സ്ത്രീകളെ അബലകളാക്കേണ്ടത് ആര്‍ക്ക്?

സ്ത്രീകളെ അബലകളാക്കേണ്ടത് ആര്‍ക്ക്?
Published on

ബിനി ജോസഫ്

ബിനി ജോസഫ്
ബിനി ജോസഫ്

കുറച്ചുനാളുകള്‍ക്ക് മുമ്പ് വരെ പല കുടുംബങ്ങളിലും വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉപദേശം ഇങ്ങനെയാണ്. വല്ലവന്റെയും വീട്ടില്‍ ചെന്ന് കയറാനുള്ളതാണ്. അടങ്ങി ഒതുങ്ങി നടക്കണം. കുടുംബത്തിലെ ജോലികള്‍ മുഴുവന്‍ ചെയ്യണം. എന്തുണ്ടായാലും സഹിച്ചു നില്‍ക്കണം. കെട്ടിച്ചയയ്ക്കുന്ന വീട്ടില്‍ ഒരു പ്രശ്‌നം ഉണ്ടാക്കിയിട്ട് കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാന്‍ ഇങ്ങോട്ട് കയറി വന്നേക്കരുത്. ഇനി നിന്റെ വീട് അതാണ്. നല്ലവണ്ണം ആണെങ്കില്‍ വല്ലപ്പോഴും കുറച്ചു നാളൊക്കെ ഇവിടെ വന്ന് നില്‍ക്കാം എന്ന്. പക്ഷേ നമ്മുടെ സമൂഹത്തില്‍ നല്ല കുടുംബിനി എന്ന പേര് കിട്ടുന്ന രീതിയില്‍ ജീവിക്കുന്ന ഒരു സ്ത്രീക്ക് കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ചെന്ന് കയറിയ വീട്ടിലെ ഉത്തരവാദിത്വം കഴിഞ്ഞു വളര്‍ന്ന വീട്ടില്‍ വന്ന് നില്‍ക്കാന്‍ ഒരിക്കലും സമയം ഉണ്ടാകില്ല എന്നതാണ് സത്യം.

ആധുനികയുഗത്തില്‍ മിക്ക കുടുംബങ്ങളിലും ഒന്നോ, രണ്ടോ കുട്ടികള്‍ മാത്രം. പണ്ട് കുടുംബങ്ങള്‍ മാതാപിതാക്കളില്‍ കേന്ദ്രീകൃതം ആയിരുന്നുവെങ്കില്‍, ഇന്നത്തെ കുടുംബങ്ങള്‍ മക്കളില്‍ കേന്ദ്രീകൃതമാണ്. യാതൊരു അല്ലലും, അലച്ചിലും അറിയിക്കാതെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ചോദിക്കുന്നതെല്ലാം നല്‍കിയാണ് ഇന്ന് ഒട്ടുമിക്ക മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്.

ആണ്‍ പെണ്‍ വിത്യാസമില്ലാതെ തുല്യതയില്‍ വളര്‍ത്തുന്ന ചുരുക്കം ചില കുടുംബങ്ങളും ഈ കാലഘട്ടത്തില്‍ കാണാന്‍ കഴിയും. എന്നിരുന്നാലും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സംസ്‌കാരങ്ങളെ തീര്‍ത്തും അവഗണിച്ചു കൊണ്ട് മുന്നോട്ട് പോകുവാന്‍ നമുക്ക് കഴിയില്ലല്ലോ? പ്രത്യേകിച്ചും വിവാഹം പോലെ രണ്ടു കുടുംബങ്ങളിലെ സംസ്‌കാരങ്ങള്‍ ഒന്നായി ജീവിക്കേണ്ട സാമൂഹ്യ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍.

മക്കളെ അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു വളര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പരിശീലിപ്പിക്കണം. സ്വയം സംരക്ഷിക്കാനും, പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, ശബ്ദമുയര്‍ത്തേണ്ടിടത്തു ശബ്ദമുയര്‍ത്താനും, മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വളര്‍ച്ചയുടെ പടവുകളില്‍ കൃത്യമായ സമയത്ത് അവര്‍ക്ക് നല്‍കണം. വിവാഹിതരാകാന്‍ പോകുന്ന മക്കള്‍ക്ക്, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്വന്തം കാര്യങ്ങളും, വീട്ടുകാര്യങ്ങളും നോക്കാനുള്ള പ്രാപ്തി ആയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം.

