ഇത്രയും വേണമായിരുന്നോ?

ഇത്രയും വേണമായിരുന്നോ?
ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ അവരെപ്പോലെ വേഷം ധരിച്ച്, അവരില്‍ ഒരാളായി ജീവിക്കാന്‍ തുടങ്ങിയ ദയാബായി ആ വേഷത്തില്‍ ആദ്യമായി വീട്ടില്‍ വന്നു. പപ്പയോട് അദ്ദേഹത്തിന്റെ പ്രിയപുത്രിയായ മെഴ്‌സി സ്വന്തം രൂപത്തെക്കുറിച്ചു ചോദിച്ചു, ''ഇത്രയും വേണമായിരുന്നോ?'' പപ്പ ചോദിക്കേണ്ട ചോദ്യം മകള്‍തന്നെ ചോദിച്ചു. ചോദ്യം കേട്ട ആ പിതാവ് മുഖമുയര്‍ത്തി, ക്രിസ്തുവിന്റെ തൂങ്ങപ്പെട്ട രൂപത്തിലേക്കു നോക്കി. പിന്നെ അകത്തു പോയി പൊട്ടിക്കരഞ്ഞു. ദയാബായി അതു കണ്ടു. പില്‍ക്കാലത്ത്, ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ദയാബായിയുടെ ജീവിതം നാടകമായി അവതരിപ്പിച്ചപ്പോള്‍ അതില്‍ ഈ രംഗമുണ്ടായിരുന്നു. കാണികള്‍ അതു കണ്ടു കരഞ്ഞു. നാടകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗമതായിരുന്നു. കന്യാസ്ത്രീയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട മെഴ്‌സിയില്‍ നിന്ന് രാജ്യമറിയുന്ന സമരവനിതയായ ദയാബായിയിലേക്കുള്ള പ്രയാണം അത്തരം അനേകം രംഗങ്ങള്‍ നിറഞ്ഞതായിരുന്നു. ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ അനേകരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി. പലപ്പോഴും ഒറ്റയാള്‍ പോരാട്ടങ്ങള്‍. ഒടുവില്‍ സ്വന്തം സംസ്ഥാനത്തും അവര്‍ക്കു സമരം നടത്തേണ്ടി വന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടിയായിരുന്നു അത്. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കനുമായുള്ള സംഭാഷണത്തിനിടെ പിന്നിട്ട നാളുകളെയും പ്രചോദനകാരണങ്ങളെയും ഓര്‍ത്തെടുക്കുകയാണ് ദയാബായി...
Q

വീടു വിട്ട് ഇറങ്ങിപ്പോകാനുള്ള തീരുമാനത്തില്‍ എപ്പോഴെങ്കിലും ഖേദം തോന്നിയിട്ടുണ്ടോ?

A

ഒരിക്കലുമില്ല. പക്ഷേ കുറച്ചു കാലം ഒരു ഇരുണ്ട കാലഘട്ടം ഉണ്ടായിരുന്നു. എങ്ങോട്ടു പോകണം, എന്തു ചെയ്യണം എന്നറിയാന്‍ കഴിയാതിരുന്ന ഒരു സമയം. ഞാന്‍ സ്വപ്നം കണ്ടതുപോലെയുള്ള ഒരു ജീവിതം മഠത്തില്‍ ചേര്‍ന്നപ്പോള്‍ കിട്ടിയില്ല. പകരം എവിടെ പോകണം എന്നറിയില്ല, മഠം ഉപേക്ഷിക്കാനും ഇഷ്ടമില്ല. ഒടുവില്‍ മഠം വിട്ടു കഴിഞ്ഞിട്ടും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് അവ്യക്തത ഉണ്ടായിരുന്നു. അതൊരു ദുഷ്‌കരമായ ഘട്ടമായിരുന്നു. പക്ഷേ അപ്പോഴും ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തു പോന്നതില്‍ ഖേദം തോന്നിയിട്ടില്ല.

Q

വിളിക്കുള്ളിലെ വിളി സ്വീകരിച്ച്, മഠം ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് ഇറങ്ങുകയായിരുന്നല്ലോ. ആ തീരുമാനത്തില്‍ പൂര്‍ണ്ണമായും സംതൃപ്തയാണോ?

