അടിത്തറകള്‍ ഇളകുമ്പോള്‍ നീതിമാന്‍ എന്ത് ചെയ്യും?

അടിത്തറകള്‍ ഇളകുമ്പോള്‍ നീതിമാന്‍ എന്ത് ചെയ്യും?
മാനുഷിക കഴിവുകളിലും തീരുമാനങ്ങളിലും ആശ്രയം വച്ച് ദൈവത്തെ വെടിഞ്ഞതിന്റെ പരിണത ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി. എന്നാല്‍ അത് കര്‍ത്താവ് തരുന്ന അച്ചടക്ക പരിശീലനത്തിന്റെ അവസരമാണ് എന്ന് കരുതി എളിമയോടെ സ്വീകരിക്കാന്‍ നമുക്ക് ആവട്ടെ.

സീറോ-മലബാര്‍ സഭയിലെ വലിയ നേതൃത്വ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ലേഖനത്തിന്റ തലക്കെട്ടിനു നിദാനമായ (സങ്കീ. 11:4) പതിനൊന്നാം സങ്കീര്‍ത്തനം നമ്മുടെ പ്രാര്‍ത്ഥനയുടെ വിഷയമായി തിരഞ്ഞെടുക്കാവുന്നതാണ്. ദാവീദ് തന്റെ സ്ഥാനത്തിന് വെല്ലുവിളിയാണ് എന്ന് കരുതുന്ന സാവൂള്‍ രാജാവ് അവനെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതിയിടുന്നു എന്നറിഞ്ഞ ദാവീദ് ഭയഭീതിയില്‍ രചിച്ചതാണ് ഈ സങ്കീര്‍ത്തനം എന്ന് മിക്ക പണ്ഡിതരും കരുതുന്നു.

ബെത്‌ലഹേമിന്റെ മലഞ്ചെരിവുകളില്‍ ആടുകളെ മേയിച്ചു നടന്ന ബാലനായ ദാവീദിന്റെ കഥ വളരെ മനോഹരമാണ്. ഇസ്രായേല്‍ രാജാവായിരുന്ന സാവൂളും അവന്റെ പടയാളികളും ഭയപ്പെട്ടിരുന്ന ഗൊല്യാത്ത് എന്ന മല്ലനെ കവിണകൊണ്ട് എറിഞ്ഞു കൊന്നതിനാല്‍ ദാവീദ് സാവൂളിനു പ്രിയങ്കരനാവുകയും അവനോടൊപ്പം രാജകൊട്ടാരത്തില്‍ താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. രാജ്യകാര്യങ്ങള്‍ ഭാരപ്പെടുത്തുമ്പോള്‍ ഖിന്നനാകുന്ന സാവൂളിനെ ദാവീദ് തന്റെ കിന്നരത്തില്‍ സംഗീതം മീട്ടി സന്തോഷിപ്പിച്ചു. കാലക്രമത്തില്‍ യഹോവയാല്‍ നല്‍കപ്പെട്ട രാജത്വം സാവൂള്‍ ദുരുപയോഗിക്കുകയും തല്‍സ്ഥാനത്തേക്ക് ദാവീദ് കടന്നുവരുമോ എന്ന് ശങ്കിക്കുകയും ചെയ്തപ്പോള്‍ ദാവീദിനെ കൊല്ലണമെന്ന് സാവൂള്‍ ആഗ്രഹിക്കുന്നു. സാവൂളിന്റെ വധഭീഷണിയില്‍ ആശങ്കപ്പെട്ടു നില്‍ക്കുന്ന ദാവീദിനോട് 'ഒരു പക്ഷിയെപ്പോലെ പറന്നു പര്‍വതങ്ങളില്‍ പോയി ഒളിച്ചു പാര്‍ക്കുക' എന്ന് ഒരു സുഹൃത്ത് ഉപദേശിക്കുന്ന മട്ടിലാണ് സങ്കീര്‍ത്തനം എഴുതപ്പെട്ടിട്ടു ള്ളത്. രാജസ്ഥാന മോഹം തെല്ലുമില്ലാത്ത ദാവീദ് ഒരു ഒളിച്ചോട്ടത്തിനു തയ്യാറാവാതെ കര്‍ത്താവില്‍ ആശ്രയം വയ്ക്കുന്നതാണ് സങ്കീര്‍ത്തനത്തിന്റെ ഇതിവൃത്തം.

