മണിപൂരില്‍ സംഭവിച്ചതെന്ത്?

മണിപൂരില്‍ സംഭവിച്ചതെന്ത്?
ഇന്ത്യയിലെയും ഇതര ഏഷ്യന്‍ രാജ്യങ്ങളിലെയും ക്രൈസ്തവസഭയിലെ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകനാണ് ആന്റോ അക്കര. ഒഡീഷയിലെ കന്ധമാല്‍ കലാപത്തില്‍ ക്രൈസ്തവര്‍ നേരിട്ട ദുരിതങ്ങള്‍ പുറംലോകത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം കലാപബാധിതമായ മണിപ്പൂരിലേക്കു യാത്ര ചെയ്തു പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കി. തുടര്‍ന്ന്, ആന്റോ അക്കര തയ്യാറാക്കിയ മണിപ്പൂര്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വിവിധ അന്താരാഷ്ട്ര മാധ്യ മങ്ങളില്‍ പ്രസിദ്ധീകൃതമായിക്കൊണ്ടിരിക്കുകയാണ്. ഹിറ്റ്‌ലറെ വിമര്‍ശിച്ചതിനു നാസി തടങ്കല്‍ പാളയത്തില്‍ വിഷം കുത്തിവച്ചു കൊന്ന വി. ടൈറ്റസ് ബ്രാന്‍ഡ്‌സ്മയുടെ പേരിലുള്ള അന്താരാഷ്ട്ര അവാര്‍ഡ് ജേതാവു കൂടിയായ അദ്ദേഹം, മണിപ്പൂര്‍ കലാപത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സത്യദീപത്തോടു സംസാരിക്കുന്നു.
Q

മണിപ്പൂരിന്റെ അവസ്ഥ ഇത്രമാത്രം ഗുരുതരമായത് എന്തുകൊണ്ടാണ്?

A

രക്തരൂക്ഷിതമായ വംശീയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ദയനീയമായി പരാജയപ്പെടുകയായിരുന്നു. അതുമൂലം മണിപ്പൂരിലെ അനാഥരായ ജനങ്ങള്‍ നേരിട്ട അരാജകത്വവും നിയമലംഘനവും കഷ്ടപ്പാടും കഴിഞ്ഞ ദശകത്തിനിടെ ഇന്ത്യയിലെ ഒരു സംസ്ഥാനവും അനുഭവിച്ചിട്ടില്ല. റോഡില്‍ പോലും നൂറുകണക്കിന് വാഹനങ്ങള്‍ കത്തിനശിച്ചു. തെക്ക് ചുരുചന്ദ്പൂരിലേക്കും ഇംഫാല്‍ താഴ്‌വര കടന്ന് വടക്ക് കാങ്‌പോക്കിഹില്‍ ജില്ലയിലേക്കും യാത്ര ചെയ്യുമ്പോള്‍ തകര്‍ത്ത വാണിജ്യ കെട്ടിടങ്ങളും കത്തിച്ച വീടുകളുടെ അസ്ഥികൂടങ്ങളും കാണാന്‍ കഴിഞ്ഞു.

മണിപ്പൂരിലെ അശാന്തി സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ, ഇന്റലിജന്‍സ് വീഴ്ചകള്‍ കാരണമാണ് എന്ന് മെയ് 21-ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് തന്നെ സമ്മതിച്ചതുമാണ്. എല്ലാ കുറ്റങ്ങളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

രക്തച്ചൊരിച്ചില്‍ ആരംഭിച്ച് നാലാഴ്ചയ്ക്കുശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെത്തിയത്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം ഉള്‍പ്പെടെ കുറെ നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ആഭ്യന്തര മന്ത്രി ഈ ഉറപ്പുകള്‍ നല്‍കുകയും സമാധാന യോഗങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, തോക്കുകള്‍ ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇംഫാല്‍ താഴ്‌വരയില്‍ മാത്രമല്ല സുനുലു ടൗണിന് ചുറ്റുമുള്ള ഗ്രാമങ്ങളിലും വീടുകളും പള്ളികളും കത്തിച്ചു, കന്യാസ്ത്രീകളും വൈദികരും സുരക്ഷയ്ക്കായി പലായനം ചെയ്തു. മെയ്‌തേയ് സംഘങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു.

മെയ് 29-ന് അമിത് ഷാ മണിപ്പൂരില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഗവണ്‍മെന്റിന്റെ ഒരു മാസത്തെ മരണങ്ങളുടെ കണക്കായ 70 നു കൂടെ 50 കൂടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷില്ലോംഗ് ടൈംസ് പോലെയുള്ള പത്രങ്ങള്‍ മെയ് 10 നു തന്നെ മരണനിരക്ക് 160 എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'മണിപ്പൂര്‍ ഇനിയൊരിക്കലും പഴയതു പോലാകില്ല' എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ മരണങ്ങളുടെ എണ്ണം 'വേഗത്തില്‍ ഉയര്‍ന്നേക്കാം' എന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ കണക്കില്‍ ഈ മരണങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടില്ല എന്നിരിക്കെ, സംഘര്‍ഷത്തില്‍ മരിച്ചവരുടെയെല്ലാം ആശ്രിതര്‍ക്ക് ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും മുഖ്യമന്ത്രി ഉറപ്പുനല്‍കിയ അഞ്ച് ലക്ഷം രൂപയും ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നു.

Q

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനംകൊണ്ട് എന്തു ഗുണങ്ങളാണുണ്ടായത് ?

A

മണിപ്പൂരില്‍ ഇറങ്ങുന്നതിനു മുമ്പ്, ദേശീയ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ഗുവാഹ ത്തി ക്യാമ്പസിന്റെ തറക്കല്ലിടല്‍ വേളയില്‍ മെയ് 26 ന് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ വ്യക്തമായ ഒരു പ്രസ്താവന നടത്തി: 'മണിപ്പൂരിലെ സംഘര്‍ഷം, കോടതി വിധി കാരണമാണ്. സംഭാഷണത്തിലൂടെയും സമാധാനത്തിലൂടെയും മുന്നോട്ടുള്ള വഴി കണ്ടെത്തുകയാണു നാം ചെയ്യേണ്ടത്. ആരോടും അനീതി ഉണ്ടാ കാന്‍ പാടില്ല. ഇതാണ് മോദി സര്‍ക്കാരിന്റെ നയം.'

