'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ'

'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ'
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, അസമില്‍ പൗരത്വ പട്ടിക തിരക്കിട്ട് തയ്യാറാക്കി കൊണ്ടിരുന്ന നാളുകളില്‍ ഒരുനാള്‍, ഗുവാഹത്തിയിലെ ഒരു ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിനി പറഞ്ഞതില്‍ നിന്ന് തുടങ്ങാം. തന്റെ രമണീയമായ ബഹുവര്‍ണ്ണ ഷാള്‍ ചൂണ്ടിക്കാട്ടി അവള്‍ പറയാന്‍ തുടങ്ങി. 'നോക്കൂ, ഇത് എന്റെ സമുദായത്തിന്റെ , എന്റെ അസ്തിത്വത്തിന്റെ അടയാളമാണ്. വര്‍ണ്ണങ്ങളുടെ മേളം. വൈവിധ്യത്തിന്റെ ലയം. ഭാരതത്തിന്റെ പ്രതീകം, വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ.' എത്ര രസകരമായാണ് 'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ' എന്ന ആശയത്തെ ആ പെണ്‍കുട്ടി അവതരിപ്പിച്ചത്. വെറുമൊരു ചെറുഷാളിലൂടെ വൈവിധ്യമാര്‍ന്ന ഭാരതീയ പാരമ്പര്യത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയെ ഖനനം ചെയ്‌തെടുക്കാനല്ല, പല ഇഴകള്‍ ചേര്‍ത്ത് വസ്ത്രം നെയ്യും പോലെ അതിനെ നെയ്‌തെടുക്കാനാണ് അവള്‍ ശ്രമിച്ചത്.

ഇന്ത്യാക്കാര്‍ ആരാണെന്നതിനെക്കുറിച്ചോ അവരുടെ രാജ്യസ്‌നേഹത്തെക്കുറിച്ചോ ജനങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. ഭരണഘടനാ ശില്പികള്‍ക്കും അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ പൗരത്വത്തെ അതിവിശാലമായൊരു ക്യാന്‍വാസില്‍ അവര്‍ പ്രതിഷ്ഠിച്ചത്. ആദ്യ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആറു മാസക്കാലം രാജ്യത്ത് താമസിച്ചവരെയെല്ലാം അവര്‍ പ്രജകളാക്കി. താമസംവിനാ ഇവിടെ പിറന്നവരേയും അവര്‍ വിവാഹം കഴിച്ച അന്യദേശക്കാരേയും അവരുടെ സന്തതിപരമ്പരകളേയും പൗരത്വത്തില്‍ ഉള്‍ച്ചേര്‍ത്തു. രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടപ്പോഴും പൗരത്വത്തെ അതിന്റെ സങ്കുചിത പക്ഷപാതങ്ങളില്‍ തളച്ചിടാന്‍ അവര്‍ മുതിര്‍ന്നില്ല.

ഭിന്നതകളും സംഗമങ്ങളും

ഇന്ത്യന്‍ സമൂഹവും ഭരണകൂടവും ചിന്തിക്കേണ്ടത് ഭിന്നതകളെക്കുറിച്ചല്ല സംഗമങ്ങളെക്കുറിച്ചാണെന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. മനുഷ്യര്‍ പരസ്പരം ശത്രുവായി കണ്ടാല്‍ നാം ആരുടെകൂടെ ജീവിക്കുമെന്ന സെന്‍ബുദ്ധിസത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പൗരത്വ സങ്കല്പം. സമൂഹം കൂട്ടായ പ്രയത്‌നത്തിന്റെ ഉപോല്‍പ്പന്നമാണെന്നും ഒരു ഭാഷയോ മതമോ ദേശീയതയോ കൊണ്ട് ലോകത്തെ അളക്കാനും ജീവിതത്തെ അറിയാനും സാധ്യമല്ലെന്നുമുള്ള തിരിച്ചറിവിന്റെ ഫലം. വേര് ഒന്നാണെങ്കിലും ഇലകള്‍ പലതാണെന്ന് പ്രശസ്ത ഇംഗ്ലീഷ് കവി യേറ്റ്‌സ് (W.B. Yeats) പറഞ്ഞത് ഓര്‍മ്മയില്ലേ?

ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുമുണ്ട്. പൗരത്വം വ്യത്യസ്ത ജാതിയും മതവും ഭാഷയും വംശവും തമ്മിലുള്ള പാരസ്പര്യത്തിന്റെ പ്രശ്‌നം മാത്രമല്ല. തലമുറകള്‍ തമ്മിലുള്ള അനുരഞ്ജനത്തിന്റെ പ്രശ്‌നം കൂടിയാണ്. ഏതൊരു ഭരണക്രമത്തേയും പോലെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ തുടങ്ങി ഒട്ടനവധി ഘട്ടങ്ങളിലേക്ക് വികാസം പ്രാപിക്കുന്നതാണല്ലോ ജനാധിപത്യവും. ഇതിനിടയില്‍ പല തലമുറകള്‍ അവരുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് കടന്നുപോകുന്നു. ഒരു തലമുറ തുടങ്ങിയത് പൂര്‍ത്തീകരിക്കുന്നത് മറ്റൊരു തലമുറയാകും. അതു പക്ഷേ ആദ്യത്തെ കൂട്ടര്‍ വിഭാവന ചെയ്തതുപോലെ ആയിരിക്കണണമെന്നില്ല. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലാതാനും. കാരണം ഒരോ തലമുറയും ഒരു പ്രത്യേക ജനതയാണ്, വിഭിന്നമായ ആശയാഭിലാഷങ്ങളും ലോകവീക്ഷണവും ഉള്ളവര്‍. അതേസമയം ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ജനാധിപത്യത്തേയും രാജ്യത്തിന്റെ പൊതുഭാഗധേയത്തേയും ബാധിക്കുന്ന വിഷയങ്ങളില്‍ തലമുറകള്‍ തമ്മില്‍ ഒരേകദേശ ധാരണ ഉണ്ടായിരിക്കണം. മറിച്ചായാല്‍ ഒരു തലമുറയുടെ ചെയ്തികളെ അടുത്തതലമുറ യുക്തിരഹിതമായി പരിത്യജിക്കുകയും രാജ്യം ജഡാവസ്ഥയില്‍ അകപ്പെടുകയും ചെയ്യും.

തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷമായിട്ടല്ല സംവാദമായിട്ടാണ് ജനാധിപത്യം പരിണാമപ്പെടേണ്ടത് എന്നര്‍ഥം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു രാജ്യം വളരുന്നത് ജനങ്ങള്‍ തമ്മില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോഴും ക്ഷമയോടെ അന്യോന്യം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴുമാണ്. ചരിത്രം സമയരഥത്തില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ചെന്നിരിക്കും. പതിറ്റാണ്ടുകള്‍ നിമിഷാര്‍ധമായി ചുരുങ്ങുകയും നിമിഷാര്‍ധം പതിറ്റാണ്ടുകളായി നീണ്ടെന്നുമിരിക്കും. തലമുറകള്‍ തമ്മിലുള്ള ആത്മബന്ധമാണ് ചരിത്രത്തിന്റെ ഈ കുഴമറിച്ചിലില്‍ സമൂഹത്തിന് ഈടുവയ്പ്പാകുന്നത്. ചക്രവാളത്തിലേക്ക് നോക്കുമ്പോള്‍ ആഴിയും ആകാശവും തമ്മില്‍ ലയിക്കുന്നു എന്ന പ്രതീതി ഉണ്ടാകുന്നു. അത് വെറും തോന്നലാണെന്ന് നാം തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നാം അതില്‍ ആനന്ദം കണ്ടെത്തുന്നു. ഭിന്നതകള്‍ക്ക് നടുവിലും സംഗമങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ടെന്ന പ്രതീക്ഷ നമുക്ക് ഒരേസമയം ആശ്വാസവും ശക്തിയും പകരുന്നു. ഇതാണ് പൗരത്വത്തിന്റെ അന്തസത്തയും. ജനാധിപത്യത്തിന്റെ നിലപാട്തറയിലും ഭരണഘടനാ മൂല്യങ്ങളിലും ഊന്നിനിന്നുകൊണ്ട് വൈവിധ്യത്തെ ആരോഗ്യപരമായി കൂട്ടി ഇണക്കുക എന്നതാണ് പൗരധര്‍മ്മം.

