ഫാ. ലൂക്ക് പൂതൃക്കയില്‍
റീത്തുകള്‍ ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെങ്കില്‍ ആഗോളവത്കരണ ലോകത്തില്‍ റീത്തുകളുടെ പ്രസക്തി കുറയ്ക്കുകയാണ് വേണ്ടത്.
സത്യദൈവമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ക്രൈസ്തവസഭയില്‍ അംഗമായിരിക്കുന്ന ക്രൈസ്തവന് എന്തുപറ്റി എന്നതാണ് ഇവിടുത്തെ ചിന്താ വിഷയം. ക്രൈസ്തവര്‍ എണ്ണത്തിലും ഗുണത്തിലും കുറയുന്നുവെന്ന യാഥാര്‍ത്ഥ്യബോധത്തിലും അറിവിലും ആണ് ഈ വിഷയം അവതരിപ്പിക്കുക. ക്രൈസ്തവസംസ്‌കാരം കൊണ്ട് ലോകത്തിനും മാനവരാശിക്കും ഉണ്ടായ നേട്ടങ്ങളും വികസനങ്ങളും ഐക്യവും സമാധാനവും മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ ക്രൈസ്തവനും ക്രൈസ്തവസഭയ്ക്കും എന്തുപറ്റി എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവര്‍ക്ക് ഐക്യമില്ല
ക്രൈസ്തവരുടെ അനൈക്യം ചര്‍ച്ച ചെയ്യപ്പെടുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു കാലമാണിത്. ലോകത്തില്‍ യേശുവിന്റെ പേരില്‍ നൂറുകണക്കിന് സഭകളും അവയെല്ലാം തന്നെ പരസ്പരം കലഹിക്കുന്നവരും അകന്നിരിക്കുന്നവരും എന്നത് വാസ്തവമാണ്. ആട്ടിന്‍കാട്ടം പരന്നുകിടക്കുന്നതു പോലെ ഓരോ സഭകളും ഓരോ തുരുത്തുകളായി സ്ഥിതി ചെയ്യുന്നു. സംഘടിത ശക്തി ഇല്ലാതെ പോയതിന്റെ അനുഭവത്തില്‍ സഭ ക്ഷയിച്ചും ശോഷിച്ചും തളര്‍ന്നും പോയിക്കൊണ്ടിരിക്കുന്നു. ക ത്തോലിക്കാസഭയിലെ റീത്തുകളിലൂടെ സഭയില്‍ അകല്‍ച്ചയുണ്ടായി. രൂപതകള്‍ തമ്മില്‍ തമ്മില്‍ സ്വയം പര്യാപ്തത മൂലം അകന്നു പോയി. ഒരു വിശ്വാസവും ഒരു നേതൃത്വവും നമുക്ക് ഉണ്ടെങ്കിലും അവയെ അവഗണിക്കുന്ന ശക്തികളാണ് രൂപതകളും റീത്തുകളും സൃഷ്ടിക്കുന്നത്. 'ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസയും', 'ഒരിടയനും ഒരു ആട്ടിന്‍പറ്റവും', 'ഇവര്‍ ഒന്നായിരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' തുടങ്ങിയ ബൈബിള്‍ സൂക്തങ്ങള്‍ വൈവിധ്യത്തിലും വിഭജനത്തിനും സത്യത്തില്‍ ന്യായീകരണം നല്‍കുന്നില്ല. ഓരോ സഭകളും അവരവരുടേതായ ദൈവശാസ്ത്രങ്ങളും നിയമസംഹിതകളും ഉണ്ടാക്കി പരസ്പരം അകന്നു പോകുന്നു. റീത്തുകള്‍ ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെങ്കില്‍ ആഗോളവത്കരണ ലോകത്തില്‍ റീത്തുകളുടെ പ്രസക്തി കുറയ്ക്കുകയാണ് വേണ്ടത്. റീത്തുകളുടെയും രൂപതയുടെയും പേരില്‍ വിവാഹങ്ങള്‍, കൂദാശകള്‍, ശവസംസ്‌കാരങ്ങള്‍ തുടങ്ങിയവ നടത്താന്‍ തടസ്സം ഉണ്ടാകുന്നു. ക്രൈസ്തവര്‍ സംഘടിച്ചു നിന്നിരുന്നുവെങ്കില്‍ സന്യസ്തരെ പരിഹസിക്കുന്ന 'കക്കുകളി' നാടകം ഉണ്ടാകുമായിരുന്നില്ല. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് മുതലായവ കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നമ്മള്‍ വേണ്ടപോലെ സപ്പോര്‍ട്ട് ചെയ്തില്ല. കൈവെട്ട് കേസ് ഉണ്ടായപ്പോള്‍ മറുവശം പിടിച്ചു. കോളജ് തല്ലി തകര്‍ത്തപ്പോള്‍ എത്ര പേരാണ് ശക്തിയായി പ്രതികരിക്കുകയും ഒറ്റക്കെട്ടായി ക്രൈസ്തവ സ്ഥാപനങ്ങളെ പ്രതിരോധിക്കുകയും ചെയ്തത്. പഠനം, ജോലി, വിദേശ വിസ എന്നിവയ്ക്ക് അമിത പ്രാധാന്യം നല്‍കി നാടുവിട്ടപ്പോഴും വിവാഹം മുന്നോട്ടു തള്ളി തള്ളി മാറ്റിയപ്പോഴും അതിനുള്ള പ്രതിവിധി കണ്ടെത്താതിരുന്നത് സഭയ്ക്ക് ക്ഷീണമുണ്ടാക്കി. ഓരോ രൂപതകളും, ഓരോ സന്യാസം സമൂഹങ്ങളും അവരവരുടെ ലോകത്തിലേക്ക് ഉള്‍വലിഞ്ഞപ്പോള്‍ ക്ഷതം സംഭവിച്ചത് ക്രിസ്തുവിനും മിഷന്‍ വിഷനുമാണ്.
ക്രൈസ്തവന്റെ ധനാസക്തി
'ദൈവത്തെയും മാമോനേയും ഒന്നിച്ച് സ്‌നേഹിക്കാന്‍ ആവില്ല', 'നീ വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക', 'ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല', 'നശ്വരമായ സമ്പത്തിനു വേണ്ടി ശ്രമിക്കാതെ അനശ്വരമായ സമ്പത്തിനുവേണ്ടി ശ്രമിക്കുക' തുടങ്ങിയ നൂറുകണക്കിന് വചനങ്ങള്‍ ധനാസക്തിയെ ഇല്ലാതാക്കുവാന്‍ ആഹ്വാനം നല്‍കുന്നുണ്ടെങ്കിലും ധനത്തിന്റെ പിന്നാലെയുള്ള പരക്കംപാച്ചിലുകള്‍ സഭയ്ക്കും സംഘടനകള്‍ക്കും ഇന്നും ഉണ്ട്. ദൈവത്തെയും മാമോനെയും ഒരുപോലെ സ്‌നേഹിക്കാന്‍ സാധിക്കുമെന്ന് ക്രൈസ്തവര്‍ ഇന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്. 'യേശുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം' എന്ന ഫിലോസഫിയാണ് ക്രൈസ്തവന്റെ മുഖമുദ്ര. പണത്തെ തൊടാത്ത അനുഷ്ഠാനങ്ങളോ സ്ഥാപനങ്ങളോ നമുക്കില്ല. സഭയില്‍ എന്തെങ്കിലും ആരംഭിക്കുന്നതും, നടത്തുന്നതും പണം ആര്‍ജിക്കാനാണ്. ആര്‍ത്ത് തിമിര്‍ത്തു പെയ്യുന്ന മഴവെള്ളം അണകെട്ടി നിര്‍ത്തി വല്ലപ്പോഴും അല്പാല്പം തുറന്നു വിടുന്നത് പോലെയാണ് സഭയില്‍ നിന്ന് സംഭാവനകള്‍ പുറത്തേക്ക് ഒഴുകുന്നത്.
