ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ കുതിച്ചുയരുമ്പോള്‍...

ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ കുതിച്ചുയരുമ്പോള്‍...
ന്യൂനപക്ഷങ്ങള്‍ നിലവിലെ ഭരണകൂടത്തിനു കീഴില്‍ സുരക്ഷിതരാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക്, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വശക്തികള്‍ നല്കിയ ''ക്രിസ്മസ് സമ്മാനങ്ങള്‍'' വ്യക്തമായ മുന്നറിയിപ്പാണ്...

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'ക്രിസ്മസ് സമ്മാനം' ആയിരുന്നു അത്. ക്രിസ്മസ് വാരത്തില്‍ ഹിന്ദുത്വശക്തികള്‍ രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിഞ്ഞാടി. നിരവധി പള്ളികളും സഭാസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഗുണ്ടാ സംഘങ്ങള്‍ നാശം വിതച്ചു കറങ്ങി, പള്ളികള്‍ നശിപ്പിക്കുകയും, പ്രതിമകള്‍ തകര്‍ക്കുകയും, ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും, ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രതികാരവാഞ്ചയോടെ അവര്‍ പരക്കം പാഞ്ഞു, ന്യൂനപക്ഷങ്ങള്‍ നിലവിലെ ഭരണകൂടത്തിന്റെ കരങ്ങളില്‍ സുരക്ഷിതരാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശമാണിത്.

1. ക്രിസ്മസ് രാത്രിയില്‍, ബജ്‌റംഗ് ദളിലെയും മറ്റ് ഹിന്ദുത്വ സംഘടനകളിലെയും അംഗങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആഗ്രയിലെ ഒരു തെരുവിന് നടുവില്‍ 'സാന്താക്ലോസ് മൂര്‍ദാബാദ്' എന്ന് ആക്രോശിച്ചുകൊണ്ട് സാന്താക്ലോസിന്റെ കോലം കത്തിച്ചു.

2. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍, ഒരു ക്രിസ്മസ് പരിപാടി നടക്കുന്നതിനുമുമ്പ് മാതൃധാം ആശ്രമത്തിന് പുറത്ത് കാവി പതാകയുമായി ഒരു കൂട്ടം വര്‍ഗീയവാദികള്‍ പ്രതിഷേധിച്ചു. 20-30 പേരടങ്ങുന്ന സംഘം 'മതപരിവര്‍ത്തനം നിര്‍ത്തുക', 'സഭ മൂര്‍ദാബാദ്', 'ക്രിസ്ത്യന്‍ മിഷനറിമാര്‍ നിങ്ങളുടെ ബോധം കളയുന്നു' എന്നിവയ്‌ക്കൊപ്പം 'ജയ് ശ്രീറാം' മുദ്രാവാക്യവും വിളിച്ചുകൊണ്ടി രുന്നു.

3. ഹരിയാനയിലെ ബജ്റംഗ്ദളിന്റെ ഒരു വിഭാഗം ''സാന്തായിലൂടെയുള്ള മതപരിവര്‍ത്തനം'' എന്ന പ്രമേയം മുന്‍നിറുത്തിയാണു പ്രവര്‍ത്തിച്ചത്. ഇതിന്റെ നേതാവായ ഹരീഷ് രാംകാലി ഡിസംബര്‍ 23-ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോട്ടോകള്‍ സഹിതം പോസ്റ്റിട്ടു. മാതാപിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളെ സാന്താക്ലോസിന്റെ വേഷം അണിയിച്ചാല്‍ അവര്‍ക്കെതിരെ കേസ് എടുത്ത് സ്‌കൂള്‍ അടച്ചുപൂട്ടുമെന്നായിരുന്നു അയാളുടെ ഭീഷണി. ബജ്‌റംഗ്ദളുകാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതിന്റെയും സ്‌കൂള്‍ അധികൃതരെന്ന് കരുതുന്ന ആളുകളുമായും സാന്താ തൊപ്പി ധരിച്ച കുട്ടികളുമായും സംസാരിക്കുന്നതിന്റെയും ചിത്രങ്ങളും സ്‌കൂളുകളുടെ പേരുകളും വച്ചുകൊണ്ട് അയാള്‍ ക്രിസ്മസ് രാത്രിയില്‍ വീണ്ടും പോസ്റ്റുകളിട്ടു.

