ഡോ. കെ.എം. ഫ്രാന്‍സിസ്, തൃശൂര്‍
എ.കെ.സി.സി. മുന്‍ അതിരൂപതാ പ്രസിഡന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി രാജ്യത്തെ പത്ത് ശതമാനം അവസരങ്ങള്‍ നല്കണമെന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കി. പ്രസ്തുത സംവരണ രീതി കേരളത്തിലും നടപ്പിലാക്കാനുള്ള ഭരണാനുമതി നല്കിയത് കേരളത്തിലെ ചില ജനവിഭാഗങ്ങളില്‍ അസ്വസ്ഥത ജനിപ്പിച്ചിട്ടുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ യാഥാര്‍ത്ഥ്യമാണോ എന്നു പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
സംവരണം എന്തിന്?
ഒരു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വികസിതമാകുമ്പോഴാണ് രാജ്യം പുരോഗതി പ്രാപിച്ചു എന്ന് അവകാശപ്പെടാന്‍ കഴിയുക. ചില വിഭാഗങ്ങള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയില്‍ ആയിരിക്കുന്നതുകൊണ്ട്, അവരെയും മറ്റുള്ളവര്‍ക്കൊപ്പം ശാക്തീകരിക്കാന്‍ പൊതുസമൂഹം നല്കുന്ന സഹായഹസ്തമാണ് സംവരണം. ഇന്ത്യന്‍ ജനതയുടെ വിശാലമായ ഔദാര്യ മനഃസ്ഥിതിയുടെ പ്രകടനമായി വേണം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രശില്പികള്‍ സംവരണതത്ത്വം നിര്‍ദ്ദേശിച്ചത്. ഇത്തരം സഹായം നല്കുന്നത് ലോകാവസാനം വരെ തുടരണം എന്നതുപോലെയാണ് ചില മത, സമുദായ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അവനവന്‍ അദ്ധ്വാനിച്ച് നിര്‍മ്മിക്കുന്നത് തിരികെ ചോദിക്കുന്നതാണ് അവകാശം, മറ്റുള്ളവര്‍ അദ്ധ്വാനിക്കുന്നത് സ്വീകരിക്കുന്നത് ഔദാര്യമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടയും അദ്ധ്വാനഫലമായി രൂപംകൊണ്ട പൊതുസമ്പത്തിന്റെ അമ്പത് ശതമാനം അവസരങ്ങള്‍ അര്‍ഹതയില്ലാതെ തന്നെ അവശത മാത്രം പരിഗണിച്ച് ചില സാമൂഹിക വിഭാഗങ്ങള്‍ക്ക് നല്കുന്നതാണ് സംവരണം. സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവശരുടെ എണ്ണം കൂടുകയാണ് എന്നതിന്റെ അര്‍ത്ഥമെന്താണ്? എല്ലാ വിഭാഗം ജനങ്ങളും നികുതി നല്കുന്ന പണമാണ് സമൂഹത്തിന്റെ സമ്പത്ത്. അതുകൊണ്ട് പ്രസ്തുത സമ്പത്തിന്റെ വിതരണം നീതിപൂര്‍വ്വകമല്ലെങ്കില്‍ സമൂഹത്തിന്റെ ഭാവിതന്നെ അപകടത്തിലാകും.
