ക്ഷമിക്കാനായി ദൈവജനം; ക്ഷമ ചോദിക്കേണ്ടത് ആര് ?

ക്ഷമിക്കാനായി ദൈവജനം; ക്ഷമ ചോദിക്കേണ്ടത് ആര് ?
Published on
  • ഫാ. ഡോ. നിബിന്‍ കുരിശിങ്കല്‍

2016 മുതല്‍ സീറോ മലബാര്‍ സഭയെ ഉലച്ച വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ 1500 ഓളം വിശ്വാസപരിശീലകരുടെ ഇടയില്‍ നടത്തിയ ട്രസ്റ്റ് സര്‍വേയില്‍ തെളിയുന്നത്...

റോമിലെ ഹോളി ക്രോസ്സ് യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് റൂമില്‍ വച്ചാണ് 'Tell No One' എന്ന ആ ഡോക്യുമെന്ററി കണ്ടത്. മറച്ചുവയ്ക്കപ്പെട്ട ഒരു വലിയ പാതകത്തെ തുറന്നു കാണിക്കാന്‍ ധൈര്യപ്പെട്ട ഒരു സ്ത്രീയുടെയും ഒരു പത്രപ്രവര്‍ത്തകന്റെയും ധീരതയിലാണ് ആ ഡോക്യുമെന്ററി വെളിച്ചം കണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതും, അതേസമയം നീണ്ട വര്‍ഷങ്ങള്‍ മറച്ചു വയ്ക്കപ്പെട്ടതുമായ പോളണ്ടിലെ പീഡോഫീലിക് പുരോഹിതരുടെ വിവാദകഥകള്‍ അഭ്രപാളിയില്‍ എത്തിയപ്പോള്‍ തകര്‍ന്നു പോയത് ആധുനിക പുരോഹിതരുടെ അഭിമാനവും സഭയുടെ കുലീനതയും വിശ്വാസികളുടെ ട്രസ്റ്റുമായിരുന്നു.

ഡോക്യുമെന്ററി കണ്ടതിനു ശേഷം അതിനു താഴെ കുറിക്കപ്പെട്ട എഴുപതിനായിരത്തോളം വരുന്ന കമന്റുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം, പോളണ്ട് ചര്‍ച്ചിനെ എത്രമാത്രം ഈ ചലച്ചിത്രം ഉലച്ചുകളഞ്ഞെന്ന്. സഭയിലും പുരോഹിതരിലും വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയില്‍ പോളണ്ടിലെ സഭയെ തകര്‍ത്തുകളഞ്ഞ, മറച്ചുവയ്ക്കപ്പെട്ട ഒരു വീഴ്ചയുടെ പരിണിതഫലമായിരുന്നു ആ എഴുപതിനായിരം മനുഷ്യരുടെ വിലാപവും അമര്‍ഷവും വിമര്‍ശനവുമെല്ലാം.

വെറും ഒരു ഡോക്യുമെന്ററി ഒരു സഭയെ ഇത്രമാത്രം ഉലച്ചതിന്റെ കാരണങ്ങള്‍ തിരഞ്ഞുകൊണ്ടുള്ള പഠനം നടത്താനുളള തീരുമാനവുമായി ഡോക്ടറേറ്റ് ഡിറക്ടറിനെ കാണാന്‍ ചെന്നപ്പോള്‍ എനിക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യമാണ് എന്റെ പഠനത്തിന് ആധാരമായത്. ''നീ ആയിരിക്കുന്ന സീറോ മലാബാര്‍ സഭയിലെ ഇന്നത്തെ സാഹചര്യം എന്താണ്? ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ, ആരോപണങ്ങളോ അപവാദങ്ങളോ സഭയിലെ വിശ്വാസ്യതയെ പരിക്കേല്‍പ്പിച്ചിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കില്‍, ശാസ്ത്രീയമായ ഒരു പഠനം അവിടെയാണ് നടത്തേണ്ടത്. സീറോ മലബാര്‍ സഭയെക്കുറിച്ച് പൊതുജനത്തോടു ചോദിക്കൂ. അവര്‍ പറയും സഭ എന്താണെന്നും, എങ്ങനെയാകണമെന്നും.''

  • വെളിച്ചം കയറേണ്ട ഇരുട്ടുമുറികള്‍

കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി സീറോ മലബാര്‍ സഭ അഭിമുഖീകരിക്കേണ്ടി വന്ന വിവിധ വിവാദങ്ങള്‍ - സാമ്പത്തിക അഴിമതി, ലൈംഗിക ആരോപണങ്ങള്‍, അധികാര ദുര്‍വിനിയോഗം - എത്രമാത്രമാണ് സഭയെ ഉലച്ചു കളഞ്ഞതെന്നും, ഈ വിവാദങ്ങള്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് സഭയോടുള്ള (മെത്രാന്മാരോടും പുരോഹിതരോടും) ട്രസ്റ്റ് (വിശ്വാസ്യത) എന്ന ഘടകത്തെ എത്രമാത്രമാണ് സ്വാധീനിച്ചതെന്നും മനസ്സിലാക്കുവാന്‍ വേണ്ടിയാണു ഡോക്ടറേറ്റിന്റെ പ്രായോഗിക പഠന ഭാഗമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസ പരിശീലന വിഭാഗത്തിലെ ആറായിരത്തോളം വരുന്ന അംഗങ്ങളിലെ 1500 അധ്യാപകരുടെ ഇടയില്‍ ട്രസ്റ്റ് സര്‍വേ നടത്തിയത്. മേല്‍പ്പറഞ്ഞ വിവാദങ്ങള്‍, സീറോ മലബാര്‍ സഭയില്‍ 'ട്രസ്റ്റ്' എന്ന മേഖലയില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും ഏതൊക്കെ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും മനസിലാക്കുക എന്നതായിരുന്നു ഈ പഠനം ലക്ഷ്യമാക്കിയത്.

