രക്ഷാസൈന്യം ശിക്ഷിക്കപ്പെടുമ്പോള്‍…

രക്ഷാസൈന്യം ശിക്ഷിക്കപ്പെടുമ്പോള്‍…

മാര്‍ഷല്‍ ഫ്രാങ്ക്

1980 കാലഘട്ടം. കേരളത്തിലെ മത്സ്യബന്ധന മേഖല സംഘര്‍ഷഭരിതം. കടലിലും തീരത്തും മത്സ്യത്തൊഴിലാളികള്‍ യന്ത്രവല്‍കൃതരും പരമ്പരാഗതരും എന്നു വ്യത്യസ്തമായ അതിരുകള്‍ തീര്‍ത്ത് പോരടിക്കുന്ന കാലം. കടലിലെ മത്സ്യബന്ധനമേഖലയെ സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കം. ഒരാള്‍ മറ്റൊരാളുടെ 'സാമ്രാജ്യത്തില്‍' കടന്നുകയറി എന്നാരോപിച്ച് കായിക സംഘട്ടനം പലപ്പോഴും അരങ്ങേറി. ഒരിക്കല്‍ തിരുവനന്തപുരത്തു അഞ്ചുതെങ്ങിനു സമീപം ട്രോളിംഗ് ബോട്ടിലെ ഒരു തൊഴിലാളിക്ക് ജീവന്‍ നഷ്ടപ്പെട്ടു. കടലില്‍ തീവയ്പും കൊള്ളയും. ഈയൊരവസ്ഥയില്‍ പോലീസിന്റെയും ഭരണകര്‍ത്താക്കളുടെയും സഹായം പലപ്പോഴും ട്രോളിംഗ് ബോട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. ഇതിനെ സംബന്ധിച്ച് പരാതി പറയുവാനും, സംരക്ഷണനടപടികള്‍ തേടുവാനും തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ നിവേദനങ്ങളുമായി പോവുകയുണ്ടായി. അന്നു ഞാന്‍ ബോട്ടുടമാ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷന്‍ പ്രസിഡന്റായിരുന്നു. ഫിഷറീസ് ഡയറക്ടര്‍ ഒരു ഉത്തരേന്ത്യക്കാരനും, സവര്‍ണ്ണ ഹിന്ദുവുമായിരുന്ന ഐ.എ.എസ്‌കാരനായിരുന്നു.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹവും സ വര്‍ണ്ണഹൈന്ദവനായ ഐ.പി.എസ്. ഓഫീസര്‍ ആയിരുന്നു. ഞങ്ങളുടെ നിവേദനം വിശദമായി പഠിച്ച ശേഷം ഫിഷറീസ് ഡയറക്ടര്‍ എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഐ.പി.എസ് ഓഫീസര്‍ ഞങ്ങള്‍ ആവലാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നും, കര്‍ശനമായ നടപടികള്‍ എടുത്തു വരികയാണെന്നും ഉത്തരം നല്കി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഞങ്ങളുടെ പരാതികള്‍ക്ക് ഉചിതമായ രീതിയില്‍ പരിഹാരം കാണുമെന്ന് ഇരുവരും ഉറപ്പുനല്കി. കോണ്‍ഫറന്‍സ് ഔപചാരികമായി അവസാനിച്ചതിനുശേഷം ഇരുവരും, കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമങ്ങള്‍ക്ക് അതീതരാണെന്നും, അവരെ സംഘട്ടനത്തിനു പ്രേരിപ്പിക്കുന്ന ബാഹ്യശക്തികളുടെ ഉറവിടങ്ങളെ സംബന്ധിച്ചു ഗവണ്‍മെന്റിന് ശരിയായ ധാരണയുണ്ടെന്നും, കര്‍ശനമായ നടപടികള്‍ ഉടന്‍ തന്നെ എടുക്കുമെന്നും സ്വകാര്യമായി ഉറപ്പു നല്‍കി. വ്യക്തിപരമായി ഇവര്‍ രണ്ടുപേരുമായി എനിക്ക് നല്ല ബന്ധമായിരുന്നു. സംഭാഷണ മദ്ധ്യേ മത്സ്യത്തൊഴിലാളി വിഭാഗത്തെ സംബന്ധിച്ച് അസുഖകരമായ ചില പരാമര്‍ശങ്ങള്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടായി. വളരെ നല്ല നിലയില്‍ സൗഹൃദാന്തരീക്ഷത്തില്‍ തുടര്‍ന്നു വന്ന സംഭാഷണം ഇത്തരത്തില്‍ ദിശമാറിപ്പോയപ്പോള്‍ ഞാന്‍ പെട്ടെന്നു തന്നെ ശക്തമായി പ്രതികരിക്കുകയും, അവരുടെ പരാമര്‍ശങ്ങളില്‍ അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. അത് അവര്‍ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ലെന്നു തോന്നി. കാരണം ഞാനുള്‍പ്പെടുന്ന വിഭാഗത്തോട് അനുഭാവം പ്രകടിപ്പിച്ച്, എതിര്‍വശത്തുള്ളവരെ മോശപ്പെടുത്തി സംസാരിക്കുമ്പോള്‍, അത് എനിക്ക് ഏറ്റവും പ്രിയങ്കരമായിരിക്കുമെന്നുള്ള അവരുടെ ധാരണയ്ക്ക് കടകവിരുദ്ധമായിരുന്നു എന്റെ പ്രതികരണം. "മിസ്റ്റര്‍ ഫ്രാങ്ക് എന്താണ് ഇങ്ങനെ. ഞങ്ങള്‍ താങ്കള്‍ക്കും കൂട്ടര്‍ക്കും അനുകൂലമായിട്ടാണല്ലോ സംസാരിച്ചത്. പിന്നെ എന്താണ് ഇത്തരത്തിലുള്ള പ്രതികരണം?" ഇംഗ്ലീഷിലായിരുന്നു അവരുടെ സംഭാഷണം മറുപടിയും. ഞാന്‍ ഇംഗ്ലീഷില്‍ തന്നെ നല്‍കി.