വിവാഹം കഴിഞ്ഞു വന്നു കയറിയാലുടന്‍ ഉത്തമയായ ഭാര്യയുടെ എഴുതപ്പെടാത്ത കടമകള്‍ അവളുടെ തലയില്‍ കെട്ടിവയ്ക്കുകയായി. ശമ്പളം കൊടുക്കേണ്ടാത്ത വീട്ടുവേലക്കാരിയെ കൊണ്ടുവന്നത് പോലെയാണ് ചില വീടുകളില്‍. ചിലര്‍ക്ക് ആരെയും പേടിക്കാതെ ദേഷ്യം തീര്‍ക്കാനുള്ള അടിമ. ഒരു ഗ്ലാസു വെള്ളം പോലും സ്വന്തം കൈകൊണ്ട് എടുത്തു കുടിക്കാതെ അതിനും ഭാര്യയെ ആശ്രയിക്കുന്ന ചിലര്‍. ഇനി എന്തെങ്കിലും കാര്യത്തില്‍ അല്പം ഒരു കുറവ് വന്നാല്‍ ഇതൊന്നും പഠിപ്പിക്കാതെ ആണോ വളര്‍ത്തിയതെന്ന് വിമര്‍ശിക്കുന്ന മാതാപിതാക്കളും. ഇനി എന്തൊക്കെ ചെയ്താലും എന്ത് കൊണ്ടുവന്നു എന്ന ചോദ്യം വേറെ.

വിവാഹത്തോടെ ഭര്‍ത്താവിന്റെ കുടുംബത്തിലേക്ക് പോകുന്ന മകള്‍ക്ക് ആ കുടുംബത്തെ സ്വന്തം കുടുംബത്തെ എന്നപോലെ കാണാനും, സ്‌നേഹിക്കാനും, സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ കണ്ടറിഞ്ഞു നടത്താനും പ്രാപ്തമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് നല്‍കേണ്ടത്. അതുപോലെ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ എന്തും സഹിച്ചു കഴിയുന്ന സര്‍വ്വം സഹയായ ഭാര്യയാകാനുള്ള ഉപദേശമല്ല, മറിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിജീവനത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനും, മാതാ പിതാക്കളോട് തുറന്ന് പറയുന്നതിനുള്ള ധൈര്യവും കൊടുക്കണം. വിവാഹിത ആയാലും നീ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മകള്‍ തന്നെയാണെന്നും, എന്ത് തന്നെ സംഭവിച്ചാലും നീ ഞങ്ങള്‍ക്ക് ഭാരമോ നാണക്കേടോ ആകില്ല എന്നും, ഞങ്ങള്‍ ഉണ്ടാകും കൂടെ, എന്ന വാക്കും കൊടുക്കണം. എന്നാല്‍ മകള്‍ അത് തെറ്റായ രീതിയില്‍ ഉപയോഗിക്കാതിരിക്കാനുള്ള വിവേകവും തിരിച്ചറിവും മാതാപിതാക്കളും പ്രകടിപ്പിക്കണം. അതുപോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ് വിവാഹം കഴിച്ചു കൊണ്ടുവരുന്ന ഭാര്യ തന്റെ പങ്കാളിയാണെന്നും, അവള്‍ക്കും തങ്ങളുടെ ജീവിതത്തില്‍ തുല്യമായ സ്ഥാനം ഉണ്ടെന്നും ആണ്‍മക്കളെ ബോധ്യപ്പെടുത്തി കൊടുത്തു വളര്‍ത്തേണ്ടതും.

ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് തികച്ചും അപരിചിതമായ ഒരു കുടുംബത്തിലേക്ക്, സാഹചര്യത്തിലേക്ക്, സംസ്‌കാരത്തിലേക്ക് ഒറ്റയ്ക്ക് കടന്നുചെല്ലുന്ന പെണ്‍കുട്ടി ആ കുടുംബത്തില്‍ വേരുപിടിക്കാന്‍ ഒരല്പം സമയമെടുക്കും. ഒരു വിത്ത് മുളച്ച സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടുമ്പോള്‍ അത് നന്നായി വളരണമെങ്കില്‍ തീര്‍ച്ചയായും അതിന് കരുതല്‍ ആവശ്യമാണ്. നമുക്കിഷ്ടപ്പെട്ട വിലപിടിപ്പുള്ള ഒരു ചെടിയോ, ഫലവൃക്ഷമോ നമ്മുടെ വീട്ടില്‍ കൊണ്ടുവന്ന് നടുമ്പോള്‍ പോലും നാം അതിനൊത്ത പരിപാലനം വളരെയധികം സൂക്ഷ്മതയോടെ തന്നെ നല്‍ കാറുമുണ്ട്. ഏതാണ്ട് ഇതുപോലെ തന്നെയാണ് ഒരു പെണ്‍കുട്ടി തന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുന്നത്.

