അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ?

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ?
Published on

ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍
MBBS MD (Psychiatry)

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ? പലരും പല തവണ ചോദിച്ചിട്ടുള്ളതാണിത്.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ഒരു സന്യാസ സഹോദരി കൂടി ആത്മഹത്യ ചെയ്തപ്പോള്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെടുകയുണ്ടായി.
അനേകം വര്‍ഷത്തെ പരിശീലനം കഴിഞ്ഞ്, അനേകം ആളുകളെ അവരുടെ പ്രതിസന്ധികളില്‍നിന്ന് കൈപിടിച്ചു കയറ്റുകയും, ആത്മീയമായും മാനസികമായും ഒക്കെ മറ്റുള്ളവര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള പുരോഹി തരും കന്യാസ്ത്രീകളും ഒക്കെ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം വളരെ യുക്തിസഹമാണ്.
ചോദ്യം അല്പം സങ്കീര്‍ണമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്. അതി തീവ്രമായ വിഷാദരോഗ അവസ്ഥ പോലുള്ള മാനസിക ആരോഗ്യപ്രശ്‌നം വരുമ്പോള്‍, നിങ്ങളോട് സംസാരിക്കുന്ന ഞാനും എന്നെ ശ്രവിക്കുന്ന നിങ്ങളില്‍ പലരും ആത്മഹത്യ ചെയ്‌തേക്കാം. അതില്‍ വൈദ്യന്‍ എന്നോ വൈദീകന്‍ എന്നോ നടന്‍ എന്നോ നടി എന്നോ പണ്ഡിതനും പാമരനും എന്നോ ധനവാനും ദരിദ്രനും എന്നോ വ്യത്യാസമില്ല.
ഇന്ത്യയിലെ ഒരു വര്‍ഷത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 10.2 ആയിരിക്കേ കേരളത്തില്‍ അത് 24.3 ആണ്. അതായത് കേരളത്തില്‍ പതിനായിരത്തില്‍ രണ്ടുപേര്‍ (2.43) വെച്ച് ആത്മഹത്യ ചെയ്യുന്നു എന്ന് അര്‍ത്ഥം (നാഷണല്‍ ക്രൈം ബ്യൂറോ റെക്കോര്‍ഡ്‌സ് 2019 രേഖകള്‍ പ്രകാരം).
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം (99,635) കന്യാസ്ത്രീകള്‍ ഉണ്ട്.
ചില കണക്കുകള്‍ പ്രകാരം വസ്തുനിഷ്ഠമല്ലെങ്കിലും 1980 മുതല്‍ ഇന്നു വരെ ഏകദേശം 16 സമര്‍പ്പിതര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കേരളത്തില്‍ മരണപെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ അവസാനത്തെ ആളാണ് കഴിഞ്ഞദിവസം മരണപ്പെട്ട സി. ജെസീന.
സംസ്ഥാന ശരാശരി (24.3) അനുസരിച്ചുള്ള ആത്മഹത്യകള്‍ കന്യാസ്ത്രീമാരുടെ ഇടയില്‍ നടന്നിരുന്നെങ്കില്‍ സീറോ-മലബാര്‍ കത്തോലിക്കാ സന്യാസിനികളുടെ ഇടയില്‍ മാത്രമായി വര്‍ഷത്തില്‍ ഒമ്പത് ആത്മഹത്യകള്‍ എങ്കിലും നടക്കണമായിരുന്നു! കാരണം, അവരുടെ എണ്ണം 35,138 ഓളം വരുന്നുണ്ട്.
