എന്താണ് സീറോ മലബാര്‍ സഭയുടെ യഥാര്‍ത്ഥ പ്രശ്‌നം?

എന്താണ് സീറോ മലബാര്‍ സഭയുടെ യഥാര്‍ത്ഥ പ്രശ്‌നം?

ഫാ. ഫ്രാന്‍സിസ് കൂത്തൂര്‍, തൃശൂര്‍ അതിരൂപത

നസ്രായന്റെ അനുയായികളായ നസ്രാണികള്‍ മാര്‍ത്തോമാ ശ്ലീഹായുടെ ശിഷ്യത്വം സ്വീകരിച്ച മാര്‍ത്തോമ്മാ നസ്രാണികളായി ജീവിച്ചു തുടങ്ങിയെങ്കില്‍ പിന്നെ എവിടെയെല്ലാമാണ് നമുക്ക് പിഴച്ചത്?

മാര്‍ തോമാശ്ലീഹാ കേരളത്തില്‍ വന്നുവോ? യഹൂദ ദിയാസ്‌പോറയുടെ ഭാഗമായി അന്നിവിടെ ജൂതന്മാര്‍ ഉണ്ടായിരുന്നുവോ? അവരില്‍ നിന്നും തുടങ്ങി തദ്ദേശവാസികളെ സ്‌നാനപ്പെടുത്തി ഏഴരപ്പള്ളികള്‍ സ്ഥാപിച്ച് ഈ കേരളക്കരയില്‍ വിശ്വാസത്തിന് വിത്ത് പാകിയിരുന്നുവോ? എങ്കില്‍ അതിനുള്ള തെളിവുകള്‍ ചരിത്രപരമായും സാംസ്‌കാരികമായും സാമൂഹ്യപരമായും നിരത്താന്‍ നമുക്ക് കഴിയുന്നുണ്ടോ? അത്തരം പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും അവയുടെ പ്രചാരണത്തിനും നാം എന്തുമാത്രം ഊര്‍ജ്ജം ചെലവഴിക്കുന്നു? കുറവിലങ്ങാട് പോലെ പുതുതായി നാം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സെന്ററുകള്‍ക്ക് ഉപയോഗിക്കുന്നതിന്റെ നാലിലൊന്നെങ്കിലും കൊടുങ്ങല്ലൂരിനും പാലയൂരിനും മറ്റും വിനിയോഗിച്ചിരുന്നെങ്കില്‍ നമുക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ?

സ്വന്തമായ അസ്തിത്വം തിരിച്ചറിയാനോ സ്ഥാപിച്ചെടുക്കാനോ സാധിച്ചില്ല എന്നത് തന്നെയാണ് മുഖ്യമായ പ്രശ്‌നം. അല്ലാതെ ആരാധനക്രമമോ, ഐകരൂപ്യമോ, വിവിധ വേഷഭൂഷാദികളോ, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക നിലനില്‍പോ ഒന്നുമല്ല. ഇതെല്ലാം വെറും തനിയാവര്‍ത്തനങ്ങള്‍ മാത്രം!

പാശ്ചാത്യ ദൈവശാസ്ത്രജ്ഞരുടെ ഇടയില്‍ ഒരു വിഭാഗം വിശുദ്ധ ബര്‍ത്തലോമെയോ ഇന്ത്യയുടെ ഗുജറാത്ത് ഭാഗത്ത് വന്നിട്ടുണ്ടാകാം എന്ന് പറയുന്ന അത്ര പോലും വിശ്വാസ്യത തോമാശ്ലീഹായുടെ ഭാരത/കേരള പ്രവേശനത്തിന് നല്‍കാത്തതിന്റെ കാരണം എന്ത്? കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ പോലും ഇത്തരമൊരു അഭിപ്രായക്കാരനായിരുന്നില്ലേ? വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നല്‍കിയ വിശ്വാസ്യതയും ഊഷ്മളതയും ബെനഡിക്റ്റ് പാപ്പായുടെ കാലത്ത് നമ്മുടെ സഭയ്ക്ക് ലഭിക്കാതിരുന്നതിന്റെ കാരണവും അതുതന്നെയാകില്ലേ? മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ അത്രപോലും ചരിത്രപരത അവകാശപ്പെടാനില്ലാത്ത സ്‌പെയിനിലെ വി. യാക്കോബിന്റെ സുവിശേഷ വല്‍ക്കരണം പോലുള്ള കാര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച പാശ്ചാത്യ ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് തെല്ലും സംശയമില്ല എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്.

