രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയ

ഒരുമിച്ചു നടക്കാനും പരസ്പരം ശ്രവിക്കാനും ഒരു പുതിയ പെന്തക്കുസ്ത
രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയ

ഫാ. ഡോ. വര്‍ഗ്ഗീസ് പൂതവേലിത്തറ

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ കാനന്‍ ലോ, ധര്‍മ്മാരാം, ബാംഗ്ലൂര്‍)

'മൂന്നാം സഹസ്രാബ്ദത്തിലെ തിരുസഭയില്‍നി ന്നും ദൈവം പ്രതീക്ഷിക്കുന്നത് സിനഡല്‍ പാതയാണ്അജപാലകരും അജഗണവും പരസ്പരം ശ്രവിച്ച് ഒരു മിച്ചുനടക്കുന്ന കൂട്ടായ്മയുടെ പാത.' മെത്രാന്‍സിനഡ് സ്ഥാപനത്തിന്റെ അന്‍പതാം വാര്‍ഷികവേളയില്‍, 2015 ഒക്‌ടോബറില്‍ 17-ന്, പതിനാലാമത് സാധാരണ സിന ഡിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത മെത്രാന്മാ രോടു, ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിവ. തന്റെ മഹത്തായ സന്ദേശങ്ങളിലൊന്നായി വിശേഷി പ്പിക്കപ്പെടുന്ന ആ പ്രസംഗത്തിലൂടെ, ആദിമസഭയില്‍ സജീവമായിരുന്ന സിനഡല്‍ ശൈലി - ഒരുമിച്ചു നടക്ക ലും പരസ്പരം ശ്രവിക്കലും - ആധുനിക സഭയുടെ ജീവിതശൈലിയും പ്രവര്‍ത്തനരീതിയുമാക്കി മാറ്റി ഒരു 'സിനഡല്‍ സഭ'യായി രൂപാന്തരപ്പെടുകയെന്ന വലിയ ആഹ്വാനമാണ് ഫ്രാന്‍സിസ് പാപ്പ സഭയ്ക്ക് നല്കിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭയ്ക്ക് പുത്തനുണര്‍വും ദിശാബോധവും നല്കുന്ന, അതോ ടൊപ്പം ആകാംക്ഷകളും വെല്ലുവിളികളും നിറഞ്ഞ ആഹ്വാനമാണ് പാപ്പ നല്കിയിരിക്കുന്നത്.

നൂറ്റാണ്ടുകളായി ഹൈരാര്‍ക്കിയുടെ അധികാര സ്ഥാപനശൈലി പിന്തുടരുന്നതില്‍ ഔത്സുക്യം കാണിക്കുന്ന സഭാ സംവിധാനങ്ങളെ പങ്കാളിത്തശൈലിയുടെ സിനഡല്‍ പാതയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന വെല്ലുവിളിയും ഉത്തരവാദിത്വവും ഏറ്റെടുക്കുവാന്‍ എല്ലാ സഭാതനയരെയും, പ്രത്യേകിച്ച് അജപാലകരെ, പാപ്പ ക്ഷണിക്കുന്നു. സാര്‍വ്വത്രികസഭയെ നയിക്കുകയെന്ന തന്റെ അജപാലന ദൗത്യനിര്‍വ്വഹണത്തിലെ നിലപാടുകളിലും, നിശ്ചയങ്ങളിലും, നടപടികളിലും ഈ പരിവര്‍ത്തനപ്രക്രിയയ്ക്ക് നാന്ദികുറിച്ചു സഭയ്ക്കാകമാനം മാതൃകയും പ്രചോദനവും പകരുന്ന പാപ്പ, എല്ലാ സഭാതനയരെയും ഈ പ്രക്രിയയില്‍ ഭാഗമാക്കുന്നതിനു നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ നേര്‍ കാഴ്ചയാണ് 2023 ഒക്‌ടോബറില്‍ നടക്കുവാന്‍ പോകുന്ന മെത്രാന്‍ സിനഡ്.

സാര്‍വത്രിക സൂനഹദോസിന്റെ ചെറിയ പതിപ്പായി, മെത്രാന്മാരുടെ ആലോചനാസമ്മേളനം എന്ന രീതിയില്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ Apostolice Solicitudo എന്ന അപ്പസ്‌തോലിക പ്രമാണ രേഖ വഴി സ്ഥാപിച്ച സാര്‍വ്വത്രികസഭയുടെ മെത്രാന്‍ സിനഡിനെ ദൈവജനത്തിന്റെ മുഴുവന്‍ സ്വരം കേള്‍ക്കാനും കേള്‍പ്പിക്കാനുമുള്ള അവസരവും വേദിയുമായി രൂപപ്പെടുത്തുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ പാപ്പയുടെ പ്രമാണരേഖയെ ഭേദഗതി ചെയ്ത് 2018 സെപ്തംബര്‍ 15-നു ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച Episcopalis Communio എന്ന അപ്പസ്‌തോലിക പ്രമാണരേഖ ആഗോള സഭയുടെ മെത്രാന്‍ സിനഡിനെ മൂന്നു ഘട്ടങ്ങളായി ക്രമപ്പെടുത്തുന്നു: ഒരുക്കത്തിന്റെ ഘട്ടം, കൂടിയാലോചനകളുടെ ഘട്ടം, തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടം. ഇവയില്‍, കൂടിയാലോചനകളുടെ ഘട്ടത്തിലും തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലും പ്രാദേശിക സഭകള്‍ക്കു, പ്രത്യേകിച്ചു രൂപതകള്‍ക്കു സവിശേഷമായ ഉത്തരവാദിത്വവും പങ്കാളിത്തവും ആണുള്ളത്.

പുതിയ അപ്പസ്‌തോലിക പ്രമാണരേഖയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്ന ആദ്യത്തെ സിനഡാണിത്. ഇതിന്റെ കൂടിയാലോചനാഘട്ടത്തിനായി രണ്ടു വര്‍ഷക്കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്. 'ഒരു സിനഡല്‍ സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം' എന്ന വിഷയത്തെക്കുറിച്ചു പരിചിന്തനം ചെയ്യുന്നതിനായി 2021 ഒക്‌ടോബറില്‍ രൂപതാതലത്തിലാരംഭിച്ചു 2023 ഒക്‌ടോബറില്‍ റോമിലെ മെത്രാന്‍ സമ്മേളനത്തോടെ ആവസാനിക്കുന്ന ഈ സിനഡിന്റെ കൂടിയാലോചനകളുടെ ഘട്ടം, 2021 ഒക്‌ടോബര്‍ 10 ഞായറാഴ്ച വത്തിക്കാനില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വന്ന ഞായറാഴ്ച (ഒക്‌ടോബര്‍ 17) എല്ലാ രൂപതാകേന്ദ്രങ്ങളിലും അതാത് രൂപതാ മെത്രാന്മാര്‍ സിനഡല്‍ പ്രക്രിയ ഉദ്ഘാടനം ചെയ്തതോടെ, കത്തോലിക്കാ സഭയിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന രൂപതകളില്‍ മേല്പറഞ്ഞ പരിവര്‍ത്തനപ്രക്രിയയിലേയ്ക്ക്, ഒരുമിച്ചു നടക്കലിന്റെ, പരസ്പര ശ്രവണത്തിന്റെ, വസന്തകാലത്തിലേയ്ക്ക് സഭ കാലെടുത്തുവയ്ക്കുകയാണ്.