മണിപ്പൂരിലെ ബി ജെ പി സര്‍ക്കാര്‍ മെയ് 17-ന് സുപ്രീംകോടതിയെ അറിയിച്ച വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. 'അനധികൃത മ്യാന്‍മര്‍ കുടിയേറ്റക്കാര്‍, മലനിരകളിലെ അനധികൃത പോപ്പി കൃഷി, മയക്കുമരുന്ന് വ്യാപാരം എന്നിവയ്‌ക്കെതിരായ അടിച്ചമര്‍ത്തലാണ് സംസ്ഥാനത്തെ വംശീയ അക്രമത്തിന്റെ ഉത്ഭവം. മെയ്‌തേയ് സമുദായത്തിന് എസ് ടി പദവി നല്‍കുന്നതിനെതിരായ പ്രക്ഷോഭം ഒരു കുതന്ത്രമായിരുന്നു, പ്രതിഷേധം അടിച്ചമര്‍ത്തലിനെതിരെയായിരുന്നു,' മണിപ്പൂര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ അവകാശപ്പെട്ടത് ഇങ്ങനെയാണ്.

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ വംശീയ സംഘട്ടനത്തെക്കുറിച്ച് ഡസന്‍ കണക്കിന് സംഘി സൗഹൃദ വാര്‍ത്താ ഔട്ട്‌ലെറ്റുകളും വെബ് പോര്‍ട്ടലുകളും ഈ കാവിക്കഥകള്‍ ഏറ്റുപാടിക്കൊണ്ടിരുന്നു.

എന്നിരുന്നാലും, ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതുപോലെ, മണിപ്പൂരിലെ ഭൂരിപക്ഷ വംശീയ വിഭാഗമായ മെയ്‌തേയിയെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ മാര്‍ച്ച് 27-ലെ വിവാദ ഉത്തരവിനെതിരെ നടത്തിയ മെയ് 3-ലെ ഗോത്രവര്‍ഗക്കാരുടെ സോളിഡാരിറ്റി മാര്‍ച്ചാണ് മണിപ്പൂരിലെ കലാപത്തിനു തുടക്കമിട്ടത് എന്നത് നിഷേധിക്കാനാവില്ല.

സംഘര്‍ഷത്തിന് മണിപ്പൂര്‍ ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടു വച്ച വിവാദപരമായ കാരണങ്ങളെ പിന്തുണക്കുന്നതില്‍ നിന്ന് ആഭ്യന്തരമന്ത്രി വിട്ടുനിന്നത്, രക്തരൂക്ഷിതമായ സംഘര്‍ഷം സംസ്ഥാനത്തെ വംശീയമായി ധ്രുവീകരിച്ച സമയത്തു പ്രകടമാക്കിയ ഒരു രാഷ്ട്രീയവിവേകമായിരുന്നു എന്നു പറയാം.

എന്നിരുന്നാലും, അമിത് ഷാ മണിപ്പൂരില്‍ എത്തുന്നതിന്റെ തലേന്ന് സുപ്രീം കോടതിയില്‍ തന്റെ സര്‍ക്കാരിന്റെ അവകാശവാദത്തില്‍ ബി ജെ പി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഉറച്ചുനിന്നു. ഏറ്റവും പുതിയ ഏറ്റുമുട്ടല്‍ ശത്രുസമുദായങ്ങള്‍ തമ്മിലല്ല, മറിച്ച് കുക്കി തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലാണെന്ന് മെയ് 28 ന് അദ്ദേഹം പ്രഖ്യാപിച്ചു.

മണിപ്പൂരിലെ സ്ഥിതിഗതികള്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ മെയ് 30 ന് പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് വിവരിച്ചു, 'നിര്‍ഭാഗ്യവശാല്‍, മണിപ്പൂരിലെ ഈ പ്രത്യേക സാഹചര്യത്തിന് രാജ്യവിരുദ്ധകലാപവുമായി യാതൊരു ബന്ധവുമില്ല, പ്രാഥമികമായി രണ്ട് വംശങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണിത്.' ഇത് ബി ജെ പി മുഖ്യമന്ത്രി പറഞ്ഞതിനു വിരുദ്ധമാണ്.

ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ സുശാന്ത് സിംഗിനെ ഉദ്ധരിച്ച് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു, 'മുഖ്യമന്ത്രിയുടെ പരാമര്‍ശം എല്ലാ കുക്കികളെയും തീവ്രവാദികളെന്ന് വിളിക്കുന്നതും അവഹേളിക്കുന്നതുമായി തോന്നുന്നു.'

'ഇത് ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും കുക്കികളെ അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിളിക്കുന്ന മെയ്തികളുടെ പറച്ചിലിനു വിശ്വാസ്യത നല്‍കുക യും ചെയ്യുകയാണു ഫലത്തില്‍. വംശീയ അക്രമങ്ങള്‍ക്കിടയില്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല,' മുതിര്‍ന്ന ആ ഇന്റലിജന്‍സ് ഓഫീസര്‍ ആവര്‍ത്തിച്ചു.

ആരാണു കുക്കികള്‍?

