ദൈവം അവര്‍ക്കു മാപ്പു നല്‍കട്ടെ

ഹൃദയം തകര്‍ക്കുന്ന വേദന...
ദൈവം അവര്‍ക്കു മാപ്പു നല്‍കട്ടെ
ക്രിസ്മസ് ദിനങ്ങളില്‍, സീറോ മലബാര്‍ സഭയുടെയും എറണാ കുളം-അങ്കമാലി അതിരൂപതയുടെയും ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പണത്തിനിടെ ഏതാ നും പേര്‍ നടത്തിയ ആക്രമണവും ദിവ്യകാരുണ്യത്തോടുള്ള നീച മായ അവഹേളനവും അനേകര്‍ക്ക് അഗാധമായ വേദനയ്ക്കും ദുഃഖത്തിനും കാരണമായി. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്നു അതു പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും പ്രതികരണങ്ങളുയര്‍ത്തി. അവയില്‍നിന്നു ബിഷപ് എഫ്രേം നരികുളം, ബിഷപ് ജോസ് പൊരുന്നേടം, ഫാ. ബോബി ജോസ് കട്ടികാട് എന്നിവരുടെ വാക്കുകളിലൂടെ...

ബിഷപ് എഫ്രേം നരികുളം

സഭയിലെ ഒരു പുരോഹിതന്‍, ഒരു മെത്രാന്‍, പൗരോഹിത്യശുശ്രൂഷയ്ക്കു വേണ്ടി സമര്‍പ്പിതരായിട്ടുള്ള വ്യക്തികള്‍, എങ്ങനെയായിരിക്കണം എന്നു വളരെ മനോഹരമായി വരച്ചു കാട്ടുന്ന തിരുവചനഭാഗമാണ് നല്ല ഇടയന്റെ ഉപമ. ഒരു നല്ല ഇടയന്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്കു കടന്നുവരുന്നത് ക്രിസ്തു തന്റെ തോളില്‍ ഒരു ആടിനെയും ചുമന്നു നടക്കുന്ന ചിത്രമാണ്. ആ മനോഹരമായ ചിത്രത്തിനു പിന്നില്‍ വലിയൊരു ദൈവശാസ്ത്രവും വലിയൊരു സാമൂഹികശാസ്ത്രവും അടങ്ങിയിട്ടുണ്ട്. ഇടയന്‍ ആടുകളെ അറിയുന്നവനായിരിക്കണം. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ ആടുകളുടെ മണമുള്ളവനാ യിരിക്കണം. ആടുകളുടെ മണം നഷ്ടപ്പെടുമ്പോള്‍ ഇടയന്‍ ഇടയനല്ലാതായിമാറും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, മാമ്മോദീസാ എന്ന കൂദാശയിലൂടെ പരി. കത്തോലിക്കാ സഭയില്‍ അംഗങ്ങളായിട്ടുള്ള ഓരോ വ്യക്തിയും ഇടയന്മാരായി മാറേണ്ടവരാണ്. ഇടയനെക്കുറിച്ചുള്ള വിവരണം നാം സുവിശേഷത്തില്‍ നിന്നു ശ്രവിച്ചത്, ആടുകള്‍ക്കു വേണ്ടി ജീവനര്‍പ്പിക്കുന്നവനാണ്, ആടുകളുടെ പേരറിയുന്നവനാണ്, പേരു ചൊല്ലി വിളിക്കുന്നവനാണ്, നയിക്കുന്നവനാണ്, ആടുകളുടെ വാതിലായിരിക്കേണ്ടവനാണ്, ഒപ്പം നടക്കേണ്ടവനാണ് എന്നെല്ലാമാണ്. ഓരോ ക്രൈസ്തവനും ഈ ദൗത്യത്തിലേക്കു വിളിക്കപ്പെട്ടവനാണ്. ഇടയനായിരിക്കുക എന്നത് ഒരു വിളിയും ഒരു നിയോഗവുമാണ്.