തന്നെ കരുതുന്ന, മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന ഒരുവന്റെ കരങ്ങള്‍ ചേര്‍ത്തു പിടിക്കാന്‍ ഉണ്ടെന്ന വിശ്വാസമാണ് ആ സമയത്തും അവളുടെ മനസ്സിനെ സന്തോഷത്തോടെ നിലനിര്‍ത്താന്‍ അവളെ പ്രാപ്തയാക്കുന്നത്.

ആ വിശ്വാസത്തിനു ശക്തി പകരാന്‍ ഭര്‍ത്താവിന്റെ, കുടുംബത്തിന്റെ പിന്‍ബലവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവള്‍ ആ കുടുംബത്തില്‍ നല്ല രീതിയില്‍ വളര്‍ന്നു പടര്‍ന്നു പന്തലിക്കുക തന്നെ ചെയ്യും.

ഭര്‍ത്താവ്, അപ്പന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവരും വ്യത്യസ്ത സ്വഭാവക്കാര്‍, വ്യത്യസ്ത സംസ്‌ക്കാരം. പലപ്പോഴും ചില തട്ടും മുട്ടും ഒക്കെ സ്വാഭാവികം. എന്നാല്‍ത്തന്നെ അതിനെല്ലാം ഇടയില്‍ ഭര്‍ത്താവിനും, മാതാപിതാക്കള്‍ക്കും ഒരു ഷോക്ക് അബ് സോര്‍ബര്‍ ആയി നില്‍ക്കാന്‍ കഴിഞ്ഞാല്‍ പ്രശ്‌ന പരിഹാരവും എളുപ്പമാണ്. എന്നാല്‍ വരുന്ന പെണ്‍കുട്ടിയോട് സ്‌നേഹമോ, കരുതലോ ഇല്ലാതിരിക്കുകയും അവളെ മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുകയും മറ്റൊരു കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഒറ്റപ്പെടുത്തുകയും, വേര്‍തിരിച്ചു കാണുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. വിവാഹം കഴിഞ്ഞു വന്നു കയറിയാലുടന്‍ ഉത്തമയായ ഭാര്യയുടെ എഴുതപ്പെടാത്ത കടമകള്‍ അവളുടെ തലയില്‍ കെട്ടി വയ്ക്കുകയായി. ശമ്പളം കൊടുക്കേണ്ടാത്ത വീട്ടുവേലക്കാരിയെ കൊണ്ടു വന്നത് പോലെയാണ് ചില വീടുകളില്‍. ചിലര്‍ക്ക് ആരെയും പേടിക്കാതെ ദേഷ്യം തീര്‍ക്കാനുള്ള അടിമ. ഒരു ഗ്ലാസു വെള്ളം പോലും സ്വന്തം കൈകൊണ്ട് എടുത്തു കുടിക്കാതെ അതിനും ഭാര്യയെ ആശ്രയിക്കുന്ന ചിലര്‍. ഇനി എന്തെങ്കിലും കാര്യത്തില്‍ അല്പം ഒരു കുറവ് വന്നാല്‍ ഇതൊന്നും പഠിപ്പിക്കാതെ ആണോ വളര്‍ത്തിയതെന്ന് വിമര്‍ശിക്കുന്ന മാതാപിതാക്കളും. ഇനി എന്തൊക്കെ ചെയ്താലും എന്ത് കൊണ്ടുവന്നു എന്ന ചോദ്യം വേറെ. ഭാര്യയുടെ മാതാപിതാക്കള്‍ പണം കായ്ക്കുന്ന മരം ആണെന്നും പറയുന്നതെല്ലാം കൊണ്ടുവരേണ്ടത് ഭാര്യയുടെ ഉത്തര വാദിത്വമാണെന്നും വിശ്വസിക്കുന്നു ചിലര്‍.

