വിളക്കേന്തേണ്ടവര്‍ വാളേന്തുകയോ?

വിളക്കേന്തേണ്ടവര്‍ വാളേന്തുകയോ?

സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ നമ്മുടെ എക്കാലത്തേയും പ്രസംഗവിഷയങ്ങളാണ്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തിലെ സ്വാതന്ത്ര്യവീക്ഷണത്തിന് അര്‍ത്ഥം നഷ്ടപ്പെടുന്നുവോ എന്നു ചിന്തിക്കണം. സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും നിത്യമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വിലയെന്നും നാമറിയാതെ പോകുന്നു. സാക്ഷരതയില്‍ മുന്നിലാകുമ്പോഴും സാര്‍ത്ഥകമായ സാക്ഷര സഞ്ചാരം യാഥാര്‍ത്ഥ്യമാകാതെ പോകുകയാണോ?

കലാലയാന്തരീക്ഷം കലുഷിതമാകുമ്പോള്‍ കാലവും കലുഷിതമാകുന്നു; ഒപ്പം ഭാവി അപകടത്തിലുമാകുന്നു. കലാലയങ്ങള്‍ വെറും പഠിതാക്കളുടെ ഇടമോ ഒത്തുചേരുന്ന സ്ഥലമോ അല്ല. മറിച്ച്, പുസ്തകങ്ങള്‍ക്കും തൊഴില്‍ സങ്കല്പങ്ങള്‍ക്കും അപ്പുറം സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും സഹിഷ്ണുതയുടേയും സത്യസന്ധതയുടേയും സന്മനോഭാവത്തിന്റേയും സമന്വയവേദിയാണ്. സ്‌നേഹമെന്നതിന്റെ അ നിര്‍വ്വചനീയമാനം നാളെയുടെ മക്കള്‍ തിരിച്ചറിഞ്ഞ് അനുഭവിക്കണം. അതാണ് കലാലയവീക്ഷണം.

