പ്രീ-കാനാ ഔപചാരികതകൾക്കപ്പുറമുള്ള വിവാഹ ഒരുക്കം

Wedding-preparation-beyond-pre-cana-formalities
Published on

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒന്ന് എന്ന രീതിയിൽ പൊതുവെ തെറ്റായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് കല്യാണവും (wedding) വിവാഹവും (marriage). സത്യത്തിൽ, ഇവ രണ്ടും ഒന്നല്ല. കല്യാണം എന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രം ആയുസ്സുള്ള ‘ചടങ്ങ്’ (ceremony) മാത്രമാണ്, വിവാഹമാകട്ടെ മരണം വരെയുള്ള ജീവിതവും (life /relationship).

വിവാഹ ഒരുക്കത്തെക്കാൾ കല്യാണ ഒരുക്കമാണ് എല്ലാവരുടെയും ആകുലത. വിവാഹ ഒരുക്കം കല്യാണ ഒരുക്കം മാത്രമായി ചുരുങ്ങുന്നു. കല്യാണചടങ്ങുകൾ പണ്ടത്തെ അപേക്ഷിച്ച് ഏറെ മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉത്തരേന്ത്യൻ ആചാരങ്ങളായ ഹൽദി (Haldi), മെഹന്ദി (Mehndi), സംഗീത് എന്നിവയുടെ വരവ്. കല്യാണചടങ്ങുകൾ ഇവന്റ് മാനേജ്മെന്റ് നേതൃത്വത്തിലായതിനാൽ അവരുടെ ഡിമാന്റുകൾ പ്രകാരമാണ് കല്യാണചടങ്ങ് പുരോഗമിക്കുന്നത്. ചെലവഴിക്കുന്ന പണം ഭീമമാണ്. മാതാപിതാക്കളും മുതിർന്നവരും പലപ്പോഴും കാഴ്ചക്കാർ മാത്രമാകുന്നു. പ്ലാനിങ്ങും ഒരുക്കവും വിവാഹത്തെക്കാൾ കല്യാണത്തിന് മാത്രം.

പ്രസക്തമായ ചോദ്യം വർഷങ്ങളോളം ജീവിക്കേണ്ട വിവാഹത്തിനാണോ (Marriage) കൂടുതൽ ഒരുങ്ങേണ്ടത് അതോ കേവലം മണിക്കൂറുകൾ മാത്രമുള്ള കല്യാണ ചടങ്ങിനാണോ (wedding)? തീർച്ചയായും വിവാഹ ഒരുക്കമാണ് പ്രധാനപ്പെട്ടത്.

വിവാഹ ഒരുക്കം കേവലം ഒരു മധുവിധു യാത്രയ്ക്കായി നടത്തുന്ന ഒരുക്കമല്ല മറിച്ചു നാല്പത്-അമ്പത് വർഷങ്ങൾ നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പാണ്. ദമ്പതികളുടെ വിവാഹ സങ്കൽപ്പങ്ങൾ, മൂല്യങ്ങൾ, വ്യക്തിത്വം, വൈകാരികതലം, ആത്മീയത ഇവയിലെ പൊരുത്തം ഈ യാത്രയെ നന്മയുള്ളതാക്കും. നല്ലൊരു അടിത്തറ ദാമ്പത്യ ബന്ധത്തിന്റെ ആയുസ്സും ഗുണമേന്മയും വർധിപ്പിക്കും.

എന്താണ് വിവാഹ ഒരുക്കം?

വിവാഹിതരാകുന്നവർ തങ്ങളുടെ ബന്ധത്തിന്റെ ദൃഢത സജീവമായി വിലയിരുത്തുകയും (tests their compatibility), പരസ്പരമുള്ള അടിസ്ഥാന മൂല്യങ്ങൾ തിരിച്ചറിയുകയും (aligns their values), ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പങ്കാളിത്തം നിലനിർത്താൻ ആവശ്യമായ വൈകാരിക-ആശയവിനിമയ നിപുണതകൾ (skills) പഠിച്ചെടുക്കുകയും ചെയ്യുന്ന ബോധപൂർവമായ, പ്രായോഗികമായ പ്രക്രിയയാണ് യഥാർത്ഥ വിവാഹ ഒരുക്കം. നമ്മുടെ സംസ്ക്കാരത്തിൽ ഇങ്ങനെയൊരു ഒരുക്കം നടക്കുന്നുണ്ടോ? ഒരു പക്ഷെ അങ്ങനെയുള്ള ഏക പരിശീലന പരിപാടിയാണ് ‘വിവാഹ ഒരുക്ക കോഴ്സ്’. വിവാഹജീവിതത്തിന്റെ അടിത്തറ പണിയുന്നതിൽ പ്രധാനപ്പെട്ടതാണ് ‘വിവാഹ ഒരുക്ക കോഴ്സ്’.

വിവാഹ ഒരുക്ക കോഴ്സ്: അടിത്തറ പണിയുന്ന പരിശീലന പ്രക്രിയ

ഇന്ന് സഭയും ഇതര സമുദായങ്ങളും വിവാഹത്തിനൊരുക്കമായി വിവാഹ ഒരുക്ക കോഴ്സ് നടത്തുന്നു. ലോകമെമ്പാടും ഏതെങ്കിലും രീതിയിൽ ഇത്തരം ഒരുക്കം വിവാഹത്തിന് മുന്നോടിയായി നടത്തുന്നുണ്ട്. കേരളസഭയിൽ വിവാഹ ഒരുക്ക കോഴ്സിൽ പങ്കെടുക്കേണ്ടത് വിവാഹത്തിന് നിർബന്ധം തന്നെയാണ്. നിർബന്ധം എന്നതിനാൽ ഔപചാരികത (Formalism) എന്ന തലത്തിലേക്ക് ചിലപ്പോൾ കോഴ്സിനെപ്പറ്റിയുള്ള മനോഭാവം മാറാം. കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ, അവതരണ രീതി, പരിശീലന രീതിശാസ്ത്രം അതുപോലെ കോഴ്സ് നടത്തുന്ന മോഡ് (ഓൺലൈൻ, ഓഫ്‌ലൈൻ) പലയിടത്തും പലതാണ്.

വിവാഹിതരാകുന്നവർ തങ്ങളുടെ ബന്ധത്തിന്റെ ദൃഢത സജീവമായി വിലയിരുത്തുകയും, പരസ്പരമുള്ള അടിസ്ഥാന മൂല്യങ്ങൾ തിരിച്ചറിയുകയും, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പങ്കാളിത്തം നിലനിർത്താൻ ആവശ്യമായ വൈകാരിക-ആശയവിനിമയ നിപുണതകൾ പഠിച്ചെടുക്കുകയും ചെയ്യുന്ന ബോധപൂർവമായ, പ്രായോഗികമായ പ്രക്രിയയാണ് യഥാർത്ഥ വിവാഹ ഒരുക്കം.

ഈ പശ്ചാത്തലത്തിൽ യഥാർത്ഥ വിവാഹ ഒരുക്ക കോഴ്സ് മൂന്ന് കാര്യങ്ങളിൽ ശ്രദ്ധയൂന്നേണ്ടതുണ്ട്. ഒന്നാമതായി, ദമ്പതികൾക്ക് അവരുടെ ദാമ്പത്യത്തിന്റെ എല്ലാ മേഖലകളിലും ആവശ്യം വേണ്ട അടിസ്ഥാന മൂല്യങ്ങൾ രൂപീകരിക്കുക. രണ്ട്, ദാമ്പത്യത്തിന്റെ ലക്ഷ്യങ്ങളിൽ വ്യക്തത വരുത്തുക. മൂന്നാമതായി, വിവാഹത്തിന്റെ ലക്ഷ്യങ്ങൾ ജീവിക്കാൻ ആവശ്യമായ നിപുണത (skills) പരിശീലിക്കുക. ചുരുക്കത്തിൽ ഒരു പുരുഷനും ഒരു സ്ത്രീയും വലിയ ദിശാബോധത്തോടെ കഴിവുകൾ വികസിപ്പിച്ചു വിവാഹത്തിലേക്ക് പ്രവേശിക്കാൻ പ്രചോദനവും അറിവും നൽകുന്ന അവസരമായിരിക്കണം ഓരോ വിവാഹ ഒരുക്ക കോഴ്സും.

