കുര്‍ബാനയര്‍പ്പണരീതി ഏകീകരിച്ചാല്‍ വൈവിധ്യങ്ങള്‍ അവസാനിക്കുമോ?

ജോസഫ് ആന്റണി
കുര്‍ബാനയര്‍പ്പണരീതി ഏകീകരിച്ചാല്‍ വൈവിധ്യങ്ങള്‍ അവസാനിക്കുമോ?

കുര്‍ബാനയര്‍പ്പണരീതി ഏകീകരിച്ചാല്‍ കൂടുതല്‍ ഐക്യമുണ്ടാകുമെന്ന വാദം മുന്‍നിറുത്തിയാണല്ലോ 50:50 ഫോര്‍മുല സിനഡ് അംഗീകരിച്ചത്. ഇതിലൂടെ ഐക്യം വളരുമെന്ന് മാര്‍പാപ്പയെക്കൊണ്ട് എഴുതിക്കുകയും ചെയ്തു. സിനഡാനന്തര ഇടയലേഖനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സത്യമോ മിഥ്യയോ?

2021 ആഗസ്റ്റിലെ സിനഡിനു മുമ്പ് ഔദ്യോഗികവും അനൗദ്യോഗികവുമായ പ്രസ്താവനകളില്‍ നിന്ന് അര്‍പ്പണരീതി ഏകീകരിക്കുന്നതിനെക്കുറിച്ച് സിനഡില്‍ ചര്‍ച്ച ഉണ്ടായിരിക്കില്ലെന്നാണല്ലോ നാം മനസ്സിലാക്കിയത്. മറിച്ച്, നവീകരിച്ച കുര്‍ബാനക്രമത്തോടൊപ്പം ഈ രീതി തുടങ്ങേണ്ട ദിവസം തീരുമാനിച്ചാല്‍ മാത്രം മതിയെന്നാണ് നമ്മെ ധരിപ്പിച്ചത്. എന്നാല്‍ ആഗസ്റ്റ് 16-ാം തീയതി ആരംഭിച്ച സിനഡ് അവസാനിച്ച 27-ാം തീയതി വരെ പ്രധാനമായും ഈ വിഷയം മാത്രമേ ചര്‍ച്ച ചെയ്തുള്ളൂ! വാസ്തവത്തില്‍, 30-ല്‍പരം വിഷയങ്ങള്‍ സിനഡിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു. അവയൊക്കെ മാറ്റിവച്ചായിരുന്നു അര്‍പ്പണരീതി ചര്‍ച്ച ചെയ്തത്. ഒടുവില്‍, തീരുമാനം ''ഐകകണ്‌ഠ്യേന'' ആണെന്നു വരുത്തിത്തീര്‍ക്കാന്‍, 50:50 ഫോര്‍മുല നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി സംസാരിച്ച മെത്രാന്മാരുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും തമസ്‌കരിക്കുകയും, അക്കാര്യം സിനഡില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്തൊരു സിനഡാലിറ്റി! 2023 ഒക്‌ടോബറില്‍ റോമില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാര്‍വ്വത്രിക സിനഡിന്റെ ചര്‍ച്ചാവിഷയം 'സിനഡാലിറ്റി' ആണെന്ന് ഓര്‍ക്കുക! അതില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡാലിറ്റിയാണ് 2021 ആഗസ്റ്റില്‍ മൗണ്ട് സെന്റ് തോമസില്‍ കണ്ടത്!!

ഇനി, ഈ ലേഖനത്തിന്റെ പ്രധാന വിഷയത്തിലേക്കു വരാം. കൊറോണാക്കാലത്ത് ഓണ്‍ലൈനായി അര്‍പ്പിക്കപ്പെട്ട കുര്‍ബാനയര്‍പ്പണരീതികളിലെ വൈവിധ്യം കണ്ട് അസ്വസ്ഥരായവര്‍ പൗരസ്ത്യ തിരുസംഘത്തിലേക്കു പരാതികളയച്ചതിന്റെ പേരിലാണ് അടിയന്തരമായി 50:50 ഫോര്‍മുല നടപ്പിലാക്കാന്‍ റോമും സിനഡും നിര്‍ബന്ധിതരായതെന്നാണല്ലോ മേജര്‍ ആര്‍ച്ചുബിഷപ് തന്റെ ഇടയലേഖനത്തിലൂടെ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

1) ജനാഭിമുഖമായും അള്‍ത്താരാഭിമുഖമായും കുര്‍ബാനയര്‍പ്പിക്കുന്ന വൈവിധ്യം മാത്രമാണോ പരാതിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്?