ഗാംഗ്‌തെ, ഹ്മാര്‍, പെയ്‌തേ, തടൗ, വൈഫേയി, സൗ, അയ്‌മോല്‍, ചിരു, കോയ്രെംഗ് എന്നിങ്ങനെ നിരവധി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വംശത്തിനു പൊതുവായി പറയുന്ന പേരാണ് കുക്കികള്‍. അയല്‍രാജ്യമായ മ്യാന്‍മാറിലെ ചിന്‍ സംസ്ഥാനത്തു വസിക്കുന്ന ഇതേ വംശത്തിനെ അവിടെ ചിന്‍ എന്നാണു വിളിക്കുന്നത്. കുക്കികള്‍ എന്നത് ഇന്ത്യയിലെ ഈ വംശക്കാര്‍ സ്വയം നല്‍കിയിരിക്കുന്ന പേരല്ല. കൊളോണിയല്‍ ഭരണകൂടമാണ് ഈ ഗോത്രങ്ങളെ പൊതുവെ കുക്കികള്‍ എന്ന് ഇന്ത്യയില്‍ വിളിക്കാന്‍ തുടങ്ങിയത്.

Q

വംശീയധ്രുവീകരണം മണിപ്പൂരില്‍ അപകടകരമായ വിധത്തില്‍ നടന്നു കഴിഞ്ഞോ?

A

'കുക്കികള്‍ (ഇംഫാല്‍) താഴ്‌വരയും മെയ്‌തേയ് മലനിരകളും വിട്ടു. വേര്‍പിരിയല്‍ പൂര്‍ത്തിയായി. വേര്‍പിരിയാന്‍ കൂടുതലൊന്നുമില്ല,' മണിപ്പൂരിലെ ബി ജെ പി ഭരണത്തെ പിന്തുണയ്ക്കുന്ന കുക്കി പീപ്പിള്‍സ് അലയന്‍സ് ജനറല്‍ സെക്രട്ടറി വില്‍സണ്‍ ലാലം ഹാങ്ഷിംഗ്, കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ ദി വയറിനോട് പറഞ്ഞു.

ഭൂരിപക്ഷമായ മെയ്‌തേയ് ജന ങ്ങള്‍ക്കും കുക്കികള്‍ക്കുമിടയില്‍ അഭൂതപൂര്‍വമായ ഈ വിഭജനത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. ഇംഫാലില്‍ നൂറുകണക്കിന് കുക്കി വീടുകളും മാളികകളും വ്യാപാരസ്ഥാപനങ്ങളും കത്തിനശിച്ചു. അതുപോലെ, ഇംഫാലില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്ക് ചുരുചന്ദ്പൂര്‍ നഗരമധ്യത്തില്‍ മെയ്‌തേയ്കളുടെ വാണിജ്യ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിലംപരിശാക്കുന്നതും ഞാന്‍ കണ്ടു. (ഈ അതിക്രമം റെക്കോഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, എന്റെ കാനണ്‍ ഡിജിറ്റല്‍ SLR ക്യാമറ നശിപ്പിക്കപ്പെടുകയും ചെയ്തു.)

Q

സ്ത്രീകളും മറ്റും ഈ വിഷയങ്ങളോട് എങ്ങനെയാണു പ്രതികരിക്കുന്നത്?

A

വംശീയ വിഭജനത്തിന്റെ ഇരുവശത്തുമുള്ള സ്ത്രീകള്‍ പോലും അവരുടെ വംശത്തിന്റെ രാഷ്ട്രീയ നിലപാടിനെ ഏറ്റുപാടുക മാത്രമാണു ചെയ്യുന്നത്. പ്രാദേശിക ദിനപത്രത്തിലെ ഒരു വലിയ തലക്കെട്ട് ഇങ്ങനെയായിരുന്നു 'മണിപ്പൂരിലെ സമാധാനത്തിനും സാധാരണ നിലയ്ക്കും വേണ്ടി വിപണിയുടെ വനിതാ പ്രതിനിധികള്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടുന്നു.' ഈ വാര്‍ത്തയില്‍ ജനങ്ങളുടെ സഹനത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. നീണ്ട കര്‍ഫ്യൂകള്‍ക്കും ഇന്റര്‍നെറ്റ് ഷട്ട്ഡൗണിനും ഇടയില്‍ ധാരാളം ബിസിനസ് നഷ്ടമായിരുന്നു. ഇന്റര്‍നെറ്റ് നിരോധനം മൂലം അശരണരായ ആളുകള്‍ക്ക് തങ്ങളുടെ സങ്കടങ്ങള്‍ പുറംലോകത്തോട് പങ്കുവയ്ക്കാന്‍ വഴിയില്ലായിരുന്നു. നൂറുകണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് ലഭ്യതയില്ലാതെ ബുദ്ധിമുട്ടി. ഇംഫാലിലെ അടഞ്ഞുകിടക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ സാധാരണ വിലയുടെ മൂന്നിരട്ടി വിലയ്ക്ക് പെട്രോള്‍ വിറ്റഴിച്ചതോടെ അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും കുതിച്ചുയരുന്ന വിലയും പ്രകടമായിരുന്നു. പ്രധാന ഭക്ഷണമായ അരിയും മറ്റ് വസ്തുക്കളും ആവശ്യപ്പെട്ട് സഭാ കേന്ദ്രങ്ങളിലേക്ക് പോലും ജനം ഒഴുകി.

എന്നാല്‍, ഗവര്‍ണറെ കണ്ടപ്പോള്‍ വിപണിയിലെ വനിതാപ്രതിനിധികള്‍ക്കു 'മറ്റു മുന്‍ഗണനകള്‍' ഉണ്ടായിരുന്നുവെന്ന് അവരുടെ പത്രപ്രസ്താവനയില്‍ പ്രകടമാണ്. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ യോഗത്തില്‍ ഇങ്ങനെ പറഞ്ഞു: 'പ്രത്യേക ഭരണം എന്ന ആവശ്യത്തോട് വനിതാ പ്രതിനിധികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത് മണിപ്പൂരിലെ ജനങ്ങളുടെ പ്രാദേശിക അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരാണ്, സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) നടപ്പാക്കണമെന്ന് അവര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. കൂടാതെ, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ (SoO) ഗ്രൂപ്പുകള്‍ അവരുടെ നിയുക്ത ക്യാമ്പുകളില്‍ ഒതുങ്ങിനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അവര്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയും ഇംഫാല്‍ദിമാപൂര്‍ ദേശീയ പാതയിലൂടെയുള്ള സാമ്പത്തിക ഉപരോധം നീക്കാനും അവശ്യവസ്തുക്കളുടെ ക്രമമായ ഒഴുക്ക് സാധ്യമാക്കാനും നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.'