ഏറ്റവുമൊടുവിലായി, വത്തിക്കാനിലെ സിനഡല്‍ കാര്യാലയത്തില്‍നിന്നും നല്കിയിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ചു 2022 ആഗസ്റ്റ് 15 നുള്ളില്‍ കൂടിയാലോചനാഘട്ടത്തിലെ പ്രാഥമികതലമായ രൂപതകള്‍, പ്രാദേശിക/സ്വയാധികാര സഭാ മെത്രാന്‍ സമിതികള്‍, എന്നീ തലങ്ങളിലെ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി സിനഡല്‍ കാര്യാലയത്തിനു റിപ്പോര്‍ട്ട് നല്കണം. സാധ്യമാകുന്നത്രയും ദൈവജനത്തിന്റെ സ്വരം കേള്‍ക്കപ്പെടുന്ന വേദിയായി സിനഡല്‍ പ്രക്രിയയെ രൂപപ്പെടുത്തുന്ന ഉദ്യമത്തിലെ ഏറ്റവും സമ്പന്നവും സ വിശേഷവുമായ വേദിയായി പ്രാദേശികസഭാതലത്തെ വിലയിരുത്തുന്നതുകൊണ്ടാണ് ഈ തലത്തിലെ കൂടിയാലോചനകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്.

സിനഡല്‍ കൂടിയാലോചനാഘട്ടത്തിലെ പ്രാഥമിക തലത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നുള്ളത്, 2023 ഒക്‌ടോബറില്‍ നടക്കാന്‍ പോകുന്ന മെത്രാന്‍ സിനഡിലെ ചര്‍ച്ചകള്‍ക്കു പ്രചോദനമേകുന്ന നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും രൂപീകരിക്കുന്നതിനോടൊപ്പം ഓരോ പ്രാദേശികസഭയെയും സിനഡ് പ്രക്രിയയില്‍ ഭാഗഭാക്കുകയും, സിനഡല്‍ശൈലി പരിചിതമാക്കുകയും, അതു തങ്ങളുടെ മുന്നോട്ടുള്ള ഗമനത്തിന്‍ പാതയാക്കി മാറ്റുവാന്‍ പ്രാപ്തമാക്കുകയും ചെയ്യുകയെന്നതാണ്.

രൂപതാതലത്തിലെ കൂടിയാലോചനകളുടെ ലക്ഷ്യവും ശൈലിയും

സിനഡല്‍ പ്രക്രിയയുടെ വിവിധതലങ്ങളില്‍ വച്ചു പുതുമയേറിയതും പ്രാധാന്യമര്‍ഹിക്കുന്നതുമായ രൂപതാതല കൂടിയാലോചനകളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ 2021 സെപ്തംബറില്‍ വത്തിക്കാനിലെ സിനഡല്‍ കാര്യാലയം പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശകഗ്രന്ഥം/റഫറന്‍സ് ഗ്രന്ഥം (Vademecum) നല്കുന്നുണ്ട്, പ്രത്യേകിച്ചു 3,4,5 എന്നീ ഭാഗങ്ങളില്‍. അവയുടെ അടിസ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

രൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്മായര്‍, മറ്റു ക്രൈസ്തവ സഭാംഗങ്ങള്‍, മറ്റു മതസ്ഥര്‍ തുടങ്ങി എല്ലാ മനുഷ്യരെയും, കേള്‍ക്കുന്ന, സഭയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും, ആകാംക്ഷകളും, അഭിപ്രായങ്ങളും, വിലയിരുത്തലുകളും, അതോടൊപ്പം വിമര്‍ശനങ്ങള്‍പോലും, പങ്കുവയ്ക്കപ്പെടുന്ന വേദികളും അവസരങ്ങളുമായി രൂപതാതല കൂടിയാലോചനകള്‍ നടത്തണം. ഏറ്റവും പ്രധാനമായി സമൂഹത്തിന്റെ അരികുകളില്‍ വസിക്കുന്ന, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, അവഗണിക്ക പ്പെട്ടവര്‍, ദരിദ്രര്‍, ചൂഷിതര്‍, അഭയാര്‍ത്ഥികള്‍, പരദേശികള്‍, എന്നിങ്ങനെ കേള്‍ക്കപ്പെടാതെ പോകുന്ന സ്വരത്തിനുടമകളായവരുടെ സ്വരങ്ങള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനുമുള്ള ബോധപൂര്‍വ്വവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാകണം.

സിനഡല്‍ ശൈലിയുടെ കാതലായ കൂട്ടായ്മ (communion), സജീവപങ്കാളിത്തം (fuller participation), ഫലദായകമായ പ്രേഷിതത്വം (fruitful mission) എന്നിവ ഓരോ പ്രാദേശികസഭയുടെയും ജീവിതത്തിലേയ്ക്ക് കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ ഉള്‍ച്ചേര്‍ക്കുകയെന്നതായിരിക്കണം ഈ ഉദ്യമങ്ങളുടെ ലക്ഷ്യം. രൂപതകളിലും, ഇടവകകളിലും നിലവിലുള്ള കാനോനികസമിതികളെ ഈ പ്രക്രിയയില്‍ സജീവ പങ്കാളികളാക്കണം.