2) മദ്ബഹ വിരി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വളരെ ദൃശ്യമായ വൈവിധ്യം എന്താണ് കാണാതെ പോയത്?

3) കുര്‍ബാനയുടെ ആരംഭത്തില്‍ കുരിശു വരയ്ക്കുന്നതും വരയ്ക്കാത്തതും കണ്ടില്ലെന്നുണ്ടോ?

4) ചിലയിടങ്ങളില്‍ വലത്തുനിന്ന് ഇടത്തേക്കും മറ്റിടങ്ങളില്‍ ഇടത്തുനിന്ന് വലത്തേക്കും കുരിശുവരയ്ക്കുന്നതിലുള്ള വൈവിധ്യം നിറുത്തലാക്കേണ്ടതല്ലേ?

5) ചിലയിടങ്ങളില്‍ മാത്രം കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ കാഴ്ചവസ്തുക്കള്‍ പ്രദക്ഷിണമായി കൊണ്ടുവന്നു സമര്‍പ്പിക്കുന്നത് വൈവിധ്യമല്ലേ?

6) വിശ്വാസപ്രമാണം ചൊല്ലുന്നതും ചൊല്ലാതിരിക്കുന്നതും വൈവിധ്യമായി പരിഗണിക്കാത്തത് എന്തുകൊണ്ട്?

7) മദ്ബഹയില്‍ സ്ഥിരമായി കുരിശുരൂപം സ്ഥാപിച്ചിരുന്ന സ്ഥാനത്ത് തൂങ്ങപ്പെട്ട രൂപമില്ലാത്ത ''മാര്‍ത്തോമ്മാക്കുരിശ്'' കണ്ടിട്ട്, ഇതു കത്തോലിക്കാ ദേവാലയമാണോ എന്നു സംശയിച്ചവരുടെ ചോദ്യങ്ങള്‍ ആരെയും അസ്വസ്ഥരാക്കിയില്ലേ?

8) ചില മെത്രാന്മാര്‍ കളര്‍ തൂവാല കൊണ്ടലങ്കരിച്ച കൈക്കുരിശുകൊണ്ടും മറ്റുള്ളവര്‍ അതില്ലാതെയും ആശീര്‍വദിക്കുന്നതു കണ്ട്, ഇത് ഏതു സിനഡിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന ചോദ്യം ആരുടെയും മനസ്സില്‍ ഉദിച്ചില്ലെന്നുണ്ടോ?

ഇവ കൂടാതെ, വേറെയും വൈ വിധ്യങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍ എഴുതാം.

1) കുര്‍ബാനയുടെ ആരംഭത്തില്‍ ആമുഖപ്രസംഗം നടത്തുന്നതും നടത്താതിരിക്കുന്നതും.

2) കുര്‍ബാനയുടെ ആരംഭത്തില്‍ രണ്ടു രീതികളിലുള്ള ''സ്വര്‍ഗ്ഗസ്ഥനായ പിതാവേ'' എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത്.

3) 'സര്‍വ്വാധിപനാം', 'പരിപാവനനാം' എന്നീ കീര്‍ത്തനങ്ങള്‍ ഒരു പ്രാവശ്യമോ മൂന്നു പ്രാവശ്യമോ ആലപിക്കുന്നത്.

4) കാറോസൂസ കഴിഞ്ഞ് 'നമുക്ക് തലകുനിച്ച് ആശീര്‍വാദം സ്വീകരിക്കാം' എന്ന ആശീര്‍വാദ പ്രാര്‍ത്ഥന എല്ലാ കുര്‍ബാനയിലും കേള്‍ക്കുന്നതും, അത് ഒരിക്കലും കേള്‍ക്കാതിരിക്കുന്നതും.

5) മാമ്മോദീസാര്‍ത്ഥികളെ പിരിച്ചയയ്ക്കുന്ന പ്രഖ്യാപനം ഒരാവശ്യവുമില്ലാതെ നടത്തുന്നതും അത് ഒരിക്കലും നടത്താതിരിക്കുന്നതും.

6) കുര്‍ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍, ഇതൊരു ആന്റിക്ലൈമാക്‌സല്ലേ എന്നു വിലപിക്കുന്നവരുടെ രോദനം.

