വിയോജിക്കാം ശ്രേഷ്ഠമായിത്തന്നെ

(ഗലാ. 2:1-14)
വിയോജിക്കാം ശ്രേഷ്ഠമായിത്തന്നെ
Published on
  • ഡോ. ഫാ. ജോസഫ് മണവാളന്‍

സഭയില്‍ മുറവിളിയായി മുഴങ്ങി കേള്‍ക്കുന്ന തുറവിയുടെയും വൈവിധ്യത്തിന്റെയും ശ്രേഷ്ഠ ഭാവങ്ങള്‍ക്ക് ആധികാരികത തേടി ചരിത്രവഴികള്‍ ചികയേണ്ടതില്ല. വി. ഗ്രന്ഥത്തില്‍ കോറിയിട്ടിരിക്കുന്ന അപ്പസ്‌തോലന്മാരുടെ ചരിതവും അനുഭവങ്ങളും മാത്രം പരതിയാല്‍ മതി. സഭാസമൂഹങ്ങള്‍ക്ക് അപ്പസ്‌തോലന്മാരുടെ മാതൃകയല്ലാതെ മറ്റെന്താണ് അനുകരണീയമായിട്ടുള്ളത്!

സഭയുടെ അടിസ്ഥാന ശിലകളാണ് വി. പത്രോസും വി. പൗലോസും. പാരമ്പര്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ വിരുദ്ധ ചിന്താഗതികള്‍ പുലര്‍ത്തിയിരുന്നവരാണ് ഈ അപ്പസ്‌തോലിക പ്രമുഖര്‍. സഭാതലവനായ വി. പത്രോസ് യഹൂദരുടെയിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, മുന്‍പ് ക്രിസ്ത്യാനികളുടെ പീഡകനായിരുന്ന സാവൂളായ വി. പൗലോസ്, വൈരുദ്ധ്യമെന്നോണം തന്റെ വിളിയുടെ ലക്ഷ്യം കണ്ടെത്തിയത് വിജാതീയരുടെ ഇടയിലാണ്. വി. പത്രോസ് പാരമ്പര്യങ്ങളോട് സഖ്യത്തിലാകാന്‍ വെമ്പല്‍ പൂണ്ടപ്പോള്‍ വി. പൗലോസ് സുവിശേഷത്തിന് പുതിയ ചക്രവാളങ്ങള്‍ നേടിത്തന്നത് അവയെ അതിലംഘിക്കുന്നതിലൂടെയാണ്. ഉതപ്പായിട്ടല്ല മറിച്ച് അംഗീകൃത ശൈലികളായി തന്നെ രണ്ടിനെയും അടയാളപ്പെടുത്താന്‍ വി. ഗ്രന്ഥം മടിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്.

സുവിശേഷത്തെ ഒരുവന്റെ ഇടുങ്ങിയ ചിന്തയിലും സംസ്‌കാരത്തിലും തളച്ചിടേണ്ടതല്ല; അത് ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ വ്യാപിക്കേണ്ടതാണ്, അതിന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയം സാധ്യമാക്കുക തന്നെ വേണം.