രാഷ്ട്രീയം

മാനവികതയുടെ അടിത്തറ തകരുന്നിടത്ത് രാഷ്ട്രീയം എന്നതിന്റെ അര്‍ത്ഥവും നിരര്‍ത്ഥകമാകും. ആശയസംഘട്ടനങ്ങളും സം വാദങ്ങളും രാഷ്ട്രീയത്തില്‍ ഉണ്ട്, എന്നാല്‍ ചൂടേറിയ സംവാദങ്ങളുടെ രത്‌നച്ചുരുക്കം നന്മയുടെ പടുത്തുയര്‍ത്തലും അഹിംസയുടെ ചുവടുറപ്പും തിരിച്ചറിയുന്നിടമാകണം. ഈ തിരിച്ചറിവില്‍ വിദ്വേഷം എന്നതിനും അടിച്ചമര്‍ത്തല്‍ എന്നതിനും പ്രസക്തിയില്ല. വൈവിധ്യങ്ങളുടെ കുടക്കീഴില്‍ സാഹോദര്യം മൊട്ടിടണം; സകലര്‍ക്കും സമാധാനത്തിന്റെ സം വേദനങ്ങള്‍ പകരണം. മഴവില്ലിന്റെ മനോഹാരിത മിഴിവുറ്റതാണ് ഏവരുടേയും ഹൃദയത്തെ മഴവില്ല് മനോഹരമാക്കുമ്പോഴും മഴവില്ലിന്റെ ഏഴുനിറങ്ങള്‍ക്ക് വ്യതിരിക്തതയും തനിമയും ഒപ്പം ഒരുമയും ഉണ്ട്; ഏഴുനിറങ്ങളുടെ സമന്വയം നിറമില്ലാത്ത പ്രകാശമാണ്; സകലര്‍ക്കും പ്രകാശമാകുമ്പോഴും പ്രകാശത്തില്‍ ഏഴുനിറങ്ങള്‍ മറഞ്ഞിരിക്കുന്നുവെന്നത് രാഷ്ട്രീയക്കാരെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളേയും ചിന്തിപ്പിക്കണം. നാമാരെയാണ് ഇല്ലായ്മ ചെയ്യാന്‍ വെമ്പുന്നത്? പരസ്പരം പടുത്തുയര്‍ത്താന്‍ നിയോഗിക്കപ്പെട്ട രാഷ്ട്രീയത്തിന് എങ്ങനെയാണ് പടവെട്ടി മരിക്കാനുള്ള ബോധനം കിട്ടിയത്? ഒരുവന്റെ ജീവന്റെ വിലയോളം വലിയ ആശയ സംഘട്ടനങ്ങള്‍ ഉണ്ടാകാമോ? ഭയരഹിതമായി തോളോടു തോള് ചേര്‍ന്ന് രാജ്യസ്‌നേഹം പ്രൊജ്വലിപ്പിക്കേണ്ട നാളെയുടെ മക്കള്‍ക്ക് അരുതാത്ത വൈകാരികത ഉണ്ടാകാന്‍ പാടില്ല. ആശയങ്ങള്‍ സംവദിക്കട്ടെ, മത്സരിക്കട്ടെ, അപ്പോഴും മുഖാമുഖമിരുന്ന് പുഞ്ചിരിക്കാനും സൗഹൃദം പങ്കിടാനും നാളെയുെട തലമുറയ്ക്ക് വിവേകം ഉണ്ടാകണം. മനുഷ്യരില്ലെങ്കില്‍ ആശയങ്ങള്‍ അര്‍ത്ഥം കണ്ടെത്തുമോ? ഹിംസാത്മകമായ വൈകാരിക രാഷ്ട്രീയം രാജ്യസ്‌നേഹമോ പാര്‍ട്ടി സ്‌നേഹമോ വ്യക്തി താത്പര്യമോ ആകുന്നില്ല. നന്മ ചെയ്യുന്നതിലാകണം മത്സരം; കലാലയത്തിലെത്തുന്ന നമ്മുടെ മക്കള്‍ ചേരിതിരിവിന്റെ മതില്‍ക്കെട്ടുകളില്‍ തളയ്ക്കപ്പെട്ടു കൂടാ! വിശാല വീക്ഷണത്തിന്റെ വിശുദ്ധ സഞ്ചാരം നാളെയുടെ മക്കള്‍ പരിശീലിക്കണം; രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ അസഹിഷ്ണുതയും വിദ്വേഷവും കടന്നുകൂടാന്‍ പാടില്ല. മഴവില്ലിലെ ഒരു നിറം മാഞ്ഞുപോയാല്‍ അതിന്റെ മനോഹാരിതയ്ക്കും ആത്യന്തികമായി പ്രകാശത്തിന്റെ തീക്ഷ്ണതയ്ക്കും മങ്ങലേല്ക്കും. നമുക്കൊപ്പമുള്ളവര്‍ പറയുന്നതു ശ്രവിക്കാനുള്ള പക്വതയും, നമുക്കു യോജിക്കാനാകാത്തതെങ്കിലും വിവേകത്തോടെ വിയോജിക്കാനും സാധിക്കണം. വൈവിധ്യങ്ങളുടെ സമന്വയം ഒരു മേശയ്ക്കു ചുറ്റും ഉണ്ടാകുമ്പോഴാണ്; രാഷ്ട്രീയക്കാര്‍ രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളാകുന്നത്. അതിമനോഹരവും ദൃഢവും ഭാവി പുരോഗതിയുടെ നാന്ദിയുമായി തലയെടുത്തു നില്‍ക്കുന്ന കെട്ടിടം സിമന്റു കൊണ്ടുമാത്രമോ, മണല്‍കൊണ്ടു മാത്രമോ, ഇരുമ്പു കമ്പികൊണ്ടു മാത്രമോ പണിതുയര്‍ത്തിയതാണോ? മാറ്റിനിര്‍ത്തപ്പെടുന്ന വസ്തുക്കളും, പരിഗണിക്കപ്പെടുന്ന വസ്തുക്കളും സ്ഥിരമായി നിലകൊള്ളുന്ന വസ്തുക്കളും ഓരോ നിര്‍മ്മിതിയിലും ഉണ്ട്; നിര്‍മ്മിതിയുടെ ആത്യന്തിക 'രൂപം' നന്മയുടെ മലര്‍വാടിയാകണം; ആരെയും അവഗണിക്കാത്ത വിശാലവീക്ഷണത്തിന്റെ മാനസിക ഇടം രാഷ്ട്രീയത്തിന്റെ കളരിയാകണം. അപരന്റെ ദുരന്തം സ്വന്തം മനഃസാക്ഷിയിലേക്ക് ഒന്നു പറിച്ചു നട്ടുനോക്കൂ... വേദനയുടെ ആഴവും പരപ്പും അപ്പോള്‍ തിരിച്ചറിയാനാകും!