7) കുര്‍ബാന സ്വീകരണത്തിനു മുമ്പ് കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ കൈകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ഉയര്‍ത്തിപ്പിടിക്കാതിരിക്കുന്നതും.

ഇനിയുമുണ്ട് കുര്‍ബാനയര്‍പ്പണ രീതിയിലെ വൈവിധ്യങ്ങള്‍!

ചില മെത്രാന്മാര്‍ ഈയിടെയായി ളോവയുടെ മീതെ കറുത്ത ഗൗണും ശിരസ്സില്‍ പല വര്‍ണ്ണങ്ങളുള്ള വട്ടതൊപ്പിയും ധരിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അവരെക്കണ്ട്, 'ഏതോ അകത്തോലിക്കാ സഭയിലെ മെത്രാനായിരിക്കും' എന്നു സംശയിക്കുന്നവരുണ്ട്. ഏതു സിനഡാണ് ഇപ്രകാരം ഒരു വേഷം രൂപകല്പന ചെയ്തതെന്നും, ആരാണ് ഈ വൈവിധ്യം അനുവദിച്ചതെന്നും ചോദിക്കുന്നവര്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം 'ഏകീകരണം' (Uniformity) സഭയുടെ ഒരു നയം അല്ലെന്നതാണ്. സഭയുടെ ചരിത്രം സാക്ഷിക്കുന്നതനുസരിച്ച് ഐകരൂപ്യത്തേക്കാള്‍ സഭ അംഗീകരിക്കുന്നത് വൈവിധ്യമാണ് (Diversity). 'ആരാധനക്രമത്തില്‍ പോലും കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാന്‍ സഭയ്ക്കാഗ്രഹമില്ല' (No. 37). ഈ വൈവിധ്യങ്ങളില്‍ ബഹുഭൂരിഭാഗവും മാര്‍പാപ്പയും പൗരസ്ത്യസഭാകാര്യാലയവും സിനഡും അംഗീകരിച്ചവയാണെന്ന് ഓര്‍ക്കുക. അവയില്‍ നിന്ന് ജനാഭിമുഖ കുര്‍ബാന മാത്രം ഐക്യത്തിനു തടസ്സമാണെന്നു കണ്ടുപിടിച്ചവരെ സമ്മതിക്കണം!

എന്താണ് ഈ വൈവിധ്യങ്ങള്‍ക്കു കാരണം? ഏറ്റവും പ്രധാനപ്പെട്ട കാരണം, 'ഏകീകരണം' (Uniformity)) സഭയുടെ ഒരു നയം അല്ലെന്നതാണ്. സഭയുടെ ചരിത്രം സാക്ഷിക്കുന്നതനുസരിച്ച് ഐകരൂപ്യത്തേക്കാള്‍ സഭ അംഗീകരിക്കുന്നത് വൈവിധ്യമാണ് (Diversity). അതേസമയം, ''ഐക്യം'' (Unity) സഭ നിര്‍ബന്ധപൂര്‍വ്വം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആരാധനക്രമത്തെ സംബന്ധിച്ച പ്രമാണരേഖയില്‍ കൃത്യമായി പറഞ്ഞിരിക്കുന്നതുപോലെ, 'ആരാധനക്രമത്തില്‍ പോലും കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാന്‍ സഭയ്ക്കാഗ്രഹമില്ല' (No. 37). മറിച്ച്, പ്രാദേശികാവശ്യങ്ങള്‍ പരിഗണിച്ച് വൈവിധ്യങ്ങള്‍ അനുവദിക്കുക എന്നതാണ് സഭയുടെ പൊതുനയം. ഈ സത്യം കഴിഞ്ഞ ആഗസ്റ്റിലെ സിനഡില്‍ സംബന്ധിച്ച മെത്രാന്മാരെ അപ്പസ്‌തോലിക് നുണ്‍ഷ്യോ തന്റെ പ്രസംഗത്തില്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, മാര്‍പാപ്പയുടെ കത്ത്, വിഭജനത്തിനു കാരണമാകാതെ, ഐക്യത്തിലേക്കു നയിക്കപ്പെടാനും, അങ്ങനെ സാഹചര്യങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കാനുമുള്ള ആഹ്വാനമാണ്. (It is an appeal to unity and not to cause division, and thus needs to be contextualised.) അതുകൊണ്ടാണ്, തെക്കന്‍ രൂപതകളില്‍ കാണുന്ന പലതും വടക്കന്‍ രൂപതകളില്‍ കാണാത്തത്; മറിച്ചും സംഭവിക്കുന്നു. അതുകൊണ്ട് കൊറോണാക്കാലത്ത് കുര്‍ബാന ഓണ്‍ ൈലനില്‍ കണ്ടപ്പോള്‍ തെക്കര്‍ക്കും വടക്കര്‍ക്കും 'അസ്വസ്ഥത' തോന്നിക്കാണും.