തന്റെ ജീവനും അസ്തിത്വവും വെല്ലുവിളിക്കപ്പെട്ടു പ്രാണരക്ഷാര്‍ത്ഥം പര്‍വതങ്ങളില്‍ പോയി ഒളിച്ചു താമസിക്കാന്‍ തക്കവണ്ണം ഗതികെട്ടവനായ കേവലം ഒരു പ്രജയാണ് ഈ സങ്കീര്‍ത്തനത്തില്‍ ദാവീദ്. ദാവീദിനെ ശക്തനായ ഒരു രാജാവായി മാത്രം സങ്കല്പിച്ചു ശീലിച്ചിട്ടുള്ള നാം സമകാലിക അധികാരികളുടെ ദുര്‍ഗതിയുമായി ദാവീദിന്റെ അവസ്ഥയെ താരതമ്യം ചെയ്യാനുള്ള പ്രലോഭനത്തില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കാം. ശാന്തിയും, ഐക്യവും, സ്വത്വവും, ധാര്‍മ്മികതയും നഷ്ടപ്പെട്ട് ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന അമ്പതു ലക്ഷം വിശ്വാസികളുടെ പ്രതിനിധിയായി ദാവീദിനെ കാണാനാണ് ഈ ലേഖനത്തില്‍ ഞാന്‍ ശ്രമിക്കുന്നത്.

  • ഇളകിയാടുന്ന അടിത്തറകള്‍

അടിത്തറകള്‍ ഇളകി നില്‍ക്കുന്ന സഭ. അശരണരായ വിശ്വാസികള്‍. ഭരണാധിപനും സംഘവും ആടുകളുടെ സുരക്ഷയെക്കുറിച്ചോ അവരുടെ ശാന്തിയെക്കുറിച്ചോ അല്പം പോലും കരുതല്‍ ഇല്ലാത്തവര്‍. എസെക്കിയേലിന്റെ 34-ാം അധ്യായത്തില്‍ വിവരിക്കുന്ന തരത്തില്‍ സഭയുടെ ഇടയന്മാര്‍ അധപ്പതിച്ചിരിക്കുന്നു. മുറിവേറ്റതിനെ വെച്ചുകെട്ടാതെയും, നഷ്ടപ്പെട്ടതിനെ തേടിക്കണ്ടുപിടിക്കാതെയും, ദുര്‍ബലമായതിനെ ശക്തിപ്പെടുത്താതെയും അധികാരികള്‍ ഈ സഭയെ അവഗണിച്ചിരിക്കുന്നു. ദാവീദിനെ പോലെ, തങ്ങളുടെ ജീവനും അഭിമാനവും രക്ഷിക്കാനായി പര്‍വതത്തില്‍ പോയി ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണ് വിശ്വാസികള്‍. ഈ സന്ദിഗ്ധാവസ്ഥയിലാണ് 'അടിത്തറകള്‍ ഇളകിയാല്‍ നീതിമാന്‍ എന്ത് ചെയ്യും?' എന്ന നിര്‍ണ്ണായക ചോദ്യം ഉയരുന്നത്.