അടുത്ത ദിവസം മെയ് 22 ന്, 'ആദിവാസി വിമന്‍സ് ഫോറം' എന്ന ബാനറിന് കീഴില്‍ കുക്കി സ്ത്രീകള്‍ ബാനറുകളുമായി ഇംഫാലിന്റെ വടക്കുള്ള ആദിവാസി ശക്തികേന്ദ്രമായ കാങ്‌പോപ്കിയില്‍ ധര്‍ണ നടത്തി: 'നമ്മുടെ സഹോദരങ്ങളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും വീടുകളും പള്ളികളും കത്തിക്കുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്നത്?'

സര്‍ക്കാര്‍ ആയുധപ്പുരകളും പോലീസ് സ്റ്റേഷനുകളും കൊള്ളയടിച്ച് ആരംബായ് തെങ്കോളും മെയ്‌തേയ് ലിപുണും കൊണ്ടുപോയ നിരവധി ആയുധങ്ങളില്‍ നിന്നു 18 ശതമാനം മാത്രമേ സര്‍ക്കാരിനു തിരിച്ചു കിട്ടിയിട്ടുള്ളൂ. അതിനിടയില്‍ അസ്സം റൈഫിള്‍സ് പോലെയുള്ള സൈനികവിഭാഗങ്ങളുടെ ആയുധങ്ങളും ഇവര്‍ കൊള്ളയടിച്ചു. ഇത്രയൊക്കെ ചെയ്ത ശേഷവും ഈ സംഘടനകളെ നിയമവിരുദ്ധ സംഘടനകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. ഈ ഗവണ്‍മെന്റിലും മെയ്‌തേയ് സമൂഹത്തിലും അവര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ താഴ്‌വരയിലെ ജനങ്ങളില്‍നിന്ന് അവരെ വേര്‍പെടുത്തിയില്ലെങ്കില്‍ സമാധാനവും ഐക്യവും ഉണ്ടാകില്ല എന്നു 'പീപ്പിള്‍സ് ക്രോണിക്കിള്‍' റിപ്പോര്‍ട്ട് ചെയ്തു.

ഞാന്‍ കാങ്‌പോപ്കി ജില്ലയിലേക്ക് യാത്ര ചെയ്യുമ്പോള്‍, ജില്ലാ അതിര്‍ത്തിയില്‍ ഒരു അമ്പരപ്പിക്കുന്ന കാഴ്ചയുണ്ടായി. ആര്‍മി ചെക്ക് പോസ്റ്റില്‍ നിന്ന് നൂറ് മീറ്ററിനു മുമ്പ്, ഡസന്‍ കണക്കിന് കുക്കി സ്ത്രീകള്‍ വാഹനങ്ങളിലുള്ളവരെ തടഞ്ഞുനിര്‍ത്തി ഐഡന്റിറ്റി പരിശോധിക്കുന്നു, കുക്കി ഏരിയയിലേക്ക് കൊണ്ടുപോകുന്ന അവരുടെ ബാഗേജ് പരിശോധിക്കുന്നു. കുക്കി വനിതാ കേഡര്‍മാര്‍ അത് ചെയ്യുമ്പോള്‍ സമീപത്തുള്ള സൈനിക ഉദ്യോഗസ്ഥര്‍ നിസ്സഹായരായി നിന്നു. മൊ ബൈല്‍ ഉപയോഗിച്ച് പോലും ഫോട്ടോയെടുക്കുന്നത് കുഴപ്പത്തിലാക്കിയേക്കാം എന്നതിനാല്‍ ഞാന്‍ ആ സാഹസത്തിനൊരുമ്പെട്ടില്ല.

ഇതുകൂടാതെ, ദിമാപൂര്‍ - ഇംഫാല്‍ ദേശീയ പാതയിലൂടെ വരുന്ന ട്രക്കുകള്‍ക്ക് ഇംഫാല്‍ താഴ്‌വരയിലേക്ക് പ്രവേശിക്കാന്‍ മലമ്പ്രദേശങ്ങളില്‍ കാവല്‍ നില്‍ക്കുന്ന കുക്കി കേഡറുകളില്‍ നിന്ന് പച്ച സിഗ്‌നല്‍ ലഭിക്കാന്‍ ദിവസങ്ങളോളം കാത്തു നില്‍ക്കേണ്ടി വന്നു.

തങ്ങളുടെ സുരക്ഷയ്ക്കായി എതിരാളികളുള്ള സ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന മെഡിക്കല്‍ സ്റ്റാഫ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ നെടുകെയുണ്ടായ വിഭജനത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എതിരാളികളായ സമുദായങ്ങള്‍ക്കുമേല്‍ എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിക്കുന്നത് തടയാന്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടു ഗവണ്‍മെന്റും വംശീയ വിഭജ നത്തിന്റെ ജ്വാല ആളിക്കത്തിച്ചു.

ഒരു പുറപ്പാടുകാലത്തെന്നപോലെ, സംഘര്‍ഷത്തിന്റെ ആദ്യദിവസങ്ങളില്‍ ഇരുവശത്തുനിന്നും അഭയാര്‍ത്ഥികളുടെ വാഹനവ്യൂഹങ്ങള്‍ സൈന്യത്തിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു.

Q

പുറമെ നിന്നെത്തിയ താങ്കളോട് അവരുടെ പ്രതികരണം എന്തായിരുന്നു?