ദ്രോഹവും ക്രോധവും നിഗ്രഹവും രാഷ്ട്രീയത്തില്‍ നിന്നു മാറ്റണം; മാറ്റിയേ തീരൂ! നിറവും കൊടിയും കുറ്റാരോപണവും മാറ്റിവെച്ച് അക്രമത്തെ മനുഷ്യത്വഹീനമായി തിരിച്ചറിയാനും ആവര്‍ത്തിക്കാതിരിക്കാനും നമ്മുടെ മക്കളില്‍ മനസ്സാക്ഷിയെ ഉണര്‍ത്തണം; തദ്വാരയുള്ള ജീവിതശൈലിയെ സ്വായത്തമാക്കാനും മക്കളെ പഠിപ്പിക്കണം. മഴവില്ലിലെ ഏതു നിറം 'മരിച്ചാലും'' മഴവില്ലുതന്നെയാണ് മരിക്കുന്നത്. എന്നറിയാനുള്ള വിവകം രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും ഉണ്ടാകണം. ആരെയും ഇല്ലാതാക്കുമ്പോഴല്ല സകലരേയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുമ്പോഴാണ് ഓരോ പാര്‍ട്ടിയുടെയും ശക്തി തിരിച്ചറിയപ്പെടുന്നതും; നേതൃത്വം പ്രശംസിക്കപ്പെടുന്നതും. വിജയ പരാജയങ്ങള്‍ ആപേക്ഷികമാണ് എന്നാല്‍ മനുഷ്യത്വത്തില്‍ ആപക്ഷികതയില്ല തുല്യതമാത്രം! മനുഷ്യര്‍ മനുഷ്യത്വത്തിനു കേഴുമ്പോള്‍ നാമൊക്കെ പുലിക്കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുന്ന തിരക്കിലാണോ?

നേതാവും അണികളും

നന്മയ്ക്കു നേതൃത്വം കൊടുക്കുന്നവരെ മാത്രമാണ് നേതാവെന്നു വിവക്ഷിക്കുന്നത്. അങ്ങനെതന്നെയാകണം ഓരോ നേതാവും. തകിടം മറിക്കുന്നതും തച്ചുടയ്ക്കുന്നതും മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നതും നേതൃപാടവത്തിലെ വഴിവിട്ട സഞ്ചാരം മാത്രമാണ്. കലാലയത്തിനു പുറത്തുനിന്ന് കലാലയത്തിനകത്ത് രാഷ്ട്രീയം വിതയ്ക്കുന്നതു നിര്‍ത്തണം. കലാലയാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയത്തിന്റെ ബാലപാഠവും നേതൃപാഠവും പഠിക്കാനായി കടന്നുപോയ മഹത്‌വ്യക്തികളുടെ ചരിത്രതാളുകള്‍ മറിച്ചു നോക്കട്ടെ. അനുകരണീയമായ വ്യക്തിത്വങ്ങളെ മാതൃകയാക്കാനും, പുറം രാഷ്ട്രീയത്തിനുമപ്പുറം കലാലയങ്ങളില്‍ 'ലീഡര്‍ഷിപ്പ്' വഹിക്കാനും സകല വിദ്യാര്‍ത്ഥികളുടേയും നേതാവാകാനും ശീലിക്കണം. ആശയങ്ങളുടെ നിറ വ്യത്യാസം മത്സരക്കളരിയെ മനോഹരമാക്കാനും സൗഹൃദം ബലപ്പെടുത്താനുമുതകണം. കായികമായി നേരിടുന്നതില്‍ ഒരുതരം രാഷ്ട്രീയവുമില്ല. മറിച്ച് മാനവികത നശിക്കുന്നിടത്ത് മുളപൊട്ടുന്ന മൃഗീയത മാത്രമാണ് ക്രൂരതകളുടെ ഉറവിടം. നാം ആര്? ആരെയാണ് നാം ഇല്ലായ്മ ചെയ്യുന്നത്? ഉയരമുള്ളവര്‍ നിഷ്‌ക്കാസിതരാകുമ്പോഴാണോ ഉയരം കുറഞ്ഞവര്‍ പൊക്കക്കാരാകുന്നത്?