ഏത് തരത്തിലുള്ള വിവാദമാണെങ്കിലും, അത് സഭയായാലും സമൂഹമായാലും, അതിന്റെ അടിസ്ഥാനങ്ങളെയും ആധാരശിലകളെയും തകര്‍ത്തു കളയുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. സമാനമായ ഒരു ദുരവസ്ഥ തന്നെയാണ് സീറോ മലബാര്‍ സഭയിലും നടമാടിയത്. പരസ്പരവിശ്വാസം തകര്‍ക്കപ്പെടുകയും, മെത്രാന്മാരിലും വൈദികരിലും വിശ്വസിക്കാനോ ആശ്രയിക്കാനോ ആകാത്ത വിധം അവിശ്വാസത്തിന്റെ ഒരു സംസ്‌കാരം (a Culture of Suspicion) സമൂഹത്തില്‍ പിറവി കൊള്ളുകയും, അപക്വവും അധാര്‍മ്മികവും അനോണിമസുമായ മാധ്യമ പ്രവര്‍ത്തനങ്ങള്‍ വഴി ഈ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയും ചെയ്തു.

പരസ്പരമുള്ള വാഗ്വാദങ്ങളുടെയും വിഴുപ്പെറിയലിന്റെയും വെറുപ്പ് പടര്‍ത്തുന്ന പോളറൈസ്ഡ് പോയ്‌സണ്‍ ലേഖനങ്ങളുടെയും വീഡിയോകളുടെയും പെരുമ്പറ മുഴക്കത്തില്‍ പൊതുജനത്തിന് കേള്‍ക്കാന്‍ സാധിക്കാതെ പോയത് കുറ്റസമ്മതം നടത്തിയ ആത്മീയനേതാക്കന്മാരുടെ അനുതാപസ്വരവും, തെറ്റിപോയെന്ന് ഏറ്റുപറയുന്ന പച്ചമനുഷ്യരുടെ കുലീന ഹൃദയവുമാണ്.

  • പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ജനത

'സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ ട്രസ്റ്റ് തകര്‍ന്നു' എന്ന് തെളിയിക്കാന്‍ ഒരു പഠനമോ, ഇന്‍ഫെറെന്‍സോ ആവശ്യമില്ലാത്ത രീതിയില്‍ വിവാദങ്ങളുടെ പരിണിത ഫലങ്ങള്‍ പകല്‍ പോലെ വ്യക്തമായിരുന്നെങ്കിലും പബ്ലിക് സര്‍വേയുടെ ഭാഗമായി ലഭിച്ച ഒരു കാര്യം അവിശ്വസനീയവും അദ്ഭുതകരവുമായിരുന്നു. ഇത്രയൊക്കെ വിവാദങ്ങള്‍ക്കും അപവാദങ്ങള്‍ക്കുംശേഷം സഭയെയും മെത്രാന്മാരെയും വൈദികരെയും വിശ്വസിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വലിയ ജനത ഇവിടെ ഉണ്ടെന്നുള്ള വലിയ ശുഭാപ്തിയായിരുന്നു ആ അദ്ഭുതം. സഭയുടെ പുനര്‍ജന്മത്തിനായും തിരിച്ചുവരവിനായും വാതില്‍ തുറന്ന് പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ഒരു വലിയ ജനതയെയാണ് ദൈവം ഇവിടെ അവശേഷിപ്പിച്ചിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനത്തിനു മുകളിലുള്ള മനുഷ്യര്‍ ഒന്നടങ്കം പറഞ്ഞത് ഒരേ ഒരു കാര്യമാണ്, ''വിശ്വാസയോഗ്യരും, കഴിവും പ്രാപ്തിയും നന്മയുമുള്ളവരുമായ മെത്രാന്മാരും, വൈദികരും അല്‍മായ നേതാക്കളും ഇന്നും സഭയിലുണ്ട്'' എന്നത്. സംഭവിച്ചുപോയ വീഴ്ചകള്‍ ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചും, തെറ്റുപറ്റിയവര്‍ക്ക് നീതിപൂര്‍വമായ തിരുത്തലുകള്‍ കൊടുത്തും, സത്യസന്ധതയും നീതിബോധവും കാലത്തിനൊത്ത വിശ്വാസതീക്ഷ്ണതയും ഉള്ളില്‍ പേറുന്ന പുതിയൊരു നേതൃത്വത്തിനു രൂപംകൊടുത്തു വലിയൊരു മാറ്റത്തിനു തുടക്കം കുറിച്ചാല്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ട് എന്ന വാഗ്ദാനമാണ് മനുഷ്യര്‍ മുന്നിലേക്ക് വച്ച ശുഭാപ്തി!