ഒന്നു രണ്ട് സംഭവങ്ങള്‍ പറയാം. രണ്ടു പെണ്‍കുട്ടികള്‍ ഉള്ള ഒരു വീട്ടിലെ ഒരു മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഐടി എന്‍ജിനീയറാണ്. മകള്‍ വലിയൊരു കമ്പനിയില്‍ നല്ല പോസ്റ്റില്‍ ജോലി ചെയ്യുന്നു. ഏക്കറു കണക്കിനു ഭൂമിയും, ലക്ഷക്കണക്കിന് രൂപയും, ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളവും എല്ലാം ഉണ്ട്. ഭര്‍ത്താവ് സ്വന്തം ഇഷ്ടത്തിന് ഫ്‌ളാറ്റും വിലകൂടിയ കാറും എല്ലാം വാങ്ങി. ഭാര്യ ടൂ വീലറില്‍ ആണ് ഓഫീസില്‍ പോകുന്നത്. ഒരിക്കല്‍ ഈ കുടുംബത്തോടൊപ്പം ഒരു ഷോപ്പിങ്ങിനു പോയി. തിരികെവരുമ്പോള്‍ ഭാര്യയുടെ കയ്യില്‍ നിന്ന് ഒരു പെട്രോ കാര്‍ഡ് താഴെവീണു. അയ്യോ ഇതില്ലെങ്കില്‍ എനിക്ക് പെട്രോള്‍ അടിക്കാന്‍ ആകില്ല എന്ന് പറഞ്ഞ് അവള്‍ അത് ചാടി എടുത്തു. ഇതില്ലെങ്കിലും കാശുകൊടുത്താല്‍ പെട്രോള്‍ അടിച്ചു കൂടെ എന്ന് ഞാന്‍ ചോദിച്ചു. അതിന് അഭ്യസ്തവിദ്യയായ, ഉദ്യോഗസ്ഥയായ, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. അതിന് കാശ് തന്നിട്ടു വേണ്ടേ എന്ന്. തരുന്നത് എന്തിനാണ്, സ്വന്തമായി വരുമാനം ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അതെല്ലാം അപ്പോള്‍ തന്നെ അങ്ങോട്ട് കൊടുക്കും എന്ന് മറുപടി. ഇത് കേട്ടുകൊണ്ട് തന്നെ ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. പെട്രോള്‍ അടിക്കാന്‍ എന്ന പേരും പറഞ്ഞ് എന്നും പൈസ വാങ്ങി കൊണ്ടുപോയി ചിലവ് ചെയ്യും എന്ന് ഭര്‍ത്താവിന്റെ ന്യായീകരണം. ചുമ്മാതെ ഒന്നുമല്ലല്ലോ, പണിയെടുത്ത് ഉണ്ടാക്കിയിട്ടല്ലേ എന്ന എന്റെ ചോദ്യത്തിനു അവന്‍ ഉത്തരം നല്‍കിയില്ല. രസകരമായ കാര്യം അതല്ല, ആ പെണ്‍കുട്ടി അനാവശ്യമായി കാശ് ചിലവാക്കുന്ന ആളല്ല. എന്നാല്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന മകനും, തനിക്കും ലുലു മാളില്‍ പോകുമ്പോള്‍ കളിക്കുന്നതിന് വേണ്ടി മാസം 5000 രൂപയുടെ game card എടുക്കുന്ന ആളാണ് ഭാര്യയുടെ തികച്ചും സാധാരണമായ ചിലവുകളെക്കുറിച്ച് ഇത്ര ബേജാറാകുന്നത് എന്നുള്ളതാണ്.

