ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ചങ്ങനാശ്ശേരി അതിരൂപതയിലെ മണിമലയില്‍ ഭൂജാതനായി, മൈസൂര്‍ രൂപതയ്ക്കുവേണ്ടി വൈദികനായി, ഊട്ടി രൂപതയുടെ പ്രഥമ മെത്രാനായി, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയായി, തീര്‍ത്ഥാടനം നടത്തിയ അഭിവന്ദ്യ മാര്‍ ആന്റണി കാര്‍ഡിനല്‍ പടിയറ 1985 ജൂലൈ 3-ന് തീര്‍ത്ഥാടന പാതയിലെ നാലാം സ്ഥലമായി എറണാകുളം അതിരൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. "നട്ടിടത്ത് പുഷ്പിക്കണം" എന്ന ആദര്‍ശമായിരുന്നു പടിയറ പിതാവിന്റേത്. പിതാവായ ദൈവം പടിയറ പിതാവിനെ പലപല തോട്ടങ്ങളില്‍ മാറിമാറി നട്ടു. നട്ടിടത്തെല്ലാം നന്മയുടെ സൗരഭ്യം പരത്തിക്കൊണ്ടു പുഷ്പിച്ചു ഫലംചൂടി. അതിനാല്‍ കേരളത്തില്‍ മാറ്റൊരു മെത്രാനും ഇതുവരെ അവകാശപ്പെടാന്‍ പറ്റാത്ത ഒരു തീര്‍ത്ഥയാത്രയുടെ ജീവിതകഥയാണ് – ചരിത്രമാണ് – കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയ്ക്കു ലോകത്തോടു പറയാനുള്ളത്. ഈ വലിയ തീര്‍ത്ഥാടകന്റെ ജന്മശതാബ്ദിയാണ് 2021 ഫെബ്രുവരി 11-ന് ആചരിക്കപ്പെടുന്നത്.
കോട്ടയം ജില്ലയിലെ മണിമല ദേശത്ത് 1921 ഫെബ്രുവരി 11-ന് പുരാതന പടിയറ കുടുംബത്തില്‍ കുരുവിള – അന്നമ്മ ദമ്പതികളുടെ അഞ്ചാമത്തെ പുത്രനായിട്ടാണു പടിയറ പിതാവിന്റെ ജനനം. പ്രൈമറി വിദ്യാഭ്യാസം മണിമലയിലും സെക്കന്ററി വിദ്യാഭ്യാസം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കി. പഠിക്കാന്‍ സമര്‍ത്ഥനും ജനസേവനത്തില്‍ തീക്ഷ്ണമതിയും കായികപ്രേമിയുമായിരുന്ന ഈ കൗമാരക്കാരന്‍ ഒരു മിഷനറി വൈദികനാകാന്‍ ആഗ്രഹിച്ച്, കോയമ്പത്തൂരിലെ മിഷനില്‍ സേവനം ചെയ്യാന്‍ അവിടെ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു വൈദിക പരിശീലനം (സെമിനാരി പഠനം) ആരംഭിച്ചു. മൈനര്‍ സെമിനാരിയില്‍ വച്ചുതന്നെ മലയാള ഭാഷയ്ക്കു പുറമെ തമിഴും, കന്നഡയും ഇംഗ്ലീഷും സ്വായത്തമാക്കി. മാതൃഭാഷപോലെ ഈ മൂന്നു ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ പഠിച്ച ബ്രദര്‍ ആന്റണി പടിയറ ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് മേജര്‍ സെമിനാരിയില്‍ പരിശീലനം തുടങ്ങി, സേലത്ത് അത് പൂര്‍ത്തിയാക്കി. വൈദീക പരിശീലനകാലത്തു രൂപംകൊണ്ട (1940) മൈസൂര്‍ രൂപതയ്ക്കുവേണ്ടി 1945 ഡിസംബര്‍ 19-നു ആന്റണി ശെമ്മാശ്ശന്‍ വൈദികപട്ടം സ്വീകരിച്ചു. പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ആന്റണിയച്ചന്‍ വളരെ പെട്ടെന്നു തമിഴ്മക്കളുടെ പ്രിയപ്പെട്ട "അന്തോണി സ്വാമിയാരായി" മാറി. മൈസൂരിലെ കൊടുവേരിയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു പ്രഥമ നിയമനം. തുടര്‍ന്ന് കൊല്ലനല്‍, ഊട്ടി ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. 1952-ല്‍ മൈസൂര്‍ മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി. ഇക്കാലത്ത് രണ്ടു വര്‍ഷം ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ അദ്ധ്യാപകനായും ശുശ്രൂഷ ചെയ്തു. ഈ കാലയളവില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നീ മൂന്നു ഭാഷകള്‍കൂടി അദ്ദേഹം സ്വായത്തമാക്കി. 1955 ജൂലൈ 3-നു ഊട്ടി രൂപത സ്ഥാപിതമായപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി വെറും 34 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അന്തോണി സ്വാമിയാര്‍ നിയമിതനായി. 1955 ഒക്‌ടോബര്‍ 16-നു മെത്രാനായി അഭിഷിക്തനായി.