A

കുക്കി ആധിപത്യമുള്ള മലനിരകളില്‍ നിന്ന് ഇംഫാല്‍ താഴ്‌വരയിലേക്ക് മാറിയ മെയ്‌തേയ് അഭയാര്‍ഥികളുടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എന്നെ കൊണ്ടുപോകാന്‍ മെയ്‌തേയ് സമൂഹത്തിലെ മുതിര്‍ന്ന ചില പരിചയക്കാരോട് അഭ്യര്‍ത്ഥിച്ചതോടെയാണ് അഗാധമായ അവിശ്വാസവും ഭയവും ഉയര്‍ന്നുവന്നത്. അവര്‍ നിസ്സഹായരായി പറഞ്ഞു: 'ഇത് ഞങ്ങള്‍ക്കും ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നിങ്ങള്‍ക്കും അപകടമായിരിക്കും.'

മണിപ്പൂരിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പ്രമുഖ ദിനപത്രം ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ അല്ല, ഒരു മുസ്ലീം ലേഖകനെയാണ് അയച്ചത്. അത് എന്തുകൊണ്ടാണെന്ന് ഇതില്‍ നിന്നു വ്യക്തമായി.

ഇത്തരമൊരു അഭൂതപൂര്‍വമായ സാഹചര്യം മൂലമാണ് മണിപ്പൂരിലെ പ്രമുഖ ദിനപത്രമായ 'ദ സംഗായ് എക്‌സ്പ്രസ്' മെയ് 24ന് ഒരു എഡിറ്റോറിയല്‍ എഴുതിയത്: 'സാഹചര്യം കൂടുതല്‍ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിച്ചാല്‍ അടക്കിപ്പിടിച്ച ക്രോധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനേക്കാള്‍ ദൗര്‍ഭാഗ്യകരമായി മറ്റൊന്നും സംഭവിക്കാനുണ്ടാകില്ല.'

Q

അക്രമങ്ങളിലെ കുറ്റവാളികളെ പൊലീസ് പിടികൂടുന്നില്ലേ?

A

മണിപ്പൂരിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടും, കുറ്റവാളികളുടെ അറസ്റ്റിന്റെ റിപ്പോര്‍ട്ടുകളൊന്നും മാധ്യമങ്ങളില്‍ കണ്ടില്ല. മെയ്‌തേയ് അക്രമിസംഘങ്ങളെ മണിപ്പൂര്‍ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നുവെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതോടെ, സ്ഥിതിഗതികള്‍ തുടക്കം മുതല്‍ വഷളാകുകയായിരുന്നു.

'അക്രമം തുടരുന്നതിനാല്‍ ഞങ്ങളുടെ ഭാവി എന്താണെന്നും അടുത്തതായി എന്തുചെയ്യണമെന്നും ഞങ്ങള്‍ക്ക് അറിയില്ല, എനിക്ക് എന്റെ സര്‍ക്കാര്‍ ജോലിയില്‍ ചേരാന്‍ തിരികെപോകാന്‍ കഴിയില്ല' എന്ന് ഇംഫാലില്‍ നിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെട്ടോടി ഗുവാഹത്തിയില്‍ എത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, തന്റെ പേരു വെളിപ്പെടുത്താതെ എന്നോട് പറഞ്ഞു. ഗുവാഹത്തിയുടെ മേഘാലയ അതിര്‍ത്തിയിലുള്ള ഒരു ദുരിതാശ്വാസ ക്യാമ്പില്‍ വച്ചാണ് ഞങ്ങള്‍ സംസാരിച്ചത്.

മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കുക്കി ഗോത്രവര്‍ഗ ഗ്രാമം മെയ്‌തേയ് ആള്‍ക്കൂട്ടം ആക്രമിച്ചപ്പോള്‍, ക്രിസ്ത്യാനികള്‍ അടുത്തുള്ള സൈനികക്യാമ്പിലേക്ക് ഓടിക്കയറിയെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങളെ അകത്തേക്ക് കടത്തിവിടാന്‍ ഞങ്ങള്‍ക്ക് അനുമതിയില്ല,' എന്നാണ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

എന്നാല്‍ മാരകായുധങ്ങളുമായി വന്നിരിക്കുന്നവന്‍ മെയ്‌തേയ് ആള്‍ക്കൂട്ടത്തിന്റെ ആസന്നമായ ആക്രമണം ഭയന്ന്, 60 കുക്കി കുടുംബങ്ങളിലെ പുരുഷന്‍മാര്‍ സൈനിക ക്യാമ്പിന്റെ വേലി തകര്‍ത്ത് കുടുംബങ്ങളെ അകത്തു കയറ്റി. സൈനിക ക്യാമ്പില്‍ നിന്ന് അവര്‍ തങ്ങളുടെ കത്തിയെരിയുന്ന വീടുകളുടെ വീഡിയോ എടുത്തു. അത് കാണുമ്പോള്‍ മണിപ്പൂരിലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഞാന്‍ ആശ്ചര്യപ്പെടുകയായിരുന്നു.

പിന്നീട് സൈന്യം ഈ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന്, മണിപ്പൂരില്‍ നിന്ന് പുറത്തേക്ക് പലായനം ചെയ്ത 10,000-ത്തിലധികം കുക്കികളില്‍ ഏഴായിരത്തോളം പേര്‍ മിസ്സോറാമിലും മറ്റുള്ളവര്‍ മേഘാലയ, നാഗാലാന്‍ഡ്, അസ്സം എന്നിവിടങ്ങളിലും അഭയം തേടി. ചിലര്‍ ഗുവാഹത്തിക്ക് സമീപമുള്ള ഒരു ക്രിസ്ത്യന്‍സ്ഥാപനത്തിന്റെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയിട്ടുണ്ട്. നാല്‍പതിനായിരത്തോളം പേര്‍ കുക്കി പ്രദേശത്തു നിന്നുള്ള മെയ്‌തേയ് വംശജര്‍ അടക്കം മണിപ്പൂരിനുള്ളില്‍ തന്നെ അഭയാര്‍ത്ഥികളായിട്ടുണ്ട്.