"Sorry sir; with all due respect, I wish to say that, I can't agree with your comments. Because I am also from fisherfolk."

(ക്ഷമിക്കണം സാര്‍, അങ്ങയുടെ ഈ പ്രസ്താവത്തോട് എനിക്ക് യോജിക്കുവാന്‍ കഴിയുന്നില്ല. എന്തെന്നാല്‍ ഞാനും ഈ മത്സ്യത്തൊഴിലാളി സമൂഹത്തില്‍പെടുന്ന ഒരാളാണ്.)

2021 ജൂലൈ മാസം കൊല്ലം പാരിപ്പള്ളിയില്‍ വച്ച് അഞ്ചുതെങ്ങ് സ്വദേശിനി മരിയ എന്ന മത്സ്യവിപണന തൊഴിലാളിയോട് കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍, കേരള പോലീസ് സേനയിലെ ഒരുദ്യോഗസ്ഥന്‍ കാണിച്ചധിക്കാരവും ക്രൂരതയും നിറഞ്ഞ പ്രവര്‍ത്തിയും, തുടര്‍ന്ന് അയാള്‍ ഉപയോഗിച്ച ഭാഷയും ദൃശ്യമാധ്യമത്തില്‍ കൂടി കണ്ടും കേട്ടുമറിഞ്ഞപ്പോള്‍, എന്റെ ഓര്‍മ്മച്ചെപ്പില്‍ തെളിഞ്ഞുവന്ന നാല്പതുവര്‍ഷം പഴക്കമുള്ള സംഭവം ഇവിടെ രേഖപ്പെടുത്തുകയായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും, മത്സ്യത്തൊഴിലാളികളോടുള്ള സമീപനത്തിലും, വാക്കിലും പ്രവൃത്തിയിലും അധികാരിവര്‍ഗ്ഗത്തിന്റെ വഞ്ചി തിരുനക്കരയില്‍ തന്നെ കെട്ടിയിട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു.