വിജാതീയരുടെ ഇടയില്‍ താന്‍ പ്രസംഗിക്കുന്ന സുവിശേഷം ജറുസലേമിലെ പ്രധാനികളുടെ മുമ്പില്‍ അംഗീകാരത്തിനായി അവതരിപ്പിക്കുന്ന വി. പൗലോസും അതിന് തുറവിയോടെ അംഗീകാരം നല്‍കുന്ന വി. പത്രോസ്, വി. യാക്കോബ്, വി. യോഹന്നാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജറുസലേമിലെ സഭാനേതൃത്വവും വലിയ സന്ദേശം നല്‍കുന്നു. അവതരണരീതിയില്‍ വ്യത്യാസം ഉണ്ടെങ്കിലും രണ്ട് കൂട്ടരുടെയും സുവിശേഷത്തിന്റെ ഉള്ളടക്കം ഒന്നുതന്നെ - യേശുക്രിസ്തു. ഈ വ്യത്യസ്തതകളെ സുവിശേഷപ്രഘോഷണത്തിന് തടസ്സമായിട്ടല്ല മറിച്ച് സുവിശേഷ പ്രചാരണത്തിനുള്ള സാധ്യതയായി കാണാനുള്ള ദൈവികജ്ഞാനവും ഹൃദയവിശാലതയും പരിശുദ്ധാത്മാവിന്റെ കൃപയാല്‍ സഭാനേതൃത്വത്തിന് കൈവന്നിരുന്നു. സുവിശേഷത്തെ ഒരുവന്റെ ഇടുങ്ങിയ ചിന്തയിലും സംസ്‌കാരത്തിലും തളച്ചിടേണ്ടതല്ല; അത് ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ വ്യാപിക്കേണ്ടതാണ്, അതിന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയം സാധ്യമാക്കുക തന്നെ വേണം.

അതുപോലെ, സുവിശേഷവേലയിലെ കൂട്ടുവേലക്കാര്‍ തന്റെ തന്നെ രീതികളും മാര്‍ഗങ്ങളും പിഞ്ചെല്ലണം എന്ന ശാഠ്യം വി. പൗലോസ് പുലര്‍ത്തുന്നില്ല. ഉദാഹരണമായി, അവന്റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഒരു ഗ്രീക്കുകാരനായിരുന്നിട്ടും പരിച്ഛേദനത്തിനു നിര്‍ബന്ധിക്കപ്പെട്ടില്ല. യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യമായിട്ടാണ് വി. പൗലോസ് ഈ മനോഭാവത്തെ വിശേഷിപ്പിക്കുക. അതുപോലെ, സുവിശേഷത്തിന്റെ സത്യം നിലനിറുത്തേണ്ടതിന് ഈ മനോഭാവം കാരണമാകുമെന്നും ശ്ലീഹ കരുതുന്നു. യേശുക്രിസ്തുവിലുള്ള ഈ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ശ്രമിക്കുന്നവര്‍ ശ്ലീഹായുടെ കാഴ്ചപ്പാടില്‍ ചൂഷകരും വ്യാജന്മാരുമാണ്.

  • പാവങ്ങളെപ്പറ്റി ചിന്ത വേണം

പാരമ്പര്യങ്ങളിലൂന്നിയതും യഹൂദ പശ്ചാത്തലത്തില്‍ ഒതുങ്ങുന്നതുമായ ഔദ്യോഗികരായ തങ്ങളുടേതില്‍ നിന്നും വിഭിന്നമായി വിജാതീയരുടെ ഇടയിലുള്ള പൗലോസിന്റെ ശുശ്രൂഷയിലും ദൈവത്തിന്റെ കൃപയുണ്ടെന്ന് തിരിച്ചറിയുന്ന യാക്കോബും കേപ്പായും യോഹന്നാനും തങ്ങളുടെ കൂട്ടായ്മയിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ട് ആവശ്യപ്പെടുന്ന ഒന്നേയുള്ളൂ: 'പാവങ്ങളെപ്പറ്റി ചിന്ത വേണം.' അത്യന്തികമായി പൗലോസിന്റെ ചിന്തയും ഇതുതന്നെയായിരുന്നു.

'പാവങ്ങള്‍' എന്നത് അന്ത്യോക്യായിലെ ക്ഷാമം അനുഭവിക്കുന്ന ജനതകള്‍ ആകാം (അപ്പ. പ്രവ 11:29-30). ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടുമുള്ള പ്രതിബദ്ധത പൗലോസിന്റെയും (1 കോറി. 16:1-3) അപ്പസ്‌തോലപ്രമുഖരുടേയും സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമാണെന്ന് പാവങ്ങളെപ്പറ്റിയുള്ള അപ്പസ്‌തോലന്മാരുടെ ഈ ആകുലത വെളിവാക്കുന്നു.