രാജ്യം അതിന്റെ ഏറ്റവും പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രശ്‌നങ്ങളെ സംബന്ധിച്ച് അസന്ദിഗ്ദ്ധമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്; അനീതി, അടിച്ചമര്‍ത്തല്‍, പീഡനം, അക്രമം എന്നിവയുടെ മുന്നില്‍ നിശബ്ദത പാലിക്കുന്നത് അന്യായമാണ്. ഒരു മിണ്ടാപ്രാണിയായി തുടരുകയോ ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെ ദുര്‍ബലമായി പ്രതികരിക്കുകയോ ചെയ്താല്‍ സഭ അതിന്റെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കായി നില കൊള്ളുകയും സാധാരണക്കാരെ പരാജയപ്പെടുത്തുന്ന ഭരണവര്‍ഗവുമായി കൂട്ടുകൂടാതിരിക്കുകയും ചെയ്യേണ്ടത് സഭാ നേതാക്കളുടെ ഉത്തരവാദിത്വമാണ്.

4. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയ വേദിയില്‍ കുറച്ച് വര്‍ഗീയവാദികള്‍ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു.

5. ക്രിസ്മസ് രാത്രിയില്‍, അംബാല കന്റോണ്‍മെന്റിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ദിവ്യ രക്ഷക ദേവാലയ വളപ്പിലെ യേശുക്രിസ്തുവി ന്റെ പ്രതിമ അജ്ഞാതരായ രണ്ട് അക്രമികള്‍ തകര്‍ത്തു.

6. ഹരിയാനയിലെ ഗുരുഗ്രാമില്‍ ക്രിസ്മസ് ദിനത്തില്‍, ഒരു കൂട്ടം ഹിന്ദുത്വ മതമൗലികവാദികള്‍ ക്രിസ്മസ് പരിപാടി സംഘടിപ്പിക്കുന്ന സ്‌കൂളില്‍ കടന്നു സ്റ്റേജിലേക്ക് ഇരച്ചുകയറി. ''ഞങ്ങള്‍ ക്രിസ്ത്യാനികളോട് അനാദരവ് കാണിക്കുന്നില്ല, പക്ഷേ ഞാന്‍ അടുത്ത തലമുറയോട് പറയുന്നു, നിയമങ്ങള്‍ പാലിക്കുക... അത്യാഗ്രഹം കൊണ്ട് ഒരു മതത്തിലേക്കും പോകരുത് അല്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരം നശിപ്പിക്കപ്പെടും. അത് സംരക്ഷിക്കാന്‍ നിങ്ങള്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്... ആ പ്രതിജ്ഞയെടുത്ത് 'ജയ് ശ്രീറാം' ജപിക്കുക.'' എന്ന് ഒരാള്‍ അവിടെ പ്രസംഗിക്കുന്നതിന്റെ വീഡിയോ ലഭ്യമാണ്.

പിന്നീട് 'ജയ് ശ്രീറാം', 'സനാതന്‍ ധര്‍മ്മ കി ജയ്', 'മതവിശ്വാസമില്ലാത്തവര്‍ നശിക്കട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരുന്നു.

7. അസമില്‍, സില്‍ച്ചാറില്‍ ക്രിസ്മസ് അര്‍ദ്ധരാത്രി ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്നതിനും ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. ഹിന്ദുക്കള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത ഈ ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പള്ളിയില്‍ ബലം പ്രയോഗിച്ചു കയറിച്ചെന്നത്.

8. കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്ന സ്‌കൂളില്‍ ഹിന്ദുത്വസംഘടനയുടെ അംഗങ്ങള്‍ ഇരച്ചു കയറുകയും അധ്യാപകരോട് ആഘോഷങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാണ്ഡ്യയിലെ പാണ്ഡവപുര ടൗണിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈസ്‌കൂളിലും കോളേജിലും നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തില്‍ തടിച്ചുകൂടിയ അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും നേരെ ഒരു കൂട്ടം ആളുകള്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂട്ടത്തില്‍നിന്ന് ഒരാള്‍, തോളില്‍ കാവിഷാള്‍ അണിയാന്‍ അനുവദിക്കുമോ എന്ന് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

9. മേല്‍പ്പറഞ്ഞ പട്ടികയിലെ ഏറ്റവും പുതിയ ഇനം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ 'എഫ്സിആര്‍എ പുതുക്കാനുള്ള വിസമ്മതം' ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വകയാണിത്.

അക്രമങ്ങളുടെ തിരക്കഥകള്‍ മുതിര്‍ന്ന ഹിന്ദുത്വ നേതാക്കള്‍ വളരെ നേരത്തെ തന്നെ എഴുതി വച്ചിട്ടുള്ളതാണ്. മധ്യപ്രദേശിലെ ഒരു ബി.ജെ.പി. നിയമസഭാംഗം അടുത്തിടെ ഇന്ത്യയെ 'ചാദര്‍ മുക്ത്, ഫാദര്‍ മുക്ത്' (ശിരോവസ്ത്രമണിയുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ) ആക്കണം എന്ന് പറഞ്ഞതില്‍ നിന്ന് അവരുടെ ലക്ഷ്യമാണു മറ നീക്കി പുറത്തുവന്നത്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പ്, ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ''മതപരിവര്‍ത്തനം നിര്‍ത്തുക'' എന്നാവശ്യപ്പെട്ടു നടത്തിയ റാലിയില്‍ ആയിരത്തിലധികം ആളുകള്‍ ഒത്തുകൂടി. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട്, തീവ്രവലതുപക്ഷ ഹിന്ദു നേതാവായ പരമാത്മാനന്ദ മഹാ രാജ്, 'മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികളെ ഒരു പാഠം പഠിപ്പിക്കാന്‍ കോടാലിയെടുക്കാന്‍' ജനങ്ങളോട് ആഹ്വാനം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് രണ്ടാം തരം പൗരന്മാരായി 'ഒന്നും അവകാശപ്പെടാതെ... പൗരന്റെ അവകാശങ്ങള്‍ പോലുമില്ലാതെ' ഈ രാജ്യത്തു കഴിയാം എന്നു മുന്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് എം.എസ്. ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിന്റെ പുതുക്കിയ പതിപ്പാണ് ഇത്തരം ആഹ്വാനങ്ങള്‍.

'കന്യാസ്ത്രീകളുടെ വേഷമണിഞ്ഞ മാലാഖമാര്‍' എന്ന് അറിയപ്പെടുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാത്തതാണ് ഏറ്റവും ക്രൂരമായ ആക്രമണം. 'പ്രതികൂലസംഭാവനകള്‍' എന്ന ദുരൂഹമായ ആരോപണമാണ് അതിനു കാരണമായി ഉന്നയിച്ചത്. മാനവസമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്നതിന് ഏറെ പ്രശംസിക്കപ്പെടുന്ന ഈ സന്യാസിനീസമൂഹം നടത്തുന്ന വിവിധ അഗതിമന്ദിരങ്ങളിലെ 22,000-ലധികം അന്തേവാസികളുടെ ജീവിതത്തെ സര്‍ക്കാര്‍ തീരുമാനം പ്രതികൂലമായി ബാധിക്കും. ഗുജറാത്തില്‍ ഇതേ കോണ്‍ഗ്രിഗേഷന്‍ നടത്തുന്ന ശിശുഭവനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച്ചകള്‍ കഴിഞ്ഞപ്പോഴേക്കുമാണ് ഈ നടപടി.