മരിയ എന്ന മത്സ്യവിപണന തൊഴിലാളിയോട് കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍, കേരള പോലീസ് സേനയിലെ ഒരുദ്യോഗസ്ഥന്‍ കാണിച്ച ധിക്കാരവും ക്രൂരതയും നിറഞ്ഞ പ്രവര്‍ത്തിയും, തുടര്‍ന്ന് അയാള്‍ ഉപയോഗിച്ച ഭാഷയും ദൃശ്യമാധ്യമത്തില്‍ കൂടി കണ്ടും കേട്ടുമറിഞ്ഞപ്പോള്‍, എന്റെ ഓര്‍മ്മച്ചെപ്പില്‍ തെളിഞ്ഞുവന്ന നാല്പതുവര്‍ഷം പഴക്കമുള്ള സംഭവം ഇവിടെ രേഖപ്പെടുത്തുകയായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും, മത്സ്യത്തൊഴിലാളികളോടുള്ള സമീപനത്തിലും, വാക്കിലും പ്രവൃത്തിയിലും അധികാരിവര്‍ഗ്ഗത്തിന്റെ വഞ്ചി തിരുനക്കരയില്‍ തന്നെ കെട്ടിയിട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു.

പോലീസ് സേനയിലെ താഴേക്കിടയിലുള്ള ഒരു ഉദ്യോഗസ്ഥന്‍, അധികാരത്തിന്റെ ഗര്‍വ്വില്‍ കാണിച്ച മര്യാദകേടില്‍, സമൂഹമാധ്യമങ്ങളില്‍ കൂടി പൊതുസമൂഹം ഖേദവും പ്രതിഷേധവും പ്രകടിപ്പിക്കുകയും, പ്രസ്തുത വിഷയം കരുനാഗപ്പള്ളി എം.എല്‍.എസി.ആര്‍. മഹേഷ് പ്രത്യേക ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം വഴി ബഹുമുഖ്യമന്ത്രിയുടെയും, ഫിഷറീസ് മന്ത്രിയുടെയും മുമ്പിലും അതുവഴി കേരളനിയമ സഭയിലും അവതരിപ്പിക്കുകയുണ്ടായി. ഇതിനു മറുപടിയായി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയില്‍ എഴുതി വായിച്ച മറുപടി അത്യന്തം ഖേദകരവും പ്രതിഷേധാത്മകവും ആണെന്നു പറയേണ്ടിയിരിക്കുന്നു. മേരിയമ്മയോട് ഇത്തരത്തില്‍ മോശമായി പോലീസ് പെരുമാറിയിട്ടില്ലെന്നും പ്രത്യുത സമൂഹമാധ്യമങ്ങളില്‍ വന്ന മത്സ്യം വലിച്ചെറിയുന്ന രംഗം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും, അതുവഴി സംസ്ഥാന സര്‍ക്കാരിനെയും, പോലീസ് സേനയെയും അപകീര്‍ത്തിപ്പെടുത്താനുള്ള കുത്സിതശ്രമമാണെന്നും ബഹു. മുഖ്യമന്ത്രി പ്രസ്താവിച്ചു. നിരാലംബയായ, പട്ടിണിപ്പാവമായ, ചെറ്റക്കുടിലില്‍ താമസിക്കുന്ന, രോഗിയായ ഭര്‍ത്താവിനെയും വിധവയായ മകളെയും പറക്കമുറ്റാത്ത കൊച്ചുമക്കളെയും പോറ്റുന്നതിന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് കൊല്ലത്തുവന്ന് തലച്ചുമടായി മത്സ്യം വിറ്റ മേരിയമ്മ, ഇലക്‌ട്രോണിക് മാധ്യമത്തില്‍ കൃത്രിമം കാണിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോ എഴുതിക്കൊടുത്തത്, തൊണ്ട തൊടാതെ വിഴുങ്ങി, വിപ്ലവനായകനായ മുഖ്യമന്ത്രി യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ നിര്‍വ്വികാരനായി പ്രസംഗിക്കുന്നതു കണ്ടപ്പോള്‍ ബഹു. മുഖ്യമന്ത്രി അങ്ങു വഹിക്കുന്ന പദവിയോടുള്ള എല്ലാവിധ ആദരവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് പറഞ്ഞുകൊള്ളട്ടെ; അങ്ങേയ്ക്ക് എന്താണ് സംഭവിച്ചത്? എന്തേ ഇത്തരത്തിലുള്ള ഒരു മാറ്റം അങ്ങയുടെ വാക്കിലും ശീലത്തിലും ഉണ്ടായത്!!

