
ഫാസിസ്റ്റു പ്രത്യേകതയുള്ള സംഘടനകളെ സ്‌നേഹിക്കുന്നത് നമ്മുടെ അരമന മെത്രാന്മാരില്‍ ചിലരെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ 'ശത്രുവിനെ സ്‌നേഹിക്കല്‍' അല്ല; മറിച്ച്, പിശാചിനു കീഴ്‌പ്പെടല്‍ ആണ്. ഗോഡ്‌സേ തൊഴുതു വണങ്ങിയാണ് ഗാന്ധിജിയെ കൊന്നത്. ഇതുപോലെ തൊഴുതു വണങ്ങുന്നവര്‍ക്കെല്ലാം വിധേയപ്പെടല്‍ പൈശാചിക ശക്തിക്കു വിധേയപ്പെടലാകും. ശത്രുവിനെ സ്‌നേഹിക്കല്‍ പിശാചിനു കീഴ്‌പ്പെടല്‍ അല്ലെന്നു തിരിച്ചറിവുള്ളവര്‍ക്കേ ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന വലിയ ഇടയന്റെ സഹപ്രവര്‍ത്തകരായ നല്ല ഇടയന്മാരാകാനാകൂ. അത്തരം ഇടയന്മാരാല്‍ നമ്മുടെ അരമനകള്‍ യേശു പിറന്ന പുല്‍ക്കൂടിന്റെ ദൈവിക പകിട്ട് ആര്‍ജിക്കാന്‍ ഇടവരട്ടെ.
ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹിതനായിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സാധാരണഗതിയില്‍ മാര്‍പാപ്പയുടെ പത്തു വര്‍ഷങ്ങള്‍ ഒരു ആഘോഷ സന്ദര്‍ഭം എന്ന നിലയില്‍ ക്രൈസ്തവ സഭാംഗങ്ങളില്‍ മാത്രം ഒതുങ്ങി പോകേണ്ട ഒന്നായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ പത്തു വര്‍ഷങ്ങള്‍ സര്‍വ മത വിഭാഗങ്ങളിലേയും വിശ്വാസി മാനവരും കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അവിശ്വാസി മാനവരും ഉറ്റു നോക്കുന്ന ഒരു സംഭവം ആയിരിക്കുന്നു. എന്താണിതിനു കാരണം...? ചരിത്രത്തില്‍ യാഥാസ്ഥിതികതയുടെ ഒട്ടേറെ മതിലുകള്‍ പണിത ലോകത്തെ ഏറ്റവും ബൃഹത്തര മതസംഘടനയായ ക്രൈസ്തവ സഭ ആധുനിക ആഗോള മാനവികതയുമായി പാരസ്പര്യത്തിന്റെ പാലം പണിയുന്നതിന് ഇടവരുത്തിയ ഒരു വലിയ ജീവിതത്തിന്റെ പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പ! നീണാള്‍ വാഴണമെന്നു ലോകം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു മഹിത മാനവ ജീവിതമാണ് മാര്‍പാപ്പയുടേത്. അതുകൊണ്ടുതന്നെ മാര്‍പാപ്പയുടെ ജീവിതത്തിലെ ഏതൊരു സ വിശേഷ സന്ദര്‍ഭവും ലോകശ്രദ്ധ സ്വാഭാവികമായി നേടുന്ന ലോക സംഭവമായി തീര്‍ന്നു പോകുന്നു. സ്ഥാനാരോഹണത്തിന്റെ പത്തു വര്‍ഷങ്ങളും ഇങ്ങനെ ലോക സംഭവമായി തീര്‍ന്നിരിക്കുന്നു.