'കപട മതേതരത്വവും' വര്‍ഗീയതയും

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ ഏറിയകൂറും ഈവിധമാണ് ഇന്ത്യന്‍ ഭരണകൂടവും സമൂഹവും ഈ വിഷയത്തെ സമീപിച്ചിരുന്നത്. ജാതിമത സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പൗരത്വത്തെക്കുറിച്ചുള്ള ഭരണകൂട കാഴ്ചപ്പാട് ഭാരണഘടനാ മൂല്യങ്ങളെ ഊട്ടിഉറപ്പിക്കുന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പ്രത്യേകിച്ച് 2014 ന് ശേഷം, ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതായി കാണാം.

മതനിരപേക്ഷതയോടുള്ള ബി ജെ പി യുടെ സമീപനത്തില്‍ വന്ന മാറ്റമാണ് ഇതിന്റെ കേന്ദ്രബിന്ദു. ഇക്കാര്യത്തിലെ അതിന്റെ നിലപാട് രണ്ടു ഘട്ടങ്ങളായി മുറിഞ്ഞു കിടക്കുന്നു. അകമേ ഭൂരിപക്ഷ വികാരം താലോലിച്ചിരുന്നപ്പോഴും പുറമേയ്ക്ക് 'മതനിരപേക്ഷത' പറഞ്ഞുനടന്നതാണ് ആദ്യഘട്ടം. മറ്റു കക്ഷികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി, ന്യൂനപക്ഷ 'പ്രീണനം' നടത്തുന്നു എന്നതായിരുന്നു അവരുടെ ആരോപണം. 'സെക്കുലറിസവും' 'സ്യൂഡോ സെക്കുലറിസവും' തമ്മിലുള്ള കലഹമായാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഈ ഘട്ടത്തില്‍ അവര്‍ അവതരിപ്പിച്ചത്. തങ്ങള്‍ 'യഥാര്‍ഥ മതേതരവാദികളും' മറ്റുള്ളവര്‍ 'കപട മതേതരവാദികളും'. പോരെങ്കില്‍ വികസനത്തെക്കുറിച്ച് അവര്‍ വാചാലരുമായി.

വാജ്‌പെയിയുടെ 'ഇന്ത്യാ ഷൈനിംഗ്' ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. നരേന്ദ്ര മോദി പോലും ദേശീയ രാഷ്ട്രീയത്തില്‍ അരങ്ങേറിയത് വികസനം പറഞ്ഞുകൊണ്ടാണെന്നത് സ്മരണീയമാണ്. 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഇനിയും മറക്കാറായിട്ടില്ല. എന്നാല്‍ വാഗ്ദാനം ചെയ്ത വികസനം എങ്ങും എത്താതായതോടെ സ്വത്വരാഷ്ട്രീയത്തിലേക്ക് ക്രമേണ കാര്യങ്ങള്‍ എത്തി. ബി ജെ പി അവര്‍ സ്വയം എടുത്തണിഞ്ഞ 'മതനിരപേക്ഷതയുടെ' മൂടുപടം അഴിച്ചുവയ്ക്കുകയും ഹിന്ദുത്വത്തെ പരസ്യമായി പുല്‍കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ രാ ഷ്ട്രീയത്തില്‍ മതനിരപേക്ഷതയെക്കാള്‍ ഹിന്ദുത്വത്തിനായി പ്രചരണ മൂല്യം. ഇന്നിപ്പോള്‍ ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ നേതാക്കന്മാരും പരസ്പരം മത്സരിക്കുന്നത് അവരവരുടെ ജനാധിപത്യ മതനിരപേക്ഷ ബോധ്യം പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനെക്കാള്‍ സ്വന്തം ഹൈന്ദവ പാരമ്പര്യം തെളിയിക്കുന്നതിനാണ് തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വവും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന അപകടകരമായ അവസ്ഥ.

ഇതിനിടയില്‍ പലതും സംഭവിച്ചു. പൗരത്വഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ വീ ദ പീപ്പിളിന്റെ നിര്‍വചനത്തില്‍ ഇതാദ്യമായി മതത്തെ മാനദണ്ഡമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ ഡെമോക്ലീസിന്റെ വാളുപോലെ പലരുടെയും തലയ്ക്കുമേല്‍ തൂങ്ങിയാടുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള പീഡനം ശമനമില്ലാതെ തുടരുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് 142 പേര്‍ ഇതിനോടകം കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപവും യു പി യില്‍ ദളിതനെ മര്‍ദിച്ച് ചെരുപ്പ് നക്കിച്ചതും മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബി ജെ പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ചതും. പ്രധാനമന്ത്രി ഇതില്‍ പല കാര്യങ്ങളിലും ദീക്ഷിച്ച മൗനം നമ്മേ അന്താളിപ്പിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലൈംഗികാതിക്രമത്തിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തേയും ഇതേ നിസംഗതയോടെയാണ് ഇന്ത്യന്‍ ഭരണകൂടം നേരിട്ടത് എന്നോര്‍ക്കുക. ഇത്തരം നിലപാടുകളുടെ വെളിച്ചത്തില്‍ ഇരകള്‍ക്കൊപ്പമല്ല നമ്മുടെ ഭരണകൂടം നില്‍ക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാകുമോ? അതേസമയം അങ്ങേതലയ്ക്കല്‍, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പാര്‍ട്ടിയും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു.

ഇന്നിപ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ അജണ്ട തീരുമാനിക്കുന്നത് ബി ജെ പി യാണ്. അവര്‍ നിശ്ചയിക്കുന്ന ചര്‍ച്ചാവിഷയങ്ങളോട് പ്രതികരിക്കുക എന്ന റോളാണ് പ്രതിപക്ഷം നിര്‍വഹിക്കുന്നത്. ഫലമോ ഭരണകൂടത്തിന്റെ പിടിപ്പുകേടുകളോ ഭരണ പരാജയങ്ങളോ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

'വീ'ല്‍ (WE) നിന്ന് 'ഐ'('I')ലേക്ക്

മുകളില്‍ സൂചിപ്പിച്ചതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇന്നിപ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ അജണ്ട തീരുമാനിക്കുന്നത് ബി ജെ പി യാണ്. അവര്‍ നിശ്ചയിക്കുന്ന ചര്‍ച്ചാവിഷയങ്ങളോട് പ്രതികരിക്കുക എന്ന റോളാണ് പ്രതിപക്ഷം നിര്‍വഹിക്കുന്നത്. ഫലമോ ഭരണകൂടത്തിന്റെ പിടിപ്പുകേടുകളോ ഭരണ പരാജയങ്ങളോ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മുഖ്യധാര മാധ്യമങ്ങളും ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുകയും ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാരാകാന്‍ മത്സരിക്കുകയും ചെയ്യുന്നു. മോദിക്കും അദ്ദേഹത്തിന്റെ സംസ്ഥാന പതിപ്പുകള്‍ക്കും തെറ്റുകുറ്റങ്ങള്‍ സംഭവിക്കില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ ഇത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജോസഫ് സ്റ്റാലിനോട് ഒരു വിദേശ പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. സോവിയറ്റ് ജനതയുടെ ജീവിതാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. 'പരമാനന്ദം' എന്ന ഉത്തരമാണ് സ്റ്റാലിന്‍ ഇതിന് നല്‍കിയത്! ഇത്തരമൊരു ചോദ്യം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഉന്നയിച്ചാല്‍, ഒരു പക്ഷേ, നമുക്കു ലഭിക്കുന്ന ഉത്തരവും ഇതുതന്നെയാവും, ''ഇവിടെ എല്ലാം സുഭദ്രം, പരമാനന്ദം.''