ഇടയ ബാലനായിരുന്ന ദാവീദിന്റെ രാജത്വത്തിലേക്കുള്ള വളര്‍ച്ചയില്‍ കൈമുതല്‍ ആഴത്തിലുള്ള ദൈവവിശ്വാസവും ദൈവാശ്രയബോധവും ആയിരുന്നു. കര്‍ത്താവ് എന്റെ ഇടയനാകുന്നു (സങ്കീ. 23) എന്നൊക്കെയുള്ള സങ്കീര്‍ത്തനങ്ങള്‍ പിറവി കൊള്ളുന്നത് ഈ സാഹചര്യത്തിലാണ്. മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെ നടന്നാലും താന്‍ ഭയപ്പെടില്ല എന്നും, ദൈവത്തിന്റെ തിരുവടികള്‍ തനിക്ക് ഉറപ്പേകുന്നു (വാ. 4) എന്നുമൊക്കെ ദാവീദിന് പാടാനാകുന്നത് ഈ വിശ്വാസം മൂലമാണ്. അതിലും ആഴത്തിലുള്ള വിശ്വാസ സാക്ഷ്യമാണ് പതിനൊന്നാം സങ്കീര്‍ത്തനത്തില്‍ ദാവീദ് പ്രകടിപ്പിക്കുന്നത്. ഒളിച്ചുപോകാന്‍ ഉപദേശിക്കപ്പെടുന്ന ദാവീദ് ദൈവസാന്നിധ്യത്തെക്കുറിച്ച് അവബോധമുള്ളവന്‍ ആകുന്നു.

എന്തുതന്നെ സംഭവിച്ചാലും, 'അടിത്തറകള്‍ ഇളകിയാലും' എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ് എന്നുള്ള ശുഭാപ്തി ബോധമാണ് 11-ാം സങ്കീര്‍ത്തനം നമുക്ക് നല്‍കുന്നത്. അതിനായി വിശുദ്ധ മന്ദിരത്തിലെ ദൈവത്തിന്റെ സാന്നിധ്യത്തെ ദാവീദ് സ്മരിക്കുന്നു. സ്വര്‍ഗ സിംഹാസനത്തില്‍ ഇരുന്നു ലോകത്തെ ഭരിക്കുന്ന ദൈവത്തിന്റെ ഭൂമിയിലെ ദൃശ്യസാന്നിധ്യമാണ് വിശുദ്ധ മന്ദിരം (വാ. 4). അതിനാല്‍ ആഴത്തിലുള്ളതും ശങ്കയില്ലാത്തതുമായ വിശ്വാസവും ആശ്രയബോധവുമാണ് ദാവീദ് കര്‍ത്താവില്‍ വയ്ക്കുന്നത് (വാ 1). അരാജകത്വത്തിന്റെ ജീര്‍ണ്ണതയുടെയും അശാന്തിയുടെയും കലഹത്തിന്റെയും നിരാശയുടെയും ലോകത്ത് എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ് എന്നുള്ള ബോധം വിശ്വാസികള്‍ക്ക് ഉണ്ടാകട്ടെ.