ആധുനികതയുടെ പ്രത്യയശാസ്ത്ര സ്വത്വം എന്നത് പരിണാമത്തിന്റെ സാധ്യതകളുടെ അടിത്തറയില്‍ രൂപപ്പെട്ട ഒന്നാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ സൃഷ്ടി വാദത്തിന്റെ അവാസ്തവിക മാന്ത്രികതയില്‍ നിന്നു ദൈവ മഹിമയെ പരിണാമ സാധ്യതകളുടെ വാസ്തവികത ഉറപ്പിച്ചെടുക്കുന്നതിനു കുറഞ്ഞ വാക്കുകളാല്‍ തന്നെ വലിയ വിവേകത്തിന്റെ വഴികള്‍ വെട്ടിക്കാട്ടി. പരമാണുവിനെപ്പോലെയും പാരാവാരം പോലെയും പറവകളേയും പൂമ്പാറ്റകളെപ്പോലെയും പാടങ്ങളേയും പ്രാണവായുവിനേയും പോലെയും പരിണാമത്തേയും ദൈവിക മഹത്വത്തിന്റെ ഒരു പ്രകടനമായി കാണാനുളള ഉള്‍ക്കാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകടിപ്പിച്ചു. പരിണാമത്തെ അംഗീകരിക്കുന്ന പാപ്പ എന്നതാണ്, ക്രൈസ്തവികതയെ ആധുനിക ആഗോള മാനവികതയോടു ഇട തടവില്ലാതെ ബന്ധിപ്പിക്കുന്നതിനു ഉപയുക്തമായ സംവാദങ്ങളുടെ പാലം പണിയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
എളിമപ്പെടലിന് ആണുങ്ങളുടെ മാത്രം കാലു കഴുകിയാല്‍ മതി എന്ന പരമ്പരാഗത പരികല്പനയേയും അതിന്റെ ശുശ്രൂഷാ പദ്ധതികളേയും എളിമപ്പെടല്‍ പെണ്ണിന്റെ കാലുകഴുകിയാലും സാധ്യമാകും എന്നു പ്രവര്‍ത്തിച്ചു കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു ആത്മീയ മാതൃകയായി. സ്ത്രീകളോടുള്ള സമത്വബോധത്തിലൂന്നിയ സമാദരവിന്റെ സമീപനങ്ങളാലും സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോടുളള സമീപനത്താലും ഒക്കെ ആധുനികതയോടുള്ള ആത്മാര്‍ത്ഥമായ പാരസ്പര്യം പാപ്പ ഉറപ്പിച്ചെടുത്തിട്ടുണ്ട്.
അവഗണിക്കുന്നവരോടുളള അനുരാഗമാണ് ക്രൈസ്തവീയ ആദര്‍ശങ്ങളുടെ സാമൂഹികമായ പ്രയോഗം. 'നിന്ദിതരും പീഡിതരും അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരു'മായിരിക്കുന്നവരാണ് സമൂഹത്തിലെ അവഗണിത മാനവര്‍. അവരോടുളള ഐക്യദാര്‍ഢ്യത്താല്‍ ക്രിസ്തുവില്‍ ആയിരിക്കുന്ന ജീവിതത്തെ അനുഭവപ്പെടുത്തിത്തരുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ തന്നെ ഒട്ടേറേ കഴിഞ്ഞിട്ടുണ്ട്. പണക്കാരുടെ ആധിപത്യം അഥവാ പണാധിപത്യമായി ജനാധിപത്യം അധഃപതിക്കുന്നതു ഏതു ജനാധിപത്യ വിശ്വാസിയേയും അലോസരപ്പെടുത്തും. ഇതു പോലെ ഏക പാര്‍ട്ടി സ്വേച്ഛാധിപത്യമായി ജനാധിപത്യം അധഃപതിക്കുന്നതും ജനാധിപത്യ വിശ്വാസികളെ അലോസരപ്പെടുത്തും. ഈ നിലയില്‍ ചില അസ്വാസ്ഥ്യങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കമ്മ്യൂണിസ്റ്റ് പ്രായോഗികതകളോടും തീര്‍ച്ചയായും ഉണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ച കമ്മ്യൂണിസ്റ്റ് ഏകാധിപത്യ പ്രവണതകളോടു ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രകടിപ്പിക്കുന്നുണ്ടെന്നു പറയാം. പക്ഷേ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ശൈലികളോടുള്ള വിയോജിപ്പുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിലനിര്‍ത്തുന്നത് മുതലാളിത്തത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും തൊഴിലാളി വര്‍ഗത്തോടുളള സ്‌നേഹ വായ്പില്‍ കമ്മ്യൂണിസ്റ്റിനേക്കാള്‍ നല്ല കമ്മ്യൂണിസ്റ്റു മാനവികത നിലനിര്‍ത്തിക്കൊണ്ടുമാണ്. അദ്ദേഹത്തിന്റെ വിശ്വവിശ്രുതമായ പ്രഭാത പള്ളിപ്രസംഗങ്ങളില്‍ മാര്‍ പാപ്പ പറയുന്നു; ''അനീതി മൂടിവയ്ക്കാനായി ദൈവത്തെ ഉപയോഗിക്കുന്നത് വളരെ ഗൗരവമായ പാപമാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സാമൂഹിക അനീതിയും മാരകമായ തിന്മയാണ്. തൊഴിലാളികളെ യന്ത്രങ്ങളെപ്പോലെ പണിയെടുപ്പിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കുത്തക മുതലാളിമാര്‍ ദൈവത്തിനെതിരെ വലിയ തെറ്റു ചെയ്യുന്നു'' (ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഭാത പളളി പ്രസംഗങ്ങള്‍; വാല്യം 2; പേജ് 460; ബിബ്ലിയ ആളൂര്‍ തൃശ്ശൂര്‍).