മറ്റൊരു കുടുംബത്തില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങി കൊടുത്തും, ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കൊണ്ടു നടന്ന് സുഖിപ്പിച്ചും അവളുടെ സ്വത്തും, സമ്പാദ്യവും ഒക്കെ സ്വന്തം പേരിലാക്കി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഭാര്യ സഹപ്രവര്‍ത്തകരായ കൂട്ടുകാരികളോടൊപ്പം കറങ്ങി നടക്കുന്നതും ഷോപ്പിങ്ങിന് പോകുന്നതും ഒക്കെ ഭര്‍ത്താവിന് സംശയം. സംശയത്തിന്റെ പേരില്‍ കക്ഷി ഭാര്യയുടെ സിം കാര്‍ഡ് കൈവശപ്പെടുത്തി അവളുടെ അക്കൗണ്ടില്‍ വരുന്ന ശമ്പളം പോലും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ തുടങ്ങി. സഹികെട്ട ഭാര്യ അവസാനം പോലീസ് സ്റ്റേഷനില്‍ കംപ്ലൈന്റ് കൊടുത്താണ് സിം കാര്‍ഡ് തിരികെ വാങ്ങിയത്. ഭര്‍ത്താവിന്റെ സംശയരോഗവും, മാനസിക പീഡനവും അസഹനീയമായപ്പോള്‍ ഭാര്യ മക്കളെയും കൂട്ടി മാറിത്താമസിച്ചു. അപ്പോഴാണ് അടുത്ത പ്രശ്‌നം. അവളുടെ കയ്യില്‍ മക്കളുടെ ഫീസിനും, നിത്യ ചിലവുകള്‍ക്കും ആവശ്യമായ പണം പോലും ഇല്ല. ഡിവോഴ്‌സ് വാങ്ങാന്‍ ഇരുന്ന ഭാര്യയ്ക്ക് കേരളത്തിന് പുറത്തേക്ക് ട്രാന്‍സ്ഫര്‍ ആയതുകൊണ്ട് ഇന്നും രേഖകളില്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 2 മക്കള്‍ അമ്മയോടൊപ്പം ആണെങ്കിലും അവധിക്കാലത്ത് അപ്പന്റെ വീട്ടിലും പോയി നില്‍ക്കാറുണ്ട്. അപ്പന്‍ നേരത്തെ മരിക്കുകയും, അമ്മ അനുജത്തിയോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരാണ് അവള്‍ക്ക് ഒരു താങ്ങും തണലുമാവുക. ഈ കഥ ഇവിടെയും തീരുന്നില്ല. അവകാശിയായ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ ആയതുകൊണ്ട് അവളുടെ വീട്ടില്‍ നിന്ന് കിട്ടാനുള്ള മുതലുകള്‍ ഇനിയും ഉണ്ട്. ഭാര്യ ഡിവോഴ്‌സ് കേസ് കൊടുക്കുമെന്ന് അറിഞ്ഞിട്ടും ആവലാതി ഇല്ലാത്ത ആ മനുഷ്യന്‍ അവള്‍ക്ക് അവകാശപ്പെട്ട പിതൃസ്വത്ത് അവളുടെ പേരിലേക്ക് കൊടുക്കരുത്, അവള്‍ക്ക് അത് നോക്കാനും സംരക്ഷിക്കാനുമുള്ള പിടിപ്പില്ലെന്ന് അവളുടെ അമ്മയേയും, സഹോദരിയേയും വിളിച്ചു പറയുകയും കൂടി ചെയ്തു. ഇവിടെ ഭാര്യയുമായുള്ള ബന്ധത്തേക്കാള്‍ അവന്‍ വില വയ്ക്കുന്നത് അവളുടെ പിതൃസ്വത്തിനാണ്. എന്നതു മാത്രമല്ല, അത് അവളുടെ അമ്മയേയും സഹോദരിയേയും വിളിച്ച് ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം അവനുണ്ടായത് ഇന്നത്തെ സാമൂഹ്യ ചിന്താഗതി അതിനു അനുകൂലമായതു കൊണ്ട് കൂടിയല്ലേ? സ്ത്രീയുടെ സമ്പാദ്യമെല്ലാം തന്റെതാണെന്നും, അവള്‍ക്കതൊന്നും കൈകാര്യം ചെയ്യാനറിയില്ലെന്നും, അവള്‍ തന്റെ കീഴില്‍ നില്‍ക്കേണ്ടവളാണെന്നും ഉള്ള തെറ്റിദ്ധാരണയാണ് ചില പുരുഷന്മാരുടെ എങ്കിലും ഉള്ളില്‍ ഉള്ളത്. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചാല്‍ അവള്‍ അഹങ്കാരി ആകുമെന്ന, ഭര്‍ത്താവിനെ ബഹുമാനിക്കില്ലെന്ന ചിന്താഗതിയാണ് ഇന്ന് പുരുഷമേധാവിത്വം അംഗീകരിക്കുന്ന സമൂഹത്തിലും നില നില്‍ക്കുന്നത്. അതാണ് ഇത്തരത്തിലുള്ള സംഭവങ്ങളുടെ പിന്നിലുള്ള ചേതോവികാരം.