മണിപ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ജീവനുവേണ്ടി പലായനം ചെയ്ത് വിമാനമാര്‍ഗം ഗുവാഹത്തിയിലെത്തിയ ഒരു പി ജി വിദ്യാര്‍ത്ഥി, തങ്ങളുടെ സ്വകാര്യ ഹോസ്റ്റല്‍ മുറിയിലെ കട്ടിലിനടിയില്‍ ഒളിക്കാന്‍ തീരുമാനിച്ച രണ്ട് കുക്കി വിദ്യാര്‍ത്ഥിനികളെ അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് വിവരിച്ചു.

Q

ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഇതിനെല്ലാം സഭയെ കുറ്റപ്പെടുത്തിയല്ലോ?

A

മണിപ്പൂരില്‍ ബി ജെ പി ഭരണത്തിന് കീഴിലുള്ള രക്തച്ചൊരിച്ചില്‍ 'സഭകളുടെ പിന്തുണയോടെയാണ്' നടന്നതെന്ന് ആരോപിച്ച് ആര്‍ എസ് എസിന്റെ ഇംഗ്ലീഷ് മുഖപത്രമായ 'ദ ഓര്‍ഗനൈസര്‍' മെയ് 16-ന് ഞെട്ടിക്കുന്ന എഡിറ്റോറിയലുമായി രംഗത്തെത്തി. വിചിത്രമായ ഈ ആരോപണം പാടേ നിരാകരിക്കപ്പെട്ടു. 'സഭ അക്രമത്തെ പിന്തുണയ്ക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുന്നില്ല,' എന്ന് മണിപ്പൂരിലെ കത്തോലിക്കാ സഭയുടെ തലവനായ ആര്‍ച്ച്ബിഷപ്പ് ഡൊമിനിക് ലുമന്‍ ഉറപ്പിച്ചു പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനത്തിന്റെ മറവില്‍ മണിപ്പൂരിലുടനീളം 300 ലധികം പള്ളികള്‍ കത്തിക്കുകയോ അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്തതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള സാധാരണ സംഘപരിവാര്‍ തന്ത്രമായി മാത്രമേ ഈ വിചിത്രമായ ആരോപണത്തെ കാണാനാകൂ. സഭകളെ സംഘട്ടനത്തിന് പിന്നിലെ 'വില്ലന്‍' ആയി ചിത്രീകരിക്കുകയാണെങ്കില്‍, അരംബൈ തെങ്കോള്‍, മെയ്‌തേയ് ലീപുണ്‍ തുടങ്ങിയ മെയ്‌തേയ് അക്രമിസംഘങ്ങള്‍ ആസൂത്രിതമായും കൃത്യമായും നടപ്പിലാക്കിയ നശീകരണ പ്രവര്‍ത്തനങ്ങള്‍ വിശാലമായ സംഘി സൗഹൃദ മാധ്യമങ്ങളിലെങ്കിലും മറച്ചുവയ്ക്കാനാകുമായിരുന്നു. തീര്‍ച്ചയായും, 'യുദ്ധത്തില്‍ ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും' എന്നാണല്ലോ പഴഞ്ചൊല്ല്.

Q

മെയ്‌തേയ് വംശത്തിന്റെയും ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കപ്പെട്ടു എന്നതില്‍ നിന്നും ഇതിലൊരു ക്രിസ്ത്യന്‍ വിരുദ്ധ ഗൂഢാലോചന ഉണ്ടെന്നു വ്യക്തമാണല്ലോ?

A

മെയ് 3, 4 തീയതികളിലെ ഏറ്റവും അക്രമം നടന്ന രണ്ട് രാത്രികളില്‍ അവഗണിക്കപ്പെടുകയോ മാധ്യമശ്രദ്ധയില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്ത ഒരു ശ്രദ്ധിക്കപ്പെടാത്ത വശമാണിത്. മെയ്‌തേയ് ക്രിസ്ത്യാനികളുടെ മാത്രം വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട 247 പള്ളികള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. കൂടാതെ 50ഓളം മറ്റ് പള്ളികളും.

മണിപ്പൂരിലെ 38 ലക്ഷം ജനസംഖ്യയില്‍ 90 ശതമാനവും വസിക്കുന്ന വിശാലമായ ഇംഫാല്‍ താഴ്‌വരയിലുടനീളമുള്ള പള്ളികളെ ലക്ഷ്യമിട്ട് 36 മണിക്കൂറിനുള്ളില്‍, അരംബായ് തെങ്കോള്‍, മെയ്‌തേയ് ലീപുന്‍ എന്നീ സംഘടനകള്‍ (വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും കാവി കാലാള്‍പടയെ അപേക്ഷിച്ച് കൂടുതല്‍ അക്രമാസക്തമായ സംഘടനകള്‍) ആസൂത്രിതമായ അക്രമങ്ങള്‍ നടത്തി.

മെയ്‌തേയ് ക്രിസ്ത്യാനികളുടെ മാത്രം വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട 247 പള്ളികള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. കൂടാതെ 50 ഓളം മറ്റ് പള്ളികളും. മണിപ്പൂ രിലെ 38 ലക്ഷം ജനസംഖ്യയില്‍ 90 ശതമാനവും വസിക്കുന്ന വിശാലമായ ഇംഫാല്‍ താഴ്‌വരയിലുടനീളമുള്ള പള്ളികളെ ലക്ഷ്യമിട്ട് 36 മണിക്കൂറിനുള്ളില്‍, അരംബായ് തെങ്കോള്‍, മെയ്‌തേയ് ലീപുന്‍ എന്നീ സംഘടനകള്‍ ആസൂത്രിതമായ അക്രമങ്ങള്‍ നടത്തി.

Q

എന്താണ് ഈ സംഘടനകളുടെ പ്രത്യേകതകള്‍?