മുസ്ലീം സമുദായത്തിനെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടത്തിയ സന്യാസി സംഗമത്തിലുയര്‍ന്ന കൊലവിളി മതേതരത്വത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് വന്നിരിക്കുന്നത്. വംശഹത്യയ്ക്കും അക്രമത്തിനും പരസ്യമായി ആഹ്വാനം ചെയ്ത പ്രതികളുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് ഉത്തരാഖണ്ഡ് പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത് എന്നതും ഇന്നുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നതും ഭയാനകമായ സാഹചര്യമാണ്.

ക്രിസ്ത്യാനികള്‍ ഹിന്ദുത്വ വാദികള്‍ക്ക് എളുപ്പം തകര്‍ക്കാവുന്ന ഇരകളായി മാറുമ്പോഴും ഭയപ്പെടുത്തുന്നത് നിയമപാലകരുടെ നിസ്സംഗതയാണ്. വര്‍ഗീയവാദ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും ക്രിസ്ത്യാനികളെ വേട്ടയാടുകയും ചെയ്യുമ്പോള്‍, പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നേരെ കണ്ണടയ്ക്കുന്നു. കുറ്റവാളികളെ പിടികൂടി ജയിലില്‍ അടയ്ക്കുന്നതിനുപകരം, അവര്‍ ക്രിസ്ത്യാനികളോട് പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതേ നിയമ പാലനസംവിധാനം അതിവേഗം നടപടിയെടുക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള മുദ്രാവാക്യം ആകര്‍ഷകമാണ്: സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തോടെ). ഇത് കേള്‍ക്കാന്‍ നല്ലതാണ്; ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ, 'എല്ലാവരും' എന്നതില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് തോന്നുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയ ഭൂമിയില്‍ അവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളാണ് അതിനു തെളിവ്. അതിര്‍ത്തികളില്‍ ഉതിര്‍ക്കപ്പെടുന്ന വെടിയുണ്ടകളേക്കാള്‍ ഉച്ചത്തിലുള്ള സന്ദേശമാണത്: 'വംശീയ ഭൂരിപക്ഷം' രാജ്യത്തെ സ്വന്തമാക്കിയിരിക്കുന്നു, ന്യൂനപക്ഷങ്ങള്‍ക്കിവിടെ വലിയ കാര്യമില്ല.

ചില ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് പാതി മനസ്സോടെയുള്ള നിഷേധപ്രസ്താവനകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും, ഹിന്ദുരാഷ്ട്രത്തിലേക്കുള്ള പാത അതിവേഗം വിശാലമായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ ഈ ദൗത്യത്തിന്റെ മുന്നോടിയായിട്ടാണു തോന്നുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മിര്‍പൂരില്‍ മറ്റൊരു കാവി നാടകം അരങ്ങേറി. അവിടെ രണ്ട് കന്യാസ്ത്രീകള്‍ ബസില്‍ കയറുമ്പോള്‍ ഹിന്ദുത്വ വാദികള്‍ ആക്രമിച്ചു. അതേ ദിവസം, അതേ സംസ്ഥാനത്ത് മറ്റൊരു ക്രൂരമായ ആക്രമണത്തില്‍, ഏഴ് പാസ്റ്റര്‍മാരെ ആരാധനാലയത്തില്‍നിന്ന് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചില ഗ്രാമങ്ങളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കന്യാസ്ത്രീകളെയും രണ്ട് സന്യാസാര്‍ത്ഥിനികളെയും ആക്രമിക്കുകയും ഝാന്‍സിയില്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയും മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തിട്ട് അധിക നാളായില്ല.

മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കാത്തലിക് മിഷനറിമാര്‍ നടത്തുന്ന ഒരു സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടുത്തിടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് വന്ന ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. ക്ലാസ് മുറികളില്‍ പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ഥികള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ആക്രമണത്തിന് കാരണം സമീപത്തെ ഒരു പള്ളിയില്‍ നടന്ന ആദ്യകുര്‍ബാനസ്വീകരണമാണ്. ഇത് മതപരി വര്‍ത്തനമാണെന്ന് സംഘികള്‍ കരുതി. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ എ സി മൈക്കിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 478 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ഈ ആക്രമണങ്ങള്‍ ചില സന്ദേശങ്ങള്‍ നല്‍കുന്നു. അപകടത്തിലായിരിക്കുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശവും അവര്‍ക്ക് ഇഷ്ടമുള്ള മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവുമാണ്.