  • മഹത്വം ഒഴിയുന്ന ദേവാലയം

സീറോ മലബാര്‍ സഭയില്‍ അജപാലക നേതൃത്വം സൃഷ്ടിച്ച പ്രതിസന്ധി നേതാക്കളുടെ ആലസ്യത്തിലും അഹന്തയിലും വീണ്ടുവിചാരമില്ലായ്മയിലും നിന്ന് ഉടലെടുത്തതാണ് എങ്കിലും, അത് സങ്കീര്‍ണ്ണമായത് ഭൗതിക സ്വത്തുക്കളുടെ പരിപാലനത്തെ ചൊല്ലിയുള്ള കലഹത്തിലാണ്. എന്നാല്‍ അത് ഇപ്പോള്‍ എത്തിനില്‍ക്കുന്നതാകട്ടെ പരമ പവിത്രമെന്നു സഭ കരുതുന്ന ദേവാലയത്തെയും, ദൈവിക രഹസ്യങ്ങളുടെ അര്‍പ്പണത്തേയുമായി ബന്ധപ്പെട്ട അത്യന്തം വേദനാജനകമായ സംഭവവികാസങ്ങളിലാണ്. ഒരാളുടെ അധികാരമോഹം തന്റെ ജീവന്‍ അപകടത്തിലാക്കും എന്ന് സാധാരണക്കാരനായ ദാവീദ് തിരിച്ചറിയുമ്പോള്‍ പ്രശ്‌നപരിഹാരമായി പര്‍വതത്തിലേക്ക് ഒളിച്ചോടി പോകാതെ ദേവാലയത്തിലെ ദൈവസാന്നിധ്യത്തിലേക്കും ദൈവാശ്രയത്വത്തിലേക്കും അവന്‍ തിരിയുന്നു. സീറോ മലബാര്‍ സഭയിലാകട്ടെ ഒരു പറ്റം ആളുകളുടെ അധികാര മോഹങ്ങള്‍ ദേവാലയത്തെ കളങ്കപ്പെടുത്തുന്നതിനു വരെ കാരണമായി. ഇവിടെ വാസ്തവത്തില്‍ സംഭവിച്ചത് ആചാരങ്ങളെയും ആരാധനാക്രമത്തെയും വിഗ്രഹവല്‍ക്കരിക്കുകയും അതുവഴി തങ്ങള്‍ അസ്പര്‍ശ്യങ്ങളും, ചോദ്യം ചെയ്യാന്‍ പറ്റാത്തതുമായ വിഗ്രഹങ്ങളാണ് അധികാരികള്‍ എല്ലാവരും സ്വയം കരുതുകയുമാണ് ഉണ്ടായത്. തന്റെ ഉപദേശകന്റെയോ, തന്റെ തന്നെ മാനുഷിക ബുദ്ധിയുടെയോ തോന്നലുകളെ ആശ്രയിക്കാതെ ദൈവം നിര്‍ദേശിക്കുന്ന പരിഹാരങ്ങളില്‍ ദാവീദ് ആശ്രയം വയ്ക്കുന്നു. സഭയിലാകട്ടെ ദൈവിക തീരുമാനങ്ങള്‍ തേടാതെ മാനുഷിക പരിഹാരങ്ങള്‍ക്ക് പുറകെ പോയി പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷവും, മുറിപ്പെടുത്തുന്നതുമായ രീതിയില്‍ സങ്കീര്‍ണ്ണമാക്കി.