സാമൂഹിക അടിമത്തവും മോചനവും
ചില വിഭാഗം ജനങ്ങള്‍ സാമൂഹികമായി അവശതയനുഭവിക്കുന്നത് മറ്റു വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തിയതുകൊണ്ടാണെന്നും അതുകൊണ്ട് സംവരണം ഞങ്ങളുടെ അവകാശമാണെന്നുമാണ് പല സാമുദായിക സംഘടനകളും അവകാശപ്പെടുന്നത്. ഇത് വികലമായ ചിന്തയാണ്. ചിന്തയും പ്രവര്‍ത്തിയും തമ്മിലുള്ള അകലം ബലഹീനതയാണ് എന്നാല്‍ ചിന്തയിലെ തന്നെ വൈരുദ്ധ്യം ബുദ്ധിഹീനതയാണ്, മനോരോഗമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളാക്കിയതുകൊണ്ടാണ് ഇന്ത്യ ഇന്നും പുരോഗമിക്കാത്തത് എന്ന ആത്മസംതൃപ്തിയില്‍ അഭിരമിക്കുന്നവരുണ്ട്. ഇന്ത്യയുടെ പുരോഗതിക്കു തടസ്സം ഞാന്‍ തന്നെയാണ് എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ഒരു പൗരന്റെ വിലാപമാണത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ 200 വര്‍ഷം അടിമകളാക്കിയെങ്കില്‍ ഫ്രഞ്ചുകാര്‍ ബ്രിട്ടീഷുകാരെ 400 വര്‍ഷമാണ് അടിമകളാക്കി ഭരിച്ചത്. ഫ്രഞ്ചു ഭരണത്തിന്‍കീഴില്‍ ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരുടെ അടുക്കളക്കാരായിരുന്നു. ഞങ്ങള്‍ അടിമകളായിരുന്നു എന്ന് വിലപിക്കുകയല്ല വേണ്ടത്, അതിനുപകരം സ്വന്തം ഉന്നമനത്തിന് പരിശ്രമിക്കുകയും അതിലൂടെ രാഷ്ട്രത്തിന് സംഭാവന നല്കുകയുമാണ്. അവനവനാത്മ സുഖ ത്തിനാചരിക്കുന്നത് (Private interest) അപരന് സുഖത്തിനായി വരേണം (Public interest). അതിനു പകരം പൊതുസമൂഹത്തിന്റെ സമ്പത്ത് ലോകാവസാനം വരെ ഞങ്ങളുടെ സമൂഹത്തിന്റെ ഉന്നമനത്തിന് നല്കണമെന്ന വാദം ആത്മഹത്യാപരമാണ്.
സംവരണേതര വിഭാഗത്തിനായി ഏര്‍പ്പെടുത്തിയ
സാമ്പത്തിക സംവരണത്തിന്റെ രാഷ്ട്രീയ സാമൂഹിക
പ്രതിഫലങ്ങളും, പ്രതിഫലനങ്ങളും ചര്‍ച്ചയാകുന്നു.
ബെന്‍സില്‍ സഞ്ചരിക്കുന്ന സാമൂഹിക അവശത
സാമൂഹിക അവശത എന്നത് ചില സമുദായാംഗങ്ങള്‍ക്ക് മാത്രം സംഭവിക്കുന്നതാണോ? തലമുറകളായി വിദ്യാഭ്യാസം, സ്വകാര്യ സ്വത്ത്, സ്ഥിരവരുമാനം എന്നിവയില്ലാത്തവരും സ്വഭാവികമായി സമൂഹത്തിന്റെ അതിരുകളില്‍ നിന്ന് പുറന്തള്ളെപ്പടും. അത്തരം വിഭാഗങ്ങള്‍ മുന്നോക്കക്കാരാണെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ബാദ്ധ്യത പൊതു സമൂഹത്തിനില്ലെ? ഈ ചോദ്യത്തിനോട് ഭാരതസര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിച്ചതിന്റെ അടയാളമാണ് സാമ്പത്തിക സംവരണം.
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ പരിശോധിക്കുക. ഇപ്പോള്‍ സാമ്പത്തികമായി നല്ലനിലയില്‍ കഴിയുന്ന ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിലെ ആളുകള്‍ക്ക് സംവരണാനുകൂല്യമുണ്ട്. നാലു തലമുറയായി സ്വന്തമായി വീടില്ലാത്ത അന്നമ്മ ചേടത്തിയുടെ മകള്‍ക്ക് സംവരണമില്ല. രണ്ടു തലമുറകളായി സ്വന്തമായി വീടോ, വിദ്യാഭ്യാസമോ ലഭിക്കാതെ അടുക്കളക്കാരനായി ജീവിക്കുന്ന ഭാസ്‌ക്കരന്‍ നായരുടെ മകന് ഇന്ത്യന്‍ സമൂഹത്തിന്റെ സഹായഹസ്തം നല്കരുത്! ഇത്തരം ചിന്തയെ "സാ മുദായിക മനോരോഗമെന്നല്ലാതെ" പിന്നെന്താണ് വിളിക്കേണ്ടത്.