  • വേടന്‍ വിളമ്പുന്ന വേദം

ഹിരണ്‍ ദാസ് മുരളിയെന്ന ഔദ്യോഗിക നാമത്തിലോ, നീണ്ട അവതാരികകളിലോ മുഖവുരകളിലോ ഒതുങ്ങി നില്‍ക്കാത്ത 'വേടന്‍' എന്ന വിളിപ്പേരുള്ള ഒരു ചെറുപ്പക്കാരന്‍, കേരളത്തിലെ സകല ചെറുപ്പക്കാരുടെയും സിരകളിലും സ്വരങ്ങളിലും അഗ്‌നിപര്‍വതത്തിലെ ലാവ കണക്ക് ചുവന്നൊഴുകി പടരുകയാണ്. പാരമ്പര്യങ്ങളുടെ ഹുങ്കുകളോ പൈതൃകത്തിന്റെ കൊമ്പുകളോ ഇല്ലാത്ത ഒരു പച്ച മനുഷ്യന്‍. തെരുവില്‍ പിറന്ന്, പെരുവഴിയില്‍ നടന്ന്, വളര്‍ന്നു വന്നപ്പോള്‍ ഉടലിലും മനസ്സിലുമൊക്കെ ജാതിക്കൊമ്പു കൊണ്ടും, വിവേചനദണ്ഡു കൊണ്ടുമേറ്റ ചുവന്നപാടുകള്‍ ഉണ്ടായിരുന്നു. അനീതിയോടും പക്ഷപാതങ്ങളോടും പോരാടി കരകയറാന്‍ നോക്കും നേരം, ഒന്നു രണ്ടു വട്ടം തെറ്റിലും കുറ്റത്തിലും വീണുപോയി.

ഒടുവില്‍ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മാധ്യമ വിചാരണ നേരിട്ട് ഒടുവില്‍ പൊതുസമൂഹത്തെ കാണാന്‍ എത്തിയപ്പോള്‍ തന്റെ കവിതയ്ക്ക് തീ കൊടുക്കും മുമ്പ് അയാളൊരു കുമ്പസാരത്തിനു തിരി തെളിച്ചു. തന്നെ കേട്ടു കൊണ്ടു നില്‍ക്കുന്ന ഒരു യുവസാഗരത്തെ നോക്കി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ''ഞാന്‍ നിങ്ങളുടെ മുന്നിലാണ് വന്നു നില്‍ക്കുന്നത്. ഞാന്‍ എന്ന ഒരു വ്യക്തി പൊതുസ്വത്താണ്. തിരുത്താനും തിരുത്തപ്പെടാനും സാധ്യത ഉള്ള ഒരു സ്ഥലത്താണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് ഞാന്‍. നിങ്ങള്‍ക്കു പറയാനുള്ളത് എന്റെ മുഖത്തു നോക്കി പറയാം. നിങ്ങളുടെ മുന്‍പിലാണ് ഞാന്‍ നില്‍ക്കുന്നത്.'' നന്നാകാന്‍ പറ്റുമോയെന്നു നോക്കട്ടെയെന്ന പുനര്‍ജന്മത്തിന്റെ പോരാട്ട ഉടമ്പടിയില്‍ ഒപ്പുവച്ചുകൊണ്ടു അയാളിപ്പോഴും പാട്ട് തുടരുന്നു.

'നന്നാകാന്‍ പറ്റോന്ന് ഞാനൊന്നു നോക്കട്ടെ'യെന്ന് അയാള്‍ പറയുമ്പോള്‍, അവിടെ ഉയര്‍ന്ന ആരവത്തില്‍ മുഴങ്ങുന്നത് ഒരൊറ്റ ധര്‍മ്മവും മൂല്യവുമാണ്, സത്യം!

വീണു പോയ വഴികളെ ഓര്‍ത്ത് സങ്കടപ്പെട്ടും, വന്നു പോയ പിഴവുകളെയോര്‍ത്ത് മാപ്പിരന്നും കൊണ്ട് സത്യസന്ധതയെന്ന കുലീന ധര്‍മ്മത്തെ ഒരു ചെറുപ്പക്കാരന്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കുമ്പോള്‍ അതു കേട്ട് ഒരായിരം പച്ചയായ ചെറുപ്പക്കാര്‍ ആരവം മുഴക്കുന്നത് കേള്‍ക്കുമ്പോഴാണ് നമുക്ക് പിടി കിട്ടുന്നത്, യുവതയുടെ നെഞ്ചില്‍ ധര്‍മ്മം കുടി കൊള്ളുന്നുവെന്ന്. തെറ്റിപ്പോയ ഒരു ചെറുപ്പക്കാരന്റെ ഏറ്റുപറച്ചിലിനെ അവരേറ്റെടുക്കുന്ന സ്വരമാണ് സാഹോദര്യം.

