വചനം പറയുന്ന പിശാച്

എം ജെ തോമസ് SJ
വചനം പറയുന്ന പിശാച്
ആധിപത്യവും അടിച്ചേല്പിക്കപ്പെടുന്ന അനുസരണവുമല്ല ഇന്നിന്റെ ആവശ്യം. ഇന്നിന്റെ ആവശ്യം സ്‌നേഹമാണ്, കരുണയാണ്, സാഹോദര്യമാണ്, സംഭാഷണമാണ്, വിട്ടുവീഴ്ചയും ഒത്തുതീര്‍പ്പുകളുമാണ്.

പലരും കരുതുന്നത് വചനം മറ്റുള്ളവര്‍ക്കുവേണ്ടിയാണെന്നാണ് - അവരെ പഠിപ്പിക്കാന്‍, തിരുത്താന്‍, ആശ്വസിപ്പിക്കാന്‍, കുറ്റപ്പെടുത്താന്‍, ഭീഷണിപ്പെടുത്താന്‍. ഇവിടെ ഒരു തിരുത്തലിനാവശ്യമുണ്ട്. ദൈവം ഓരോരുത്തരുമായി നിരന്തരം ബന്ധത്തിലാണ്. ഓരോരുത്തരോടും മുഖ്യമായി എന്നോട് നേരിട്ടു സംസാരിക്കുന്നു. ദൈവവചനം എനിക്കുവേണ്ടിയാണെന്ന് ഓരോരുത്തരും കരുതണം.

പൊതുവെ പറയുമ്പോള്‍ അധികാരികള്‍ക്ക് മറ്റുള്ളവരുടെ തെറ്റിനെപ്പറ്റി നല്ല ബോധ്യമുണ്ട്. തങ്ങള്‍ക്കുതന്നെ തിരുത്തലുകളും മാറ്റങ്ങളും ആവശ്യമാണെന്ന് അറിയാത്തവര്‍ മറ്റുള്ളവരുടെ മേല്‍ ആഞ്ഞടിക്കും. അനുസരിക്കണമെന്നും അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണെന്നും കൂടെക്കൂടെ പറയും. ഇതു പറയുന്നവര്‍ പരിശുദ്ധ പിതാവിനെ അനുസരിക്കുന്നുണ്ടോ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെമാനിക്കുന്നുണ്ടോ സിനഡാലിറ്റിക്ക് വിലകല്പിക്കുന്നുണ്ടോ എന്ന് അത്ഭുതപ്പെട്ടുപോകും. അധികാരം ശുശ്രൂഷ ചെയ്യാനും മുറിവുകള്‍ ഉണക്കാനും കൂടെ ആയിരിക്കാനും കൂടെ നടക്കാനുമുള്ളതാണെന്ന കാര്യം വിസ്മരിക്കപ്പെടുന്നു.

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണെന്നത് (1 സാമു. 15:22) പഴയനിയമപാഠമാണ്. പ്ര വാചകനായ സാമുവല്‍ രാജാവായ സാവൂളിനെ കുറ്റപ്പെടുത്തുന്നു. എന്തിന്? അമലേക്യരെ നശിപ്പിക്കുക എന്നത് (1 സാമു. 15:3) ദൈവകല്പനയാണെന്ന് സാമുവല്‍ സാവൂളിനോടു പറഞ്ഞിരുന്നു. സാമുവലിന്റ ദൈവം നിഷ്‌ക്കരുണം നശിപ്പിക്കുന്ന പ്രതികാരത്തിന്റെ ദൈവമാണ്. ഇങ്ങനെയുള്ളവനാണോ ദൈവമെന്ന് നമ്മള്‍ ചോദിച്ചുപോകും. ഇങ്ങനെയുള്ള ദൈവത്തെ അനുസരിക്കാന്‍ മനസ്സാക്ഷി അനുവദിക്കുമോ? ശത്രുവുമായി രമ്യപ്പെടണമെന്നും ശത്രുവിനെ സ്‌നേഹിക്കണമെന്നുമല്ലേ യേശു പഠിപ്പിക്കുന്നത്. ശത്രുസൈന്യത്തെ കൊല്ലുക എന്നത് അംഗീകരിക്കാമെങ്കിലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കുന്ന തെന്തിനാണ്! നല്ല മൃഗങ്ങളെ നശിപ്പിക്കാതെ, തനിക്കുവേണ്ടിയല്ല ദൈവത്തിനുവേണ്ടി കൊണ്ടുവരുന്ന സാവൂള്‍ ഹൃദയമുള്ളവനല്ലേ, അഭിനന്ദനാര്‍ഹനല്ലേ? നല്ലതിനെ നശിപ്പിക്കാതിരുന്നത് അനുസരണത്തിന് വിരുദ്ധമാണെങ്കില്‍പ്പോലും അതെത്ര നിസ്സാരമാണ്. അത് കടുത്തശിക്ഷ അര്‍ഹിക്കുന്നുണ്ടോ?

