വിശ്വാസദീപ്തി

വിശ്വാസദീപ്തി

നയാഗ്ര വെള്ളച്ചാട്ടം ലോകപ്രസിദ്ധമാണ്. അമേരിക്കന്‍ ഐക്യനാടുകളെയും കാനഡയെയും ഒരുപോലെ അനുഗ്രഹിച്ചിട്ടുള്ള ഒരത്ഭുത നദിയാണിത്. വളരെ അകലെനിന്നും ശാന്തമായി ഒഴുകിയെത്തുന്ന ഈ നദി നയാഗ്രയോട് അടുക്കുമ്പോഴേക്കും ഒഴുക്കിന്റെ ശക്തി വര്‍ധിക്കുന്നു. പിന്നെ ഒമ്പതോ പത്തോ അടി കനത്തിലും വണ്ണത്തിലുമാണ് പൊടുന്നനെ 170 അടിയോളം താഴേക്ക് പതിക്കുന്നത്. പര്‍വതം ഇടിഞ്ഞു താഴേക്ക് വീഴുകയാണ് എന്ന് തോന്നും. അത്രയ്ക്കും ഭീതിജനകമാണ് കാഴ്ച.

ഇങ്ങനെയുള്ള വെള്ളച്ചാട്ടത്തിന്റെ കുറുകെ കമ്പി വലിച്ചു കെട്ടി, ആ കമ്പിയിലൂടെ ഒരു മനുഷ്യന്‍ അതീവ ശ്രദ്ധയോടെ, അത്യന്തം ഏകാഗ്രതയോടെ, ഒരറ്റത്തുനിന്നും മറ്റേ അറ്റംവരെ കാറ്റിന്റെ ഗതിയെ കൂസാതെ ഇരു കൈകളും വിരിച്ചുപിടിച്ച് ബാലന്‍സ് തെറ്റാതെ നടക്കുകയാണ്. അതിസാഹസികവും ഭീതിജനകവുമായ കാഴ്ച. ഏത് നിമിഷവും എന്തും സംഭവിക്കാം.

കീഴെ വമ്പിച്ച ജനസഞ്ചയം വീര്‍പ്പടക്കി ഉത്ക്കണ്ഠാഭരിതരായി നില്‍ക്കുന്നു. ''അപകടമൊന്നും വരുത്തല്ലേ ദൈവമേ!'' എന്നു പ്രാര്‍ത്ഥിച്ചു കുറെ പേര്‍ അസ്വസ്ഥ മനസ്സോടെ ആ പ്രകടനം വീക്ഷിക്കുന്നു. ചിലര്‍ ഇത് കാണാന്‍ വയ്യ എന്ന മട്ടില്‍ അങ്ങോട്ടു നോക്കാതെ ദൃഷ്ടി തിരിച്ചു നില്‍ക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ സാഹസികനായ മനുഷ്യന്‍ തന്റെ ലക്ഷ്യം നേടി, ദൗത്യം പൂര്‍ത്തിയാക്കി. അയാള്‍ വിജയഭാവത്തില്‍ കൈകള്‍ വീശി. ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവം, കാതടപ്പിക്കുന്ന കയ്യടികള്‍.

ആ മനുഷ്യന്‍ താഴെ ഇറങ്ങി വന്നപ്പോള്‍ ആഹ്ലാദഭരിതരായ ജനങ്ങള്‍ അയാള്‍ക്ക് ഒട്ടേറെ സമ്മാനങ്ങളും ഡോളര്‍ നോട്ടുകളും നല്‍കി സന്തോഷം പ്രകടിപ്പിച്ചു. എല്ലാറ്റിനും അയാള്‍ വിനയപൂര്‍വം നന്ദി പറഞ്ഞു.

ഇതിനിടയില്‍ ഒരാള്‍ ആ മനുഷ്യനോട് ചോദിച്ചു, ''നിങ്ങള്‍ക്ക് ഒരാളെ തോളില്‍ വച്ച് ഇതുപോലെ നടക്കാമോ?''

മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം അയാള്‍ അല്പനേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു: ''സാധിക്കും.''

ചുറ്റും നോക്കി. ജനക്കൂട്ടത്തില്‍ നിന്നും ഒരാളും മുമ്പോട്ടു വന്നില്ല. റിസ്‌ക് എടുക്കാന്‍ ആരും തയ്യാറല്ല. ഈ നിമിഷത്തില്‍ ഒരു കുട്ടി ധൈര്യപൂര്‍വം മുമ്പോട്ടു വന്നു. ജനം ആശ്ചര്യഭരിതരായി, പലരും ഭയം മൂലം നിരുത്സാഹപ്പെടുത്തി.

സാഹസികനായ ആ മനുഷ്യന്‍ കുട്ടിയെയും തോളിലേറ്റി അതേപ്രകടനം ആരംഭിച്ചു. അല്പം കഴിഞ്ഞതോടെ അന്തരീക്ഷത്തിലെ കാറ്റിന് മുമ്പത്തേക്കാള്‍ ശക്തിയും വേഗതയും അനുഭവപ്പെട്ടു. കമ്പിയിലൂടെ നടക്കുന്ന മനുഷ്യന്‍, തോളില്‍ ഇരിക്കുന്ന കുട്ടി! കാറ്റിന്റെ ഗതിക്കനുസരിച്ച് കമ്പി ആടി ഉലയുന്നു. പക്ഷേ അതൊന്നും കൂസാതെ ആ മനുഷ്യന്‍ തന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു ധീരതയോടെ, ഏകാഗ്രതയോടെ നീങ്ങുന്നു. താഴെ ജനസഞ്ചയം ശ്വാസമടക്കിപ്പിടിച്ചു ഞെട്ടി വിറച്ചു നോക്കി നില്‍ക്കുന്നു.

അമ്പരപ്പിക്കുന്ന ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍. ആ മനുഷ്യന്‍ ലക്ഷ്യം കണ്ടു, സാഹസിക പ്രകടനം പൂര്‍ത്തിയാക്കി. വീണ്ടും ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍, കരഘോഷങ്ങള്‍.

കുട്ടിക്കും കിട്ടി ധാരാളം സമ്മാനങ്ങളും ഡോളര്‍ നോട്ടുകളും.

ജനം കുട്ടിയോട് ചോദിച്ചു, ''നിനക്കു പേടി തോന്നിയില്ലേ? നിനക്കെങ്ങനെ ധൈര്യം കിട്ടി?''

ആ കൊച്ചുമിടുക്കന്‍ പറഞ്ഞു: ''ഞാനെന്തിനാ പേടിക്കുന്നത്? ഇത് എന്റെ പപ്പയാണ്. പപ്പയെ എനിക്കു വിശ്വാസമാണ്.''

മനസ്സിനെ സ്പര്‍ശിച്ച മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു. 1989-ല്‍ അര്‍മേനിയായില്‍ അതിഭീകരമായ ഒരു ഭൂകമ്പമുണ്ടായി. മുപ്പതിനായിരം പേരുടെ ജീവനാണ് ആ ദുരന്തം അപഹരിച്ചത്.

രക്ഷപ്പെട്ടു ജീവന്‍ തിരിച്ചു കിട്ടിയ മനുഷ്യര്‍ തങ്ങളുടെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിനെ ഓര്‍ത്തു തോരാകണ്ണീരും തീരാവിലാപവുമായി കഴിഞ്ഞു. കൂട്ടത്തില്‍ രക്ഷപ്പെട്ടവര്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് പലരും ദുരന്തം വിതച്ച സ്ഥലങ്ങളില്‍ വെപ്രാളപ്പെട്ടു പരതി നടന്നു.

ഭൂകമ്പം ഉണ്ടായ സമയത്തു കുറെ ദൂരെയായിരുന്ന ഒരു പിതാവ് സ്‌കൂളില്‍പോയ തന്റെ മകനെ തേടി അവന്‍ പഠിച്ചിരുന്ന സ്‌കൂള്‍ പരിസരത്തിലേക്കു പാഞ്ഞു. ചെന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. സ്‌കൂള്‍ കെട്ടിടം അമ്പേ തകര്‍ന്നു കിടക്കുന്നു. ജീവന്റെ ലക്ഷണം പോലുമില്ല. ആ പിതാവ് നെഞ്ചത്തടിച്ചു വാവിട്ടു നിലവിളിച്ചു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും. ആ ചിന്ത പിതാവിന്റെ ഹൃദയം തകര്‍ത്തെങ്കിലും പ്രതീക്ഷയോടെ മകന്റെ ശരീരമെങ്കിലും കണ്ടെത്താന്‍ അങ്ങിങ്ങ് പരതി നടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കര്‍ശനമായി വിലക്കിയെങ്കിലും മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ പിന്മാറില്ലെന്നു തീര്‍ത്തു പറഞ്ഞു.

മകന്റെ ക്ലാസ്സുമുറി എവിടെയായിരുന്നുവെന്നു കൃത്യമായി ആ പിതാവിനറിയാം. തപ്പിതപ്പി ആ ഭാഗം കണ്ടുപിടിച്ചു. എവിടെനിന്നോ ഒരു തൂമ്പായെടുത്തുകൊണ്ടുവന്ന് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റു കട്ടകളുമൊക്കെ ആ പിതാവ് നീക്കിത്തുടങ്ങി. ഇതുകണ്ട് അവിടെകൂടിനിന്ന പൊലീസും രക്ഷാപ്രവര്‍ത്തകരും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ പിന്മാറിയില്ല. അയാളുടെ നിറമിഴികളും നിശ്ചയദാര്‍ഢ്യവും കണ്ട് അവര്‍ പിന്മാറി. മകന്റെ ജഡമെങ്കിലും കാണാതെ വരുന്നില്ല എന്നയാള്‍ തീര്‍ത്തുപറഞ്ഞു.