തന്റെ പിറകില്‍ 'കീജയ്' വിളിക്കാന്‍ പടുത്തുയര്‍ത്തുന്ന പടവെട്ടു തൊഴിലാളികളായി നാളെയുടെ തലമുറയെ വളര്‍ത്തരുത്. ഓരോരുത്തരും താന്താങ്ങളുടെ വഴിയില്‍ വിജയം വരിക്കാനുള്ള അവസരവും ആയുസ്സും നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അക്രമം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയിലേയ്ക്ക് എത്തുമ്പോള്‍ മരിച്ചവരുടെ നിറം പറയാതെ 'മനുഷ്യന്‍ മരിക്കുന്നു'വെന്ന ചിന്തയാകണം സകലര്‍ക്കും. മനുഷ്യര്‍ മരിക്കുന്നു; മനുഷ്യത്വം മരവിക്കുന്നു; മനുഷ്യ മനസ്സാക്ഷിയില്‍ ഏതോ ചിലന്തികള്‍ മാറാലതീര്‍ക്കുന്നു, പരസ്പരം ഹൃദയം കാണാതെയും അവരിലെ മനുഷ്യരെ കാണാതെയും സ്വന്തം കാര്യലാഭവും നേട്ടവും മാത്രം ദര്‍ശിക്കുന്ന 'അന്ധത' തിരുത്തണം. നിറം പറഞ്ഞ് കലപില കൂടുന്നതും കൂട്ടല്‍ കിഴിക്കല്‍ നടത്തുന്നതും ക്രൂരതയാണ് മൃഗീയമാണ്, ആവര്‍ത്തിക്കരുത്. ഇനിയൊരിക്കലും കലാലയ രാഷ്ട്രീയം കലാപരാഷ്ട്രീയമായി മാറരുത്. അണികളുടെ രക്തത്തിളപ്പിനെ അഥവാ യുവപ്രസരിപ്പിനെ ചൂഷണം ചെയ്യുന്ന നേതൃഭാവം മാറ്റണം. നാളെയുടെ മക്കളെക്കൊണ്ട് കുടുംബത്തിനും, നാടിനും രാജ്യത്തിനും ലോകത്തിനു തന്നെയും നന്മയുടെ പ്രകാശമുണ്ടാകണം. നല്ല മനുഷ്യരാകണം.