മാതൃകായോഗ്യനായ അജപാലകന്‍, പ്രഗത്ഭനായ ധ്യാനഗുരു,
ബഹു ഭാഷാപണ്ഡിതനായ ജ്ഞാനയോഗി, പ്രേഷിത പ്രബുദ്ധനായ
മിഷനറി, കര്‍ത്തവ്യരംഗത്ത് അചഞ്ചലനായ കര്‍മ്മയോഗി,
വലിയ സുഹൃദ്‌വലയത്തിന്റെ ഉടമ എന്നീ നിലകളില്‍
കത്തോലിക്കാ സഭയുടെ അഭിമാനമായി മാറിയ
ഇടയ ശ്രേഷ്ഠനായിരുന്നു പടിയറ പിതാവ്.
നവജാതയായ ഊട്ടി രൂപതയെ പതിനഞ്ചുവര്‍ഷം ഊട്ടിവളര്‍ത്തി ബാലാരിഷ്ടതകളില്‍നിന്നും കരകയറ്റി കൗമാരത്തിലെത്തിച്ചപ്പോള്‍ ദൈവം പുതിയൊരു ദൗത്യം പടിയറ പിതാവിനെ ഭരമേല്പിച്ചു. മിഷന്‍ രംഗത്തുനിന്നും ജന്മഗൃഹത്തിലേക്കു തിരിച്ചുവരാനുള്ള (ഘര്‍ വാപസി) നിയോഗമായിരുന്നു അത്. 1970 ജൂണ്‍ 13-നു ആന്റണി പടിയറ മെത്രാനെ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍പാപ്പ നിയമിച്ചു. 1970 ആഗസ്റ്റ് 7-നു മെത്രാപ്പോലീത്തായുടെ സ്ഥാനചിഹ്നമായ പാലിയം റോമില്‍വച്ചു സ്വീകരിച്ച പടിയറ പിതാവ് 1970 ആഗസ്റ്റ് 15-നു ചങ്ങനാശ്ശേരി അതിരൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. പുണ്യശ്ലോകനായ മാര്‍ മാത്യു കാവുകാട്ടു പിതാവിന്റെ പിന്‍ഗാമിയായി ചങ്ങനാശ്ശേരിയിലെ ദൈവജനത്തെ 15 വര്‍ഷം പുണ്യപാതയില്‍ നയിച്ച പടിയറ പിതാവിനെക്കുറിച്ചു പിതാവായ ദൈവത്തിനു മറ്റൊരു വലിയ പദ്ധതിയുണ്ടായിരുന്നു. 1985 മെയ് 18-നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പടിയറ പിതാവിനെ എറണാകുളം അതിരൂപതയുടെ മൂന്നാമത്തെ മെത്രാപ്പോലീത്തായും നാലാമത്തെ മേലദ്ധ്യക്ഷനുമായി നിയമിച്ചു. 1985 ജൂലൈ 3-നു അദ്ദേഹം എറണാകുളം അതിരൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. 1988 മെയ് 29-ന് പടിയറ മെത്രാപ്പോലീത്തായെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള നിയമന വാര്‍ത്ത വിളംമ്പരം ചെയ്യപ്പെട്ടു. ജൂണ്‍ 28-നു കര്‍ദ്ദിനാള്‍ സ്ഥാനം സ്വീകരിച്ചു. 