  • മാപ്പുപറച്ചില്‍ കൊണ്ടൊരു വെല്ലുവിളി

തെരുവിന്റെ ഓരത്ത് പിറന്നു വീണ ഒരു സാധാരണക്കാരന്‍ ചെറുപ്പക്കാരന്‍ തന്റെ ഏറ്റുപറച്ചിലിന്റെ കുലീനത കൊണ്ട് ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കും ഇടയിലൂടെ നടന്നു വരുന്നത് ആത്മസന്തോഷത്തോടെ കണ്ടപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞത് വിപരീത ദിശയിലേക്ക് ആത്മീയതയുടെ തോണി തുഴയുന്ന മറ്റൊരു കൂട്ടരെയാണ്. സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മാധര്‍മ്മങ്ങളുടെയും കുത്തകാവകാശം കൈവശം ഉണ്ടെന്നവകാശപ്പെടുന്ന മത, മതനേതാക്കന്മാരാണവര്‍. ആത്മീയതയുടെ അടിസ്ഥാനഭാവമായ 'ദൈവം നോക്കിക്കൊള്ളും' എന്നതിനെ വിസ്മരിച്ചും വിലക്കു കൊടുത്തും 'ദൈവത്തെ ഞങ്ങള്‍ നോക്കി കൊള്ളാം' എന്ന ആത്മീയ വിപണിയുടെ വക്താക്കളാണവര്‍. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, പിടിപാടുകളുടേയും പണമിടപാടുകളുടെയും കവചകുണ്ഡലങ്ങള്‍ കഴുത്തിലുള്ളതിനാല്‍ കുറ്റവും ശിക്ഷയും, കുറവും വീഴ്ചയും തങ്ങളെ ബാധിക്കില്ലെന്നാണ് അവര്‍ കരുതുന്നത്.

അധികാരത്തിന്റെ ആജ്ഞകള്‍ കുറിക്കുന്ന, അച്ചടക്കലംഘനങ്ങള്‍ക്ക് ശിക്ഷകള്‍ വിധിക്കുന്ന ഉത്തരവുകള്‍ക്ക് പകരം ക്ഷമാപണത്തിന്റെയും കുറ്റസമ്മതത്തിന്റെയും തെറ്റുതിരുത്തലിന്റെയും അമ്പത്തിയൊന്നാം സങ്കീര്‍ത്തനങ്ങളാണ് ഇനി മുതല്‍ സീറോ മലബാര്‍ സഭയ്ക്കകത്ത് മുഴങ്ങി കേള്‍ക്കേണ്ടത്.

കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയെന്ന ആത്മീയ വൃക്ഷത്തില്‍ അള്ളിപ്പിടിച്ചിരി ക്കുന്ന അപവാദങ്ങളും ആരോപണങ്ങളും, വിവാദ ങ്ങളും വീഴ്ചകളും, ഇത്തില്‍ ക്കണ്ണി പോലെ സഭയുടെ ചോരയൂറ്റി കൊണ്ടിരിക്കുക യാണ്. പരസ്പരമുള്ള വാഗ്വാദങ്ങളുടെയും വിഴുപ്പെറിയലിന്റെയും വെറുപ്പ് പടര്‍ത്തുന്ന പോളറൈസ്ഡ് പോയ്‌സണ്‍ ലേഖനങ്ങളുടെയും വീഡിയോകളുടെയും പെരുമ്പറ മുഴക്കത്തില്‍ പൊതുജനത്തിന് കേള്‍ക്കാന്‍ സാധിക്കാതെ പോയത് കുറ്റസമ്മതം നടത്തിയ ആത്മീയനേതാക്കന്മാരുടെ അനുതാപസ്വരവും, തെറ്റിപോയെന്ന് ഏറ്റുപറയുന്ന പച്ചമനുഷ്യരുടെ കുലീന ഹൃദയവുമാണ്. 'എനിക്കു തെറ്റു പറ്റിയെന്ന് ഒരു മനുഷ്യനോ, ഞങ്ങള്‍ക്കു പിഴവു പറ്റിയെന്ന് ഒരു കൂട്ടരോ; എന്നോട് ക്ഷമിക്കണമെന്ന് ഒരു മനുഷ്യനോ, ഞങ്ങളോടു പൊറുക്കണമെന്ന് ഒരു കൂട്ടരോ; നന്നാകാന്‍ പറ്റുമോയെന്നു ഞാനൊന്ന് നോക്കട്ടെയെന്ന് ഒരു മനുഷ്യനോ, ഞങ്ങളിനി ശ്രദ്ധിച്ചുകൊള്ളാമെന്നൊരുറപ്പ് ഒരു കൂട്ടരോ പറഞ്ഞതായി' വിശ്വാസസമൂഹമോ പൊതുസമൂഹമോ എപ്പോളെങ്കിലും കേട്ടിരുന്നുവോ?

  • എളിമ വറ്റിയ അധികാരക്കോട്ടകള്‍

തുരുതുരെ പെയ്തിറങ്ങിയ ആരോപണങ്ങളിലും അപവാദങ്ങളിലും ഒന്നില്‍ പോലും കഴമ്പില്ലാഞ്ഞിട്ടാണോ, ആത്മീയതയുടെ നെടുങ്കന്‍ കുപ്പായങ്ങളില്‍ അധര്‍മ്മത്തിന്റെ കറ പുരളില്ല എന്ന അന്ധവിശ്വാസമാണോ ഈ എതിര്‍ത്തു നില്‍പ്പിനു സഭാനേതൃത്വത്തിനു ധൈര്യം കൊടുക്കുന്നത്. സംഭവിച്ചു പോയ തെറ്റ് ഏറ്റു പറഞ്ഞു മാപ്പിരന്നാല്‍ നഷ്ടമാകാന്‍ സാധ്യതയുള്ള പളുങ്കുപദവികളെ കുറിച്ചുള്ള ആധിപുതച്ചവര്‍ക്ക് കൈവെള്ളയില്‍ നിന്നും ചോര്‍ന്ന് പോകുന്ന മനുഷ്യരുടെ ട്രസ്റ്റ് (വിശ്വാസ്യത) എന്ന് പറഞ്ഞ അമൂല്യനിധിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ?