ചൂഷകരായ വമ്പന്‍ മുതലാളിമാര്‍ ദൈവത്തിനെതിരെ തെറ്റു ചെയ്യുന്നവരാണെന്നു പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടെന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ മാര്‍ക്‌സിസത്തിന്റെ ഭൗതിക ശരീരവും ക്രിസ്തുവചനങ്ങളുടെ ആത്മചൈതന്യവും ഒരുമിച്ചുണ്ടെന്നതിന്റെ നേര്‍ സാക്ഷ്യം. ചുരുക്കത്തില്‍ ഫ്രാന്‍സിസ് പാപ്പ പതിത ജനങ്ങളുടെ പാവനത്വമുളള തോഴനും പ്രതിസന്ധികളുടെ ലോകത്തിലെ പ്രത്യാശാഗുരുവര്യനുമാണ്.
വേദവചനങ്ങള്‍ പ്രഘോഷിക്കാനും അവയുടെ പേരെടുത്ത സഭാപ്രാസംഗികനാകാനുമൊക്കെ താരതമ്യേന എളുപ്പമാണ്. ഇത്തിരി സര്‍ഗാത്മകതയും ഒത്തിരി അഭ്യാസവും വലിയ ഒച്ചവയ്ക്കാന്‍ തക്ക ആരോഗ്യമുള്ള തൊണ്ടയും ഉണ്ടെങ്കില്‍ ആര്‍ക്കും ഉജ്ജ്വലനായ സഭാപ്രാസംഗികനും വചനപ്രഘോഷക തൊഴിലാളിയുമൊക്കെ ആകാം. പക്ഷേ ക്രിസ്തു വചനങ്ങളെ പ്രയോഗത്തില്‍ വരുത്താനുള്ള രംഗവേദിയായി തന്റെ ആന്തര ജീവിതത്തേയും ബാഹ്യ ജീവിതത്തേയും സദാ ജാഗ്രതയോടെ ഉപയോഗിക്കുക എന്ന വചനോപാസനയുടെ ജീവിതം സാധ്യമാക്കല്‍ ഒട്ടും എളുപ്പമല്ല. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അത്തരമൊരു വചനോപാസനാ ജീവിതം തീര്‍ത്തും സാധ്യമായിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ കരുത്തും ചൈതന്യവും.
ക്രിസ്തുവിന്റെ വചനം ജീവിക്കുന്ന ജീവിതം ഉണ്ടാവാന്‍ അഥവാ നിത്യജീവന്റെ ജീവിതം ഉണ്ടാവാന്‍, രണ്ടു കാര്യങ്ങള്‍ കൂടുതല്‍ ഊന്നലോടെ പരിപാലിക്കേണ്ടതുണ്ടെന്നാണു ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നതെന്നത്രേ ഈയുള്ളവനു തോന്നിയിട്ടുള്ളത്. അതില്‍ ഒന്നാമത്തെ കാര്യം തീര്‍ച്ചയായും 'ശത്രുവിനെപ്പോലും സ്‌നേഹിക്കല്‍' എന്നതാണ്. രണ്ടാമത്തെ കാര്യം എന്നത് പിശാചിനും അതിന്റെ മിത്രങ്ങള്‍ക്കും നെല്ലിട വണങ്ങാനോ വഴങ്ങാനോ തയ്യാറല്ലാതിരിക്കുക എന്നതാണ്. ഒരുപക്ഷേ ഒന്നാമത്തെ കാര്യത്തേക്കാള്‍ പ്രധാനമാണു രണ്ടാമത്തെ കാര്യം. ഇപ്പറഞ്ഞ കാര്യം തെല്ലൊന്നു വിശദീകരിക്കേണ്ടതുണ്ട്.
