റിവോള്‍വിംഗ് ചെയറിലെ കുരിശിന്റെ വഴി

റിവോള്‍വിംഗ് ചെയറിലെ കുരിശിന്റെ വഴി

ഫാ. ജോര്‍ജ്ജ് കാനംകുടം

ഫാ. ജോര്‍ജ്ജ് കാനംകുടം
ഫാ. ജോര്‍ജ്ജ് കാനംകുടം

അത്യുന്നത കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ പിതാവിന്റെ കൈവെപ്പുവഴി 1996 ഫെബ്രുവരി ഏഴിനാണ് ഞാന്‍ എറണാകുളം ബസിലിക്കയില്‍ വച്ച് വൈദികനായി അഭിഷിക്തനായത്. പൗരോഹിത്യത്തിന്റെ രജത ജൂബിലി വര്‍ഷത്തില്‍ തന്നെ എന്നെ വൈദികപദവിയിലേക്ക് നയിച്ച പ്രിയ പടിയറ പിതാവിന്റെ ജന്മശതാബ്ദിയും ഒത്തുചേരുന്നത് വലിയ സന്തോഷത്തിനു കാരണമാകുന്നു. തിരുപ്പട്ട സ്വീകരണത്തെ തുടര്‍ന്ന് രണ്ടേകാല്‍ വര്‍ഷത്തിനുശേഷം 1998 മെയ് 26 ന് എന്നെ അഭി. പടിയറ പിതാവിന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള നിയമനപത്രിക ലഭിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു നിയമനം. തിരുപ്പട്ടം നല്‍കിയ പിതാവിന്റെ സന്തത സഹചാരിയായതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. തിരുപ്പട്ടം തന്ന പിതാവിനെ ഒരു പുരോഹിതനും ഒരിക്കലും മറക്കുകയില്ല. ഈ പുണ്യപിതാവിന്റെ കൂടെ ശുശ്രൂഷ ചെയ്യാനുള്ള ക്ഷണം വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുകയും ചെയ്തു. പിതാവിന്റെ മരണശേഷം അദ്ദേഹത്തെ മറന്ന ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല എന്നതും ഒരു സത്യമാണ്.
ഞാന്‍, കാക്കനാട്ടുള്ള കര്‍ദ്ദിനാള്‍ ആന്റണി പടിയറ നേച്ചര്‍ ക്യുവര്‍ യോഗാശ്രമത്തില്‍ എത്തി രണ്ടു ദിവസം കഴിഞ്ഞാണ് പിതാവ്, 1998 ജൂണ്‍ 29 ന്, ജര്‍മ്മനിയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. പുതിയ സെക്രട്ടറിയെ നിറഞ്ഞ പുഞ്ചിരിയും വിടര്‍ന്ന കണ്ണുകളുമായി തലയുയര്‍ത്തി നോക്കിയത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളിയുടെ ചുമതലകൂടി എനിക്കേല്പിക്കപ്പെട്ടിരുന്നു. ഒന്നേമുക്കാല്‍ വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയ്ക്കുശേഷം പിതാവ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ പിതാവിന് ക്ഷണം കിട്ടുന്ന ചില പരിപാടികളൊക്കെ റദ്ദാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും "അച്ചാ, ഇപ്പോള്‍ കേരളത്തില്‍ ഒരു കര്‍ദ്ദിനാളല്ലേ ഉള്ളൂ, സാധിക്കുന്നിടത്തോളം ആരേയും നിരാശപ്പെടുത്തേണ്ട." എത്ര ശാരീരിക ക്ലേശങ്ങളുണ്ടായാലും മായാത്ത പുഞ്ചിരിയുമായി പിതാവ് ജനത്തിന്റെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ തയ്യാറായിരുന്നു. "പുഞ്ചിയോടെ സേവനം" എന്ന സ്വന്തം ആപ്തവാക്യത്തിന്റെ വേര് അദ്ദേഹത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു.
ചങ്ങനാശ്ശേരിയില്‍ നടന്ന യുവജനങ്ങളുടെ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ കാറിന്റെ പിന്‍ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടുപോയി. വിജനപ്രദേശമായിരുന്നതിനാല്‍ കാറ് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പിതാവ് കാര്യം തിരക്കി. പ്രശ്‌നം മനസ്സിലാക്കിയ അദ്ദേഹം കൊന്തചൊല്ലാന്‍ തുടങ്ങി. ഞാന്‍ പരിപാടി നടക്കുന്ന സ്ഥലത്തെ വികാരിയച്ചനെ കാര്യം ധരിപ്പിച്ചു. മിനിറ്റുകള്‍ക്കകം ഒരു ലോറിനിറയെ യുവാക്കളെത്തി കാറ് പൊക്കിയെടുത്ത് സുരക്ഷിതസ്ഥലത്തെത്തിച്ചു. പിതാവ് കൊന്ത പൂര്‍ത്തിയാക്കി സ്ഥിരമായി പാടാറുള്ള ഗാനം ആരംഭിച്ചു, "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു." മാതാവി ന്റെ കൈപിടിച്ച് പ്രശ്‌നങ്ങളിലെല്ലാം പ്രാര്‍ത്ഥനയോടെ യാത്രകള്‍ തുടരുകയായിരുന്നു അദ്ദേഹം ജീവിതത്തിലുടനീളം. മെത്രാ നായ സമയത്ത് "ഞാന്‍ മുഴുവനും നിന്റേതാണ്." എന്ന പരിശുദ്ധ മറിയത്തിന് തന്നെ മുഴുവനും സമര്‍പ്പിക്കുന്ന ഈ ആപ്തവാ ക്യം സ്വീകരിച്ചിരുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.
പിതാവിനൊരു കോഡ്‌ലെസ്സ് ഫോണുണ്ടായിരുന്നു. രാത്രിയില്‍ കിടക്കാന്‍ നേരം അതു കൂടെ കരുതും. രാത്രിയില്‍ വല്ലപ്പോ ഴുമൊക്കെ ആരെങ്കിലും അതില്‍ വിളിക്കുമ്പോള്‍ അതെടുത്തു സംസാരിക്കാന്‍ ശ്രമിക്കും. ചിലപ്പോഴൊക്കെ അത്തരം ശ്രമത്തി നിടയില്‍ കട്ടിലില്‍ നിന്നും താഴെ വീണിട്ടുമുണ്ട്. ശബ്ദം കേട്ട് പിതാവിനെ ഉയര്‍ത്തി കിടക്കയിലാക്കുമ്പോള്‍ എന്താണ് സംഭവി ച്ചതെന്നു ചോദിച്ചാല്‍ പറയും, "ആരോ വിളിച്ചു, ജനം വിളിച്ചാല്‍ ഞാന്‍ വീണുപോകും. അച്ചന്‍ പോയി വിശ്രമിച്ചോളൂ." ഒരു മിഷനറിയുടെ ചുറുചുറുക്കോടെ തന്റെ അവശതകളും അപകടങ്ങളും അദ്ദേഹം നര്‍മ്മത്തോടെ അവതരിപ്പിക്കുമായിരുന്നു.