കൂടുതല്‍ ആളുകളെ, കൂടുതല്‍ തലങ്ങളില്‍ കണ്ടുമുട്ടുക, ശ്രവിക്കുക, പങ്കാളികളാക്കുക എന്നതായിരിക്കണം രൂപതാതലത്തിലെ കൂടിയാലോചനകളെ നയിക്കേണ്ട തത്വം. അതിനു സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ചെറുസംഘങ്ങളായി ഒരുമിച്ചുകൂടി സഭാ സംബന്ധമായ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ പരിശ്രമിക്കുകയും, അതിനായി താല്പര്യത്തോടെ പരസ്പരം ശ്രവിക്കുകയും, വ്യക്തിപരമായും സംഘാതമായുമുള്ള അഭിപ്രായങ്ങളും, ആശയങ്ങളും, പ്രതികരണങ്ങളും, നിര്‍ദ്ദേശങ്ങളും, പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ഫലപ്രദമായ രീതികളിലൊന്ന്. എന്നാല്‍, കോവിഡ് മഹാമാരിപ്പോലുള്ള കാരണങ്ങളാല്‍ ആളുകള്‍ക്കു ഒരുമിച്ചുകൂടുവാന്‍ സാധിക്കാത്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, സോഷ്യല്‍മീഡിയ വഴിയായുള്ള ചര്‍ച്ചകള്‍, തുടങ്ങി സാധ്യമായ എല്ലാ രീതികളും പരീക്ഷിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആളുകളിലേയ്ക്ക് എത്തിച്ചും അഭിപ്രായശേഖരണം നടത്താവുന്നതാണ്. അതോടൊപ്പം തന്നെ, സിനഡിനായുള്ള പ്രാര്‍ത്ഥനകള്‍, സിനഡിനോടനുബന്ധിച്ചുള്ള ആരാധന ക്രമങ്ങള്‍, സിനഡു വിഷയങ്ങളെ സംബന്ധിച്ചുള്ള വിചിന്തനങ്ങള്‍, ദേവാലയസംഗീതങ്ങള്‍, കലാരൂപങ്ങള്‍, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം അതാത് രൂപതകളിലെ ദൈവജനത്തിനിടയില്‍ സിനഡിനെക്കുറിച്ചുള്ള പൊതു അവബോധം വളര്‍ത്തുകയും, സിനഡല്‍ പ്ര ക്രിയയില്‍ പങ്കുചേരാന്‍ താല്പര്യമുണര്‍ത്തുകയും വേണം.

ഓരോ ഇടവകയെയും രൂപതയെയും സംബന്ധിച്ചു. തങ്ങളുടെ സഭാത്മകജീവിതത്തില്‍ സിനഡല്‍ശൈലിയുടെ സാധ്യതയും പ്രാധാന്യവും തിരിച്ചറിയുന്നതിനും, അനുഭവിക്കുന്നതിനും, ജീവിക്കുന്നതിനുമുള്ള അവസരങ്ങളാണ് ഈ കൂടിയാലോചനകള്‍. അവയുടെ കാര്യക്ഷമവും ഫലപ്രദവുമായ നടത്തിപ്പുവഴിയായി തങ്ങളുടെ സഭാസംവിധാനങ്ങളിലും, സാഹചര്യങ്ങളിലും ഏറ്റവും യോജ്യമായ സിനഡല്‍ മാര്‍ഗ്ഗങ്ങളും, ശൈലികളും, മുന്നേറ്റങ്ങളും കണ്ടെത്തുന്നതിനു ഇടയാകും. ഇപ്രകാരം, ആത്യന്തികമായി ഓരോ പ്രാദേശികസഭയിലും സിനഡല്‍ പാതയുടെ തനതും പുതുമയാര്‍ന്നതുമായ ശൈലികള്‍ രൂപപ്പെടുകയും ഉയര്‍ന്നുവരുകയും ചെയ്യും.

അതായത്, സിനഡല്‍ കൂടിയാലോചനാഘട്ടത്തിലെ ഈ പ്രാഥമിക തലത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നുള്ളത്, 2023 ഒക്‌ടോബറില്‍ നടക്കാന്‍ പോകുന്ന മെത്രാന്‍ സിനഡിലെ ചര്‍ച്ചകള്‍ക്കു പ്രചോദനമേകുന്ന നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും രൂപീകരിക്കുന്നതിനോടൊപ്പം ഓരോ പ്രാ ദേശികസഭയെയും സിനഡ് പ്രക്രിയയില്‍ ഭാഗഭാക്കുകയും, സിനഡല്‍ശൈലി പരിചിതമാക്കുകയും, അതു തങ്ങളുടെ മുന്നോട്ടുള്ള ഗമനത്തിന്‍ പാതയാക്കി മാറ്റുവാന്‍ പ്രാപ്തമാക്കുകയും ചെയ്യുകയെന്നതാണ്. ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതി നടപ്പില്‍ വരുത്തിയ 'സഭായോഗം' (Ecclesial Assembly), ആസ്‌ത്രേലിയന്‍ സഭയില്‍ രൂപീകൃതമായിട്ടുള്ള 'പ്ലീനറി കൗണ്‍സില്‍' തുടങ്ങിയ സിനഡല്‍ സംവിധാനങ്ങള്‍ മറ്റു പ്രാദേശിക സഭകള്‍ക്കു പിന്തുടരാവുന്ന മാതൃകകളാണ്.

സിനഡല്‍ പ്രക്രിയയുടെ കൂടിയാലോചനകളുടെ ഘട്ടത്തിലെ ആദ്യത്തെ തലമായ രൂപതാതലം ഈ പ്രക്രിയയെ സംബന്ധിച്ചു വളരെ സുപ്രധാനമാണ്. കാരണം, മറ്റെല്ലാ തലങ്ങളിലുമുള്ള കൂടിയാലോചനകള്‍ക്കു അടിസ്ഥാനമായി മാറുന്ന തലമാണിത്. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുകയെന്ന സാമാന്യ നടപടിയായി അവസാനിക്കാതെ, ദൈവജനത്തിനു മുഴുവന്‍ സിനഡല്‍ ശൈലിയുടെ ചൈതന്യം പകരുന്ന, അവരുടെ സ്വരങ്ങള്‍ ശ്രവിക്കപ്പെടുന്ന, സഭാജീവിതത്തില്‍ അവരെയും പങ്കുകാരാക്കുന്ന, ഒരുമിച്ചു നടക്കലിന്റെ സജീവസാക്ഷ്യവും അനുഭവവുമായി മാറണം.

അവഗണിതരും, അശരണരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ ആളുകളോടു നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ യേശുവിന്റെ ശൈലിയാകണം രൂപതാതലത്തിലെ സിനഡല്‍ കൂടിയാലോചനകളിലേയ്ക്ക് ക്ഷണിക്കപ്പെടുന്നവരുടെ കാര്യത്തിലെ മാതൃക. ഓരോ വ്യക്തിയും പരിഗണിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന, അവരുടെ കരച്ചിലുകള്‍ക്കു നേരെ ചെവി ചായ്ക്കുന്ന, വേദനകളില്‍ ആശ്വാസമായി മാറുന്ന, ഓരോ വ്യക്തിക്കും ദൈവികമായി ലഭ്യമായിട്ടുള്ള മാനുഷികാന്തസ്സിനെ അംഗീകരിച്ചു, സമൂഹത്തിന്റെ പൊതുധാരകളിലേയ്ക്ക് അവരെയും ഉള്‍ച്ചേര്‍ക്കുന്ന ശൈലിയാണത്.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍, പത്താമധ്യായത്തില്‍ കൊര്‍ണേലിയസുമായുള്ള സമ്പര്‍ക്കത്തിലൂടെ തന്റെ മനോഭാവങ്ങളിലും ചിന്തകളിലും പരിവര്‍ത്തനം സംഭവിച്ച പത്രോസിനെ നാം കണ്ടുമുട്ടുന്നുണ്ട്. അതുപോല, മറ്റു മനുഷ്യരുമായുള്ള സമ്പര്‍ക്കത്തിലൂടെ ദൈവം ക്ഷണിക്കുന്ന പരിവര്‍ത്തനത്തിനു തങ്ങളെത്തന്നെ വിട്ടുകൊടുക്കുവാന്‍ രൂപതാസമൂഹങ്ങള്‍ വിമുഖത കാണിക്കരുത്. സിനഡല്‍ ശൈലിയുടെ ഈ അനിവാര്യമായ പരിവര്‍ത്തനത്തിനു വിധേയരാകുമ്പോള്‍, അത്ഭുതപ്പെടുത്തുന്ന രീതികളില്‍, മറ്റുള്ളവരിലൂടെ ദൈവം നമ്മിലേയ്ക്കും, നമ്മിലൂടെ ദൈവം മറ്റുള്ളവരിലേയ്ക്കും കടന്നുവരുന്നതു നമുക്കു ദര്‍ശിക്കാന്‍ സാധിക്കും.