A

മതേതര വിമര്‍ശകരുടെ അഭിപ്രായത്തില്‍, കൂടുതല്‍ സംഘടിതരായ അരംബായ് തെങ്കോള്‍ (മെയ്‌തേയ്കളുടെ പരമ്പരാഗത ആയുധത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്) മണിപ്പൂരിലെ നാമമാത്ര രാജാവും ബി ജെ പിയുടെ രാജ്യസഭാംഗവുമായ മഹാരാജ ലെയ്‌ഷെംബ സനാജയോബയുടെയും മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെയും പൂര്‍ണ്ണ രക്ഷാകര്‍തൃത്വ ത്തില്‍ ഉള്ളതാണ്. ക്രിസ്തുമതം തദ്ദേശീയമായ 'മെയ്‌തേയ് സംസ്‌കാരത്തിന്' ഭീഷണിയാണെന്ന് അവര്‍ കരുതുന്നതിനാല്‍, മെയ്‌തേയ് പള്ളികള്‍ തകര്‍ക്കാന്‍ സംഘടനകള്‍ ബുള്‍ഡോസറുകള്‍ പോലും വാടകയ്‌ക്കെടുത്തിരുന്നു.

കറുത്ത യൂണിഫോം ധരിച്ച ഈ സംഘങ്ങള്‍ തുടക്കത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ കൊള്ളയടിച്ച് ആയുധങ്ങള്‍ കവര്‍ന്നിരുന്നു. അത് 1,000 ആണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു, എന്നാല്‍ മറ്റുള്ളവര്‍ 2000 ആണെന്ന് കണക്കാക്കുന്നു. കൊള്ളയടിച്ച ആയുധങ്ങള്‍ പൂര്‍ണ്ണമായി തിരികെ നല്‍കണമെന്ന് ബി ജെ പി സര്‍ക്കാര്‍ പാതിമനസ്സോടെ അഭ്യര്‍ത്ഥിക്കുന്നതിനിടയില്‍, മെയ് 28 ന് പൊലീസ് ആയുധങ്ങളുടെ മറ്റൊരു വന്‍ കൊള്ളയും ഇവര്‍ തന്നെ നടത്തി.

തീര്‍ച്ചയായും, മെയ്‌തേയ് ക്രിസ്ത്യാനികള്‍ക്കെതിരെ സംഘടിപ്പിച്ച ആക്രമണങ്ങള്‍ക്ക് പിന്നില്‍, 'ഭ്രാന്തിനും ഒരു രീതി' ഉണ്ടായിരുന്നുവെന്ന് ഷേക്‌സ്പിയറിനെ ഉദ്ധരിച്ചു പറയാം. മാധ്യമ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ 247 പള്ളികളില്‍ ഒരേസമയം ആക്രമണം നടത്തിയിട്ടും ഒരു മെയ്‌തേയ് ക്രിസ്ത്യാനി പോലും കൊല്ലപ്പെട്ടിട്ടില്ല.

Q

കന്ധമാല്‍ കലാപം റിപ്പോര്‍ട്ട് ചെയ്തയാളാണല്ലോ താങ്കള്‍. അതുമായി താരതമ്യപ്പെടുത്താമോ?

A

കന്ധമാലില്‍ 2008-ല്‍ പ്രദര്‍ശിപ്പിച്ച സംഘപരിവാറിന്റെ പ്രവര്‍ത്തനരീതിയാണ് മണിപ്പൂരില്‍ കോപ്പിയടിയായി ആവര്‍ത്തിക്കുന്നത്. നശിപ്പിക്കപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പള്ളികളിലെ പാസ്റ്റര്‍മാര്‍ തിരികെ വരില്ലെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടുവിച്ചിട്ടുണ്ട്.

മെയ് മാസത്തിന്റെ അവസാന വാരാന്ത്യത്തില്‍, തന്റെ പള്ളിയെ അശുദ്ധമാക്കിയതിനെതിരെ എഫ്‌ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പോയ ഒരു പാസ്റ്ററെ പൊലീസ് ഭീഷണിപ്പെടുത്തുക മാത്രമല്ല, കേടായ പള്ളി പൂര്‍ണ്ണമായും നശിപ്പിക്കാന്‍ അവര്‍ മെയ്‌തേയ് അക്രമിസംഘത്തെ വിളിച്ചു പറയുക പോലും ചെയ്തു എന്ന് ഒരു പ്രമുഖ മെയ്‌തേയ് ക്രിസ്ത്യന്‍ നേതാവ് പറഞ്ഞു. കന്ധമാല്‍ കലാപവുമായി നിരവധി സമാനതകള്‍ മണിപ്പൂര്‍ കലാപത്തിനുണ്ട്. അവ പിന്നീട് വിശദമായി വിശകലനം ചെയ്യാം.

ഇംഫാല്‍ വിമാനത്താവളത്തിന് സമീപമുള്ള കത്തോലിക്കാ സഭയുടെ വിശാലമായ പാസ്റ്ററല്‍ ട്രെയിനിംഗ് സെന്റര്‍ മെയ് 3-ന് രാത്രി മുതല്‍ നാല് തവണ ആക്രമിച്ചു. ഗോത്രവര്‍ഗക്കാരെ തിരഞ്ഞ് ജനക്കൂട്ടം ഓരോ തവണയും മത ബോധന പരിശീലനത്തിനെത്തിയിരുന്ന 50 അന്തേവാസികളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു.

അക്രമങ്ങളില്‍ കാമ്പസിലെ അര ഡസന്‍ വാഹനങ്ങള്‍ കത്തിക്കരിഞ്ഞപ്പോള്‍ കോഴി, മത്സ്യം, പന്നിവളര്‍ത്തല്‍ ഫാം എന്നിവയും കാലിയാക്കി. അടുത്ത ദിവസം കാമ്പസിലെ സെന്റ് പോള്‍സ് ഇടവക പള്ളിയോടൊപ്പം സെന്ററും നശിപ്പിച്ചത് നിര്‍ഭാഗ്യവാനായ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ഐസക്ക് ഹോണ്‍സാന്‍ നിസ്സഹായനായ ഒരു കാഴ്ചക്കാരനായി നില്‍ക്കെയാണ്.