1992 ഡിസംബര്‍ 16-നു സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഉയര്‍ത്തി; ഒപ്പം എറണാകുളം അ തിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ആന്ററണി പടിയറ മെത്രാപ്പോലീത്തായെ അതിന്റെ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പായും. മണിമലയെന്ന കൊച്ചുഗ്രാമത്തില്‍ വിരിഞ്ഞ ഈ മനോഹര പുഷ്പത്തെ ദൈവം തീര്‍ത്ഥാടന പാതയില്‍ പടിപടിയായി ഉയര്‍ത്തി, ഔന്നത്യത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിച്ചു. 1993 മെയ് 30-ന് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണവും നടന്നു. 1996 ഫെബ്രുവരി 11 -ന് ഈ മഹാരഥന്‍ 75 വയസ്സ് പൂര്‍ത്തിയാക്കി. 26-ാം വയസ്സില്‍ ആരംഭിച്ച പൗരോഹിത്യ ശുശ്രൂഷയും, 34-ാം വയസ്സില്‍ ശിരസിലേറ്റ മെത്രാന്‍ സ്ഥാനവും കടന്നു ശ്രേഷ്ഠ മെത്രാപ്പോലീത്തന്‍ പദവിവരെ നീണ്ടുനിന്ന ഇടയജീവിതം വി ശ്രമത്തിലേക്കു പ്രവേശിക്കാന്‍ സമയമായെന്നു മനസ്സും അതിലുപരി ശരീരവും പിതാവിനോടു മന്ത്രിച്ചു. "എന്റെ ജീവിതം ഒരു തീര്‍ത്ഥാടനമാണ്; എന്നെ നയിക്കുന്നത് ദൈവമാണ്. ഈ യാത്രയില്‍ ദൈവം എന്നെ എങ്ങോട്ടു നയിക്കുമെന്ന് എനിക്കറിയില്ല. അവിടുന്ന് നയിക്കുന്നിടത്തേക്കു ഞാന്‍ പോകുന്നു. അത് എന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ്. ഞാന്‍ ദൈവതിരുമനസ്സിനു വിധേയപ്പെടുന്നു. ദൈവം നടുന്ന സ്ഥലത്തു ഞാന്‍ പുഷ്പിക്കാന്‍ ശ്രമിക്കുന്നു" ഇതായിരുന്നു പടിയറ പിതാവിന്റെ മനോഭാവം. പ്രായാധിക്യത്താലും രോഗത്താലും ക്ഷീണിതനായിരുന്ന പടിയറ പിതാവ് മാസങ്ങള്‍ക്കു മുമ്പേ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച രാജികത്ത് 1996 ഡിസംബര്‍ 23-നു മാര്‍പാപ്പ അംഗീകരിച്ചു. 41 വര്‍ഷം നീണ്ടുനിന്ന തന്റെ മെത്രാന്‍ ശുശ്രൂഷ ഔദ്യേഗികമായി അവസാനിപ്പിച്ചു. 1997 ജനുവരി 18-നു അതിരൂപത ഉചിതമായ യാത്രയയപ്പു നല്കി. വിശ്രമ ജീവിതത്തിനായി പടിയറ പിതാവുതന്നെ നിര്‍മ്മിച്ച പ്രകൃതി യോഗാശ്രമത്തിലേക്ക് അദ്ദേഹം യാത്രയായി. 2000 മാര്‍ച്ച് 23-നു തന്റെ നിത്യസമ്മാനം സ്വീകരിക്കാന്‍ അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്കു യാത്ര പുറപ്പെട്ടു.