സഭാതലവനായ പത്രോസിനെ തിരുത്തിയതുകൊണ്ട് പൗലോസിനെ ആരും അവഹേളിക്കുകയോ വിമതന്‍ എന്ന് വിളിച്ച് ഒറ്റപ്പെടുത്തുകയോ ശിക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുകയോ ചെയ്യുന്നില്ല. മറിച്ച്, സുവിശേഷസത്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായിട്ടാണ് വി. ഗ്രന്ഥം ഈ സംഭവത്തെ അടയാളപ്പെടുത്തുക.

സുവിശേഷം എന്നത് ക്രിസ്തുതന്നെയാണ്. സുവിശേഷഗ്രന്ഥങ്ങളില്‍ നസ്രായനായ ഈശോ സുവിശേഷമാകുന്നത് പാവങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള അവന്റെ പക്ഷംചേരലിലാണ്. അടിസ്ഥാന വര്‍ഗം അവനരികിലെത്തുന്നതും അവനെ പിന്തുടരുന്നതും മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അവന്റെ പ്രബോധനത്തിന്റെ ഭാഗമായതുകൊണ്ടാണ്. സഭയുടെയും വലിയ ദൗത്യം ഇതുതന്നെയാണ്. ഇതിനെ ആക്ടിവിസം എന്ന് അധിക്ഷേപിച്ച് സ്വയം അപ്രസക്തയാകേണ്ടവളല്ല സഭ. കാരണം, മനുഷ്യന്റെ ആവശ്യങ്ങളോട് പ്രതികരിക്കാത്തതും അവരെ ശ്രവിക്കാത്തതുമായ സഭ ഒരേ സമയം അപ്രസക്തവും ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യത്തില്‍ നിന്നും ഏറെ അകലെയുമാണ്.

  • വിയോജിപ്പിനൊരു ശ്രേഷ്ഠമാതൃക

പത്രോസിന്റെ അന്ത്യോക്യ സന്ദര്‍ശനമാണ് സംഭവത്തിനാധാരമായ രംഗം. യഹൂദരുടെ ശുദ്ധി, അശുദ്ധി നിയമങ്ങളാണ് ഇവിടെ പ്രശ്‌നമാകുന്നത്. പത്രോസ് അന്ത്യോക്യയില്‍ എത്തിയപ്പോള്‍ ശുദ്ധി, അശുദ്ധി വേര്‍തിരിവുകളില്ലാതെ അദ്ദേഹം അപരിച്ഛേദിതരായ വിജാതീയരുമായി ഇടപഴകുകയും അവരോടൊപ്പമിരുന്ന് ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാക്കോബിന്റെ അരികില്‍ നിന്നും തീവ്ര പാരമ്പര്യവാദികളായ ചിലര്‍ എത്തിയപ്പോള്‍ അവരെ ഭയന്ന് വിജാതീയരുമായി ഇടപഴുകുന്നതില്‍ നിന്നും പത്രോസ് പിന്മാറി.

പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സ്വഭാവികമാണ്. പക്ഷെ ആരംഭത്തിലെ തന്നെ അവയെ പരിഹരിക്കാതെ നീറിനീറി നീണ്ടുനില്‍ക്കാന്‍ അനുവദിക്കുന്നത് വലിയ അവിവേകവും ഭാവിതലമുറയോട് ചെയ്യുന്ന അനീതിയുമാണ്.

സുവിശേഷ സന്ദേശത്തോട് തുറവിയില്ലാത്ത പത്രോസിന്റെ ഈ പ്രവര്‍ത്തിയെ കാപട്യമായിട്ടാണ് പൗലോസ് അടയാളപ്പെടുത്തുക. സഭാതലവനായ പത്രോസിന്റെ ഈ പ്രവര്‍ത്തി കൂടെയുള്ളവര്‍ക്ക് ദുര്‍മാതൃകയായി എന്നുള്ളതും ഇവിടെ ശ്രദ്ധേയമാണ്. അതായത് പത്രോസിനെ പിന്തുടര്‍ന്ന് അവനോടൊത്തുണ്ടായിരുന്ന യഹൂദ ക്രിസ്ത്യാനികളും, ബര്‍ണബാസ് പോലും, വഴിതെറ്റിക്കപ്പെടുകയും പത്രോസിനെപ്പോലെ കാപട്യത്തോടെ പെരുമാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ പൗലോസിന്റെ പ്രതികരണം ശ്രദ്ധേയമാണ്. 'അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു.' സഭാതലവനെ എല്ലാവരുടെയും മുമ്പില്‍വച്ച് തിരുത്തുവാന്‍ പൗലോസ് ധൈര്യപ്പെടുന്നത് അവന്റെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടതുകൊണ്ടാണ്. സുവിശേഷസത്യവുമായി പൊരുത്തപ്പെടാത്ത ആരുടെ പെരുമാറ്റവും, അവന്‍ സഭയില്‍ ആരുമാകട്ടെ, തിരുത്തപ്പെടേണ്ടതാണെന്ന് പൗലോസിന്റെ പ്രവര്‍ത്തി നമ്മെ പഠിപ്പിക്കുന്നു. വ്യക്തി ആരുമാകട്ടെ സുവിശേഷമാണ് പ്രധാനപ്പെട്ടത്. കൂടാതെ, തിരുത്തലുകള്‍ നല്‍കുക, അത് തുറവിയോടെ സ്വീകരിക്കുക എന്നത് അപ്പസ്‌തോലന്മാരുടെ രീതി ആയിരുന്നുവെന്നും ഇത് തെളിയിക്കുന്നു.

അതുപോലെ, ആത്മപരിശോധനയ്ക്കുതകുന്ന രീതിയില്‍ ഒരുവന്റെ വാക്കും പ്രവര്‍ത്തിയും ചേര്‍ന്നുപോകണമെന്ന് അല്പം കാര്‍ക്കശ്യത്തോടെ പൗലോസ് ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്; 'യഹൂദനായ നീ യഹൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണ് ജീവിക്കുന്നതെങ്കില്‍, യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിനു നിനക്ക് എങ്ങനെ സാധിക്കും?' താന്‍ തന്നെ പ്രാവര്‍ത്തികമാക്കാത്ത എന്നാല്‍ മറ്റുള്ളവര്‍ നിര്‍ബന്ധമായും ചെയ്യണം എന്ന് ശഠിക്കുന്ന ചില പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ചിലര്‍ മുന്നോട്ടുവയ്ക്കാറുണ്ട്. പൗലോസ് ഇവിടെ വിമര്‍ശിക്കുന്നത് പത്രോസിന്റെ ഇത്തരത്തിലുള്ള മനോഭാവത്തെയാണ്.

പൗലോസിന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ ഏത് കാലഘട്ടത്തിനും ഏത് വിശ്വാസിക്കും പ്രസക്തവും അനുകരണീയവുമാണ്. ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍ താഴെ കുറിക്കുന്നു.

  • 1. അനുസരണം അന്ധമല്ല:

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ശ്രേഷ്ഠപുണ്യമാണ് അനുസരണം. എന്നാല്‍, അനുസരണം മൂല്യമാകുന്നത് അത് എങ്ങനെ അല്ലെങ്കില്‍ എപ്രകാരം ആവിഷ്‌ക്കരിക്കുന്നു എന്നതിലാണ്. ഭരണാധികാരി കല്പിച്ചു എന്ന കാരണത്താല്‍ അന്യായവും മനഃസാക്ഷിക്ക് വിരുദ്ധവുമായവയെ അനുസരിക്കുന്നതിനെ യഥാര്‍ത്ഥ അനുസരണം എന്ന് വിശേഷിപ്പിക്കാനാവുകയില്ല. സഭയില്‍ അനേകം രക്തസാക്ഷികള്‍ രൂപംകൊണ്ടതിന്റെ യഥാര്‍ത്ഥ കാരണം വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ തങ്ങളുടെ അധികാരികളുടെ വികലമായ കാഴ്ചപ്പാടുകളോടു ചേര്‍ന്നുപോകാന്‍ അവര്‍ക്ക് സാധിക്കാതിരുന്നതുകൊണ്ടാണ്. സഭ അവരെ രക്തസാക്ഷികളായി വാഴ്ത്തി അള്‍ത്താരയുടെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്.