ഓരോ മനുഷ്യബന്ധത്തിന്റെയും ആധാരശിലയാണ് ട്രസ്റ്റ് - വിശ്വാസ്യത. വ്യക്തികള്‍ പരസ്പരവും, കുടുംബങ്ങള്‍ തമ്മില്‍ത്തമ്മിലും സമൂഹങ്ങളുടെ നിലനില്‍പ്പിനും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വിശ്വാസ്യത. നമ്മുടെ സമൂഹത്തില്‍ വിശ്വാസ്യത എന്ന ഘടകം നിര്‍വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെയും, സമൂഹത്തിലെ നിലവിലെ 'ട്രസ്റ്റ് സ്റ്റാറ്റസിനെയും' മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നത് ശാസ്ത്രീയമായ സര്‍വേകളും അതിനെ തുടര്‍ന്നുള്ള വിലയിരുത്തലുകളും പഠനങ്ങളുമാണ്.

2020 ഒക്‌ടോബര്‍ 19 നും നവംബര്‍ 18 നും ഇടയില്‍ നടത്തിയ എഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ സര്‍വേ കണ്ടെത്തലുകള്‍ അനുസരിച്ച് മാധ്യമങ്ങള്‍, പത്രപ്രവര്‍ത്തനം, മതം, രാഷ്ട്രീയം, ബിസിനസ്സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലുള്ള സാമൂഹിക വിശ്വാസ്യത കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചു വര്‍ഷത്തിനപ്പുറം ഈ സര്‍വേ തുടരുമ്പോള്‍ ഈ ട്രസ്റ്റ് ക്രൈസിസ് വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. 2021 ഏപ്രില്‍ 22 മുതല്‍ മെയ് 27 വരെ റോമിലെ ഹോളി ക്രോസ്സ് പൊന്തിഫിക്കല്‍ സര്‍വകലാശാല നടത്തിയ ചര്‍ച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസുകള്‍ക്കായുള്ള പ്രൊഫഷണല്‍ സെമിനാറിലെ പഠനങ്ങളനുസരിച്ച്, സഭാസ്ഥാപങ്ങള്‍ക്കുള്ളിലെ ട്രസ്റ്റ് ക്രൈസിസ് അവിശ്വസനീയമാകും വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

2015 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ സീറോ മലബാര്‍ സഭയില്‍ ഉടലെടുത്ത വിവിധ വിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും പരിണിതഫലമായി പൊതു സമൂഹത്തിന്റെയും വിശ്വാസസമൂഹത്തിന്റെയും സഭാബന്ധവും വ്യക്തിബന്ധങ്ങളും ആടിയുലഞ്ഞു.

ഈ തകര്‍ച്ചയുടെ ആഴം മനസിലാക്കുക, പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസപരിശീലകര്‍ക്കിടയില്‍ നടത്തിയ ട്രസ്റ്റ് സര്‍വേയുടെ റിസള്‍ട്ടും അതിന്റെ വ്യാഖ്യാനപഠനങ്ങളും വെളിവാക്കിയത് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ്. ആയിരക്കണക്കിനാളുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ വിശ്വാസജീവിതത്തിലും വ്യക്തിബന്ധങ്ങളിലും അഭികാമ്യമല്ലാത്തതും വിനാശകരവുമായ അനുഭവങ്ങളിലൂടെ കടന്നുപോയി. എന്നിരുന്നാലും, ശിഥിലീകരിക്കപ്പെട്ട വിശ്വാസ്യതയെ വീണ്ടെടുക്കാന്‍ സഭാനേതൃത്വത്തിന് ഇനിയും അവസരമുണ്ട് എന്ന വലിയ ശുഭാപ്തിയാണ് സര്‍വേയില്‍ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യര്‍ ഒരേ മനസ്സോടെ പങ്കുവച്ചത്.

ട്രസ്റ്റ് സര്‍വേകളുമായി ബന്ധപ്പെട്ട് ആന്‍ ഗ്രിഗറി അവതരിപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, നടത്തപ്പെട്ടിട്ടുള്ള എല്ലാ സര്‍വേകളിലും ഒരേ സ്വരത്തില്‍ അടയാളപ്പെടുത്തുന്ന സത്യം സ്ഥാപനങ്ങളിലെ വിശ്വാസ്യതയുടെ ക്ഷയമാണ് (Institutional Trust Declension).

രണ്ട്, എത്രയൊക്കെ തീവ്രമായ വിശ്വാസവഞ്ചനയുടെ (Trust Violation) അനുഭവങ്ങളിലൂടെ കടന്നുപോയാലും, സത്യസന്ധരായ മനുഷ്യരുടെ നേതൃത്വത്തിലേക്ക് വീണ്ടും ട്രസ്റ്റ് ഇന്‍വെസ്റ്റ് ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാണ്. മൂന്ന്, ഓരോ യഥാര്‍ഥ സര്‍വേയും പങ്കുവയ്ക്കുന്നത്, മാറിക്കൊണ്ടിരിക്കുന്ന സര്‍വസാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ നേതൃനിരയെ സജ്ജമാക്കുന്ന പുതിയ പാഠങ്ങളാണ്.