ഒരിക്കല്‍ ചാപ്പലില്‍ ഒരു റിവോള്‍വിങ്ങ് ചെയര്‍ ഇടാന്‍ ആവശ്യപ്പെട്ടു. പിതാവ് കസേരയിലിരുന്ന് പല ദിക്കിലേക്കും നോക്കി യിരിക്കുന്നതും കണ്ടു. ആദ്യം എനിക്ക് കാര്യങ്ങള്‍ മനസ്സിലായില്ല. മുട്ടുകുത്തി കുരിശിന്റെ വഴി ചൊല്ലാന്‍ പറ്റാതായപ്പോള്‍ അദ്ദേഹം ആ കസേരയിലിരുന്ന് കുരിശിന്റെ വഴിയുടെ ഓരോ സ്ഥലവും ധ്യാനിക്കുകയാണെന്ന് അധികം വൈകാതെ മനസ്സിലാക്കാനായി. മൂന്നു നേരവും ആബേലച്ചന്‍ തയ്യാറാക്കിയ നമസ്‌കാരപുസ്തകത്തിലെ യാമ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊടുക്കണമായിരുന്നു. എല്ലാ നമസ്‌കാരപാട്ടുകളുടെ രീതികളും എനിക്ക് വശമില്ലായിരുന്നു. അറിയാത്ത പാട്ടുകളൊക്കെ പാടുന്നതിനു പകരം സാവധാനത്തില്‍ അവ എനിക്ക് വെറുതെ വായിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പ്രാര്‍ത്ഥനയ്ക്കുശേഷം ശാന്തമായി കൂടെ പ്രാര്‍ത്ഥിച്ചതിന് നന്ദിപറഞ്ഞ് എന്നെ ഇടവകപ്പള്ളിയിലേക്ക് യാത്രയാക്കുമായിരുന്നു. മിക്ക ദിവസവും ഇംഗ്ലീഷ് കുര്‍ബാനയാണ് അര്‍പ്പിച്ചിരുന്നത്. അതിലെ ഏറ്റവും പ്രധാന ഭാഗങ്ങള്‍ അദ്ദേഹം ഉരുവിടാന്‍ ശ്രമിച്ചിരുന്നു. പ്രാര്‍ത്ഥനയെന്ന ഊര്‍ജ്ജമാണ് മനുഷ്യന്റെ മറ്റെല്ലാ കഴിവുകളെക്കാള്‍ മെച്ചമെന്ന് അദ്ദേഹത്തിന്റെ തീക്ഷ്ണമായ ജീവിതം പകര്‍ന്ന വെളിച്ചമാണ്. പ്രാര്‍ത്ഥിക്കാന്‍ പറ്റാതാകുമ്പോഴും പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹം തന്നെ വലിയ പ്രാര്‍ത്ഥനയാണ്.
ഇടവകപ്പള്ളികൂടി നോക്കേണ്ടിയിരുന്നതിനാല്‍ ചിലപ്പോഴൊക്കെ കൃത്യസമയത്ത് എനിക്ക് പിതാവിന്റെ പാര്‍പ്പിടത്തിലെത്തുക സാധ്യമായിരുന്നില്ല. പുറപ്പെടേണ്ട സമയമാകുമ്പോള്‍ അദ്ദേഹം കസേരയില്‍നിന്നും എഴുന്നേറ്റു നില്‍ക്കും. ഞാന്‍ വരാന്‍ വൈകുന്നയത്രയും സമയം നില്‍പു തുടരും. സമയനിഷ്ഠയും അതോടൊപ്പം മറ്റുള്ളവരുടെ കുറവുകള്‍ ക്ഷമിക്കാനുള്ള സന്നദ്ധതയും കൂടിക്കലര്‍ന്ന പുതിയൊരു സങ്കരഭാവം അപ്പോള്‍ കാണാം. വികാരിയും സെക്രട്ടറിയുമായ എന്നെ വാച്ചിലേക്കു വിരല്‍ ചൂണ്ടി പുഞ്ചിരിക്കും. കൂടാതെ ഉടുപ്പില്‍ വല്ല കറുത്ത പുള്ളിയോ ചുളിവോ ഉണ്ടെങ്കില്‍ അതും ചൂണ്ടിക്കാണിക്കും. കൂടുതലും വിരലുകളിലൂടെയുള്ള ആ സംസാരത്തിന് പുഞ്ചിരിയുടെ അകമ്പടിയുമുള്ളത് അക്കാലത്ത് എന്നെ ആശ്വസിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org