തിരുത്തല്‍ശക്തികളാകുന്നവരെ വിമതര്‍ എന്ന് ആക്ഷേപിച്ച് തമസ്‌ക്കരിക്കാനുള്ള പ്രവണത വിരോധാഭാസം തന്നെയാണ്. സഭാതലവനായ പത്രോസിനെ തിരുത്തിയതുകൊണ്ട് പൗലോസിനെ ആരും അവഹേളിക്കുകയോ വിമതന്‍ എന്ന് വിളിച്ച് ഒറ്റപ്പെടുത്തുകയോ ശിക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുകയോ ചെയ്യുന്നില്ല. മറിച്ച്, സുവിശേഷസത്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായിട്ടാണ് വി. ഗ്രന്ഥം ഈ സംഭവത്തെ അടയാളപ്പെടുത്തുക.

  • 2. മനസ്സാക്ഷി അധികാരത്തിനു മുകളില്‍:

ശുശ്രൂഷയായി അധികാരത്തെ കാണുമ്പോഴും കീഴടക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉപാധിയായി അധികാരം വഴിമാറാറുണ്ട്. ചിലപ്പോഴെങ്കിലും അധികാരത്തിന് കീഴ്‌പ്പെട്ടിരിക്കുക എന്നാല്‍ അധികാരിയുടെ തെറ്റായ തീരുമാനങ്ങളെയും പിന്താങ്ങുക എന്നതായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. കുറവുകളും ബലഹീനതകളും തിരുത്തപ്പെടുമ്പോള്‍ പൊതുസമൂഹത്തിനുമുമ്പില്‍ ഉണ്ടാകുന്ന ഇടര്‍ച്ചയും പേരുദോഷവുമാണ് ഒരുപക്ഷെ ഇവരുടെ പിന്‍വാങ്ങലിന് കാരണം. മനസ്സാക്ഷിയെ പണയപ്പെടുത്താത്തിടത്തെ അധികാരം ദൈവനിയോഗത്തിന്റെ അര്‍ത്ഥതലങ്ങള്‍ സ്വീകരിക്കുന്നുള്ളൂ. മനസ്സാക്ഷിയുടെ സ്വരം പൗലോസിന് തന്റെ വിശ്വാസത്തിന്റെയും ഭാഗമായിരുന്നു. മനസ്സാക്ഷിയുടെ സ്വരം അവഗണിക്കുന്നതിനേക്കാളും തെറ്റിന് പക്ഷംചേര്‍ന്ന് നിന്നാല്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങളെ നഷ്ടപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. തങ്ങളുടെ മനസ്സാക്ഷിയെ അവഗണിച്ചും ആനൂകൂല്യങ്ങള്‍ക്കായി അധികാരിക്ക് പാദസേവചെയ്യുന്നവര്‍ക്ക് പൗലോസിന്റെ മാതൃക വലിയൊരു ഉതപ്പാണ്.

  • 3. പ്രശ്‌നങ്ങളെ മുളയിലെ നുള്ളുക:

പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സ്വഭാവികമാണ്. പക്ഷെ ആരംഭത്തിലെ തന്നെ അവയെ പരിഹരിക്കാതെ നീറിനീറി നീണ്ടുനില്‍ക്കാന്‍ അനുവദിക്കുന്നത് വലിയ അവിവേകവും ഭാവിതലമുറയോട് ചെയ്യുന്ന അനീതിയുമാണ്.