ഇത്തരത്തിലുള്ള മറ്റൊന്നാണ് ഇടമുറിയാത്ത വിശ്വാസ പാരമ്പര്യം. റോമിലെ പണ്ഡിതരോട് ചോദിച്ചാല്‍ പൗരസ്ത്യ സഭകളില്‍ മാറോനീത്ത സഭ മാത്രമാണ് അവര്‍ ചൂണ്ടിക്കാട്ടുക. മറ്റെല്ലാവരും എപ്പോഴെങ്കിലുമൊക്കെ ഏതെങ്കിലും ശീശ്മയുടെയോ പാഷണ്ഡതയുടേയോ ഭാഗമായശേഷം തിരിച്ചെത്തിയവരായാണ് അവര്‍ കണക്കാക്കുന്നത്. സീറോ മലബാര്‍ സഭയുടെ കാര്യം പറഞ്ഞാല്‍ ഉടനെ നെസ്‌തോറിയനിസവും ഉദയംപേരൂര്‍ സൂനഹദോസും പൊന്തിവരും. അതിനെതിരെ നാം വാദമുഖങ്ങള്‍ ഉയര്‍ത്തിയാല്‍ മൗനം സമ്മതം!

സമാധാനത്തില്‍ പോവുക! ഇതിനെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാനും തെറ്റിദ്ധാരണകള്‍ തിരുത്താനും നമ്മുടെ ചരിത്രദൈവശാസ്ത്ര വിദഗ്ദ്ധര്‍ക്ക് കഴിയുന്നുണ്ടോ? പണ്ഡിത ലോകത്തിലെങ്കിലും തിരുത്തി സ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ എന്തുമാത്രം ഉണ്ടായി?

ഇക്കാര്യത്തില്‍ ഏതാനും ചില നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് തള്ളിക്കളയുന്നില്ല. നെസ്‌തോറിയന്‍ യഥാര്‍ത്ഥ നെസ്‌തോറിയനിസക്കാരനായിരുന്നില്ല എന്നു തുടങ്ങുന്ന ചില വാദമുഖങ്ങളെങ്കിലും റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുഴങ്ങി കേട്ടിട്ടുണ്ട് എന്നുള്ളത് സന്തോഷദായകമാണ്. ഈയൊരു കാര്യത്തിലെങ്കിലും ഇത്തരമൊരു മുന്നേറ്റം എന്തുകൊണ്ട് ഉണ്ടായി എന്ന് ചിന്തിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് കടന്നുവരിക.

നമ്മള്‍ എങ്ങനെ നെസ്‌തോറിയന്‍കാരായി? കല്‍ദായ വാദികളും കിഴക്കന്‍ സുറിയാനി പിന്തുടര്‍ച്ചക്കാരും ആയതെങ്ങനെ? ആഗോളതലത്തില്‍ പാശ്ചാത്യപൗരസ്ത്യ വിഭജനം വന്നത് റോമന്‍ സാമ്രാജ്യത്തില്‍ നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റയിന്‍ തന്റെ പിന്‍തുടര്‍ച്ചാ പ്രശ്‌നം പരിഹരിക്കാനെടുത്ത രാഷ്ട്രീയപരമായ ഒരു നയത്തില്‍ നിന്നാണെന്ന് നമുക്കെല്ലാം അറിയാം. സഭയിലും ഇത് പ്രതിഫലിച്ചിരുന്നെങ്കിലും 1054-ലെ വലിയ വിഭജനത്തോടു കൂടെയാണ് ഈ പദപ്രയോഗം തിരുസഭാ ചരിത്രത്തില്‍ ഇരിപ്പുറപ്പിക്കുന്നത്. മുസ്‌ലിം അധിനിവേശവും വിവിധ ദൈവശാസ്ത്ര തര്‍ക്കങ്ങളും തന്നെയാണ് ഒന്നാം സഹസ്രാബ്ദത്തില്‍ അന്ത്യോഖ്യായെയും അലക്‌സാണ്ട്രിയയേയും മറ്റും തളര്‍ത്തി പാത്രിയര്‍ക്കേറ്റുകളില്‍ റോമിന്റെ അദ്വിതീയ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