ഇസ്രയേലിന്റെ കുകര്‍മ്മങ്ങള്‍ എല്ലാം തന്നെ അവരുടെ ഭരണാധിപന്മാരുടെ സ്വഭാവ വൈകല്യങ്ങള്‍ കൊണ്ടും, പിഴച്ചു പോയ തീരുമാനങ്ങള്‍ മൂലവും ഉണ്ടായതാണ്. അവയില്‍ ഏറ്റവും ഹീനമായത് വിഗ്രഹാരാധനയും കാപട്യവും ആയിരുന്നു. ദൈവത്തെ തങ്ങളുടെ ഇടയില്‍ കുടിയിരുത്താന്‍ വേണ്ടി രാജാക്കന്മാര്‍ നിര്‍മ്മിച്ച ദേവാലയത്തില്‍ നിന്ന് ദൈവത്തിന്റെ മഹത്വം ഒഴിഞ്ഞു പോകുന്ന ഭീകരമായ ഒരു സന്ദര്‍ഭം എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഉണ്ട് (അധ്യായം 10). ആദ്യം ദേവാലയത്തില്‍ നിന്നും (10:18), പിന്നീട് വിശുദ്ധ നഗരമായ ജറുസലേമില്‍ നിന്നും (11:23) ദൈവത്തിന്റെ മഹനീയ സാന്നിധ്യം ഒഴിഞ്ഞു പോകുന്ന ഇസ്രയേലിന്റെ ദയനീയ മുഖം പോലെയാണ് ഇന്നത്തെ സീറോ മലബാര്‍ സഭ. ദൈവം വിട്ടൊഴിഞ്ഞു പോയ സഭ! ദൈവപുത്രനായിരുന്നിട്ടു കൂടി ക്രിസ്തു ദേവാലയത്തിന്റെ മഹത്വത്തിങ്കല്‍ കുടിയിരിക്കാന്‍ ആഗ്രഹിച്ചില്ല. അതെ സമയം 'ഇവിടെ ഇതാ ദേവാലയത്തെക്കാള്‍ വലിയവന്‍' (മത്താ. 12:6) എന്ന ബോധനം നല്‍കിയവന്‍ ദേവാലയത്തിലെ മതാത്മക ദുഷിപ്പുകളെ ചാട്ടയടിച്ചു വൃത്തിയാക്കുന്നുമുണ്ട്. സ്ഥലബദ്ധമായ ആരാധനയെക്കുറിച്ച് സമരിയക്കാരി സ്ത്രീ അവനോട് ചോദ്യം ഉന്നയിക്കുമ്പോള്‍, ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയെ (യോഹ. 4:24) കുറിച്ചാണ് അവിടുന്ന് പറയുന്നത് എന്ന് ആചാര നിഷ്ഠയുടെ പേരില്‍ മനുഷ്യരെ അനുസരണത്തിന്റെ നാഴിക്കുള്ളിലേക്ക് ഇടിച്ചിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇടയശ്രേഷ്ഠന്മാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ദൗത്യം നഷ്ടപ്പെട്ടു പോയ സഭ തങ്ങളുടെ ദൗത്യം തിരികെ പിടിക്കട്ടെ. സഭയുടെ മെത്രാന്‍ സമിതിക്കും, വരാന്‍ പോകുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനും മുന്നിലുള്ള കര്‍മ്മപദ്ധതിയും വെല്ലുവിളികളും ഇതൊക്കെ ആണ്.

  • ആത്മശോധനയുടെ അനിവാര്യത

പതിനൊന്നാം സങ്കീര്‍ത്തനത്തിന്റെ മറ്റൊരു കേന്ദ്ര പ്രമേയം നമ്മുടെ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. താന്‍ കടന്നുപോകുന്ന പ്രതിസന്ധിയെ പരീക്ഷയുടെയും ശിക്ഷണത്തിന്റെയും (വാ. 4b, 5) സാഹചര്യമായി ദാവീദ് മനസ്സിലാക്കി. കര്‍ത്താവ് നീതിമാന്മാരെ 'പരിശോധിക്കുകയും' 'ശിക്ഷണം നല്‍കുകയും' ചെയ്യുന്ന പ്രക്രിയയുടെ ഭാഗമാണ് എല്ലാ പ്രതിസന്ധികളും. 'ശിക്ഷണം കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ അടയാളമാണ്' (ഹെബ്രാ. 12:6); തത്കാലത്തേക്ക് അത് 'വേദനാജനകമാണെങ്കിലും, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക് കാലാന്തരത്തില്‍ നീതിയുടെയും സമാധാനത്തിന്റെയും ഫലം നല്‍കുന്നു' (ഹെബ്രാ. 12:11). ഭൂമിശാസ്ത്രപരവും വിഭവപരവും സാമ്പത്തികവും ആയ പൊടുന്നനെയുള്ള വളര്‍ച്ചയും, അതുവഴി സിദ്ധിച്ച സ്വാതന്ത്ര്യവും, ആത്മനിര്‍ഭരതയും സീറോ-മലബാര്‍ സഭയുടെ അജപാലകരെയും ഭൂരിഭാഗം വിശ്വാസികളെയും ഒരു തരത്തിലുള്ള അഹന്തയിലേക്ക് നയിച്ചിരുന്നു എന്നത് വാസ്തവമാണ്. മുക്കിലും മൂലയിലും സ്ഥാപിക്കപ്പെടുന്ന ധ്യാന കേന്ദ്രങ്ങളും, ആവര്‍ത്തിച്ചു നടത്തപ്പെടുന്ന പെരുന്നാള്‍ പ്രദര്‍ശനങ്ങളും തങ്ങള്‍ അത്യധികം ആത്മീയരാണ് എന്ന തോന്നല്‍ ജനിപ്പിച്ചിരുന്നു എന്നതൊഴിച്ചാല്‍ ദൈവാശ്രയബോധത്തിലും ധാര്‍മ്മിക നിലവാരത്തിലും സഭാകൂട്ടായ്മ വളരെ പിന്നാക്കം പോയിരുന്നു. മാനുഷിക കഴിവുകളിലും തീരുമാനങ്ങളിലും ആശ്രയം വച്ച് ദൈവത്തെ വെടിഞ്ഞതിന്റെ പരിണത ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി. എന്നാല്‍ അത് കര്‍ത്താവ് തരുന്ന അച്ചടക്ക പരിശീലനത്തിന്റെ അവസരമാണ് എന്ന് കരുതി എളിമയോടെ സ്വീകരിക്കാന്‍ നമുക്ക് ആവട്ടെ.