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം! പലതരത്തിലുള്ള ബലികള്‍ യഹൂദര്‍ക്കു പ്രധാനമായിരുന്നു. യേശു വന്നത് എല്ലാ ബലികളും ഇല്ലാതാക്കാനാണ്. തന്നെ അനുസരിക്കണമെന്നല്ല, സ്‌നേഹിക്കണമെന്നാണ് യേശു പറയുന്നത്. യേശുവിനെ സ്‌നേഹിക്കുകയെന്നാല്‍ യേശുവിനെ അനുഗമിക്കുക, യേശുവിനെപ്പോലെ സ്‌നേഹിക്കുന്നവരാകുക എന്നും. എല്ലാ നിയമങ്ങളുടെയും പൂര്‍ത്തീകരണം സ്‌നേഹമാണ്. സ്‌നേഹമില്ലെങ്കില്‍ ഒന്നുമില്ല.

അനുസരണം എന്താണെന്ന് അധികാരികളും അനുസരിക്കേണ്ടവരും അറിഞ്ഞിരിക്കണം. അനുസരണം പലതരമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ മാതാപിതാക്കളെ അനുസരിക്കുന്നത് ഒന്ന്. കുടിയാന്മാര്‍ ജന്മികളെ അനുസരിക്കുന്നത് വേറൊന്ന്. പട്ടാള അനുസരണം മറ്റൊന്ന്. എന്താണ് പ്രായപൂര്‍ത്തിയായ ക്രിസ്ത്യാനിയുടെ അനുസരണം.

മനുഷ്യരായ സഭാധികാരികളേയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്. വി. പത്രോസും മറ്റപ്പസ്‌തോലന്മാരും പ്രധാനപുരോഹിതന്റെ മുഖത്തുനോക്കി പറയുന്നത് ഓര്‍ക്കുക (നടപടി. 5:29). അധികാരികള്‍ കണ്ടത് അപ്പസ്‌തോലന്മാര്‍ക്ക് അനുസരണയില്ലെന്നാണ്! ഇത് ഇന്നും ആവര്‍ത്തിക്കപ്പെടുന്നു! വൈദികര്‍ക്ക് അനുസരണയില്ലെന്ന് വിലപിക്കുന്നവര്‍ വിവേചനാശൂന്യരും മേലാള-കീഴാള മനോഭാവം ഉള്ളവരുമല്ലേ എന്ന് സംശയിക്കുന്നു.