A

അതു ഞാന്‍ തീരുമാനിച്ചതല്ല. മഠത്തില്‍ ഞാനെന്റെ അധികാരികളോടു പറയുമായിരുന്നു, എനിക്കു ദൈവവിളി ഇല്ലെന്നു തോന്നുന്നു എന്ന്. ഇതു പറഞ്ഞു ഞാന്‍ കരയുമായിരുന്നു. കാരണം, എന്റെ മനസ്സിലുള്ള സ്വപ്നം കുട്ടിക്കാലത്തു കേട്ട മിഷണറിമാരെക്കുറിച്ചുള്ള ഒരു പാട്ടിലേതുപോലുള്ള ജീവിതമാണ്. ''കാറ്റും മഴയും വെയിലും മഞ്ഞും കൂട്ടാക്കാതെയിതാരോ, കൂട്ടാക്കാതെയിതാരാരോ...'' പ്രേഷിതകേരളത്തില്‍ മിഷണറിമാരെക്കുറിച്ചു വന്ന ഈ പാട്ടാണ് എന്നെ ആകര്‍ഷിച്ചത്. ഗാന്ധിജിയുടെയും ത്സാന്‍സി റാണിയുടെയും സാഹസികമായ ജീവിതങ്ങള്‍ കുട്ടിക്കാലം മുതലേ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ചാട്ടവാറെടുത്ത് അഴിമതിക്കാരെ അടിച്ചോടിച്ച യേശുവും പിന്നീടു വായനയിലൂടെ കണ്ടെത്തിയ ഫാ. ഡാമിയനും ഫ്‌ളോറന്‍സ് നൈറ്റിംഗേളും ഒക്കെ പ്രചോദനം പകര്‍ന്നു. ഇവരെപ്പോലെ ജീവിക്കാന്‍ ചെയ്യേണ്ടത് കന്യാസ്ത്രീയാകുകയാണ് എന്ന ഒരു വിചാരമുണ്ടായിരുന്നു. പലപ്പോഴും നാട്ടിലെ മഠങ്ങളില്‍ പോയിട്ടുണ്ട്. പക്ഷേ സത്യത്തില്‍ കേരളത്തിലെ മഠങ്ങളിലെ ജീവിതം എനിക്കു വളരെയേറെയൊന്നും ആകര്‍ഷകമായി തോന്നിയില്ല. അവിടെ സാഹസികതയോ ദാരിദ്ര്യമോ ഒന്നും കാണുകയില്ലല്ലോ.

അങ്ങനെയാണ് പ്രേഷിതകേരളത്തില്‍ കണ്ട മിഷണറിമാരുടെ ജീവിതം ശ്രദ്ധയില്‍ പെട്ടത്. മരത്തിന്‍ ചുവട്ടില്‍ ക്ലാസുകള്‍ നടത്തുകയും പണിയെടുക്കുകയും ഒക്കെ ചെയ്യുന്ന മിഷണറി സിസ്റ്റര്‍മാരുടെ ചിത്രങ്ങള്‍ അതില്‍ വരാറുണ്ടായിരുന്നു. ഇത് എന്റെ വഴിയാണെന്ന് എനിക്കു തോന്നി. അതു തേടിയാണു ഞാന്‍ പോയത്. പക്ഷേ മിഷന്‍ പ്രദേശങ്ങളില്‍ ചെന്നപ്പോഴും ഞാന്‍ കണ്ടത് നാട്ടിലെ പോലെ വലിയ കെട്ടിടങ്ങളും സംവിധാനങ്ങളും ഒക്കെയാണ്. ഞാന്‍ പോയ മഠത്തില്‍ വിദേശകന്യാസ്ത്രീകളുണ്ടായിരുന്നു. വളരെ ലാളിത്യം നിറഞ്ഞ, ത്യാഗഭരിതമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. അവരെയൊന്നും ഞാനൊരിക്കലും കുറ്റം പറയില്ല. പക്ഷേ, ആ ജീവിതം എന്നെ ആകര്‍ഷിച്ചില്ല. അതുകൊണ്ട് എനിക്കു ദൈവവിളിയില്ല എന്നായിരുന്നു എന്റെ വിചാരം. അതു ഞാന്‍ പറയുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ അവരെന്നെ പഠിക്കാന്‍ വിട്ടു. പുറത്തു പോയി പഠിക്കുന്ന സമയത്ത് ഈ പ്രശ്‌നം മറവിയിലായി. പക്ഷേ തിരിച്ചു വന്നപ്പോള്‍ വീണ്ടും ഇതേ പ്രശ്‌നം.

നൊവിഷ്യേറ്റിലെ ആദ്യവര്‍ഷക്കാര്‍ക്കു ധ്യാനം നടക്കുമ്പോള്‍ അവരുടെ ശിരോവസ്ത്രം, പൂച്ചെണ്ട് തുടങ്ങിയവ ഉണ്ടാക്കുന്ന ജോലി എന്നെ ഏല്‍പിച്ചിരുന്നു. ഇതെല്ലാം ചെയ്യുന്നതില്‍ ഞാന്‍ മിടുക്കിയായിരുന്നു. പക്ഷേ ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും പള്ളിയില്‍ വച്ചു ഞാന്‍ കരയും. കണ്ണീരൊഴുക്കി കരയുന്നത് പ്രൊവിന്‍ഷ്യല്‍ കാണുകയും ചെയ്തു. പള്ളിക്കുള്ളില്‍ മാത്രമേ ഈ കരച്ചില്‍ ഉള്ളൂ. പുറത്തു വന്നാല്‍ ദുഃഖിതയായി ഇരിക്കുകയൊന്നുമില്ല. എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്യും. പക്ഷേ, കരച്ചില്‍ കണ്ടതിനാല്‍ പ്രൊവിന്‍ഷ്യല്‍ എന്നെ വിളിപ്പിച്ചു. ടിക്കറ്റ് എടുത്തുതരാമെന്നും മടങ്ങിപ്പോയ്‌ക്കൊള്ളൂവെന്നും പറഞ്ഞു. പക്ഷേ പോകാനല്ല വന്നതെന്നായിരുന്നു എന്റെ മറുപടി. ആദിവാസികളൊക്കെ കഴിയുന്നിടത്ത് എന്നെ ഒരു തോട്ടംതൊഴിലാളിയായി അയയ്ക്കൂ, അവരുടെ കൂടെ സേവനം ചെയ്തുകൊള്ളാം എന്നു ഞാന്‍ വിശദീകരിച്ചു. ആദിവാസികളുടെ കൂടെ അവരിലൊരാളായി സേവനം ചെയ്യുക എന്ന ഒരു ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

മഠത്തില്‍ ഒരു ക്രിസ്മസ് പാതിരാകുര്‍ബാനയ്ക്ക് ഇരുനൂറോളം ആദിവാസികള്‍ വന്നിരുന്നു. അന്വേഷിച്ചപ്പോള്‍, അവര്‍ വളരെ വിദൂരഗ്രാമങ്ങളില്‍ നിന്നു വരുന്നവരാണെന്നും ദിവസവും വി.കുര്‍ബാന കാണാന്‍ അവസരമില്ലാത്തവരാണെന്നും ഇത്തരം അവസരങ്ങളില്‍ യാത്ര ചെയ്തു വന്ന് ദിവ്യബലിയിലും ആഘോഷങ്ങളിലും പങ്കെടുത്ത് പിറ്റേന്നു മടങ്ങിപ്പോകുന്നവരാണെന്നും അറിഞ്ഞു. അതുവരെ ദൈവവിളിയില്ലെന്നു വിചാരിച്ചു കരഞ്ഞിരുന്ന ഞാന്‍ ആ പാതിരാത്രി തന്നെ മഠത്തിലെ നോവിസ് മിസ്ട്രസിനെ ചെന്നു കണ്ടു പറഞ്ഞു, എനിക്ക് ഈ വന്നിരിക്കുന്ന ആളുകളുടെ കൂടെ പോകണം. അവരുടെ ഗ്രാമത്തിലേക്കു പോകണം.

ഇപ്പോള്‍ പോയുറങ്ങുക, നേരം വെളുത്തിട്ടു സംസാരിക്കാമെന്നു പറഞ്ഞ് സിസ്റ്റര്‍ എന്നെ വിട്ടു. എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. അധികാരികള്‍ പോകൂ എന്ന് അനുവദിച്ചിരുന്നെങ്കില്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ അത് അവര്‍ പറയുന്നില്ല. കുട്ടീ, നീ സമയത്തിന് ഏറെ മുമ്പില്‍ നടക്കുന്നു എന്ന് മിസ്ട്രസ് എന്നോട് എപ്പോഴും പറയുമായിരുന്നു. അവര്‍ എന്റെ നോട്ട് ബുക്ക് കണ്ടിട്ടുണ്ട്. ധ്യാനിച്ച്, ക്രിസ്തുവിനുള്ള കത്തുകള്‍ പോലെയാണ് ഞാന്‍ നോട്ട് ബുക്കില്‍ എഴുതിയിരുന്നത്. പടങ്ങളും വരയ്ക്കുമായിരുന്നു. അവര്‍ എന്നെ നന്നായി മനസ്സിലാക്കിയിരുന്നു.

Q

സന്യാസിനീസമൂഹത്തിലെ ജീവിതം പിന്നീട് യഥാര്‍ത്ഥവിളി കണ്ടെത്തി അതു ജീവിക്കുന്നതിന് സഹായിച്ചിരുന്നോ?

A

സഹായിച്ചിരുന്നു. ഞങ്ങളുടെ ഹോളി ക്രോസ് സന്യാസിനീസമൂഹത്തിന്റെ കാരിസം ''കാലത്തിന്റെ ആവശ്യമാണ് ദൈവത്തിന്റെഹിതം'' എന്നതാണ്. ഞാനിന്നും ആ കാരിസമനുസരിച്ചാണു ജീവിക്കുന്നത്. എന്റെ സന്യാസിനീസമൂഹത്തോട് എനിക്കിന്നും വളരെയേറെ സ്‌നേഹമാണ്. വളരെ നല്ലൊരു കോണ്‍ഗ്രിഗേഷനാണത്. കാലത്തിനനുസരിച്ചുള്ള ധാരാളം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. എല്ലാ മേഖലകളിലും അവര്‍ സേവനം ചെയ്യുന്നുമുണ്ട്.

Q

ആദിവാസികളുടെ കൂടെ വിടുക എന്ന് ആവശ്യപ്പെട്ടതിനുശേഷം എന്തായിരുന്നു അധികാരികളുടെ പ്രതികരണം?

A

എന്നെ വിടുന്നതാണു നല്ലതെന്ന തീരുമാനത്തില്‍ അവരെത്തി. എന്നാല്‍, ഞാനാവശ്യപ്പെട്ടതു പോലെ ആദിവാസികളുടെ ഗ്രാമത്തില്‍ പോയി അവരുടെ തൊഴിലുകള്‍ ചെയ്തു ജീവിക്കുക എന്ന രീതിയിലായിരുന്നില്ല അവരെന്നെ വിട്ടത്. ഒരുപാട് ആദിവാസിക്കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തിലേക്ക് അയച്ചു. അവിടെ കുട്ടികളെ സയന്‍സ് പഠിപ്പിക്കുക. അതായിരുന്നു ജോലി. മഠത്തിലെ അംഗത്വം ഉപേക്ഷിച്ചുകൊണ്ടുള്ള എന്റെ ജീവിതം അവിടെയാണു തുടങ്ങുന്നത്. അവിടെ ഞാന്‍ കുട്ടികളെ വളരെ നന്നായി പഠിപ്പിച്ചു. ലാബ് നന്നായി ഉപയോഗിച്ചു. സയന്‍സില്‍ അവര്‍ക്കു നല്ല മാര്‍ക്കു കിട്ടാന്‍ തുടങ്ങി.

ഞങ്ങളുടെ ഹോളി ക്രോസ് സന്യാസിനീസമൂഹത്തിന്റെ കാരിസം ''കാല ത്തിന്റെ ആവശ്യമാണ് ദൈവത്തിന്റെ ഹിതം'' എന്നതാണ്. ഞാനിന്നും ആ കാരിസമനുസരിച്ചാണു ജീവിക്കുന്നത്. എന്റെ സന്യാസിനീസമൂഹത്തോട് എനിക്കിന്നും വളരെയേറെ സ്‌നേഹമാണ്.
Q

കുട്ടികളില്‍ നിന്ന് ആദിവാസി സമൂഹത്തിന്റെ ഗൗരവമേറിയ പ്രശ്‌നങ്ങളിലേക്ക് തിരിയുന്നതെങ്ങനെയാണ്?