ബൈബിളിലെ വിവിധ പ്രമേയങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയതരമായ ഒന്നായ 'നോട്ടവും,' 'കാഴ്ചയും' ഈ സങ്കീര്‍ത്തനത്തില്‍ ഉണ്ട്. 'ദൈവത്തിന്റെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു' എന്ന് നാലാം വാക്യം പറയുമ്പോള്‍, 'പരാമര്‍ത്ഥ ഹൃദയര്‍ ദൈവത്തെ കാണും' എന്ന ഏഴാം വാക്യത്തോടെയാണ് സങ്കീര്‍ത്തനം അവസാനിക്കുന്നത്. ദൈവം നമ്മെ കാണുന്നു, ദൈവത്തെ കാണാന്‍ അവിടുന്ന് നമുക്ക് കൃപ തരുന്നു. ദൈവത്താല്‍ നോക്കപ്പെടുന്നതും (പരിശോധിക്കപ്പെടുന്നത് (സങ്കീ. 139:23)) ദൈവത്തെ മുഖാമുഖം കാണാന്‍ സാധിക്കുന്നതും (സൗഭാഗ്യ ദര്‍ശനം (ഹെബ്രാ. 12: 14)) ക്രൈസ്തവ ആത്മീയതയുടെ അടിസ്ഥാന ഭാവങ്ങളാണ്. ഭയന്ന് ഓടിയൊളിക്കാനുള്ള സുഹൃത്തിന്റെ ഉപദേശം ദാവീദ് സ്വീകരിക്കുന്നില്ല, കാരണം ദൈവം തന്റെ അവസ്ഥ കാണുന്നു എന്ന ബോധ്യം ദാവീദിന് ഉണ്ട്. ദൈവം തന്നെ നോക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന ബോധ്യം പ്രാണരക്ഷാര്‍ത്ഥം പക്ഷിയെ പോലെ പറന്നു പര്‍വതത്തില്‍ പോയി ഒളിക്കുന്നതിനേക്കാള്‍ പരമമായി ദൈവത്തില്‍ ആശ്രയിക്കാനുള്ള ആത്മധൈര്യവും സ്വാതന്ത്ര്യവും ദാവീദിന് നല്‍കുന്നു. എന്നാല്‍ ഈ നോട്ടം നീതിമാന്മാരെയും ദുഷ്ടരെയും തമ്മില്‍ പരിശോധിച്ചറിയാനാണ് എന്ന ബോധ്യം നിര്‍ദോഷനും, പരമാര്‍ത്ഥ ഹൃദയനുമായി ദൈവത്തിനു മുന്നില്‍ വ്യാപരിപ്പാന്‍ ദാവീദിനെ പ്രേരിപ്പിക്കുന്നു.