സാധ്യമാകുന്നിടത്തോളം ദൈവജനത്തെ അര്‍ത്ഥവത്തായ രീതിയില്‍ ഈ സിനഡല്‍ പ്രക്രിയയുടെ ഭാഗമാക്കുകയെന്നത് ഈ ദൈവിക ഇടപ്പെടലിനും അത്ഭുതകരമായ പരിവര്‍ത്തനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണ്. ഇത്തരത്തിലുള്ള വിശാലമായ പങ്കാളിത്തം ഉറപ്പാക്കുകയും സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് സിനഡല്‍ പ്രക്രിയയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും വേണ്ടി ഓരോ രൂപതയിലും നിയമിക്കപ്പെടുന്ന സമ്പര്‍ക്കവ്യക്തിയുടെ, അല്ലെങ്കില്‍ വ്യക്തികളുടെ (contact person/s) പ്രധാന ഉത്തരവാദിത്വം. ഉപരിപ്ലവമായതോ, മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതോ ആയ ഫലങ്ങളല്ല ഈ സിനഡല്‍ പ്രകിയയിലൂടെ സഭ പ്രതീക്ഷിക്കുന്നത്, മറിച്ചു, ദൈവജനത്തിന്റെ ജീവിതാനുഭവങ്ങളെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നതും, അവയുടെ വൈവിധ്യത്തെയും സമ്പൂര്‍ണ്ണതയേയും വെളിപ്പെടുത്തുന്നതുമായിരിക്കണം. അതുകൊണ്ടുതന്നെ ദൈവജനത്തിന്റെ വിശാലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടുവേണം രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയ ആരംഭിക്കേണ്ടത്.

ഓരോ വിശ്വാസിയുടെയും ഓരോ മനുഷ്യന്റെയും ജീവിതത്തിലേയ്ക്ക്, പ്രത്യേകിച്ച് അവഗണിക്കപ്പെട്ടവരിലേയ്ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്ക്, വിശ്വാ സജീവിതത്തില്‍ നിന്നും അകന്നു കഴിയുന്നവരിലേയ്ക്ക്, സഭ ഉപേക്ഷിച്ചു പോയവരിലേയ്ക്ക്, ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ആധിയില്‍ ജീവിക്കുന്നവരിലേയ്ക്ക്, അഭയാര്‍ത്ഥികളിലേയ്ക്ക്, സ്വരം അടിച്ചമര്‍ത്തപ്പെട്ടവരിലേയ്ക്ക് വ്യക്തിപരമായി കടന്നു ചെല്ലാനുള്ള സഭയുടെ ഉത്തരവാദിത്വം നിര്‍വേറ്റപ്പെടുന്ന അവസരങ്ങളാകണം രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയയുടെ കൂടിയാലോചനകള്‍.

സിനഡല്‍ അനുഭവത്തിന്റെ ഹൃദയമെന്നത് ദൈവവചനത്താലും ആത്മാവിനാലും പ്രചോദിതമായ പരസ്പര ശ്രവണത്തിലൂടെ ദൈവത്തിന്റെ സ്വരം തിരിച്ചറിയുകയാണ്. ഇത് സാധിതമാകുന്നതിനു ചിലപ്പോള്‍ നിരവധിയായ കൂടിയാലോചനകള്‍ വേണ്ടിവന്നേക്കാം. ആത്മാര്‍ത്ഥവും നിരന്തരവുമായ സമ്പര്‍ക്കം പരസ്പരം അറിവും, വിശ്വാസവും വര്‍ദ്ധിപ്പിക്കുകയും, സ്വാതന്ത്ര്യത്തോടും തുറവിയോടും കൂടെയുള്ള സംഭാഷണങ്ങള്‍ സാധിതമാകുകയും ചെയ്യുമ്പോള്‍, യഥാര്‍ത്ഥമായ സിനഡല്‍ അനുഭവത്തിലേയ്ക്ക്, ഒരുമിച്ചു നടക്കുന്ന സിനഡല്‍ പാതയിലേയ്ക്ക് രൂപതാസമൂഹം പ്രവേശിക്കുകയാണ്. അതുകൊണ്ട്, നിയതവും പരമ്പരാഗതവുമായവയേക്കാള്‍ രൂപതാസമൂഹത്തിലെ കൂടിയാലോചനകള്‍ക്കു അനൗപചാരികമായ രീതികളും അവലംബിക്കേണ്ടിയിരിക്കുന്നു. ഒരുമിച്ചുള്ള തീര്‍ത്ഥാടനങ്ങള്‍, കലാപ്രകാശനങ്ങള്‍ തുടങ്ങി കൊച്ചു ചായ സത്ക്കാരങ്ങള്‍ പോലും കൂട്ടായ്മാ ബോധം പരിപോഷിപ്പിക്കുന്നതിനും, പങ്കുവയ്ക്കലിന്റെ അനുഭവം പകരുന്നതിനും സഹായകരമായേക്കാം.

ഓരോ രൂപതയുടെയും പ്രത്യേകമായ സാഹചര്യങ്ങള്‍ക്കനുസൃതമായി ഈ കൂടിയാലോചനകള്‍ നടത്താവുന്നതാണ്. ഉദാഹരണമായി, വിവിധ ഇടവകകള്‍ ചേര്‍ന്നുള്ള സമ്മേളനങ്ങള്‍, ആതുരസേവനം, വിദ്യാഭ്യാസം, തുടങ്ങിയ വിവിധ ശുശ്രൂഷകളെ അടിസ്ഥാനമാക്കിയുള്ള കൂടിച്ചേരലുകള്‍, വ്യത്യസ്ത സന്ന്യാസ സമൂഹങ്ങളുടെ, അല്മായ പ്രസ്ഥാനങ്ങളുടെ, സംഘടനകളുടെ, പങ്കു വയ്ക്കലുകള്‍ തുടങ്ങി രൂപതയിലെ എല്ലാ വിഭാഗത്തെയും ഘടകങ്ങളെയും ഉള്‍ച്ചേര്‍ക്കുന്ന, സ്പര്‍ശിക്കുന്ന കൂട്ടായ്മകള്‍ വിഭാവനം ചെയ്യണം.