തൊഴില്‍

നമ്മുടെ നാട്ടില്‍ രാഷ്ട്രീയം ഒരു തൊഴിലാണോ? അതെയെന്ന് നാളെയുടെ മക്കള്‍ ഉത്തരം പറയു ന്നതിലേക്ക് രാഷ്ട്രീയം മാറിയെങ്കില്‍ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തണം. ഒരു വിശ്വപൗരനാകാന്‍ നമ്മിലെ താലന്ത് യഥാസമയം ഉപയുക്തമാക്കണം. വ്യക്തിയുടെ സ്വത്വബോധം സജീവമാക്കുന്നതില്‍ കലാശാലകള്‍ കാരണമാകണം. കലാലയങ്ങളില്‍ രാഷ്ട്രീയക്കാരുടെ 'ജന്മം' ഉണ്ടാകാതെ രാഷ്ട്രീയക്കാരാകുന്നതിലേയ്ക്കുള്ള ദിശാബോധം ജനിക്കണം. രാഷ്ട്രീയക്കാരുടെ കളരിയല്ല കലാലയം മറിച്ച് നേതൃപാടവത്തിന്റെ തികവില്‍ നന്മ മത്സരക്കളത്തിലേയ്ക്ക് വരട്ടെ. മികവുറ്റതും മാതൃകയുടെ പാഠവുമായ രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ വീക്ഷണ ക്ലാസ്സുകള്‍ കലാലയങ്ങളില്‍ ഉണ്ടാകട്ടെ. രാഷ്ട്രീയം ഒരു പാഠഭാഗം തന്നെയാകട്ടെ. അതല്ലാതെ രാഷ്ട്രീയം എന്ന 'തൊഴില്‍' സ്വന്തമാക്കാനുള്ള 'വേട്ടയാടല്‍' കേന്ദ്രമായി കലാലയങ്ങളെ മാറ്റരുത്. രാഷ്ട്രീയത്തിനതീതമായ രാഷ്ട്രീയം പരീക്ഷിച്ച് നേതൃപാടവം (അതുള്ളവര്‍) പച്ച പിടിപ്പിക്കട്ടെ. രാഷ്ട്രീയമേതായാലും തനിക്കും നാടിനും വേണ്ടി തൊഴിലെടുക്കാനുള്ള അഭിവാഞ്ചയും കലാലയത്തില്‍ ഉടലെടുക്കണം. മക്കള്‍ ഭാവി നശിപ്പിക്കരുത്. സ്വന്തം ഉറ്റവരേയും ഉടയവരേയും മറക്കരുത്. സ്വന്തം ജീവിതം തനിക്കുതന്നെയാണ് ആദ്യമേ കരുതലാകേണ്ടത്, തുടര്‍ന്ന് ചുറ്റുമുള്ളവര്‍ക്കും. ജീവഹാനി പ്രകീര്‍ത്തിക്കപ്പെടുകയല്ല നഷ്ടങ്ങള്‍ വരുത്തിക്കൂട്ടുകയാണ് ചെയ്യുന്നതെന്ന് മക്കളറിയണം. മക്കളെക്കൊണ്ട് രാഷ്ട്രീയ 'പാവക്കൂത്ത്' അരങ്ങേറരുത്. അദ്ധ്വാനിച്ച് ജീവിക്കാനും ജീവിതം ചുറ്റുമുള്ളവര്‍ക്ക് മാതൃകയാക്കാനും മക്കളെ പഠിപ്പിക്കണം. കലാലയത്തിലെ മക്കള്‍ക്ക് ''ലോകത്തിന്റെ മക്കള്‍ക്ക്'' എന്ന ഒറ്റനിറവും ഒറ്റ രാഷ്ട്രീയവും ഉണ്ടാകണം. മക്കള്‍ പഠിച്ച് ലോകത്തിനായി വളരട്ടെ. മടിയന്മാരുടെ കൂടാരമായി യുവതയുടെ ലോകത്തെ മാറ്റരുത്. ക്രിയാത്മകമായി ജീവിച്ച് രാജ്യപുരോഗതിയില്‍ സകലജനവും പങ്കാളികളാകട്ടെ. ക്രൂരത ഒന്നിനും പരിഹാരമല്ല; നേതൃമികവുമല്ല; വെറും മൃഗീയതമാത്രം! അര്‍ത്ഥശൂന്യമായ ആശയ സംഘട്ടനങ്ങളേക്കാള്‍ ആരോഗ്യകരമായ ആശയസംവാദങ്ങളും സംവേദനക്ഷമതയും കലാലയത്തില്‍ വളരട്ടെ. ആയുധവുമായി രാഷ്ട്രീയത്തിനും നേതൃത്വത്തിനും രാജ്യസ്‌നേഹ പന്ഥാവിനും പങ്കുണ്ടാകരുത്. പുസ്തകമാണ് കലാലയത്തിന്റെ ആയുധം. ഏറ്റവുമധികം പഠിച്ചവരേക്കാള്‍ ഏറ്റവും നന്നായി പഠിച്ചവരെയാണ് സമൂഹത്തിനാവശ്യമെന്നു മറക്കാതിരിക്കുക!!

ഇനിയെന്ത്?