A

സ്‌കൂളിലെ പഠിപ്പിക്കല്‍ ഒന്നര കൊല്ലത്തോളം കഴിഞ്ഞു. ആ സമയത്ത് അവിടെ വലിയ വരള്‍ച്ച വന്നു. ആ ഘട്ടത്തില്‍ ഞാന്‍ കുട്ടികളുടെ ഗ്രാമങ്ങളിലേക്കു പോകാന്‍ തുടങ്ങി. കുറച്ചു നാള്‍ അവിടെ താമസിക്കും. പിന്നെ സ്‌കൂളിലേക്കു വരും. അങ്ങനെയായിരുന്നു. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ അമ്മയുടെ കത്ത് എനിക്കു കിട്ടി. ഞാന്‍ വളരെ നല്ല സേവനങ്ങള്‍ ചെയ്യുന്നുവെന്നും സന്തോഷമായിട്ടിരിക്കുന്നുവെന്നും അറിയുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന കത്തായിരുന്നു അത്. ആ സമയത്ത് മഠത്തിലെ മദറിന്റെ കത്തു കിട്ടി. തിരികെ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വരാമെന്നും അടുത്ത നൊവിഷ്യേറ്റ് ബാച്ചില്‍ ചേരാമെന്നും പറഞ്ഞു. അതോടെ ഞാന്‍ തിരിച്ചു പോയി. പക്ഷേ വീണ്ടും അസ്വസ്ഥതകളായി. മഠത്തില്‍ നല്ല ഭക്ഷണമൊക്കെ കാണുമ്പോള്‍ ദുഃഖിക്കും. പ്രമേഹബാധയുണ്ടായി. ആശുപത്രിയില്‍ പോയി. ആ സമയത്ത് അധികാരികള്‍ പറഞ്ഞു, ഹോളി ക്രോസ് സിസ്റ്ററാകാന്‍ ഉള്ള ദൈവവിളിയില്ലെന്നു തോന്നുന്നുവെന്ന്. പക്ഷേ അവരെന്നെ തുടര്‍ന്നു പഠിപ്പിക്കാന്‍ തയ്യാറായിരുന്നു. എന്റെ മാതൃസഹോദരന്‍ ജബല്‍പൂരില്‍ മിഷണറി വൈദികനായിരുന്നു. അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഞാന്‍ അവിടെ ഒരു മിഷണറി സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നു. അവിടെ വച്ചും ഞാന്‍ ചേരികളിലും ഗ്രാമങ്ങളിലും പോകുകയും ഒഴിവുദിനങ്ങളില്‍ ധാരാളം സാമൂഹ്യസേവനങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു. അവിടെ നിന്നാണ് ഞാന്‍ പല അന്വേഷണങ്ങളും നടത്തി ഓരോ സ്ഥലങ്ങളില്‍ പോകാന്‍ തുടങ്ങിയത്.

Q

മഠം ഉപേക്ഷിക്കുകയാണെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രതികരണം എന്തായിരുന്നു?

A

അവര്‍ പ്രത്യേകമായി ഒന്നും പറഞ്ഞില്ല. എന്റെ പിതാവിന്റെ ക്ലാസ്‌മേറ്റായ ഒരു പുരോഹിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ഞാന്‍ കുമ്പസാരിക്കാനും മറ്റും പോകുമായിരുന്നു. ആ സമയത്ത്, ബാങ്കുദ്യോഗസ്ഥനായ ഒരാള്‍ എന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം ഈ വൈദികനോടു പങ്കുവച്ചിരുന്നു. മഠത്തില്‍ ചേരാന്‍ വേണ്ടി യാത്ര പറയാന്‍ പോയപ്പോള്‍ ആ പുരോഹിതന്‍ എന്നോടു ചോദിച്ചു, നീ ശരിക്കും ഇതാഗ്രഹിക്കുന്നുണ്ടോ? തീരുമാനം എടുത്തുകഴിഞ്ഞു എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ ഈ കല്യാണാലോചനയുടെ കാര്യം അച്ചന്‍ പറഞ്ഞു. അതില്‍ താത്പര്യമില്ലെന്നു പറഞ്ഞാണു ഞാന്‍ പോന്നത്. ഈയച്ചനോട് പപ്പാ ഞാന്‍ മഠത്തില്‍ നിന്നു പോരുകയും പുറത്തു കഴിയുകയുമാണെന്ന് പറഞ്ഞു. ആ അച്ചന്‍ എനിക്കു കത്തെഴുതി, നീയെന്താണു ശരിക്കും ആഗ്രഹിക്കുന്നതെന്നു ചോദിച്ചുകൊണ്ട്. ഞാന്‍ എന്റെ കാര്യങ്ങള്‍ മറുപടിയായി എഴുതി. അപ്പോള്‍, താന്‍ ഇങ്ങനെയൊരു ലാളിത്യത്തിലധിഷ്ഠിതമായ ഒരു സന്യാസിനീസമൂഹം സ്ഥാപിക്കാനൊരുങ്ങുകയാണെന്നും മടങ്ങി വരണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പാലാ രൂപതാധ്യക്ഷന്റെ അടുത്ത് എന്നെ കൊണ്ടു പരിചയപ്പെടുത്തി. എന്നാല്‍, ഇത്ര ചെറുപ്പത്തില്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങളൊക്കെ ബാധിച്ച എന്നെപ്പോലൊരാളെ സ്ഥാപകാംഗമാക്കി ഒരു സന്യാസിനീസമൂഹം തുടങ്ങുന്നതു നല്ലതായിരിക്കില്ലെന്നു ബിഷപ് അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം എനിക്കുമുണ്ടായിരുന്നു. ഞാനത് അച്ചനോടും പറഞ്ഞു. ഒരു സന്യാസിനീസമൂഹം സ്ഥാപിക്കുകയും പിന്നീട് അവര്‍ മിഷന്‍ പ്രദേശത്ത് എത്തുകയും ചെയ്യുമ്പോള്‍ ഞാനൊരു സാധാരണ അംഗമായി ചേരാം. അതായിരിക്കും നല്ലത് എന്നു പറഞ്ഞു. പില്‍ക്കാലത്ത് അവരെ ഞാന്‍ സഹായിച്ചിരുന്നു.