ഈ കൂടിയാലോചനകള്‍ക്കു കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്കാനുതകുന്ന ചോദ്യങ്ങളും ഈ റഫറന്‍സ് ഗ്രന്ഥം (5-ാം ഭാഗം) നല്കുന്നുണ്ട്. അവയില്‍നിന്നും ഓരോ രൂപതയും തങ്ങള്‍ക്കു പ്രസക്തമായ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതോടൊപ്പം, തനതായ ചോദ്യങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കുകയും ചെയ്യണം. പ്രബോധനാടിസ്ഥിതമായ ചോദ്യങ്ങളേക്കാള്‍, വ്യക്തിഗതവും യഥാര്‍ത്ഥ ജീവിതാനുഭവങ്ങളിലധിഷ്ഠിതവുമായ ചോദ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‌കേണ്ടത്.

ഓരോ കൂടിയാലോചനകളുടെയും പരിസമാപ്തിയില്‍ അതില്‍ പ്രകാശിതമായ അഭിപ്രായങ്ങളും, അനുഭവങ്ങളും, ആലോചനകളുമെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ഒരു രേഖ അഥവാ സംക്ഷിപ്ത റിപ്പോര്‍ട്ടു (synthesis) തയ്യാറാക്കണം, ഒരു ബൗദ്ധികാഭ്യാസ മായിട്ടല്ല. അതു തയ്യാറാക്കേണ്ടത്, മറിച്ചു, ഓരോ തലത്തില്‍നിന്നും അടുത്ത തലത്തിലേയ്ക്കുള്ള സിനഡല്‍ പ്രക്രിയയെ സഹായിക്കാനുതകുന്നവയെ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന വി വേചനാത്മകമായ പ്രവൃത്തിയായിട്ടായിരിക്കണം. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ കാര്യങ്ങള്‍ മാത്രമല്ല ഈ റിപ്പോര്‍ട്ടില്‍ ഉള്‍ച്ചേര്‍ക്കേണ്ടത്, അവയോടോപ്പം തന്നെ, വിഭിന്ന അഭിപ്രായങ്ങളും, നൂതനമായ ചിന്തകളും, സാധാരണ കേള്‍ക്കപ്പെടാതെപ്പോകുന്ന സ്വരങ്ങളും, ന്യൂനപക്ഷത്തിന്റെ നിലപാടുകളുമെല്ലാം തക്കതായ പ്രാധാന്യത്തോടെ രേഖപ്പെടുത്തണം. വിമര്‍ശനാത്മകവും വെല്ലുവിളികളേറിയതുമായ സാക്ഷ്യങ്ങളെയും വെളിപ്പെടുത്തണം. കൂടിയാലോചനവേളയിലുണ്ടായ അനുഭവങ്ങള്‍, പങ്കെടുത്തവരുടെ മനോഭാവങ്ങള്‍, ഉളവായ സന്തോഷങ്ങള്‍ അതോടൊപ്പം അഭിമുഖീകരിച്ച വെല്ലുവിളികള്‍ എല്ലാം ഈ റിപ്പോര്‍ട്ടുകളുടെ ഭാഗമാകേണ്ടതാണ്.

ഇപ്രകാരം തയ്യാറാക്കുന്ന സമന്വയരേഖ സാര്‍വത്രികസഭയില്‍, ദൈവജനം മുഴുവന്റെയും സിനഡല്‍ പാതയിലൂടെയുള്ള തീര്‍ത്ഥാടനത്തില്‍ ഓരോ രൂപതയും നല്കുന്ന സംഭാവനയായിരിക്കും. അതോടോപ്പം തന്നെ, ഓരോ രൂപതയെ സംബന്ധിച്ചും ഈ പാതയിലൂടെയുള്ള മുന്നോട്ടുള്ള യാത്രയിലെ ചുവടുവയ്പുകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗദര്‍ശിയുമായിരിക്കും.

അവഗണിതരും, അശരണരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ ആളുകളോടു നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ യേശുവിന്റെ ശൈലിയാകണം രൂപതാതലത്തിലെ സിനഡല്‍ കൂടിയാലോചനക ളിലേയ്ക്ക് ക്ഷണിക്കപ്പെടുന്നവരുടെ കാര്യത്തിലെ മാതൃക. ഓരോ വ്യക്തിയും പരിഗണിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന, അവരുടെ കരച്ചിലുകള്‍ക്കു നേരെ ചെവി ചായ്ക്കുന്ന, വേദനകളില്‍ ആശ്വാസമായി മാറുന്ന, ഓരോ വ്യക്തിക്കും ദൈവികമായി ലഭ്യമായിട്ടുള്ള മാനുഷികാന്തസ്സിനെ അംഗീകരിച്ചു, സമൂഹത്തിന്റെ പൊതുധാരകളിലേയ്ക്ക് അവരെയും ഉള്‍ച്ചേര്‍ക്കുന്ന ശൈലിയാണത്.

രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയയുടെ നേതൃത്വം

രൂപതാതലത്തില്‍ നടത്തപ്പെടുന്ന സിനഡല്‍ പ്രക്രിയയിലെ പ്രധാന വ്യക്തിയും ഉത്തരവാദിയും രൂപതാ മെത്രാന്‍ തന്നെയാണ്. ഓരോ രൂപതാ മെത്രാന്റെയും വ്യക്തിപരമായ പങ്കാളിത്തം കൊണ്ടാണ് ഈ തലത്തിലെ കൂടിയാലോചനകളും, സിനഡല്‍ പ്രക്രിയയും പൂര്‍ണ്ണത കൈവരിക്കുക. സ്ഥലപരിമിതിമൂലം ഈ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു റഫറന്‍സ് ഗ്രന്ഥം നല്കുന്ന വിവരണം ഇവിടെ ഒഴിവാക്കുകയാണ്. എങ്കിലും, ഒരു കാര്യം സൂചിപ്പിക്കട്ടെ, ഈ കൂടിയാലോചനാ പ്രക്രിയയില്‍ രൂപതാ മെത്രാന്റെ സുപ്രധാന ദൗത്യം 'ശ്രവിക്കുക' എന്നതാണ്.

രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയയുടെ നടത്തിപ്പിനു നേതൃത്വം നല്കുന്നതിനുള്ള പ്രധാന ഉത്തരവാദിത്വം ഇതിനായി ഓരോ രൂപതയിലും പ്രത്യേകം നിയമിക്കപ്പെടുന്ന സമ്പര്‍ക്കവ്യക്തിക്കാണ് (contact person). ഒരാളെയോ, രണ്ടു പേരെയോ (contact person/s) ഈ ഉത്തരവാദിത്വത്തിലേയ്ക്കു രൂപതാധ്യക്ഷനു നിയമിക്കാവുന്നതാണ്.

രൂപതാ സമ്പര്‍ക്കവ്യക്തി/വ്യക്തികളുടെ നേതൃത്വത്തിലുള്ള സിനഡല്‍ പ്രക്രിയയുടെ നടത്തിപ്പിനു സഹായകമേകുന്ന തരത്തില്‍ ഉപദേശക കാര്യനിര്‍വഹണ സമിതിയായി പ്രവര്‍ത്തിക്കാനുള്ള ഒരു സിനഡല്‍ ടീമിനെയും ഓരോ രൂപതയിലും രൂപീകരിക്കണം.

അടുത്തതായി, രൂപതയിലെ വിവിധതലങ്ങളിലും ഘടകങ്ങളിലും നടക്കുന്ന കൂടിയാലോചനകള്‍ക്കു നേതൃത്വം നല്കുന്നതിനും സമന്വയറിപ്പോര്‍ട്ടു തയ്യാറാ ക്കുന്നതിനും ഓരോ വിഭാഗത്തിലും പ്രത്യേക കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണം. സിനഡിന്റെ സമ്പര്‍ക്കവ്യക്തി/വ്യക്തികള്‍ക്കു നേരിട്ടു ഈ കോഓര്‍ഡിനേറ്റര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്താവുന്നതും വിവരങ്ങള്‍ കൈമാറാവുന്നതുമാണ്.

രൂപതാതലത്തിലെ സിനഡല്‍ പ്രക്രിയയുടെ പത്തു ചുവടുകള്‍

രൂപതാതലത്തിലെ ഈ സിനഡല്‍ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനുതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ റഫറന്‍സ് ഗ്രന്ഥം നല്കുന്നുണ്ട്. പത്തു കാര്യങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

  1. രൂപതാ സമ്പര്‍ക്കവ്യക്തിയുടെ വ്യക്തികളുടെ നിയമനം. രണ്ടു പേരെ നിയമിക്കുന്നത് പങ്കാളിത്തപരമായ ഉത്തരവാദിത്വനിര്‍വ്വഹണത്തിനു മാതൃകയാകും. രണ്ടുപേര്‍ നിയമിക്കപ്പെടുന്നയിടങ്ങളില്‍ ഒരു സ്ത്രീയും പുരുഷനുമാകുന്നത് ഉചിതമാണ്. അത് പ്രതിഫലം പറ്റാതെയുള്ള സേവനമോ, പ്രതിഫലം നല്കികൊണ്ടുള്ളതോ ആകാം. വൈദികരോ, സന്യസ്തരോ, അല്മായരോ ഇതിനായി നിയമിക്കപ്പെടാം. രൂപതയില്‍ ഇപ്പോള്‍തന്നെ ഏതെങ്കിലും ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന വ്യക്തികളെയും ഇതിനായി പരിഗണിക്കാവുന്നതാണ്.

  2. രൂപതാ സിനഡല്‍ ടീമിന്റെ രൂപീകരണം.

  3. രൂപതയുടെ തനതായ സിനഡല്‍ പാത വിവേചിച്ചറിയുക. സിനഡല്‍ പ്രക്രിയയ്ക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്ന പൊതു രേഖകളിലെ നിര്‍ദ്ദേശങ്ങളും നടപടികളും ഓരോ രൂപതയിലും നടപ്പില്‍ വരുത്തുമ്പോള്‍ അതാത് രൂപതകളുടെ പ്രത്യേകമായ സാഹചര്യങ്ങളും, സമകാലിക യാഥാര്‍ത്ഥ്യങ്ങളും വെല്ലുവിളികളുമെല്ലാം കണക്കിലെടുത്ത് ഓരോ രൂപതയുംതനതായ ഒരു സിനഡല്‍ പാത വി വേചിച്ചറിയണം. പ്രാര്‍ത്ഥനാപൂര്‍വ്വകമായ വിചിന്തനങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയുമാണ് അതു സാധ്യമാകുന്നത്.

  4. പങ്കാളിത്ത പ്രക്രിയയുടെ ആസൂത്രണം. ദൈവജനത്തിന്റെ സാധ്യമാകുന്നിടത്തോളം വിശാലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടികള്‍ ഓരോ രൂപതയും വിഭാവനം ചെയ്തു പ്രാവര്‍ത്തികമാക്കുക.

  5. സിനഡല്‍ കൂടിയാലോചനകള്‍ക്കു നേതൃത്വം നല്കാന്‍ ഓരോ ഗ്രൂപ്പിനും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുക. അതോടൊപ്പം ഓരോ ഗ്രൂപ്പിനും ഒരു ടീം ഉണ്ടായിരിക്കുന്നതും നല്ലതാണ്. സിനഡല്‍ പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും ഈ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുണ്ടാകണം. അതിനായി, സിനഡിനെ സംബന്ധിച്ചുള്ള പൊതു രേഖകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ക്കു ലഭ്യമാക്കുക.

  6. 6) രൂപതാ സിനഡല്‍ ടീമംഗങ്ങള്‍ക്കും ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും സിനഡല്‍ പ്രക്രിയയെക്കുറിച്ചു അറിവും ദിശാബോധവും നല്കുന്ന പരിശീലന പദ്ധതി ഒരുക്കുക.

  7. സിനഡിന്റെ പ്രാധാന്യത്തെയും ലക്ഷ്യങ്ങളെയുംക്കുറിച്ചു രൂപതയിലെ ദൈവജനത്തിനു മുഴുവന്‍ അറിവും താല്പര്യവും ഉളവാക്കുന്ന തരത്തിലുള്ള പ്രചാരണപരിപാടികള്‍ നടപ്പിലാക്കുക.

  8. സിനഡല്‍ പ്രക്രിയയുടെ സുപ്രധാന ഘടകമായ കൂടിയാലോചനകള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുക എന്നതാണ് രൂപതാതലത്തിലെ സിനഡല്‍ നടപടികളിലെ ഏറ്റവും കാതലായ ദൗത്യം. രൂപതാ സമ്പര്‍ക്ക വ്യക്തി/വ്യക്തികളാണ് അതിനു ചുമതല വഹിക്കുന്നത്. ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി കൂടിയാലോചിച്ചു രൂപതയുടെ വിവിധ ഘടകങ്ങളിലും, തലങ്ങളിലും ഈ കൂടിയാലോചനകള്‍ നടത്തുന്നതിനും അവര്‍ മേല്‍നോട്ടം വഹിക്കുകയും, സഹായം നല്കുകയും ചെയ്യുക.

