
ആന്റണി വാച്ചാപറമ്പില്‍
പടിയറ പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന വിധത്തില്‍ ഊട്ടി, ചങ്ങനാശ്ശേരി എറണാകുളം എന്നീ രൂപതകളിലായി 34 വര്‍ഷം സേവനം ചെയ്യാന്‍ എനിക്കവസരമുണ്ടായി. ദരിദ്രനെന്നോ സമ്പന്നനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വിവേചിക്കാതെ എല്ലാവരുടെയും ഹൃദയങ്ങളില്‍ ഇടംപിടിച്ചവനാണ് അദ്ദേഹം. എല്ലാവരെയും സമഭാവനയോടെ വീക്ഷിച്ച ദയാശീലനും സ്‌നേഹസമ്പന്നനുമായിരുന്നു പടിയറ പിതാവ്.
തന്റെ ശുശ്രൂഷയെ സംബന്ധിച്ച് വ്യക്തമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവമഹത്വത്തിനായുള്ള പ്രവര്‍ത്ത നങ്ങളാണ് അദ്ദേഹം അഭിലഷിച്ചതും, ആ വിധത്തിലുള്ള സേവനങ്ങളാണ് അദ്ദേഹം അനുഷ്ഠിച്ചതും. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയുള്ളതായിരുന്നു ആ ജീവിതം. സംസാരം മൂലമോ പ്രവര്‍ത്തികൊണ്ടോ ആരെയും അദ്ദേഹം വേദനിപ്പിച്ചിട്ടില്ല. അക്കാര്യ ത്തില്‍ അദ്ദേഹത്തിന് ആരോടും ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നിട്ടില്ല.
പ്രഗത്ഭനായ ഒരു ഭരണാധികാരിയുമായിരുന്നു പടിയറ പിതാവ്. വളരെയേറെ അച്ചടക്കത്തോടും ചിട്ടയോടും കൂടിയുള്ള തായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ധ്യാനഗുരുവായിരുന്ന അദ്ദേഹം രൂപതകളിലെ വൈദികര്‍ക്കുവേണ്ടി ധ്യാനപ്രസംഗങ്ങള്‍ നടത്തുമായിരുന്നു. ഭാരതത്തിലും വിദേശത്തും വിവിധ മേജര്‍ സെമിനാരികളില്‍ അദ്ദേഹം ധ്യാനങ്ങള്‍ നയിച്ചിട്ടുണ്ട്. കഥകളിലൂടെയും മറ്റും കാര്യങ്ങള്‍ പറയുന്ന പിതാവിന്റെ പ്രസംഗം ശ്രവിക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതു കണ്ടിട്ടുണ്ട്. മധുരതരവും എന്നാല്‍ തീക്ഷ്ണതയേറിയതുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വായനയില്‍ വലിയ താത്പര്യമുണ്ടായിരുന്ന പിതാവിനു പത്തോളം ഭാഷകള്‍ വശമായിരുന്നതില്‍ ഏഴെണ്ണത്തില്‍ അദ്ദേഹം വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. പ്രതിസന്ധികളുടെയും പ്രശ്‌നങ്ങളുടെയും മുന്നില്‍ പോലും പുഞ്ചിരി തൂകുന്ന മുഖവുമായിട്ടേ പടിയറ പിതാവിനെ കാണാനാകൂ. വളരെയധികം വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം തന്റെ വിശുദ്ധീകരണത്തിനായി അദ്ദേഹം സ്വീകരിച്ചു. രൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും സംവദിക്കുന്നതില്‍ ഒരപാകതയും ദൈവമനുഷ്യനായ അദ്ദേഹത്തിനു തോന്നിയിട്ടില്ല. തന്റെ ഇഷ്ടങ്ങളേക്കാള്‍ മറ്റുള്ളവരുടെ സന്തോഷവും ആനന്ദവും നീതിയുമാണ് അദ്ദേഹം അഭിലഷിച്ചിരുന്നത്.
കാക്കനാടുള്ള പ്രകൃതി ആശുപത്രിയിലാണ് പടിയറ പിതാവ് തന്റെ വിശ്രമകാലം ചെലവഴിച്ചത്. പിതാവ് നിത്യതയിലേക്കു വിളിക്കപ്പെട്ടതിന്റെ തലേദിവസം രാവിലെ 6 മണിക്ക് പതിവുപോലെ ഞങ്ങള്‍ ഒരുമിച്ചു പ്രഭാത സവാരി നടത്തിയതാണ്. ഉച്ചകഴി ഞ്ഞ് ഞങ്ങള്‍ ഒന്നിച്ച് കോട്ടയത്ത് ഒരു ഡോക്ടറെ കാണാന്‍ പോയി. രാത്രി 9 മണിക്കാണു തിരിച്ചു വന്നത്. അന്നേരം പിതാവ് ഉന്മേഷവാനായിരുന്നു, പിതാവിനു ശുഭരാത്രി നേര്‍ന്ന് 10 മണിയോടെ ഞാന്‍ എറണാകുളത്തെ എന്റെ വീട്ടിലേക്കു പോന്നു.
പിറ്റേന്നു രാവിലെ (23 മാര്‍ച്ച് 2000) 4.15 ന് പടിയറ പിതാവ് എന്നെ ഫോണില്‍ വിളിച്ചു. വളരെ ക്ഷീണിതനാണെന്നും എത്രയും പെട്ടെന്നു എത്തിച്ചേരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അര മണിക്കൂറിനുള്ളില്‍ എന്റെ മക നെയും കൂട്ടി ഞാനവിടെ എത്തി. എന്നാല്‍ ഞങ്ങള്‍ ചെല്ലുന്നതിനു അഞ്ചുമിനിറ്റു മുമ്പ് അദ്ദേഹം നമ്മെ വിട്ടു സ്വര്‍ഗ്ഗത്തിലേക്കു യാത്രയായിരുന്നു. ഷുഗര്‍ കുറഞ്ഞു പോയതാണത്രെ പെട്ടെന്നുള്ള മരണത്തിനു കാരണം. തീര്‍ച്ചയായും അതിനു പ്രതിവിധി എന്തെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ സമയം അതനുവദിച്ചില്ല. എനിക്കു വലിയ സങ്കടം തോന്നി.
അഭിവന്ദ്യനായ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു…