നഷ്ടമായത് ഒരു താപസത്തണലിന്റെ കുളിര്‍മ്മയും വാല്‍സല്യവും

നഷ്ടമായത് ഒരു താപസത്തണലിന്റെ കുളിര്‍മ്മയും വാല്‍സല്യവും

ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി

ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി
ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി

ഒരു താപസത്തണലിന്റെ തനിമയും കുളിര്‍മ്മയുമായിരുന്നു ഞങ്ങളെപ്പോലെയുള്ള യുവവൈദികര്‍ക്ക് ഈയിടെ അന്തരിച്ച ഗീവര്‍ഗീസ് ചേടിയത്ത് മല്‍പ്പാനച്ചന്‍. ദൈവശാസ്ത്ര പഠനകാലത്താണ് ഞാന്‍ ആദ്യമായി ചേടിയത്തച്ചനെ കൂടുതല്‍ അടുത്തറിയുന്നത്. സെമിനാരിയില്‍ പഠിപ്പിക്കാന്‍ വരുന്ന അച്ചന്‍ താന്‍ രചിച്ച ഗ്രന്ഥങ്ങള്‍ സൗജന്യമായി വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വ ന്നിരുന്നു. ചില പുസ്തകങ്ങള്‍ വളരെ വലുതായിരുന്നു. ഒരു വൈദിക വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പണം കൊടുത്ത് ആ ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് ചേടിയത്തച്ചന് അറിയാമായിരുന്നു.
ഒരിക്കല്‍ കണ്ടാല്‍ ആരെയും അച്ചന്‍ മറക്കില്ലായിരുന്നു. എവിടെവച്ച് വീണ്ടും കണ്ടാലും പേരെ ടുത്ത് വിളിക്കുകയും ചെയ്യും. സെമിനാരി പഠനത്തിനുശേഷം 2019-ല്‍ ജര്‍മ്മനിയില്‍ വച്ചാണ് ഞാന്‍ വീണ്ടും ചേടിയത്തച്ചനെ കണ്ടത്. കമ്മ്യൂണിയോ ഇന്‍ ക്രിസ്റ്റോയുടെ മദര്‍ ഹൗസില്‍ വച്ച്. മദറിന്റെ ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേക്ക് അച്ചന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജര്‍മ്മനിയില്‍ വന്നാല്‍ മദര്‍ ഹൗസ് സന്ദര്‍ശിച്ചേ അച്ചന്‍ എപ്പോഴും ഇന്ത്യയിലേക്ക് തിരിച്ചു പോകാറുള്ളൂ. അന്നത്തെ കൂടിക്കാഴ്ചയില്‍ എന്റെ തുടര്‍ പഠനത്തെക്കുറിച്ച് ചേടിയത്തച്ചന്‍ വിശദമായി ചോദിച്ചറിഞ്ഞു. പുരോഹിതര്‍ അറിവുള്ളവരായിരിക്കണമെന്നും നിരന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ തക്കവിധം ആഴത്തിലും പരപ്പിലുമുള്ള വായനയുള്ളവരായിരിക്കണമെന്നും ചേടിയത്തച്ചന്‍ എല്ലാ വൈദിക വിദ്യാര്‍ത്ഥികളെയും യുവവൈദികരെയും നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. ഏതൊരു സഭാകാര്യം ചോദിച്ചാലും ബന്ധപ്പെട്ട പുസ്തകങ്ങളുടെ റഫറന്‍സോടു കൂടിയായിരുന്നു ഈ ദൈവശാസ്ത്രജ്ഞന്റെ മറുപടിയെന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു.
മൂന്ന് തലങ്ങളിലാണ് വന്ദ്യ മല്‍പ്പാനച്ചന്റെ പഠനവും ഗവേഷണവും രചനകളും. സഭാപിതാക്കന്മാര്‍, ക്രിസ്തുദര്‍ശനം, സഭാ ചരിത്രം എന്നീ വിഷയങ്ങളിലുള്ള സമഗ്രമായ പഠനം അദ്ദേഹത്തെ സഭൈക്യദര്‍ശനത്തിന്റെ നവചിന്താധാരകളിലേയ്‌ക്കെത്തിക്കുകയായിരുന്നുവെന്നു പറയാം. കൃത്യമായി പറഞ്ഞാല്‍ 106 മലയാള ഗ്രന്ഥങ്ങള്‍ മല്‍പ്പാനച്ചന്‍ രചിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്.
വെറുതെ സ്വന്തം പാണ്ഡിത്യം വിളിച്ചോതാനുള്ള രചനകളായിരുന്നില്ല ചേടിയത്തച്ചന്റേത്. ഗവേഷണത്തിനായി അദ്ദേഹം തെരഞ്ഞെടുത്ത വിഷയം തന്നെ ഉദാഹരണം. പൗരസ്ത്യ സുറിയാനി സഭയുടെ പ്രാചീന പ്രബോധകരില്‍ ഒരാളായ മാര്‍ ബാബായിയുടെ ക്രിസ്തുദര്‍ശനത്തെ ആധാരമാക്കിയായിരുന്നു ചേടിയത്തച്ചന്റെ ഡോക്ടറേറ്റ് പഠനം. 1978-ല്‍ ഡോക്ടറേറ്റ് എടുത്തുവെങ്കിലും ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത് 1982-ല്‍ ആണ്. സഭാപിതാക്കന്മാരെ സംബന്ധിച്ചാണ് അദ്ദേഹം ഏറെക്കാലം ഗവേഷണം നടത്തിയത്. ഈ പഠനങ്ങളുടെ ഫലമായി അപ്പസ്‌തോലികപിതാക്കന്മാര്‍, ആദിമസഭാപിതാക്കന്മാര്‍, ലത്തീന്‍സഭാപിതാക്കന്മാര്‍ എന്നിവരെക്കുറിച്ചുള്ള ഗ്രന്ഥപരമ്പര പ്രസിദ്ധീകൃതമായി. ആദിമസഭയുടെ തീക്ഷ്ണതയേറുന്ന ചിന്തകള്‍ തുളുമ്പുന്ന സഭാപിതാക്കന്മാരുടെ രചനകള്‍ മലയാളത്തിലേക്ക് ഇത്രയേറെ പരിഭാഷപ്പെടുത്തിയ മറ്റൊരു ദൈവശാസ്ത്രജ്ഞനുണ്ടോയെന്നു സംശയിക്കണം. മാര്‍ അപ്രേം, ഗ്രിഗറി നീസാ, ഒരിജെന്‍, ജറുസലമിലെ സിറില്‍, ജോണ്‍ ക്രിസോസ്റ്റം, എവുത്തിമിയൂസ്, ജെറോം, ജന്നാഡിയൂസ് തുടങ്ങിയവരുടെ കൃതികള്‍ ചേടിയത്തച്ചന്റെ രചനാ നാള്‍വഴികളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. സീറോ മലങ്കര കത്തോലിക്കാ സഭയെ സംബന്ധിച്ചുള്ള വിവിധ പഠനഗ്രന്ഥങ്ങള്‍ അദ്ദേഹം മലയാളം, ജര്‍മ്മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലും രചിച്ചു.