പണമിടപാടുകളെ നിലപാടു കൊണ്ട് നേരിടേണ്ടവര്‍ രാഷ്ട്രീയപരമായും മതപരമായും സാംസ്‌കാരികപര മായും ബഹുസ്വരത പടര്‍ന്നു കിടക്കുന്ന ഭാരതം പോലെയുള്ള മണ്ണില്‍, സദാകാലവും സദാനേരവും സത്യത്തിനും നീതിക്കും കരം കൊടുത്ത് ഉത്തമ ക്രിസ്ത്യാനിയെന്ന ആധാര്‍കാര്‍ഡ് കഴുത്തില്‍ തൂക്കി ഐഡന്റിറ്റി അടയാളപ്പെടുത്തുക എന്നത് നിസ്സാര ദൗത്യമല്ല.

രണ്ടു സെന്റ് പറമ്പിലെ വീടിനു പുറകില്‍ ഒരു ചാര്‍ത്ത് പണിയാന്‍ അനുവാദം കിട്ടാന്‍ പഞ്ചായത്ത് മുതല്‍ അങ്ങ് തലസ്ഥാനം വരെ ഭരിക്കുന്നവര്‍ക്ക് കൈമടക്കും കള്ളുകുപ്പിയും കൊടുക്കേണ്ട ഗതികെട്ട ഒരു നാട്ടില്‍ കത്തോലിക്ക സഭയ്‌ക്കൊരു കെട്ടിടം പണിയണമെങ്കില്‍ ഏതൊക്കെ മേശ വലിപ്പുകളി ലേക്കും, എത്രയൊക്കെ പോക്കറ്റുകളിലേക്കും സത്യത്തെയും നീതിയെയും വളച്ചൊടിക്കേണ്ടി വരുമെന്നത് ഒരു അസ്തിത്വപ്രശ്‌നമാണ്.

പണമിടപാടു കൊണ്ടു മാത്രം നടപ്പിലാക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ നിലപാടു കൊണ്ടു പൂര്‍ത്തീകരിക്കാന്‍ മാത്രം നീതി നിറഞ്ഞ സഭാനേതൃത്വങ്ങളെ എത്രയിടങ്ങളില്‍ നിന്ന് കണ്ടു കിട്ടും? കൈമടക്കു കൊണ്ട് കാര്യം നടത്തണോ അതോ കര്‍ത്താവിന്റെ കൈയിലേക്ക് കാര്യം കൊടുക്കണോ എന്ന ദ്വന്ദയുദ്ധത്തില്‍ പലപ്പോഴും നീതി നാട് കടത്തപ്പെടുകയും സത്യം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

'ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഏതു നേരവും ഏതു കാലവും പരിപൂര്‍ണ്ണ സത്യസന്ധത പുലര്‍ത്താനാവുക എന്നത് അസാധ്യമാണെന്നിരിക്കിലും, സംഭവിച്ചുപോയ വീഴ്ചകളെയും ധാര്‍മ്മിക പതനങ്ങളെയും അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന മനുഷ്യരെയും സ്ഥാപനങ്ങളെയും ജനം വിലമതിക്കുകയും അവരില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യും' എന്നു പറഞ്ഞത് റോബര്‍ട്ട് ഹെര്‍ലിയാണ്. സീറോ മലബാര്‍ സഭയിലെ വിശ്വാസ്യതാക്ഷയത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നായി ജനങ്ങള്‍ വിലയിരുത്തിയത് 'സത്യസന്ധതയ്ക്കുമേല്‍ വന്നു ഭവിച്ച കപടതയുടെ കറയാണ്,' ഏറ്റുപറയാതെ മറച്ചു വയ്ക്കപ്പെട്ട വീഴ്ചകളും, കുറ്റവാളികളെയും കുറ്റാരോപിതരെയും നീതിപീഠത്തിനോ വിചാരണയ്‌ക്കോ വിട്ടുകൊടുക്കാതെ അനര്‍ഹമായ സംരക്ഷണവും നല്‍കി ആദരിച്ചതുമാണ്. തെറ്റിപ്പോയത് ഒരു വ്യക്തിക്കാണെങ്കിലും, തെറ്റിയത് ഒരു പ്രത്യയശാസ്ത്രമാണെങ്കിലും പക്ഷപാതത്തിന്റെ പാനപാത്രം സഭാനേതൃത്വം അധരത്തോടു അടുപ്പിക്കരുതെന്ന പ്രതീക്ഷയാണ് പൊതുജനത്തിന്റെ നെഞ്ചില്‍ ഉയര്‍ന്നു നില്‍ക്കുന്നത്.