  • ക്രിസ്തുവിലേക്ക് നോക്കുക

പരമാര്‍ത്ഥ ഹൃദയരായിരിക്കുന്നതിന്റെ ശ്രേഷ്ഠമായ ഫലം അവര്‍ ദൈവത്തെ കാണും എന്നതാണ്. അഷ്ടസൗഭാഗ്യങ്ങളില്‍ ഒന്നായി കര്‍ത്താവ് പ്രസ്താവിച്ചിട്ടുള്ളതും ഇതു തന്നെയാണ് (മത്താ. 5:8). ദൈവത്തെ നാം കാണുന്നു എന്നതാണ് നമ്മുടെ രക്ഷയുടെ ക്ലൈമാക്‌സ് പോയന്റ്. 'തങ്ങള്‍ കുത്തിമുറിവേല്‍പ്പിച്ചവനെ നോക്കി, ഏകജാതനെ പോലെ അവര്‍ കരയും' (സക്ക. 12:10) എന്ന സക്കറിയയുടെ പ്രവചനത്തെ യോഹന്നാന്‍ സുവിശേഷകന്‍ കുരിശിന്‍ചുവട്ടില്‍ അനുസ്മരിക്കുമ്പോള്‍ (യോഹ. 19:37) ക്രിസ്തുവിലേക്കുള്ള നമ്മുടെ നോട്ടം നമുക്ക് പൂര്‍ണ്ണമായ രക്ഷണീയ മുഹൂര്‍ത്തം ആയി മാറുകയാണ്. കാരണം അവിടത്തെ നോക്കുന്നവര്‍ പ്രകാശിതരാവുകയും (സങ്കീ. 34: 5), ദര്‍ശിക്കുന്നവര്‍ തേജസ്വിതരാവുകയും (ഏശ. 60:5) ചെയ്യുന്നു.

സീറോ-മലബാര്‍ സഭയുടെ നേതൃത്വ പ്രതിസന്ധി ഒടുക്കം വന്നു കുടുങ്ങി കിടക്കുന്നത് 'എങ്ങോട്ട് നോക്കണം' എന്ന ആചാര പ്രഹേളികയിലാണ് എന്നത് ആശ്ചര്യമായി എനിക്ക് തോന്നുന്നു. തങ്ങള്‍ കുത്തി മുറിവേല്പിക്കപ്പെട്ടവനെ അവര്‍ നോക്കും എന്ന് യോഹന്നാന്‍ പ്രസ്താവിച്ചതു പോലെ നമ്മുടെ എല്ലാ നോട്ടങ്ങളും ക്രിസ്തുവിലേക്കു വീണ്ടും റീഫോക്കസ് ചെയ്യുന്നതിനുള്ള ക്ഷണമായി ഇപ്പോഴത്തെ പ്രതിസന്ധിയെ കാണണം. നമ്മെ അച്ചടക്കമുള്ളവര്‍ ആക്കാന്‍ കര്‍ത്താവ് നടത്തുന്ന ഈ ശിക്ഷണ പ്രക്രിയയില്‍ നാം 'ക്രിസ്തുവിലേക്ക് നോക്കി' വേണം പ്രയാണം ചെയ്യേണ്ടത് എന്ന് ഹെബ്രായക്കാരുടെ ലേഖനം നമ്മെ ഉപദേശിക്കുന്നുണ്ട് (ഹെബ്രാ. 12:2, തുടര്‍ന്നും വായിക്കുക).