കേരളത്തിന്റെ തീരപ്രദേശ നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് മേരിയമ്മമാരുടെ ചൂണ്ടുവിരല്‍ 2021 മാര്‍ച്ച് മാസത്തില്‍ വോട്ടിംഗ് മെഷീനില്‍ അമര്‍ന്നതുവഴിയാണ് അങ്ങേയ്ക്ക് തുടര്‍ഭരണം ലഭിച്ചത്. അതിങ്ങനെ ഇത്രവേഗം മറക്കുവാന്‍ പാടുള്ളതാണോ? വോട്ടിംഗ് ദിവസത്തിനുമുമ്പ് വരെ അങ്ങയുടെ നിലപാട് ഇത്തരത്തില്‍ ആയിരുന്നില്ലല്ലോ? മൃഗീയഭൂരിപക്ഷം ലഭിച്ചതിനാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആരെയും ഭയപ്പെടേണ്ടതില്ലെന്നുള്ള ചിന്ത അങ്ങയെ ഭരിക്കുന്നുവോ? അങ്ങയുടെ ഈ പ്രസ്താവം വഴി ഞങ്ങളുടെ മനസ്സിനും അഭിമാനത്തിനും സംഭവിച്ച മുറിവില്‍ സാന്ത്വനത്തിനുപകരം മുളകുപൊടി പുരട്ടിയ പ്രതീതിയാണ് ജനിപ്പിച്ചത്. ആനപ്പുറത്ത് ഇരിക്കുന്നവന് താഴെ നില്ക്കുന്ന ഒരു ജീവിയെ ഭയക്കേണ്ടതില്ലെന്ന ഒരു ചൊല്ല് ഓര്‍മ്മയില്‍ വരുന്നു. പാലം കടന്നു കഴിഞ്ഞപ്പോള്‍ പണ്ടൊരാള്‍ പറഞ്ഞ വാചകവും ഓര്‍മ്മ വരുന്നു. ഇതെല്ലാം ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണോ?