ലക്ഷങ്ങള്‍ ചിലവാക്കി, ആയിരങ്ങളെ സാക്ഷിയാക്കി, അത്യാര്‍ഭാടത്തില്‍ നടത്തുന്ന വിവാഹ മാമാങ്കം മാതാപിതാക്കളുടെ തലയില്‍ കെട്ടിവെയ്ക്കുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയും, ആ ബന്ധത്തിന് ഉലച്ചില്‍ തട്ടിയാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഉണ്ടാകുന്ന നാണക്കേടും, വളര്‍ത്തി വലുതാക്കി കെട്ടിച്ചു വിടുന്ന മാതാപിതാക്കളെ വേദനിപ്പിക്കരുത് എന്ന ചിന്തയുമാണ് ഭര്‍ത്താവിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും എല്ലാം സഹിച്ചു അവിടെ തന്നെ തുടരാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്. കുടുംബത്തിന്റെ മാനം സമൂഹത്തിന്റെ മുമ്പില്‍ ഇടിയും എന്ന ചിന്തയും അവളുടെ മനസ്സില്‍ നാമ്പെടുക്കും. വീട്ടില്‍ വന്നു നില്‍ക്കുന്നതിന്റെ കാരണം അന്വേഷിക്കുന്ന നാട്ടുകാരോട് എന്ത് മറുപടി പറയും? സഹോദരങ്ങളുടെ വിവാഹം നടക്കാനുണ്ടെങ്കില്‍ അവരുടെ ഭാവിക്ക് ചോദ്യചിഹ്നം ആകുമോ? വിവാഹിതരായ സഹോദരന്മാര്‍ ആണെങ്കില്‍ അവരുടെ കുടുംബജീവിതത്തിന് പ്രശ്‌നമാകുമോ? ഇങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങളായിരിക്കും അവള്‍ സ്വന്തം മനസ്സില്‍ ചോദിക്കുന്നുണ്ടാവുക. ഇനി മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ വിദ്യാഭ്യാസം, അഭിമാനം, ഭാവി, സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ വേറെയും.

ഈ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീ വിരുദ്ധ ചിന്തകള്‍ക്ക് മാറ്റം വരുത്തണമെങ്കില്‍ അത് കുടുംബത്തില്‍നിന്ന് തന്നെ തുടങ്ങണം. കുടുംബത്തില്‍ അമ്മയ്ക്ക് ഒരു വ്യക്തിത്വം ഉണ്ടെന്ന് അംഗീകരിച്ച്, സ്‌നേഹിച്ച്, ബഹുമാനിച്ചു പ്രവര്‍ത്തിക്കുന്ന അപ്പന്‍ സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് ആണ്‍കുട്ടികളെയും, സ്ത്രീയുടെ അവകാശങ്ങള്‍ എന്താണെന്ന്, അവളുടെ സ്ഥാനം എവിടെയാണ് എന്ന് പെണ്‍കുട്ടികളെയും പരോക്ഷമായി പഠിപ്പിക്കുകയാണ്.

കെട്ടിച്ചുവിട്ട മകള്‍ തിരിച്ചു വരുന്നത് നാണക്കേടാണെന്നും, അവള്‍ എല്ലാം സഹിച്ചു ജീവിക്കേണ്ടവളാണെന്നും ഉള്ള കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സ്ത്രീ പീഡന നിയമങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപ്പിലാക്കുക തന്നെ വേണം. എന്നാല്‍ ഇതു പറയുമ്പോള്‍ തന്നെ സ്ത്രീക്ക് അനുകൂലമായ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു കൂട്ടരുമുണ്ട് എന്ന സത്യവും മറക്കുന്നില്ല. മോള് അവരുടെ അടിമയാകാനൊന്നും പോകേണ്ട. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അപ്പോള്‍ തന്നെ ഇങ്ങോട്ട് ഇറങ്ങി പോരെ, ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന മട്ടില്‍ മകളുടെ കുടുംബത്തിലെ നിസ്സാരകാര്യങ്ങളില്‍ പോലും ആവശ്യമില്ലാതെ തലയിടുന്നവര്‍. ഇത്തരം ഉപദേശങ്ങള്‍ കേട്ട് പോകുന്ന മകള്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ പരാതിയും പരിഭവവും ആയി തിരിച്ചെത്തുന്നു. മാതാപിതാക്കള്‍ അവളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു വീട്ടില്‍ നിര്‍ത്തുന്നു. പിന്നെ നിയമത്തിന്റെ പിന്‍ബലത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുകയാണ് ഇവരുടെ രീതി. സ്ത്രീക്ക് അനുകൂലമായ നിയമങ്ങള്‍ വളച്ചൊടിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരക്കാരും ന്യായമായും ശിക്ഷിക്കപ്പെടേണ്ടതാണ്.