ഏകാധിപത്യ പ്രവണതകള്‍ നമ്മുടെ സഭാ ചരിത്രത്തില്‍ വിഭാഗീയതകള്‍ സൃഷ്ടിച്ചിട്ടേയുള്ളൂ. അങ്ങനെ ചിന്നിച്ചിതറി താറുമാറായ സഭാവിഭാഗങ്ങളുടെ ഭാഗമായി നിന്ന് ചരിത്രം ആവര്‍ത്തിക്കണമോ, അതോ സംയമനത്തോ ടെ ശാന്തതയോടെ സുദീര്‍ഘമായ പഠനത്തി ലൂടെയും പ്രാര്‍ത്ഥനയിലൂടെയും തുറവിയോടെ സത്യത്തിന്റെ വഴിയേ മുന്നേറണമോ എന്നതാണ് സീറോ മലബാര്‍ അഥവാ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

എണ്ണത്തിലും വണ്ണത്തിലും ശോഷിച്ച്, നിലനില്‍പ്പുതന്നെ അപകടത്തിലായ ഈ സഭകളെ സംരക്ഷിക്കാനും സഹായിക്കാനുമായി (നമ്മുടെ നാട്ടിലെ ന്യൂനപക്ഷ സംവരണം പോലെ) വിശ്വാസ വെളിച്ചമേശാത്ത പ്രദേശങ്ങളില്‍ വിശ്വാസമെത്തിക്കുന്ന തിരുസംഘത്തിന്റെ കീഴില്‍ ഒമ്പതാം പീയൂസ് പാപ്പാ തുടങ്ങിയ (1862) പുതിയ വകുപ്പാണ് ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പ 1917-ല്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനാക്കിയത്, ഇന്നത്തെ നാമം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ചൈതന്യത്തില്‍ പോള്‍ ആറാമന്‍ പാപ്പാ നല്‍കിയതാണ് (1967).

ഇങ്ങനെ പൗരസ്ത്യ ആരാധനക്രമ പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരെല്ലാം പൗരസ്ത്യ സഭകളായി. ഇതില്‍ യൂറോപ്പുകാരും ആഫ്രിക്കക്കാരും ഏഷ്യയുടെ നാനാഭാഗങ്ങളിലുള്ളവരും ഇന്ന് അമേരിക്ക ആസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലുള്ളവരും പെടും. അങ്ങനെ പൗരസ്ത്യപാശ്ചാത്യ വേര്‍തിരിവ് നടത്തിയ റോമന്‍ സാമ്രാജ്യത്തിന് പുറത്ത്, പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ പേര്‍ഷ്യന്‍ ബാബിലോണിയന്‍ പാത്രിയര്‍ക്കേറ്റുമായി ബന്ധത്തില്‍ കഴിഞ്ഞിരുന്ന മാര്‍ത്തോമാ നസ്രാണികള്‍ പൗരസ്ത്യ സഭകളുടെ ഭാഗമായി.

പേര്‍ഷ്യന്‍ ബന്ധത്തിന്റെ ചരിത്ര സൂചനകള്‍ നാലാം നൂറ്റാണ്ട് മുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്. അറിയപ്പെടാത്ത നാടിനോടും നാട്ടുകാരോടുമുള്ള ബഹുമാനവും അപ്പസ്‌തോലിക പാരമ്പര്യത്തോടും സാര്‍വ്വത്രീക സഭയോടും ചേര്‍ന്ന് നില്‍ക്കാനുള്ള താല്‍പര്യവും സാവധാനം പേര്‍ഷ്യന്‍ സഭയുടെ ആരാധനാ രീതികളെ സ്വീകരിക്കുന്നതിലേക്ക് വഴിതെളിച്ചു. ഇവിടുത്തെ രീതികളോ അവയുടെ അര്‍ത്ഥമോ അറിയാത്ത പേര്‍ഷ്യക്കാര്‍ക്ക് തങ്ങളുടേതായിരിക്കുമല്ലോ സത്യവിശ്വാസവും ശരിയായ രീതികളും. അങ്ങനെ സ്വതന്ത്രമായ മാര്‍ത്തോമ്മാ നസ്രാണികളുടെ സഭാകൂട്ടായ്മ കിഴക്കന്‍ പേര്‍ഷ്യന്‍ സഭയുടെ കീഴിലായി. ഇറാഖിലെ കല്‍ദായ കത്തോലിക്കാ സഭ 1552-ലെ വിഭജനത്തിനു ശേഷമാണ് ഇന്നുള്ള രൂപത്തിലായത്. അവിടെയും പ്രശ്‌നം സ്വജന പക്ഷപാതമായിരുന്നു.