  9. രൂപതാതലത്തിലെ കൂടിയാലോചനകളുടെ സമാപനമായി ഓരോ രൂപതയിലും Pre-Synodal Meeting നടത്തണം. രൂപതയുടെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന രീതിയില്‍, രൂപതാ സമൂഹത്തിന്റെ വിശാലമായ പ്രാതിനിധ്യം ഉറപ്പുവരുത്തി ക്രമീകരിക്കേണ്ട ഈ സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്. ഒന്നായി സമ്മേളിച്ചു പ്രാര്‍ത്ഥിക്കുക, പരസ്പരം ശ്രവിക്കുക, വിചിന്തനം ചെയ്യുക, പരിശുദ്ധാത്മാവ് രൂപതയെ നയിക്കുന്ന സിനഡല്‍ പാത വിവേചിച്ചറിയുക എന്നിവയാണ്. അതാത് മെത്രാന്മാര്‍ ഈ സമ്മേളനം വിളിച്ചുകൂട്ടുകയും രൂപതാ സമ്പര്‍ക്ക വ്യക്തി/വ്യക്തികളുമായി ആലോചിച്ചു വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുക.

  10. അവസാനമായി, കൂടിയാലോചനകളില്‍ പ്രകാശിതമായ അഭിപ്രായങ്ങളും, അനുഭവങ്ങളും, നിര്‍ദ്ദേശങ്ങളും, വിലയിരുത്തലുകളും, വിമര്‍ശനങ്ങളും എല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി നിശ്ചയിക്കപ്പെട്ടിരിക്കുന്ന തീയതിക്കു മുമ്പായി അതാത് മെത്രാന്‍ സമിതികള്‍ക്കു സമര്‍പ്പിക്കുക. രൂപതാ സമ്പര്‍ക്കവ്യക്തി/വ്യക്തികളുടെയും സിനഡല്‍ ടീമിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കപ്പെടുന്ന ഈ സമന്വയരേഖ മെത്രാന്‍ സമിതികളിലേയ്ക്കു അയയ്ക്കുന്നതിനു മുമ്പായി രൂപതാ മെത്രാന്‍ പരിശോധിക്കണം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ സമന്വയരേഖ രൂപതാ മെത്രാന്‍ നന്മകളെയോ കുറവുകളെയോ വിവരിക്കുന്നതിനുള്ള മാധ്യമമാകരുത്, മറിച്ചു, രൂപതാ തലത്തിലെ കൂടിയാലോചനാവേദികളില്‍ മുഴങ്ങിയ സ്വരങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തലാകണം. അത് ദൈവജനത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെയും, അഭിപ്രായങ്ങളെയും പ്രതിഫലിപ്പിക്കുകയും വേണം.

രൂപതാ സമ്പര്‍ക്കവ്യക്തി/വ്യക്തികളുടെയും സിനഡല്‍ ടീമിന്റെയും ഉത്തരവാദിത്വങ്ങള്‍

സിനഡല്‍ പ്രക്രിയയില്‍ രൂപതയേയും മെത്രാന്‍ സമിതിയേയും ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിക്കുക.

രൂപതാതലത്തില്‍ കൂടിയാലോചനകള്‍ നടത്തുന്ന വിവിധ ഗ്രൂപ്പുകള്‍ക്കു മാര്‍ഗ്ഗദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കുക.

രൂപതയിലെ സിനഡല്‍ പ്രക്രിയയെ സംബന്ധിച്ചു രൂപതാ മെത്രാന്‍ പ്രധാന സമ്പര്‍ക്കവ്യക്തിയായി പ്രവര്‍ത്തിക്കുക.

സിനഡല്‍ ശൈലിയുടെ ആത്മാവായ പങ്കാളിത്തരീതിയില്‍, രൂപതാ സിനഡല്‍ സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചു രൂപതയിലെ സിനഡല്‍ പ്രക്രിയയുടെ ആസൂത്രണം, നടത്തിപ്പ്, ഏകോപിപ്പിക്കല്‍, വിലയിരുത്തലുകള്‍, എന്നിവയ്‌ക്കെല്ലാം നേതൃത്വം കൊടുക്കുക.

എല്ലാ ഇടവകകളെയും കൂടിയാലോചനയ്ക്കായി ക്ഷണിക്കുകയും, അതിനായുള്ള കൂടിച്ചരലുകള്‍ സംഘടിപ്പിക്കുകയും ചെയ്യുക. ഇടവകതലത്തിലുള്ള ഈ കൂടിയാലോചനകളില്‍ പുരോഹിതര്‍, സമര്‍പ്പിതര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവതീയുവാക്കള്‍, പ്രായമായവര്‍, വിവാഹിതര്‍, അവിവാഹിതര്‍, എന്നിങ്ങനെ എല്ലാ വിഭാഗം ആളുകളെയും, അതോടൊപ്പം തന്നെ, വിശ്വാസജീവിതത്തില്‍നിന്നും അകന്നു കഴിയുന്നവര്‍, മറ്റു ക്രൈസ്തവ സഭകളിലും മതങ്ങളിലുംപ്പെട്ടവര്‍, ഇടവകാംഗങ്ങളല്ലാത്ത മറ്റു വ്യക്തികള്‍, എന്നിവരെയെല്ലാം ശ്രവിക്കാന്‍ അവസരം ഒരുക്കണം.

രൂപതയിലെ വ്യത്യസ്ത ശു ശ്രൂഷകള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍, മറ്റു സംവിധാനങ്ങള്‍ എന്നീ മേഖലകളിലുള്ളവരുടെയും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, പ്രതികരണങ്ങളും തേടി, വിവിധ വിഭാഗങ്ങള്‍ ഒരുമിച്ചുള്ളതോ, പ്രത്യേകമായതോ, ആയ കൂടിയാലോചനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക.

ഇടവകതലത്തിലും വിവിധ വിഭാഗങ്ങളുടെ തലത്തിലും നടത്തപ്പെടുന്ന കൂടിയാലോചനാ സമ്മേളനങ്ങള്‍ക്കു നേതൃത്വം നല്കാനുള്ളവര്‍ക്കു അതിനനുയോജ്യമായ പരിശീലനം നല്കുകയും നിരന്തരം സഹഗമിക്കുകയും ചെയ്യുക.