വലതുപക്ഷ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും ക്രിസ്ത്യാനികളെ വലിച്ചിഴയ്ക്കുകയും ചെയ്യുമ്പോള്‍ നിയമപാലകര്‍ പുലര്‍ത്തുന്ന നിസ്സംഗത ഭയാനകമാണ്. കൊള്ളയടിച്ചു മുന്നേറുന്ന കാവിപ്പടയെ കാണുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിമകളായി മാറുന്നു, നിര്‍ഭാഗ്യരായ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.

ക്രിസ്ത്യാനികളായിരിക്കാനുള്ള ക്രിസ്ത്യാനികളുടെ അവകാശം ഭൂരിപക്ഷ മതത്തെ പിന്തുടരുന്നവരുടെ അവകാശങ്ങളെക്കാള്‍ ഭരണഘടനാപരമായി ഒട്ടും കുറവല്ല. ഹിന്ദുത്വശക്തികള്‍ തികച്ചും അടിസ്ഥാനരഹിതമായി ആരോപിക്കുന്നത് പോലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ ഈ രാജ്യത്ത് നിയമങ്ങളുണ്ട്. ആ അധികാരം വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കോടതികള്‍ വിട്ടുകൊടുത്തിട്ടില്ല.

ബി.ജെ.പി സര്‍ക്കാരുകളും സംഘപരിവാര്‍ വിഭാഗങ്ങളും ഒരു കാര്യത്തില്‍ മിടുക്കരാണ്: കാര്യങ്ങള്‍ ദുഷ്‌കരമാകുമ്പോള്‍ കാറ്റു തങ്ങള്‍ക്കനുകൂലമാക്കാന്‍ വ്യാജ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരിക. പാര്‍ട്ടി ഭരിക്കുന്ന ചില സം സ്ഥാനങ്ങളിലെ സമീപകാല സംഭവവികാസങ്ങള്‍ എന്തെങ്കിലും ന്യായമോ യുക്തിസഹമായ വിശദീകരണങ്ങളോ ഇല്ലാത്ത ഈ അവസരവാദ നീക്കങ്ങളുടെ തെളിവാണ്.

വിവിധ കോണുകളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് അവഗണിച്ച് ക്രിസ്ത്യന്‍ പള്ളികളിലും സ്ഥാപനങ്ങളിലും സര്‍വേ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം ഒരു ഉദാഹരണമാണ്. ഗവണ്‍മെന്റിന്റെ വിവിധ വിഭാഗങ്ങളുടെ പക്കല്‍ ഇവ സംബന്ധിച്ച പൂര്‍ണമായ സ്ഥിതിവിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ, ഇത് ഒരു ദുഷിച്ച നടപടിയാണ്. മാത്രമല്ല, സര്‍വേയില്‍ ക്രിസ്ത്യാനികള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ, സംസ്ഥാനത്തെ എല്ലാ സമൂഹങ്ങളെയും ഇതിലുള്‍പ്പെടുത്തിയിട്ടില്ല. ഇത് ഈ ഹീനമായ തീരുമാനത്തിന് പിന്നിലെ സംശയാസ്പദമായ ഉദ്ദേശ്യം തുറന്നുകാട്ടുന്നു. വിരോധാഭാസമെന്നു പറയട്ടെ, രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനുകളും സംഘടനകളും ജാതി സംബന്ധിച്ച ഒരു വിശാല ഇന്ത്യന്‍ സര്‍വേയ്ക്ക് വേണ്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതേ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അതു നിഷേധിക്കുകയാണ്. വാസ്തവത്തില്‍, ജാതി സെന്‍സസ് അനിവാര്യമാണ്, കാരണം അതിന്റെ അഭാവത്തില്‍ നിലവിലുള്ള സംവരണ ആനുകൂല്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