വൈദികരുടെ, പ്രത്യേകിച്ചും സന്യസ്തരുടെ അനുസരണത്തെപ്പറ്റി ചിന്തിക്കുന്നത് നന്നായിരിക്കും. സഭാധികാരികള്‍ പറയുന്നത് ചെയ്യുക എന്നതായി അനുസരണത്തെ ലഘൂകരിക്കുന്നത് ശരിയല്ല. വ്രതങ്ങളുടെ പിന്നില്‍ ഒരു ആധ്യാത്മികതയുണ്ട്. ഉണ്ടായിരിക്കണം. പൂര്‍ണ്ണമായും സ്വമനസ്സാലെ ആയിരിക്കണം ഒരാള്‍ സന്യാസം സ്വീകരിക്കുന്നതും വ്രതങ്ങള്‍ എടുക്കുന്നതും. പരിശീലനത്തിന്റെ ഭാഗമായി വ്രതങ്ങളെപ്പറ്റി ആഴമായ പഠനമുണ്ട്. വ്രതങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി, വ്രതങ്ങളിലൂടെ ഒരാള്‍ തന്നെത്തന്നെ ദൈവരാജ്യ സംസ്ഥാപനത്തിനായി സമര്‍പ്പിക്കുന്നു. ഒരുക്കമായി, പഠനത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ ഒരാള്‍ ആന്തരിക സ്വാതന്ത്ര്യം, നിര്‍മ്മമത നേടിയിരിക്കണം. ഒന്നിന്റെയും ആരുടെയും അടിമയാകാതെ, സ്വാര്‍ത്ഥത വെടിഞ്ഞ്, ദ്രവ്യാഗ്രഹവും ദാമ്പത്യജീവിതവും വേണ്ടെന്നുവച്ച്, ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്ത്, ദൈവത്തെ മഹത്വപ്പെടുത്താനും, സഹോദരങ്ങളെ, പ്രത്യേകിച്ചും ഏറ്റവും നിസ്സഹായരെ ശുശ്രൂഷിക്കാനുമുള്ള തീരുമാനം. ഇത് ഒരു ഒളിച്ചോട്ടമല്ല, ഭീരുത്വമല്ല, ധീരമായ മുന്നേറ്റമാണ്. ജീവിതത്തെ അര്‍ത്ഥവത്തും സമ്പന്നവുമാക്കുന്നതാണ്. ഇത്തരം ആധ്യാത്മികത ആവശ്യത്തിനുള്ളവരെയെ വ്രതങ്ങളെടുക്കാന്‍ അനുവദിക്കൂ.

അധികാരികള്‍ സഹോദരങ്ങളാണ്, പരിമിതികള്‍ ഉള്ളവരാണ്. അധികാരിയുടെ തീരുമാനം അസ്വീകാര്യമെങ്കില്‍ അദ്ദേഹവുമായി സംഭാഷണത്തിലേര്‍പ്പെടാം. ആവശ്യമെങ്കില്‍ മേലധികാരിയെ സമീപിക്കാം. മനസ്സാക്ഷി അനുവദിക്കുന്നില്ലെങ്കില്‍ അനുസരിക്കാതിരിക്കാം. ചിലപ്പോള്‍ ഇത് സഭ വിടുന്നതിലേക്കോ, പറഞ്ഞുവിടപ്പെടുന്നതിലേക്കോ നയിച്ചെന്നും വരാം.

ദൈവത്തോടാണ് വ്രതവാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെയാണ് വ്രതവാഗ്ദാന പ്രാര്‍ത്ഥന ആരംഭിക്കുന്നത്: 'I promise Almighty God...' ബിഷപ്പും സുപ്പീരിയറും ദൈവേഷ്ടം കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. ഒറ്റയ്ക്കല്ല തീരുമാനം എടുക്കുന്നത്. ഈശോസഭയില്‍ ആദിമുതലേ കുറെച്ചെങ്കിലും സിനഡാലിറ്റി ഉണ്ടെന്നുള്ളത് അഭിമാനകരം. മറ്റു സഭകളിലും രൂപതകളിലും ഇത് ഉണ്ടെന്നു കരുതുന്നു. തീരുമാനമെടുക്കുന്നതിനു മുമ്പ് സംഭാഷണമുണ്ട്. പങ്കുവയ്ക്കലുണ്ട്. ഓരോരുത്തരുടെയും കഴിവും അഭിരുചിയും കാലത്തിന്റെ ആവശ്യങ്ങളും കണക്കിലെടുത്താണ് ദൗത്യം ഏല്പിക്കുന്നത്.