ഈ വൈവിധ്യങ്ങളില്‍ ബഹുഭൂരിഭാഗവും മാര്‍പാപ്പയും പൗരസ്ത്യ സഭാ കാര്യാലയവും സിനഡും അംഗീകരിച്ചവയാണെന്ന് ഓര്‍ക്കുക. അവയില്‍ നിന്ന് ജനാഭിമുഖ കുര്‍ബാന മാത്രം ഐക്യത്തിനു തടസ്സമാണെന്നു കണ്ടുപിടിച്ചവരെ സമ്മതിക്കണം! പൗരസ്ത്യസഭാകാര്യാലയമോ മറ്റുള്ളവരോ വൈവിധ്യങ്ങളെപ്പറ്റി പരാതിെപ്പട്ടപ്പോള്‍, അതേപ്പറ്റി അന്വേഷിച്ച് ഉചിതമായ മറുപടി നല്കി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ടതിനു പകരം, വൈവിധ്യങ്ങള്‍ ഐക്യത്തിനു തടസ്സമാണെന്ന വ്യാഖ്യാനം നല്കി സഭയില്‍ അനൈക്യം സൃഷ്ടിക്കാന്‍ ശ്രമിച്ചവരെ - അവര്‍ ആരായാലും - തിരുത്തുക എന്നതായിരുന്നു സിനഡു ചെയ്യേണ്ടിയിരുന്നത്.

ഇനി, ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുത്തവരില്‍ എത്രപേര്‍ പരാതിപ്പെട്ടു? പരാതിപ്പെട്ടവര്‍ ഏതേതു രൂപതകളില്‍പ്പെട്ടവരാണ്? ഓണ്‍ലൈന്‍ ജനാഭിമുഖ കുര്‍ബാനയില്‍ താത്പര്യപൂര്‍വ്വം പങ്കെടുക്കുകയും പരാതിപ്പെടാതിരിക്കുകയും ചെയ്തവരുടെ കണക്കെടുത്തോ? ചില സൈബര്‍ ഗ്രൂപ്പുകള്‍ സംഘടിതമായി ജനാഭിമുഖ കുര്‍ബാനയ്‌ക്കെതിരേ പരാതികള്‍ അയച്ചതിനെപ്പറ്റി അന്വേഷണം നടത്തിയോ? ഇതൊന്നും ചെയ്യാതെ, ആരോ പരാതിപ്പെട്ടുവെന്നും, സഭാംഗങ്ങള്‍ മുഴുവന്‍ അസ്വസ്ഥരായെന്നും മറ്റും പറഞ്ഞ് സഭയില്‍ കലഹവും അനൈക്യവും സൃഷ്ടിക്കേണ്ടതുണ്ടായിരുന്നോ? മാത്രമല്ല, ചില രാഷ്ട്രീയക്കാര്‍ ചെയ്യുന്നതുപോെല, ചില മെത്രാന്മാര്‍ മൂലം സഭയില്‍ സംജാതമായ ഉതപ്പില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ പ്രയോഗിച്ച ഒരടവാണോ ലിറ്റര്‍ജി പ്രശ്‌നം എന്നു സംശയിക്കുന്നവരുമുണ്ട്.

എല്ലാ വൈവിധ്യങ്ങളും അവസാനിപ്പിച്ച് ഏകീകൃത രീതി എല്ലായിടത്തും നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അതില്‍ യുക്തിയുണ്ടെന്നു സമ്മതിക്കാമായിരുന്നു. പകരം, ചിലരുടെ നിക്ഷിപ്തതാത്പര്യം സംരക്ഷിക്കാന്‍ ജനാഭിമുഖ കുര്‍ബാന സൃഷ്ടിക്കുന്ന ''അനൈക്യ''ത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച തന്ത്രപരമായ നീക്കത്തെ മനസ്സിലാക്കാന്‍ അസ്മാദൃശര്‍ക്ക് കഴിയുന്നുണ്ടെന്ന് സിനഡു പിതാക്കന്മാര്‍ തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org