വല്യേട്ടനാകേണ്ട, ഒപ്പം നടക്കാം

വല്യേട്ടനാകേണ്ട, ഒപ്പം നടക്കാം

ആലുവ മംഗലപ്പുഴ സെമിനാരിയുടെ പ്രൊക്കുറേറ്ററായിരുന്ന ഫാ. വിക്ടര്‍ ഒസിഡി ആണ് വടവാതൂര്‍ സെ. തോമസ് അപ്പസ്‌തോലിക് സെമിനാരി സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങിയതെന്ന കാര്യം ഓര്‍മ്മിപ്പിക്കട്ടെ. അദ്ദേഹം അതു ചെയ്തത് സ്വന്തം പണം ഉപയോഗിച്ചായിരുന്നു എന്നും കേട്ടിട്ടുണ്ട്. കര്‍മ്മലീത്താ സന്യസ്തര്‍ കേരളസഭയുടെ സവിശേഷമായ കൃതജ്ഞത അര്‍ഹിക്കുന്നുണ്ട്. ഈശോസഭാ മിഷണറിമാരുടെ അമിതാവേശം മൂലമുണ്ടായ അനാരോഗ്യകരമായ അവസ്ഥാവിശേഷം പരിഹരിക്കുന്നതിനു റോമില്‍ നിന്ന് അയക്കപ്പെട്ടവരായിരുന്നു കര്‍മ്മലീത്താ സന്യസ്തര്‍. മലബാര്‍ സഭയില്‍ നിലവിലുണ്ടായിരുന്ന അക്രൈസ്തവമായ ഘടകങ്ങളും ആചാരങ്ങളും ഒഴിവാക്കി ക്രൈസ്തവവിശ്വാസത്തെ ശുദ്ധീകരിക്കുന്നതിനു വേണ്ടി ഈശോസഭാമിഷണറിമാര്‍ മലബാര്‍ സഭയെ ലത്തിനീകരിക്കുന്നതിനാണു ശ്രമിച്ചത്. കേരളസഭയെ റോമിലെ മാര്‍പാപ്പയുടെ നേതൃത്വത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനുള്ള ഏക മാര്‍ഗം അവരെ സംബന്ധിച്ച് അതുമാത്രമായിരുന്നു. ചെയ്തു കൂടാത്തതായിരുന്നു അത്, തെറ്റായിരുന്നു.

ഉദയംപേരൂര്‍ സൂനഹദോസിനെ നാം പരിഗണിക്കേണ്ടത് ഈ പശ്ചാത്തലത്തിലായിരിക്കണം. ഉദയംപേരൂര്‍ സൂനഹദോസിനെ കുറിച്ചു പറയുന്നത് നിങ്ങളിലേറെപേര്‍ക്കും ഇഷ്ടപ്പെടാനിടയില്ല. അതു ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ കേരളസമൂഹത്തിന്റെ പൊതുവെയും കേരളസഭയുടെ വിശേഷിച്ചുമുള്ള സാമൂഹ്യപരിവര്‍ത്തനത്തിനു ഉദയംപേരൂര്‍ സൂനഹദോസ് നല്‍കിയ സംഭാവനകളെ സഭാചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി തമസ്‌കരിക്കാനാകില്ല.

പൗരസ്ത്യവിദ്യാപീഠത്തിന്റെ കാര്യത്തിലേയ്ക്കു വരാം. ഈ വടവാതൂര്‍ കലാലയത്തില്‍ നിന്നു തുടക്കത്തില്‍ പുറത്തു വന്നിട്ടുള്ള കുറെ പ്രബന്ധങ്ങളെങ്കിലും ഏക പക്ഷീയമായിരുന്നു എന്ന വിചാരമാണ് എനിക്കുള്ളത്. അവ അ ക്രൈസ്തവമായിരുന്നു എന്നു പോലും പറയാവുന്നതാണ്. സീറോ മലബാര്‍ സഭയുടെ മേധാവിത്വം ഉറപ്പിക്കുന്നതിനുള്ള ഒരു ശ്രമം ഞങ്ങള്‍ക്കതില്‍ ഊഹിക്കാന്‍ കഴിഞ്ഞു.

സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിലെ ഇതരസഭകളേക്കാള്‍ അധികം വിഭവസ്രോതസ്സുകളുണ്ടായിരുന്നു, ഉണ്ട് എന്നതു ശരിയാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവര്‍ ഭാവിയെയും നിയന്ത്രിക്കുന്നു, വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവര്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു. ഇതാണ് ഈ മേധാവിത്വചിന്തയുടെ പിന്നിലുള്ള തത്വം എന്നു തോന്നുന്നു. മറ്റുള്ളവരുടെ ഭൂതകാലത്തെ കവര്‍ന്നെടുക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ ജീവിതത്തിന്റെ നിരവധി മണ്ഡലങ്ങളില്‍ നമുക്കു കാണാം. ചിലപ്പോള്‍ ഇതു പരസ്യമായി ചെയ്യുന്നു, ചിലപ്പോള്‍ ഗൂഢമായും. പക്ഷേ ഫലം ഒന്നു തന്നെ. കേരളത്തിലെ ലത്തീന്‍ സഭയുടെ വികാരമാണ് ഞാന്‍ പങ്കു വയ്ക്കുന്നത്. ലോകമെങ്ങും ചരിത്രം രചിക്കപ്പെടുന്നത് ശക്തിയുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ്. ഇന്ത്യയില്‍ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ നാമെല്ലാം അതനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യാനുഭവത്തിന്റെ നിര്‍വചനങ്ങളും നാമങ്ങളും മുകളില്‍ നിന്നു താഴേയ്ക്ക് കല്‍പിക്കപ്പെടുകയാണ്. സാമൂഹ്യമായി ദുര്‍ബലരായിരിക്കുന്നവര്‍ അതു അംഗീകരിക്കേണ്ടി വരുന്നു. ഇതാണ് ബ്രാഹ്മണിസം. ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നു. എല്ലാവരും തുല്യരാണ്. പക്ഷേ ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്യരാണ്.

ഒരു പുതിയ മാര്‍ഗമായി അവ തരിക്കപ്പെട്ട ക്രിസ്തീയതയില്‍, ഈ ബ്രാഹ്മണിക മനോഭാവം നമ്മുടെ വിശ്വാസചൈതന്യത്തിന് എതിരാണ്. ''നിങ്ങള്‍ക്കിടയില്‍ അങ്ങനെയായിരിക്കരുത്''എന്നത് നമ്മുടെ കര്‍ത്താവിന്റെ കല്‍പനയാണ്. പക്ഷേ നമ്മളതു മറന്നു. ഒന്നാമനായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ദാസനായിരിക്കണം എന്നും സുവിശേഷത്തില്‍ നാം വായിക്കുന്നു. വളരെ മികവാര്‍ന്ന തുടര്‍ച്ചകളും വളര്‍ച്ചകളും കാണിച്ചുകൊണ്ട്, മറ്റുള്ളവരുടെ തുടക്കങ്ങളെ തമസ്‌കരിക്കുകയും തുടര്‍ച്ചകളേയും വളര്‍ച്ചകളേയും തുടക്കമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന പല പ്രവണതകളും ഉണ്ടായിട്ടുണ്ട്. ഇതു ചരിത്രത്തെ തെറ്റായി ധരിപ്പിക്കലാണ്. വ്യാജ ചരിത്രമാണ്.

പൗരസ്ത്യവിദ്യാപീഠം ഒരു വിജ്ഞാനനിര്‍മ്മാണകേന്ദ്രമാണ്. എന്റെ എളിയ നിര്‍ദേശം, ഇതൊരു ജ്ഞാനനിര്‍മ്മാണകേന്ദ്രം ആകണമെന്നാണ്. വിജ്ഞാനം നമ്മെ എപ്പോഴും രക്ഷിച്ചുവെന്നു വരില്ല. പക്ഷേ ജ്ഞാനം രക്ഷിക്കുന്നു. ഈയര്‍ത്ഥത്തിലും വിദ്യാപീഠം മുമ്പേ നടക്കട്ടെ.