  • അധികാരത്തിലല്ല ആത്മാവിലാണ് ആവേശം കൊള്ളേണ്ടത്

പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള മറ്റേത് നേതൃനിരകളെക്കാളും കുലീനവും ശ്രേഷ്ഠവുമായിരിക്കണം കത്തോലിക്ക സഭാനേതൃത്വം എന്നത് വിശ്വാസികളുടെ മാത്രമല്ല, അവിശ്വാസികളുടെയും നിരീശ്വരവാദികളുടെ പോലും പ്രതീക്ഷയാണ്. ടെല്ലിങ് ട്രൂത് ഇന്‍ ചര്‍ച്ച് എന്ന പുസ്തകത്തില്‍ മാര്‍ക്ക് ജോര്‍ദാന്‍ അനുശാസിക്കുന്നതു പോലെ 'ഉറക്കെ വിളിച്ചു പറയാന്‍ പോകുന്ന സത്യം എത്രതന്നെ അലോസരപ്പെടുത്തുന്നതാണെങ്കിലും, പ്രസംഗപീഠത്തില്‍ നില്‍ക്കുന്ന മനുഷ്യന്റെ (വൈദികന്‍, മെത്രാന്‍) ഒഴികഴിവുകള്‍ ഇല്ലാത്ത ധര്‍മ്മവും കര്‍മ്മവും ആ സത്യം ഉറക്കെ വിളിച്ചു പറയുക എന്നതു തന്നെയാണ്.' ക്രിസ്തു വിഭാവനം ചെയ്ത പരിപൂര്‍ണ്ണതയിലേക്ക് തീര്‍ഥാടനം നടത്തുന്ന ബലഹീനരുടെയും പാപികളുടെയും ഗണമാണ് സഭ എന്ന സത്യം വിസ്മരിച്ച്, എല്ലാം തികഞ്ഞ മനുഷ്യന്മാരുടെ പേടകമാണ് സഭ എന്ന തെറ്റിദ്ധാരണയില്‍ അഭിരമിക്കുന്നതാണ് അബദ്ധം. അപ്പസ്‌തോല പൈതൃകവും, ശ്ലൈഹിക പാരമ്പര്യവും അവകാശമായി ഏറ്റുപറഞ്ഞ്, ആത്മാഭിമാനവും അധീശത്വവുമൊക്കെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനൊപ്പം ഉയര്‍ത്തി പിടിക്കേണ്ടതായ അപ്പസ്‌തോല പതനങ്ങളെയും കുലമഹിമകളുടെ തര്‍ക്കക്കഥകളുടെയും കളങ്കഗീതങ്ങളെ നാം വിസ്മരിക്കരുത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീര്‍ത്തിയെപ്പറ്റി നാം ആവേശം കൊള്ളുമ്പോള്‍, മൂന്നാവര്‍ത്തി തള്ളി പറഞ്ഞ പത്രോസെന്ന ആ പ്രഥമ പുരുഷനെ മറക്കരുത്. ഭാരതം കതിര് കണ്ടെന്നൊക്കെ ഊറ്റം കൊണ്ട് പാടുമ്പോള്‍, കണ്ടാലേ വിശ്വസിക്കൂ എന്ന കവിത പാടിക്കൊണ്ടിരുന്ന സംശയത്തിന്റെ അപ്പസ്‌തോല ചരിതം മറക്കരുത്. തള്ളിയവനെയും ഒറ്റിയവനെയും സംശയിച്ചവനെയും ഒരേ പാഠപുസ്തകത്തില്‍ എഡിറ്റ് ചെയ്യാതെ തുന്നിച്ചേര്‍ത്ത പരിശുദ്ധാത്മാവിന് അത്ര ബോധ്യമുണ്ടായിരുന്നു, പിന്നാലെ പ്രദക്ഷിണം പോലെ നിരന്നു നില്‍ക്കാന്‍ പോകുന്ന പച്ച മനുഷ്യരും സമാനമായി ഇടറുമെന്നും വീഴുമെന്നും ഒറ്റുമെന്നും ഓടിയൊളിക്കുമെന്നും.

ദൈവം തിരഞ്ഞെടുത്തവര്‍ ക്കെല്ലാം ഒരു പതനത്തിന്റെ കഥ പറയാനുണ്ടായിരുന്നു. ഓരോ പതനവും അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്ത സത്യമിതായിരുന്നു, ദൈവത്തിന്റെ കരം വിട്ടകന്നാല്‍ വീഴ്ചയാണെന്നും, അതേറ്റു പറഞ്ഞു മാപ്പിരന്നാല്‍ ഉയിര്‍പ്പാണെന്നും. ദൈവനാമത്തില്‍ വേലയ്ക്കിറങ്ങുമ്പോള്‍ തെറ്റി പോകുന്നവരും തോറ്റു പോകുന്നവരുമേറെയാണ്. എന്നാല്‍ കുറ്റമേറ്റു പറയാതെയും മാപ്പിരക്കാതെയും ധാര്‍ഷ്ട്യത്തിന്റെ അധികാര ദണ്ഡില്‍ പിടിമുറുക്കി മനുഷ്യരോടു പോര് നടത്തുമ്പോള്‍ പരാജയപ്പെടുന്നത് സഭയും ക്രിസ്തുവുമാണ്.