ശാസ്ത്രീയമായ പഠനങ്ങള്‍ പ്രകാരം ആത്മഹത്യ ചെയ്ത 95 ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ഈ 95 ശതമാനത്തില്‍ 80 ശതമാനവും ആളുകള്‍ വിഷാദരോഗ അവസ്ഥ ഉള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
കുറച്ച് നാളുകള്‍ക്കു മുമ്പ് മരണമടഞ്ഞ വൈദിക സഹോദരനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കൃത്യമായും മനസ്സിലാകുന്നത് സാഹചര്യ സമ്മര്‍ദ്ദങ്ങളെക്കാള്‍ ഉപരിയായി അദ്ദേഹത്തിന് കടുത്ത വിഷാദ രോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ്. ഇത്തരം കടുത്ത വിഷാദരോഗം ഉള്ള ആളുകള്‍ ആത്മഹത്യാശ്രമം നടത്തുമ്പോള്‍ ഏതു വിധേനയും ആ ശ്രമം വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തും.
അതുകൊണ്ടാണ് നന്നായി നീന്തല്‍ അറിയാവുന്ന അദ്ദേഹം തന്റെ ഇരുകൈകളും കൂട്ടിക്കെട്ടി വെള്ളത്തിലേക്ക് ചാടിയത്. സൈ ക്കോളജിക്കല്‍ ഓട്ടോപ്‌സിയില്‍ അതിനെ 'Intent to Die' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് മരണം ഉറപ്പാക്കാന്‍ എത്രത്തോളം തീവ്രമായി ആഗ്രഹിച്ചിരുന്നു എന്ന കാര്യം.
ആത്മഹത്യാ പ്രവണത ഒരു സൈക്യാട്രിക് എമര്‍ജന്‍സി/മാനസികാരോഗ്യ അത്യാഹിതം തന്നെ ആണ്. കൃത്യസമയത്ത് ഇടപെടുകയും ചികിത്സിക്കുകയും ചെയ്യുകയാണെങ്കില്‍ വിലപ്പെട്ട ഒരു ജീവനെ നമുക്ക് രക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, ദുരഭിമാനികളായ മലയാളികള്‍ പലരും നെഞ്ചുവിരിച്ച് ഒരു ഹൃദ്രോഗ വിദഗ്ധനെ കാണാന്‍ പോകുമ്പോള്‍, പലരും തലയില്‍ മുണ്ടിട്ടു കൊണ്ടാണ് തങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ അത്രയധികം അയിത്തം ഉണ്ട്. മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ കാണപ്പെടുമ്പോള്‍ അതു തിരിച്ചറിയാനോ വേണ്ട വിധം ശാസ്ത്രീയ ചികിത്സകള്‍ തേടാനോ വൈമുഖ്യം ഉണ്ടെന്ന കാര്യം തീര്‍ച്ചയാണ്. പലപ്പോഴും പ്രാര്‍ത്ഥിച്ചു മാറ്റാനും, പൊതു സമൂഹത്തില്‍നിന്ന് മാറ്റി നിര്‍ത്താനുമുള്ള പ്രവണതകളാണ് പൊതുവേ കണ്ടിട്ടുള്ളത്. ഇത്തരത്തിലുള്ള വിവേചനം എന്ന് മാറുന്നുവോ അന്ന് മാത്രമേ മലയാളിയുടെ മാനസിക ആരോഗ്യ നിലയെ മെച്ചപ്പെടുത്താനും ആത്മഹത്യകളെ വേണ്ടവണ്ണം പ്രതിരോധിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.
മാനസിക രോഗങ്ങളെ പറ്റി മലയാളി മനസ്സില്‍ സൂക്ഷിക്കുന്ന ഒരു തെറ്റിദ്ധാരണ മാനസിക രോഗങ്ങള്‍ എല്ലാം തന്നെ പിശാചുബാധകളാണ് എന്നുള്ളതാണ്.