ഇപ്രകാരം രൂപതയുടെ വിവിധതലങ്ങളില്‍ നടക്കുന്ന കൂടിയാലോചനകളുടെ ഫലങ്ങള്‍ കൃത്യമായി സ്വീകരിക്കുന്നതിനും, സമന്വയിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഇടവകകളിലും സമര്‍പ്പിതസമൂഹങ്ങളിലും, മറ്റു വിഭാഗങ്ങളിലും സിനഡല്‍ പ്രക്രിയയെ സംബന്ധിച്ചു കൃത്യമായ അറിവു പകരുകയും, സാധ്യമായത്രയും വിശാലമായ പങ്കാളിത്തം സിനഡല്‍ പ്രക്രിയയില്‍ ഉറപ്പുവരുത്തുകയും ചെയ്യുക. അതിനു സഹായകരമായ കാര്യങ്ങള്‍ ഇവയാണ് - ഓരോ ഇടവകയ്ക്കും, മറ്റു വിഭാഗങ്ങള്‍ക്കും പ്രത്യേകമായ സമ്പര്‍ക്കവ്യക്തിയും സിനഡല്‍ ടീമും ഉണ്ടായിരിക്കുക, ആവശ്യമെങ്കില്‍, ഓരോ തലത്തിലും ആളുകളെ പ്രത്യേക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംഘങ്ങളായി തിരിച്ചു കൂടുതല്‍ ആലോചനായോഗങ്ങള്‍ സംഘടിപ്പിക്കുക, ഓരോ സംഘങ്ങളുടെയും കൂടിയാലോചനകളുടെ സമന്വയ റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് ഒരു സെക്രട്ടറിയെ ചുമതലപ്പെടുത്തുകയോ, മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയോ ചെയ്യുക, ഈ റിപ്പോര്‍ട്ടുകള്‍ രൂപതാകേന്ദ്രത്തില്‍ എത്തുന്നതിനു കൃത്യമായ തീയതി നിശ്ചയിക്കുക, സിനഡല്‍ പ്രക്രിയയുടെ തുടര്‍ നടപടികള്‍ അറിയുന്നതിനും പങ്കുവയ്ക്കുന്നതിനും, ഈ കൂടിയാലോചനകളുടെ തുടര്‍ച്ചയായി ഓരോ സംഘത്തിന്റെയും ഒത്തുചേരലുകള്‍ പ്രോത്സാഹിപ്പിക്കുക.

ഇടവകകളിലും വിവിധ വിഭാഗങ്ങളിലുമായി നടക്കുന്ന സിനഡല്‍ കൂടിയാലോചനകളെ നിരന്തരമായി ശ്രദ്ധിക്കുകയും, സഹായമേകുകയും, പ്രോത്സാഹിപ്പിക്കുകയും, സഹഗമിക്കുകയും, ഒപ്പം, നന്ദിയര്‍പ്പിക്കുകയും ചെയ്യുക.

ഇടവകതലത്തിലെയും മറ്റു വിഭാഗങ്ങളിലെയും കൂടിയാലോചനകളുടെ സമന്വയ റിപ്പോര്‍ട്ടുകളും, ഉള്‍ക്കാഴ്ചകളും, മറ്റു ഫലങ്ങളും സമയബന്ധിതമായി ശേഖരിക്കുക. രൂപതാതലത്തിലെ കൂടിയാലോചനകളുടെ സമാപ്തിയില്‍ നടത്തേണ്ട രൂപത Pre-Synodal Meeting ന്റെ സംഘാടനത്തിനു മേല്‍നോട്ടം വഹിക്കുക.

രൂപതയിലെ വിവിധ ഘടകങ്ങളിലും തലങ്ങളിലും നടത്തിയ കൂടിയാലോചനകളുടെ ഫലമായി ലഭിച്ചിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും, പ്രതികരണങ്ങളും. ഉള്‍ക്കാഴ്ചകളും സമന്വയിപ്പിച്ചു രൂപതയ്ക്കു പൊതുവായി സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട് (synthesis) തയ്യാറാക്കുക. പരമാവധി പത്തു പേജുകള്‍ക്കുള്ളില്‍ അത് എഴുതി നിശ്ചയിക്കപ്പെട്ടിരിക്കുന്ന തീയതിക്കുമുമ്പ് അതാത് മെത്രാന്‍ സമിതിക്ക് അയച്ചുകൊടുക്കണം. സമ്പര്‍ക്കവ്യക്തി/വ്യക്തികള്‍, സിനഡല്‍ ടീമംഗങ്ങള്‍, രൂപതാ മെത്രാന്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, എന്നിവരുടെ കൂട്ടായ ഉദ്യമമായിരിക്കണം ഈ റിപ്പോര്‍ട്ടു തയ്യാറാക്കല്‍.

രൂപതാ സമ്പര്‍ക്കവ്യക്തി/വ്യക്തികള്‍, സിനഡല്‍ ടീമംഗങ്ങള്‍ എന്നിവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചും റഫറന്‍സ് ഗ്രന്ഥം നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഉദാഹരണമായി, അവര്‍ വിശ്വാസം ജീവിക്കുന്ന, ആത്മീയമായ പക്വതയുള്ളവരായിരിക്കണം, പ്രകൃത്യാ സഹകാരിസ്വഭാവം ഉള്ളവരായിരിക്കണം, കാര്യക്ഷമമായി ആശയവിനിമയം നടത്താനുള്ള കഴിവ്, വ്യത്യസ്ത അറിവുകളെ ഏകോപിപ്പിക്കാനും സമന്വയിപ്പിക്കാനുമുള്ള പ്രാവണ്യം, വ്യത്യസ്ത തലങ്ങളിലും വിഭാഗങ്ങളിലുമുള്ള വ്യക്തികളുമായി നന്നായി ഇടപഴുകാനുള്ള പ്രാപ്തി, രൂപതാ സംവിധാനങ്ങളുമായും നടപടികളുമായുള്ള പരിചയം, സിനഡല്‍ പ്രക്രിയയിലോ, പങ്കാളിത്ത ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളിലോ ഉള്ള മുന്‍പരിചയം, മറ്റു വ്യക്തികളുമായി പങ്കാളിത്ത മനോഭാവത്തോടെ പ്രവര്‍ത്തിക്കാനുള്ള എളിമ, നൂതനാശയങ്ങളെയും ഉള്‍ക്കാഴ്ച്കളെയും ഉള്‍ക്കൊള്ളാനുള്ള തുറവി, പുതു വഴികള്‍ കണ്ടെത്താനുള്ള ഔത്സ്യക്യം.

ഇപ്രകാരം ബൃഹത്തായ, നൂതനമായ, സിനഡല്‍ പ്രക്രിയയിലൂടെ ദൈവജനത്തിലെ ഓരോ അംഗത്തെയും സഭ ക്ഷണിക്കുകയാണ്: ഒരുമിച്ചു നടക്കാനും, പരസ്പരം ശ്രവിക്കാനും. പരിചയിച്ചതും, പരിശീലിച്ചതും, പഴക്കമേറിയതുമായ പാതകളെ വെടിഞ്ഞു പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി, നവീനമായ ഒരു പാതയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ വിളിയാണത്. അത് ആരംഭിക്കേണ്ടത് ഓരോ ഇടവകകളിലും രൂപതകളിലും ആണ്. മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്നും ദൈവവും ദൈവജനവും പ്രതീക്ഷിക്കുന്ന ഈ പരിവര്‍ത്തനം ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുവാന്‍ എല്ലാ അജപാലകര്‍ക്കും സാധിക്കണം. കാരണം, വ്യത്യസ്ത ഭാഷകള്‍ മനസ്സിലാകുന്ന പെന്തക്കുസ്താനുഭവമാണ് സഭയുടെ പൈതൃകം, അല്ലാതെ, പരസ്പരം മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ബാബേല്‍ ഗോപുര സംവിധാനങ്ങളല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org