പാരിപ്പള്ളി സംഭവത്തിന്റെ ചൂടാറും മുമ്പ് തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലും അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്ന് മത്സ്യവിപണനരംഗത്തുള്ളവരോട് സമാനസ്വഭാവമുള്ള അതിക്രമം അരങ്ങേറുകയുണ്ടായ കാര്യം അങ്ങു അറിഞ്ഞു കാണുമല്ലോ. ഇവിടെ അല്‍ഫോണ്‍സായെന്ന പാവപ്പെട്ട മത്സ്യവിപണന തൊഴിലാളിയുടെ നേര്‍ക്കായിരുന്നു ആക്രമണം. അന്നന്നുള്ള അഷ്ടിക്ക് വക കണ്ടെത്താന്‍ തീരത്തുനിന്നും ഇരുപതിനായിരത്തോളം രൂപ വിലവരുന്ന മത്സ്യം വാങ്ങി പട്ടണത്തില്‍ വില്‍ക്കുവാന്‍ കൊണ്ടുവന്ന സാധുസ്ത്രീയോടായിരുന്നു മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ പരാക്രമം. മത്സ്യം വലിച്ചെറിഞ്ഞ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥന്റെ കാലില്‍ കെട്ടിപ്പിടിച്ച് ദയയ്ക്കായി കേഴുന്ന സഹോദരിയുടെ ദീനവിലാപം ഏതു കഠിനഹൃദയന്റെയും കരളലിയിക്കുന്നതായിരുന്നു. അവരുടെ അലമുറയ്ക്ക് പുല്ലുവില പോലും കല്പിക്കാതെ അധികാരത്തിന്റെ ഗര്‍വ്വില്‍ ചവറുകൂനയുടെ മുകളിലേക്ക് മത്സ്യം വലിച്ചെറിഞ്ഞ് കൃത്യനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥന്റെ മുഖഭാവം, പാക് ഭീകരനെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ഭടന്റെ രൗദ്രത്തിനു സമാനമായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഇത്രയ്ക്ക് ക്രൂരമായി ഇവരോട് പെരുമാറുവാന്‍ തക്കവണ്ണം എന്തപരാധമാണ് ഈ സാധു സ്ത്രീ ചെയ്തത്. ഇവര്‍ മലയാളിയുടെ തീന്‍ മേശയിലെ അവിഭാജ്യ ഘടകമായ മത്സ്യമാണ് വില്ക്കുവാന്‍ തുനിഞ്ഞത്. അവരുടെ പാത്രത്തില്‍ വ്യാജമദ്യം, കഞ്ചാവ്, മാരി ജൂവാനാ, കൊക്കൈയിന്‍, എല്‍.എസ്.ഡി. തുടങ്ങിയുള്ള മയക്കുമരുന്നൊന്നും അല്ലായിരുന്നെന്നുള്ള യാഥാര്‍ത്ഥ്യം ഏവര്‍ക്കും അറിവുള്ളതല്ലേ? മത്സ്യം വാങ്ങുവാന്‍ വരുന്നവര്‍ അവിടെ സ്ഥിരമായി തമ്പടിക്കുവാന്‍ വരുന്നവരല്ല. ഒന്നോ രണ്ടോ ആളുകള്‍ കേവലം രണ്ടോ നാലോ മിനിട്ടു സമയം മാത്രം ചെലവഴിച്ച് മത്സ്യം വാങ്ങി പെട്ടെന്ന് തിരിച്ചുപോകുവാന്‍ വരുന്നവരാണ്. ഈ പ്രക്രിയ എങ്ങനെയാണ് കോവിഡിന്റെ സമൂഹവ്യാപനത്തിന് കാരണമാകുന്നത്. രണ്ടു നാലുപേര്‍ ഒത്തുകൂടുന്നിടത്ത് കോവിഡ് ആളിപടരുമെന്നാണ് വിദഗ്ദ്ധ മതമെങ്കില്‍, അങ്ങയോടുള്ള എല്ലാ മര്യാദയും ആദരവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഒന്നു രണ്ടു കാര്യങ്ങള്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. 