ഭരണം തന്നെ വെറും പബ്ലിക് റിലേഷന്‍ എക്‌സര്‍സൈസായി മാറിയിരിക്കുന്ന അവസ്ഥയില്‍ ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. ഭരിക്കുന്ന കക്ഷി ഏതായാലും ഇതേ പാതയിലൂടെയാണ് സംസ്ഥാനങ്ങളും സഞ്ചരിക്കുന്നത്. ദിനംപ്രതി ഭരണാധിപന്മാരുടെ 'സുന്ദര വദനങ്ങള്‍' പത്രത്താളുകളെ സമ്പന്നമാക്കുന്നു, ജനാധിപത്യം വെറും സൗന്ദര്യ മത്സരമാണെന്ന് തോന്നിപ്പിക്കുമാറ്. തിരഞ്ഞെടുപ്പുകള്‍ ഭരണത്തിന്റെ വിലയിരുത്തല്‍ അല്ലാതാവുകയും പണക്കൊഴുപ്പിന്റെ മാമാങ്കമായി മാറുകയും ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ദിശാമാറ്റം ഭരണഘടനാ തത്വങ്ങള്‍ക്കും ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും നിരക്കുന്നതല്ല തന്നെ. ഭരണഘടന വിഭാവനം ചെയ്യുന്ന 'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യയും' വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ ന്നു കേള്‍ക്കുന്ന 'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യയും' തമ്മിലുള്ള അകലം ധ്രൂവ സമാനമാണ്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരെ 'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യയും' ശേഷിക്കുന്നവരെ 'ദേ ദ പീപ്പിള്‍ ഓഫ് എല്‍സ്‌വേര്‍' (They the People of Elsewhere), മിലന്‍ കുന്ദേരയുടെ വാക്കുകള്‍ കടംകൊണ്ടാല്‍ 'വേറെവിടെയോ ഉള്ളവര്‍' ആക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. ഇതിന് ചരിത്രത്തെ കൂട്ടുപിടിക്കുന്നു. പാഠപുസ്തകങ്ങള്‍ മാറ്റി എഴുതുന്നു. ജനാധിപത്യത്തിന്റെ സ്ഥാപന സ്വരൂപങ്ങളെ നോക്കുകുത്തിയാക്കുന്നു. മറ്റുള്ളവരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നു. ഇന്ത്യന്‍ ദേശീയതയുടെയും ഭാരതീയ പൈതൃകത്തിന്റെയും മൊത്ത കച്ചവടക്കാരായി ചിലര്‍ സ്വയം അവതരിക്കുന്നു. പൊതുജനേച്ഛ എന്ന ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ തത്വത്തെയാണ് ഇതിലൂടെ അവര്‍ അപഹസിക്കുന്നത്. പൊതുജനേച്ഛയെ സ്വേച്ഛയാക്കി, ബഹുവചനത്തെ ഏകവചനമാക്കി, നമ്മളെ ('WE') ഞാനാക്കി ('I') മാറ്റുന്ന രാഷ്ട്രീയമാണ് ഇത്. മനുഷ്യരെ വെറും വോട്ട് ബാങ്കായും രാഷ്ട്രീയത്തെ വെറും അധികാരമായും കാണുന്ന സത്യാനന്തര കാലത്തെ രാഷ്ട്രീയത്തില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org