ഇതേതുടര്‍ന്നാണ് 1562-ല്‍ അങ്കമാലിയില്‍ അബ്രഹാം മെത്രാപ്പോലീത്തയെ പയസ് നാലാമന്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഇന്ത്യ മുഴുവന്റേയും വാതിലും മെട്രോപോളിറ്റനുമായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് കാര്യങ്ങള്‍ ഗോവന്‍ മെത്രാപ്പോലീത്ത ഏറ്റെടുക്കുന്നതും നാം പദ്രുവാദോ ഭരണത്തിന്‍കീഴില്‍ ആകുന്നതും. തുടര്‍ന്നാണ് 1599-ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ അവര്‍ വിശ്വസിച്ചിരുന്ന സത്യവിശ്വാസ ത്തിലേക്കും ശരിയായ രീതികളിലേക്കും നമ്മെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

പോര്‍ച്ചുഗീസുകാരുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് കൂനന്‍കുരിശു സത്യത്തിലേക്കും (1653), മാര്‍ പാപ്പയുടെ അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി കര്‍മ്മലീത്തക്കാരുടെ വരവിലേക്കും (1655), പുത്തന്‍കൂറ്റ്, പഴയകൂറ്റ് വിഭജനത്തിലേക്കും വഴിതെളിച്ചതും, തുടര്‍ന്ന് 1814-ലെ ചെറിയ വിഭജനത്തിനുശേഷം പഴയകൂറ്റുകാര്‍ 1887-ല്‍ തൃശ്ശൂര്‍, കോട്ടയം വികാരിയാത്തുകളോടെ സീറോ മലബാര്‍ സഭയും, പുത്തന്‍ കൂറ്റുകാര്‍ ഒത്തിരി വിഭജനങ്ങള്‍ക്കൊടുവില്‍ 1930-ല്‍ സീറോ മലങ്കര സഭയായതുമായ ചരിത്രം നമുക്കറിവുള്ളതാണല്ലോ.

സാര്‍വത്രിക സഭയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് മാര്‍ത്തോമാ നസ്രാണികള്‍ പാറേമാക്കല്‍ തോമ കത്തനാരുടെ 'വര്‍ത്തമാന പുസ്തക'ത്തില്‍ (1790) വിളിക്കുന്നതുപോലെ 'മലങ്കര കല്‍ദായ സുറിയാനി സഭ'യായത്. ഇതു തന്നെയാണ് നമ്മെ ലത്തീന്‍സഭയുടെ കീഴിലേക്കും തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ രൂപീകരണത്തിലേക്കും നയിച്ചത്.

ശ്ലൈഹീക സാര്‍വത്രിക സഭയുടെ ഭാഗമായി സത്യവിശ്വാസത്തില്‍ ജീവിക്കാന്‍ മാത്രം ആഗ്രഹിച്ച മാര്‍ത്തോമാ നസ്രാണികള്‍ നെസ്‌തോറിയനിസത്തിന്റേയും, കല്‍ദായവല്‍ക്കരണത്തി ന്റേയും, ലത്തീനീകരണത്തിന്റേയുമൊക്കെ ഭാഗമായത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും അറിവില്ലായ്മയാലും ആയിരുന്നു. ആയതിനാല്‍ മാര്‍ത്തോമാ മാര്‍ഗ്ഗത്തില്‍ ആദിമ നൂറ്റാണ്ടുകളില്‍ നമുക്കുണ്ടായിരുന്ന വിശ്വാസ ജീവിതരീതികള്‍ കണ്ടെത്തുകയും അംഗീകരിക്കുകയും അവയുടെ അന്തസ്സത്തയെ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്ന ഏറെ ശ്രമകരമായ പ്രക്രിയ നടത്താത്തിടത്തോളം സ്വന്തം അസ്തിത്വം തിരിച്ചറിയാതെ ഓരോ കാലഘട്ടങ്ങളിലെ അധിനിവേശങ്ങളില്‍ സ്വായത്തമാക്കിയ ലഘു ഘടകങ്ങളുടെ ഗുണമേന്മകളെ പുകഴ്ത്തി പരസ്പരം കലഹിക്കുന്ന ഒരു കൂട്ടം മാത്രമായി നാം തീരും. ഇസ്ലാമുമായും തമ്മില്‍ തമ്മിലും യുദ്ധം ചെയ്തു തകര്‍ന്ന, മദ്ധ്യ പൂര്‍വ്വ ദേശത്തെ സഭകളെ പോലെ ഒരു ചെറുഗണമായി നാമും തഴയപ്പെടും.