ക്രിസ്ത്യാനികളെ പീഡിപ്പിക്കാനുള്ള മറ്റൊരു നീക്കമായാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ നിയമസഭയില്‍ പാസാക്കിയത്. സര്‍ക്കാര്‍ ആരോപിക്കുന്നത് പോലെ നിര്‍ബന്ധിത മതപരിവര്‍ത്തനം ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിയമങ്ങള്‍ക്ക് രാജ്യത്ത് ഒരു കുറവുമില്ല. അതിനാല്‍ മറ്റൊരു നിയമം കൊണ്ടുവരുന്നത് ക്രിസ്ത്യാനികളെ സാധ്യമായ എല്ലാ വിധത്തിലും വേട്ടയാടാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല.

സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് സൂചന ഉള്‍ക്കൊണ്ടിട്ടെന്ന പോലെ, ഒട്ടും സമയം പാഴാക്കാതെ, സംസ്ഥാനത്തെ ബെലഗാവി ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അഭൂതപൂര്‍വമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍. അവര്‍ പള്ളികളിലും പ്രാര്‍ത്ഥനാലയങ്ങളിലും അതിക്രമിച്ച് കയറുകയും അവിടെ ഒരുമിച്ചുകൂടിയ ആളുകളെ ആക്രമിക്കുകയും ചെയ്തു.

ഹിന്ദുത്വ നേതാക്കള്‍ പറയുന്ന ഒഴികഴിവുകളും ന്യായങ്ങളും എന്തുതന്നെയായാലും, അവരുടെ ലക്ഷ്യം സംശയാതീതമാണ്: ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക, എംഎസ് ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്തതുപോലെ ന്യൂന പക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി നിലനിര്‍ത്തുക.

എന്നിരുന്നാലും, സഭാധികാരികള്‍ ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതായി തോന്നുന്നില്ല. 'ഒരു മെച്ചപ്പെട്ട ലോകത്തെ കെട്ടിപ്പടുക്കുന്നതില്‍ നിന്നു സഭയ്ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല, മാത്രമല്ല സമൂഹത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കാതിരിക്കാനും അവള്‍ക്ക് കഴിയില്ല,' എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രത്തെല്ലി തൂത്തിയില്‍ (എല്ലാവരും സഹോദരങ്ങള്‍) പറഞ്ഞു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും, ജനങ്ങളുടെ നന്മ ഉള്‍പ്പെടുന്ന ജീവിതത്തിന്റെ രാഷ്ട്രീയ മാനം ത്യജിക്കാന്‍ സഭയ്ക്ക് കഴിയില്ലെന്ന് മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിക്കുന്നു. ഇന്ത്യന്‍ സഭ അതിന്റെ അസ്തിത്വത്തില്‍ അരാഷ്ട്രീയമാണെന്ന സന്ദേശം നല്‍കുന്ന സമയത്താണ് പോപ്പിന്റെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നത്. രാഷ്ട്രീയത്തെ തിരഞ്ഞെടുപ്പ് അല്ലെങ്കില്‍ കക്ഷിരാഷ്ട്രീയ കോണില്‍നിന്ന് മാത്രം വീക്ഷിച്ചാല്‍ സഭയ്ക്ക് അരാഷ്ട്രീയതയാകാം. എന്നാല്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയം എന്നതുകൊണ്ടു സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍, നല്ല ഭരണത്തിന് വേണ്ടി വാദിക്കുക, മോശം നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക എന്ന് അതിനര്‍ത്ഥമുണ്ട്.