  • ഭേദമാക്കപ്പെടേണ്ട മുറിവുകള്‍

ഇറ്റാലിയന്‍ ജെസ്വിറ്റ് ജേര്‍ണ്ണലായ സിവില്‍റ്റാ കത്തോലിക്കായ്ക്കുവേണ്ടി 2013-ല്‍ ഫാ. അന്റോണിയോ സ്പദാരോ നടത്തിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ഒരു ഉദ്ധരണി ഇത്തരുണത്തില്‍ പ്രസക്തമാണ്. 'ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമുള്ളത് മുറിവുകള്‍ ഉണക്കാനും വിശ്വാസികളുടെ ഹൃദയങ്ങളെ ഊഷ്മളമാക്കാനുമുള്ള കഴിവാണ്; അതിന് അടുപ്പവും, സാമീപ്യവും ആവശ്യമാണ്. യുദ്ധത്തിനു ശേഷമുള്ള ഒരു ഫീല്‍ഡ് ഹോസ്പിറ്റലായാണ് ഞാന്‍ സഭയെ കാണുന്നത്... മുറിവുകള്‍ ഭേദമാക്കുക, മുറിവുകള്‍ ഉണക്കുക... നമുക്ക് അടിത്തറയില്‍ നിന്ന് തുടങ്ങേണ്ടതുണ്ട്.'

'അടിസ്ഥാനങ്ങള്‍ ഇളകിക്കിടക്കുമ്പോള്‍' എന്ന് ഈ ലേഖനത്തിന് തലക്കെട്ട് നിര്‍ണ്ണയിക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥനയും അതുതന്നെ. അടിത്തറകള്‍ ഇളകി കിടക്കുമ്പോള്‍ ദൈവത്തിലേക്ക് തിരിയുകയും അവിടുന്നില്‍ ആശ്രയം വയ്ക്കുകയും ചെയ്യുക എന്നതു തന്നെയാണ് ക്രൈസ്തവരായ നാം പ്രഥമമായി ചെയ്യേണ്ടത്. അടിത്തറ ഇളകി കിടക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് സ്വയം നവീകരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണം എന്നുണ്ടെങ്കില്‍ തങ്ങള്‍ മറ്റുള്ളവരുടെ മേല്‍ സൃഷ്ടിച്ച മുറിവുകള്‍ ഉണക്കുക എന്നത് ഒരു തുടര്‍ പരിപാടി ആയി ഉണ്ടാവേണ്ടതുണ്ട്. ദിവ്യകാരുണ്യ ഈശോയുടെ സഹോദരിമാര്‍ക്കുള്ള 2023 ഓഗസ്റ്റ് 25 ലെ സന്ദേശത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമത്തെക്കുറിച്ചുള്ള രേഖ ഉദ്ധരിച്ചു കൊണ്ട് പാപ്പ ഉപദേശിച്ചത്, 'നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം' സ്‌നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ബാന്ധവവും' ആയ കുര്‍ബാനയാണ് (SC 47). 'പാപം ഉണ്ടാക്കിയ മുറിവുകളും ശൂന്യതകളും കുര്‍ബാനയ്ക്ക് നികത്താനാകും' എന്നാണ്. വിശുദ്ധ കുര്‍ബാനയെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ശാന്തിയുടെയും ഉപകരണമായി മാറ്റാന്‍ നാം നിതാന്ത ശ്രമം നടത്തേണ്ടിയിരിക്കുന്നു. അതെ സമയം നമ്മിലേക്കു തന്നെ നോക്കിയിരിക്കാതെ, സഭയെ 'ഉപ്പിലിട്ടു വയ്‌ക്കേണ്ട' ഒരു അജൈവ സംരക്ഷിത വസ്തുവായി കാണാതെ, നമുക്ക് ചുറ്റുമുള്ള മുറിവേറ്റ മനുഷ്യരുടെ ശുശ്രൂഷയ്ക്കുവേണ്ടി സഭ തന്നെത്തന്നെ പരുവപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ, ദൗത്യം നഷ്ടപ്പെട്ടു പോയ സഭ തങ്ങളുടെ ദൗത്യം തിരികെ പിടിക്കട്ടെ. സഭയുടെ മെത്രാന്‍ സമിതിക്കും, വരാന്‍പോകുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനും മുന്നിലുള്ള കര്‍മ്മപദ്ധതിയും വെല്ലുവിളികളും ഇതൊക്കെ ആണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org