടുത്തു. നരബലി പോലെയുള്ള പല കാര്യങ്ങള്‍ക്കും അറുതിവരുത്തി. പക്ഷേ അതോടൊപ്പം തന്നെ സ്‌പെയിന്‍ ഇവിടത്തെ തനതുസംസ്‌കാരത്തെ നശിപ്പിക്കുകയും ചെയ്തു. നഗരങ്ങളില്‍ വലിയ പള്ളികളും സംവിധാനങ്ങളും സഭയ്ക്ക് സാമ്രാജ്യത്വത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തില്‍ അവരെ വളര്‍ത്താനോ വിദ്യാഭ്യാസത്തിലും സാമ്പത്തീകരംഗത്തും പുരോഗതി സമ്മാനിക്കാനോ സാധിച്ചുമില്ല. അതുകൊണ്ട് മിഷണറിമാരുടെ ആവശ്യം ഇന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുണ്ട്.


വൈദികരുടെയും സിസ്റ്റര്‍മാരുടെയും സാന്നിദ്ധ്യവും സേവനവും തീര്‍ച്ചയായും ഇവിടത്തെ ജനങ്ങളില്‍ വലിയ മാറ്റം വരുത്തുമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ സിസ്റ്റര്‍ ധന്യ തെരേസ് പറഞ്ഞു. കാരണം, മിഷണറിമാരോടു സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. പള്ളിയിലേയ്ക്കു വരാനും കൂദാശാ-പ്രാര്‍ത്ഥനാജീവിതം നയിക്കാനും അവസരം കിട്ടിയാല്‍ അവരുടെ ജീവിതശൈലിയില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുന്നുണ്ട്.
ഇക്വഡോറിലെ മിഷന്‍ പ്രവര്‍ത്തനം വലിയ സംതൃപ്തി പകരുന്നതാണെന്ന് ഫാ. ജോബിച്ചനും ഫാ. വിപിനും സിസ്റ്റര്‍ ധന്യ തെരേസും പറഞ്ഞു. രാവിലെ എണീറ്റാല്‍ രാത്രി ഉറങ്ങുന്നതു വരെ എടുത്താല്‍ തീരാത്ത ജോലികളുണ്ടാകും. ഒരു മിനിറ്റു പോലും വെറുതെ കളയാന്‍ ഇല്ല. മാമ്മോദീസകളും കുമ്പസാരങ്ങളും ബലിയര്‍പ്പണങ്ങളും മതബോധനവും ഗൃഹസന്ദര്‍ശനങ്ങളുമായി എപ്പോഴും തിരക്കായിരിക്കും. ദിനാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്തു തീര്‍ത്ത സേവനങ്ങളുടെ കണക്ക് പുതിയൊരു ദിവസത്തെ ആവേശത്തോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും.
സിഎംഐ രാജഗിരി പ്രോവിന്‍സിലെ അംഗങ്ങളായ ഫാ. ജോബിച്ചനും ഫാ. വിപിനും ഒരു ദശാബ്ദത്തിനു മുമ്പാണ് ഇക്വഡോറിലേയ്ക്കു പോയത്. 2011ലാണ് ഇരുവരും തിരുപ്പട്ടം സ്വീകരിച്ചത്. ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ ആയിരുന്നു അന്നു പ്രൊവിന്‍ഷ്യല്‍. സിഎംഐ ഇക്വഡോര്‍ മിഷന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷം പിന്നിട്ടിരുന്നു. അവിടേക്കു പോകാന്‍ തയ്യാറുണ്ടോ എന്നു നവവൈദികരോട് പ്രൊവിന്‍ഷ്യല്‍ ആരാഞ്ഞു. ഇതാ ഞാന്‍ എന്നായിരുന്നു ഇരുവരുടെയും മറുപടി. വൈകാതെ ഇക്വഡോറിലെത്തി. ഭാഷയായിരുന്നു ആദ്യത്തെ വെല്ലുവിളി. സ്പാനിഷ് പഠിക്കണം. അതു പഠിച്ചെടുത്തു, സേവനമാരംഭിച്ചു. ഇപ്പോള്‍ മെക്‌സിക്കോയില്‍ സൈക്കോളജിയില്‍ ഉപരിപഠനത്തിനു പോയിരിക്കുകയാണ് ഇവര്‍ രണ്ടു പേരും.
നാലു വര്‍ഷം മുമ്പാണ് സിസ്റ്റര്‍ ധന്യ തെരേസ് സിഎച്ച്എഫ്. ഇക്വഡോറിലെത്തിയത്. ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ ജീവോദയ പ്രൊവിന്‍സംഗമായ സിസ്റ്ററും അധികാരികളുടെ അന്വേഷണത്തോട് അതെ പറയുകയായിരുന്നു.
ലാറ്റിനമേരിക്ക ഒരു കത്തോലിക്കാ വന്‍കരയും ബഹുഭൂരിപക്ഷം ജനങ്ങളും കത്തോലിക്കരുമാണെങ്കിലും ദൈവവിളികള്‍ വളരെ കുറവാണ്. അജപാലകരില്ലാത്തതു കൊണ്ടു തന്നെ സഭാത്മകജീവിതം നാമമാത്രമാകുന്നു. ആത്മീയ സേവനവും നേതൃത്വവും മാര്‍ഗദര്‍ശനവും നല്‍കാന്‍ വൈദികരും കന്യാസ്ത്രീകളുമുണ്ടെങ്കില്‍ സഭയുമായി സഹകരിക്കാനും കൂദാശകള്‍ സ്വീകരിക്കാനും താത്പര്യമുള്ളവര്‍ തന്നെയാണു ജനങ്ങള്‍. വൈദികരോടും സന്യസ്തരോടും ആഴമേറിയ ആദരവും അവര്‍ പുലര്‍ത്തുന്നു. പക്ഷേ, വൈദികരും കന്യാസ്ത്രീകളും ഇല്ലാത്ത സ്ഥിതി. ഈ സാഹചര്യത്തിലാണ് ലാറ്റിനമേരിക്കയിലെ മിഷന്റെ പ്രസക്തി എന്നു പറയുകയാണ് അവിടത്തെ മലയാളി മിഷണറിമാര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org