മാതൃകാ യോഗ്യനായ അജപാലകന്‍, പ്രഗത്ഭനായ ധ്യാനഗുരു, ബഹു ഭാഷാപണ്ഡിതനായ ജ്ഞാനയോഗി, പ്രേഷിത പ്രബുദ്ധനായ മിഷനറി, കര്‍ത്തവ്യരംഗത്ത് അചഞ്ചലനായ കര്‍മ്മയോഗി, വലിയ സുഹൃദ് വലയത്തിന്റെ ഉടമ എന്നീ നിലകളില്‍ കത്തോലിക്കാ സഭയുടെ അഭിമാനമായി മാറിയ ഇടയ ശ്രേഷ്ഠനായിരുന്നു പടിയറ പിതാവ്. ഇന്ത്യന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ മുതല്‍ ആരാലും അറിയപ്പെടാത്ത നിരാലംബര്‍വരെ പടിയറ പിതാവിന്റെ വലിയ സുഹൃദ് വലയത്തില്‍ ഉള്‍പ്പെട്ടിരുന്നു. പടിയറ പിതാവിന്റെ ആതിഥ്യം സ്വീകരിക്കാന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ 29-10-1992-ല്‍ എറണാകുളം അതിമെത്രാസന മന്ദിരം സന്ദര്‍ശിച്ചു ഭക്ഷണം കഴിച്ചു എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
പടിയറ പിതാവിന് എറണാകുളത്ത് ലഭിച്ച സ്വീകാര്യത ബന്ധങ്ങളുടെ പുതിയൊരു മാനം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. അദ്ദേഹം എറണാകുളം അതിരൂപതയെയും അതിരൂപതയിലെ വൈദികരെയും ജനങ്ങളെയും തന്റെ സ്വന്തമായി കരുതി സ്‌നേഹിച്ചു. അതിനാല്‍ തന്റെ സ്വകാര്യ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും എറണാകുളത്തുള്ളവരെക്കുറിച്ചു പറഞ്ഞിരുന്നത് "എന്റെ അതിരൂപത", "എന്റെ അച്ചന്മാര്‍", "എന്റെ ജനം" എന്നെല്ലാമാണ്. അതിരൂപതയിലുള്ളവരെ മുഴുവന്‍ 'own' ചെയ്യാനുള്ള "തന്റെ സ്വന്തമായി കരുതി സ്‌നേഹിക്കാനുള്ള വലിയ സിദ്ധി" പടിയറ പിതാവിനുണ്ടായിരുന്നു. ലേഖകന്‍ അതു നേരിട്ട് അനുഭവിച്ച സന്ദര്‍ഭങ്ങള്‍ പലതാണ്.
1991 ഏപ്രില്‍ 28-30 തീയതികളില്‍ എറണാകുളം അതിരൂപതയിലെ മേജര്‍ സെമിനാരിക്കാരുടെ gathering റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമയം. ഏപ്രില്‍ 30-നു രാവിലെ വിശുദ്ധ ബലിയര്‍പ്പിക്കാനും മേജര്‍സെമിനാരിക്കാരുമായി സല്ലപിക്കാനുമായി പടിയറ പിതാവ് സ്ഥലത്തെത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പിതാവിന്റെ ചുറ്റുംകൂടി കുശലം പറയുന്നതിനിടയില്‍ ഒരു സെമിനാരിക്കാരന്‍ ഓടിവന്നു പിതാവിന്റെ കൈമുത്തി. അന്നേരം മറ്റൊരു സെമിനാരിക്കാരന്‍ പറഞ്ഞു : "പണ്ടു പിതാക്കന്മാരുടെ മോതിരം മുത്തിയാല്‍ ദണ്ഡവിമോചനം ലഭിക്കുമെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മോതിരം മുത്തിയാല്‍ 'ദണ്ഡം' മാത്രമേ ഉണ്ടാകൂ, 'മോചനം' കിട്ടുകയില്ല എന്നു മങ്കുഴിക്കരി പിതാവ് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. അതു ശരിയാണോ പിതാവേ?" ചോദ്യം ചോദിച്ചവന്റെ മുഖത്തുനോക്കി നന്നായി കുലുങ്ങി ചിരിച്ച് പിതാവ് പറഞ്ഞു : "മങ്കുഴിക്കരി പിതാവ് ഒരു 'സത്യം' പറഞ്ഞന്നേയുള്ളൂ. എന്നു വിചാരിച്ചു മോതിരം മുത്താതിരിക്കണമെന്നില്ല. അതു വിധേയത്വത്തിന്റെയും ബഹുമാനത്തിന്റെയും അടയാളം കൂടിയാണ്."
ഇതുകേട്ട മറ്റൊരു സെമിനാരിക്കാരന്‍ ചോദിച്ചു: "പിതാവേ മെത്രാന്മാര്‍ മോതിരം അണിയുന്നത് എന്തിനാ?" പിതാവ് പറഞ്ഞു: "ഭാര്യാഭര്‍ത്താക്കന്മാര്‍ മോതിരമണിയുന്നത് എന്തിനാ? അത് അവരുടെ പരസ്പരമുള്ള സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമല്ലേ. ഇതുപോലെ ഒരു മെത്രാന്‍ തന്റെ രൂപതയെ വധുവായി സ്വീകരിച്ച് അവള്‍ക്കുവേണ്ടി തന്നത്തന്നെ സമര്‍പ്പിച്ചിരിക്കുന്നതിന്റെയും അവളെ വിശ്വസ്തതാപൂര്‍വ്വം സ്‌നേഹിക്കുന്നതിന്റെയും പ്രതീകമാണ്. എന്റെ ഈ മോതിരം ഞാന്‍ എറണാകുളം അതിരൂപതയെ സ്‌നേഹിക്കുന്നതിന്റെയും ഈ രൂപതയ്ക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നതിന്റെയും പ്രതീകമാണ്." പിതാവിന്റെ മറുപടി കൗതുകപൂര്‍വ്വം കേട്ടുനിന്ന മറ്റൊരു സെമിനാരിക്കാരന്‍ ചോദിച്ചു: "പിതാവേ, പിതാവ് ഈ അതിരൂപതയെ ഏറെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതിരൂപതയിലെ അച്ചന്മാര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അവരുടെമേല്‍ അടിച്ചേല്പ്പിക്കുമോ?" അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് പടിയറ പിതാവ് സ്തംഭിച്ചില്ല. നന്നായി ചിരിച്ചുകൊണ്ട് എല്ലാവരുടെയും മുഖത്തേക്കു നോക്കി ചിരിച്ചു. ചോദ്യത്തിന്റെ ആന്തരാര്‍ത്ഥം പിതാവിനു പിടികിട്ടിയിരുന്നു. ആരാധനക്രമസംബന്ധമായ കാര്യങ്ങള്‍ 'കത്തിനില്ക്കുന്ന' സമയമായിരുന്നതിനാല്‍ ചോദ്യത്തിനുള്ള പിതാവിന്റെ ഉത്തരം കേള്‍ക്കാന്‍ എല്ലാവരും ആകാംക്ഷയോടെ പിതാവിന്റെ മുഖത്തേക്കു നോക്കി നില്ക്കുമ്പോള്‍ പടിയറ പിതാവ് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു: "എന്റെ അതിരൂപതയിലെ എന്റെ അച്ചന്മാര്‍ക്കും ജനങ്ങള്‍ക്കും സ്വീകാര്യമല്ലാത്തതൊന്നും അവരുടെമേല്‍ അടിച്ചേല്പ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല." ഒരു നിമിഷനേരത്തെ നിശബ്ദതയ്ക്കുശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു: "സാബത്തു മനുഷ്യനുവേണ്ടിയാണ്. മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല" എന്നല്ലേ യേശു പറഞ്ഞത്. മേല്പറഞ്ഞ സംഭാഷണം സെമിനാരിക്കാരെ ഏറെ സന്തോഷിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ചും "എന്റെ അതിരൂപതയിലെ എന്റെ അച്ചന്മാരും ജനങ്ങളും" എന്ന പ്രയോഗം. (റോമില്‍വച്ച് സിറോ-മലബാര്‍ മെത്രാന്മാരുടെ സിനഡില്‍വച്ചും പടിയറ പിതാവ് ഇപ്രകാരം സംസാരിച്ചതായി മറ്റു മെത്രാന്മാരില്‍നിന്നും വൈദികരില്‍നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്).
അതിരൂപതയെ ഏറെ സ്‌നേഹിച്ച ഈ വന്ദ്യ പിതാവ് തന്റെ മുന്‍ഗാമികളുടെ കാലത്തു തുടങ്ങിവച്ച എല്ലാ പ്രസ്ഥാനങ്ങളെയും പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും വളര്‍ത്തുകയും ചെയ്തു. അതിരൂപതയിലെ വരവുചെലവുകളുടെ കണക്കുകള്‍ പ്രസ്ബിത്തേരിയത്തില്‍ (സമ്പൂര്‍ണ്ണ വൈദിക സമ്മേളനം) അവതരിപ്പിക്കാന്‍ തുടങ്ങിയത് അഭിവന്ദ്യ പടിയറ പിതാവിന്റെ കാലത്തായിരുന്നു എന്നു പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. മുന്‍ഗാമികള്‍ നേടിയതൊന്നും നഷ്ടപ്പെടുത്താതെ തന്നാലാവും വിധമെല്ലാം കൂട്ടിച്ചേര്‍ത്തും വികസിപ്പിച്ചും അതിരൂപതയെ വളര്‍ത്തുന്നതില്‍, സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. അതുവഴി രാഷ്ട്ര നിര്‍മ്മിതിയില്‍ തന്നെ പങ്കുകാരനായ അഭിവന്ദ്യ പടിയറ പിതാവിനെ 1998 ജനുവരി 26-നു പത്മശ്രീ അവാര്‍ഡു നല്കി രാഷ്ട്രം ആദരിച്ചു.