തിരുത്തും തിരിച്ചുേപാക്കുമാണ് യഥാര്‍ത്ഥ 'ഭവന'ത്തിലെത്താനുള്ള ആദ്യചുവടുവെയ്പ്. ദയവായി മരിക്കുന്നവര്‍ക്ക് കൊടിയുടെ നിറം ചാര്‍ത്താതെ ക്രൂരതയെ തള്ളിപ്പറയാനും കലാപരാഷ്ട്രീയം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍നിര പോരാട്ടവും സകലരിലും നിന്നുമുണ്ടാകണം. കലാലയത്തില്‍ രാഷ്ട്രീയം പാഠഭാഗമാക്കണം; പ്രായോഗികതയിലേയ്ക്കു കടക്കുംമുമ്പ് രാഷ്ട്രീയത്തെക്കുറിച്ചും ചരിത്രത്തിന്റെ ഈടുറ്റ നേതൃനിരയെക്കുറിച്ചും തികഞ്ഞ ബോധനം കലാലയാന്തരീക്ഷത്തില്‍ ഉണ്ടാകണം. കലഹിക്കുന്ന മക്കള്‍ ഉണ്ടാകരുത്; ഹൃദയാത്മകമായ സഹവര്‍ത്തിത്വം സകലര്‍ക്കും ഉണ്ടാകണം. യുവാക്കളെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗഭാക്കാക്കി, നേതാക്കളുടെ ഇംഗിതത്തിനൊത്തു നിര്‍ത്തുന്നത് തെറ്റാണ്. പരസ്പരം ഹനിക്കുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നാട്ടില്‍ അരങ്ങേറാതിരിക്കേണ്ടത് രാഷ്ട്രീയത്തിന്റെ ചുമതലയായി ഏറ്റെടുക്കണം; സകലര്‍ക്കും ഒരു കാവലാകുന്ന ജാഗ്രതയുടെ രാഷ്ട്രീയം മുളപൊട്ടണം.

സമാധാനം എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. സൈ്വരജീവിതവും തൊഴിലുറപ്പും മരീചികയായി തുടരാതിരിക്കാനും രാഷ്ട്രീയത്തിന് ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും ഉണ്ടാകണം. ജ്ഞാനം നമ്മോടു സമീപിച്ചിരിക്കുന്നതിനേക്കാളും അടുത്താണ് മനസ്സാക്ഷിയിരിക്കുന്നത് എന്ന ബോധം മക്കള്‍ക്കു നല്കണം. മനസാക്ഷിയെ സജീവമാക്കി നിര്‍ത്തുമ്പോള്‍ അതേ ആശയ സംഘട്ടനങ്ങള്‍ക്കു നടുവിലും ദൈവസ്വരം കേള്‍ക്കാനാകും; ക്രൂരത അരങ്ങേറില്ല; ചുറ്റുമുള്ളവരേയും ജീവിക്കാനനുവദിക്കുന്ന നല്ല മനസ്സ് സജീവമായി നിലകൊള്ളുകയും ചെയ്യും!

നമുക്ക് നന്നായിക്കൂടെ? ചിന്തിച്ച് തിരുത്തിക്കൂടെ? ''അഹിംസയുടെ, അതായത് സ്‌നേഹത്തിന്റെ പാതയിലൂടെ നമുക്ക് പലപ്പോഴും ഏകാകിയായിത്തന്നെ നടക്കേണ്ടി വരും. ഹിംസാലുവിന്റെ മുദ്ര അവന്റെ ആയുധമാണ്, അഹിംസാലുവിന്റെ രക്ഷാകവചമാണ് ഈശ്വരന്‍'' എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠം അഹിംസയാകണം; അഹിംസകൊണ്ട് ലോകമനഃസാക്ഷിയെ കീഴടക്കിയ മഹാത്മജിയുടെ ഭാരതത്തില്‍ ഇനിയൊരു കലാപരാഷ്ട്രീയവും കൊലപാതകവും ഒന്നും ഉണ്ടാകരുത്. പ്രസ്താവനയേക്കാള്‍ പ്രകരണങ്ങളാകുന്ന മുഖാമുഖ സംവാദങ്ങളും തീരുമാനങ്ങളെടുക്കുന്നതിലെ കൂട്ടായ്മയുമാണ് പ്രധാനം! നല്ല പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നഷ്ടമാകയില്ല; കാത്തുസൂക്ഷിക്കപ്പെടുന്ന നിധിയാണതെല്ലാം; പ്രകാശംപരത്താന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നുകില്‍ വിളക്കാകുക, അല്ലെങ്കില്‍ പ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക; ഒരുപക്ഷേ, നമുക്ക് രണ്ടുമാകാന്‍ കഴിഞ്ഞേക്കാം!!