ഇതുമൂലം രണ്ട് പ്രധാന പ്രശ്‌നങ്ങളുണ്ട്; ഒന്നാമത്തെ കാര്യം, മാനസികരോഗം ഉള്ള ആള്‍ ധാര്‍മികമായും ആത്മീയമായും മൂല്യച്യുതി ഉള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പിശാചുബാധ വന്നതെന്ന് പൊതുസമൂഹം അനുമാനിക്കുന്നു. അതുകൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനും പുച്ഛത്തോടെ വീക്ഷിക്കാനും ഇടവരുന്നു. മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി വിലയിരുത്തപ്പെടുന്ന വ്യക്തികളെ പലപ്പോഴും കുടുംബത്തിലെയും സമൂഹത്തിലെയും ശാപമായി കരുതി പാഴ്ജന്മങ്ങളായി മുദ്രകുത്തി ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാന്‍ ഉഴിഞ്ഞു വയ്ക്കുകയാണ് പതിവ്.
രണ്ടാമതായി, മാനസികരോഗങ്ങള്‍ ബാധശല്യം ആണെന്നുള്ള തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് ആര്‍ക്കെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവര്‍ സ്വാഭാവികമായും അതിന് ശാ സ്ത്രീയമായ ചികിത്സാരീതികള്‍ അവലംബിക്കാതെ സ്വയം ചികിത്സയോ അല്ലെങ്കില്‍ അശാസ്ത്രീയമായ മറ്റു മാര്‍ഗ്ഗങ്ങളോ തേടുന്ന ദുരവസ്ഥ ഉണ്ടാകുന്നു.
ചില സമയമങ്ങളില്‍ സന്യസ്തരുടെ ഇടയില്‍ പോലും മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ പിശാചുബാധയാണെന്ന് തെറ്റിദ്ധരിച്ച് അധികാരികള്‍ അവരെ ധ്യാനങ്ങള്‍ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും മാത്രം അയച്ച് മാനസാന്തരപ്പെടുത്താന്‍ പരിശ്രമിക്കാറുണ്ട്. ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ട പ്രവണതയാണ്.
ഇനി ഒരു ആത്മഹത്യ കൂടി സംഭവിക്കരുതെന്ന് എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം: ആത്മഹത്യകളെ ചെറുക്കാനുള്ള പ്രഥമവും പ്രധാനവുമായ നടപടി എന്ന് പറയുന്നത് വിഷാദ രോഗത്തെ നേരത്തെ തിരിച്ചറിയുകയും ശാസ്ത്രീയമായി ചികിത്സിക്കുകയും ചെയ്യുക എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ തീവ്ര വിഷാദരോഗം അടിയന്തിരമായ ചികിത്സ വേണ്ട മാനസികാരോഗ്യ അത്യാഹിതം ആണെന്ന് മനസ്സിലാക്കാതെ, ഇനി അഥവാ മനസ്സിലാക്കിയാല്‍ തന്നെ മനസ്സു കൊണ്ട് അംഗീകരിക്കാനുള്ള വൈമുഖ്യം കാരണം ഇത് സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളൂ എന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കുകയും ചെയ്താല്‍… ഇനിയും ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും…. ഈ ലേഖനം എഴുതുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ ബിരുദ്ധ വിദ്യാര്‍ത്ഥിയെ കുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു കനല്‍ ഇപ്പോഴും ഉള്ളില്‍ എരിയുന്നു… നമുക്ക് തടയാമായിരുന്നതേയുള്ളൂ എന്ന ചിന്ത ഇപ്പോഴും വേട്ടയാടുന്നു.
മാനസിക ആരോഗ്യം ഇല്ലാതെ പൂര്‍ണ്ണ ആരോഗ്യം സാധ്യമല്ല എന്ന മുദ്രാവാക്യം നമുക്ക് മറക്കാതിരിക്കാം. നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം. അടുത്തൊരു ആത്മഹത്യ തടയാന്‍ നമുക്ക് ജാഗ്രതയോടെ ആയിരിക്കാം.

(ലേഖകന്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മാന സികാരോഗ്യ വിഭാഗം സീനിയര്‍ റെസിഡന്റ് ഡോക്ടറാണ്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org