അനുസരണയുടെ മാതൃക യേശുവാണ്. യേശുവിന്റെ ആധ്യാത്മികതയുടെ സുപ്രധാന ഭാഗമാണ് പിതാവിനെ അനുസരിക്കുക എന്നത്. തന്നെ പൂര്‍ണ്ണമായും ആര്‍ദ്രമായും സ്‌നേഹിക്കുന്ന പിതാവിന്റെ ഇഷ്ടം മാത്രമേ ചെയ്യൂ എന്നതാണ് യേശുവിന്റെ നിലപാട്. സ്‌നേഹിക്കുന്നവന്റെ ഇഷ്ടം ചെയ്യുക ഭക്ഷണത്തേക്കാള്‍ ആവശ്യവും തൃപ്തികരവും. സ്‌നേഹിമുള്ളിടത്ത് അനുസരണമുണ്ട്. അനുസരണമുള്ളിടത്ത് സ്‌നേഹം ഉണ്ടായിരിക്കണമെന്നില്ല. അധികാരി അറിവും മനുഷ്യത്വവും ഉള്ളവനെങ്കില്‍ അനുസരണം എളുപ്പമാണ്. അധികാരി സ്വാര്‍ത്ഥനും മുന്‍വിധി ഉള്ളവനും ലൗകികനും പിടിവാശിക്കാരനുമാണെങ്കില്‍ ഹാ, കഷ്ടം.

ബൈബിളിലെ രണ്ട് ഉദാഹരണങ്ങളില്‍ നിന്നും ഏറെ പഠിക്കാന്നുണ്ട്. അമ്മോന്യരെ തോല്പിക്കാന്‍ ദൈവം സഹായിച്ചാല്‍ താന്‍ ആദ്യം കാണുന്ന ആളെ ബലിയായി ദൈവത്തിന് സമര്‍പ്പിക്കുമെന്ന് ജഫ്ത വാഗ്ദാനം ചെയ്യുന്നു (ന്യായാ 11:31). നൃത്തം ചെയ്ത് പ്രീതിപ്പെടുത്തിയവള്‍ക്ക് രാജ്യത്തിന്റെ പകുതിപോലും കൊടുക്കാമെന്ന് ഹേറോദേസ് വാഗ്ദാനം ചെയ്യുന്നു (മത്താ. 14:7). രണ്ട് മണ്ടന്‍ പ്രതിജ്ഞകള്‍! ആദ്യത്തേതിന്റെ വില കന്യകയായ ഏകമകളുടെ ജീവനാണ്. രണ്ടാമത്തേതിന്റെ വില വലിയ പ്രവാചകന്റെ ജീവനും. തീരുമാനങ്ങളുടെ ഭവിഷ്യത്തറിഞ്ഞ് അധികാരികള്‍ സ്വയം തിരുത്തിയിരുന്നെങ്കില്‍! അവരുടെ അഹങ്കാരവും ദുരഭിമാനവും അതനുവദിച്ചില്ല. ഇതല്ലേ ഇന്നും നടക്കുന്നത്! ഒരു തീരുമാനവും അന്തിമമല്ല. പുനഃപരിശോധിക്കാനും മാറ്റാനും അധികാരികള്‍ തുറവിയും സന്മനസ്സും എളിമയും ഉള്ളവരായിരുന്നെങ്കില്‍!