പിന്നീട് ഞാന്‍ പോയി നഴ്‌സിംഗ് പഠിച്ചു. നഴ്‌സിംഗ് അറിയാത്തത് കൊണ്ടു ഗ്രാമങ്ങളിലെ സേവനത്തിനു പോരായ്മകളുണ്ടാകുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആ സമയത്താണ് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ധാരാളം സന്നദ്ധസേവകരെ ആവശ്യമുണ്ടായിരുന്നു. ഒരു വര്‍ഷം അഭയാര്‍ത്ഥികള്‍ക്കിടയില്‍ സന്നദ്ധസേവനത്തിനു തയ്യാറാണെന്ന് അറിയിച്ചു ഞാന്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ്പിനു കത്തെഴുതി. പെട്ടെന്നു വരാനാവാശ്യപ്പെട്ടു മറുപടി വന്നു. ഉടനെ അങ്ങോട്ടു പോയി. അവിടെ നിന്ന് അടുത്തയിടത്തേക്ക്. അങ്ങനെയാണ് ഈ ജീവിതത്തിലേക്കു വന്നത്.

Q

മെഴ്‌സിയില്‍ നിന്നു ദയാബായിയിലേക്കുള്ള ഈ യാത്രയിലെ ഏറ്റവും മറക്കാനാകാത്ത അനുഭവം?

A

ഒത്തിരിയുണ്ട്. എം എസ് ഡബ്ല്യു കഴിഞ്ഞ്, അഞ്ചു രൂപ ദിവസക്കൂലി വാങ്ങുന്ന കൂലിക്കാരിയായിട്ടാണ് ഞാന്‍ ആദിവാസിഗ്രാമത്തിലെ ജീവിതമാരംഭിച്ചത്. മണ്ണുവെട്ടി റോഡിലിടുകയായിരുന്നു ജോലി. പുരുഷന്‍ വെട്ടുകയും അയാളുടെ ഭാര്യയോ മകളോ ചുമന്നു റോഡിലിടുകയുമാണു ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ട് ഇതു രണ്ടും ഞാന്‍ തന്നെ ചെയ്യണം. കൈകള്‍ കുമിളിച്ചുപൊട്ടി. പക്ഷേ ഈ ജോലിയിലായിരിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. എല്ലാവര്‍ക്കും ശരിയായ കൂലി കൊടുക്കുന്നില്ല. എല്ലാ ഗ്രാമങ്ങളിലും സ്‌കൂളുകളുണ്ട്, വൈദ്യുതിയുണ്ട് എന്നെല്ലാമാണ് ഉദ്യോഗസ്ഥര്‍ മുകളില്‍ പറയുക. കുടിവെള്ളം പോലും പക്ഷേ തോട്ടില്‍ നിന്നെടുത്തു കുടിക്കേണ്ട സ്ഥിതിയായിരിക്കും. ഉദ്യോഗസ്ഥര്‍ പറയുന്നതല്ല യാഥാര്‍ത്ഥ്യമെന്നു ഞാന്‍ അധികാരികളെ അറിയിച്ചു.