പണ്ട് ആണ്‍കുട്ടി വൈദികനാകാന്‍ പോയി തിരിച്ചു വന്നാല്‍ അവര്‍ പഠിക്കാന്‍ പോയി തിരിച്ചു വന്നവര്‍ എന്ന ലാഘവത്തില്‍ എടുത്തിരുന്ന സമൂഹം തന്നെ, പെണ്‍കുട്ടി കന്യാസ്ത്രീ ആകാന്‍ പോയി തിരിച്ചുവന്നാല്‍ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കാന്‍ വന്നവള്‍ എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ തീരുമാനമെടുക്കാന്‍ പക്വതയില്ലാത്ത പ്രായത്തില്‍ കോണ്‍വെന്റിലേക്ക് പോകുന്ന പല പെണ്‍കുട്ടികളും അവിടുത്തെ സാഹചര്യങ്ങളില്‍ അസംതൃപ്തി തോന്നിയാലും സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ മടിച്ചിരുന്നു. അവളുടെ സ്വന്തം മാതാപിതാക്കള്‍ പോലും അത് പ്രോത്സാഹിപ്പിച്ചിരുന്നുമില്ല, അതിനാല്‍ തന്നെ അങ്ങനെയുള്ള സംഭവങ്ങള്‍ അധികമൊന്നും കേട്ടിട്ടുമില്ല. ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന് വന്ന ഒരു സമൂഹത്തില്‍ സ്വന്തം ഭാവിയുടെ തീരുമാനം സമൂഹത്തിലെ ചില കോളാമ്പികള്‍ക്ക് വിട്ട് കൊടുക്കാതെ സ്വയം തീരുമാനിക്കാനുള്ള തന്റേടം കാണിക്കുന്നവര്‍ വിരളമാണ്.

ഈ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീ വിരുദ്ധ ചിന്തകള്‍ക്ക് മാറ്റം വരുത്തണമെങ്കില്‍ അത് കുടുംബത്തില്‍നിന്ന് തന്നെ തുടങ്ങണം. കുടുംബത്തില്‍ അമ്മയ്ക്ക് ഒരു വ്യക്തിത്വം ഉണ്ടെന്ന് അംഗീകരിച്ച്, സ്‌നേഹിച്ച്, ബഹുമാനിച്ചു പ്രവര്‍ത്തിക്കുന്ന അപ്പന്‍ സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങിനെയെന്ന് ആണ്‍കുട്ടികളെയും, സ്ത്രീയുടെ അവകാശങ്ങള്‍ എന്താണെന്ന്, അവളുടെ സ്ഥാനം എവിടെയാണ് എന്ന് പെണ്‍കുട്ടികളെയും പരോക്ഷമായി പഠിപ്പിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും എത്ര പുരുഷന്മാര്‍ ഉണ്ടാകും അങ്ങനെ. വിരലിലെണ്ണാവുന്നവര്‍ ഉണ്ടെങ്കില്‍ ആയി. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനം കൊടുക്കുന്ന പുരുഷന്മാര്‍ക്ക്, അവരുടെ കുടുംബത്തിന്റെ സന്തോഷവും, സമാധാനവും കണ്ട് അസൂയ മൂക്കുന്ന ചിലര്‍ ഇട്ടു കൊടുക്കുന്ന ഒരു പേരുണ്ട് അച്ചി കോന്തന്‍ എന്ന്. തങ്ങള്‍ വളര്‍ന്നു വന്ന കാളവണ്ടി യുഗ സംസ്‌കാരത്തില്‍ നിന്ന് തങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കാത്തത് മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ അസഹ്യതയാണ് അതിനു കാരണം. സ്വാതന്ത്ര്യം തന്റെ അവകാശമാണെന്ന്, തന്റെ വ്യക്തിത്വം ആര്‍ക്കു മുമ്പിലും പണയം വെക്കാനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അംഗീകരിക്കാനും ഇക്കൂട്ടര്‍ തയ്യാറാകില്ല.

സ്ത്രീക്കും ഒരു മനസ്സുണ്ടെന്നും അത് വേദനിക്കുമ്പോള്‍ അവള്‍ക്ക് താങ്ങും തണലുമാകണമെന്നും ചിന്തിക്കുന്ന ഭര്‍ത്താവും, മാതാപിതാക്കളും, സഹോദരങ്ങളും, മക്കളും, സമൂഹവും വളര്‍ന്നു വരാത്തിടത്തോളം ആ രീതിയില്‍ ഈ സമൂഹത്തിലെ ചട്ടങ്ങള്‍ തിരുത്തിയെഴുതപ്പെടാത്തിടത്തോളം പ്രതികരിക്കാന്‍ കഴിവില്ലാത്ത സ്ത്രീഹൃദയങ്ങളില്‍ ആത്മഹത്യാ പ്രവണത ഉയരും.