രണ്ടാം ദിവസത്തെ നാലാമത്തെ അക്രമത്തിനിടെ, പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററില്‍ നിന്ന് പാചക വാതക സിലിണ്ടറുകള്‍ കൊണ്ടുവന്ന ഗുണ്ടാസംഘങ്ങള്‍ പള്ളിയിലെ എല്ലാ പീഠങ്ങളും ഒരുമിച്ചുകൂട്ടി പള്ളിക്കുള്ളില്‍ തീയിട്ടു.

കത്തിനശിച്ച പള്ളിയും സമീപത്തുള്ള പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററും സന്ദര്‍ശിച്ചപ്പോള്‍ ഫാ. ഹോന്‍സന്‍ പറഞ്ഞു, 'പള്ളി തീപിടിച്ച് കത്തുന്നത് കണ്ട ആ അനുഭവം എനിക്ക് ഒരിക്കലും മറക്കാനാവില്ല.'

മെയ് 3, 4 തീയതികളില്‍ പള്ളി അശുദ്ധമാക്കുന്നതും കത്തിക്കുന്നതും കണ്ട പുരോഹിതന്‍ സഹായത്തിനായി പൊലീസിനെ ആവര്‍ത്തിച്ചു വിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല.

'ഇത്തരം സംഘടിത ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ നടക്കില്ല. സംസ്‌കാരത്തിന്റെ സംരക്ഷണത്തിന്റെ മറവില്‍ ക്രിസ്തുമതത്തിന്റെ അസ്തിത്വം തകര്‍ക്കാനുള്ള മതഭ്രാന്തന്മാരുടെ ഉദ്ദേശ്യമാണ് ഇവിടെ വെളിവാക്കപ്പെട്ടത്,' ഒരു മുതിര്‍ന്ന സഭാനേതാവ് പറഞ്ഞു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് സംഭവസ്ഥലത്തേക്ക് വന്നില്ലെങ്കിലും, രണ്ടാഴ്ചയ്ക്ക് ശേഷം പള്ളിമൈതാനിയില്‍ അര ഡസന്‍ പൊലീസുകാര്‍ വിശ്രമിക്കുന്നത് എനിക്ക് കൗതുകകരമായി തോന്നി.

Q

പ്രധാനമന്ത്രിയുടെ ഇടപെടല്‍ എത്രത്തോളമുണ്ടായിരുന്നു?

A

ട്രെയിന്‍ പാളം തെറ്റിയതും ബോട്ട് മറിഞ്ഞതും പോലുള്ള അപകടങ്ങളില്‍ പോലും പെട്ടെന്ന് ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെ രക്തച്ചൊരിച്ചിലിലും അപകടത്തിലും മൗനം പാലിച്ചു. മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനവേളയില്‍ ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ഉണ്ടായ ആക്രമണം പ്രധാനമന്ത്രിക്കുമുമ്പില്‍ ഉയര്‍ത്താന്‍ മടിക്കാത്ത മോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

2014 മുതല്‍ 60 തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മണിപ്പൂരില്‍ ചോരയൊഴുകുമ്പോള്‍ അതിന്റെ ഇരുണ്ട മണിക്കൂറില്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയില്ല എന്നത് സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണ്.

മണിപ്പൂര്‍ ആളിക്കത്തിയതിനു ശേഷം മൂന്നാഴ്ചക്കാലം ഭരണകക്ഷിയായ ബി ജെ പിയില്‍ നിന്നുള്ള ഒരു കേന്ദ്ര നേതാക്കളും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. വാസ്തവത്തില്‍, മോദിയും ആഭ്യന്തര മന്ത്രി ഷായും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബി ജെ പി ഉന്നതരും കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റോഡ്‌ഷോകളിലും തിരക്കിലായിരുന്നു, അതേസമയം കത്തിച്ച വ്യാപാര സ്ഥാപനങ്ങളുടെയും പള്ളികളുടെയും വീടുകളുടെയും വാഹനങ്ങളുടെയും കറുത്ത പുക ഇംഫാലിലും മറ്റ് സ്ഥലങ്ങളിലും അഗ്‌നിപര്‍വതസമാനമായ പുകമഞ്ഞ് സൃഷ്ടിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ മുന്‍ഗണന എന്തായിരിക്കണം എന്ന ചോദ്യം അന്തരീക്ഷത്തില്‍ അലയടിക്കുന്നു.

Q

കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമാധാനകമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയമാകുമോ?

A

ഈ സമാധാനകമ്മിറ്റിയോടു സഹകരിക്കില്ലെന്നു കുക്കികള്‍ പറഞ്ഞു കഴിഞ്ഞു. കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം അംഗീകരിക്കാനാവില്ലെന്നു കുക്കി നേതാക്കള്‍ പറയുന്നു. കാരണം, മ ണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ കലാപം നടത്തിയ മെയ്‌തേയ് അക്രമിസംഘങ്ങള്‍ക്കു രക്ഷാകര്‍തൃത്വം നല്‍കിയ ആളാണു മുഖ്യമന്ത്രി ബിരേന്‍ സിംഗ് എന്ന് അവര്‍ പറയുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ പങ്കാളിത്തം കമ്മിറ്റിയിലില്ലാത്തതിനെയും കുക്കികള്‍ ചോദ്യം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സമാധാനകമ്മിറ്റിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുക്കികളെ ആക്രമിച്ച മെയ്‌തേയ് ലിപുണ്‍ എന്ന സംഘടനയുടെ നേതാവ് മുഖ്യമന്ത്രിയെ തങ്ങളുടെ ഹൃദയമെന്നാണു വിശേഷിപ്പിച്ചത്. ഇത്രയും ആരോപണവിധേയനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിക്കൊണ്ടു നടത്തുന്ന സമാധാന ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org