ഇതൊക്കെ പറയുമ്പോള്‍, എന്റെ ഹൃദയത്തിന്റെ ഏതോ കോണുകളില്‍, അല്‍പം ദുഃഖം തളംകെട്ടികിടക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ അതിരൂപതയില്‍ നടന്ന ചില സംഭവങ്ങള്‍ എന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഈ തിരുപ്പട്ടദാന ശുശ്രൂഷയില്‍ ഞാന്‍ വചനം പ്രഘോഷിക്കണമോയെന്ന് ബഹു. പ്രൊവിന്‍ഷ്യലച്ചനോടു ചോദിക്കുകയുണ്ടായി. എന്തു ധൈര്യത്തോടു കൂടിയാണ് എനിക്കു വചനം പ്രഘോഷിക്കാന്‍ സാധിക്കുക? ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം ബസിലിക്കയില്‍ നടന്ന സംഭവങ്ങള്‍ ഏതൊരു വിശ്വാസിയെയും വേദനിപ്പിക്കുന്നതാണ്. മിശിഹായുടെ തിരുശരീരത്തോടും തിരുരക്തത്തോടും അപമര്യാദയായി, ദൈവദോഷകരമായി പ്രവര്‍ത്തിക്കുക, പരിശുദ്ധമായ അള്‍ത്താരയെ തള്ളിയിടാന്‍ ശ്രമിക്കുക. അതു പരിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബലിയര്‍പ്പിച്ച അള്‍ത്താരയാണെന്ന് എനിക്കു പിന്നീടറിയാന്‍ സാധിച്ചു. വളരെ വേദനാജനകമായിട്ടുള്ള ഈയൊരു സാഹചര്യത്തിലാണ് നാമിന്ന് ആയിരിക്കുക. ഹൃദയത്തെ ഒത്തിരി കുത്തി മുറിവേല്‍പിക്കുന്ന അനുഭവമായിരുന്നു സോഷ്യല്‍ മീഡിയായിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ആ കാഴ്ചകള്‍ കാണാന്‍ ഇടവന്നത്. അന്നു നടന്ന സംഭവങ്ങള്‍ ഏറ്റവും ഹീനമായിരുന്നു. അതിനെ അപലപിക്കുന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അനന്ത കാരുണ്യവാനായ നമ്മുടെ കര്‍ത്താവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലും ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയാണ്. അന്ന് അതു ചെയ്തവര്‍ക്കു ദൈവം മാപ്പു നല്‍കുമെന്നതില്‍ എനിക്കു പൂര്‍ണ്ണമായ ഉറപ്പുണ്ട്. അത്രമാത്രം കരുണയുള്ള, അനുകമ്പയുള്ള ദൈവത്തിലാണു നാമൊക്കെ വിശ്വസിക്കുന്നത്. അവര്‍ക്കു മാപ്പു ലഭിക്കട്ടെയെന്നാണ് എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന.

പക്ഷേ, അത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വത്വര നടപടികള്‍ സഭയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നു ഞാന്‍ പ്രത്യാശിക്കുകയാണ്. പ്രാര്‍ത്ഥിക്കുകയാണ്. എന്നോടു ക്ഷമിക്കണം, ഇത്തരം ശുഭമുഹൂര്‍ത്തത്തില്‍ ഇത്തരം വേദനാജനകമായ സംഭവങ്ങള്‍ അയവിറക്കേണ്ടി വരുന്നത് വേദനാജനകമാണ്. പക്ഷേ ഇത്തരം സംഭവങ്ങളെ ഓര്‍ക്കാതെ ഞാന്‍ കടന്നു പോകുന്നുവെങ്കില്‍ അതു കൃത്യവിലോപമാകുമെന്ന ചിന്ത എന്റെ മനസ്സിനെ അലട്ടിയതുകൊണ്ടു മാത്രം, ഞാനതു നിങ്ങളുമായി പങ്കുവച്ചുവെന്നു മാത്രം. സഭയിലെ സമാധാനവും ഐക്യവും ഉണ്ടാകുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. വിട്ടുവീഴ്ചാ മനോ ഭാവങ്ങളും വൈവിധ്യത്തിന്റെ മനോഭാവങ്ങളും സ്വായത്തമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നുവെങ്കില്‍ സഭയില്‍ ശാന്തിയും സമാധാനവും കൂട്ടായ്മയും ഉണ്ടാകുമെന്നതില്‍ സംശയമില്ല. സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഈ മണ്ണിലവതരിച്ച ഉണ്ണീശോയുടെ പിറവിത്തിരുനാള്‍ വേളയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടായെന്നത് വിരോധാഭാസമായിരിക്കാം. ദൈവത്തിന്റെ മുമ്പില്‍ നമുക്കു തല കുനിക്കാം, ദൈവത്തിന്റെ പദ്ധതികള്‍ക്കായി നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ചെയ്യാം.

(വലിയപല്ലംതുരുത്ത് സെന്റ്. മേരീസ് പള്ളിയില്‍ തിരുപ്പട്ടച്ചടങ്ങിനിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org