അധികാരക്കൊതി
ക്രൈസ്തവര്‍ക്കും നേതൃത്വങ്ങള്‍ക്കും ഉള്ള ഒരു പ്രധാന താല്പര്യം അധികാരം പിടിച്ചടക്കുകയാണ്. ഒരിക്കല്‍ ഒരു അധികാരി ആയാല്‍ മുകളിലേക്ക് കയറി കയറി പോകണം എന്നല്ലാതെ നേതൃത്വങ്ങള്‍ക്ക് താല്പര്യം വേറെയില്ല. അധികാരം ശുശ്രൂഷയ്ക്ക് ഉള്ളതാണെന്നും മുമ്പന്മാര്‍ പിമ്പന്മാര്‍ ആകണമെന്നൊക്കെ ആവര്‍ത്തിച്ചു പറയുന്ന ക്രിസ്തുസൂക്തങ്ങള്‍ ക്രൈസ്തവനേതൃത്വം വിസ്മരിക്കുകയാണ്. മനുഷ്യന്റെ കാലുകഴുകാന്‍ ഭൂമിയോളം താഴ്ന്ന യേശുവിനെയോ, മനുഷ്യരാശിയെ രക്ഷിക്കാന്‍ മൂന്ന് ആണികളില്‍ തൂക്കപ്പെട്ട യേശുവിനെയോ അധികാരികള്‍ കാണുന്നില്ല. ബൈബിളിനേക്കാള്‍ സ്വയം ഉണ്ടാക്കിയെടുത്ത നിയമസംഹിതകള്‍ വച്ച് ഭയപ്പെടുത്താനും പീഡിപ്പിക്കാനും അധികാരികള്‍ ശ്രമിക്കുന്നു. ക്രിസ്തുവിനേക്കാളും ബൈബിളിനേക്കാളും പ്രാധാന്യം മനുഷ്യനുണ്ടാക്കിയ നിയമങ്ങള്‍ക്ക് നല്‍കുന്നു. നിയമത്തെക്കാള്‍ മനുഷ്യരാണ് വലുത് എന്നു പറഞ്ഞ ക്രിസ്തുവിനെ ധിക്കരിച്ചുകൊണ്ട് അധികാരം പറഞ്ഞ് അനുസരിപ്പിക്കാന്‍ തത്രപ്പെടുന്നിടത്ത് ക്രിസ്തു വിജയിക്കുമോ?
ക്രൈസ്തവ നേതൃത്വങ്ങള്‍ക്കിടയില്‍ പക്ഷപാതങ്ങളും ശീത യുദ്ധങ്ങളും നടക്കുന്നത് ക്രൈസ്തവര്‍ മാത്രമല്ല അക്രൈസ്തവര്‍ പോലും തിരിച്ചറിയുന്നു. ഐക്യത്തേക്കാള്‍ ഐകരൂപ്യത്തിന് പ്രാധാന്യം നല്‍കി കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതെയാകുന്ന അവസ്ഥ ക്രൈസ്തവ സഭ നേരിടുകയാണ്. ആരാണ് വലുത് എന്ന് അറിയാനുള്ള വെമ്പലാണ് ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്കുള്ളത്. (വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി അല്ലാത്ത രക്തസാക്ഷിത്വം കൂടിക്കൊണ്ടിരിക്കുകയാണ്). അനേകരുടെ ശാപം സഭയ്ക്ക് ഏല്‍ക്കേണ്ടി വരുന്നുണ്ട്.
പ്രതികരണവും പ്രതിഷേധവും
പ്രതികരണവും പ്രതിഷേധവും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ ഭക്തിയും അനുഷ്ഠാനങ്ങളും കൊണ്ട് കീഴടക്കിയിരിക്കുകയാണ്. ക്രിസ്തുവിനെയും, ബൈബിളിനെയും അംഗീകരിക്കുന്നവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ല. സഭാ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. സംഘടനാ നേതൃത്വങ്ങള്‍ എ സി റൂമിലിരുന്ന് പത്രപ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ നിരത്തിലിറങ്ങി, വിയര്‍പ്പ് തൂകി പ്രതികരിക്കാറില്ല. മണിപ്പൂരില്‍ നടന്ന സംഭവങ്ങളോട് ക്രൈസ്തവരും നേതൃത്വങ്ങളും എത്ര ബലഹീനമായിട്ടാണ് പ്രതികരിച്ചത്. ക്രൈസ്തവര്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും എത്രയധികമാ യി പീഡിപ്പിക്കപ്പെടുന്നു. 'എനിക്ക് എന്റെ കാര്യം മാത്രം' എന്ന മനസ്ഥിതിയാണ് ക്രൈസ്തവര്‍ക്കുള്ളത്. ക്രൈസ്തവന്റെ നിസംഗത ഈ മതത്തെ ഇല്ലാതാക്കും. കേരളം ഒരു സിറിയയും ലബനോനും ആകാന്‍ സാധ്യതയുണ്ട്. മുന്‍കൂട്ടി കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ നാട് ഒരു അഫ്ഗാന്‍ ആകാനും സാധ്യതയുണ്ട്.