ഒരു ദേശീയചരിത്ര സെമിനാറില്‍, ചരിത്രത്തെ മനസ്സിലാക്കുന്നതിനുള്ള പുതിയൊരു മാര്‍ഗം ഞാനവതരിപ്പിക്കുകയുണ്ടായി. ഫോട്ടോഗ്രാഫിയുടെ സാങ്കേതികവികാസത്തില്‍ നിന്നെടുത്തിട്ടുള്ളതാണ് അത്. കടന്നുപോകുന്ന സംഭവങ്ങള്‍ക്കു സ്ഥിരത നല്‍കുക എന്നതാണല്ലോ ഫോട്ടോഗ്രാഫിയുടെ ധര്‍മ്മം. കാലം കടന്നു പോകുമ്പോള്‍ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുന്നു, പക്ഷേ ആ ഫോട്ടോയില്‍ ഫോട്ടോഗ്രാഫര്‍ ഇല്ല. നിത്യതയെ സൃഷ്ടിക്കുന്ന ആ മനുഷ്യന്‍ അതിലില്ല. അയാള്‍ക്കു പ്രതിഫലം കിട്ടുന്നു, പിന്നെ മറവിയിലേയ്ക്കു മറയുന്നു. പക്ഷേ സെല്‍ഫികളുടെ ഈ യുഗത്തില്‍ ഫോട്ടോഗ്രാഫര്‍ ഫോട്ടോയുടെ മദ്ധ്യത്തിലുണ്ടാകും. തന്റെ കലാസൃഷ്ടിയില്‍ അയാള്‍ക്കൊരിടമുണ്ട്. ചരിത്രത്തിന്റെ നിര്‍മ്മാതാക്കളും ആ വിധത്തില്‍ അംഗീകരിക്കപ്പെടണം. ചരിത്രത്തില്‍ അവകാശം സ്ഥാപിച്ചുകൊണ്ട് ചരിത്രത്തെ രചിക്കണം. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ അവരുടെ ഭൂതകാലത്തെ കീഴടക്കാന്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണിത്. ഉദാഹരണത്തിന്, കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ അവരുടെ ഭൂതകാലത്തെ കീഴടക്കുന്നതിനുള്ള പ്രയാണത്തിലാണ്. സ്വന്തം ചരിത്രത്തിനെതിരായ ഏത് അതിക്രമങ്ങള്‍ക്കെതിരെയും ഈ സമൂഹം ഇന്നു ധീരമായ നിലപാടെടുക്കുന്നു. ക്രിക്കറ്റിലെ മങ്കാഡിംഗ് എന്നു വേണമെങ്കില്‍ പറയാം. കെട്ടുകഥകളിലെന്ന പോലെ അധസ്ഥിതരെ നിയന്ത്രണത്തില്‍ നിറുത്തുന്നതിനുള്ള ഭാഷയും യുക്തിയും അവതരിപ്പിക്കപ്പെടുമ്പോള്‍ ചില പ്രതികരണങ്ങളും ഉണ്ടാകും.

നമുക്കൊരു വല്യേട്ടനെ ആവശ്യമില്ല. പള്ളത്ത് രാമന്‍, രാമായണത്തിനു പകരമായി രാവണായണം എഴുതി. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി. പൊയ്കയില്‍ അപ്പച്ചന്‍ പുസ്തകം കത്തിച്ചു. ഇവയെല്ലാം പുതിയൊരു തനിമയും നിര്‍വചനവും കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. പൗരസ്ത്യ വിദ്യാപീഠത്തെ പോലെ മികവുള്ള ഒരു വിജ്ഞാനകേന്ദ്രം അധഃസ്ഥിതരുടെ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഇതിലേയ്ക്കു നമ്മുടെ സഭയാകെ ഉണരട്ടെ എന്നതാണ് എന്റെ പ്രാര്‍ത്ഥന.

പൗരസ്ത്യവിദ്യാപീഠത്തിന്റെ ജൂബിലിയുടെ ഈ അവസരം പ്രായശ്ചിത്തത്തിനുള്ള അവസരം കൂടിയാണ്. വായിക്കുക, ധ്യാനിക്കുക. ഭാവിയിലേയ്ക്ക് എപ്രകാരം പോകണമെന്ന ഉള്‍ക്കാഴ്ച അതില്‍ നിന്നു ലഭിക്കും. ബൈബിളില്‍ പറയുന്നതാണിത്.

ഇപ്പോള്‍ എല്ലാവരും പുഴയോരത്തേക്കും കടലോരത്തേയ്ക്കും നീങ്ങുന്ന കാലമാണ്. പ്രശാന്തമായ ജലാശയത്തിലേയ്ക്ക് അവിടുന്നെന്നെ നയിക്കുമെന്ന് സങ്കീര്‍ത്തനത്തില്‍ നാം വായിക്കുന്നുണ്ട്. ആടിനെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുപോയെന്ന അര്‍ത്ഥത്തില്‍ അതു നിറുത്തിക്കളയരുത്. മനുഷ്യന്‍ ആദ്യമായി തന്നെ തിരിച്ചറിഞ്ഞതും മറ്റുള്ളവരില്‍ നിന്നുള്ള വ്യത്യാസവും സമാനതയുമെല്ലാം അറിഞ്ഞതും ആറന്മുള കണ്ണാടിയിലൊന്നുമല്ല എന്നു നാം മനസ്സിലാക്കണം. നിശ്ചലമായ ജലാശയത്തിന്റെ അടുത്തു വച്ചാണത്. സംസ്‌കാരം ഉണ്ടായതും ജലാശയങ്ങളുടെ തീരങ്ങളിലാണ്. എല്ലാവരും ഇങ്ങനെയുള്ള ജലാശയങ്ങളുടെ അടുത്തേക്കു വരുമ്പോള്‍ ഇത് പുതിയ സംസ്‌കാരത്തിന്റെ ഉദയമാണോ അതോ എല്ലാത്തിന്റെയും അവസാനമാണോ എന്ന സംശയമുണ്ട്. അങ്ങനെ ഒന്നും നശിക്കുകയില്ല എന്നാണ് ശുഭപ്രതീക്ഷയോടെ വിചാരിക്കുന്നത്.

എന്റെ അമ്മ പണ്ട് എന്നെ പഠിപ്പിച്ചിട്ടുണ്ട്, നീ ഒരുപാടു കിഴക്കോട്ടു പോകരുത് എന്ന്. പടിഞ്ഞാറിനെ പേടിച്ചിട്ടാണ് കൂടുതല്‍ കിഴക്കോട്ടു പോകുന്നത്. അങ്ങനെ ഏറെ കിഴക്കോട്ടു പോയാല്‍ നമ്മള്‍ ക്ഷീണിതരാകുകയും ഒടുവില്‍ പടിഞ്ഞാറു തന്നെ എത്തുകയും ചെയ്യും. അത് എപ്പോഴും ഓര്‍ക്കുന്നതു നല്ലതാണ്. വ്യത്യസ്തമായ ഒരഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം തന്നതിനു നന്ദി. വളരെ വേഗതയിലാണു പൗരസ്ത്യ വിദ്യാപീഠം മുന്നോട്ടു പോകുന്നത്. കൂടുതല്‍ തുറവിയും കൂടുതല്‍ സാഹോദര്യവും പ്രതീക്ഷിക്കുന്നു. നേതൃത്വപരമായ പങ്കു വഹിക്കുക. നമുക്കു വല്യേട്ടനൊന്നും വേണ്ട. സിനഡാലിറ്റിയാണ് ആവശ്യം. എന്റെ മുമ്പില്‍ നടക്കേണ്ട. എന്റെ പുറകിലും വരേണ്ട. നമുക്കൊപ്പം നടക്കാം. അതിനെ കുറിച്ചുള്ള നല്ല ചിന്തകളുണ്ടാകട്ടെ.

(വടവാതൂര്‍ സെ. തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെയും പൗരസ്ത്യവിദ്യാപീഠത്തിന്റെയും ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ പരിഭാഷ.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org