വിവാഹ ഒരുക്കത്തിലെ പ്രധാന മേഖലകൾ

  • 1. അടിസ്ഥാന മൂല്യങ്ങൾ രൂപീകരിക്കുക

വിവാഹജീവിതം വിജയകരമാക്കാൻ ചില അടിസ്ഥാന മൂല്യങ്ങൾ ആവശ്യമാണ്. പ്രതിബദ്ധത (Commitment), പരസ്പരവിശ്വാസം (Trust & Honesty), പരസ്പര ബഹുമാനം (Mutual Respect), സഹാനുഭൂതിയും ക്ഷമയും (Empathy and Patience), പൊതുവായ ലക്ഷ്യങ്ങൾ (Shared Goals) എന്നിവയെല്ലാമാണവ. ഒരുമിച്ചു മുന്നോട്ടു പോകാനും പ്രതിസന്ധികളെ നേരിടാനും ഈ മൂല്യങ്ങൾ സഹായിക്കുന്നു.

ഈ മൂല്യങ്ങളോടൊപ്പം ആഴത്തിൽ പരിശീലിപ്പിക്കപ്പെടേണ്ട ചിലതുണ്ട്. വിവാഹം ദൈവവിളിയാണെന്ന് പഠിപ്പിക്കുന്നതോടൊപ്പം എന്തുകൊണ്ട് അത് ക്രിസ്തുശിഷ്യത്വമായി അവതരിപ്പിച്ചുകൂടാ? വിവാഹത്തിലൂടെ സഭയിലും സമൂഹത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കാം എന്ന സന്ദേശം തീർച്ചയായും അർത്ഥികൾക്ക് ഇതിലൂടെ നൽകാൻ സാധിക്കും. അതുപോലെ, വിവാഹം വരപ്രസാദം പ്രദാനം ചെയ്യുന്ന കൂദാശയാണെന്ന് പഠിപ്പിക്കുന്നു. എന്നാൽ ക്രിസ്തുവിനെ തന്നെയാണ് ദമ്പതികൾ പങ്കാളിയിലൂടെ സ്വീകരിക്കുന്നത് എന്ന ശ്രേഷ്ഠ ചിന്ത എന്തുകൊണ്ട് നൽകുന്നില്ല?

പ്രസക്തമായ ചോദ്യം വർഷങ്ങളോളം ജീവിക്കേണ്ട വിവാഹത്തിനാണോ കൂടുതൽ ഒരുങ്ങേണ്ടത് അതോ കേവലം മണിക്കൂറുകൾ മാത്രമുള്ള കല്യാണ ചടങ്ങിനാണോ? തീർച്ചയായും വിവാഹ ഒരുക്കമാണ് പ്രധാനപ്പെട്ടത്.

വിവാഹം ദൈവവിളിയായതിനാൽ മറ്റ് വിളികൾ പോലെ അതിനും തനിമയുള്ള ആത്മീയതയുണ്ട്. അതാണ് ദാമ്പത്യ ആത്മീയത (Marital Spirituality). പലപ്പോഴും ദമ്പതികൾ അനുവർത്തിക്കാൻ പ്രേരിതരാകുന്നത് സന്യാസികളുടെ ആത്മീയതയാണ് (Monastic Spirituality). വിരക്തിയിലൂന്നിയ ആത്മീയവൽക്കരണമാണത്. ദമ്പതീ ആത്മീയതയാകട്ടെ പ്രണയവും, സ്നേഹപ്രകടനങ്ങളും പങ്കാളിത്തവും നിറഞ്ഞ സ്നേഹാത്മീയതയും.

സഭ നടത്തുന്ന വിവാഹ കോഴ്സിൽ പ്രാർഥന, അനുഷ്ഠാനങ്ങൾ, ദൈവവചനം എന്നതിനപ്പുറം വിവാഹത്തിന്റെ ശാരീരിക-മാനസിക-ആത്മീയ തലങ്ങളെ സമഗ്രമായി പരിഗണിക്കുന്ന ഏതെങ്കിലും മാതൃകകൾ ആത്മീയതയായി അവതരിപ്പിക്കുന്നുണ്ടോ എന്നത് സംശയമാണ്.

എന്നാണ് ദമ്പതികളുടെ തനിമയുള്ള ആത്മീയത പരിശീലിപ്പിക്കുക? ദമ്പതികൾ തങ്ങളുടെ വൈകാരികാവശ്യങ്ങൾ (Emotional Needs) പരസ്പരം പൂർത്തീകരിക്കുന്നതും ഒരുമിച്ച് പ്രാർഥിക്കുന്നതുപോലെ തന്നെ വിനോദങ്ങൾ, വീട്ടുജോലികൾ, യാത്രകൾ എന്നിവയിൽ ഒരുമിക്കുന്നതും വൈവാഹിക ആത്മീയതയായി പരിഗണിക്കേണ്ടതല്ലേ?

  • 2. ദാമ്പത്യത്തിന്റെ ലക്ഷ്യങ്ങളിൽ വ്യക്തത (Clarity on the Goals of Marriage)

എന്തിനാണ് വിവാഹം കഴിക്കുന്നത്? വിവാഹിതരോടും വിവാഹിതരാകാൻ പോകുന്നവരോടും ഈ ചോദ്യം ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. ചിലർ പറയും സമൂഹം നിലനിർത്താൻ, മറ്റ് ചിലർ ഏകാന്തതയുടെ പരിഹാരം. അങ്ങനെ പോകുന്നു ഉത്തരങ്ങൾ. ഏതൊരു കാര്യത്തിന്റെയും വിജയത്തിന്, ലക്ഷ്യം പ്രധാനപ്പെട്ടതാണ്. ലക്ഷ്യങ്ങളിൽ വ്യക്തതയില്ലായ്മ ദാമ്പത്യത്തിൽ ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകാറുണ്ട്. പല വിവാഹങ്ങളുടെയും പരാജയ കാരണം തന്നെ ലക്ഷ്യബോധത്തിന്റെ അഭാവമാണ്.

വിവാഹ ഒരുക്ക കോഴ്സിൽ വിവാഹാർത്ഥികളോട് നിർബന്ധമായും ചോദിക്കേണ്ട ചോദ്യമാണിത്. അവർ രണ്ടു പേരുമാണ് തങ്ങളുടെ വിവാഹത്തിന്റെ ലക്ഷ്യം കണ്ടെത്തേണ്ടത്. അതിനുതകുന്ന ആശയങ്ങളും പ്രചോദനവും നല്കാൻ ഒരുക്ക കോഴ്സിലെ വിഷയങ്ങൾക്ക് സാധിക്കണം. കുഞ്ഞുങ്ങളെ ജനിപ്പിക്കുക അവരെ വളർത്തുക എന്നത് മാത്രം ലക്ഷ്യമായി അവതരിപ്പിക്കുന്ന ഇടങ്ങളുണ്ട്. സമുദായ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ ലക്ഷ്യം. ഓരോ വിവാഹവും പ്രധാനപ്പെട്ടതാണ്. കാരണം, അവ സമൂഹനിർമ്മിതിക്ക് ശക്തമായ സംഭാവന നൽകുന്നു. തങ്ങൾ എന്തിന് വിവാഹം ചെയ്യുന്നു, മക്കളെ ജനിപ്പിക്കുന്നു എന്ന വ്യക്തമായ ലക്ഷ്യമുള്ള ദമ്പതികൾ സമൂഹത്തിന് വലിയ സംഭാവന നൽകും.

  • 3. വിവാഹത്തിന്റെ ലക്ഷ്യങ്ങൾ ജീവിക്കാൻ ആവശ്യമായ നിപുണത

വിവാഹം അടിസ്ഥാനപരമായി ബന്ധമായതിനാൽ ബന്ധത്തിന്റെ ഗുണമേന്മയാണ് വിവാഹത്തിന്റെ വിജയം നിർണ്ണയിക്കുന്നത്. ബന്ധങ്ങളെ സംബന്ധിച്ച് പുതുതലമുറ ഇന്ന് സംസാരിക്കുന്ന രണ്ട് പദങ്ങളാണ് റെഡ് ഫ്ലാഗ് അതുപോലെ ഗ്രീൻ ഫ്ലാഗ്. ബന്ധം അപകടകരമോ (dangerous), വിഷലിപ്തമോ (toxic) അല്ലെങ്കിൽ ഹാനികരമോ (harmful) ആണെന്നതിന്റെ മുന്നറിയിപ്പ് സൂചനകളാണ് റെഡ് ഫ്ലാഗുകൾ. അവ അവഗണിച്ചാൽ വൈകാരിക തകർച്ചയിലേക്കോ ദുരുപയോഗത്തിലേക്കോ ബന്ധം സ്വഭാവികമായി പരിണമിച്ചേക്കാം. മറുഭാഗത്ത്, ഗ്രീൻ ഫ്ലാഗുകൾ എന്നത് ബന്ധം ആരോഗ്യകരമാണെന്നും വളരാൻ സാധ്യതയുണ്ടെന്നുമുള്ള നല്ല സൂചനകളാണ്. വരാനിരിക്കുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാൻ സാധിക്കുന്ന സുരക്ഷിതവും സഹകരണത്തിന്റേതുമായ ഒരു അടിത്തറയാണത്.

സഭ നടത്തുന്ന വിവാഹ കോഴ്സിൽ പ്രാർഥന, അനുഷ്ഠാനങ്ങൾ, ദൈവവചനം എന്നതിനപ്പുറം വിവാഹത്തിന്റെ ശാരീരിക-മാനസിക-ആത്മീയ തലങ്ങളെ സമഗ്രമായി പരിഗണിക്കുന്ന ഏതെങ്കിലും മാതൃകകൾ ആത്മീയതയായി അവതരിപ്പി ക്കുന്നുണ്ടോ എന്നത് സംശയമാണ്.

ആരോഗ്യകരമായ ബന്ധങ്ങൾ സ്വായത്തമാക്കി വിവാഹത്തിന്റെ ലക്ഷ്യങ്ങൾ വിജയകരമായി ജീവിക്കാൻ ദമ്പതികൾക്ക് ചില നിപുണതകൾ (Life Skills) ആവശ്യമാണ്. പങ്കാളികൾക്കിടയിലെ അകൽച്ച കുറയ്ക്കാനും ബന്ധം കൂടുതൽ ദൃഢമാക്കാനും ഇവ സഹായിക്കുന്നു. പ്രധാനമായും അഞ്ച് അടിസ്ഥാന നിപുണതകളാണുള്ളത്.

1. ആശയവിനിമയ നൈപുണ്യം (Communication Skills)

2. തർക്കങ്ങൾ പരിഹരിക്കാനുള്ള നൈപുണ്യം (Conflict Resolution)

3. സാമ്പത്തിക മാനേജ്‌മെന്റ് (Financial Management)

4. വൈകാരിക ബുദ്ധി (Emotional Intelligence)

5. വിട്ടുവീഴ്ചയും പൊരുത്തപ്പെടലും (Adaptability and Compromise)