സ്ഥാന ത്യാഗത്തിനുള്ള പരിശ്രമങ്ങള്‍
നന്നേ ചെറുപ്പത്തില്‍തന്നെ ഒരു മിഷനറിയായി അന്യദേശത്തുപോയി ദൈവശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുകയും ആ ആഗ്രഹത്തെ വളവും ജലവും നല്കി പരിപോഷിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നല്ലോ പടിയറ പിതാവ്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുശേഷം മിഷനറിയാകാന്‍ ആഗ്രഹിച്ച് തമിഴ്‌നാട്ടിലേക്കു ചേക്കേറുകയും വൈദികനായി, മിഷനറിയായി സേവനം ആരംഭിക്കുകയും ചെയ്തുവരുമ്പോള്‍ ഊട്ടി രൂപത സ്ഥാപിതമാവുകയും അതിന്റെ പ്രഥമ മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. നവജാത മിഷന്‍ രൂപതയായ ഊട്ടി രൂപതയ്ക്ക് ഊടും പാവും നല്കി ബാലാരിഷ്ടതകളില്‍നിന്നും അതിനെ കരകയറ്റുമ്പോഴാണ് തന്റെ മാതൃരൂപതയായ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹം നിയമിക്കപ്പെട്ടതും ചങ്ങനാശ്ശേരിയിലേക്കു പ്രത്യാഗമിച്ചതും. ലത്തീന്‍ മിഷന്‍ രൂപതയായിരുന്ന ഊട്ടിയില്‍ നിന്നും കടുത്ത പൗരസ്ത്യ സ്വഭാവ സവിശേഷതകളും പാരമ്പര്യങ്ങളും പുലര്‍ത്തുന്ന ചങ്ങനാശ്ശേരിയില്‍ എത്തിച്ചേര്‍ന്ന പടിയറ പിതാവിനുണ്ടായ അനുഭവങ്ങള്‍ എന്തായിരുന്നു എന്ന് ഈ ലേഖകനറിയില്ല. ഒരുകാര്യം മാത്രം അറിയാം: മിഷനറിയായി ജീവിതകാലം മുഴുവന്‍ ജീവിക്കണം എന്നു അദമ്യമായി ആഗ്രഹിച്ചിരുന്ന പടിയ പിതാവിന്റെ മനസ്സ് പൗരാണിക, പൗരസ്ത്യ മെത്രാപ്പോലീത്തന്‍ സിംഹാസനത്തില്‍ സന്തോഷം കണ്ടെത്തിയിരുന്നില്ല. ആകയാല്‍ മെത്രാപ്പോലീത്താ സ്ഥാനം രാജിവച്ചു മിഷനറിയായി ജീവിക്കാന്‍ ആഗ്രഹിച്ച് തന്റെ രാജിക്കത്ത് 1973 നവംബറില്‍ അദ്ദേഹം മാര്‍പ്പാപ്പയ്ക്കു സമര്‍പ്പിച്ചു. വൈദികര്‍ക്കും സന്യസ്തര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി മുഴുവന്‍ സമയ ധ്യാനപ്രസംഗങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നു രാജിക്കത്തില്‍ പ്രത്യേകം അപേക്ഷിച്ചിരുന്നു. വത്തിക്കാന്‍ അദ്ദേഹത്തിന്റെ രാജിക്കത്ത് കൈപ്പറ്റിയെങ്കിലും സ്ഥാനത്യാഗം ചെയ്യാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി മറ്റൊന്നായിരുന്നു.