'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് (മത്താ. 9:13, 12:7) എന്ന യേശുവിന്റെ നിലപാട് സുപ്രധാനമാണ്. ഇതുതന്നെയാണ് പ്രവാചക ശബ്ദവും. താന്‍ കരുണയാണെന്നാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത് (സങ്കീ. 25:10, 130:7). പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ പിതാവിന്റെ നല്ല മക്കളും കരുണയുള്ളവരായിരിക്കട്ടെ എന്നാണല്ലോ എല്ലാം ചുരുക്കി യേശു പറയുന്നത് (ലൂക്കാ 6:36). ശിക്ഷിക്കാനും നശിപ്പിക്കാനും ഞാന്‍ മനുഷ്യനല്ല, ദൈവമാണ്, കരുണയാണ് (ഹോസി. 11:9) എന്ന ഓര്‍മ്മപ്പെടുത്തല്‍ മറക്കരുത്. യേശുവിന്റെ കരുണയുടെ കണക്കുപുസ്തകമല്ലേ സുവിശേഷങ്ങള്‍. 'കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍' (മത്താ. 5:7). അവശനോട് കരുണ കാണിച്ച സമരിയാക്കാരനാണ്, വഴിമാറിപ്പോയ പുരോഹിതനോ ലേവായനോ അല്ല, നിത്യസമ്മാനം (മത്താ. 25:34-40). കരുണയില്ലാത്തവന്റെ ബലിയും സ്വീകാര്യമല്ല (മത്താ. 5:24). സ്‌നേഹമാണ്, സ്വയംദാനമാണ്, കരുണയാണ് യഥാര്‍ത്ഥ ബലി (ബലി എന്ന വാക്ക് ഉപയോഗിക്കണമെങ്കില്‍). സ്‌നേഹമായിരുന്നു, പൂര്‍ണ്ണ സ്വയംദാനമായിരുന്നു യേശുവിന്റെ ബലി. അതുതന്നെ ആയിരിക്കട്ടെ നമ്മുടേതും.

അനുസരിക്കണമെന്ന് കൂടെക്കൂടെ പറയുന്നത് ധാര്‍ഷ്ഠ്യമാണ്, പിടിവാശിയാണ്, സിനഡാലിറ്റിയല്ല. ഇത് പരാജയം സമ്മതിക്കലുമാണ്. വചനം പറഞ്ഞു (സങ്കീ. 91:11-12) മരുഭൂമിയില്‍ വച്ച് പിശാച് യേശുവിനെ വീഴ്ത്താന്‍ ശ്രമിച്ചു. വേണ്ടപോലെ ദഹിക്കാത്ത, ''അനുസരണമാണ് ബലിയേക്കാള്‍ ശ്രേഷ്ഠ''മെന്നു പറഞ്ഞ് ചില അധികാരികള്‍ സ്വന്തം സഹോദരങ്ങളെ വീഴ്ത്താനോ താഴ്ത്താനോ ശ്രമിക്കുന്നു. അവര്‍ക്ക് വചനവും ഫ്രാന്‍സിസ് പാപ്പയും വെറും ചട്ടുകം മാത്രം. എതിരാളിയെ തല്ലാനുള്ള വടി. സിനഡാലിറ്റി തൊട്ടുതേച്ചിട്ടില്ലാത്തവര്‍, സിനഡാലിറ്റിയില്ലാതിരുന്ന സിനഡിന്റെ തീരുമാനം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്, വിചിത്രമാണ്.

ആധിപത്യവും അടിച്ചേല്പിക്കപ്പെടുന്ന അനുസരണവുമല്ല ഇന്നിന്റെ ആവശ്യം. ഇന്നിന്റെ ആവശ്യം സ്‌നേഹമാണ്, കരുണയാണ്, സാഹോദര്യമാണ്, സംഭാഷണമാണ്, വിട്ടുവീഴ്ചയും ഒത്തുതീര്‍പ്പുകളുമാണ്. ഇത് നല്ല ക്രിസ്ത്യാനിക്കേ സാധിക്കൂ. ഇന്നിന്റെ ആവശ്യം എല്ലാവരും കൊതിക്കുന്ന, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വച്ചുനീട്ടന്ന ആരാധനാസ്വാതന്ത്ര്യമാണ്. വി. ആഗസ്തീനോസിന്റെ വാക്കുകളില്‍,

അനുഷ്ഠാനങ്ങളില്‍ വൈവിധ്യം,

വിശ്വാസത്തില്‍ ഏകത്വം

എല്ലാറ്റിലും സ്‌നേഹം.

ഇന്നിന്റെ ആവശ്യം യേശുവിലേക്കുള്ള തിരിച്ചു നടത്തമാണ്. ഇന്നിന്റെ ആവശ്യം ക്രിസ്ത്യാനിയും പുരോഹിതനും സ്വന്തം ദൗത്യം, യേശുവിന്റെ തന്നെ ദൗത്യമായ ദൈവരാജ്യ സംസ്ഥാപനം ഏറ്റെടുക്കലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org