സന്ദേശം

രാഷ്ട്രീയത്തിന് ഒരു സന്ദേശമുണ്ട്... ഉണ്ടാകണം! ''സൗഹൃദം, സാഹോദര്യം, സഹിഷ്ണുത, സത്യസന്ധത, സന്മനോഭാവം, സമത്വം, സമാധാനം'' ഈ വക ചിന്തകള്‍കൊണ്ട് പ്രവര്‍ത്തനനിരതമാകാന്‍ രാഷ്ട്രീയക്കാര്‍ പഠിക്കണം, പഠിപ്പിക്കണം. ഭീതിയുടെ ഒരംശം പോലും ഉടലെടുക്കാത്തരാഷ്ട്രീയ സത്തയുണ്ടാകണം സമൂഹത്തിനായി. ''സ്വയം ഭരിക്കുകയും ആഗ്രഹങ്ങളേയും അഭിനിവേശങ്ങളേയും നിയന്ത്രിക്കുകയും ചെയ്യുന്നവന്‍ ഒരു രാജവിനേക്കാളും ഉന്നതനാണെന്നാണ്'' മഹത്ചിന്ത! അടിമത്തമോ മേല്‍ക്കോയ്മയോ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും ഉണ്ടാകരുത്, മനുഷ്യന്‍ മരിക്കാത്ത മനുഷ്യത്വം നിറയുന്നതാകണം രാഷ്ട്രീയം! കലാപത്തെ മഹത്വവല്‍ക്കരിക്കുന്ന ചിന്തയും പ്രസംഗവും പ്രസ്താവനകളും ഉണ്ടാകരുത്. 'രാഷ്ട്രീയ നിറം' നോക്കിയുള്ള കലാലയ രാഷ്ട്രീയവും തദ്വാരയുള്ള തിരഞ്ഞെടുപ്പുകളും മാറ്റി കലാലയാന്തരീക്ഷത്തിനുള്ള പുതിയ തിരഞ്ഞെടുപ്പു നയം മാത്രം മതി! 'ലീഡര്‍ഷിപ്പ്' എന്നതിന് 'വിളക്കേന്തുന്നവര്‍' എന്ന ഒരു സങ്കല്പം മതി. കത്തുന്ന വിളക്കിലും തെളിയുന്ന പ്രകാശത്തിലും സകല വര്‍ണ്ണങ്ങളും നിവേശിക്കപ്പെട്ടിട്ടുണ്ട്; സര്‍വ്വ പ്രതിഭകളുടേയും സംഗമയിടമായി കലാലയം മാറുന്നു; ഈ പ്രതിഭാ സംഗമത്തില്‍ സകല വി ദ്വേഷവും അലിഞ്ഞില്ലാതാകും; വ്യക്തിവളരും, കുടുംബം വളരും, നാടു വളരും, ലോകം സമാധാനത്തിനും ലക്ഷ്യത്തിലുമെത്തും; മുറിപ്പാടുകളും മുറിപ്പെടുത്തലുകളും ജീവഹാനിയുമല്ലാതെ രാഷ്ട്രീയം മുന്നോട്ടുപോകും, പോകണം; അതിനായി നാടും നാട്ടാരും ചിന്താധാരയും ഉണര്‍വ്വിന്റെ ചര്‍ച്ചയിലാകണം. ഇനിയൊരു രാഷ്ട്രീയ ക്രൂരത ഉണ്ടാകരുതെന്ന് ദൃഢനിശ്ചയത്തിലെത്തണം; രാഷ്ട്രീയം നന്മയില്‍ ഉണരണം, ഉയിരിന്റെ വക്താക്കളും ഉയര്‍ച്ചയുടെ നെടുനായകരുമായി നമ്മുടെ നാളെകള്‍ ശോഭനമാകട്ടെ. മത്സരത്തിന്റെ സ്പിരിറ്റും വിജയത്തിന്റെ സൗഹാര്‍ദ്ദതയും മാത്രം മതി. മക്കള്‍ നാടിന്റെയും നാളെയുടെയും അമൂല്യതയാണ്. ജീവന്റെ വില മറന്ന് ഒന്നും വേണ്ട!.... അരുത് ആവര്‍ത്തിക്കരുത്; തേങ്ങലും ഗദ്ഗദങ്ങളും തുടര്‍ക്കഥയാകരുത്... സമാധാനത്തിന്റെ വെള്ളരിപ്രാക്കള്‍ കുറുകിയുറങ്ങി; ചിറകടിച്ചുയര്‍ന്ന് ആകാശസീമകള്‍ കീഴടക്കട്ടെ! സമാധാനകാംക്ഷികളായി നമുക്കു ജീവിക്കാം, ഒരുമിക്കാം!!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org