മേജര്‍ ആര്‍ച്ചുബിഷപ്പായിരിക്കെ സംസാരിക്കാന്‍ പലപ്പോഴും പടിയറ പിതാവിനു പ്രയാസമുണ്ടായിരുന്നു. പാര്‍ക്കിന്‍സന്‍സ് എന്ന അസുഖത്തിനു കഴിച്ചിരുന്ന മരുന്നിന്റെ പാര്‍ശ്വഫലമായിട്ടായിരുന്നു സംസാരം പ്രയാസമായത്. അദ്ദേഹത്തിന്റെ നിസ്സാഹായാവസ്ഥ കണ്ട് "പിതാവിനു രാജിവച്ചുകൂടെ; പ്രായമായില്ലേ; സംസാരിക്കാന്‍ പോലും പ്രയാസപ്പെടുന്നു; എന്തിനാണു അധികാര കസേരയില്‍ കടിച്ചുതൂങ്ങി കിടക്കുന്നത്" എന്നെല്ലാം പലരും അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ആരോഗ്യവാനായി ഓടിനടക്കുമ്പോള്‍ തന്നെ അധികാര കസേര വലിച്ചെറിഞ്ഞ് മിഷന്‍ രംഗത്തുപോയി മിഷനറിയായി ജീവിച്ചു മരിച്ചു അടക്കപ്പെടാന്‍ ആഗ്രഹിച്ച് അദ്ദേഹം രാജിസമര്‍പ്പിച്ചിരുന്നവനാണ് എന്ന സത്യം ബാഹ്യലോകം അറിഞ്ഞില്ല.
പഴുത്ത ഇല എപ്പോള്‍ വേണമെങ്കിലും ഞെട്ടറ്റു വീഴാം
പടിയറ പിതാവ് ഔദ്യോഗിക ചുമതലകളില്‍ നിന്നെല്ലാം വിരമിച്ചു കാക്കനാട് പ്രകൃതി ചികിത്സാലയത്തില്‍ വിശ്രമജീവിതം നയിക്കുന്ന കാലഘട്ടം. ഞാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വടക്കെ അറ്റത്തുള്ള വെസ്റ്റ് കൊരട്ടി, വാളൂര്‍ എന്നീ രണ്ടു പള്ളികളുടെ വികാരിയായി ശുശ്രൂചെയ്യുന്ന സമയം. വാളൂരില്‍ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം നടക്കുന്നു. തീര്‍ത്തും ദരിദ്രരായ ഇടവകാംഗങ്ങള്‍. പള്ളിപണി തീര്‍ക്കുന്നതിനു സാമ്പത്തിക പ്രതിസന്ധി നിമിത്തം ഇടവകാംഗങ്ങള്‍ക്കൊപ്പം ഞാനും പണംതേടി യാത്ര ചെയ്യുമ്പോള്‍ റിട്ടയര്‍ ചെയ്ത വ്യക്തിയാണെങ്കിലും പടിയറ പിതാവിനെയും ഒന്നു സന്ദര്‍ശിച്ചേക്കാം എന്നു തീരുമാനിച്ചു. സഹായത്തിനായി തന്റെ പക്കല്‍ വരുന്നവരെ വെറുംകയ്യോടെ പറഞ്ഞയയ്ക്കുന്ന ശീലം പിതാവിനില്ലെന്ന് കേട്ടിട്ടുള്ളതിന്റെ ധൈര്യത്തിലാണ് ഞാന്‍ പിതാവിനെ സമീപിച്ചത്. പടിയറ പിതാവാണ് ആ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ആ കല്ല് മുളപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങളില്‍ പിതാവും ഭാഗഭാഗിത്വം വഹിക്കണം എന്നു ഞാന്‍ പിതാവിനോട് പറഞ്ഞു.