2019-ന്റെ അവസാനത്തില്‍ ചൈനാ സഖാക്കള്‍ സൃഷ്ടിച്ച് ലോകത്തിനു 'സംഭാവന' ചെയ്ത കോവിഡ് തരംഗം തീവ്രമായി സമൂഹത്തെ ആകമാനം ഗ്രസിച്ചുകൊണ്ടിരുന്നപ്പോഴും, നാടുമുഴുവന്‍ അടച്ചുപൂട്ടലിന്റെ രുചി നന്നേ അറിഞ്ഞപ്പോഴും, കേരളത്തില്‍ തുറന്നുവച്ച് പ്രവര്‍ത്തിച്ചിരുന്ന ചില സ്ഥാപനങ്ങളുണ്ട്. പഴം പച്ചക്കറി പല ചരക്കുകടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, മില്‍മാ ബൂത്തുകള്‍ കോഴിക്കടകള്‍ തുടങ്ങിയവ. കാരണം, ഇവയൊക്കെ നമുക്ക് അത്യന്താപേക്ഷിതമായ സ്ഥാപനങ്ങള്‍ ആണ് എന്നുള്ളത് തന്നെ. ഈ ശ്രേണിയില്‍പ്പെട്ട ഒരിനം തന്നെയല്ലേ മത്സ്യവും? ആദ്യം സൂചിപ്പിച്ച ഐറ്റങ്ങള്‍ വില്ക്കുന്ന ഇടങ്ങളില്‍, ഇവ വാങ്ങുവാന്‍ പോയവരോടും ആയതു വില്ക്കുന്നവരോടും കാണിക്കുന്ന സമീപനം എന്തേ, മത്സ്യത്തൊഴിലാളികള്‍ക്കുമാത്രം അന്യമാകുന്നത്? സര്‍ക്കാര്‍ വിലാസം മദ്യവില്പനശാലകളിലും സുരപാനസൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലും അവ ആസ്വദിക്കുവാന്‍ കൂടിയ ജനക്കൂട്ടത്തിനോട് പഞ്ചായത്തു മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പോലീസ് സേനയും കൗണിച്ച സൗമനസ്യം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം എന്താണ് ലഭിക്കാതിരുന്നത്? ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെ അക്രമത്തോടും ധിക്കാരത്തോടും സമൂഹം മുഴുവന്‍ പ്രതിഷേധിച്ചപ്പോഴും അങ്ങയുടെ സര്‍ക്കാര്‍ ഇവരെ ന്യായീകരിക്കുവാന്‍ ശ്രമിച്ചത് തികഞ്ഞ ക്രൂരതയായി പോയി എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ഉദ്യോഗസ്ഥരുടെ കാട്ടാളപ്രവൃത്തിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്ന 'ജനകീയ നേതാവിന്റെ' ദൃശ്യങ്ങള്‍ സമൂഹത്തില്‍ ശക്തമായ പ്രതിഷേധത്തിന്റെ അലയടകളാണ് സൃഷ്ടിച്ചത്. ചെറുതായി അങ്ങിങ്ങ് ഇതിനെതിരായി ഉയര്‍ന്ന ശബ്ദങ്ങള്‍, ഒരു സമൂഹം ആകമാനം ഏറ്റെടുക്കുമെന്ന ധ്വനി ഉയര്‍ന്നപ്പോള്‍ ഊഴം പോക്കാനെന്നവണ്ണം, രണ്ടു ഉദ്യോഗസ്ഥര്‍ക്ക് എതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്തി ലഘുവായ രീതിയില്‍ ശിക്ഷണനടപടി എടുത്ത് ഞങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടന്ന ശ്രമവും ഞങ്ങള്‍ തിരിച്ചറിയുന്നു.