കുട്ടികള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ക്കും പഠിക്കണമെന്ന ആവശ്യം മുതിര്‍ന്നവര്‍ ഉന്നയിച്ചു. അവര്‍ക്കു രാത്രി ക്ലാസുകള്‍ തുടങ്ങി. സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള നിയമസാക്ഷരത അവര്‍ക്കു നല്‍കാനായിരുന്നു എന്റെ ശ്രമം. അങ്ങനെ ശാക്തീകരിക്കാന്‍. കൂലിയുടെ പട്ടികയൊക്കെ കൊണ്ടുവന്ന് അവിടെ പഠിപ്പിച്ചു. അതനുസരിച്ച് തങ്ങള്‍ക്കു കൂലി കിട്ടാനുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. മഴക്കാലം തുടങ്ങാറായപ്പോള്‍, രണ്ടു പേര്‍ വന്നിട്ട് കിട്ടാനുള്ള കൂലി വാങ്ങിയെടുക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ചു. അതു ഞാനേറ്റെടുത്തു. സ്‌കൂളിലെ ടീച്ചറെക്കൊണ്ട് പരാതി എഴുതിച്ച്, അതുമായി രണ്ടു പേരെയും കൂട്ടി ജില്ലാ ഫോറസ്റ്റ് ഓഫീസറുടെയും ജില്ലാ കളക്ടറുടെയും അടുക്കല്‍ പോയി. പത്തിരുപതു കിലോമീറ്റര്‍ നടന്ന്, 80 കി.മീ ബസ്സില്‍ യാത്ര ചെയ്ത് ഒക്കെ വേണം പോകാന്‍. പോയിവരാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും. അതിനിടെ ഞങ്ങള്‍ പോയ കാര്യം ഗ്രാമീണച്ചന്തയില്‍ പരന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് അടുപ്പമുള്ള ചിലര്‍ അവരെ അറിയിച്ചു. അതോടെ ചിലര്‍ ചന്തയില്‍ വന്ന് കുറച്ചു പണം വിതരണം ചെയ്തു.

കളക്ടര്‍ക്കു കിട്ടിയ വിവരം കൂലിയൊക്കെ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു. അതു തെറ്റാണെന്നു ഞങ്ങള്‍ ബോധ്യപ്പെടുത്തി. കളക്ടര്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ വിട്ടു. അതറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആള്‍ക്കാരെ പറയേണ്ട നുണകള്‍ പറഞ്ഞുകൊടുത്തു പഠിപ്പിച്ചു. പക്ഷേ രണ്ടു സ്ത്രീകള്‍ മുന്നോട്ടു വന്ന് ഉള്ള കാര്യം പറഞ്ഞു. ആ സ്ത്രീകളുടെ കണക്കുകള്‍ പരിശോധിച്ചു ബാക്കി പണം കൊടുക്കാനും ആ തുക ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്നു പിടിക്കാനും അന്വേഷണത്തിനു വന്ന ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു. അതോടെയാണ് ആളുകളുടെ കണ്ണു തുറന്നത്. ഉദ്യോഗസ്ഥരാണു സര്‍ക്കാരെന്ന ധാരണയായിരുന്നു തങ്ങള്‍ക്കെന്നും പുറമെ നിന്നുള്ള ആളായതുകൊണ്ടാണ് നേരത്തെ ഞാന്‍ പറഞ്ഞതു വിശ്വസിക്കാതിരുന്നതെന്നും ജനങ്ങള്‍ എന്നോടു വന്നു പറഞ്ഞു. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്. ആ സ്ത്രീകളുടെ ധൈര്യവും എന്നെ ആകര്‍ഷിച്ചു. ഞാന്‍ പഠിപ്പിച്ച കാര്യങ്ങളൊന്നും അവര്‍ മറന്നില്ല. ഇവിടെ എന്തെങ്കിലും നന്മ വരികയാണെങ്കില്‍ അതു സ്ത്രീകളിലൂടെയാകും എന്നെനിക്കു തോന്നി.

(ഒന്നാം ഭാഗം)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org