അക്കാലത്ത് ശാരീരികമായി പിതാവ് തീര്‍ത്തും ക്ഷീണിതനായിരുന്നു. ഉച്ചവിശ്രമം കഴിഞ്ഞ് ഉന്മേഷവാനായി ഇരുന്ന സമയമായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞതെല്ലാം സാകൂതം ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു. പിന്നീട് "റി യര്‍ ചെയ്തു വിശ്രമജീവിതം നയിക്കുന്ന എനിക്ക് അച്ചനു തരാന്‍, അച്ചന്‍ ആഗ്രഹിക്കുന്ന വിധം ഒരു വലിയ സഹായം ചെയ്യാന്‍, നിര്‍വ്വാഹമില്ല. എങ്കിലും ഒരു കൊച്ചു സഹായം ചെയ്യാം" എന്നു പറഞ്ഞു. മേശപ്പുറത്തിരുന്ന മണിയില്‍ പിതാവ് കയ്യമര്‍ത്തി. സഹായി ശ്രീ ആന്റണി വന്നു. ഒരു ചെക്കു കൊണ്ടുവരുവാന്‍ പറഞ്ഞു. പിതാവുതന്നെ തുക അക്കത്തിലും അക്ഷരത്തിലും എഴുതി ഒപ്പിട്ടു. ചെക്കും കവറും കൂടി എന്റെ നേരെ നീട്ടി. തുക ചെറുതെങ്കിലും അതു തരുന്നതിനും എന്നെ നിരാശനാക്കാതിരിക്കുന്നതിനും പിതാവ് നല്ല മനസ്സ് കാണിച്ചല്ലോ എന്നോര്‍ത്തു പിതാവിനു നന്ദി പറഞ്ഞു.
ചെക്കു കിട്ടിയ സ്ഥിതിക്കു ഇനിയും ഓരോ വിശേഷങ്ങള്‍ പറഞ്ഞു പിതാവിനെ ബോറടിപ്പിക്കേണ്ടതില്ലല്ലോ എന്ന ചിന്തയാല്‍ പോകാമെന്നുറച്ച് ഞാന്‍ പതുക്കെ കസേരയില്‍നിന്നും എഴുന്നേറ്റു. അന്നേരം പിതാവ് സഹായി ശ്രീ ആന്റണിയോട് കൈകൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം ഉടനെ അവിടെനിന്നും പോയി. പിതാവ് എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ അച്ചനു പോകാന്‍ തിടുക്കമുണ്ടോയെന്നു ചോദിച്ചു. എനിക്കു തിടുക്കമില്ലെന്നു പറഞ്ഞു. എന്റെ കുമ്പസാരം കേട്ടു പാപമോചനം തരാമോ എന്നു ചോദിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായ ചോദ്യം. കേവലം ഒരു കൊച്ചച്ചനായ ഞാന്‍ ഈ വലിയ മനുഷ്യനെ കുമ്പസാരിപ്പിക്കാന്‍ എന്തു യോഗ്യത എന്ന ചിന്ത ഉള്ളിലുണ്ടായി. ആ അവിവേക ചിന്തയാല്‍ "കുമ്പസാരക്കാരന്‍ വന്നിട്ടു കുറേനാളായോ" എന്നു അറിയാതെ ചോദിച്ചുപോയി. എന്റെ മുഖത്തെ അമ്പരപ്പും ചോദ്യത്തിന്റെ പൊരുളും അറിഞ്ഞുതന്നെ ചെറുപുഞ്ചിരിയോടെ പിതാവ് പറഞ്ഞു: "പയ്യപ്പിള്ളിയച്ചാ, കുമ്പസാരിച്ചിട്ടു അധികമായില്ല. പഴുത്ത ഇല എപ്പോള്‍ വേണമെങ്കിലും ഞെട്ടറ്റു താഴെ വീഴാം. ആകയാല്‍ ഒരുങ്ങിയിരിക്കേണ്ടേ." എല്ലാം പിടികിട്ടി. ഞാന്‍ പിതാവിന്റെ കുമ്പസാരം കേട്ടു. പോരുന്നതിനു മുമ്പ് ആ പുണ്യപിതാവിന്റെ മുമ്പില്‍ മുട്ടുകുത്തി ആശീര്‍വ്വാദം സ്വീകരിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം പിതാവ് പരലോക പ്രാപ്തനായി. ഇപ്രകാരം തന്റെ നിത്യയാത്രയ്ക്കുവേണ്ടി ആത്മാവിനെ ഒരുക്കി നിറുത്തി മരണത്തെ കാത്തിരുന്നു സ്വീകരിച്ച ഈ പുണ്യാത്മാവ് സ്വര്‍ഗ്ഗപിതാവിനോടുകൂടി സ്വര്‍ഗ്ഗത്തില്‍ വാഴുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.