ഓര്‍ക്കുക…

ആരാധനക്രമം ഓരോ പ്രദേശത്തിന്റേയും രീതികള്‍ക്കനുസരിച്ച് വിശ്വാസം ജീവിക്കുന്നതിന്റെ പ്രകടനമാണ്. അധിനിവേശങ്ങളല്ല, അനുരൂപണങ്ങളും ആന്തരികതയുമാണ് അതില്‍ പ്രധാനപ്പെട്ടത്. ഏച്ചുകെട്ടലുകളല്ല അസ്തിത്വമാണ് സംരക്ഷിക്കപ്പെടേണ്ടത്. (ഭാഗ്യസ്മരണാര്‍ഹരായ അഭിവന്ദ്യ കരിയാറ്റി, പാറേക്കാട്ടില്‍, കാട്ടുമന പിതാക്കന്മാരുടെ പരിശ്രമങ്ങള്‍ ഇത്തരുണത്തില്‍ സ്മരണാര്‍ഹങ്ങളാണ്.) ആരാധനക്രമ പ്രകടനങ്ങളും അടയാളങ്ങളും സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുകയും അനുരൂപപ്പെടുകയും വേണം. അതാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മുന്നോട്ടുവെച്ച പാത. മാറ്റങ്ങള്‍ തനിമ ഉള്‍ക്കൊണ്ട് ഇന്നിനെ അംഗീകരിച്ച് നാളെയുടെ നന്മയിലേക്ക് നയിക്കുന്നതാകണം.

ആരാധനക്രമം ഓരോ പ്രദേശത്തിന്റേയും രീതികള്‍ക്കനുസരിച്ച് വിശ്വാസം ജീവിക്കുന്ന തിന്റെ പ്രകടനമാണ്. അധിനിവേശങ്ങളല്ല, അനുരൂപണങ്ങളും ആന്തരികതയുമാണ് അതില്‍ പ്രധാനപ്പെട്ടത്. ഏച്ചുകെട്ടലുകളല്ല അസ്തിത്വ മാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരാധനക്രമ പ്രകടനങ്ങളും അടയാളങ്ങളും സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുകയും അനുരൂപപ്പെടുകയും വേണം.

പൗരസ്ത്യപാശ്ചാത്യ ആരാധനക്രമങ്ങളുടെയും പ്രൗഢമായ ഭാരതീയ ആത്മീയതയുടെയും സമ്പത്ത് സ്വായത്തമാക്കിയ നമുക്ക് എന്തുകൊണ്ട് പുതിയ ഒരു സംഭാവന നല്കുന്നതിനെക്കുറിച്ച് ചിന്തിച്ചു കൂടാ?

ഏകാധിപത്യ പ്രവണതകള്‍ നമ്മുടെ സഭാചരിത്രത്തില്‍ വിഭാ ഗീയതകള്‍ സൃഷ്ടിച്ചിട്ടേയുള്ളൂ. അങ്ങനെ ചിന്നിച്ചിതറി താറുമാറായ സഭാവിഭാഗങ്ങളുടെ ഭാഗമായി നിന്ന് ചരിത്രം ആവര്‍ത്തിക്കണമോ, അതോ സംയമനത്തോടെ ശാന്തതയോടെ സുദീര്‍ഘമായ പഠനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും തുറവിയോടെ സത്യത്തിന്റെ വഴിയേ മുന്നേറണമോ എന്നതാണ് സീറോ മലബാര്‍ അഥവാ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ആദരണീയനായ പ്ലാസിഡ് പൊടിപാറ പറയുന്നതുപോലെ നാം 'സാംസ്‌കാരികമായി ഹിന്ദുക്കളും മതപരമായി ക്രിസ്ത്യാനികളും ആരാധനാപരമായി പൗരസ്ത്യരും' ആകണമോ, അതോ മതപരവും, ആരാധനാപരവും, സാംസ്‌കാരികവുമായി ഭാരതീയ മാര്‍ത്തോമാ നസ്രാണികളായി ജീവിക്കണമോ എന്നതുതന്നെയാണ് ചിന്തിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org