നാം ശത്രുവായി ആരെയെങ്കിലും കാണാന്‍ തുടങ്ങിയാല്‍ നമ്മുടെ ഹൃദയം പിന്നെ പിശാചിന്റെ പണിശാലയായി രൂപാന്തരപ്പെടുവാന്‍ തുടങ്ങും. അതിനാല്‍ നല്ല ക്രൈസ്തവര്‍ ആരേയും ശത്രുവായി കാണില്ല. പക്ഷേ സീസറിന്റെ ഭരണകൂടം യേശുക്രിസ്തുവിനെ ശത്രുവായി കണ്ടതു പോലെ ക്രൈസ്തവരെ ശത്രുവായി കാണുന്ന പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ധാരാളം രക്തസാക്ഷികളും കുരിശേറിയ ക്രിസ്തുവിന്റെ അനുയായികളില്‍ നിന്നു മാനവചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ഗ്രഹാംസ്റ്റയിനും കുഞ്ഞുങ്ങളും മുതല്‍ ഫാദര്‍ സ്റ്റാന്‍സ്വാമി വരെയുളള നിരവധി ക്രൈസ്തവര്‍ രക്തസാക്ഷികളായിട്ടുണ്ട്. ക്രൈസ്തവരെ ശത്രുക്കളായി കാണാന്‍ അനുശീലനം ലഭിച്ചവരാണ് നമ്മുടെ ഇന്ത്യയില്‍ ഗ്രഹാംസ്റ്റയിന്മാരേയും സ്റ്റാന്‍സ്വാമിമാരേയും രക്തസാക്ഷികളാക്കിയത്. ഗാന്ധിജിയെപ്പോലും കൊന്ന പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനും ആരേയും ശത്രുവായി കാണാനും അരുങ്കൊല ചെയ്യാനും യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാന്‍ തരമില്ലല്ലോ. ജൂദാസിനോളം പോലും മനഃസാക്ഷിക്കുത്തില്ലാതെ എന്തു ക്രൂരതയും ചെയ്യാന്‍ കഴിയുന്ന പൈശാചിക ഹൃദയമുളളവരെ സൈനികമുറയില്‍ വാര്‍ത്തെടുക്കാന്‍ കഴിയും എന്നതാണ് എല്ലാ ഫാസിസ്റ്റു സംഘടനകളുടേയും പ്രത്യേകത. ഈ ഫാസിസ്റ്റു പ്രത്യേകതയുള്ള സംഘടനകളെ സ്‌നേഹിക്കുന്നത് നമ്മുടെ അരമന മെത്രാന്മാരില്‍ ചിലരെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ 'ശത്രുവിനെ സ്‌നേഹിക്കല്‍' അല്ല; മറിച്ച്, പിശാചിനു കീഴ്‌പ്പെടല്‍ ആണ്. ഗോഡ്‌സേ തൊഴുതു വണങ്ങിയാണ് ഗാന്ധിജിയെ കൊന്നത്. ഇതുപോലെ തൊഴുതു വണങ്ങുന്നവര്‍ക്കെല്ലാം വിധേയപ്പെടല്‍ പൈശാചിക ശക്തിക്കു വിധേയപ്പെടലാകും. ശത്രുവിനെ സ്‌നേഹിക്കല്‍ പിശാചിനു കീഴ്‌പ്പെടല്‍ അല്ലെന്നു തിരിച്ചറിവുള്ളവര്‍ക്കേ ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന വലിയ ഇടയന്റെ സഹപ്രവര്‍ത്തകരായ നല്ല ഇടയന്മാരാകാനാകൂ. അത്തരം ഇടയന്മാരാല്‍ നമ്മുടെ അരമനകള്‍ യേശു പിറന്ന പുല്‍ക്കൂടിന്റെ ദൈവിക പകിട്ട് ആര്‍ജിക്കാന്‍ ഇടവരട്ടെ.
(ലേഖകന്‍ ശക്തിബോധി ഗുരുകുലത്തിന്റെ ധര്‍മ്മാചാര്യനും തൃശ്ശൂരില്‍ നിന്നു പുറപ്പെടുന്ന പ്രോഗ്രസ്സീവ് ദ്വൈവാരികയുടെ മുഖ്യ പത്രാധിപരുമാണ്.)