അനുകരിക്കുന്നവര്‍
ക്രൈസ്തവന് നല്‍കപ്പെട്ട വിശുദ്ധ ഗ്രന്ഥം ക്രൈസ്തവര്‍ അടിസ്ഥാന പ്രമാണവും നിയമവും ആക്കുന്നില്ല. ക്രൈസ്തവനെയും സന്യസ്തരേയും നയിക്കുന്ന ഗ്രന്ഥം കാനന്‍ നിയമസംഹിതയാണ്. അതുവഴി ബൈബിളിലെ കാരുണ്യം, നീതി, സ്‌നേഹം, സഹതാപം എന്നിവ നഷ്ടപ്പെടുകയാണ്. ദൈവത്തിന്റെ ആദ്യത്തെ രണ്ട് കല്പനകള്‍ അധ്വാനിക്കുക, സന്താനപുഷ്ടിയുള്ളവര്‍ ആകുക എന്നതാണ്. ഈ രണ്ടു കാര്യങ്ങളും കൃത്യമായി പിന്തുടരുന്നത് ഇതര പ്രത്യേക സമൂഹത്തില്‍ പെട്ടവരാണ്. ഏത് ജോലിയും എവിടെയും ചെയ്യാനുള്ള താല്പര്യം ഇവര്‍ ഏറ്റെടുത്തിരിക്കുന്നു. കുടുംബം, വിവാഹം, സന്താനങ്ങള്‍ തുടങ്ങിയവയ്ക്കും ഇവര്‍ പ്രാധാന്യം നല്‍കി പരിപാലിക്കുന്നു. ക്രൈസ്തവരാകട്ടെ സ്ഥാപനങ്ങള്‍ പണിതും സംഘടനകളും സംവിധാനങ്ങളും ഉണ്ടാക്കിയും പണവും ആരോഗ്യവും മാനവശേഷിയും നഷ്ടപ്പെടുത്തുകയാണ്.
ഉറകെട്ടുപോയ സന്യാസം
തുടക്കത്തിലെ ലക്ഷ്യവും ജീവിതശൈലിയും നല്ലതായിരുന്നെങ്കിലും ഈ കാലഘട്ടത്തില്‍ ഉറകെട്ടുപോയ വിഭാഗക്കാരാണ് സന്യസ്തര്‍. ലക്ഷ്യം മറന്ന വിഭാഗക്കാര്‍. ആധുനിക ലോകത്തിന്റെ മുന്‍പേ പറക്കുന്ന പക്ഷികളാണിവര്‍. ഭൗമികമായ സമസ്ത മേഖലയിലും കൈവയ്ക്കുന്ന ഇവര്‍ സ്ഥാപനവല്‍ക്കരണത്തിന്റെ ഉസ്താദുക്കളായി. കരിയറിസത്തിനും പ്രൊഫഷണലിസത്തിനും പ്രാധാന്യം നല്‍കുന്നു. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, സംരംഭങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്കായി മാനവശേഷി ഉപയോഗിക്കുന്നു. ഓരോ സന്യാസ സമൂഹങ്ങളും സ്‌കൂളുകളും ആശുപത്രികളും ഉണ്ടാക്കി മൂലധനം വര്‍ധിപ്പിക്കുന്നു. സുഖസൗകര്യങ്ങളുടെ പട്ടുമെത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സേവനങ്ങള്‍ ജോലികള്‍ക്ക് വഴിമാറി പോയി, പഠനങ്ങള്‍ ശുശ്രൂഷയ്ക്ക് വഴിമാറി, ആത്മീയത അനുഷ്ഠാനങ്ങള്‍ക്ക് വഴിമാറി പോയി, ദാരിദ്ര്യം സമ്പന്നതയ്ക്ക് വഴിമാറി, അനുസരണം ഡയലോഗുകള്‍ക്ക് വഴിമാറി, ബ്രഹ്മചര്യം വെറും നെയ്യാമികമായി. ആഘോഷങ്ങളും കൂടി വരവുകളും യാത്രകളും ക്രമാതീതമായി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലെ പ്രത്യക്ഷപ്പെടലാണ് ആന്ദദായകം. മദര്‍ തെരേസ്യന്‍ ചൈതന്യം എങ്ങും തന്നെ ഇല്ലാതായി. പണം എറിഞ്ഞു പണം വാരികൂട്ടുന്ന പ്രസ്ഥാനങ്ങളും കോര്‍പ്പറേറ്റുമായിക്കൊണ്ടിരിക്കുന്നു. സന്യാസമാണിന്നുള്ളത്. ആകാശപ്പറവകളും അഗതി മന്ദിരങ്ങളും നടത്തുമ്പോഴും ലാഭേച്ഛ കണ്‍മുമ്പില്‍ ഉണ്ട്.