അതിനാല്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കക്ഷി രാഷ്ട്രീയത്തിലും പ്രവേശിക്കാതെ തന്നെ, സഭയ്ക്ക് രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ അതിന്റെ പങ്ക് വഹിക്കാനാകും. മാര്‍പാപ്പയുടെ വാക്കുകള്‍ ഒരു തീപ്പൊരി ജ്വലിപ്പിക്കുകയും ആളിക്കത്തിക്കുകയും നീതിയുക്തമായ ഒരു സമൂഹം ഉറപ്പാക്കുന്നതില്‍ സഭയുടെ പങ്ക് വഹിക്കുന്നുവെന്നുറപ്പാക്കാന്‍ അതിനെ സഹായിക്കുകയും വേണം.

ഭരണ-പൗരോഹിത്യവര്‍ഗങ്ങളെ വെല്ലുവിളിക്കുന്നതിനും അവരുടെ മേല്‍ക്കോയ്മയെ ധിക്കരിക്കുന്നതിനും ഒരു മടിയും കാണിക്കാതിരുന്ന യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല സഭയുടെ മാതൃക. ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും പ്രതിബന്ധങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന നിയമങ്ങളെ അവന്‍ അപലപിച്ചു. ഭരണവര്‍ഗം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അനീതികളെ അവന്‍ എതിരിട്ടു. സ്‌നാപക യോഹന്നാനുമുണ്ട്, സഭയ്ക്കു വഴിതെളിക്കുന്ന ചൈതന്യമായി. ഭരണാധികാരിയുടെ അനീതിയെ അദ്ദേഹം പരസ്യമായി വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും അതിനെതിരെ മനുഷ്യ മനഃസാക്ഷിയെ ഉണര്‍ത്തുകയും ചെയ്തു.

യേശുക്രിസ്തുവിന്റെയും സ്‌നാപക യോഹന്നാന്റെയും മാതൃകയില്‍ സഭ അതിന്റെ പങ്ക് ആവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം അതിന്റെ ഏറ്റവും പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രശ്‌നങ്ങളെ സംബന്ധിച്ച് അസന്ദിഗ്ദ്ധമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്; അനീതി, അടിച്ചമര്‍ത്തല്‍, പീഡനം, അക്രമം എന്നിവയുടെ മുന്നില്‍ നിശബ്ദത പാലിക്കുന്നത് അന്യായമാണ്. ഒരു മിണ്ടാപ്രാണിയായി തുടരുകയോ ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെ ദുര്‍ബലമായി പ്രതികരിക്കുകയോ ചെയ്താല്‍ സഭ അതിന്റെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും സാധാരണക്കാരെ പരാജയപ്പെടുത്തുന്ന ഭരണവര്‍ഗവുമായി കൂട്ടുകൂടാതിരിക്കുകയും ചെയ്യേണ്ടത് സഭാ നേതാക്കളുടെ ഉത്തരവാദിത്വമാണ്.

കാല്‍ക്കീഴില്‍ നിന്നു മണ്ണൊലിച്ചു പോകുന്നത് സഭാ മേലധ്യക്ഷന്മാര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സ്പര്‍ശിക്കാതെ പത്രക്കുറിപ്പുകളിലൂടെയുള്ള മുട്ടുമടങ്ങിയ പ്രതികരണം ആക്രമണകാരികള്‍ക്കുനേരെ കണ്ണടയ്ക്കുന്നതിന് തുല്യമാണ്. ഭരണകൂടം ഈ ആക്രമണങ്ങളെ പുതപ്പിട്ടു മൂടാന്‍ ശ്രമിച്ചേക്കാം, അത്തരം സംഭവങ്ങളെ സാമൂഹ്യ വിരുദ്ധരുടെ ഒറ്റപ്പെട്ട അക്രമങ്ങളായി വിശേഷിപ്പിച്ചേക്കാം. തങ്ങളുടെ മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കാന്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ വരേണ്ട സമയമാണിത്. ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമികളെ നിലയ്ക്കു നിറുത്തുന്നതില്‍ പരീക്ഷിച്ചറിയേണ്ടതാണ്, മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത.

(ഇന്ത്യന്‍ കറന്റ്‌സ് വാരികയുടെ ചീഫ് എഡിറ്ററാണ് ലേഖകന്‍. frsureshmathew@gmail.com)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org