ഇനി സാമൂഹിക അവശതയനുഭവിക്കുന്നവരുടെ സമൂഹത്തെ പരിശോധിക്കുക. അത്തരം വിഭാഗങ്ങളിലെ മുന്നോക്കക്കാരാണ് സംവരണാനുകൂല്യങ്ങള്‍ കൈക്കലാക്കുന്നത്. അതുകൊണ്ടുതന്നെ സംവരണ അനുകൂല്യങ്ങള്‍ രണ്ട് തലമുറയായി സ്വീകരിക്കുന്നവരും, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെയും സംവരണത്തില്‍ നിന്ന് ഒഴിവാക്കണം. മാത്രമല്ല ക്രമേണ സാമുദായിക സംവരണമെന്നത് സാമ്പത്തിക മാനദണ്ഡമാക്കി രൂപാന്തരപ്പെടുത്തണം.
സംവരണവും ബുദ്ധിശോഷണവും
അമ്പത് ശതമാനം വരെ മാത്രമേ സംവരണം നല്കാവൂ എന്ന പ്രസ്താവനയെ അമ്പത് ശതമാ നം സംവരണം നല്കണം എന്നതായി ദുര്‍വ്യാഖ്യാനിച്ച് നടപ്പിലാക്കുന്നത് ഇന്ത്യയുടെ പൊതുവ ളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. പൊതു അവസരങ്ങളുടെ അമ്പതു ശതമാനം സാമുദായിക സംവരണം, ബാക്കിയുള്ള അമ്പതു ശതമാനം ഭരണാധികാരികളുടെയും, പാര്‍ട്ടിക്കാരുടെയും ബന്ധുജനങ്ങള്‍ക്ക്. അപ്പോള്‍ പഠനത്തില്‍ മികവു കാണിക്കുന്നവരോ? അവര്‍ മറ്റു രാജ്യങ്ങളിലേയ്‌ക്കോ, സ്വകാര്യ സംരംഭങ്ങളിലേയ്‌ക്കോ ചേക്കേറുന്നു. അങ്ങനെ പൊതു ഇടങ്ങളില്‍നിന്ന് കഴിവുള്ളവരെ ഒഴിവാക്കി അവശ വിഭാഗങ്ങളെ മാത്രം നിയമിച്ചാല്‍ സാമൂഹിക വളര്‍ ച്ച എന്തായിത്തീരും? ദുര്‍വ്യാഖ്യാനിക്കാന്‍ അവസരം നല്കാത്ത വിധത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിവില്ലാത്ത ബ്യൂറോക്രസിയായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറും. ഇതിനെയാണ് ഭരണപരാജയത്തിന്റെ ഉറവിടമായി കാ ണേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷകളി ലെ മിനിമം മാര്‍ക്കിനുപോലും ഇപ്പോള്‍ ഇളവുകളുണ്ട്. UGC നടത്തുന്ന NET, JRF പരീക്ഷകളില്‍ മുന്നോക്ക വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്കാണ് മിനിമം യോഗ്യതയെങ്കില്‍ അവശ വിഭാഗങ്ങള്‍ക്ക് 40 ശതമാനം മതി. അങ്ങനെ ക്രിസ്ത്യാനിയും, നായരും, നമ്പൂതിരിയും യോഗ്യതാ പരീക്ഷയുടെ ആദ്യഘട്ടത്തില്‍ത്തന്നെ പുറംതള്ളപ്പെടുന്നു. യോഗ്യതാ പരീക്ഷയുടെ മിനിമം മാനദണ്ഡം പോലും ലഭിക്കാത്തവര്‍ കലാലയങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും വാഴുന്നു. ഇത് ലോകാവസാനം വരെ തുടരുകയാണെങ്കില്‍ പെറ്റമ്മയേക്കാള്‍, മറ്റു രാജ്യങ്ങളെ ഇന്ത്യയിലെ കഴിവുള്ളവര്‍ക്ക് വളരാന്‍ ആശ്രയിക്കേണ്ടിവരും.