അപ്പസ്‌തോലന്മാരുടെ മാതൃക ഇവിടെ അനുകരണീയമാണ്. പ്രശ്‌നത്തെ മറ്റ് വിഷയങ്ങളുമായി കൂട്ടികുഴയ്ക്കാതെ ഡയലോഗിന്റെ പാത സ്വീകരിച്ചു പരിഹരിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ ഭയവും സങ്കുചിതചിന്തയുമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമാവുക. ഡയലോഗിന്റെ പാതയാണ് ഏറ്റവും ഫലദായകവും ക്രൈസ്തവികവും.

  • 4. വിശുദ്ധ ഗ്രന്ഥത്തിന്റെ വിശ്വസ്തത:

സഭയുടെ അധികാരശുശ്രൂഷ നിര്‍വഹിക്കുന്ന അപ്പസ്‌തോലപ്രമുഖര്‍ തമ്മില്‍ നിലപാടുകളില്‍ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിയെന്ന് അടയാളപ്പെടുത്തുക ഉതപ്പായി ആദിമസഭ കണ്ടില്ല എന്നു വേണം മനസ്സിലാക്കാന്‍. ഒരുപക്ഷെ അങ്ങനെ ഉണ്ടായിട്ടും ദൈവാരൂപിയുടെ സഹായത്താല്‍ അവയെല്ലാം തരണം ചെയ്യാന്‍ സാധിച്ചു എന്നതാണ് വിശുദ്ധഗ്രന്ഥം അടിവരയിടുക. മനുഷ്യരുടെ ബലഹീനതകളേക്കാള്‍ സഭയെ നയിക്കുന്നത് ആത്മാവാണ് എന്ന വലിയ ബോധ്യം വായനക്കാരില്‍ ഇത് നല്‍കുന്നു.

സഭയുടെ അധികാരശ്രേണിയിലുള്ളവര്‍ ആരും തന്നെ പൂര്‍ണ്ണരല്ല. മാനുഷിക ബലഹീനതകളാല്‍ സമ്പന്നമാണ് ഓരോ വ്യക്തിയും. എന്നാല്‍ ആ ബലഹീനതയെ മറച്ചുവയ്ക്കാതെ ആത്മാവിന്റെ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അപ്പസ്‌തോല പ്രമുഖനായ പത്രോസിനെ ഗുരുവിനെ തള്ളി പറഞ്ഞവനായി ചിത്രീകരിക്കുന്നതിന്റെ യുക്തി ഈ ചിന്ത തന്നെയാകാം.

  • 5. വ്യത്യസ്തതകളെ അംഗീകരിക്കുക വിശുദ്ധഗ്രന്ഥത്തിന്റെ പ്രമേയം:

വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നിടത്ത് അഭികാമ്യം ഐക്യമോ (ൗിശ്യേ) ഐക്യരൂപമോ (ൗിശളീൃാശ്യേ) എന്നതിന് വി. ഗ്രന്ഥം തന്നെ പ്രതിവിധി നിര്‍ദേശിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഐക്യം എന്നതിനപ്പുറത്തേക്ക്, അത് പരിച്ഛേദനം പോലുള്ള ആചാരങ്ങളാകട്ടെ ശുദ്ധി അശുദ്ധി നിയമങ്ങളുടെ പാലനമാകട്ടെ, മറ്റൊന്നിനും വി. ഗ്രന്ഥം പ്രധാന്യം നല്‍കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. വി. പത്രോസ്, വി. യാക്കോബ് എന്നിവര്‍ യഹൂദ സ്വത്വബോധം പിന്തുടര്‍ന്ന് വ്യത്യസ്തതകളെ മാനിക്കാതെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള ഐക്യരൂപം എല്ലാവരും പാലിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍, പൗലോസ് അതിനെ അതിലംഘിക്കുവാനാണ് ആഗ്രഹിക്കുക. അവനെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് പ്രധാനപ്പെട്ടത്; ബാക്കിയെല്ലാം അപ്രസക്തമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org