അയാള്‍ പിന്തിരിയില്ലെന്നു കണ്ടപ്പോള്‍ അയാളെ തനിയെ വിട്ടു രക്ഷാപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സുരക്ഷിതസങ്കേതങ്ങളിലേക്ക് നീങ്ങി.

ആ പിതാവ് ദൃഢനിശ്ചയത്തോടെ തിരച്ചില്‍ തുടര്‍ന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മകനെ കണ്ടെത്താനായില്ല. തിരച്ചിലിനിടയില്‍ പല കുട്ടികളുടെയും ചതഞ്ഞരഞ്ഞ ജഡങ്ങള്‍ കണ്ടു. എന്നിട്ടും മകന്റെ പേര് ഉച്ചത്തില്‍ മാറിമാറി വിളിച്ച് ആ പിതാവ് ശ്രമം തുടര്‍ന്നു. തിരച്ചില്‍ തുടങ്ങിയതിന്റെ 38-ാം മണിക്കൂറില്‍ ആ പിതാവ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു തന്റെ മകന്റെ ശബ്ദം കേട്ടു. കാതുകളെ വിശ്വസിക്കാനായില്ല.

അയാള്‍ ആവേശഭരിതനായി ഉറക്കെ വിളിച്ചു: ''അര്‍മാന്‍ഡ്... അര്‍മാന്‍ഡ്...''

തല്‍ക്ഷണം മകന്‍ ഉച്ചത്തില്‍ വിളിച്ചു: ''ഡാഡീ... ഡാഡീ...'' ഏതാനും സമയത്തെ കഠിനപരിശ്രമത്തിനൊടുവില്‍ അയാള്‍ തന്റെ മകനും അവന്റെ ക്ലാസ്സിലെ മറ്റു 13 കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം - ദൈവം അവര്‍ക്കായി ഒരുക്കി വച്ച സ്ഥലം - അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി.

ഭൂകമ്പത്തില്‍ സ്‌കൂള്‍ കെട്ടിടം വീണു തകര്‍ന്നപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറച്ചു സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു. അങ്ങനെയാണ് അവനും 13 കൂട്ടുകാരും രക്ഷപ്പെട്ടത്.

പക്ഷേ, പൊലീസിനും സുരക്ഷാപ്രവര്‍ത്തകര്‍ക്കും ഒരു സംശയം ബാക്കിയായി. ഭൂകമ്പത്തില്‍പ്പെട്ടു 38 മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് ഇത്രയും സമയം പിടിച്ചു നില്‍ക്കാനായത്? വിശപ്പും ദാഹവും ഭയവും നിമിത്തം ആ കുഞ്ഞുങ്ങള്‍ സ്വാഭാവികമായും മരിച്ചുപോകേണ്ടതായിരുന്നില്ലേ?

മാധ്യമപ്രവര്‍ത്തകരുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്കിയ മറുപടി ഇപ്രകാരമായിരുന്നു.

''എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു. നിങ്ങളാരും പേടിക്കേണ്ട. എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചു വരും. അപ്പോള്‍ നമുക്കെല്ലാവര്‍ക്കും രക്ഷപ്പെടാം. എന്റെ ഡാഡിക്ക് എന്നോടുള്ള സ്‌നേഹം എത്ര വലുതാണെന്നു മറ്റാരേക്കാളും എനിക്കുറപ്പുണ്ടായിരുന്നു.''

ആ മകന്റെ ഉറച്ച സ്വരം മാധ്യമപ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി. പിറ്റേന്നു സകല പത്രങ്ങളും മറ്റു മാധ്യമങ്ങളും വമ്പിച്ച പ്രാധാന്യത്തോടെ ഈ അത്ഭുതസംഭവം ഫ്‌ളാഷ് ചെയ്തു.

മേല്‍വിവരിച്ച രണ്ടു സംഭവങ്ങളിലും മക്കള്‍ക്ക് പിതാവിലുള്ള അതിശക്തമായ വിശ്വാസമാണ് പ്രകടമാകുന്നത്. ആ വിശ്വാസം മക്കള്‍ക്ക് പ്രത്യാശയും ധൈര്യവും ശക്തിയും പകരുന്നു.

ഇതുതന്നെയാണ് സര്‍വശക്തനും പിതാവുമായ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചും ആശ്രയിച്ചും നീങ്ങിയാല്‍ സകല മനുഷ്യര്‍ക്കും ലഭ്യമാകുന്ന സന്തോഷവും സമാധാനവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org