ഗീവര്‍ഗീസ് ചേടിയത്ത് മല്‍പ്പാനച്ചന്‍
ഗീവര്‍ഗീസ് ചേടിയത്ത് മല്‍പ്പാനച്ചന്‍

കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ ചോദ്യം ചെയ്തു രംഗത്തു വന്ന പെന്തക്കോസ്ത്, യഹോവാ സാക്ഷി പ്രസ്ഥാനങ്ങള്‍ക്ക് ആധികാരികമായി തന്നെ ചേടിയത്തച്ചന്‍ നല്‍കിയ വിശദീകരണങ്ങളും വിശ്വാസ വ്യാഖ്യാനങ്ങളും ഇന്നും പ്രസക്തമാണ്. ശിശുസ്‌നാനത്തെക്കുറിച്ചു വിവാദമുണ്ടായപ്പോള്‍ ചേടിയത്തച്ചന്‍ ഒരു ഗ്രന്ഥം തന്നെ എഴുതിയാണ് സഭയുടെ നിലപാടുകളെ വിശ്വാസികള്‍ക്കു മുന്നില്‍ ബലപ്പെടുത്തിയത്.
സഭൈക്യ രംഗത്ത് മുമ്പേ പറന്ന പക്ഷിയായിരുന്നു ചേടിയത്തച്ചന്‍. എഴുപതുകളിലാണ് മാര്‍ ബാബായിയെക്കുറിച്ച് അദ്ദേഹം ഗ വേഷണം തുടങ്ങിയത്. മാര്‍ ബാബായിയുടെ ദൈവശാസ്ത്രം കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുരൂപമാണെന്ന് അന്ന് അച്ചന്‍ എഴുതിവച്ചത് സംശയത്തോടെ വീക്ഷിച്ചവരുണ്ട്. പില്‍ക്കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1994-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അസീറിയന്‍ സഭയുമായി ചേര്‍ന്നു നടത്തിയ സംയുക്ത ദൈവശാസ്ത്ര പ്രഖ്യാപനം ചേടിയത്തച്ചന്റെ വാക്കുകള്‍ പ്രവാചക സദൃശം യാഥാര്‍ത്ഥ്യമായി.
ദൈവശാസ്ത്ര പഠന കാലത്ത് ഏറെ ആദരവോടെ വീക്ഷിച്ച ഗുരുശ്രേഷ്ഠന് യാത്രാമൊഴി പറയവേ, അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം പകര്‍ന്നു കിട്ടിയ ആത്മീയ ഊര്‍ജ്ജം ശിഷ്യരായ പലരെയും കൂടുതല്‍ ഗഹനമായ പഠനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിക്കട്ടെ. വെള്ളത്താടി തടവി, സുസ്‌മേരവദനനായിട്ടേ എപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. സന്യാസത്തിന്റെ സമൃദ്ധമായ ദൈവിക ചൈതന്യം തന്റെ അക്ഷരങ്ങളിലേക്കു പകര്‍ത്തിയ ഒരു ആത്മീയ വഴികാട്ടിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ കണ്ണടച്ചു നില്‍ക്കുമ്പോഴും, എവിടെ നിന്നോ ഒഴുകിയെത്തുന്നുണ്ട് ആ ഗുരുമൊഴികളുടെ സൗമ്യമായ തെന്നല്‍ സ്പര്‍ശം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org