ആ പ്രവണതയെ തടുക്കണമെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാനും, തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളാനും, നട്ടെല്ല് നിവര്‍ത്തി നിന്ന് പ്രതികരിക്കാനുമുള്ള ആര്‍ജ്ജവം വളര്‍ന്നു വരുമ്പോള്‍ തന്നെ അവള്‍ക്ക് നല്‍കണം. നിയമത്തിന്റെ സംരക്ഷണം ഉണ്ടെന്ന് അവളെ ബോധ്യപ്പെടുത്തണം. ആവശ്യമെങ്കില്‍ അത് ഉപയോഗപ്പെടുത്താന്‍ അവളെ ബോധവല്‍ക്കരിക്കണം. സ്വന്തം സംരക്ഷണത്തിനു സാധ്യമായതെല്ലാം സ്വയം ചെയ്യാന്‍ അവളെ പ്രാപ്തയാക്കി വളര്‍ത്തണം. അതുമാത്രം പോരാ. സ്ത്രീ ഒരു വ്യക്തിയാണെന്നും, അവള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, അവള്‍ ആരുടെയും അടിമയല്ല എന്നും വളര്‍ന്നുവരുന്ന ആണ്‍കുട്ടികളെയും പഠിപ്പിച്ചെടുക്കണം. അല്ലെങ്കില്‍ ഇനിയും വിസ്മയയും, അര്‍ച്ചനയും, സുചിത്രയും ഒക്കെ ഇവിടെ ഈയമ്പാറ്റകളെ പോലെ ചിറകറ്റ് വീണു കൊണ്ടിരിക്കും.

വിശുദ്ധ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ രണ്ടാമധ്യായം, 24-ാം വാക്യത്തില്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും എന്നെഴുതിയിട്ടുണ്ട്. ഈ വാക്യം വായിക്കുമ്പോള്‍ ഇടയ്ക്ക് മനസ്സില്‍ തോന്നിയിട്ടുള്ള രസകരമായ ഒരു ചിന്ത ഇതാണ്. ഇന്നത്തെ കാലത്തു സ്ത്രീയെ വിവാഹം കഴിപ്പിച്ച് പുരുഷന്റെ വീട്ടിലേക്ക് അയക്കുക എന്നതാണല്ലോ നിലനില്‍ക്കുന്ന ആചാരം. ഇതിനു ഒരു മാറ്റം വരുത്തിക്കൊണ്ട് പണ്ട് ഹൈന്ദവ കുടുംബങ്ങളില്‍ നില നിന്നിരുന്ന മരുമക്കത്തായ രീതി (പുരുഷന്‍മാര്‍ വിവാഹം കഴിച്ച് ഭാര്യ വീടുകളിലേക്ക് പോകുന്ന സമ്പ്രദായം) ഒന്ന് പരീക്ഷിച്ചാലോ എന്ന്.

ഈ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സഭ ഇങ്ങനെ ഒരു നിലപാട് എടുത്താല്‍,… അത് അംഗീകരിക്കാന്‍ ഈ സമൂഹത്തില്‍ എത്രപേര്‍ക്ക് സാധിക്കും. പാരമ്പര്യവും, ആചാരാനുഷ്ഠാനങ്ങളും, പുരുഷമേധാവിത്വവും ഒക്കെ പൊക്കിപ്പിടിക്കുന്ന വാളെടുത്ത വെളിച്ചപ്പാടുകള്‍ ഇതിനെതിരെ ഉറഞ്ഞു തുള്ളും. സ്ത്രീ ആത്മഹത്യകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഈ സമയത്ത് അല്ലാതെ ഗൗരവതരമായി ഇങ്ങനെ ഒരു അഭിപ്രായം ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടാല്‍ അവളുടെ പോസ്റ്റിനു താഴെ പാരമ്പര്യവാദികള്‍ ആറ്റുകാല്‍ പൊങ്കാലയെക്കാള്‍ വലിയ പൊങ്കാലയിടും.

(കൗമാരക്കാരുടെയും, യുവാക്കളുടെയും ഗൈഡന്‍സും, കൗണ്‍സലിഗും സൗജന്യമായി നടത്തി കൊടുക്കുന്ന ഈശോസഭാ സംരംഭമാണ് കാലടിയിലെ Atmamithra. അവിടെ പരിശീലന പരിപാടികളില്‍ സഹപരിശീലകയായി പ്രവര്‍ത്തിക്കുന്ന ആളാണ് ലേഖിക.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org