കേരളം പകച്ചു നിന്നപ്പോള്‍, സ്വജീവനെ തൃണസമാനമായി കരുതി, ഉറ്റവരെയും ഉടയവരെയും വീട്ടില്‍ തനിച്ചാക്കി, തങ്ങളുടെ ജീവനോപാധിയായ ചെറുയാനങ്ങളുമായി ദുരന്തഭൂമിയിലേക്ക് സാഹസികമായി കടന്നുചെന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍.

ഇവിടെ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. ഈ ക്രൂരവും ദാരുണവുമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍, സാ മൂഹ്യമാധ്യമങ്ങളിലും, രണ്ടു നാള്‍ കഴിഞ്ഞ് അച്ചടിദൃശ്യമാധ്യമങ്ങളിലും, വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ മെല്ലെയെങ്കിലും സമൂഹത്തിന്റെ വിവിധശ്രേണികളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുകയുണ്ടായി. എന്നാല്‍ ഇതൊന്നും അറിയാതെ, ഇതൊക്കെ നടന്നത് അന്റാര്‍ട്ടിക്കയിലെ ഏതോ ഓണം കേറാമൂലയിലാണെന്ന ഭാവത്തില്‍ കുംഭകര്‍ണ്ണസേവയിലാണ്ടു പൂണ്ടിരിക്കുന്ന ചില വിഭാഗങ്ങളുണ്ട്. വിപ്ലവകേസരികളായ സാംസ്‌കാരികനായകരും, വനിതാ സംഘടനാ നേതാക്കളും, വീരശൂരപരാക്രമികളായ യുവജനനേതാക്കളും. അനുഗ്രഹീത കവിയത്രി ശ്രീമതി റോസ് മേരി ഈ സംഭവത്തിന്റെ ശ്രവണമാത്രയില്‍ മലയാള മനോരമ പത്രത്തില്‍ വിഷയത്തിന്റെ തീവ്രത സ്വാംശീകരിച്ച് എഴുതിയ ലേഖനത്തെ വിസ്മരിക്കുന്നില്ല. മത്സ്യബന്ധനവുമായി യാതൊരു ബന്ധവുമില്ലാത്ത റോസ്‌മേരിക്ക് ഈ സംഭവത്തില്‍ മനസ്സിനേറ്റ മുറിവിന്റെ ആഴവും വേദനയും ലേഖനത്തിലുടനീളം കാണുവാന്‍ കഴിഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ ഒരു പ്രതികരണം മറ്റൊരു ഭാഗത്തു നിന്നും ഉണ്ടായില്ലായെന്നുള്ള വസ്തുത ഖേദപൂര്‍വ്വകവും, ഒപ്പം പ്രതിഷേധത്തോടും ഇവിടെ കുറിച്ചുകൊള്ളട്ടെ. പരിണിതപ്രജ്ഞനായ പ്രിയ മുഖ്യമന്ത്രി! മേല്‍ സൂചിപ്പിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഏതാനും ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. ആദരണീയനായ അങ്ങ്, പോലീസും, പി.ആര്‍. ഏജന്‍സികളും പറഞ്ഞുതരുന്ന കാര്യങ്ങള്‍ കണ്ണുമടച്ചുവിശ്വസിച്ച് പ്രതികരിക്കരുത്. അവര്‍ പറയുന്നതിനും അപ്പുറത്ത്-പച്ചയായ പരമാര്‍ത്ഥങ്ങള്‍ ചാരം മൂടിക്കിടക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാകണം. പെരുമഴക്കാലത്ത്, കാര്യമായ മുന്നൊരുക്കമില്ലാതെ കൃത്യമായ മുന്നറിയിപ്പില്ലാതെ കേരളത്തിലെ എട്ട് അണക്കെട്ടുകള്‍ ഒരേ സമയം തുറന്നുവിട്ടതുകാരണം, നാടും നഗരവും മുങ്ങിത്താണ് നിരവധി പേരുടെ സ്വത്തും ജീവനും നഷ്ടപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവം അങ്ങു ഓര്‍ക്കുന്നുണ്ടാകുമല്ലോ! ഭരണകൂടവും ക്രമസമാധാനപാലകരും അഗ്നിരക്ഷാസേനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പകച്ചു നിന്നപ്പോള്‍, നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുവാന്‍ പോകുന്ന അവസ്ഥയില്‍ രക്ഷാത്തുരുത്തിനായി തലങ്ങും വിലങ്ങും കൂട്ട നിലവിളികള്‍ ഉയര്‍ന്നപ്പോള്‍, ഇനിയെന്ത് എന്നതിനെ സംബന്ധിച്ച് ഒരു രൂപവും കിട്ടാതെ കേരളം പകച്ചു നിന്നപ്പോള്‍, സ്വജീവനെ തൃണസമാനമായി കരുതി, ഉറ്റവരെയും ഉടയവരെയും വീട്ടില്‍ തനിച്ചാക്കി, തങ്ങളുടെ ജീവനോപാധിയായ ചെറുയാനങ്ങളുമായി ദുരന്ത ഭൂമിയിലേക്ക് സാഹസികമായി കടന്നുചെന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. ഹൈടെക് സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്ത്, പരമ്പരാഗത ഉപകരണങ്ങളുമായി ധൈര്യസമേതം കടന്നുചെന്ന് പെരുവെള്ളപ്പാച്ചിലില്‍ എടുത്തു ചാടി നിസ്സഹായരായ ആബാലവൃദ്ധം ജനതയെ തോളിലേറ്റി സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. ലോകം മുഴുവന്‍ നേരില്‍ക്കണ്ട ഈ ദൃശ്യങ്ങളെപ്പറ്റി കൂടുതല്‍ ഇവിടെ പരത്തിപ്പറയുന്നില്ല. ഞങ്ങളുടെ സേവനത്തിന്റെ ആഴവും പരപ്പും അങ്ങേയ്ക്ക് ഉത്തമമായി ബോധ്യപ്പെട്ടതിനാണല്ലോ, അങ്ങു തന്നെ ഞങ്ങളെ കേരളത്തിന്റെ സൈന്യമെന്ന ബഹുമതി നല്കി ആദരിച്ചത്. അതേ അങ്ങ് തന്നെ കേവലം ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങളെ നിഷ്‌കരുണം തള്ളിപ്പറഞ്ഞപ്പോള്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രീ ഞങ്ങളുടെ മനസ്സില്‍ കൂടി ഇടിവാള്‍ കടന്നുപോയ പ്ര തീതിയാണുണ്ടായത്. അന്നു ഞങ്ങളെ വാനോളം പുകഴ്ത്തിപ്പാടിയ പലരുടെയും നാവുകള്‍, ഇപ്പോള്‍ പളനിയിലും കാശിയിലും തീര്‍ത്ഥാടനത്തിനു പോയതായി അനുഭവപ്പെട്ടപ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖങ്ങളും തിരിച്ചറിയാന്‍ ഞങ്ങള്‍ക്കു കഴിയുന്നു. തരാതരം പോലും വേഷവും ഭാഷയും മാറ്റി പിടിച്ച് തട്ടുമുട്ടു സ്ഥാനങ്ങളും ആനുകൂല്യങ്ങളും തരപ്പെടുത്തുവാനുള്ള അവരുടെ അസാമാന്യ മെയ്‌വഴക്കത്തിനുമുന്നില്‍ നമിക്കുന്നു.