പോള്‍ കെന്നഡിയുടെ പ്രായോഗിക നിര്‍ദേശരൂപത്തില്‍ പറഞ്ഞാല്‍, 'വൈദികഗണത്തില്‍പെട്ടൊരാള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ ചെയ്താല്‍, സിവില്‍ നിയമത്തില്‍ വിലക്കപ്പെട്ട മറ്റെന്തെങ്കിലും ചെയ്താല്‍ ആ വ്യക്തി വിചാരണ നേരിടണം. രൂപതയ്ക്കു പുറത്തേക്കുള്ള ഏതെങ്കിലും ഓഫീസുകളിലേക്കുള്ള വ്യാജ സ്ഥലമാറ്റങ്ങള്‍ ഉണ്ടാകരുത്.' സംഭവിച്ചു പോയ വീഴ്ചകളുടെ നിജസ്ഥിതി അറിയുംവരെ കുറ്റാരോപിതനായ വ്യക്തിയെ ചുമതലകളില്‍ നിന്നുടനെ നീക്കം ചെയ്യുകയും രാജിവയ്പ്പിക്കുകയും ചെയ്യുന്നത്, സഭയിലെ സുതാര്യതയുടെ പ്രകടമായ നടപടിയാണ്.

  • മാപ്പെന്ന മരുന്നും സാഹോദര്യമെന്ന സൗഖ്യവും

ഏറ്റുപറച്ചിലുകളും മാപ്പിരക്കലുകളും പൂര്‍ണ്ണമാകുന്നതും നീതിയുക്തമാകുന്നതും തെറ്റുതിരുത്തല്‍ നടപടികളിലേക്കും, സത്യത്തിന്റെ പുനസ്ഥാപനത്തിലേക്കും സഭാനേതൃത്വം ചുവടു വയ്ക്കുമ്പോള്‍ മാത്രമാണ്. അമേരിക്കന്‍ സഭാചരിത്രത്തിന്റെ വിശുദ്ധതാളുകളില്‍ ചിതല്‍പുറ്റ് പോലെ പോറലേറ്റ സെക്‌സ് അഭ്യൂസ് വിവാദങ്ങള്‍ക്കു മേല്‍ 'മാപ്പെ'ന്ന ലേപനം പുരട്ടികൊണ്ടു USCCB (United States Conference of Catholic Bishops) സഭാ ഗാത്രത്തെ സൗഖ്യത്തിലേക്കു നയിച്ചത് ഒരൊറ്റ വാക്യം ഉച്ചരിച്ചു കൊണ്ടാണ്: 'മെത്രാന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കുന്നു. നിഷ്‌കളങ്കരായ മനുഷ്യരുടെ വലിയ സഹനത്തെ ഓര്‍ത്തു ഞങ്ങള്‍ മാപ്പിരക്കുന്നു. വന്നു പോയ എല്ലാ കുറവുകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന്, കത്തോലിക്ക സഭാമക്കളുടെ വേദനയില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു.' ആണ്ടുകളായി മറച്ചുവയ്ക്കപ്പെട്ട വലിയ പാപത്തിന്റെ പരിഹാരമെന്ന വിധമായിരുന്നു അനുതാപത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ആ ലുത്തിനിയ. ബലഹീനരും ദുര്‍ബലരും പാപികളുമായ ചില മനുഷ്യരുടെ പാപത്തിനു പരിഹാരമെന്നവിധം ഒരു മെത്രാന്‍ സമിതി മാപ്പിരന്നപ്പോള്‍, മാപ്പ് നല്‍കലിന്റെ മനുഷ്യരെല്ലാരും ഒന്നു ചേര്‍ന്ന് ആമേന്‍ എന്നുച്ചരിച്ചു.

അധികാരത്തിന്റെ ആജ്ഞകള്‍ കുറിക്കുന്ന, അച്ചടക്കലംഘനങ്ങള്‍ക്ക് ശിക്ഷകള്‍ വിധിക്കുന്ന ഉത്തരവുകള്‍ക്ക് പകരം ക്ഷമാപണത്തിന്റെയും കുറ്റസമ്മതത്തിന്റെയും തെറ്റുതിരുത്തലിന്റെയും അമ്പത്തിയൊന്നാം സങ്കീര്‍ത്തനങ്ങളാണ് ഇനി മുതല്‍ സീറോ മലബാര്‍ സഭയ്ക്കകത്ത് മുഴങ്ങി കേള്‍ക്കേണ്ടത്. ആധുനിക കാലത്തിലെ ഇളംതലമുറയിലെ യുവത, തെറ്റിപ്പോയതേറ്റു പറഞ്ഞു മാപ്പു ചോദിക്കുകയും, ചോദിച്ചവന്റെ ശിരസ്സ് കുമ്പിടാന്‍ അനുവദിക്കാതെ മാപ്പു കൊടുക്കുകയും ചെയ്യുകയാണ്. അതേ, ചരിത്രം ആവര്‍ത്തിക്കുകയാണ്. മുതിര്‍ന്നവരെ ലജ്ജിപ്പിക്കാന്‍ 'അവന്‍' കുഞ്ഞുങ്ങളെ വച്ചൊരു കളി കളിക്കുകയാണ്. വേടന്‍ ഓതിവിട്ട വേദം പോലെ, 'നന്നാകാന്‍ പറ്റുമോ' എന്ന് നമുക്കും ഒന്ന് നോക്കാം.

  • (റോമിലെ പൊന്തിഫിക്കല്‍ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍ ലേഖകന്‍ തന്നെ 2024 നവംബറില്‍ അവതരിപ്പിച്ച Transmission of the Identity of the Church Institution through the Inspiration and Communication of Trust - A Research on the Impact of Controversies in the Syro Malabar Church Institutions in a Digital Communication Driven Society എന്ന പ്രബന്ധത്തെ ആസ്പദമാക്കി എഴുതിയത്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org