ഈ കഴിവുകൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല, മറിച്ച് പങ്കാളികൾ ഒരുമിച്ച് പരിശീലിച്ചെടുക്കേണ്ടതാണ്. വിവാഹ ഒരുക്ക കോഴ്സ് ഇതിനുള്ള പ്രാരംഭ പരിശീലന വേദിയാകണം. ഈ നിപുണതകളെല്ലാം തന്നെ വ്യക്തിത്വ-വൈകാരിക തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പ്രധാനം വ്യക്തിത്വവും വൈകാരിക തലങ്ങളും ആത്മാർഥമായി വിലയിരുത്തുക എന്നതാണ്. വിവാഹ ഒരുക്ക കോഴ്സിന്റെ ഭാഗമായി വ്യക്തിപരമായ കൗൺസിലിംഗ് ഈ പശ്ചാത്തലത്തിൽ പ്രസക്തമാണ്.

പ്രീ-കാന കോഴ്സിന്റെ ഔപചാരിക തയ്ക്കപ്പുറം പങ്കാളികൾക്ക് പരസ്പരം മനസ്സിലാക്കാൻ ആധുനിക റിലേഷൻ ഷിപ്പ് സയൻസും പാസ്റ്ററൽ സൈക്കോ ളജിയും നിരവധി പ്രായോഗിക മാർഗങ്ങൾ മുന്നോട്ട് വയ്ക്കുന്നു. അപകട സൂചനകളെ വിവേചിച്ചറിയാൻ ഇന്ന് ആഗോളതലത്തിൽ ഉപയോഗിക്കുന്ന കൗൺസിലിംഗ് മോഡലുകൾ, സ്വഭാവ വിലയിരുത്തലുകൾ, മനഃശാസ്ത്രപരമായ ചട്ടക്കൂടുകൾ എന്നിവയാണവ.

ഒരുപക്ഷെ ഇന്ന് സഭ നടത്തുന്ന വിവാഹ ഒരുക്ക കോഴ്‌സുകൾ ഇത്തര ത്തിൽ സമഗ്രതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഉദാഹരണ മായി, Sexual Intimacy അല്ലെങ്കിൽ ലൈംഗിക സ്നേഹം എന്ന വിഷയം ലൈംഗിക ധാർമ്മികതയെ (Sexual Ethics) അല്ലെങ്കിൽ ധാർമ്മികതയുടെ ഭാഷ (Moral language) ഉപയോഗിച്ചോ അല്ല അവതരിപ്പിക്കേണ്ടത്. പകരം, ലൈംഗികതയുടെ മനഃശാസ്ത്രപരവും (Psychological) ശാരീരികവുമായ (Physiological) തലങ്ങളെയാണ് അവതരിപ്പിക്കേണ്ടത്.

പഴയകാല വിവാഹങ്ങൾ ഇങ്ങനെ യുള്ള പരിശോധനകൾ നടത്താതിരി ന്നിട്ടും അവ വിജയിച്ചില്ലെ എന്നുള്ളതാ യിരിക്കാം ചില വാദങ്ങൾ. എന്നാൽ ടെക്നോളജിയും സോഷ്യൽ മീഡിയയും നിയന്ത്രിക്കുന്ന ഈ കാലഘട്ടം തീർക്കുന്ന സങ്കീർണ്ണതകൾ വ്യക്തികളിലും പ്രകടമാണ്. ഇത് തരണം ചെയ്ത് ആരോഗ്യമുള്ള ദാമ്പത്യ-കുടുംബബന്ധങ്ങൾ സൃഷ്ടിക്കാൻ ഇത്തരം പരിശോധനകൾ ആവശ്യ മാണ്. ഒരുപക്ഷെ സഭയുടെ നേതൃത്വ ത്തിൽ നടത്തുന്ന വിവാഹ ഒരുക്ക കോഴ്സ് തന്നെ ഇത്തരത്തിൽ ആഴത്തി ലുള്ള പരിശോധനയ്ക്കും വിലയിരുത്ത ലിനുമുള്ള മാർഗമായി ഉപയോഗിക്കാം.

logo
Sathyadeepam Online
www.sathyadeepam.org