പ്രിയ മുഖ്യമന്ത്രീ, അങ്ങ് ഒന്നറിയുക, ഞങ്ങള്‍ അധ്വാനികളാണ്; സാഹസികരാണ്!! ഒപ്പം സമാധാനപ്രിയരും, അന്യദുഃഖത്തില്‍ കരുണയുള്ളവരുമാണ്. അയല്‍ക്കാരന് ഒരാപത്തു വന്നാല്‍, മുന്‍പിന്‍ നോക്കാതെ, പിന്നാലെയുള്ള നഷ്ടത്തെപ്പറ്റി ഓര്‍ത്ത് അറച്ചുനില്ക്കാതെ, അപരനെ സഹായിക്കുന്നതില്‍ വൈമനസ്യം കാണിക്കാത്തവരാണ് ഞങ്ങള്‍. ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമ, പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല; പ്രവൃത്തിയില്‍ കാണിക്കുവാന്‍ കൂടിയുള്ളതാണെന്ന ബോധ്യമാണ് ഞങ്ങളെ നയിക്കുന്നത്. പൂര്‍വ്വസൂരികളായ ഞങ്ങളുടെ ആദ്ധ്യാത്മിക ആചാര്യര്‍ ഓതിതന്ന ഈ മന്ത്രം തലമുറതലമുറകളായി ഞങ്ങള്‍ പകര്‍ന്നു കൊടുത്തുകൊണ്ടു തന്നെയിരിക്കും. കാരണം, അല്ലാതുള്ള ഒന്നും തന്നെ ദൈവേഷ്ടത്തിന് അനുസൃതമല്ലെന്നുള്ള പാഠമാണ് ചെറുപ്പത്തില്‍ ഞങ്ങളെ ചൊല്ലിപഠിപ്പിച്ചത്. അധികാരസോപാനത്തില്‍ ആസനസ്ഥരായി, സര്‍വ്വസുഖസൗകര്യങ്ങളും ആസ്വദിച്ച് ആനന്ദിച്ച് രമിക്കുന്ന ഉദ്യോഗസ്ഥ ഭരണകര്‍ത്താക്കളോട്, എല്ലാ വിനയവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ ഞങ്ങളുടെ കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സമാധാനത്തിന്റെ സൗമനസ്യത്തിന്റെ പരസ്‌നേഹത്തിന്റെ ശുഭ്രപതാക ഒരു ദൗര്‍ബല്യമായി കാണരുത്. ചവിട്ടിയാല്‍ തിരിഞ്ഞു കടിക്കാത്ത ഒരു ജീവികളും ലോകത്തില്ലായെന്നുള്ള യാഥാര്‍ത്ഥ്യം, എല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്നെന്നു തോന്നുന്നു. എല്ലാ നന്മകളും പ്രാര്‍ത്ഥനയും നേരുന്നു.

STOP PRESS

മത്സ്യത്തൊഴിലാളി പീഢനം തുടര്‍കഥയോ…

2021 ആഗസ്റ്റ് 25-ാം തീയതി തിരുവനന്തപുരം കരമനയില്‍ മത്സ്യവിപണനത്തില്‍ ഏര്‍പ്പെട്ടിരുന്ന മരിയ പുഷ്പം എന്ന വനിതയുടെ മത്സ്യം തട്ടിയെറിഞ്ഞ് കേരള പോലീസ് ഹാട്രിക് നേടിയിരിക്കുന്നു. കേരള സര്‍ക്കാരിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org